9/08/2009

കബനി വീണ്ടും ചുവന്നേനെ

ഓണം യാത്രയുടെ കാലമാണ്.
പതിവിത്തവണയും തെറ്റിച്ചില്ല, അവസാന നിമിഷം തീര്‍പ്പാക്കിയ ഒരു യാത്രാപരിപാടിയാണെങ്കില്‍ പോലും.

സമയമാണ് വില്ലന്‍, ഒരു രാത്രിക്കും അടുത്ത രാത്രിക്കുമിടയിലെ 12 മണിക്കൂര്‍ പകലാണ് ലഭിച്ചേക്കാവുന്ന ഏറ്റവും കൂടിയ സമയമെന്ന ബോധമൊന്നും യാത്രക്ക് തടമായില്ല. പുറപ്പെടുമ്പോള്‍ സമയം 7.30, ഇരുട്ടിനു കൂട്ടായ് മഴയുമെത്തിയതോടെ കാറിന്റെ ഹെഡ് ലൈറ്റുകള്‍ അല്പം നാണിച്ചെന്ന് തോന്നി. രാത്രി ഓട്ടം പതിവായതിനാല്‍ കണ്ണുകള്‍ക്കത് കാര്യമായില്ലെന്നത് ഭാഗ്യം, റൊഡിലടിക്കടി പ്രത്യക്ഷമാവുന്ന അഗാധ ഗര്‍ത്തങ്ങളും കൂടിയായപ്പൊള്‍ സ്പീഡ് അമ്പതിനപ്പുറം പോകാനായില്ലെന്നത് മറുപുറം. അരിച്ചു മുന്നില്‍ നീങ്ങുന്ന കോട്ടക്കല്‍ ബസിന്റെ പിന്‍ ചക്രങ്ങള്‍ക്കിടയില്‍ പാഞ്ഞു കയറിയ ബൈക്ക് യാത്രക്കാരന്‍ തെറിച്ച് വീണത് വാഹനം ഒഴിഞ്ഞു കിടന്ന റോഡിന്റെ മറുപുറമായതിനാല്‍, കണ്ണിലടിച്ച കാഴ്ച നെഞ്ചില്‍ തുളഞ്ഞ് കയറിയില്ല. പെരുമഴയില്‍ കുതിര്‍ന്ന നടുറോഡില്‍, പെരുവഴിയിലായ ബസ് യാത്രക്കാരെ വഴിയില്‍ തന്നെ വിട്ട് ഇരുട്ടിനെക്കീറി കാറ് പായിച്ചു.

താമരശ്ശേരി പിന്നിടുമ്പോള്‍ സമയം പതിനൊന്ന് കഴിയുന്നു, മഴ താണ്ഡവം തുടരുക തന്നെയാണ്. ചുരത്തില്‍ പല്ലിളിക്കാവുന്ന മാര്‍ഗ്ഗ തടസ്സം മനസ്സില്‍ സങ്കല്‍പ്പിച്ച് യാത്ര തുടര്‍ന്നെങ്കിലും ആദ്യ വളവുകള്‍ താരതമ്യേന പ്രയാസമായില്ല. തോടാണോ കുളമാണോ എന്ന് തീര്‍ച്ചയില്ലാത്ത രീതിയില്‍ ടാറിളകി തകര്‍ന്നു കിടക്കുന്ന ഹെയര്‍പിന്‍ വളവുകളില്‍ സര്‍ക്കസുകാരന്റെ സാമര്‍ത്ഥ്യമാവശ്യമാണെന്ന് തോന്നിയെങ്കിലും ചെറുകാറിന്റെ ഗുണം പ്രകടിപ്പിച്ച് മാരുതി ഇഴഞ്ഞുകയറുക തന്നെ ചെയ്തു. അഞ്ചാം പിന്നില്‍ കുടുങ്ങിക്കിടക്കുന്ന കണ്ടൈനറിന്റെ ഡ്രൈവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് , ഓരത്തൊതുക്കി വിഷമിച്ച് നില്‍ക്കുന്ന വലിയ വണ്ടികളെ പുച്ഛത്തോടെ നോക്കി ലക്കിടിയിലേക്ക്. മഴയുടെ നൂലിഴകള്‍ക്കിടയില്‍ ഘനീഭവിച്ചു നില്‍ക്കുന്ന കോടമഞ്ഞിന്റെ പാളികള്‍ക്കിടയിലൂടെ അരിച്ച് വരുന്ന ഹെഡ് ലൈറ്റുകള്‍ കാണാന്‍ താഴേക്ക് നോക്കി പത്തു മിനിറ്റ് ചിലവഴിക്കാതിരിക്കാനായില്ല. തണുപ്പിന്റെ കാഠിന്യം മഴയുടെ നനവാല്‍ നഷ്ടമാവുന്നത് പോലെ തോന്നിയെങ്കിലും നനഞ്ഞ വസ്ത്രങ്ങളുമായി യാത്ര തുടരുകയെന്ന് രണ്ടാം ഘട്ടം രസംകൊല്ലിയായ് ഭവിക്കുമോയെന്ന് ഭയന്നു, ഒന്നുമുണ്ടായില്ല, ഒരു മണി യോടെ പച്ചിലക്കൂടാരത്തിലേക്ക് കയറിച്ചെന്നു.

രാവിലെ പുല്‍പ്പള്ളി വഴി കബനീ തീരത്തേക്ക്,പെരിക്കല്ലൂര്‍ കടവ് .മഴവെള്ളപ്പാച്ചിലില്‍ കലങ്ങി മറിഞ്ഞ കബനി, മറുകരെ കര്‍ണാടകത്തിലെ ബൈരക്കുപ്പ മാടി വിളിക്കുന്നു. കബനിക്ക് കുറുകെ ഇതാദ്യമല്ലെങ്കിലും കുത്തൊഴുക്ക് ഭയപ്പെടുത്തി, ധൈര്യം നല്‍കി , ധൈര്യമുള്ളിലാക്കിയ കടത്തുകാരന്‍.പോകാനുറച്ചു, കൂടെയുള്ള മൂന്നുപേരില്‍ ഒരാള്‍ പിന്മാറി, ബാക്കി ഞങ്ങള്‍ മൂന്നുപേര്‍ ധൈര്യം സംഭരിച്ച് കടത്തുവള്ളത്തില്‍ സ്ഥാനം പിടിച്ചു.കടത്തു വള്ളമെന്ന വിശേഷണം ഒരല്പം ധാരാളിത്തമാവുമെങ്കില്‍ കൊതുമ്പുവള്ളമെന്ന് വിളിക്കാമവനെ, ഒഴുക്കിനെ കീറിമുറിച്ച് മറുകരക്ക്, തുഴഞ്ഞ് തുഴഞ്ഞ് നീക്കുകയാണ് തുഴക്കാരന്‍. മുപ്പതാള്‍ താഴ്ചയുള്ള കബനി, പലതവണ ചുവന്ന് കലങ്ങിയ കബനി, മാസങ്ങള്‍ക്ക് മുമ്പ് പതിമൂന്നോളം പേരെ വിഴുങ്ങിയ കബനി ഇങ്ങിനെ ഒഴുകുന്ന കാഴ്ച മത്തു പിടിപ്പിച്ചു.ഒഴുക്കിനെതിരെ ഏറെ ആ‍യാസപ്പെട്ട് തുഴഞ്ഞ് മുകളിലേക്ക് കയറ്റി പതിയെ മറുകരക്ക് തെന്നിയിറങ്ങുക തന്നെചെയ്തു കൊതുമ്പുവള്ളം. കേരളസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്നും കാര്യമായൊരു വിഹിതം അപഹരിച്ച ചില വ്യാപാരങ്ങള്‍ക്ക് ശേഷം തിരികെ മടങ്ങി. തിട്ടയില്‍ കയറി ഉറച്ച വള്ളത്തിന്റെ അടിത്തട്ട് വിടുവിക്കാന്‍ തുഴക്കാരന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നെങ്കിലും വിജയിയായി മുന്നോട്ടെടുത്തു. പൊടുന്നനെ ദൂരെയെന്തോ ഉയര്‍ന്നു താഴുന്നു, ഒരു നിമിഷം സഹയാത്രികര്‍ പരിഭ്രാന്തരായ്, കാര്യമെന്തെന്ന് ബോധ്യമാവാന്‍ സമയമെടുത്തതിനാല്‍ കൂട്ടുകാര്‍ക്ക് ചങ്കിടിപ്പുയരാന്‍ അല്പ നേരം താമസിച്ചു. മരണവും ജീ‍വിതവും ഒരു പോലെ ഇഷ്ടപ്പെടുന്നതിനാലാവും, നിര്‍വ്വികാരനായി കാര്യങ്ങള്‍ വീക്ഷിക്കാനായി എനിക്ക്. വലിയൊരു മരത്തടി ഒഴുകിവരുന്നു, അത് വന്നിടിച്ചാലുള്ള ആഘാതം പിടിച്ചു നില്‍ക്കാനുള്ള ശേഷി ആ കുഞ്ഞു വള്ളത്തിനില്ല. എടുത്തു ചാടാന്‍ തയ്യാറായി എണീറ്റവരെ പിടിച്ചിരുത്തി, സ്വയം ചാടിയാലും വള്ളം തകര്‍ന്നാലും കനത്ത ഒഴുക്കിലും പാറക്കെട്ടുകള്‍ക്കിടയിലെ അടിയിഴുക്കിലും നീന്തിക്കരപറ്റാമെന്ന് ചിന്ത അസ്ഥാനത്താണെന്ന തോന്നല്‍‍ ഏവരിലുമുണ്ടെന്ന് തോന്നി. തോണിക്കാരന്‍ ദിശമാറ്റാനാവുന്നത് ശ്രമിക്കുന്നുണ്ട്, കരയില്‍ നിന്നേറെ നീങ്ങിയിട്ടില്ലാഞ്ഞതിനാല്‍ ആ ശ്രമം വിജയിച്ചു. കരയില്‍ നിന്ന് നീണ്ടുനിന്ന ഇല്ലിക്കൂട്ടം ശ്രമത്തിന് സഹാ‍യകമായി, മുള്ളിന്റെ നീറ്റല്‍ വകവക്കാതെ അതില്‍ പിടിച്ച് വള്ളം കരക്കടുപ്പിച്ചു. തൊട്ടു മാറി കൂറ്റനായൊരു മരത്തടി ഒഴുകിപ്പോകുന്ന കാഴ്ച ദീര്‍ഘനിശ്വാസത്തോടെ ഏവരും വീക്ഷിച്ചു, ചിലര്‍ കുരിശു വരച്ചു, മറ്റു ചിലരാവട്ടെ ദിവ്യ ദ്രാവകം ജലാംശമില്ലാതെ തൊണ്ടയിലേക്ക് കമഴ്ത്തി. അല്പം മന്ദഗതിയിലാണെങ്കിലും കരക്കടുത്ത വള്ളത്തില്‍ നിന്ന് ചാടി ഓടുന്ന കൂട്ടുകാരന്റെ മുഖത്തുനോക്കാന്‍ ധൈര്യം തോന്നിയില്ല. നാലുമാസത്തിനു ശേഷം ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ കാണാന്‍ അവസരം ലഭിക്കില്ലെയെന്ന് ഭയന്നതായുള്ളവന്റെ ഏറ്റുപറച്ചിലില്‍ മനസ്സു പിടച്ചു. മരണവുമായുള്ള കൂടിക്കാഴ്ച പുത്തരിയല്ലെങ്കിലും, ജീവിതത്തെ സ്നേഹിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനാവാത്ത യാത്രകളില്‍ കൂട്ടുകാരെ ക്ഷണിക്കുന്നത് ഒഴിവാക്കാനുള്ള ബോധം ഈ തോണിയാത്ര നല്‍കി.


ഉച്ചയോടെ പച്ചിലക്കൂടാരത്തിലെത്തി ഭക്ഷണം കഴിച്ച് ഗോപാല്‍സ്വാമി ബെട്ടക്ക് യാത്രയായി, ബത്തേരിയില്‍ നിന്നും 80 കിലോമീറ്ററോളം യാത്ര. പരമാവധി വേഗതയില്‍ ഹൈവേയിലൂടെ കാറോടിക്കുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെ കാ‍നനപാതയില്‍ ബാരിക്കേട് താഴും, അതിനുമുന്നേ മടങ്ങിയേ തീരൂ.പലതവണ പോയ സ്ഥലമാണെങ്കിലും കൂട്ടുകാര്‍ക്കായി ഈ യാത്ര തിരഞ്ഞെടുത്തു. ശക്തമായ മഴ തുടരുന്നത് സന്തോഷമാണ് നല്‍കിയത്. കുന്നിന്‍ മുകളില്‍ ലഭിക്കാവുന്ന പരമാധി കോടമഞ്ഞും കാറ്റും ആസ്വദിക്കാന്‍ അതു കാരണമാകും, പ്രതീക്ഷ തെറ്റിയില്ല.കനത്ത മൂടലില്‍ പരസ്പരം കാണാനാവാതെ കുളിര്‍ന്ന് വിറച്ച് ഞങ്ങള്‍ നിന്നു. ആ കാലാവസ്ഥയില്‍ പടം പിടിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ കയ്യിലില്ലാഞ്ഞതിനാല്‍ ഒന്നു പകര്‍ത്താനായില്ല. എങ്കിലും കഴിവുള്ള ചില മിടുക്കന്മാര്‍ പകര്‍ത്തിയിട്ട ചിത്രങ്ങള്‍ ഇവിടെ കാണാം , ഒന്ന്, രണ്ട് , മൂന്ന്, നാല്.

തിരികെ 5.30 ന് വനത്തിനുള്ളില്‍, നിയന്ത്രണ രേഖയില്‍ തിരികെക്കയറി, വാഹനം നിരക്കി നിരക്കി സമയം ചിലവഴിച്ചു, ഒരൊ ഇലയനക്കത്തിനും കാതോര്‍ത്തു. ഇല്ല, ഒറ്റ ഇല്ലിമുള പോലും ഒടിയുന്നില്ല. ഏകദേശം രണ്ടു മണിക്കൂര്‍ വനത്തില്‍ നിരങ്ങി നീങ്ങിയെങ്കിലും രണ്ട് മാന്‍കുട്ടികളൊഴികെ ഒരു ജീവി പോലും പ്രത്യക്ഷമായില്ല. ആട്ടിന്‍പറ്റം കണക്കെ മേഞ്ഞു നടക്കാറുള്ള ആനക്കൂട്ടങ്ങള്‍ പോലും ഞങ്ങളെ ചതിച്ചു. ലതിച്ചേച്ചിയെ ഓടിച്ച ആന അവിടെയെങ്ങാനും പതുങ്ങുന്നുണ്ടാവുമെന്ന് വൃഥാ മോഹിച്ചു, ഇല്ല, മടങ്ങിയെ പറ്റൂ. ഒരു ആനക്കുട്ടിയെപ്പോലും കാണാതെ ആനപ്പിണ്ടത്തിന്റെ മണം മാത്രം അവാഹിച്ച് ക്യാമ്പിലേക്ക്.

24 comments:

അനില്‍@ബ്ലോഗ് // anil said...

യാത്രാ വിവരണം എഴുതാനൊരു ശ്രമം.

അരുണ്‍ കരിമുട്ടം said...

ഈ യാത്രയില്‍ കൂടെ ഉള്ളതു പോലെ വായിച്ച് പോകാന്‍ പറ്റി.നന്നായിരിക്കുന്നു.

മാണിക്യം said...

അനില്‍ ശ്വാസം പിടിച്ചിരുന്നു വായിച്ചു .. മലവെള്ളത്തില്‍ ഒഴുകിവരുന്ന തടി മരം അതിന്റെ ഊക്ക്! ..ഇരു കരയും ഇടിച്ചു നിരത്തിയാവും പലപ്പൊഴും പോകുക .... ഈശ്വരനു നന്ദി ....
ശരിക്കും സാഹസീകമായ യാത്ര ..വിവരണം അതിലും ഗംഭീരം :)

കണ്ണനുണ്ണി said...

ഇത്തിരി സാഹസം തന്നെ ആയിപോയി. എന്തായാലും അത് കൂടെ ഉള്ളത് കൊണ്ടാവും... വിവരണം ഗംഭീരം ആയി

മീര അനിരുദ്ധൻ said...

ഹോ വായിച്ചപ്പോ തന്നെ പേടിയായി.സാഹസിക യാത്രകൾ ഇഷ്ടമുള്ള കൂട്ടത്തിൽ ആണ് അല്ലേ.എന്തായാലും വിവരണം രസകരമായി

ജോ l JOE said...

അരിച്ചു മുന്നില്‍ നീങ്ങുന്ന കോട്ടക്കല്‍ ബസിന്റെ പിന്‍ ചക്രങ്ങള്‍ക്കിടയില്‍ പാഞ്ഞു കയറിയ ബൈക്ക് യാത്രക്കാരന്‍ തെറിച്ച് വീണത് വാഹനം ഒഴിഞ്ഞു കിടന്ന റോഡിന്റെ മറുപുറമായതിനാല്‍, കണ്ണിലടിച്ച കാഴ്ച നെഞ്ചില്‍ തുളഞ്ഞ് കയറിയില്ല...........നെഞ്ചില്‍ തുളഞ്ഞ് കയറിയില്ല.....കൊള്ളാം,നല്ല വാക്കുകള്‍ !

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വിവരണം നന്നായിട്ടുണ്ട്. സ്ഥലങ്ങളും അനുഭവങ്ങളും നേരില്‍ കണ്ടു...

ആദര്‍ശ്║Adarsh said...

സാഹസികയാത്രയുടെ നേര്‍ക്കാഴ്ചകള്‍...
നല്ല വിവരണം ..

നാട്ടുകാരന്‍ said...

ഈശ്വരാ,,,, ഈ കബനിയിലെക്കായിരുന്നോ ഞങ്ങളെയും വിളിച്ചത് ! അതിനു മാത്രം ഞങ്ങള്‍ എന്ത് ചെയ്തു?

ബിന്ദു കെ പി said...

അനിൽ, സാഹസികയാത്രകളുടെ വിവരണങ്ങളൊക്കെ ചങ്കിടിപ്പോടെയാണ് വായിക്കാറ്...കാരണം, വായിക്കുന്ന രംഗങ്ങളൊരോന്നും ഭാവനയിൽ കാണുന്ന ശീലമുണ്ടെനിയ്ക്ക്...

രഞ്ജിത് വിശ്വം I ranji said...

യാത്രയുടെ സാഹസികതയും ഭീകരതയും വരികളില്‍ നിറഞ്ഞിരിക്കുന്നു..ഒപ്പം മഴയും തണുപ്പും തണുപ്പകറ്റുന്ന ലഹരിയുടെ ചൂടൂം..
വളരെ നന്നായി.. കൂടുതല്‍ യാത്രകള്‍ പോകൂ.. ഞങ്ങള്‍ക്കത് പുതിയ വിവരണങ്ങളായി ലഭിക്കുമല്ലോ

Anil cheleri kumaran said...

അതിമനോഹരമായ എഴുത്താണ്.... എന്തൊരു ഗംഭീരമായ ഭാഷ..!

തുടരുക..

വയനാടന്‍ said...

നന്നായിരിക്കുന്നു യാത്രാവിവരണം. യാത്രയുടെ ഭംഗി മുഴുവൻ പകർത്താൻ പറ്റി.

എഴുതേണ്ടെന്നു കരുത്തിയതാണു; എങ്കിലും രണ്ടു വരികൾ കുറിക്കട്ടെ.
കബനിയിൽ ബൈരക്കുപ്പയ്ക്കും മുമ്പാണു ഞങ്ങളുടെ കടവ്‌-തോണിക്കടവ്‌.
വേനൽക്കാലത്തു ചങ്ങാടവും മഴക്കാലത്തു കബനി നിറഞ്ഞു കവിയുമ്പോൾ; നിങ്ങളുടെ തന്നെ വാക്കുകളിൽ ചുവക്കുമ്പോൾ; തോണിയെയുമാണു ഞങ്ങൾ ആശ്രയിക്കുക.
ഒരു പക്ഷേ ചങ്ങാടത്തിൽ ലോറി ; അതും കാപ്പിയും കുരുമുളകും നിറച്ച്‌, വരെ കടത്തുന്ന അപൂർവ്വം കടവുകളിലൊന്നവുമത്‌.
നിങ്ങളുടെ വരികളിലൂടെ പോയപ്പോൾ ഓർമ്മകൾ പുഴ്ശ്പോലെ ആർത്തലച്ചു വരികയാണു.
നന്ദി

anushka said...

ഹൃദ്യമായ വിവരണം.നന്ദി.
ബൈരക്കുപ്പ ഞാന്‍ കണ്ടപ്പോള്‍ അവിടെ ഒരൊറ്റ വ്യാപാരമേ ഉണ്ടായിരുന്നുള്ളൂ.കൊതുമ്പുവള്ളത്തിലൊക്കെ കബനി മുറിച്ചു കടക്കാന്‍ ധൈര്യം തരുന്ന ഒന്നിന്റെ വ്യാപാരം..

ശംഖു പുഷ്പം said...

നല്ല അവതരണം..
കബനി നദി വീണ്ടും ചുവക്കാന്‍‌ ഇടയാക്കിയില്ലല്ലോ..? അതു നല്ലത്..:)

Manikandan said...

അനിലേട്ടാ യാത്ര ശരിക്കും ആസ്വദിച്ചു. നല്ലവിവരണം. ചിത്രങ്ങൾ ഇല്ലെങ്കിലും വാക്കുകൾ കൊണ്ട് ചിത്രങ്ങൾ തീർക്കാൻ സാധിച്ചിട്ടുണ്ട്. കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒന്നാണ് കബനി അല്ലെ? അങ്ങനെ എവിടെയോ വായിച്ച ഒരോർമ്മ.

Typist | എഴുത്തുകാരി said...

വായിച്ചിട്ടു തന്നെ എനിക്കു പേടിയായി.എന്നാലും ഇത്തിരി സാഹസമായിപ്പോയി.
(നാലാമത്തെ പടം കാണാന്‍ പറ്റുന്നില്ലല്ലോ)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

യാത്രാ വിവരണം എഴുതാനുള്ള് ശ്രമം നന്നായിരിക്കുന്നു.ഉദ്വേഗം അവസാനം വരെ നില നിർത്തിയിരിക്കുന്നു.

ഒരു നിർദ്ദേശം..യാത്രാ വിവരണങ്ങളിൽ ചിത്രങ്ങൾ ഉണ്ടെങ്കിൽ ലിങ്കിടാതെ അവിടെ തന്നെ കൊടുക്കുകയാണു ഉത്തമം.

‘ബൂലോക’ യാത്രാ വിവരണങ്ങളിലുള്ള ഒരു പ്രധാന പ്രശ്നം ചിത്രങ്ങൾക്കുള്ള അടിക്കുറിപ്പുകൾ
പോലെ തോന്നുന്നു എന്നതാണു.ചിത്രം ഇല്ലെങ്കിൽ ഒന്നും മനസ്സിലാവില്ല.അനിലിന്റെ വിവരണം വേറിട്ടു നിൽക്കുന്നു.വാക്കുകളിൽ വരഞ്ഞിരിക്കുന്ന “പതിവില്ലാത്ത കാഴ്ചകൾ”

നന്നായി ആശംസകൾ!

അനില്‍@ബ്ലോഗ് // anil said...

അരുണ്‍ കായംകുളം,
നന്ദി.

മാണിക്യം ചേച്ചീ,
സത്യത്തില്‍ എനിക്കൊന്നും തോന്നിയില്ലായിരുന്നു.
സന്ദര്‍ശനത്തിനു നന്ദി.

കണ്ണനുണ്ണീ,
ചെറിയൊരു തോണിയായിരുന്നു, ഒറ്റ തുഴക്കാരനും.അല്പം ആശങ്കയൊടെ തന്നെയാണ് കയറിയതും. പക്ഷെ ഈ ഒരു പ്രശ്നമുണ്ടായിരുന്നില്ലെല്‍ ഒന്നും അറിയുക പോലും ഇല്ലായിരുന്നു.സന്ദര്‍ശനത്തിനു നന്ദി.

മീര അനിരുദ്ധന്‍,
പണ്ടത്തെ കഥകളും വിവരണങ്ങളും ഒരുപാട് ഉണ്ട്,എന്നെങ്കിലും ഒക്കെ എഴുതാം എന്ന് കരുതുന്നു.സന്ദര്‍ശനത്തിനു നന്ദി.

ജോ,
അതൊരു വല്ലാത്ത കാഴ്ചയായിരുന്നു,നേരെ മുന്നില്‍ കണ്ടത്, ഭാഗ്യത്തിന് ബൈക്ക് കാരന് അപകടം ഒന്നും പറ്റിയില്ല.സന്ദര്‍ശനത്തിനു നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്,
നന്ദി.

ആദര്‍ശ്,
നന്ദി.

നാട്ടുകാരാ,
തന്നെ, തന്നെ, ഇവിടേക്കാ അന്നു വിളിച്ചത്, മിസ്സായില്ലെ?

ബിന്ദു.കെ.പി,
വിവരണമായാലും യാത്രയായാലും അനുഭവിച്ച് ആസ്വദിക്കുന്ന ആളാ ഞാനും.സന്ദര്‍ശനത്തിനു നന്ദി.

രഞ്ജിത് വിശ്വം,
യാത്രകള്‍ ഒരുപാട് പോവാറുണ്ട്, ഇത്തരം അനുഭവവും പുതിയതല്ല, പക്ഷെ എഴുതാന്‍ മിനക്കെടാറില്ലെന്നതാണ് സത്യം.
സന്ദര്‍ശനത്തിനു നന്ദി.
കുമാര്‍ജി,
നല്ല വാക്കുകള്‍ക്ക് നന്ദി.

വയനാടന്‍,
വലിയ ചങ്ങാടത്തില്‍ ബൈക്കുമായി ഞാന്‍ മുമ്പ് പോയിട്ടുണ്ട്. അത് കുറച്ചുകൂടി ബലമുള്ളതായതിനാല്‍ അപകട സാദ്ധ്യത കുറയും. പിന്നെ കബനിയില്‍ ഊളിയിട്ടു കളിച്ചു വളര്‍ന്നവര്‍ക്കൊന്നും ഇതൊരു പ്രശ്നമല്ലല്ലോ.
സന്ദര്‍ശനത്തിനു നന്ദി.

vrajesh,
അതു ശരിയാണ്.കൊതുമ്പുവള്ളം എന്ന് ആലംകാരികമായി പറഞ്ഞെന്നെ ഉള്ളൂ. 6-8 പേര്‍ക്കിരിക്കാവുന്ന ഒരു കൊച്ചു വള്ളമായിരുന്നു എന്നത് വാസ്തമാണ്. ലഹരി ഉള്ളില്‍ ഉണ്ടെന്ന ബലത്തില്‍ തന്നെയാണ് തോണിക്കാരന്‍ തോണി ഇറക്കിയതും.സന്ദര്‍ശനത്തിനു നന്ദി.

ശംഖുപുഷ്പം,
നന്ദി.

മണികണ്ഠന്‍,
കിഴക്കോട്ട് ഒഴുക്കുന്ന നദികളില്‍ ഒന്നാണ് കബനി.
സന്ദര്‍ശനത്തിനു നന്ദി.

എഴുത്തുകാരിച്ചേച്ചി,
സന്ദര്‍ശനത്തിനു നന്ദി.
നാലാമത്തെ ചിത്രം കാണാന്‍ പറ്റാതെ വന്നാല്‍ ആ പേജ് ഒന്നൂടെ റിഫ്രഷ് ചെയ്താല്‍ കിട്ടുന്നുണ്ട്.

സുനില്‍ കൃഷ്ണന്‍,
ചിത്രങ്ങള്‍ പിടിക്കാന്‍ പറ്റിയ കാലാവസ്ഥയായിരുന്നില്ല.ലിങ്കിട്ട ചിത്രങ്ങളൊന്നും ഞങ്ങള്‍ എടുത്തതുമല്ല.
സന്ദര്‍ശനത്തിനു നന്ദി.

ഹരീഷ് തൊടുപുഴ said...

അനിൽ ചേട്ടാ;

നമ്മുടെ ഗവർണ്മെന്റിന്റെ നികുതിവരുമാനം കാര്യമായി അപഹരിക്കുന്ന ആ സ്ഥലത്തേപറ്റി ഞാൻ മുൻപ് കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടി നമ്മുടെ ഒരു പാർട്ടി അവിടെ പോയിട്ടു വന്നതേയുള്ളു..
ഇക്കരെയിൽ നിന്നും കൊതുമ്പുവള്ളത്തിൽ കയറിതുഴഞ്ഞ് അക്കരെയെത്തി..പായ്ക്കെറ്റ് സ്വന്തമാക്കുക..!!

കൂലംകുത്തിയൊഴുകുന്ന കബനീ നദിയുടെ ഫോട്ടോയൊന്നും എടുത്ത് കാണിക്കാതിരുന്നത് ഒരു കുറവുതന്നെയാണു..
സാഹസികമായ ഈ യാത്രയെ പറ്റി വായിക്കുമ്പോൾ ഞാനും കൂടി നിങ്ങളുടെ കൂടെ ഉള്ളതുപോലെ തോന്നിച്ചു.

ഗോപാത്സ്വാമിബെട്ട നമ്മുടെ കേരളത്തിൽ തന്നെയാണോ?? അതോ ബോർഡറോ..??
ആദ്യത്തെ ഫോട്ടോ കൊതിപ്പിക്കുന്നു, ആ സ്ഥലം സന്ദർശിപ്പിക്കുവാൻ..

khader patteppadam said...

ത്രസിപ്പിക്കുന്ന ഒരനുഭവം നന്നായി എഴുതി.

തൃശൂര്‍കാരന്‍ ..... said...

ശ്വാസമടക്കിപ്പിടിച്ചിരുന്നു വായിച്ചു..മറക്കാന്‍ പറ്റാത്ത അനുഭവം ല്ലേ?

Joker said...

പൊന്നണ്ണാ ഇങ്ങനെ ടൂറ് പോകല്ലേ...ബ്ലോഗ് എഴുതാന്‍ പിന്നെ ആളു കാണുകേല...വെറുതെ മനുഷ്യനെ പേടിപ്പിച്ചു.

ചിന്തകന്‍ said...

വിവരണം അതി ഗംഭീരം. അവസാനം വരെ സസ്പന്‍സ് നിലനിര്‍ത്തി.

ഏതായാലും കുഴപ്പമൊന്നുമില്ലാതെ തിരിച്ചെത്തിയല്ലോ.
ദൈവത്തിന് സ്തുതി. :)