8/14/2009

പന്നിപ്പനിയും ലാബ് ടെസ്റ്റും

രോഗ നിര്‍ണ്ണയ സമ്പ്രദായങ്ങളില്‍ ലാബ് ടെസ്റ്റുകള്‍ക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്. രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് പ്രാധമിക നിഗമനത്തിലെത്തുകയും ഇതിന്റെ സ്ഥിരീകരണത്തിന് ലാബ് ഫലത്തെ ആശ്രയിക്കുകയുമാണ് പൊതുവെ സ്വീകരിക്കപ്പെടുന്ന രീതി. ഒരേ രോഗലക്ഷണം പ്രകടമാക്കുന്ന വിവിധ രോഗങ്ങളുടെ തരം തിരിവിനും ഫലപ്രദമായ ചികിത്സകള്‍ക്കും ടെസ്റ്റുകള്‍ അത്യന്താപേക്ഷിതമാണ്. ലാബ് ടെസ്റ്റുകള്‍ പലവിധമുണ്ട്, വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫലം തരുന്നവ മുതല്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളവ വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ദൈര്‍ഘ്യമേറിയ ലാബ് പരിശോധനകള്‍ ആവശ്യമുള്ള സാഹചര്യങ്ങളില്‍ ലക്ഷണങ്ങളോ, നിഗമനത്തിലെത്താന്‍ സഹായിക്കാവുന്ന ചില ചെറു ലാബ് പരിശോധകളോ അടിസ്ഥാനപ്പെടുത്തി ചികിത്സ ആരംഭിക്കുകയാണ് പതിവ്. ഉദാഹരണമായി പഴുപ്പു നിറഞ്ഞ ഒരു മാറാ വ്രണം ചികിത്സിക്കാന്‍ പഴുപ്പ് കള്‍ച്ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി ടെസ്റ്റിന് അയക്കുകയും, പ്രസ്തുത വ്രണത്തിനു ഫലപ്രദമായേക്കാവുന്ന ഒരു ആന്റി ബയോട്ടിക്ക് ചികിത്സ ആരംഭിക്കുകയും ചെയ്യുന്നു. ലാബിലാവട്ടെ ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന അണുക്കള്‍ (ഉണ്ടെങ്കില്‍) അവ ഏതെല്ലാം മരുന്നുകള്‍ക്ക് ഗുണപരമായ രീതിയില്‍ കീഴടങ്ങുന്നുവെന്ന് പരിശോധിക്കപ്പെടുന്നു. ഇതിന്റെ ഫലവും ആദ്യം നല്‍കിയ മരുന്നിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ച് ആവശ്യമെങ്കില്‍ ആദ്യ മരുന്ന് മാറ്റുകയോ തുടരുകയോ ചെയ്യാം.

പന്നിപ്പനി എന്നു വിളിക്കപ്പെടുന്ന എച്ച്.വണ്‍.എന്‍.വണ്‍ പനിയിലേക്കുവന്നാല്‍, ഇത് സ്ഥിരീകരിക്കാനുള്ള ലാബ് സജ്ജീകരണങ്ങള്‍ നമ്മുടെ സംസ്ഥാനത്തില്ലെന്നും, മറ്റിടങ്ങളിലയച്ച് പരിശോധന നടത്തി ഫലം ലഭിക്കാനെടുക്കുന്ന കാല താമസം ഗുരുതരമായ പ്രതിസസന്ധി സൃഷ്ടിച്ചിരിക്കുകയുമാണെന്ന രീതിയില്‍ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. വാസ്തവത്തില്‍ ഇന്ന് കേരളത്തില്‍ പന്നിപ്പനി ചികിത്സയും ലാബ് പരിശോധനാ ഫലങ്ങളും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലന്ന് പറയാം. ഈ ധാരണയുടെ അഭാവമാണ് ഇപ്രകാരമുള്ള പ്രചരണങ്ങളുടെ അടിസ്ഥാനം. പന്നിപ്പനിയെ ഒരു മഹാമാരിയായ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ "പന്നിപ്പനി" എന്ന പദത്തിന്റെ നിര്‍വ്വചനം സാധൂകരിക്കാന്‍, ഈ ലാബ് പരിശോധനാ ഫലം കൂടിയേ തീരൂ. ഈ സാങ്കേതിക പൂര്‍ത്തിയാക്കാനാണ് വാസ്തവത്തില്‍ ഇന്ന് കേരളത്തിലെ സാമ്പിളുകള്‍ ലാബിലേക്ക് അയക്കപ്പെടുന്നത്. നിലവിലുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച്, ഒരു പ്രദേശത്ത് ഇന്‍ഫ്ലുവെന്‍സാ പോലെയുള്ള രോഗലക്ഷണങ്ങള്‍ (ഐ.എല്‍.ഐ) കാണപ്പെട്ടാല്‍ സാമ്പിളുകള്‍ വിശദപരിശോധനക്ക് അയക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ പന്നിപ്പനിയിലേക്ക് വിരല്‍ ചൂണ്ടുന്ന പക്ഷം,ലാബ് പരിശോധന ഫലം വരുന്ന വരെ കാത്തിരിക്കാതെ നേരിട്ട് രോഗചികിത്സയിലേക്ക് നീങ്ങുന്നതിന് തടസ്സവുമില്ല. ഒരിക്കല്‍ ഒരു പ്രദേശത്ത് പന്നിപ്പനി സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഇപ്രകാരം ഐ.എല്‍.ഐ ആയി വരുന്ന രോഗികളെ "പന്നിപ്പനി സംശയിക്കുന്നവര്‍" ആയി കണക്കാക്കി ചികിത്സ നല്‍കേണ്ടതാണ്. കേരളം പന്നിപ്പനി ബാധിത പ്രദേശമായി സ്ഥിരീകരിച്ച സാഹചര്യത്തില്‍, അയച്ച സാമ്പിളിന്റെ ലാബ് ടെസ്റ്റ് ഫലത്തിനു കാക്കാതെ നേരിട്ട് ചികിത്സ ആരംഭിക്കാവുന്നതാണ്. ചുരുക്കത്തില്‍ ലാബ് പരിശോധനാ ഫലം ചികിത്സയെ ബാധിക്കുന്നില്ല എന്നര്‍ത്ഥം.

എന്നിരുന്നാലും കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തി അടിയന്തിരമായി ലാബ് തുടങ്ങാനുള്ള അനുമതി നല്‍കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

21 comments:

അനില്‍@ബ്ലോഗ് // anil said...

പന്നിപ്പനിയും ലാബ് ടെസ്റ്റും, ഒരു കമന്റ്.

Anonymous said...
This comment has been removed by a blog administrator.
Typist | എഴുത്തുകാരി said...

ഈ വിശദീകരണം നന്നായി. ഞാനും കരുതിയിരുന്നു, കേരളത്തില്‍ ലാബ് ടെസ്റ്റിനുള്ള സംവിധാനം ഇല്ല. അപ്പോള്‍ പുറത്തെവിടെനിന്നെങ്കിലും പരിശോധന ഫലം കിട്ടിയതിനു ശേഷമാണോ ചികിത്സ തുടങ്ങുന്നതു് , അപ്പോള്‍ കാലതാമസം വരില്ലേ എന്നൊക്കെ.

വീകെ said...

വാസ്തവത്തിൽ ഇതിന്റെ പരിശോധനക്ക് വളരെ വലിയ ലാബ് സൌകര്യം ആവശ്യമുണ്ടൊ...?

മാദ്ധ്യമങ്ങളിൽ വരുന്നതുപോലെ മൂന്നിൽ ഒന്നു പേർക്ക് ഇതു പിടിപെടുമെന്നും മറ്റും കണ്ടിട്ടും രാജ്യത്തിന്റെ നാനാഭാഗത്തും ലബോറട്ടറികൾ എത്രയും പെട്ടെന്ന് സ്ഥാപിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ എന്തുകൊണ്ടാണ് മുൻ‌കയ്യെടുക്കാത്തത്..?

ഇപ്പൊഴും ഡെൽഹിയിൽ നിന്നും റിസൽറ്റും കാത്തിരിക്കേണ്ട ഗതികേടാണല്ലൊ..?

അരുണ്‍ കരിമുട്ടം said...

ഓഹോ അതാരുന്നോ കാര്യം?
അറിയില്ലാരുന്നു, നന്ദി

പ്രയാണ്‍ said...

ഇവിടെ ഡോക്ടര്‍മാര്‍ പറയുന്നത് നമ്മള്‍ ലാബുകളില്‍ പോയാല്‍ ആരെങ്കിലുമൊക്കെ ഈ അസുഖം ബാധിച്ചവര്‍ അവിടെ ടെസ്റ്റുചെയ്യാന്‍ വന്നിട്ടുണ്ടാവുമെന്നും അങ്ങിനെ വേറെന്തെങ്കിലും അണുബാധകൊണ്ട് പ്രതിരോധശേഷി നഷ്ടപ്പെട്ട നമുക്ക് ഈ അസുഖം വേഗം ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നുമാണ്.അതിനാല്‍ ലക്ഷണങ്ങള്‍ വെച്ച് ചികിത്സിക്കാനാണ് അവരുടെ ഉപദേശം.

അനില്‍@ബ്ലോഗ് // anil said...

BigLp എന്നൊരു പ്രൊഫൈലില്‍ നിന്നും മൂന്ന് കമന്റുകള്‍ മുകളില്‍ കാണുന്നില്ലെ, അതു മൂന്നും വൈറസുള്ള പല സൈറ്റുകളിലേക്കുമായിരുന്നു, ഡെലീറ്റൊയിട്ടുണ്ട്. പരിചയമില്ലാത്ത പ്രൊഫൈലില്‍ നിന്നുള്ള ലിങ്ക് കളില്‍ ആരും ക്ലിക്ക് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എഴുത്തുകാരി,
നന്ദി, ഒരുപാട് പേര്‍ ഈ സംശയം പ്രകടിപ്പിച്ചതിനാലിട്ടതാണിത്.

വീ കെ,
ഹൈ സെക്യൂരിറ്റി ലാബുകളെന്ന കാറ്റഗറിയില്‍ പെട്ട ലാബുകള്‍ക്ക് മാത്രമേ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. മറ്റൊന്നും കൊണ്ടല്ല, യാതൊരു കാരണവശാലും ലാബില്‍ നിന്നും ഈ അണുക്കള്‍ പുറത്ത് പോകാന്‍ കഴിയാത്ത അത്ര സെക്യൂരിറ്റി മെഷേഴ്സ് ആവശ്യമാണ്.സാങ്കേതിക വിദ്യയുടെ പ്രത്യേകതയല്ല മറിച്ച് മറ്റ് മാനദണ്ഡങ്ങള്‍. അതിനാല്‍ തന്നെ സാധാരണ ലാബ് കള്‍ സെറ്റ് ചെയ്യുന്നതു പോലെയോ, അനുവദിക്കുന്നതു പോലെയോ അത്ര ലളിതമായി ഇത് അനുവദിക്കാനാവില്ല. മാത്രവുമല്ല ഒരു ഔട്ട്ബ്രേക്ക് കണ്‍ഫേം ചെയ്യാനുള്ള ടെസ്റ്റ് മതി ലാബിലെന്നാണ് എന്റെ അഭിപ്രായം. ആയിരക്കണക്കിന് സാമ്പിളുകള്‍ പരിശോധിച്ച ശേഷം അവക്കെല്ലാം ചികിത്സ നല്‍കുക എന്നത് ആവശ്യമില്ലാത്തതും അപ്രായോഗികവുമാണ്.

അരുണ്‍ കായംകുളം,
നന്ദി.

പ്രയാണ്‍,
ആ പറഞ്ഞതില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട്. മേല്‍ക്കമന്റില്‍ ഞാന്‍ പറഞ്ഞ സംഗതിയാകും അവര്‍ ഉദ്ദേശിച്ചിരിക്കുക എന്നു കരുതുന്നു. രോഗിയുടെ രക്ത സാമ്പിളുകളും മറ്റുമാണ് ലാബിലേക്കയക്കുക.

Sathees Makkoth | Asha Revamma said...

നന്നായി വിശദീകരണം

siva // ശിവ said...

Thanks for this note, I was a little confused, now it is okay...

ബാബുരാജ് said...

അനില്‍,

വളരെ നന്നായി. പലരുടേയും സംശയമായിരുന്നു. അഭിനന്ദനങ്ങള്‍!

Sabu Kottotty said...

പോസ്റ്റു പ്രതീക്ഷിച്ചിരുന്നു...
വിശദീകരണം ഈ അവസരത്തില്‍ ആവശ്യമായിരുന്നു.

അല്ലാ, വൈറല്‍‌പ്പനിയിലും “വൈറസോ” !

ചാണക്യന്‍ said...

നന്നായി അനിലെ....നമ്മന്റെ കണ്‍ഫ്യൂസന്‍ തീര്‍ന്നു....:):):)
അഭിനന്ദനങ്ങള്‍....

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായി അനില്‍.പക്ഷെ,പന്നിപ്പനിപ്പേടി ആവശ്യമില്ലാതെ ജനങ്ങളുടെയിടയില്‍ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്ന ചില മാഫിയാകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കാര്യം നാം വിസ്മരിച്ചുകൂടാ.

ഹരീഷ് തൊടുപുഴ said...

ചാനെലുകളിലൂടെ വാർത്തകൾ ശ്രവിക്കുമ്പോൾ അകാരണമായ പേടിയും, ആശങ്കയുമാണുണ്ടാകുന്നത്..
സത്യമായിട്ടും എനിക്ക് ഭയങ്കര പേടിയാണ് ട്ടോ..

Dr.jishnu chandran said...

സത്യത്തില്‍ പന്നിപനി ആയാലും മറ്റ് ഏതുതരം പനിയായാലും കൊടുക്കാനുള്ള ചികിത്സ ഒന്നുതന്നെയാണ്. പിന്നെ എന്തിനു രോഗ നിര്‍ണയത്തിന് വേണ്ടി മുറവിളി കൂട്ടുന്നു??? വാസ്തവത്തില്‍ ഈ പന്നിപനി ചിക്കുന്‍ ഗുനിയയുടെ ഏഴയലത്തു പോലും വരില്ല എന്നാണു വിദഗ്ദ്ധര്‍ പറയുന്ന

Kiranz..!! said...

പന്നിപ്പനിയുടെ രണ്ട് വാർത്തകളാണ് ഏറ്റവും പേടിപ്പെടുത്തിയത്..!

1.കേരളത്തിൽ അത് സ്ഥിരീകരിക്കാൻ ഒരു സംവിധാനം ഇല്ല.
2.മൂന്നിൽ രണ്ട് ഇന്ത്യക്കാർക്ക് ഇത് പകരാൻ ഉള്ള സാധ്യത ഉണ്ടെന്ന് കേന്ദ്രമന്ത്രിയുടെ അറിയിപ്പ്.കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നിരുത്തരവാദപരമായ ഒരു പ്രസ്താവനയായിരിക്കണം അത് :(

ഒരു ചർച്ച-ഇൻ‌ഫർമേഷൻ അടിയന്തിരമായി ഇട്ടതിനു നന്ദി അനിൽമാഷേ.കഴിയുന്നതും കൂടുതൽ വാർത്തകൾ ഏകീകരിപ്പിച്ചാൽ പെട്ടെന്ന് വന്നൊരു നോട്ടം നോക്കിയോടാം,വല്ല മൂക്കു ചീറ്റലോ,ദേഹാസ്വാസ്ഥ്യമോ തോന്ന്യാൽ :)

Manikandan said...

അനിലേട്ടാ വളരെ നല്ല വിശദീകരണം. എന്നാലും എനിക്കുള്ള ഒരു സംശയം ചേദിക്കട്ടെ. ഇന്ന് എച്ച്1 എൻ1 വൈറസിനെതിരെ നമുക്കുള്ള ഏക ആയുധം ടാമി ഫ്ലൂ എന്ന ഗുളികമാത്രമാണെന്ന് മാധ്യമങ്ങളിൽ നിന്നും മന:സിലാക്കുന്നു. രോഗബാധ ഇല്ലാത്ത ഒരു വ്യക്തി ഈ മരുന്നു കഴിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലെന്നും അത് ഒരു മുൻ‌കരുതൽ എന്ന രീതിയിൽ രോഗികളെ ചികിത്സിക്കുന്ന ഡോൿടർമാർക്ക് ഉപയോഗിക്കാവുന്നതാണെന്നും പറയുന്നുണ്ട്. ഇങ്ങനെ മരുന്നു കഴിക്കുന്നവർ ഒരു നിശ്ചിതകാലയളവ് ഈ മരുന്ന് തിടർച്ചയായി കഴിക്കണം എന്നുമാണ് പറയുന്നത്. ഇത്തരത്തിൽ മരുന്നു കഴിക്കുന്നവർ അത് ശരിയായ രീതിയിൽ ഉപയോഗിക്കാതിരുന്നാൽ (ഉദാഹരണത്തിന് രോഗം സംശയിക്കുന്ന ഒരു വ്യക്തിക്ക് ഈ മരുന്ന് നൽകിത്തുടങ്ങുകയും എന്നാൽ ലാബ് പരിശോധനയിൽ രോഗബാധ ഇല്ലെന്ന് കണ്ട് മരുന്നു കഴിക്കുന്നത് നിറുത്തുകയും ചെയ്താൽ)എച്ച്1 എൻ1 വൈറസിന് ഈ മരുന്നിനെ അതിജീവിക്കാനുള്ള കഴിവ് ലഭിക്കില്ലെ? അത്തരം ഒരു സാഹചര്യം ഉണ്ടായാൽ അത് മറ്റൊരു കൊടിയവിപത്തിലേയ്ക്ക് നീങ്ങില്ലെ? കാരണം അങ്ങിനെ അതിജീവനം സാദ്ധ്യമായ ഒരു വൈറസിനെതിരെ മറ്റൊരു മരുന്ന് കണ്ടെത്താൻ മാസങ്ങൾ എടുക്കുമെന്നും ഈ കാലയളവ് വളരെയധികം ആളുകളുടെ ജീവഹാനിക്കുതന്നെ വഴിവെയ്ക്കും എന്നുള്ള ആശങ്ക തികച്ചും അസ്ഥാനത്താണെന്ന് പറയാൻ സാധിക്കുമോ?

കാസിം തങ്ങള്‍ said...

വാര്‍ത്തകള്‍ ഊതിവീര്‍പ്പിച്ച്കൊണ്ട് ജനങ്ങളില്‍ അനാവശ്യമായ ഉല്‍ക്കണ്ഠ വളര്‍ത്തി ‘വലുതാവാന്‍’ ശ്രമിക്കുന്ന ചാനലുകളുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ പോക്രായങ്ങള്‍ക്കിടയില്‍ സത്യാവസ്ഥ പലരും അറിയാതെ പോകുന്നു. ഈ അറിവുകളുടെ പങ്കുവെക്കലിന് നന്ദി അനില്‍.

അനില്‍@ബ്ലോഗ് // anil said...

സതീശ് മാക്കോത്ത്,
നന്ദി.

ശിവ,
നന്ദി.

ബാബുരാജ്,
നന്ദി.

കൊട്ടോട്ടിക്കാരാ,
വൈറസ് സര്‍വ്വ വ്യാപിയാ.
:)
നന്ദി.

ചാണക്യാ,
സന്തോഷമായി....
:)

വെള്ളായനി വിജയന്‍,
ചേട്ടാ,
ഒരുപാട് ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്, ഉത്തരവാദിത്വപ്പെട്ട ആളുകള്‍ക്കിടയില്‍ നിന്നു പോലും.ജാഗ്രത വേണം, ഭീതി വേണ്ട.
നന്ദി.

ഹരീഷെ,
ഒന്നും പേടിക്കാനില്ലെന്നെ.

Dr.jishnu chandran,
പനിബാധാ നിരക്ക് കൂടുതലല്ല, മരണനിരക്ക് വളരെ ചെറുത്, പിന്നെന്തിനാണ് ഇങ്ങനെ പേടി പരത്തുന്നതെന്നത് പ്രസക്തമായ ചോദ്യം.

കിരണ്‍സ്,
രണ്ട് വാര്‍ത്തകളും ഭയപ്പെടത്തക്കതല്ലെന്ന് മനസ്സിലായല്ലോ.
നന്ദി.

മണികണ്ഠന്‍,
പ്രസക്തമായ ചോദ്യം.നാലു പ്രധാനപ്പെട്ട മരുന്നുകളാണ് ഇന്‍ഫ്ലുവെന്‍സ എ. ക്ക് എതിരെ ഉപയോഗിച്ചിരുന്നത്. അമന്റഡിന്‍,റിമന്റഡിന്‍,ഒസള്‍ട്ടാമിവിര്‍,സനാമിവിര്‍ എന്നിവയാണ് അവ. എന്നാല്‍ ആദ്യം രണ്ട് മരുന്നുകള്‍ക്കും എതിരെയുള്ള പ്രതിരോധ ശേഷി ആര്‍ജ്ജിച്ചവയാണ് ഇന്നുള്ള പന്നിപ്പനി വൈറസുകള്‍. ഏറ്റവും പെട്ടന്ന് ജനിതകമാറ്റം സാദ്ധ്യമാവുന്ന ഈ വിഭാഗം വൈറസിന് പുതിയൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടാന്‍ അധികസമയം വേണ്ടി വരില്ല. അപ്പോഴേക്കും നിലവിലുപയോഗിക്കുന്ന ഒസള്‍ട്ടമിവിര്‍ (ടാമിഫ്ലൂ)വിറ്റു തീരുകയും പുതിയ മരുന്ന് കണ്ടെത്തുകയും ചെയ്യപ്പെടും.
അതോണ്ട് പേടിക്കാനില്ല.
:)
നന്ദി.

കാസിം തങ്ങള്‍,
നന്ദി.

smitha adharsh said...

എനിക്കും ഉണ്ടായിരുന്നു,ഈ സംശയം..പുറത്തേയ്ക്കുള്ള ലാബിലേയ്ക്ക് ടെസ്റ്റ്‌നു അയച്ചു ഫലം കാത്തിരുന്ന്,കാലതാമസം ഉണ്ടായാല്‍ ആള് വടിയാകുമോ എന്ന്...ഇപ്പൊ,സംശയം മാറി ട്ടോ..
നന്ദി,ഈ പോസ്റ്ന്.

kichu / കിച്ചു said...

അനില്‍ മാഷേ..
പെരുത്ത് നന്ദിണ്ട്ട്ടാ.. ഒരു ബെല്യ കണ്‍ഫ്യുഷനാ ങ്ങ്ള് തീര്‍ത്തേക്ക്ണതേ :)