1/18/2009

വായനയും അതിവായനയും

എഴുതപ്പെട്ട വാക്കുകളുടെ ഒരു കൂട്ടം, നമ്മുടെ ബോധമണ്ഡലത്തിലുളവാക്കുന്ന സംവേദനത്തെ വായനയെന്നു വിളിക്കാമെന്നു തോന്നുന്നു. പദാനുപദ അര്‍ത്ഥം ഗ്രഹിക്കാനായില്ലെങ്കിലും ഒരു കുറിപ്പ് ആശയ സംവേദകമാകുന്നിടത്താണ് വായന വിജയിക്കുന്നത്. ഒരു രചന മെച്ചപ്പെട്ടത് എന്ന് നാം പറയുന്നത് അതിലെ വരികള്‍ നമ്മുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കുന്നു എന്നു വിലയിരുത്തിയാണ്. സ്വധീനം ഗുണപരമാവണമെന്ന നിബന്ധനയില്ലെന്നര്‍ത്ഥം. നേര്‍ക്കാഴ്ച നല്‍കുന്ന സംവേദനത്തേക്കാള്‍ എത്രയോ ഇരട്ടി ഫലവത്താവാം , നിയതമായ രീതിയില്‍ കൂട്ടിയിണക്കിയ ഒരുകൂട്ടം വാക്കുകള്‍. അവ നമ്മുടെ ഭാവനയെ ഉണര്‍ത്തുകയും പരിധികളില്ലാത്ത സങ്കല്‍പ്പലോകം നമ്മുടെ മുന്നില്‍ തുറക്കുകയും ചെയ്യുന്നു.

എത്രമാത്രം ശക്തമാണ് വാക്കുകള്‍ സൃഷ്ടിക്കുന്ന സംവേദനം എന്ന് വെളിവാക്കാനായാണ് മേല്‍ വരികള്‍ ഇവിടെ കുറിച്ചത്. ഒരു രചന, എഴുത്തുകാരന്റെ മനസ്സിന്റെ പ്രതിഫലനമാണെന്ന് പറയപ്പെടുന്നു. എത്ര തന്നെ മൂടിവച്ചാലും തന്റെ മനസ്സൊളിച്ചുവക്കാനൊരെഴുത്തുകാരനുമാവില്ല . വരികളിലൂടെയുള്ള വായനയേക്കാള്‍ വരികള്‍ക്കിടയിലൊളിച്ചിരിക്കുന്ന രചയിതാവിനെത്തിരയാനാണ് എനിക്കു താല്‍പ്പര്യം. ഒരു രചന ആസ്വദിക്കാന്‍ , വിലയിരുത്താന്‍ രചയിതാവിന്റെ പൂര്‍വ്വ ചരിത്രമോ പൂര്‍വ്വ കൃതികളോ ആവശ്യമാണെന്ന് സാഹചര്യം സംജാതമാകുന്നത് രചയിതാവിന്റെ പരാജയമായി വിലയിരുത്താം. (തുടരന്‍ പംക്തികള്‍ ഒഴികെ). നിയതമായ നിയമാവലി (എഴുതപ്പെട്ടതോ അല്ലാത്തതോ) നിലവിലില്ലാത്ത ബൂലോക രചനകള്‍ വായനക്കാരനു പലപ്പോഴും വെല്ലുവിളി തന്നെ സൃഷ്ടിക്കുന്നു എന്നത് വാസ്തവമാണ്. അടിക്കടി കാണപ്പെടുന്ന വാക്കേറ്റങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും കാരണമാകുന്നത് ഇത്തരത്തിലുള്ള രചനകളാണ്.

വിമര്‍ശനം എന്നത് ഒരു കലയാണ്. താന്‍ കുറിക്കുന്ന വാക്കുകളാല്‍ ഒരു വ്യക്തിയേയോ ഒരു ആശയത്തേയോ കൊലചെയ്യുക എന്ന രീതിയിലേക്ക് പല വിമര്‍ശനങ്ങളും എത്തപ്പെടുന്നു എന്നത് രചയിതാവിന്റെ പരാജയമാണ്. വിമര്‍ശനങ്ങള്‍ കുറിക്കുകൊള്ളുന്നവയായിരിക്കുകയും അത് എഴുതുന്ന ശൈലിയുടെയോ പദപ്രയോഗത്തിന്റെ മൂര്‍ച്ചയാലോ ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം. പദങ്ങളുടെ വാച്യാര്‍ത്ഥത്തിന്റെ ബലത്താല്‍ വിമര്‍ശനം ശക്തമായി എന്നു ധരിക്കുന്നതും പ്രചരിപ്പിക്കുന്നതും ശരിയാവണമെന്നില്ല. ബൂലോകത്തു നടക്കുന്ന വിമര്‍ശങ്ങളും സംവാദങ്ങളും ഉദാഹരണങ്ങളായി നമുക്കു മുന്നില്‍ നില്‍ക്കുന്നു. പുത്തന്‍ കാലഘട്ടത്തിന്റെ മാദ്ധ്യമമായ ബ്ലോഗ്ഗുകള്‍ ഈ അര്‍ത്ഥതലത്തിലേക്ക് ഉയരേണ്ടതുണ്ട്. അല്ലാത്ത പക്ഷം അനാവശ്യമായ വിവാദങ്ങളിലേക്കും വ്യവഹരങ്ങളിലേക്കും ബ്ലോഗ്ഗര്‍മാര്‍ എത്തിപ്പെടുകതന്നെ ചെയ്യും.

ചിത്രകാര‍ന്‍ എന്ന ബ്ലോഗ്ഗര്‍ ഇത്തരത്തിലൊരു നിയമനടപടിയുടെ വക്കില്‍ എത്തി നില്‍ക്കുന്നു എന്ന് ദൃഷ്ടി ദോഷത്തില്‍ ഡി. പ്രദീപ് കുമാര്‍ പറയുന്നു. സ്വയം കൃതാനര്‍ത്ഥം എന്നു വിളിക്കാമെങ്കിലും ഗൌരവതരമായ കൂടുതല്‍ ചര്‍ച്ചകളിലേക്ക് ഈ സംഭവം നമ്മെ കൊണ്ടെത്തിക്കുന്നു. നിയമനടപടികളില്‍ ഇടപെടാനായി ബൂലോകത്ത് ഒരു ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് ഉണ്ടാവേണ്ട സമയം സമാഗതമായി എന്നു തോന്നുന്നു. താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

16 comments:

അനില്‍@ബ്ലോഗ് // anil said...

ചിത്രകാര‍ന്‍ എന്ന ബ്ലോഗ്ഗര്‍ ഇത്തരത്തിലൊരു നിയമനടപടിയുടെ വക്കില്‍ എത്തി നില്‍ക്കുന്നു എന്ന് ദൃഷ്ടി ദോഷത്തില്‍ ഡി. പ്രദീപ് കുമാര്‍ പറയുന്നു. സ്വയം കൃതാനര്‍ത്ഥം എന്നു വിളിക്കാമെങ്കിലും ഗൌരവതരമായ കൂടുതല്‍ ചര്‍ച്ചകളിലേക്ക് ഈ സംഭവം നമ്മെ കൊണ്ടെത്തിക്കുന്നു. നിയമനടപടികളില്‍ ഇടപെടാനായി ബൂലോകത്ത് ഒരു ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് ഉണ്ടാവേണ്ട സമയം സമാഗതമായി എന്നു തോന്നുന്നു. താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ.

ഹരീഷ് തൊടുപുഴ said...

പൊന്നു ഭഗവാനേ, ചിത്രകാരനിട്ട് കളി കിട്ടിയോ!!!

വികടശിരോമണി said...

പദാവലികൾക്ക്,എഴുതിയ ആൾ നൽകിയ നിയതാർത്ഥം തന്നെ വിഴുങ്ങിയിരിക്കണം,അതിനപ്പുറമുള്ളത് അതിവായനയാണ് എന്നുപറയാനാവില്ല.ചിത്രകാരനും പരാതിക്കാരനും ഒരേ സ്വാതന്ത്ര്യം സ്റ്റേറ്റ് അനുവദിക്കുന്നുമുണ്ട്.അപ്പോൾ നിയമനടപടികളെ ഒരു ഗ്രൂപ്പ് എങ്ങനെ നേരിടണം?നമ്മൾ ചർച്ച ചെയ്യേണ്ടതാണ്.
ശൈലികളോട് വിയോജിപ്പുണ്ടെങ്കിലും,ചിത്രകാരനെതിരെ നിയമം കടുത്ത നടപടികളെടുക്കുന്നതും,അത്തരമൊരു വഴക്കം സംജാതമാകുന്നതും ഞാനാഗ്രഹിക്കുന്നില്ല.
ഒരു ബൂലോകവ്യവഹാരഗ്രൂപ്പിന് എന്താണീകാര്യത്തിൽ ചെയ്യാനുള്ളത് എന്നു വ്യക്തമല്ല.

ജ്വാലാമുഖി said...

അക്ഷരം അറിയുന്നവന്റെ കുത്തകയാണ്‌ എഴുതുക എന്നത്. ഒരോ എഴുത്തും ഒരു തരം സ്വയംഭോഗം തന്നെയാണ്‌. തന്റെ ചോദനക്കനുസരിച്ചും, തന്റെ ഇംഗിതത്തിനനുസരിച്ചും തനിക്കിഷ്ടമുള്ള സമയത്ത്‌, തന്റേതായ രീതി അവലംബിച്ചു അപരസഹായമില്ലാതെ ചെയ്യുന്ന ഒരു ക്രിയ. തനിക്കു ശരിയായി സംവദിക്കാന്‍കഴിയുമെന്നു തീര്‍ച്ചയുള്ള ഒരു ഭാഷ അതിന്റെ
മാര്‍ഗ്ഗവും.

എഴുത്തുകള്‍ തന്നെ എത്ര വിധമെന്നത് അറിയുന്നവരുള്ള ഈ ഇടത്തില്‍ അതു വിവരിക്കേണ്ടതായി തോന്നുന്നില്ല.

നിലനില്‍ക്കുന്ന/നിന്നിരുന്ന സാമൂഹിക വിശ്വാസങ്ങളുടെ ജഡത്വത്തെ വെല്ലുവിളിക്കുന്ന വ്യക്തിഗത വിശ്വാസമാണ്‌ ചിത്രകാരന്‍ എന്ന ബ്ലോഗറുടെ ബ്ലോഗില്‍ ഞാന്‍ വായിച്ചെടുത്തത്.

പൊതുവായ ഒരു വിശ്വാസത്തിന്റെ വഴിവിട്ടു മുന്നിലേക്കു നടക്കാന്‍ ആഗ്രഹിക്കുന്ന ഇത്തരം വ്യക്തിഗത വിശ്വാസം അപ്രമാദിത്വത്തോടെ അംഗീകരിക്കപ്പെടുന്നതിനു ചില മുന്‍വിധികള്‍ ഒഴിവാക്കേണ്ടതാണ്‌ എന്നു ഈ എഴുത്തുകാരന്‍ മറന്നുപോയിട്ടുണ്ടെന്നുള്ളത് ഒരു പക്ഷേ അദ്ദേഹം തന്നെ അംഗീകരിക്കുന്നുണ്ടാകും.

ഒരു വര്‍ഗ്ഗത്തില്‍ തന്നെ വ്യത്യസ്തരായ ഒരായിരംകൂട്ടം നിലനില്‍ക്കുന്നുണ്ട് എന്ന പ്രപഞ്ച സത്യത്തെ മറന്നുകൊണ്ട്‌ ആ വര്‍ഗ്ഗത്തെ ഒന്നാകെ മ്ലേച്ഛപദങ്ങളിലൂടെ ഒറ്റക്കൂട്ടമായി വര്‍ഗ്ഗീകരിക്കുന്നത് ആശാസ്യമായി തോന്നിയിട്ടില്ല.

ചിത്രകാരന്‍ എന്ന ബ്ലോഗ്ഗര്‍ ഇന്നതു മാത്രമേ എഴുതാവൂ എന്നു നിഷ്ഠ വെക്കുവാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ തനിക്കു അസ്വീകാര്യമായതിനെ തള്ളിക്കളയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടു താനും.

ഒരാളുടെ എഴുത്ത് പരോക്ഷമായി എന്നെ കുത്തുന്നു എന്ന തോന്നല്‍ ആ ആളിലെ ന്യൂനത തന്നെയാണ്‌. താന്‍ അനാവരണംചെയ്യപ്പെട്ടു, നഗ്നയാക്കപ്പെട്ടു എന്നു തോന്നുന്നത് ഒരു തരം തിരിച്ചറിവുണ്ടാക്കുന്നുമുണ്ടാകാം. പക്ഷേ ഒരു കാര്യം ഒരാളില്‍ നിന്നും പല തവണ മ്ലേച്‌ഛോക്തിയോടെ കേള്‍ക്കുമ്പോള്‍ (ചിത്രകാരന്റെ കാര്യത്തില്‍ സവര്‍ണ്ണ വിരോധം)അതു വായനക്കാരിലുണ്ടാക്കുന്നത്‌ ഇത്തരം ജഡത്വത്തിനെതിരെ ചിന്തിക്കാനല്ല, മറിച്ച്‌ ഈ എഴുത്ത്‌ സാഹിത്യത്തില്‍ നിന്നകന്ന്‌ എഴുത്തുകാരന്റെ കുലപരമായ കുറവുകളെ ഉല്ലേഖിപ്പിക്കുന്നു എന്നാണ്‌. എഴുത്തും വിശ്വാസവും തമ്മിലുള്ള ആ സൂക്ഷ്മബന്ധത്തെ ഇത്തരം മുന്‍വിധികള്‍ ഇല്ലാതാക്കുന്നു. നായര്‍ സ്ത്രീകളെ വേശ്യ എന്നു പലതവണ വിളിക്കുന്നതു വഴി ഇതു വായിക്കുന്ന, ചിത്രകാരന്റെ എഴുത്തിനോടു ഇഷ്ടമുള്ള നിരവധി നായന്‍മാര്‍ അവരുടെ അമ്മയേയും ഭാര്യയേയും ഓര്‍ത്തുപോകുമ്പോള്‍ ചിത്രകാരന്റെ ഈ സാമൂഹികജഡത്വത്തിനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളികളാകാന്‍ മാനസികമായി ചിത്രകാരനൊപ്പം നില്‍ക്കാന്‍ അവര്‍ വിമുഖരാകുന്നു. അവിടെ ആ എഴുത്തു പരാജയമാകുന്നു. എന്തെന്നാല്‍ എഴുത്ത് അത്‌ എഴുതുന്നവരുടേയും വായിക്കുന്നവരുടേയും ചിന്തയേക്കാള്‍ മുന്‍പേ സ്‌പര്‍ശിക്കുന്നത് ഹൃദയത്തെയാണ്‌ എന്നതുകൊണ്ട്.

മഹാത്മാഗാന്ധി സഹിഷ്ണുതയുടെ ഉത്തമോദാഹരണമായിരുന്നു. എന്നാല്‍ ഗുജറാത്തിലെ ഗാന്ധിവര്‍ഗ്ഗങ്ങള്‍ പൊതുവേ പണം പലിശക്കു കൊടുക്കുന്ന മുനീംജികളാണ്. ഒരു ഗാന്ധിയെപ്പോലെയല്ലല്ലോ എല്ലാ ഗാന്ധിവര്‍ഗ്ഗക്കാരും.

പൊതുവായിരുന്ന സാമൂഹികവിശ്വാസങ്ങളോടെ തന്റെ രചനകള്‍ കൊണ്ട് മല്ലടിച്ചവരാണ്‌ അംഗീകരിക്കപ്പെട്ട ഓരോ എഴുത്തുകാരും. ഇവിടെ പലപ്പോഴും മല്‍പ്പിടുത്തം ദൃശ്യമാകുന്നുണ്ടെങ്കിലും ജയിക്കാനായി തേടുന്ന ആശയങ്ങളുടെ ശുഷ്കാവസ്ഥ അശ്ലീലപദങ്ങളിലൂടെ സുഭിക്ഷമാക്കുന്നതായാണു തോന്നിച്ചിട്ടുള്ളത്.

ഇനി ഇതാണു തന്റെ വിശ്വാസപദ്ധതി എന്നുറച്ച വിശ്വാസമുള്ള എഴുത്തുകാരനെ (ഇവിടെ ചിത്രകാരനെ) തിരുത്തുവാനുള്ള അവകാശം അന്യര്‍ക്കില്ല. ഒരാളുടെ മൌലികതയെ കടന്നാക്രമിക്കാതിരിക്കുക എന്നത് എഴുതുന്നവരും വായിക്കുന്നവരും തീരുമാനിക്കുന്നിടത്ത് സംജാതമാകുന്ന സുഖമാണ്‍ യഥാര്‍ഥ വായനാസുഖം. ഇവിടെ അതിവായനക്കിടം നഷ്ടപ്പെടുന്നു.

തന്റെ പൂര്‍വ്വികര്‍ സൂക്ഷിച്ചുപോന്ന ഉരകല്ലിനു അഭിമാനത്തോടെ അവകാശികാളാകുന്നവരും ആ ഉരകല്ലു ഇടിച്ചു പൊടിയാക്കാനായി ഇറങ്ങിത്തിരിച്ചവരും തമ്മില്‍ ഇത്തരം യുദ്ധങ്ങള്‍ സ്വാഭാവികം. പൂര്‍വികര്‍ പാലിച്ചിരുന്ന പ്രത്യയശാസ്‌ത്രങ്ങളെ സമകാലീന രൂപങ്ങളായി ഒരാളെ അമ്പരിപ്പിക്കുകയും അവയുടെ ജന്‍മമുഹൂര്‍ത്തങ്ങളിലെ ഗ്രഹനില ഊണിലും ഉറക്കത്തിലും ഒരാള്‍ സൂക്ഷിക്കുന്നുവെങ്കില്‍ അത്‌ അയാളില്‍ ധര്‍മ്മഭ്രംശം ഉണ്ടാക്കുകയും തികച്ചും ഷണ്ഡമായ രോഷത്തിലേക്കു തള്ളിയിടുകയും ചെയ്യും. അതു മനുഷ്യനെ മൊത്തവും, വര്‍ഗ്ഗത്തെ മൊത്തമായും വിവേചനാബുദ്ധിയില്ലാത്ത ആള്‍ക്കൂട്ടമായി നിലനിന്നുപോകുന്നു എന്നു വിശ്വസിക്കുവാന്‍ അയാളെ പ്രേരിപ്പിക്കുന്നു. അഥവാ നിരാശയോടെ അയാള്‍ തിരിച്ചറിയുന്നു. ഇവിടെ അയാള്‍ ഒറ്റപ്പെടുന്നു എന്നു വരുന്നു. ഇത്തരം ഒറ്റപ്പെടല്‍ സാഹിത്യം ഉണ്ടായ കാലം മുതല്‍ അതൃപ്തമായ എഴുത്തുകാരോടൊപ്പമുണ്ട്.

പൊതുവിശ്വാസത്തിന്റിരെയുള്ള ചതഞ്ഞതും കീറിത്തുന്നിയതുമായ വ്യക്തിവിശ്വാസങ്ങള്‍ അന്യപാത്രത്തിലേക്കു കോരി ഒഴിക്കുമ്പോള്‍ അതു പകരുന്ന പാത്രത്തിന്റെ മൂടി കിഴിഞ്ഞിട്ടില്ല എന്നുറപ്പു വരുത്തേണ്ടത് ഒഴിക്കുന്നവന്റെ ഉത്തരവാദിത്വമാണ്‌. പകരുന്ന പാത്രമല്ല, പകര്‍ത്തുന്നവനാണു അതു ഉറപ്പു വരുത്തേണ്ടത്.

ബൂലോകത്തിലെല്ലാവര്‍ക്കും മംഗളം.

ജ്വാലാമുഖി said...

track

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
ഇതില്‍ വ്യവഹാര ഗ്രൂപ്പ് എന്നത് തികച്ചും പക്ഷഭേദം പുലര്‍ത്തുന്ന ഒന്നായേ മതിയാവൂ എന്ന് അറിയായ്കയല്ല. ഇവിടെ ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ ചിത്രകാരനെതിരെ നടക്കുന്ന/ നടന്നേക്കാവുന്ന നിയമ നടപടികളെ പ്രതിരോധിക്കാന്‍ കൂട്ടായ് ശ്രമിക്കുക എന്നത് ബ്ലോഗ്ഗിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്താനുള്ള ശ്രമം തന്നെയാണ്. തീര്‍ച്ചയായും ഒരു എതിര്‍പക്ഷം ഉയര്‍ന്നു വരികതന്നെ ചെയ്യും എന്നറിഞ്ഞുകൊണ്ട് ചെയ്യേണ്ട ഒന്നാണ്. ഇവിടെ ചിത്രകാരന്‍ ഒരു നിമിത്തം മാത്രം. ചിലകാര്യങ്ങള്‍ യുദ്ധങ്ങളിലൂടെയേ തീരുമാനമാവൂ.
ബാക്കി പിന്നീട് .

ജ്വാ‍ലാമുഖി,
വിശദമായ ചര്‍ച്ചക്ക് നന്ദി. ചിത്രകാരന്‍ എന്ന വ്യക്തിയുടെ രചനാശൈലി ഇവിടെ വിശകലനം ചെയ്യാന്‍ എനിക്കു താല്‍പ്പര്യമില്ല, അത്യാവശ്യം സന്ദര്‍ഭങ്ങളില്‍ അവിടവിടങ്ങളില്‍ തന്നെ ഞാന്‍ കമന്റ്കള്‍ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ തുടക്കം മുതല്‍ പലയിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടതുമാണത് .വാക്കുകളും പ്രയോഗങ്ങളും ഒരു വ്യക്തിയുടെ സംസ്കാരവുമായി (വിശാ‍ലമായ അര്‍ത്ഥത്തില്‍ )ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെ പ്രസക്തമാവുന്നത് ഈ വിഷയം ബ്ലൊഗ്ഗിംഗിനെ ബാധിക്കാതിരിക്കാന്‍ പ്രതിരോധം സൃഷ്ടിക്കുക എന്നതാണ്. രൂക്ഷമായ സംവാദങ്ങള്‍ നടന്നേക്കാവുന്ന ഒരു മാദ്ധ്യമത്തെ ഇപ്രകാരം വ്യവഹാരങ്ങളില്‍ വലിച്ചിഴക്കുന്നത് തടയപ്പെടുക തന്നെ വേണം. നിയമപരമായി ഈ കേസ് വിധിക്കപ്പെടട്ടെ, പക്ഷെ ആ വിധി, ചിത്രകാരനെ മാത്രം അല്ല, മറിച്ച് മൊത്തം ബ്ലോഗ്ഗേഴ്സിനെ തന്നെ പ്രതിനിധീകരിക്കപ്പെടണം എന്നാണ് എന്റെ നിര്‍ദ്ദേശം.
ജോര്‍ജ്ജ് ബുഷ് പറഞ്ഞതു പോലെ, നിങ്ങള്‍ സ്വാതന്ത്ര്യത്തിനൊപ്പമുണ്ടോ അതോ വിലങ്ങുകള്‍ക്കൊപ്പമോ എന്നാണ് ചോദ്യം :)

ഭൂമിപുത്രി said...

ചിത്രകാരന്റെ ബ്ലോഗെഴുത്തുകൾ,മിയ്ക്കപ്പോഴും, ഞാൻ ആസ്വദിയ്ക്കാറില്ല എന്നതുകൊണ്ട് ഒഴിവാക്കുകയാൺ പതിവ്.തീവ്രനിലപാടുകളുള്ളവർ ബൂലോകത്ത് ചിത്രകാരൻ മാത്രമല്ല ഉള്ളത്.
ഇവരെയൊന്നും ബോധവൽക്കരിച്ച് ഒരു സമതുലനാവസ്ഥയിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിയ്ക്കുന്നത് വെറും സമയനഷ്ട്ടത്തിന് മാത്രമെ ഉതകു.
സ്വന്തം നിലപാടുകൾ വ്യക്തമാക്കുമ്പോൾ അത് വ്യക്തിപരമായി,ആരെയെങ്കിലും/സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തെയും, അപമാനിയ്ക്കാതെയും വേദനിപ്പിയ്ക്കാതെയും
ചെയ്യാൻ ശ്രമിയ്ക്കുന്നതാൺ ആരോഗ്യകരമായ ഒരു മാദ്ധ്യമസംസ്ക്കാരം എന്ന് ഞാൻ വിശ്വസിയ്ക്കുന്നു.
പക്ഷെ,ഇതൊരു സെൽഫ് റെഗുലേഷനിൽക്കൂടിയാൺ വരേണ്ടത്.
അല്ലാതെ ചാട്ടവാർവീശി മര്യാദ പഠിപ്പിച്ചുകൊണ്ടല്ല.
ചിത്രകാരൻ എന്തെഴുതി,അദ്ദേഹം ശിക്ഷാർഹനാണോ എന്നതല്ല വിഷയം.
ബ്ലോഗെന്ന നൂറുശതമാനം സ്വതന്ത്രമായ മാദ്ധ്യമത്തിന്റെ,ആ തനതു സ്വഭാവം അപകടത്തിലാക്കുന്ന എന്തിനെയും എതിർക്കേണ്ടതാൺ.

ചാണക്യന്‍ said...

ബ്ലോഗെന്ന മാധ്യമത്തിന്റെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളേയും എതിര്‍ക്കുക തന്നെ വേണം...
ചിത്രകാരന്‍ എന്ന ബ്ലോഗറല്ല ഇവിടെ പ്രസക്തം. ഒരു ബ്ലോഗര്‍ക്കെതിരെ മറ്റൊരു ബ്ലോഗര്‍ തന്നെ കേസുമായി പോവുക എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാനുള്ള ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ കുറിച്ച് അലോചിക്കാം അനിലെ...എന്റെ എല്ലാ വിധ പിന്തുണയുമുണ്ടാവും...

വികടശിരോമണി said...

അനിലേ,
ബ്ലോഗിന്റെ സ്വാതന്ത്യത്തിൽ കടന്നുകയറുന്ന നീക്കങ്ങൾക്കെതിരെ ഞാനുമൊപ്പമുണ്ട്,സംശയം വേണ്ട.ചിലരുടെ ഭീഷണികളും ധാർഷ്ട്യവുമൊക്കെ കാണുമ്പോൾ അനിൽ പറഞ്ഞതിന്റെ അനിവാര്യത ബോധ്യമാകുന്നുമുണ്ട്.

kadathanadan:കടത്തനാടൻ said...

ഞാൻ എന്റെ ബ്ലോഗിൽ പ്രതികരിച്ചിട്ടുണ്ട്‌.... ആശയത്തെ ആശയം കൊണ്ട്‌ നേരിടാൻ പഠിപ്പിക്കുന്ന ആവിഷ്ക്കാര സ്വതന്ത്ര്യത്തിനു വേണ്ടിയുല്ല ഏതു ശ്രമങ്ങൾക്കും കടത്തനാടന്റെ പൂർണ്ണ പിൻ.തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്‌.....ഇനി വേണമെങ്കിൽ' ഇന്ത്യൻ ആർട്ടിൽ"ഇന്ത്യയിലെമുഴുവൻ ഷേത്രങ്ങളിലേയും-വിശ്വാസികൾ ഭക്ത്യാദരവോടെ കൈകൂപ്പുന്ന,ആരാധിക്കുന്ന ഗോത്ര-ഫൂഡൽചിത്രപാരമ്പ്യരങ്ങളെ പിൻ.തുടരൂന്ന,കാമ ശാസ്ത്രത്തിലെ 64 രീതികളെയും വിശദീകരിക്കുന്ന വിഗ്രഹങ്ങളുടെയും ക്ഷേത്രചുമർ ചിത്രങ്ങളുടെയും പൂർണ്ണമായ നഗ്ന ഫോട്ടോപ്രിന്റ്‌ ആവസ്യപ്പെടുകയാണെങ്കിൽ ഇവിടെ ഇടൂകയും ചെയ്യാം. അതോരു പുണ്യകർമ്മമാവുമൊ ക്രൈമാവുമൊ എന്ന് വിസ്വാസികൾ തീരുമാനിച്ചറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു 24മണിക്കൂറിനുള്ളിൽ എതിരഭിപ്രായമില്ലെങ്കിൽ...പുണ്യകർമ്മമായികരുതിപ്രസിദ്ധീകരിക്കുമെന്നിതിനാൽ അറിയിക്കുന്നു..

അനില്‍@ബ്ലോഗ് // anil said...

ഭൂമിപുത്രി,
മാദ്ധ്യമ സ്വാതന്ത്ര്യം പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാ‍ണ് ബ്ലോഗ്ഗ് എന്ന സ്പേസിന്റെ സ്വാതന്ത്ര്യവും. ഒപ്പം ,പ്രിന്റ് / വിഷ്വല്‍ മാദ്ധ്യമങ്ങളില്‍ ചില നിഷ്കര്‍ഷകളെങ്കിലും ഉണ്ടെന്നത് ഒരു പരിമിതിയായി കണക്കാക്കി ബ്ലോഗ്ഗിലെത്തുകയും ,അതിന്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം

ചാണക്യന്‍,

വികടശിരോമണി,
വാക്കുകള്‍ക്കും പിന്തുണക്കും നന്ദി. ദൃതിയില്ല, മറിച്ച് സാഹചര്യം അത് ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രം...

kadathanadan,
ശക്തമായ ആശയത്തിനു നന്ദി. ഒരു പക്ഷെ ഇത്തരം പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ വിമര്‍ശനാത്മകം. ഉദാഹരിക്കാവുന്നത് ഇ.എ.ജബ്ബാറിന്റ്റെ സംവാദങ്ങളാണ്. ഒരു ഗ്രന്ധത്തിലുള്ളതു തന്നെ ഉപയോഗിച്ച് അതിനെത്തന്നെ വിമര്‍ശിക്കുക. ചാണക്യന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്.ഇവിടെ കാണാം

പക്ഷെ ബോധപൂര്‍വ്വം ഇകഴ്ത്താന്‍ ശ്രമിക്കുന്നു എന്ന തോന്നലുണ്ടാവുമ്പോഴാണ് പ്രശ്നം ആവുന്നത്. ഭാഷയുടെ ഉപയോഗ സാദ്ധ്യതകളെപ്പറ്റി വിശദീകരിക്കണ്ടതില്ലല്ലോ. നന്ദി.

തറവാടി said...

അനില്‍ ,
വിഷയത്തെ പറ്റി പിന്നീട്.
കുറുക്കിയുള്ള ഈ എഴുത്തുഗ്രന്‍. :)

കാപ്പിലാന്‍ said...

അനില്‍ ഇവിടെ നടത്തിയത് ഭാക്ഷയുടെ അതിപ്രസരമാണ് .ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എനിക്കീ വക ഭാക്ഷ തീരെപ്പിടിക്കില്ല .സാധാരണക്കാര്‍ക്ക് കൂടി മനസിലാകുന്ന ഭാക്ഷയില്‍ എഴുതണം .

ഇങ്ങനെയെഴുതുക എന്നത് എന്‍റെ സ്വതന്ദ്ര്യമാണ് .ഇതിനെ എങ്ങനെ വ്യഖ്യാനിക്കണം എന്നത് അനിലിന്റെ യുക്തി .

ബ്ലോഗ് ശില്പശാലക്കെതിരെ നടത്തുന്ന മറ്റൊരു ആക്റ്റീവ് ഗ്രൂപ്പിസം മുളയിലേ നുള്ളണം എന്നാണ് എന്‍റെ അഭിപ്രായം .

:):)

ചിത്രകാരന്‍ അയാള്‍ക്ക്‌ സൗകര്യം ഉള്ളതുപോലെ എഴുതട്ടെ .മനസിലാക്കേണ്ടാവര്‍ ആ രീതിയില്‍ മനസിലാക്കട്ടെ .അതിന്റെ വാലില്‍ തൂങ്ങി നടക്കുംബോഴല്ലേ ഈ പ്രശനങ്ങള്‍ .കേസ് കൊടുത്തവര്‍ പിന്‍ വലിക്കാതിരിക്കില്ല എന്നാണ് എന്‍റെ ഒരു വിശ്വാസം .അല്ലെങ്കില്‍ തന്നെ നമ്മുടെ കര്‍ഷകനും ,അമ്പലവാസിയും അതരക്കാരാണോ ? :)

Sunith Somasekharan said...

അങ്ങനെയൊന്നു വരേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു ...

Typist | എഴുത്തുകാരി said...

തീര്‍ച്ചയായും, ബ്ലോഗെന്ന മാദ്ധ്യമത്തിന്റെ സ്വാതന്ത്ര്യത്തിനെ ഇല്ലായ്മ ചെയ്യുന്ന ഒന്നും ഉണ്ടാവരുത്. ഒരു ബ്ലോഗര്‍ എന്നതല്ലാ, ഇവിടത്തെ പ്രശ്നം. മറിച്ചു്, ബ്ലോഗ് സമൂഹത്തിനു മൊത്തത്തിലുള്ളതാണ്.ഒരു ബ്ലോഗര്‍ മറ്റൊരു ബ്ലോഗര്‍ക്കെതിരെ പരാതി കൊടുക്കുക, എന്തോ ഒരു സുഖമില്ല.

അക്കു അഗലാട് said...

ജബ്ബാര്‍മാസും ചിത്രകാരനും എഴുതുന്ന ഇത്തരം രചനകള്‍ സമൂഹത്തിനു ‍എന്ത് പ്രയോജനമണ് എന്നാതാണ് അദൃം ചര്‍ച്ച ചെയ്യപ്പെടേണ്ടത്..