9/02/2010

വെച്ചൂര്‍ പശു

“വെച്ചൂര്‍ ഒരു ബിംബമാണ്, ഒരേ സമയം വേട്ടക്കാരനേയും വേട്ട മൃഗത്തേയും പ്രതിനിധാനം ചെയ്യുകയാണത്. ”

തീരെ പ്രശസ്തമല്ലാത്ത ഈ വാചകം ഞാന്‍ തന്നെ എഴുതിയതാണ്, ബ്ലോഗിലെ ആദ്യ കാലത്ത്. ധവള വിപ്ലവത്തിന്റേയും അതിലൂടെ കേരളം ഇന്ന് എത്തിനില്‍ക്കുന്ന ഉത്പാദന ക്ഷമതയുടേയും അടിസ്ഥാനം “ക്രോസ്സ് ബ്രീഡിങ് ” എന്ന സാങ്കേതിക വിദ്യയാണ്. ഉത്പാദനം തീരെക്കുറഞ്ഞ നമ്മുടെ നാടന്‍ ഇനങ്ങളെ “സായിപ്പ് കാളകള്‍” അഥവാ വ്വിദേശ ജനുസുകാളകളുടെ ബീജം കുത്തിവച്ച് ജനിതകമായി ഉയര്‍ത്താനായിരുന്നു (അപ്ഗ്രേഡിങ്) ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ വളര്‍ന്ന എല്ലാ മൂരിക്കുട്ടന്മാരുടേയും വരി ഉടച്ച് ഷണ്ഡന്മാരാക്കി, സായിപ്പിന് കടന്നു വരാന്‍ വഴിയൊരുക്കി. ഫലമോ നാടന്‍ ജനുസുകളെല്ലാം തന്നെ അപ്രത്യക്ഷമായി ഒപ്പം നാടന്‍ ഇനങ്ങളുടെ രോഗപ്രതിരോധ ശേഷി മറ്റു ഗുണമേന്മകളും. ഇതിനോടൊപ്പം സംഭവിച്ച ഏറ്റവും ഗുരുതരവും അക്ഷന്തവ്യവും പരിഹാരങ്ങളില്ലാത്തതുമായ സംഗതി എന്തെന്നാല്‍, ഒരു പ്രദേശത്തിന്റെ സ്വന്തം ജനുസ്സുകള്‍ അപ്പാടെ നാമാവശേഷമായി എന്നതാണ്. നാമിത് തിരിച്ചറിഞ്ഞപ്പോഴേക്ക് സമയം ഒരുപാട് വൈകിയിരുന്നു. എങ്കിലും കയ്യില്‍ തടഞ്ഞ അവസാന കച്ചിത്തുരുമ്പില്‍ തൂങ്ങി രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള ഒരു ശ്രമം ആണ് വെച്ചൂര്‍ പശു.

നാടന്‍ ഇനങ്ങളെപ്പറ്റിയുള്ള ചില അനൌപചാരിക ചര്‍ച്ചകളാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വെറ്ററിനറി കോളേജ് ജനിതക വിഭാഗം മുന്‍ മേധാവി ഡോക്ടര്‍.ശ്രീമതി. ശോശാമ്മ ഐപ്പിനെയും ഏതാനും ചില ശിഷ്യഗണങ്ങളേയും വെച്ചൂര്‍ ഗ്രാമത്തിലെത്തിച്ചത്. വെച്ചൂര്‍ പശുവിനെപറ്റി ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ പരാമര്‍ശമുണ്ടായിരുന്നത് അവര്‍ക്ക് പ്രചോദനമായി.ഇതിനെ പിന്‍പറ്റി നടത്തിയ ഏറെ ശ്രമകരമായ തിരച്ചിലിനൊടുവില്‍ വൈക്കത്തിനടുത്ത വെചൂര്‍ ഗ്രാമത്തില്‍ നിന്നും ഈ വര്‍ഗ്ഗത്തിലെ നാലു പ്രതിനിധികളെ കണ്ടെത്താന്‍ സാധിക്കുക തന്നെ ചെയ്തു.തുടര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാലയില്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെചൂര്‍ സംരക്ഷണത്തിനായി ഒരു പ്രോജക്റ്റ് ആരംഭിച്ചു. ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാതെ ഫയല്‍ അടച്ചു പൂട്ടപ്പെട്ട നിരവധി പദ്ധതികളില്‍ നിന്നും വേറിട്ട് ഗുണപരമായി മുന്നേറാന്‍ ഈ പദ്ധതിക്കായെങ്കിലും തൊഴുത്തില്‍ കുത്തു മുഖമുദ്രയാക്കിയ സര്‍വ്വകലാശാലാ അന്തരീക്ഷം ഇതിനെ നിരവധി തര്‍ക്കങ്ങളില്‍ വലിച്ചിട്ടു. കുതികാല്‍ വെട്ടുകളുടെ ഭാഗമായി പാവം വെച്ചൂര്‍ പശുക്കളില്‍ ചിലത് വിഷം അകത്തു ചെന്ന് മരണമടഞ്ഞു. ഇതിനിടെ ഇംഗ്ലണ്ടിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ ഈ പശുവിന്റെ ജീനുകള്‍ കടത്തിക്കൊണ്ട് പോയതായും ചില വ്യാജ പ്രചരണങ്ങള്‍ നടന്നു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചുകോണ്ട് വെച്ചൂര്‍ സംരക്ഷണത്തിനു മുന്നിട്ടിറങ്ങിയവര്‍ പിടിച്ചു നിന്നതിന്റെ ഫലമായി പദ്ധതി മുന്നോട്ട് തന്നെ പോയി. എന്നാല്‍ വിദ്യാര്‍ത്ഥികളായിരുന്നവര്‍ പഠനം പൂര്‍ത്തിയാക്കിയും ഡോക്ടര്‍.ശോശാമ്മാ ഐപ്പ് പെന്‍ഷന്‍ ആയും കോളേജ് വിട്ടതോടെ വെച്ചൂര്‍ പ്രോജകറ്റ് “കാട്ടിലെ മരം” എന്ന നിലയിലേക്ക് പരിണമിക്കുന്ന അവസ്ഥ സംജാതമാവുകയും സംരക്ഷണത്തിനു ബദല്‍ മാര്‍ഗ്ഗം തേടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്തു. ഇതിന്റെ സ്വാഭാവിക പരിണതിയാണ് വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ്. വിശദാംശങ്ങള്‍ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ http://www.vechur.org

പശു സംരക്ഷണം കേവലമായ ഗോവധ നിരോധനം തുടങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കുന്ന ഇക്കാലത്ത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയെ വേറിട്ട് കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സര്‍ക്കാതിര ഏജന്‍സികളില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നുമില്ലാതെ കൂട്ടത്തിലെ അംഗങ്ങളുടെ വരുമാനത്തിന്റെ പങ്ക് ചിലവഴിച്ച് നടത്തപ്പെടുന്ന് ഈ ട്രസ്റ്റ് പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. കേരളത്തിന്റെ അവശേഷിക്കുന്ന തനത് പശുവര്‍ഗ്ഗത്തെ സംരക്ഷിക്കാന്‍ നമുക്കും ഇവരോടൊപ്പം ചേരാം.

14 comments:

അനില്‍@ബ്ലോഗ് // anil said...

വെച്ചൂര്‍ പശു

Typist | എഴുത്തുകാരി said...

വെച്ചൂർ പശുവിനെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. വളരെക്കുറച്ചേ ഇനി അവശേഷിക്കുന്നുള്ളൂ എന്നും. അതിനെ സംരക്ഷിക്കാനുള്ള ഒരു ശ്രമം ഉണ്ട് എന്നതും, അതു നന്നായി നടക്കുന്നു എന്നതും സന്തോഷമുള്ള കാര്യമാണ്.

vrajesh said...

വെച്ചൂര്‍ പശുവിനെപ്പറ്റി മനസ്സിലാക്കിത്തന്നതിന് നന്ദി.വെച്ചൂര്‍ പശുവിന്റെ ഒരു ഫോട്ടോ എന്റെ ഒരു ബ്ലോഗില്‍ ഇട്ടതിനു ശേഷം എനിക്ക് നിരന്തരം ഫോണ്‍ വിളികളും ഇ മെയിലുകളും കിട്ടുന്നു.വെച്ചൂര്‍ പശുവിനെ എവിടെ കിട്ടും എന്നതാണ് മിക്കപ്പോഴും ചോദ്യം.

നിരക്ഷരന്‍ said...

അപ്പോ ഇതാണ് വെച്ചൂര്‍ പശു എന്ന സംഭവം. അല്‍പ്പം വിവരമുണ്ടായി. നന്ദി :)

മാണിക്യം said...

......"സംഭവിച്ച ഏറ്റവും ഗുരുതരവും അക്ഷന്തവ്യവും പരിഹാരങ്ങളില്ലാത്തതുമായ സംഗതി എന്തെന്നാല്‍, ഒരു പ്രദേശത്തിന്റെ സ്വന്തം ജനുസ്സുകള്‍ അപ്പാടെ നാമാവശേഷമായി എന്നതാണ്...."
അനില്‍ പറഞ്ഞത് ശരി

"വെച്ചൂര്‍ ഒരു ബിംബമാണ്, "

പശു മാത്രമല്ലല്ലൊ എല്ലായിടത്തും നമ്മുടെ പൈതൃകവും നന്മകളും നഷ്ഠമാവുന്നു എന്ന് എത്രപേര്‍ അറിയുന്നു?
സായിപ്പിന്റെ ദോഷങ്ങള്‍ കാണുന്നില്ല അവരാണങ്കിലൊ ഇതിരി പോന്ന ഒരു ഗുണം പര്‍വ്വതീകരിച്ച് അതാണ് മഹത്തരം എന്ന് പ്രചരിപ്പിക്കാനും...
നമ്മുടെ നാളീകേരത്തിന്റെ ഗുണങ്ങള്‍ ഔഷധഫലങ്ങള്‍ ഒക്കെ സായിപ്പ് പറഞ്ഞ റിഫൈന്ഡ് ഓയിലിനു വേണ്ടി തള്ളി... ഇപ്പോള്‍ തിരുത്തി പറയാന്‍ ഒരു മടിയും!
അങ്ങനെ എല്ലാ മേഘലയിലും.. കഷ്ഠം..

അതെ, കേരളത്തിന്റെ അവശേഷിക്കുന്ന തനത് പശുവര്‍ഗ്ഗത്തെ സംരക്ഷിക്കാന്‍ നമുക്കും ഇവരോടൊപ്പം ചേരാം.

വീ കെ said...

വെച്ചൂർ പശു എന്നു കേട്ടിരുന്നെങ്കിലും എന്താണെന്ന് ശരിക്കും അറിയുമായിരുന്നില്ല..
വിവരത്തിന് വളരെ നന്ദി...

ആശംസകൾ...

sherriff kottarakara said...

അതേ! നാടന്‍ പശു, നാടന്‍ കോഴി, നാടന്‍ നെല്‍ വിത്തുകള്‍ എല്ലം പോയി. തന്ത്രപരമായ കൈ കടത്തിലൂടെ സായിപ്പു നമ്മുടെ മേല്‍ അധീശത്വം ഇപ്പോഴും പുലര്‍ത്തുന്നു സായിപ്പിന്റെ കൌപീനത്തിനു ഇപ്പോഴും വില കല്‍പ്പിക്കുന്ന നമ്മള്‍ നമ്മുടെ പൈതൃകത്തിനു നേരെ കണ്ണടച്ചതിന്റെ ഫലം നാം തന്നെ ഇപ്പോള്‍ അനുഭവിക്കുന്നു.
വെചൂര്‍ പശു സംരക്ഷണം ഇപ്പോള്‍ എവിടെ വരെ എത്തി എന്നു അറിയാന്‍ ആഗ്രഹം ഉണ്ടു....

Jishad Cronic said...

വെച്ചൂര്‍ പശുവിനെപ്പറ്റി മനസ്സിലാക്കിത്തന്നതിന് നന്ദി.

കുമാരന്‍ | kumaran said...

വളരെ നന്ദി.

മണി said...

വെച്ചൂര്‍ പശുവിന്റെ ഒരു ഫോട്ടോയും വരിയുടക്കല്‍ ക്രൂരതയുടെ ചിത്രവും ആവാമായിരുന്നു.

smitha adharsh said...

വെച്ചൂര്‍ പശു എന്ന് കേട്ടിട്ടുള്ളതല്ലാതെ ഇത്രയും അറിയില്ലായിരുന്നു.
നന്ദി,ഈ അറിവുകള്‍ക്ക്..

ലതി said...

നന്ദി അനിൽ.

MANIKANDAN [ മണികണ്ഠൻ ] said...

വളരെ നാളുകൾക്ക് ശേഷം വീണ്ടും പതിവുകാഴ്ചകൾ സജീവമാവുന്നതിൽ സന്തോഷം. എന്നത്തേയും പോലെ വിജ്ഞാനപ്രദമായ ഒരു ലേഖനം. നന്ദി.

അനില്‍@ബ്ലോഗ് // anil said...

എഴുത്തുകാരി,
ചേച്ചീ, നല്ല വാക്കുകള്‍ക്ക് നന്ദി.

വിരാജേഷ്,
വെച്ചൂര്‍ പശുവിനെ കിട്ടാന്‍ വളരെ പ്രയാസമാണ്, എന്നിരുന്നാലും വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റുമായി ഒന്ന് ബന്ധപ്പെട്ട് നോക്കൂ.

നിരക്ഷരന്‍,
ഭായ്, നന്ദി.
:)

മാണിക്യം,
ചേച്ചീ, പറഞ്ഞതിനോട് യോജിക്കുന്നു, പൈതൃകം ആണെന്ന ഒറ്റക്കാരണത്താലാണ് പലതും നാമാവശേഷമാക്കിക്കളയുന്നതെന്നാണ് തോന്നുന്നത്. സാറ്റിപ്പിന്റെ നാട്ടില്‍ നിന്നും വരുന്നതെന്തും സുപ്പീരിയര്‍ ആണെന്ന ധാരണ മാറണമെങ്കില്‍ മനസ്സിലെ അടിമത്തം മാറണം.

വീ.കെ,
നന്ദി.

ഷെരീഫ് കൊട്ടാരക്കര,
ചേട്ടാ, മണ്ണുത്തി വെറ്ററിനരി കോളേജില്‍ കുറച്ച് പശുക്കള്‍ ഉണ്ട്. അതിലുമേറെ വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാലിക്കപ്പെടുന്നു. ചില ഔഷധക്കൂട്ടുകളിലും മറ്റും വെച്ചൂര്‍ പശുവിന്റെ പാല്‍ നിഷ്കര്‍ഷിക്കുന്നതില്‍ ശാസ്ത്രീയ വശം ഉണ്ടോ എന്നും മറ്റുമുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഒരു പോസ്റ്റാക്കിയാലോ എന്ന് ആലോചിക്കുന്നു.

Jishad Cronic,
നന്ദി.

കുമാരന്‍,
കുമാര്‍ജി, നന്ദി.

മണിസാര്‍,
അടുത്ത പോസ്റ്റില്‍ ഇടാം.
:)

സ്മിതാ‍ ആദര്‍ശ്,
നന്ദി.

ലതിച്ചേച്ചി,
നന്ദി.

മനീകണ്ഠന്‍,
നല്ല വാക്കുകള്‍ക്ക് നന്ദി.