11/26/2008

ചില ഐ-പില്‍ ചിന്തകള്‍

വീട്ടില്‍:

"അച്ഛാ,
ഇതു മനസ്സിലായില്ലാല്ലോ, എന്താ ഇത്?"

മോളുടെ ചോദ്യം കേട്ടാണ് ടീവിയിലേക്കു നോക്കിയത്.

ഒരു അമ്മ ഒരു പെണ്‍കുട്ടിയെ (മകളാണോ?) ധൈര്യം കൊടുത്ത് എങ്ങോട്ടോ കൊണ്ടു പോകയാണ്. എങ്ങോട്ടാണെന്ന് എനി‍ക്കും പെട്ടന്ന് മനസ്സിലായില്ല. എന്തായാലും സംഭവം ഐ.പില്‍ ഗുളികയുടെ പരസ്യമാണ്.

"മോളേ അതെന്തോ മിഠായി അല്ലെ?"

"അല്ലച്ഛാ, അത് എന്തോ മരുന്നാണ്, മരുന്നു കഴിക്കാന്‍ എന്തിനാണ് പേടിക്കുന്നത്"

എനിക്കു മറുപടിയില്ല.

എന്തു മറുപടി നല്‍കും എന്നതതിനേക്കാള്‍ ഐ.പില്‍ എന്ന ഹൊര്‍മോണ്‍ കൈകര്യം ചെയ്യുന്ന ലാഘവബുദ്ധിയാണ് എന്നെ അമ്പരപ്പിച്ചത്.

ഈ വിഷയം അങ്കിളിന്റെ പോസ്റ്റില്‍ മുന്‍പ് വന്നിരുന്നെങ്കിലും, വീട്ടില്‍ ഈ ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നത് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു.

സിപ്ല കമ്പനി മാര്‍ക്കറ്റിലിറക്കിയ ഐ - പില്‍ എന്ന മാജിക് മരുന്ന്, ഇന്ന് നമുക്ക് സുപരിചിതമാണ്. ഇന്ത്യന്‍ യുവാക്കളെ ടീവിക്കു മുന്നില്‍ അടയിരുത്തിയ 20 20 മത്സരങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന ഈ ഗുളിക, അവരുടെ മനസിലേക്കും , അവിടെ നിന്നും അവരുടെ പോക്കറ്റിലേക്കും കടന്നു വന്നിരിക്കാം. ഇത്തരം പരസ്യങ്ങളുടെ ധാര്‍മികത ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമില്ല. അപ്രകാരം ചെയ്താല്‍ കപടസദാചാരക്കാരനായി മുദ്രകുത്തപ്പെടും.

ഗുളിക കഴിക്കൂ, ധൈര്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ, എന്നാണ് കമ്പനി പരസ്യം ചെയ്യുന്നത്. ലഭ്യമായ ആരുമായും ആവാം എന്ന് ധ്വനി ഉണ്ടോ എന്ന് ദോഷൈക ദൃക്കുകളുടെ സംശയം മാത്രം.

ലീവോനോര്‍ജെസ്റ്റ്രെല്ല് എന്ന ഐ-പില്‍, പ്രൊജസ്റ്റ്രോണ്‍ സ്ത്രൈണഹോര്‍മോണ്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ലൈഗിക ബന്ധം നടന്ന് 72 മണിക്കൂറിനുള്ളില്‍ ഇതു കഴിച്ചാല്‍ ഗര്‍ഭധാരണം നടക്കുകയില്ല എന്നതാണ് ഇതിന്റെ ജൈവ ഫലം.
അണ്ഡവിസര്‍ജ്ജനം തടയുക, ഗര്‍ഭാശയമുഖത്തെ ദ്രവത്തിന്റെ കനം വര്‍ദ്ധിപ്പിക്കുകയും അതുവഴി ബീജത്തിന്റെ മുന്നോട്ടു പോക്ക് തടയുക, എന്നിവയാണ് ഇതിന്റെ മുഖ്യ ധര്‍മ്മങ്ങള്‍. 72 മണിക്കൂര്‍ വരെ എന്നു പറയുന്നുണ്ടെങ്കിലും 12 മണിക്കൂറിനുള്ളില്‍ തന്നെ കഴിക്കുകയാണ് ഉത്തമം എന്നാണ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഐ - പില്‍ ഇന്ത്യയില്‍:

ഐ-പില്‍ ഒരു ഗര്‍ഭഛിദ്രമരുന്ന് അല്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു അണ്ഡം ബീജവുമായി സംയോജിച്ച്, ഗര്‍ഭാശയത്തില്‍ സ്ഥാനം പിടിച്ചാല്‍ മാത്രമേ ഗര്‍ഭം എന്ന അവസ്ഥ സംജാതമാകുന്നുള്ളൂ എന്നും, അതിനാല്‍ ബീജ സങ്കലനം തടയുന്ന ഈ മരുന്നു ഗര്‍ഭച്ഛിദ്രമല്ല നടത്തുന്നത് എന്നുമുള്ള വാദം സാങ്കേതികമായി അംഗീകരിക്കപ്പെട്ടതിന്റെ ഫലമാണ് ഈ പരസ്യം. ആദ്യ ഘട്ടത്തിലെ ഗര്‍ഭഛിദ്രം അത്ര മാരകമല്ലെങ്കിലും ഇന്ത്ര്യയില്‍ പ്രതിവര്‍ഷം നടക്കുന്ന 11 മില്ല്യണ് ഗര്‍ഭഛിദ്രങ്ങളില്‍ 20000 സ്ത്രീകള്‍ ഇതുമൂലം മരിക്കുന്നതായി എ.ഐ.ഐ.എം.എസ്സിലെ ഒരു .പ്രസിദ്ധീകരണം പറയുന്നു. ഇതിനാല്‍ അരോഗ്യകരമായ ഗര്‍ഭനിരോധനം പ്രോത്സാഹിപ്പിക്കുക എന്ന കമ്പനിയുടെ ലക്ഷ്യം തള്ളിക്കളയാനാവുമോ?

പാര്‍ശ്വഫലങ്ങള്‍:

പ്രോജസ്റ്റ്രോണ്‍ ഒരു ഹോര്‍മോണ്‍ ആണെന്നുള്ളത് തന്നെ ഇതിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ഹോര്‍മോണ്‍ മരുന്നുകള്‍ പരമാവധി ഒഴിവാക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

20 ശതമാനം ആളുകളില്‍ മനമ്പുരട്ടല്‍, ശര്‍ദ്ദി എന്നിവയും അടിവയര്‍ വേദനയും ഉണ്ടാവുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ചെറിയൊരു ശതമാനം ആളുകളില്‍ വയറിളക്കം ഉണ്ടാവുന്നു.
ശര്‍ദ്ദി, വയറിളക്കം എന്നിവ മരുന്നിന്റെ ഫലത്തെ തന്നെ ബാ‍ധിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ രാസവസ്തുവിനു സെന്‍സിറ്റിവിറ്റി ഉള്ള ആളുകള്‍ ഉണ്ടാവാം, അത്തരം സന്ദര്‍ഭങ്ങളില്‍ വിദ്ധചികിത്സ ആവശ്യമായി വരും.

അമിത രക്തസ്രാവമുള്ളവര്‍, സ്തനാര്‍ബുദം ഉള്ളവര്‍, എന്നിവരെ കൂടാതെ ഗര്‍ഭിണികള്‍ ആയവര്‍ക്കും ഈ മരുന്നു കഴിക്കാന്‍ പാടില്ലാത്തതാണ്. കൃത്യമായ ഇടവേളകളിലല്ലാത്ത ആര്‍ത്തവം ഉള്ള സ്ത്രീകളില്‍ ( ഐ.പില്ലിന്റെ ഉപയോഗം കൂടുതലായി ആവശ്യമായി വരുന്ന വിഭാഗങ്ങളില്‍) മുന്‍പുള്ള ഗര്‍ഭധാരണ സാദ്ധ്യത തള്ളിക്കളയാനാവില്ല.
മരുന്നു കഴിച്ചതില്‍ ഗര്‍ഭധാരണം നടന്നില്ല എന്നു ഉറപ്പാക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്തതും, മരുന്നു കഴിച്ചിട്ടും ഗര്‍ഭം ധരിക്കുകയാണെങ്കില്‍ അത് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാക്കും എന്നതും ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.

20 മുതല്‍ 30 ശതമാനം വരെ പരാജയ സാദ്ധ്യത ഉണ്ട് എന്നു കരുതപ്പെടുന്നുണ്ട്.

ഏതൊരു മരുന്നിനേപ്പോലെയും വിദഗ്ധ ഉപദേശം ആവശ്യമുള്ള ഈ മരുന്ന് നമ്മുടെ യുവ തലമുറയുടെ രക്ഷകരായി അവതരിപ്പിക്കപ്പെടുന്നത് ആശാസ്യമായ ഒന്നല്ല. സ്വതന്ത്ര ലൈംഗിഗ ബന്ധം എന്ന സങ്കല്‍പ്പമാണ് സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര എന്നു കരുതുന്നവര്‍, ജാള്യത ഏതുമില്ലാതെ തന്നെ ഒരു ഡോകടറെ സമീപിച്ച് ഗര്‍ഭ ധാരണം തടയുന്നതാവും ഉത്തമം.

അവലംബം:
www.ukmicentral.nhs.uk/newdrugs/reviews

17 comments:

അനില്‍@ബ്ലോഗ് said...

ഏതൊരു മരുന്നിനേപ്പോലെയും വിദഗ്ധ ഉപദേശം ആവശ്യമുള്ള ഈ മരുന്ന് നമ്മുടെ യുവ തലമുറയുടെ രക്ഷകരായി അവതരിപ്പിക്കപ്പെടുന്നത് ആശാസ്യമായ ഒന്നല്ല.

കാപ്പിലാന്‍ said...

:)

smitha adharsh said...

ഇവിടത്തെ മലയാളം അറിയാത്ത കുട്ടികള്ക്ക് പോലും ഐ.പില്ലിന്റെ പരസ്യം കാണാപാഠം ആണ്. ഇതിന് എന്ത് കമന്റ് ഇടും എന്നതിനെപ്പറ്റി... എനിക്ക് ഇപ്പോഴും അറിയില്ല.അങ്കിളിന്റെ പോസ്റ്റ് ഞാനും കണ്ടിരുന്നു..എന്ത് എഴുതണം എന്നറിയാതെ അവിടന്ന് തിരിച്ചു പൊന്നു.ഇവിടെയും അത് തന്നെ...

MANIKANDAN [ മണികണ്ഠന്‍‌ ] said...

ഈ പരസ്യത്തെക്കുറിച്ചുള്ള അങ്കിളിന്റെ പോസ്റ്റും അതിൽ നടന്ന ചർച്ചയും വായിച്ചിരുന്നു. ഇപ്പോൾ ഇവിടെയും പ്രത്യേകിച്ചു എന്തഭിപ്രായം പറയണം എന്നറിയില്ല. എന്നാൽ ഇത്തരം ഗുളികകളുടെ ദൂഷ്യവശങ്ങൾ വിവരിച്ചതു നന്നായി എന്ന അഭിപ്രായം ഉണ്ട്.

വികടശിരോമണി said...

ഔഷധങ്ങളുടെ പരസ്യത്തെപ്പറ്റിയുള്ള നിയമങ്ങളിൽ ഇന്നും നമുക്ക് വ്യക്തതയില്ല.ഏതു രോഗത്തിനും വിക്സ് ആക്ഷൻ 500 കഴിച്ചാൽ മതിയെന്നു പ്രചരിപ്പിക്കുന്ന ഒരു പരസ്യം അടുത്ത കാലം വരെ കണ്ടിരുന്നു.നമ്മുടെ ആരോഗ്യരംഗം കൂടുതൽ‌കൂടുതൽ കച്ചവടമാഫിയകളുടെ കയ്യികലപ്പെടുകയാണ്,സംശയമില്ല.വീട്ടിലേക്ക് ഫ്രിഡ്ജും ടി.വിയും തന്ന മരുന്നുകമ്പനികൾക്കുള്ള ഉപകാരസ്മരണാർത്ഥം മരുന്നെഴുതുന്നവരല്ലാത്ത എത്ര ഡോക്ടർമാർ നമുക്കിടയിലുണ്ട്?‘വിദഗ്ധ ഉപദേശ’വും അവിടുന്നാണല്ലോ.
കുട്ടികൾക്ക് കുട്ടിക്കാലത്തേ സംശയങ്ങളുണ്ടാകട്ടെ,മനസ്സിലാകാൻ പ്രായമായാൽ മാതാപിതാക്കൾ തന്നെ പറഞ്ഞുമനസ്സിലാക്കിക്കയും വേണം.അങ്ങനെയല്ലാതെ ഈ ഉപഭോഗസമൂഹത്തിൽ കുട്ടിയെ വളർത്തുന്നതാണ് അപായകരം.
ഏതായാലും പതിവുപോലെ ചർച്ചക്കുള്ള വിഷയവുമായാണ് അനിലിന്റെ ഈ പോസ്റ്റിന്റെയും വരവ്-അഭിനന്ദനങ്ങൾ.

കിഷോര്‍:Kishor said...

കോണ്ടത്തിന്റെയും സാനിറ്ററി നാപ്കിന്റേയും പരസ്യങ്ങളില്ലേ? അതു പോലെ തന്നെയല്ലേ ഇത്?

കാന്താരിക്കുട്ടി said...

ഇപ്പോളത്തെ പരസ്യങ്ങള്‍ കണ്ട് മക്കള്‍ ഓരോന്നു ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടുന്നു.എന്തായാലും ഐ പില്‍ പോലുള്ളവയുടെ പരസ്യങ്ങള്‍ ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല.എന്തും പരീക്ഷിച്ചു നോക്കുന്നവര്‍ അല്ലേ കൌമാരക്കാര്‍.

ചാണക്യന്‍ said...

ഈശ്വരാ....
എന്തൊക്കെ കാണണം കേള്‍ക്കണം.....
ആഞ്ജനേയാ ശക്തി തരൂ....

കുഞ്ഞന്‍ said...

ശ്ശേ ..ഇതൊക്കെ ഒരു പത്തു പതിനഞ്ചു കൊല്ലം മുമ്പ് മാര്‍ക്കറ്റില്‍ ഇറങ്ങിയിരുന്നെങ്കില്‍ ഈയുള്ളവന് ഗുണമുണ്ടായേനെ..യേത് കോളേജില്‍ പഠിക്കുമ്പോള്‍...

എന്റെ മാഷെ..ഹിന്ദി സിനിമയിലെ പാട്ട് രംഗം കാണുന്നതില്‍ക്കൂടതലല്ല ഈ പരസ്യം കാണുന്നത്.. പക്ഷെ ഇതിന്റെ ഉപയോഗത്തിലെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണെങ്കില്‍..അതിന് ഈ പോസ്റ്റും തിരിതെളിയിക്കട്ടേ.

മാണിക്യം said...

ഏത് ഭാഷയില്‍ പറഞ്ഞാലും
കൃത്രിമ ഗുളികകള്‍ക്ക് പാര്‍ശ്വഫലമുണ്ട്.

അതിനെല്ലാം ഉപരി ജീവിതമൂല്യം എന്ന് ഒന്നില്ലെ?പുരോഗമന ചിന്തയും ജീവിതരീതിയും ആവാം പക്ഷെ ഇതൊക്കെ അല്പം അതിര് വിട്ടകളിയാണ്. ഗര്‍ഭം ഉണ്ടാവാതിരുന്നാല്‍ കന്യകയായിരിക്കുമോ? സ്ത്രീയുടെ പരിശുദ്ധി കാത്തു വയ്ക്കാനാവുമോ? ഒരു പഴേ മനസ്സാ .... ഇത്തിരി വിഷമത്തോടെ മാത്രം ഇത്തരം കാര്യങ്ങള്‍ കാണാന്‍ പറ്റുന്നുള്ളു...പിന്നെ കുട്ടികള്‍ അവരുടെ നിഷ്കളങ്കത കൈ മോശം വരും വരെ മാത്രമെ മാതാപിതക്കളോട് എന്തും തുറന്ന് ചോദിക്കു അപ്പോള്‍ നാണിക്കാതെ ഒളിക്കാതെ വ്യക്തമായ് ഒരു ഉത്തരം നിലപാട് അവരെ അറിയിക്കുക .അല്ലങ്കില്‍ അവരുടെ ജിഞ്ജാസ കൊണ്ട് എത്തിക്കുന്നത് സുരക്ഷിതമായി അവര്‍ക്ക് വിവരം കൈമാറാന്‍ കെല്പില്ലാത്ത കൈകളിലാവും . അതു കൊണ്ട് ഇത്തരം അവസരത്തില്‍ ചോദ്യത്തിനുത്തരം ഇന്ററ് നെറ്റില്‍ മോളോടൊപ്പം സെര്‍ഫ് ചെയ്തു കണ്ട്പിടിച്ച് വായിക്കുകയും മന‍സ്സിലാക്കി കൊടുക്കുകയും “എന്റെ അച്ഛനോട് എനിക്ക് ചോദിക്കാം ” എന്ന ആ ധൈര്യം മകളില്‍ ഉണ്ടാക്കുകയും ചെയ്യണം . ഇന്നത്തെ കുട്ടികള്‍
പെട്ടന്ന് വിവരങ്ങള്‍ മനസ്സിലാക്കും . എല്ലാറ്റിനുമുപരി അവരെ മനസ്സില്ലാക്കുന്ന അവരെ വിശ്വസിക്കുന്ന അവരെ സ്നേഹിക്കുന്ന മാതാപിതാകള്‍ ആണെന്ന ബോധ്യം മക്കളില്‍ ഉണ്ടായാല്‍ .പേരന്റ് എന്ന നിലയില്‍ വിജയിച്ചു . മാത്രമല്ല നമ്മുടെ കുട്ടികളും രക്ഷ പെട്ടു.

ജെപി. said...

ഈ ഗുളികക്ക് അപകട സാദ്ധ്യത ഉള്ള കാര്യം ഇപ്പോഴാ മനസ്സിലാക്കിയത്... പരസ്യം കാണാറുണ്ടെങ്കിലും ഈ വക കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
രക്ത സമ്മര്‍ദ്ദം, പ്രമേഹം, ഗ്ലോക്കോമ മുതലായ അസുഖങ്ങള്‍ക്ക് ജീവിത കാലം മുഴുവനും കഴിക്കേണ്ടി വരുന്ന മരുന്നുകള്‍ക്കും, പാര്‍ശ്വഭലങ്ങള്‍ ഉണ്ടോ?
ഇതെല്ലാം ചര്‍ച്ചാവിഷയമാക്കേണ്ട് വിഷയങ്ങളാണ്.
താങ്കള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു..
++++++++
i am going to start a blog club shortly and the details are given in my blog. kindly go thru and forward this message to the deserved candidates.

ദീപക് രാജ്|Deepak Raj said...

സത്യത്തില്‍ ചില പ്രത്യേക ഘട്ടങ്ങളില്‍ (അത്യാവശ്യ) മാത്രം ഉപയോഗിക്കേണ്ട മരുന്നാണ് ഇതു..പക്ഷെ ഇപ്പോള്‍ സൌകര്യമായ ഗര്‍ഭനിരോധന മാര്‍ഗം ആയി കോളേജ് കുട്ടികള്‍ പോലും ഉപയോഗിക്കുന്നു..
പിന്നീട് എന്തുണ്ടാവും എന്നവര്‍ ചിന്തിക്കുന്നില്ല..
ഇവിടെ അയര്‍ലണ്ടില്‍ ഒരു ബ്രൂഫിനോ എന്തിന് അമോക്സിസില്ലിന്‍ പോലും കിട്ടാന്‍ ഡോക്ടറുടെ കുറിപ്പടി വേണം..
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലാണ് വേണ്ടത്..
അഥവാ ഇതു വേണ്ടവര്‍ ഡോക്ടറെ കണ്ടു എഴുതി വാങ്ങട്ടെ..

കാപ്പിലാന്‍ said...

ഇവിടെ അമേരിക്കയില്‍ ഒരു മരുന്നും ഡോക്ടര്‍ പറയാതെ ഫാര്‍മസി വഴി കിട്ടില്ല .ദോഷങ്ങള്‍ ഇല്ലാത്ത സാധാ മരുന്ന് ( ചുമക്കും ,പനിക്കും സാധാരണ കഴിക്കാറുള്ളത് ഒഴിച്ച് )മാത്രമേ ഔട്ട് ഓഫ് കൌണ്ടര്‍ വഴി കിട്ടുകയുള്ളൂ .ഈ നിയമങ്ങള്‍ ഒക്കെ അവിടെയും വരണം .

അനില്‍@ബ്ലോഗ് said...

കാപ്പിലാനെ,
തേങ്ങക്കു വിലകൂടിയോ? :)

smitha adharsh,

MANIKANDAN [ മണികണ്ഠന്‍‌ ],
അങ്കിളിന്റെ പോസ്റ്റില്‍ ഞാനും കമന്റിട്ടിരുന്നു. കഴിഞ്ഞ ദിവസം മോള്‍ പെട്ടന്നു ഇതു ചോദിച്ചപ്പോള്‍ ഒന്നൂടെ പോസ്റ്റാം എന്നു കരുതി.

വികടശിരോമണി ,
മരുന്നുകളുടെ പരസ്യത്തിനെ നിരോധിക്കും എന്നൊക്കെ നമ്മൂടെ ആരോഗ്യമന്ത്രി പറയുന്നത് കേട്ടിരുന്നു. ഐ.എം.എ. കണ്ണുരുട്ടിയതിനാലോ എന്തോ ഇപ്പോള്‍ അനക്കം ഒന്നും കേള്‍ക്കാനില്ല.

കിഷോര്‍:Kishor ,
പരസ്യം കൊടുക്കുന്നതിനെ എതിര്‍ക്കുന്നില്ല. പക്ഷെ കോണ്ടം പോലെയോ മറ്റോ അല്ല ഇത്, ഇത് ഒരു മരുന്നാണ്, അപകട സാദ്ധ്യത താരതമ്യേന കുറവെങ്കിലും . നാപ്കിന്‍ ഒട്ടിച്ചു വച്ചു ഒരു തരുണീമണി ടിവിയില്‍ പ്രത്യക്ഷപ്പെടുന്ന കാലം അതി വിദ്ദൂരമല്ല.

കാന്താരിക്കുട്ടി ,
പറ്റുന്ന വിധത്തില്‍ ഇതൊക്കെ പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുക,അല്ലാതെ എന്തു ചെയ്യാനാ.

ചാണക്യാ,
:)
എവിടെ ആയിരുന്നു?

കുഞ്ഞന്‍ ഭായി,
ഇതു മുഠായി ആണെന്നു കരുതിയാണോ? :)അല്ലാട്ടോ.നല്ല് വാക്കുകള്‍ക്കു നന്ദി.

മാണിക്യം ചേച്ചീ,
ഞാന്‍ എന്തു പറയാനാ? കാലത്തിന്റെ മാറ്റം ഉള്‍ക്കോണ്ട് ജീവിക്കാന്‍ ശ്രമിക്കാം. എന്നാലും യാത്ര പോകുന്ന ഭര്‍ത്താവിന്റെ കയ്യില്‍ കോണ്ഡം കൊടുത്തുവിടുന്ന ഭാര്യ അല്പം പുരോഗമനം തന്നെ. വീടുവിട്ട് യാത്ര പോകുന്നവരൊക്കെ ഈ സാധനം കയ്യില്‍ വക്കണം എന്ന രീതിയിലുള്ള പരസ്യങ്ങള്‍ നമ്മുടെ സാമൂഹിക ഛായ തന്നെ പകര്‍ത്തുന്നത്.
മോളുടെ കാര്യത്തില്‍ പരമാവധി ശ്രദ്ധിക്കുന്നു, കാര്യങ്ങളെ എപ്പോഴും അവളുടെ കണ്ണിലൂടെ നോക്കിക്കാണാനാണ് ഞാന്‍ ശ്രമിക്കാറ്.

ജെ.പി.
സന്ദര്‍ശനത്തിനു നന്ദി. ഞാന്‍ തൊട്ടടുത്താണ്, ഒരു 45 മിനിറ്റ് ഡ്രൈവ്.

ദീപക് രാജ്|Deepak Raj,

കാപ്പിലാന്‍,

അമേരിക്കക്കാരന്റെ ഉടുതുണി സംസ്കാരം മാത്രമേ നമുക്കു വേണ്ടൂ, ഇതൊന്നും വേണ്ട.

ഹരീഷ് തൊടുപുഴ said...

അനില്‍ജി;
എനിക്കു മനസ്സിലാക്കന്‍ സാധിച്ച രണ്ടു പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്..

1. കൃത്യമായ ആര്‍ത്തവചക്രമുള്ള സ്ത്രീകള്‍ക്ക് അവ തെറ്റുന്നു; ഇരുപത് ദിവസിത്തിലൊരിക്കല്‍ അല്ലെങ്കില്‍ അതിനും താഴോട്ട് എന്ന നിലയിലേക്കെത്തുന്നു.

2. ഗര്‍ഭാശയഭിത്തിക്ക് കേടുവരുത്തുന്നു.

അങ്കിള്‍ said...

എന്റെ പോസ്റ്റില്‍ ഒരനോണീ ഇട്ട് കമന്റിന്റെ പ്രസക്തഭാഗം ഞാനിവിടെ പേസ്റ്റ് ചെയ്യുന്നു:
“സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ക്ക് ഇത് വഴിവെക്കില്ലേ?
കോണ്ടം മൂലം കിട്ടുന്ന ലൈംഗിക രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം ഐ-പില്ലില്‍ നിന്നും കിട്ടുന്നില്ലല്ലോ?“

ഐ-പില്ലിനു വേണ്ടി വാദിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് അനോണി പറഞ്ഞത്.

അനിലിന്റെ മകളാണ് ചോദിച്ചത്. എനിക്ക് അതുപോലെ എന്റെ മകളുടെ മകളുണ്ട്. ഏത് സംശയവും അവളുടെ അച്ചനമ്മമാരോട് ചോദിക്കില്ല. പകരം ഞാന്‍ മറുപടി പറയണം. ആ കുട്ടിയില്‍ നിന്നുള്ള ചോദ്യം വരരുതേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്‍ ഞാന്‍ പോസ്റ്റിട്ടത്. പക്ഷേ പോസ്റ്റിന്റെ പ്രതികരണം ഇന്നത്തെ പുതിയ തലമുറയ്ക്ക് യോജിച്ചവിധത്തിലായിരുന്നു.

പ്രിയ said...

അനില്‍്ഭായ് പറഞ്ഞ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെങ്കില്‍ സമൂഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ചിന്തിച്ച് ഇതിന്റെ പരസ്യം ഒഴിവാക്കേണ്ടതാണ് തന്നെയാണ്.

അല്ലാതെ സദാചാരം എന്ന പേരില്‍ വല്ല്യ കാര്യമൊന്നുമല്ല. കൌമാരക്കാര് കാണുന്നു എന്നത് കൊണ്ടു അവര്‍ എല്ലാം വഴിപിഴച്ചു പോകും എന്നര്‍ത്ഥമില്ലല്ലോ.ഈ ലോകത്തെ ഒന്നും കാണാതെ വളര്‍ത്താന്‍ അവരെ നമ്മള്‍ കൂട്ടിലിട്ടല്ലലോ കൊണ്ടു നടക്കുന്നത്. എന്നാല്‍ കോണ്ടം പരസ്യങ്ങളും എന്നാല്‍ ഒഴിവാക്കിക്കേണ്ടേ? പിന്നെ കുട്ടികളുടെ ചോദ്യങ്ങള്‍ :) സാനിട്ടറി നാപ്കിന്‍ എന്നതിനാ എന്ന് അമ്മയോടും ചേച്ചിമാരോടും ചോദിച്ച ബാല്യങ്ങള്‍ നമ്മളില് പലര്ക്കും ഇല്ലേ?അവര് ബബബ പറഞ്ഞതും. എന്തേലും ബബബ നമുക്കും കണ്ടു പിടിക്കവുന്നതല്ലേ ഉള്ളു ഇമ്മാതിരി കാര്യങ്ങളിലും.

പക്ഷെ അനില്‍്ഭായ് പറഞ്ഞ ആരോഗ്യപ്രശ്നങ്ങള് ഗുരുതരമാണ്. അതറിയാതെ ആ മരുന്നുപയോഗിക്കുന്ന ചെറുപ്പക്കാര്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഓര്ത്തു ഈ മരുന്നിന്റെ പ്രചാരം ഒഴിവാക്കേണ്ടതാണ്.