തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍ സാങ്കേതിക വിദ്യയാണ് പുലിമുട്ട്, എന്താണീ പേര് വരാന്‍ കാരണം എന്ന് വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സാക്ഷാല്‍ പുലി ഈ പേര് കേട്ട് അത് തനിക്ക് പാര്‍ക്കാനുള്ള സ്ഥലമാണെന്ന് ധരിച്ചാവും താമസ്സം തുടങ്ങിയതെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ?കഴിഞ്ഞ ഒരാഴ്ചയായ് കൂട്ടായ് അഴിമുഖത്തെ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലിയെ അവസാനം കൂട്ടിലാക്കി. വാര്‍ത്ത.
കാട്ടില്‍ നിന്ന് വളരെ ഏറെ ദൂരെയുള്ള ഈ അഴിമുഖത്ത് എപ്രകാരം ഈ ചങ്ങാതി എത്തിച്ചേര്‍ന്നെന്ന് ഒരു ദുരൂഹതയായി തുടരുന്നു. ഭാരതപ്പുഴയുടെ കൈവഴികളാരംഭിക്കുന്ന വനപ്രദേശങ്ങളില്‍ നിന്നു തന്നെ ഇറങ്ങി വന്നതാവാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ധ മതം. പുഴയോരത്തുകൂടെ താഴേക്ക് യാത്ര ചെയ്ത് സൌകര്യപ്രദമായ താവളങ്ങളില്‍ താമസ്സമാക്കുന്ന ഇവ ആ പ്രദേശത്തെ ഭക്ഷണ ലഭ്യത കുറയുന്നതിനനുസരിച്ച് അവിടം വിടുന്നു, ഇപ്രകാരം അഴിമുഖത്തെത്തിച്ചേര്‍ന്നതാണെന്ന് കരുതപ്പെടുന്നു. അഴിമുഖത്ത് താമസ്സമാക്കിയ ഈ വിരുതന്, അവിടെ സുഭിക്ഷമായ ഞണ്ട്, കുറുക്കന്, കീരി തുടങ്ങിയ ഭക്ഷണ വസ്തുക്കള്‍ തിന്ന് സ്വസ്ഥമായി കരിങ്കല്‍ പൊത്തില്‍ താമസ്സമാക്കി. പരിസരവുമായി ഇണങ്ങിയ ഈ വനജീവി മറ്റാര്‍ക്കും ഉപദ്രവമുണ്ടാക്കാതെ ജീവിച്ചു വരവെയാണ് ഹാര്‍ബര്‍ എഞ്ചിനിയറിങ് വിഭാഗത്തിനെ ലോറികളൊന്നിന്റെ മുന്നില്‍ ചെന്ന് ചാടിയത്. തുടന്ന് നടത്തിയ തിരച്ചിലില്‍ പുലി തന്നെയാണതെന്ന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വനം വകുപ്പ്, പോലീസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പുലിയെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. ഏറ്റവും എടുത്തു പറയേണ്ടത് നാട്ടുകാരായ യുവാക്കളുടെ സഹകരണമാണ്.
പുലിയെ പിടിക്കാനുള്ള രണ്ട് മുഖ്യവഴികളാണ് മയക്കു വെടിയും കെണിയും. കടല്ക്കരയിലെ കല്‍ക്കെട്ടില്‍ ഒളിച്ചിരിക്കുന്ന പുലി രാത്രി രണ്ട് മുതല്‍ മൂന്നു വരെയുള്ള സമയത്താണ് പുറത്തിറങ്ങുന്നത്. രാത്രി മയക്കുവെടി വക്കുക പ്രായോഗിക ബുദ്ധിമുട്ടുള്ള സംഗതിയാണ്, മാത്രവുമല്ല വെടിയേല്‍ക്കുന്നതോടെ ഓടി മടയില്‍ കയറിയാലും പരിഭ്രമത്തില്‍ വെള്ളത്തില്‍ ചാടിയാലും പുലിയുടെ മരണം ഉറപ്പ്. അതിനാല്‍ ആ വഴി ഉപേക്ഷിച്ച് കെണിയൊരുക്കി കാത്തിരുന്നു. എന്നാല്‍ പരിസരവുമായി അത്രയേറെ ഇണങ്ങി, പരിചയിച്ച പുലി കെണിയില്‍ കയറിയില്ല. കെണിവച്ച കൂടിന്റെ ചുറ്റും ദിവസവും രാവിലെ പ്രത്യക്ഷപ്പെടുന്ന കാല്പ്പടുകള് നാട്ടാരെയും ഉദ്യോഗസ്ഥരേയും നോക്കി കൊഞ്ഞനം കുത്തി. ഈ രണ്ട് പരമ്പരാഗത വഴികളും പ്രയോജനപ്പെടാതെവന്നത് ഏവരേയും ഒരുപോലെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഈ അവസരത്തില്‍ എത്തിയ വനം വകുപ്പ് വെറ്ററിനറി ഓഫീസേഴ്സ് എന്റെ സുഹൃത്തുക്കളായതിനാല്‍ ഞാനും ആ ടീമില്‍ രാത്രി കൂടാന്‍ തീരുമാനിച്ചു. വല വിരിച്ച് പുലിയുടെ വഴികള്‍ തടയുകയും അത് വഴി അതിന്റെ ഭക്ഷണ ലഭ്യത തടയുകയും ചെയ്യുക എന്നതായിരുന്നു ആവിഷ്കരിക്കപ്പെട്ട പുതിയ പദ്ധതി. നിലത്ത് വലവിരിച്ച് അവനെ കുടുക്കിയശേഷം മയക്കുവെടി വച്ച് കൂട്ടില്‍ കയറ്റാം എന്നും പദ്ധതിയിട്ടു. ഈ പദ്ധതിയുടെ ആദ്യ ദിവസം പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നുപോയി, പതിവുപോലെ ഞണ്ടും തിന്ന് പുലി അതിന്റെ മാളത്തിലേക്ക് തന്നെ പോയി. രണ്ടാം ദിവസം അല്പം കൂടി അപകട സാദ്ധ്യതയുള്ള പദ്ധതിയിലേക്ക് കടന്നു. വലകെട്ടി മറച്ച സ്ഥലത്തിന് തൊട്ടടുത്ത് മയക്കുവെടി തോക്കുമായി കാത്തിരിക്കാന്‍ തീരുമാനിച്ചു. 100 മീറ്റര്‍ ദൂരത്തേക്ക് ഡാര്‍ട്ട് പായിക്കാന്‍ കെല്‍പ്പുള്ള "ഡാന്‍ ഇന്‍ജക്റ്റ്" എന്ന ആധുനിക കാര്‍ബണ്‍ ഡയോക്സൈഡ് റൈഫിളാണ് സംഘത്തിന്റെ കയ്യിലുണ്ടായിരുന്നത്, ടെലസ്കോപ്പുള്ള ലേസര്‍ ഗൈഡ് കൃത്യമായ ഉന്നം തരുമെന്നും കണക്കുകൂട്ടി. രാത്രി ഏറെ വൈകിയിട്ടും യാതൊരു അനക്കവും കാണാനായില്ല, നൈറ്റ് വിഷന്‍ ബൈനോക്കുലറില്‍ നോക്കി കണ്ണ് കഴച്ചത് മിച്ചം. നാലുമണി കഴിഞ്ഞതോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പുറപ്പെടാനുള്ള ആരവം തുടങ്ങി, പാറക്കെട്ടില്‍ മലര്‍ന്ന് കിടന്ന് ഞങ്ങള്‍ ഉറക്കത്തിലേക്കും.രാവിലെ പരിശോധനക്കിറങ്ങിയ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ആതാ കിടക്കുന്നു മൂന്നുനാല് കാല്‍പ്പാടുകള്‍. പുറത്തിറങ്ങിയ പുലി വലയുടെ അടുത്തെത്തി വെട്ടിത്തിരിഞ്ഞ് പോയ കാല്‍പ്പാടുകളായിരുന്നു അവ. അതിലേറെ ഞെട്ടിച്ചത് വലക്ക് പുറത്ത് കണ്ട പാടുകളായിരുന്നു, ഞങ്ങള്‍ മാര്‍ക്ക് ചെയ്ത മാളം കൂടാതെ മറ്റൊരു വഴിയില്‍ കൂടി അവന് പുറത്തിറങ്ങിയിരിക്കുന്നു, ഭാഗ്യത്തിന് അത് കാവലിരുന്നതിന്റെ എതിര് ദിശയിലായിരുന്നെന്ന് മാത്രം !!
അടുത്ത ദിവസം വെടി പരിപാടി ഉപേക്ഷിച്ചു, വലയില്‍ കുരുങ്ങിയാല്‍ മരുന്ന് നല്‍കാനുള്ള പണി ഞങ്ങളുടെ മേല്‍ ഏല്‍പ്പിച്ച് മയക്കുവെടി ടീം സ്ഥലം വിട്ടു. വൈകിട്ട് പ്രദേശമൊക്കെ നോക്കി, സ്ഥിരമായി നടന്നു വരുന്ന കൂടു സ്ഥാപിച്ച് നായയെ കെട്ടല്‍ പരിപാടികള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. പുലി വരാനുള്ള സാദ്ധ്യത വളരെ വിദൂരമാണെന്ന് കണക്കാക്കി വിശ്രമിക്കാനാണ് മടങ്ങിയത്. എന്നാല്‍ മൂന്നുനാലു ദിവസമായി വയറു നിറയെ ഭക്ഷണം കഴിക്കാന്‍ കിട്ടാതിരുന്ന പുലിക്ക് ജീവിതം മടുത്തു, ഒരാഴ്ചയായി തന്റെ മുന്നില്‍ തുറന്നു വച്ചിരുന്നിട്ടും കയറാതിരുന്ന കൂട്ടില്‍ കയറാന്‍ സ്വയം തീരുമാനിച്ച് വന്ന് കയറി. രാത്രി ഒരു മണിക്ക് കെണിയില്‍ വീണ വിദ്വാനെ ഉടനെ തന്നെ വയനാട്ടിലേക്ക് കൊണ്ടുപോയി, പരിശോധനക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. മൂന്നു ദിവസം ഉറക്കമിളച്ച് നടന്നിട്ടും അവസാനമായി ചങ്ങാതിയെ ഒന്ന് കാണാനുള്ള അവസരം കിട്ടിയില്ലെന്നൊരു വിഷമം മാത്രം ബാക്കിയായി.
പിന്കുറിപ്പ്:
പുലിയെപ്പിടിച്ചതില്‍ തദ്ദേശ വാസികളായ സ്ത്രീകള്‍ ദുഖിതരാണ്, കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടില്‍ പരിപൂര്‍ണ്ണ ശാന്തതയായിരുന്നത്രെ. പുലി പേടി കാരണം എല്ലാവരും നേരത്തെ വീട്ടിലെത്തുന്നു, "മറ്റ് രാത്രി യാത്രകള്‍" ഇല്ല, സ്വസ്ഥം ശാന്തം. ഇനി വീണ്ടും എല്ലാം പഴയപടിയാകുമല്ലോ എന്നാണ് പരാതി.


പുലിയെത്തേടി ഒരു സായാഹ്നം