9/17/2010

വട്ടം കറക്കുന്ന വട്ടപ്പാറ

വട്ടപ്പാറയെന്ന പേര്‍ ഏറെ കുപ്രശസ്തമാണ്, പ്രത്യേകിച്ച് വാഹനം ഓടിക്കുന്ന ആളുകള്‍ക്കിടയില്‍ .
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും ഏതാണ്ട് 4 കി മീ ദൂരെ എന്‍ എച്ച് 17 ഇല്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വട്ടപ്പാറയെന്നതിനേക്കാള്‍ വട്ടപ്പാറ വളവ് എന്നതാണ് ഏറെ പരിചിതം. റോഡില്‍ സാധാരണമെന്ന് തോന്നാവുന്ന ഒരു 90 ഡിഗ്രി വളവ് മാത്രമാണിതെങ്കിലും ആഴ്ചയില്‍ ഒരു ലോറിയെങ്കിലും എന്ന നിരക്കില്‍ മറിഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി. ഗാസ് ടാങ്കര്‍ ലോറികള്‍ മറിയുന്നതും പോലീസ് ഫയര്‍ഫോഴ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‍ നാട്ടുകാര്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ തീപോലും കത്തിക്കാതെ സുരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും നിത്യ സംഭവമാണ്. ഏതാനും വര്‍ഷം മുന്നെ കോടികള്‍ മുടക്കി വട്ടപ്പാറ വളവ് പരിഷ്കരിച്ചെങ്കിലും അപകടം ഒരു തുടര്‍ക്കഥയാണിന്നും. കഴിഞ്ഞ ദിവസം ഒരു ഗാസ് ടാങ്കര്‍ ലോറി മറിയുകയും, ഗാസ് ലീക്ക് ആയതിനേത്തുടര്‍ന്ന് എഞ്ചിന്‍ പോലും ഓഫ് ചെയ്യാതെ ക്രൂ ഓടി രക്ഷപ്പെട്ടതും അവസാനം നാട്ടുകാര്‍ തന്നെ ജീവന്‍ പണയം വച്ച് വണ്ടി ഓഫ് ചെയ്തതും ഏറെ ബഹളത്തിനിടയാക്കിയിരുന്നു.

ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാവുന്ന ചെറിയ ഒരു പ്രശ്നമാണ് വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും ഏറെ ധന നഷ്ടത്തിനും ജീവനഷ്ടത്തിനും ഇടയാക്കുന്നത്. ചില ചിത്രങ്ങള്‍ നോക്കുക.

സാധാരണ സ്വഭാവം മാത്രമുള്ള ഒരു ഇറക്കം മാത്രമാണ് മുന്നില്‍ കാണുന്നത് .

ഇറക്കം മാത്രമല്ല സുന്ദരമായ റോഡ് നല്ല ഡ്രൈവിങ് സുഖവും നല്‍കുന്നു.

താഴെ വളവ് വളരെ വ്യക്തമായി കാണാം, റോഡിന്റെ നിലവാരമനുസരിച്ച് ശരാശരി വേഗതിയില്‍ വാഹനങ്ങള്‍ പോവുക സ്വാഭാവികം .
വളവിലെത്തുമ്പോള്‍ മാത്രമാണ് റോഡിന്റെ കിടപ്പ് മനസ്സിലാവുക. അല്പം പോലും ഉപരിതലം ക്രമീകരിക്കാതെ ബാങ്കിങ് പേരിനുമാത്രം ഇട്ടിരിക്കുന്ന ഈ തിരിവില്‍ പ്രവേശിക്കുന്നതോടെ വാഹനം പുറത്തേക്ക് പാളാന്‍ തുടങ്ങും. പൂര്‍ണ്ണ ജാഗ്രതയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവറും ഭാരം അധികം ഇല്ലാത്ത ചെറുവാഹനങ്ങളും ആണെങ്കില്‍ നിയന്ത്രണം നഷ്ടമാകുന്നില്ല.
വാഹനങ്ങള്‍ ശ്രദ്ധിക്കുക, അവയൊന്നുപോലും ഉള്ളിലേക്ക് ചരിവ് കാണിക്കുന്നില്ല.

ആങ്കിള്‍ ഓഫ് ബാങ്കിങ്
വലിയ ശാ‍സ്തീയാന്വേഷണത്തിനൊന്നും പോകാതെ മനസ്സിലാക്കാവുന്ന കാര്യമാണ് ബാങ്കിങ് അധവാ ചരിവ്. വേഗതയില്‍ ഒരു വളവിലൂടെ ഓടുന്ന ഒരു വാഹനം എപ്പോഴും പുറത്തേക്ക് തെറിക്കാനുള്ള ഒരു സാധ്യതിയിലാണ് സഞ്ചരിക്കുന്നതെന്നത് നമ്മള്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. സെണ്ട്രിഫ്യൂഗല്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഈ ബലം വാഹനവും റോഡും തമ്മിലുള്ള ഗ്രിപ്പ് (ഘര്‍ഷണം‍) മൂലം തുലനം ചെയ്യപ്പെട്ടാല്‍ വാഹനം പാതയില്‍ തുടര്‍ന്ന് സഞ്ചരിക്കും, അല്ലെങ്കില്‍ നിര്‍ദ്ദിഷ്ഠപാതയില്‍ നിന്നും തെന്നി മാറും. ഘര്‍ഷണം എന്നത് വാഹനത്തിന്റെ ഭാരം, റോഡിന്റെ പ്രതലം, വേഗത എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ചിത്രത്തിനു cns.org നോട് കടപ്പെട്ടിരിക്കുന്നു, തീറ്റ, സൈന്‍ കോസ് എല്ലാം പോകട്ടെ, സംഗ്രഹിച്ചാല്‍ ഇത്രമാത്രം.

ഈ വളവില്‍ അപകടമില്ലാതെ സാദ്ധ്യമാകുന്ന പരമാവധി വേഗം
# ചരിവിനു ആനുപാതികം ആയിരിക്കും.
# ഭാരത്തിനു ആനുപാതികം ആയിരിക്കും.

സ്കൂള്‍ കുട്ടിക്കുപോലും നിര്‍ദ്ധരണം ചെയ്യാവുന്ന ഈ പ്രശ്നം കോടികള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ മഹാരഥന്മാര്‍ക്ക് സാധിച്ചില്ലെന്ന് പറയേണ്ടി വരും.

പ്രശ്നപരിഹാരത്തിനു നാല് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.

1) റോഡ് ഇപ്രകാരം നില നിര്‍ത്തിക്കൊണ്ട് വേഗത നിയന്ത്രിച്ച് നിര്‍ത്താം. ഒരു പക്ഷെ എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാവില്ല.

2) റോഡിന്റെ ചരിവ് വര്‍ദ്ധിപ്പിക്കുക.

3) റോഡിലെ വളവ് നിവര്‍ത്തുക.

4) കുറ്റിപ്പുറത്തുനിന്നും ദൂരം കുറഞ്ഞ പാതയായ ബൈപ്പാസ് വിപുലീകരിക്കുക. (പണ്ട് ഹൈവേ ആ വഴിയിലൂടെ നിര്‍ദ്ദേശിച്ചതാണെന്നും വളാഞ്ചേരി ലോബിയുടെ പിടിയാല്‍ റോഡ് വളാഞ്ചേരിയിലൂടെ വന്നതാണെന്നും പിന്നാമ്പുറ കഥകള്‍ )

കോടിക്കണക്കിനു രൂപ ഹൈവേക്കായി മുടക്കുന്ന ഈ നാട്ടില്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും തന്നെ അസാദ്ധ്യമല്ല, മനുഷ്യജീവന് വിലയുണ്ടെന്ന് ഭരണകൂടം തിരിച്ചറിഞ്ഞാല്‍ മാത്രം മതി.

കൌതുക വാര്‍ത്ത.

വളവില്‍ ഒന്നും ചെയ്തില്ലെന്ന് ആരും പറയരുത്. വലിയൊരു കണ്ണാടി സ്ഥാപിച്ചിട്ടുണ്ട്. മറിയുന്ന വണ്ടിയില്‍ നിന്നും ഇറങ്ങി വരുന്നവര്‍ക്ക് ആസനത്തില്‍ പറ്റിയിരിക്കുന്ന പൊടി തട്ടിക്കളയാനാവും എന്ന് കരുതാം. രണ്ടെണ്ണം ഉണ്ടായിരുന്നു ഒന്ന് ഒരു ലോറി മറിഞ്ഞ് പൊട്ടിപ്പോയിരിക്കുന്നു.

22 comments:

അനില്‍@ബ്ലോഗ് // anil said...

വട്ടപ്പാറ

Muneer said...

കുറച്ചു കാലം മുമ്പ് (2002 ല്‍ ആണെന്നാണ് ഓര്‍മ) വളവു നിവര്‍ത്താന്‍ വേണ്ടി, കോടികള്‍ മുടക്കി കുറെ കാലത്തേക്ക് ഗതാഗതം നിരോധിച്ചു കൊണ്ട് പണികള്‍ നടന്നിരുന്നു. പണി നീണ്ടു നീണ്ടു പോയി അവസാനം പ്രതിഷേധ സമരങ്ങളെ തുടര്‍ന്ന് പാത തുറന്നു. രസം എന്തെന്ന് വെച്ചാല്‍, പാത തുറന്ന അന്ന് തന്നെ ഒരു ടാങ്കര്‍ ലോറി മറിഞ്ഞു!!
രണ്ടു മൂന്നു മാസം മുമ്പ് ഇത് വഴി കാര്‍ ഓടിച്ചു പോയപ്പോള്‍, കാര്യം അറിയാവുന്നത് കൊണ്ട് ഞാന്‍ സ്പീഡ് അല്പം കുറച്ചു ഇറക്കം ഇറങ്ങി വരികയായിരുന്നു. അപ്പോള്‍ പിന്നില്‍ നിന്നും ഒരു ബസ്സുകാരന്‍ ചറപറാന്നു ഹോണ്‍ അടിച്ചു വെറുപ്പിച്ചു. ഓവര്‍ ടേക്ക് ചെയ്യാന്‍ അപകടം പിടിച്ച സ്ഥലം ആയിരുന്നിട്ടും ശല്യം കാരണം ഞാന്‍ സൈഡ് കൊടുത്തു. അവന്‍ ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ എന്‍റെ ഹോണ്‍ അമര്‍ത്തി പിടിച്ചു എന്‍റെ പ്രതിഷേധം ഞാനും അറിയിച്ചു :).
ഇവിടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രൈവറ്റ് ബസ്സുകാരും കാരണം ആവാറുണ്ട് എന്നാണ് എന്‍റെ അഭിപ്രായം. എതിരെ വരുന്ന വണ്ടികള്‍ ഏതു നിമിഷവും മുന്നില്‍ പെട്ട് പോകാവുന്ന അവസ്ഥയില്‍ അവര്‍ ഓവര്‍ ടേക്ക് ചെയ്യുന്നത് കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്.

ഹരീഷ് തൊടുപുഴ said...

മുവാറ്റുപുഴ എർണകുളം റുട്ടിൽ സമാനതയുള്ള ഒന്നുണ്ട് ഇങ്ങിനെ. കടാതി കഴിഞ്ഞ് റാക്കാടാണെന്നു തോന്നുന്നു ആ സ്ഥലപ്പേര്.
സെന്ററിൽ കൂടി വാഹനം കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ ഇടത്തെ വശത്തേക്കു വലിച്ചു കൊണ്ടു പോകുന്നതു പോലെ തോന്നും.
കേരളത്തിൽ പലയിടങ്ങളിലും ഈ ബാങ്കിങ്ങ് ഓഫ് കർവെസിന്റെ ന്യുനതകൾ മുൻപും കണ്ടിട്ടുണ്ട്. എനിക്കു തോന്നുന്നത് വിദഗ്ധരുടെ നിർണ്ണയത്തിന്റെ അഭാവം നിമിത്തമൊന്നും അല്ലാ എന്നാണു തോന്നുന്നത്..
ചില സാഹചര്യങ്ങളിൽ; റോഡിന്റെ മറ്റു വശങ്ങളെ റോഡുമായി തുലനം ചെയ്യുന്നതിനായി കൊമ്പ്രെമൈസ് ചെയ്യപ്പെടുന്നതാനെന്നാണെന്റെ നിഗമനം..

ഹരീഷ് തൊടുപുഴ said...

tra..:)

Anonymous said...

വട്ടപ്പാറ അപകടങ്ങളില്‍ കൂടുതലും വലിയ ടാങ്കര്‍ ലോറികള്‍ക്കാണ് സംഭവിക്കുന്നത്. അതാണ് കൂടുതല്‍ കുഴപ്പം. ഭാരം കൂടിയ ട്രയിലര്‍ വളവില്‍ വെച്ച് ബ്രേക്ക് ചെയ്യുമ്പോള്‍ അവ മറിയുന്നു. ശരിക്കും ഈ ബോമ്പുകള്‍ ജനത്തിരക്കുള്ള റോഡിലൂടെ വലിച്ചുകൊണ്ട് പോകേണ്ട കാര്യമില്ല. ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?

Sureshkumar Punjhayil said...

Vattam karakkikkondeyirikkum...!

manoharam, Ashamsakal...!!!

ഷാ said...

കുറച്ചു മാസങ്ങളായി ആ വഴിക്കു പോയിട്ട്. അന്ന് കുഴികളൊക്കെ ഉണ്ടായിരുന്നു ആ വളവില്‍ . വീതി കൂട്ടാനെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വശങ്ങളില്‍ പണിയും നടന്നിരുന്നു. ഈ ഫോട്ടോകള്‍ കണ്ടിട്ട് റോഡ് ഒന്ന് കുട്ടപ്പനായ മട്ടുണ്ട്. ഇവിടെ നടന്നിട്ടുള്ള അപകടങ്ങളെ കുറിച്ച് വളരെയധികം കേട്ടിട്ടുള്ളതു കൊണ്ട് പേടിച്ചാണ് ആ വഴി പോകാറ്.

മായാവി.. said...

we are plAnning to send man to moon!!!but till now we know nothing about good engineering of roads

മായാവി.. said...

we are plAnning to send man to moon!!!but till now we know nothing about good engineering of roads

പകല്‍ക്കിനാവ്‌ said...

വളവിന്റെ രണ്ടു sideലും സ്പീഡ് കുറക്കാന്‍ bump വച്ചാല്‍ പോരെ എല്ലാ വണ്ടികളും അവിടെ നിറുത്തി വരട്ടെ.....

പകല്‍ക്കിനാവ്‌ said...
This comment has been removed by the author.
Anil cheleri kumaran said...

കണ്ണൂരില്‍ പാപ്പിനിശ്ശേരി വേളാപുരത്ത് ഇതു പോലൊരു ആക്സിഡന്റ് സോണ്‍ ഉണ്ട്.

keraladasanunni said...

ഈയിടെ ടാങ്കര്‍ ലോറി മറിഞ്ഞതിന്‍റെ പിറ്റേന്ന് ബൈപ്പാസ്സ് വഴി വരേണ്ടി വന്നു. അത് നന്നാക്കിയാല്‍ ഇത്ര വലിയ ഇറക്കവും വളവും 
ഉണ്ടാവില്ല എന്ന് എനിക്കും തോന്നി.

മാണിക്യം said...

അനില്‍ നല്ല പോസ്റ്റ്.
ചെറിയ അനാസ്ഥകള്‍ കാരണം നമ്മുടെ നാട്ടില്‍ എത്ര അപകടങ്ങള്‍.റോഡ് കാണാന്‍ ശേലുതന്നെ.

പകല്‍ക്കിനാവ്‌ പറഞ്ഞത് ചിന്തിക്കണ്ട വസ്തുതയാണ്..

Manikandan said...

നല്ല പഠനം അനിലേട്ടാ. പലപ്പോഴും കോഴിക്കോട്ടേയ്ക്കും തിരിച്ചും ഉള്ള യാത്രയിൽ ഏറ്റവും വലിയ പേടിസ്വപ്നം വട്ടപ്പാറ വളവ് തന്നെ. അതു കഴിഞ്ഞാലെ സമാധാനമായി ആയി യാത്രതുടരാൻ സാധിക്കൂ. വട്ടപ്പാറ വളവിൽ ബ്ലോക്ക് ഉണ്ടെങ്കിൽ ഉറപ്പിക്കാം എന്തോ അപകടം നടന്നൂ എന്ന്. പിന്നെ ഒരു മണിക്കൂറെങ്കിലും വേണം അത് കഴിഞ്ഞ് കിട്ടാൻ. ഇവിടെ കളമശ്ശേരി സീപോർട്ട്-എയർപോർട്ട് റോഡിലും ഉണ്ട് ഇത്തരം ഒരു അപകടമേഖല. ആശാരിവളവ്. അവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ച പ്രശ്നം പരിഹരിച്ചു. അതുമാറ്റിയാൽ അപകടങ്ങൾ ഉറപ്പ്. സ്വാർത്ഥതാല്പര്യങ്ങൾക്കായി റോഡിന്റെ ഗതി മാറ്റുന്നതും ഇത്തരം വളവുകൾക്കും അപകടമേഖലകൾക്കും കാരണമല്ലെ?

വീകെ said...

നാട്ടുകാർക്കറിയാവുന്ന ഈ സാങ്കേതികത ഒന്നും സർക്കാറിന്റെ സാങ്കേതിക വിഭാഗത്തിന് അറിയില്ലെന്ന് കരുതാനാവുമൊ..? ഇതിന്റെ നേരെ കണ്ണടച്ചിട്ട് സർക്കാറിനോ, അതിന്റെ നിർമ്മാതാക്കൾക്കൊ എന്താണു ലാഭം...?

നല്ലൊരു പോസ്റ്റ്...

ആശംസകൾ....

അനില്‍@ബ്ലോഗ് // anil said...

മുനീര്‍,
ഈ റൂട്ടിലെ വാഹനങ്ങളുടെ സ്വഭാവം ഒരു പരിധിവരെ അപകടങ്ങള്ക്ക് കാരണമാകുന്നുണ്ട്. പക്ഷെ ഈ വളവില്‍ അപരിചിതര്‍ മാത്രമെ മറിയുന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടകാര്യമാണ്.

ഷൈന്‍ നരിതൂക്കില്‍,
സന്ദര്‍ശത്തിനു നന്ദി.

ഹരീഷെ,
വിദഗ്ധര്‍ക്ക് അറിവുണ്ടായാല്‍ മാത്രം പോരല്ലോ, അത് പ്രയോഗത്തില്‍ വരികയും വേണ്ടെ? ഇത്രയും ഗുരുതരമായ പ്രശ്നമായിട്ടു കൂടി ഇതില്‍ വേണ്ട രീതിയില്‍ ശ്രദ്ധ ചെലുത്തുന്നില്ല എന്ന്തു മാത്രമാണ് ഞാന്‍ സൂചിപ്പിച്ചത് . കരാറുകാരന്‍ അവനു തോന്നിയപോലെ പണിതീര്‍ക്കും .

ജഗദീശ്,
ടാന്കര്‍ ലോറികള്‍ പാലിക്കേണ്ട ഒരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് റോഡിലൂടെ പോകുന്നതെന്നത് ഇതിന്റെ മറ്റൊരു വശമാണ്. ഒരു ടാന്കര്‍ മറിഞ്ഞാല്‍ എന്തു ചെയ്യണം എന്ന് പോലും ഡ്രൈവര്‍ക്കും അറിയില്ല, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല.

സുരേഷ് കുമാര്‍,
നന്ദി.

ഷാ,
റോഡ് കുട്ടപ്പനായതാണ് കൂടുതല്‍ പ്രശ്നമായത്, പൊളിഞ്ഞു കിടന്നാല്‍ അല്പം ശ്രദ്ധിച്ചു പൊക്കോളും .

മയാവി,
അറിയാഞ്ഞിട്ടല്ല, വേണമെന്ന് ആഗ്രമമില്ലാഞ്ഞാണ്.

പകലാ,
ആദ്യം ഈ പറഞ്ഞ സങ്ങതികളൊക്ക് ഉണ്ടായിരുന്നു, പിന്നീട്‌ അതെല്ലാം തേഞ്ഞുപോയി. സ്പീഡ് കുറഞ്ഞാല്‍ അപകടം കുറയുകതന്നെ ചെയ്യും .

കുമാരന്‍,
പക്ഷെ അത് ഇത്രത്തോളം പ്രശ്നക്കാരനല്ലെന്ന് തോന്നുന്നു, ഇത് ഒരു ചതിക്കുഴിയാണ്.

keraladasanunni,
ബൈപ്പാസാണ് സൗകര്യം . പരിചയമുള്ളവര്‍ ആ വഴിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

മാണിക്യം ചേച്ചീ,
അതെ, ചെറിയ അനാസ്ഥകളാണ് വലിയ അപകടങ്ങള്ക്ക് കാരണമാകുന്നത്.

മണികണ്ഠന്‍,
റോഡില്‍ ഒരു ബാരിക്കേഡ് ഇട്ടായാലും വേണ്ടില്ല സ്പീഡ് നിയന്ത്രിച്ചാല്‍ അപകടം ഒഴിവാക്കാം . സ്ഥാപിത താത്പര്യങ്ങള്ക്കായാണ് പല പദ്ധതികളും വഴി തിരിയുന്നത്.

വീ കെ,
നിരുത്തരവാദപരമായ സമീപനം ഒന്ന് കൊണ്ട് മാത്രമാണ് ഈ അപകടവളവ് ഇപ്രകാരം നില നില്ക്കുന്നത്, അല്ലാതെ അസാദ്ധ്യമായതിനാലല്ല

Dr.Jishnu Chandran said...

ഞാന്‍ കരുതി തിരുവനന്ത പുരത്തെ വട്ടപ്പാറ ആണെന്ന്...

poor-me/പാവം-ഞാന്‍ said...

അല്ലെങ്കില്‍ തന്നെ വണ്ടികള്‍ മറിയാന്‍ ധാരാളം കാരണങള്‍ ഉള്ള അവിടെ വഴിയില്‍ സൈന്‍ തീറ്റയും കൊസ് തീറ്റയും കൊണ്ടുവന്നിട്ടത് തീരെ ശരിയായില്ല...

ഷൈജൻ കാക്കര said...

2) റോഡിന്റെ ചരിവ് വര്‍ദ്ധിപ്പിക്കുക.

3) റോഡിലെ വളവ് നിവര്‍ത്തുക.

Muralee Mukundan , ബിലാത്തിപട്ടണം said...

‘വട്ട്‘ പിടിക്കുന്നവരേ വട്ടം എട്ടും കറക്കുന്ന വട്ടപ്പാറ !
അപ്പോളിവിടെയൊരു അപകട മേഖല തന്നെ...

ആ നിർദേശങ്ങൾ എന്തായാലും നന്നായി

യാത്രികന്‍ said...

നല്ല നിര്‍ദേശങ്ങള്‍. ഈ റോഡ്‌ ന്റെ കാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗസ്ഥനെ നേരിട്ട് ഒന്ന് ഈ വിവരം അറിയിച്ചു നോക്കാന്‍ പാടില്ലായിരുന്നോ? അല്ലെങ്ങില്‍ ലോക്കല്‍ MLA യെ എങ്കിലും?