11/28/2008

ഇന്നു മുംബൈ നാളെ..?

വിശദമായ ഒരു വിശകലനത്തിനു സമയമായില്ല, എങ്കിലും മന‍സ്സില്‍ പൊന്തിയ ചില സംശയങ്ങള്‍.

താജ്,

ട്രൈഡന്റ് ,

പഞ്ചനക്ഷത്രങ്ങള്‍ രാജ്യരക്ഷക്കു ഭീഷണിയാവുമോ?

ഇന്ത്യം മണ്ണില്‍ സ്ഥിതിചെയ്യുന്നുവെങ്കിലും നമ്മുടെ നിയമ വ്യവസ്ഥയോട് എത്രമാത്രം കൂറു പുലര്‍ത്തുന്നുണ്ടാവാം എന്ന കാര്യത്തില്‍ തീര്‍ച്ച പറയാനാവില്ല. നിയമങ്ങള്‍ പലതും ഇത്തരം സാമ്പത്തിക ഭീമന്മാര്‍ക്കുമുന്നില്‍ മുട്ടു മടക്കുന്നു. ഹോട്ടലുകളില്‍ വിദേശ പൌരന്മാര്‍ താമസ്സത്തിനെത്തിയാല്‍ ബന്ധപ്പെട്ട രേഖകള്‍ ഹോം ഡിപ്പാര്‍ട്ട്മെന്റിനു കൈമാറണം എന്നതാണ് നിയമം. ഇത് ഈ ഹോട്ടലുകള്‍ കൃത്യമായി പാലിക്കാറുണ്ടോ? ഹോട്ടലില്‍ വസിക്കുന്ന അന്തേവാസികളുടെ സന്ദര്‍ശകരെ നിരീക്ഷണത്തിനു വിധേയമാക്കുകയോ, എന്തെങ്കിലും തരത്തിലുള്ള നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുന്നതായും അറിവില്ല.

സംശയാസ്പദമായ സാഹചര്യങ്ങളിലോ, നിത്യനടപടികളുടെ ഭാഗമായോ ഈ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ പോലീസിനെ അനുവദിക്കാറില്ല എന്നതാണ് വസ്തുത. സ്വയം ഭരണം ലഭിച്ച ഒരു പ്രദേശത്തെ ഭരണക്രമത്തെ അനുസ്മരിപ്പിക്കുമാറാണ് ഭൂരിപക്ഷം പഞ്ച നക്ഷത്ര ഹോട്ടലുകളിലേയും നിയന്ത്രണം. ആഴ്ചകളോളമായി പല ചെറു സംഘങ്ങളായി ഈ രണ്ടു ഹോട്ടലുകളില്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഈ ഭീകരര്‍ താമസ്സം തുടങ്ങിയതായി വേണം ഊഹിക്കാന്‍, നിര്‍ണായക ഇടങ്ങള്‍ ഇന്ന് അവരുടെ നിയന്ത്രണത്തിലാണ്. മേല്‍പ്പറഞ്ഞ നടപടികള്‍ പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള ഒരു പടയൊരുക്കം പോലീസിനൊ മറ്റ് ഇന്റലിജന്‍സ് വിഭാഗത്തിനോ കണ്ടെത്താമായിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും മറ്റും നല്‍കുന്ന അതിരു കവിഞ്ഞ സ്വാതന്ത്ര്യം, രാജ്യരക്ഷക്കു തന്നെ ഭീഷണിയാവുന്ന കാഴ്ചയാണിന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്ന നമ്മളാവട്ടെ , വിദേശീയരെയും , പണക്കെട്ട് താങ്ങി വരുന്നവനേയും അത്യാഹ്ലാദ പൂര്‍വ്വം ആനയിച്ചു പട്ടുമെത്തയിലിരുത്തുന്നു.

മുംബൈ ഒരു പാഠമായി ഉള്‍ക്കൊണ്ട്, നിയമത്തോട് കൂറു പുലര്‍ത്താന്‍ ഏവരും തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇന്നത്തെ വെടിയൊച്ചകള്‍ നാളെ മറ്റൊരു മേട്രോയിലേക്കു പടരും എന്നത് തീര്‍ച്ച.

22 comments:

അനില്‍@ബ്ലോഗ് said...

മുംബൈ ഒരു പാഠമായി ഉള്‍ക്കൊണ്ട്, നിയമത്തോട് കൂറു പുലര്‍ത്താന്‍ ഏവരും തയ്യാറാവേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇന്നത്തെ വെടിയൊച്ചകള്‍ നാളെ മറ്റൊരു മേട്രോയിലേക്കു പടരും എന്നത് തീര്‍ച്ച.

തോന്ന്യാസി said...

പാഠമാകാന്‍ ഒരു മുംബൈ മാത്രമല്ലല്ലോ നമുക്ക് മുന്നിലുള്ളത്.

എത്രയെത്ര ആക്രമണങ്ങള്‍ നാം കണ്ടു, എന്നിട്ട് വല്ലതും പഠിച്ചോ?

പ്രധാനമന്ത്രി ഒരു ഫെഡറല്‍ ഏജന്‍സിയുടെ ഉടനടിയുള്ള ആവശ്യകതയെക്കുറിച്ചു പറയുന്നകേട്ടു,
ഇപ്പോഴാണോ ഇങ്ങേര്‍ക്കാ ബുദ്ധി ഉദിച്ചത്?

ഭീകരന്മാര്‍ ഒരാഴ്ച മുന്‍‌പ് വിവരം തന്നില്ലെന്ന് പറഞ്ഞു കരയുകയാണ് ആഭ്യന്തരമന്ത്രി.

ഇവരെയൊക്കെ ചെരുപ്പൂരി അടിയ്ക്കണം

മാറുന്ന മലയാളി said...

ഇന്ത്യയിലെ തീവ്രവാദം തന്നെ രാഷ്ട്രീയക്കാരുടെ സൃഷ്ടിയാണ്. പാവങ്ങളുടേ ജീവന്‍ കുരുതികൊടുത്തിട്ട് അവനൊക്കെ പട്ടുമെത്തയിലിരുന്ന് ഒന്ന് ഞെട്ടല്‍ രേഖപ്പെടുത്തിയാല്‍ മതിയല്ലോ...ഇവനൊക്കെ വേണ്ടി ബലിയാടുകളാകാനാ നമ്മുടെ ഒക്കെ വിധി

ശ്രീ said...

ഇതു കൊണ്ടൊന്നും പഠിയ്ക്കില്ല മാഷേ...
:(

കൃഷ്‌ണ.തൃഷ്‌ണ said...

പഞ്ചനക്ഷത്ര ഹോട്ടലുകളിലൊക്കെ പരിശോധന സ്‌റ്റ്റിക്റ്റ് ആക്കിയാല്‍ ഒരുപാടു പൊയ്‌മുഖങ്ങള്‍ ഉതിര്‍ന്നുവീഴും അനിലേ. ഈ നെറികെട്ട ഭീകരരേക്കാള്‍ ഭയാനകമാണ്‌ അവരുടെ മുഖങ്ങള്‍,..

പിന്നെ ഇവരൊക്കെ കപ്പല്‍ കയറി ഇന്നു വന്നവര്‍. ഇവനൊക്കെ ചൊല്ലും ചെലവും കൊടുത്തു വളര്‍ത്തിയെടുത്തു ഇങ്ങോട്ടു പറഞ്ഞുവിട്ട കോട്ടും കാല്‍സ്രായിയുമിട്ട തമ്പുരാക്കന്‍മാര്‍ ഉണ്ടൂം ഉറങ്ങിയും പോയത് ഈയിടങ്ങളില്‍ നിന്നാണ്‌. ഈ ഹോട്ടലുകളുടെ ഉള്ളിടങ്ങള്‍ അറിയുന്ന ഒരു അതിഭീകരനെ സൌകര്യപൂര്‍വ്വം എല്ലാവരും മറന്നോ?? ഡിസംബര്‍ ആറിനു ഇനിയും ദിവസങ്ങളില്ല അധികം.

എത്ര അസുരക്ഷിതരാണു നമ്മള്‍? ആര്‍ക്കും വെടിവെച്ചും ബോംബിട്ടും തകര്‍ക്കാവുന്നവര്‍.

വേണു venu said...

വോട്ടു ബാങ്ക് രാഷ്ട്റിയത്തില്‍ നിന്ന് രാഷ്ട്റിയ പാര്‍ട്ടികള്‍ പുറത്തു വരാത്ത കാലത്തോളം നിയമം മറി കടക്കാന്‍ എന്തെല്ലാം പഴുതുകള്‍.അനിലേ, ഇന്ന് ചാനലുകളില്‍ വന്ന എല്ലാ രഷ്ട്രീയക്കാരന്‍റെ രോദനങ്ങളും വോട്ട് ബാങ്ക് മുന്നില്‍ കണ്ടു കൊണ്ടായിരുന്നു .
ഒരു രാഷ്ട്രീയ നേതാവ് ടാജില്‍ നിന്നും , മോചിപ്പിക്കപ്പെട്ടതിനു ശേഷം , പറയുന്നതു കേട്ടു.
ബന്ധിയാക്കപ്പെട്ട തനിക്ക് തന്‍റെ ലാപ് ടോപ്പില്‍ അടുത്ത എലക്ഷ്ന്റ്റെ പ്ലാനുകളും വര്‍ക്കു ഷീറ്റുകളും തയാറാക്കാന്‍ സമയം ലഭിച്ചു എന്ന്.

കാപ്പിലാന്‍ said...

പഞ്ച നക്ഷത്ര ഹോട്ടല്‍ രാജ്യ സുരക്ഷക്ക് ഭീക്ഷണിയാകില്ല .ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് ഈ സംഭവം ഭീക്ഷണിയാകും.ബി.ജെ.പി ക്കാര്‍ പറയും കോണ്‍ഗ്രസ് ഭരിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് അതുകൊണ്ട് അടുത്ത പ്രാവശ്യം ഞങ്ങള്‍ക്ക് വോട്ട് തരൂ കഴുതകളെ ..ഞങ്ങള്‍ രാജ്യം നോക്കിക്കോളാം .ആര് ഭരിച്ചാലും വോട്ടു ചെയ്യാന്‍ കഴിയാത്ത ഈ കഴുതയുടെ അഭിപ്രായം നമ്മുടെ രാജ്യം ഇങ്ങനെയൊക്കെ തന്നെയായിരിക്കും .

sreevalsan said...

ഭരണവര്‍ഗപരാജയം.

പഞ്ചനക്ഷത്ര സത്രത്തിലെ സംഭവങ്ങള്‍ ആ ചെമ്പ് പുറത്താക്കി. കപ്പലില്‍ രാവിലെ വന്നിറങ്ങി നടത്താന്‍ പറ്റുന്ന ഒരു ഓപ്പറേഷന്‍ ആയിരുന്നില്ല മുംബൈയില്‍ നടന്നത്. അപ്പോള്‍........

ഹരീഷ് തൊടുപുഴ said...

എത്ര ശ്രമിച്ചാലും ചില പഴുതുകള്‍ അടക്കാനാവില്ല...
ആരും സമ്പൂര്‍ണ്ണരല്ലല്ലോ...
അമേരിക്കയില്‍ വരെ ഭീകരര്‍ നുഴഞ്ഞുകയറുന്നു...
അത്രയേറെ വൈവിദ്ധ്യമായ ടെക്നോളജി ഉണ്ടായിട്ട്...
പിന്നെയല്ലേ നമ്മുടെ പാവം ഇന്ത്യയില്‍...

വേണു venu said...

അമേരിക്കയില്‍ വരെ ഭീകരര്‍ നുഴഞ്ഞുകയറുന്നു.
ഒന്നു കയറിയതിനുശേഷം അവിടെ പിന്നെ കയറിയിട്ടില്ലെന്നു തോന്നുന്നു...ശരിയല്ലേ.

P.C.MADHURAJ said...

Is this a calculated move by Anil to distract the discussion? People are now more and more focussing on the cause of terrorism and means of dealing with it at the origin. Don't distract it by suggesting the rich and poor angle to it.
If Anil blog and his dear and near are attacked by terrorist shall I say that Anil Blog attracts terrorist, and is a threat to national security.
This is as silly a suggestion as madrasas sow the seeds of terrorism.
Do you know how many Pakistanis are there in your Keralam? There are many.More than a hundred.Do you know how many Bangladeshis are there in (your) Bengal and my Assam? More than a lakh!Do you know why Marxist Party opposed any strict action by the security forces to identify and chuck out these potential terrorists? The only time when your Marxist party opposed , tooth and nail was when poor Chakma tribal refugees came to India from Bangladesh, unable to withstand the atrocities of Islamic fundamentalists supported by the State.
Terrorist do have their religion. Victims of terrorism too have religion. They become victims because they do not belong to the religion of terrorists.It has been a practice of the
Marxists to blame the victims of terrorism and point fingers at them as cause of trouble.They shamelessly do so to escape from terrorists (or, more dangerously to support them and to befriend them). I am afraid, Anil is doing that.

I am terribly sorry, if my suspics ion is out of place and I apologize; and I am happy if it is out place.

വികടശിരോമണി said...

ഭീകരർ പലയിടത്തും നുഴഞ്ഞുകയറുന്നു,അതുമാത്രമല്ല ഇനി നാമാലോചിക്കേണ്ടത്.56 മണിക്കൂറുകൾ പിന്നിട്ടു,ഈ ഭീകരാക്രമണമാരംഭിച്ചിട്ട്.നരിമാൻ ഹൌസിലും താജിലും ഇത്രയും സമയം ഇടതടവില്ലാതെ വെടിവെപ്പുകൾ,ഗ്രനേഡുകൾ.ഇത്രയും നേരം യുദ്ധം ചെയ്യാൻ എത്ര വലിയ ആയുധശേഖരം അകത്തുവേണം?അതെല്ലാം എങ്ങനെ ഉള്ളിലെത്തി?താജിൽ നിന്നവർക്കെല്ലാമറിയാം,സാധാരണദിവസങ്ങളിൽ പോലും അവിടെ സുരക്ഷാപരിശോധനകളുണ്ട്,അത്ര ശക്തമല്ലെങ്കിലും.ഒരു തോക്ക് പോലും കടത്താൻ പണിയുള്ള ആ അന്തരീക്ഷത്തിൽ ഇത്ര വലിയ ആയുധക്കൂമ്പാരം എങ്ങനെ അകത്തെത്തി?അനിലിന്റെ പോസ്റ്റിലെ വാദങ്ങൾ ചിന്തിക്കേണ്ടതാണ്.
സ്വർണ്ണം എന്ന വ്യജേന അകത്തെത്തിച്ചു,പഴക്കൂടകളിൽ ആയി അകത്തെത്തി-ഇതൊന്നും ഒട്ടും വിശ്വസനീയമല്ല.ഒരു പിസ്റ്റളല്ലല്ലോ അകത്തെത്തിയത്.ആർ.ഡി.എക്സ് ശേഖരമാണ്.
അത് അകത്തെത്തിക്കാൻ കൂട്ടുനിന്നവരും അർഹിക്കുന്നത് ഭീകരർ അനുഭവിക്കുന്ന അതേ ശിക്ഷയാണ്.

ചിന്തകൻ said...

തീര്‍ച്ചയായും ചിന്തിക്കേണ്ട നിരീക്ഷണങ്ങള്‍ തന്നെ.

നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ കുറ്റവാളികളെ, എത്രയും പെട്ടെന്ന് കണ്ടെത്താന്‍ കാഴിയുമാറാകട്ടെ.

അനില്‍@ബ്ലോഗ് said...

തോന്യാസി,
ഫെഡറല്‍ ഏജന്‍സി വരട്ടെ. അമേരിക്കയുറ്റേയും ഇസ്രായേലിന്റെയും സഹായത്തോടെ ആയാല്‍ നല്ലത്.

മാറുന്നമലയാളി,
ഇന്ത്യയിലെ ഭീകരവാദം , അങ്ങിനെ ഒരു വേര്‍തിരിവ് ഒന്നുമുണ്ടെന്നു തോന്നുന്നില്ല. ഭീകരവാദത്തിനു ലോകം മുഴുവന്‍ വേരുകളുണ്ട്. ഇന്നുള്ള എല്ലാ രാഷ്ടീയക്കരെയും മാറ്റി പുതിയ ആളുകള്‍ വന്നാലും ഇതൊക്കെ തന്നെയാവും സ്ഥിതി.

ശ്രീ,
നമ്മള്‍ ഒന്നും പഠിക്കില്ല, കിട്ടിയ പാഠങ്ങള്‍ മറക്കുകയും ചെയ്യും.

കൃഷ്ണ.തൃഷണ,
പ്രസക്തമായ നിരീക്ഷണം. എന്തുകൊണ്ട് ഈ പോയന്റുകള്‍ തന്നെ തീവ്രവാദികള്‍ (?)തിരഞ്ഞെടുത്തു എന്നത് അന്വേഷിക്കപ്പെടേണ്ടതാണ്.

വേണു,
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ രാഷ്ടീയക്കാരെ മാറ്റി നിര്‍ത്തുകയാണ് വേണ്ടത്.

കാപ്പിലാനെ,
ഇതു വെറും വോട്ട് രാഷ്ടീയം മാത്രമാണെന്നു തോന്നുന്നില്ല.കാര്യങ്ങള്‍ നമ്മുടെ കൈവിട്ടു പോവുകയാണെന്നു തെളിയിക്കുകയാണ് ഓരോ സംഭവങ്ങളും.

sreevalsan,
തീവ്രവാദികള്‍ പെട്ടന്ന് ഇരച്ചു കയറി എന്നാണ് പറയുന്നത്. അത് ഒരിക്കലും സാദ്ധ്യമല്ലാത്ത് ഒന്നാണ്. അപ്പൊള്‍ പിന്നെ?

ഹരീഷ് തൊടുപുഴ,
അമേരിക്കയില്‍ കയറി എന്നുള്ളത് ശരിതന്നെ. പക്ഷെ ഇത്ര ശക്തമായ ഇന്റലിജന്‍സ് ഏജസികള്‍ ഉള്ള നമ്മുടെ നാട്ടില്‍(മുന്‍പ് പല ശ്രമങ്ങളും പരാജയപ്പെടുത്തിയവര്‍)ഇതു സംഭവിച്ചു എന്നതാണ് പ്രശ്നം. അതും ഒരു സൂചന പോലും നല്‍കാതെ. അതോ നല്‍കിയ സൂചനകള്‍ മുങ്ങിപ്പോയതാണോ?

P.C.MADHURAJ,
ഇത് ഒരു ബോധപൂര്‍വ്വമുള്ള പോസ്റ്റാണെന്നു ഞാന്‍ സമ്മതിക്കുന്നു, പക്ഷെ അത് വിഷയത്തെ വഴിതെറ്റിക്കാനല്ല, മറിച്ച് വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിക്കാന്‍ വേണ്ടിയാണ്. ആക്രമിക്കപ്പെട്ടു എന്നുള്ളതുകൊണ്ട് ഈ ഹോട്ടലുകള്‍ സിമ്പതി മാത്രം അര്‍ഹിക്കുന്നു എന്നു പറയുന്നതിനോട് യോജിക്കാനാവില്ല. താജ് ഹോട്ടലിലെ സെക്യൂരിറ്റി എത്രമാത്രം ശക്തമാണെന്നു അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാനാകും. അവിടെയാണ് ഏറ്റവും കൂടുതല്‍ ആയുധ ശേഖരം കണ്ടെത്തുന്നത് . ഇതൊരു വിരോധാഭാസമല്ലെ? ഇതെന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്? കള്ളന്‍ കപ്പലില്‍ ഉണ്ടാവാം എന്ന സൂചനതന്നെയാണ്. താജിലെ എല്ലാ നിയന്ത്രണങ്ങളും അവര്‍ തെന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്. അപ്പോള്‍ ആരാണ് കുറ്റക്കാര്‍? ആ ഹോട്ടലില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

കേരളത്തില്‍ ഉള്ള പാകിസ്ഥാന്‍കാര്‍ തല്‍ക്കാലം അവിടെ ഇരിക്കട്ടെ, അതിലേക്കു നമുക്ക് പിന്നെ വരാം. പക്ഷെ മാര്‍ക്സിറ്റു പാര്‍ട്ടിക്ക് ഇതിലെന്തു കാര്യം?

തീവ്രവാദത്തിനു മതമില്ലെന്നു നാം കണ്ടതാണ്. ഏതായാലും പ്രജ്ഞാസിംഗിനും മറ്റും അല്പകാലം പത്രത്താളുകളില്‍ നിന്നും മാറി നില്‍ക്കാനാവും. ഒരു മതത്തിനെ മാത്രം കേന്ദ്രീകരിച്ചുള്ള ഭീകര വിരുദ്ധ ചര്‍ച്ച ഏതായാലും ആശാസ്യകരമല്ല.

വികടശൊരോമണി,
താങ്കള്‍ അതു പറഞ്ഞു. ആരാണ് സഹായിച്ചത്? അതാണ് പുറത്തു വരേണ്ടത്. രണ്ട് തീവ്രവാദികളാണ് താജില്‍ പിടിച്ചു നിന്നിരുന്നതെന്നു പറയുന്നും, അപ്പോള്‍ എത്രത്തോളം ആയുധ ധാരികാളവണം അവര്‍ !!

ചിന്തകന്‍,
അന്വേഷണം എവിടെ എത്താനാ? ഇപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ , പാകിസ്ഥാനാണ് ഇതിന്റെ പിന്നിലെന്നു.
ഏതായാലും പിന്നിലാരെന്നതിനേക്കാള്‍ കൂടെ ആര് എന്നതാണ് കണ്ടെത്തേണ്ടത്.

താജിലെ ഓപ്പറേഷന്‍ കഴിഞ്ഞു, യുദ്ധം അവസാനിക്കുന്നു.

അനില്‍@ബ്ലോഗ് said...

താജില്‍ നിന്നും മൂന്നു തീവ്രവാദികളെ(?)വധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അവിടെ എത്ര പേര്‍ താമസ്സമുണ്ടായിരുന്നു, ഹോസ്റ്റേജീസ് എത്രപേര്‍ ഉണ്ടായിരുന്നു, അവര്‍ എങ്ങൊട്ടൊക്കെ പോകുന്നു, ഇതുമായി ബന്ധമുള്ള ആരെങ്കിലും ഇക്കൂട്ടത്തില്‍ ഉണ്ടാവുമോ?

ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറയുമല്ലോ.

smitha adharsh said...

കാര്യമാത്ര പ്രസക്തമായ പോസ്റ്റ്..!
വെറും മൂന്ന്പേര്‍ (?) നുഴഞ്ഞു കയറി,ഒരു രാജ്യത്തെ മുഴുവന്‍ ഉറക്കം കെടുത്തി....വെടിവച്ചിട്ട വിലപ്പെട്ട ജീവനുകള്‍ ഒരിക്കലും തിരിച്ചു കിട്ടാനാകാത്തതും...ഈ ചെയ്തികള്‍ക്കെല്ലാം എത്രപേര്‍ പ്രത്യക്ഷമായും,പരോക്ഷമായും സഹായികളായി എന്നതിന് നമുക്കൊരു അറിവും ഇല്ലല്ലോ..
പൊതു ജനം കഴുതയാണെന്നും ,അവരുടെ ജീവന് ഒരു വിലയും ഇല്ലെന്നും രാഷ്ട്രീയ കോമരങ്ങള്‍ മുന്നേ പഠിച്ചെടുത്ത വിഷയങ്ങള്‍ അല്ലെ?

കാപ്പിലാന്‍ said...

"മുന്‍പ് പല ശ്രമങ്ങളും പരാജയപ്പെടുത്തിയവര്‍ ഇതു സംഭവിച്ചു എന്നതാണ് പ്രശ്നം. അതും ഒരു സൂചന പോലും നല്‍കാതെ. അതോ നല്‍കിയ സൂചനകള്‍ മുങ്ങിപ്പോയതാണോ."

അനിലിന്റെ ഈ ഒരു ഭാഗം വായിച്ചപ്പോള്‍ ഇന്നലെ ഞാന്‍ കേട്ട ഒരു ലുങ്കി ന്യൂസ് ആണ് ഓര്‍മ്മവരുന്നത്‌ .എത്രത്തോളം സത്യം ഉണ്ടെന്നറിയില്ല .അറിയാവുന്നവര്‍ പറയണം. കാസര്‍ഗോഡ്‌ ഭാഗത്തുള്ള ചില മീന്‍പിടുത്തക്കാര്‍ ഉള്‍ക്കടലില്‍ വെച്ച്‌ മുംബെയില്‍ ഭീകരരുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത ബോട്ട് കേരളാ അതിര്‍ത്തിയില്‍ വെച്ച്‌ കണ്ടെന്നും .അവര്‍ അന്വഷിച്ചപ്പോള്‍ ഡീസല്‍ തീര്‍ന്നു പോയീ എന്ന് ബോട്ടില്‍ ഉള്ളവര്‍ പറഞ്ഞെന്നും .ഉടനെ തന്നെ ഈ വിവരം മീന്‍പിടുത്തക്കാര്‍ കേരള പോലീസിനെ അറിയിച്ചെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ല എന്നൊക്കെയുള്ള ന്യൂസ്.അക്രമണം കടല്‍ മാര്‍ഗം ആയിരിക്കും എന്നറിവുള്ളവര്‍ അഥവാ ഈ വാര്‍ത്ത‍ ശരിയാണെങ്കില്‍ എന്തുകൊണ്ട് കാര്യമായി എടുത്തില്ല ?

Joker said...

ഒരു ഭീകരനെ മാത്രമാണ് ജീവനോടെ പിടിച്ചത്. അവനില്‍ കൂടി കാര്യങ്ങളുടെ ചുരുളഴിയും എന്ന് പ്രതീക്ഷിക്കാം. അത്യാധുനിക യുഗത്തിലും നമ്മുടെ പോലീസുകാര്‍ എകെ 47 തൊക്കുകള്‍ക്കെതിരെ 303 റൈഫിളുകളമായി പോകുന്നത് കണ്ടപ്പോല്‍ സഹതാപം തോന്നി.

ഭൂമിപുത്രി said...

പഞ്ചനക്ഷത്രഹോട്ടലുകളില്ലെങ്കിൽ വേണ്ട,മറ്റെന്തൊക്കെ സ്ട്രാറ്റജിക്ക് പോയിന്റുകളുണ്ടാകും ഒരു നഗരത്തിൽ.പോരാത്തതിനു,രാജ്യത്തെ ഓരോ തീവ്രവാദി ആക്രമണം കഴിയുമ്പോഴും നമ്മുടെ ചാനലുകൾ ഓരൊന്നായി ചൂണ്ടിക്കാണിച്ചുകൊടുക്കകയും ചെയ്യും.ബാംഗ്ലൂർ സ്ഫോടനം കഴിഞ്ഞപ്പോൾ മനോരമ ചാനൽ
‘അടുത്തത് കേരളം അടുത്തത് കേരളം’എന്നാർപ്പിട്ടതോർമ്മയില്ലെ? കൊച്ചിയിലെ പ്രധാനപ്പെട്ടയിടങ്ങൾ ചിത്രങ്ങൾ സഹിതം വിശദീകരിയ്ക്കുകയും ചെയ്തു,
ഭാഗ്യവാനായ ഏതെങ്കിലുമൊരു തീവ്രൻ കാണുന്നെങ്കിൽക്കണ്ടോട്ടെ..

അനില്‍@ബ്ലോഗ് said...

smitha adharsh,
ശരിക്കുമൊരു ഷൊക്കാണ് ഇത്. പെട്ടന്നു തന്നെ ശരിയാവും എന്നു കരുതാം.

കാപ്പിലാന്‍,
അങ്ങിനെ സംഭവിക്കാം,പക്ഷെ ഇവിടെ പറഞ്ഞു കേട്ടില്ല. പൊന്നാനി ഉള്‍ക്കടലില്‍ മുന്‍പ് ഒരു കപ്പല്‍ കണ്ടു എന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത് ഓര്‍ക്കുന്നു. അന്നു അന്വേഷണം നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല, പക്ഷെ ആറുമാസത്തിനുള്ളില്‍ ആയിരുന്നു എന്നു തോന്നുന്നു.

ജോക്കര്‍,
കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരട്ടെ എന്നു ആശിക്കാം.

ഭൂമിപുത്രി,
അങ്ങിനെ പറയുന്നതില്‍ കാര്യമുണ്ട് എന്നു തോന്നുന്നില്ല.ഗൂഗിള്‍ എര്‍ത്ത് നൊക്കിയിട്ടുണ്ടോ?നമ്മുടെ എയര്‍ പോര്‍ട്ടുകള്‍, ഡാമുകള്‍ അടക്കം
എല്ലാം അതില്‍ വ്യക്തമായിക്കാണാം. അതേ പോലെ പലതും. ആകാശത്ത് മറകെട്ടാനാവില്ലല്ലോ. ജാഗ്രത പുലര്‍ത്തുക എന്നതാണ് ഒരേ ഒരു പോംവഴി.

നരിക്കുന്നൻ said...

60 മണിക്കൂർ കിട്ടിയ ഇടവേളകളെല്ലാം ഉറക്കമൊഴിച്ച് ടെലിവിഷനുമുമ്പിൽ കുത്തിയിരുന്ന് വീക്ഷിച്ച് മനസ്സിലേക്കോടിവന്ന ഒരുപാട് സംശയങ്ങളുണ്ട്. 60 മണിക്കൂറോളം നിരന്തരമായി വിശ്രമമില്ലാതെ യുദ്ധംചെയ്യാൻ എങ്ങനെ തീവ്രവാദികൾക്ക് കഴിഞ്ഞു? ഇത്രയും സമയം ആക്രമണം നടത്താനുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും എങ്ങനെ ഇവർ നമ്മുടെ സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് അകത്ത് കടത്തി? ഏറ്റവും നല്ല സുരക്ഷാ സംവിധാനങ്ങൾ നമുക്കുണ്ടെന്ന് വീമ്പിളക്കുമ്പോഴും നമ്മുടെ മൂക്കിന് താഴെ, ഇന്ത്യൻ സാമ്പത്തിക മേഖലയെ തകർക്കാനുള്ള ഉദ്ധ്യേശത്തോടെ, 150ലതികം വർഷം പഴക്കമുള്ള താജ് ഹോട്ടലടക്കം തകർക്കാനുള്ള പദ്ധതിയോടെ എങ്ങനെ ഇവരെത്തി? ആരാണ് ഇവർക്ക് മൌനാനുവാദം കൊടുത്തത്? പച്ചക്കറിയെന്ന വ്യാജേന ഒരു ട്രക്കിൽ നിറയെ പച്ചക്കറി കൊണ്ട് വന്നെന്നും ഇത് പാവങ്ങൾക്ക് വിതരണത്തിനുള്ളതാണെന്നും പറഞ്ഞ തീവ്രവാദികൾ എവിടെ നിന്നാണാ പച്ചക്കറികൾ കൊണ്ട് വന്നത്? ആരായിരുന്നു ആ ട്രക്ക് അവർക്ക് നൽകിയത്? പറഞ്ഞ വിവരപ്രകാരം ഇത് ഒരു കുടുംബമായിരുന്നു എന്ന് മനസ്സിലാകും. എങ്കിൽ ആ കുടുംബം എവിടെ? അവർക്കെന്ത് സംഭവിച്ചു? ജൂതന്മാർ മാത്രം താമസിക്കുന്ന നരിമാൻ ഹൌസിൽ എങ്ങനെ തീവ്രവാദികൾക്ക് താമസ സൌകര്യം ലഭിച്ചു? ഇത് തരപ്പെടുത്താൻ ഇവരെ സഹായിച്ചതാര്?

ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് ഇന്ന് താജ് മുതലാളി രത്തൻ ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നു. ഈ മുന്നറിയിപ്പ് ലഭിച്ചിട്ടും ഇത്തരം ഭീകരമായ ഒരു ആക്രമണം നടത്താൻ കഴിഞ്ഞത് സുരക്ഷാ പിഴവുകൾ തന്നെയാണ്. പിൻ വാതിലിലൂടെയാണ് തീവ്രവാദികൾ പ്രവേശിച്ചിരിക്കുക എന്നാണ് അദ്ധ്യേഹം വെളിപ്പെടുത്തിയത്. 800ലധികം മുറികളുള്ള ലോകത്തിലെ തന്നെ മികച്ച ഹോട്ടലുകളിലൊന്നായ താജ് ഹോട്ടലിൽ മുൻ വശത്ത് മാത്രം സുരക്ഷാ പരിശോധനയോ? പിൻ വശത്ത് അടുക്കള വാതിൽ എപ്പോഴും ആർക്കും കേറിവരാൻ പാകത്തിൽ എല്ലാവരും തുറന്നിടുന്നതെന്ത് കൊണ്ട്. (ബീരൻ കുട്ടിയുടെ ഗൾഫ് ഭാര്യക്കും സഭവിച്ചത് ഈ അടുക്കള വാതിൽ അടക്കാതിരുന്നതാണ്.) 500 കോടിയിലധികം നഷ്ടം കരുതുന്ന താജ് ഹോട്ടലിന്റെ പുനരുദ്ധാരണം ഇൻഷൂറൻസ് തുകകൊണ്ട് പരിഹരിക്കാം എന്ന് കണക്ക് കൂട്ടാം. പക്ഷേ, തെരുവിൽ കബദ്ധം തളം കെട്ടിയത് കോടീശ്വരന്മാരുടേതല്ല. നിണമൊഴുകി ചുവന്ന തെരുവിൽ നഷ്ടപ്പെട്ടത് പാവങ്ങളുടെ ജീവനാണ്.

ധീരരേ നിങ്ങളൂടെ ഓർമ്മകൾക്ക് മുമ്പിൽ ഞാൻ നമിക്കുന്നു. നിങ്ങളൂടെ രക്തം നൽകി ചുവപ്പിച്ച ഈ മണ്ണ് നിങ്ങളെ എന്നുമെന്നും ഓർക്കും.

തീവ്രവാദികൾ 60 മണിക്കൂർ ചിലവഴിച്ചത് ഡ്രൈ ഫ്രൂട്സ് കഴിച്ചാണെന്ന് ഒരു ചാനൽ. ഈ ഡ്രൈഫ്രൂട്സ് ഏതൊക്കെയെന്നറിഞ്ഞിരുന്നെങ്കിൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വലിയൊരു സമയം ലാഭിക്കാമായിരുന്നു.

നരിക്കുന്നൻ said...

ഒരു ബ്ലോഗ്ഗർ എഴുതിയ പോലെ...[രാമചന്ദ്രൻ വെട്ടിക്കാടാണെന്നാണോർമ്മ]

തീവ്രവാദികൾക്ക് സ്വർഗ്ഗമാണെങ്കിൽ, ആ സ്വർഗ്ഗം എനിക്ക് വേണ്ട. അവരോട് പോരാടി മരിച്ച ധീര ജവാന്മാർക്ക്, തീവ്രവാദികളുടെ ഇരകൾക്ക് നരകമാണെങ്കിൽ എനിക്കാ നരകം മതി.

ജയ് ഹിന്ദ്.