1/22/2009

പക്ഷിപ്പനിയെന്ന വ്യവസായം

ഇന്നു രാവിലെ മാതൃഭൂമിയില്‍ കണ്ട വാര്‍ത്താ ശകലമാണിത്.

ലോകം ഇന്ന് പക്ഷിപ്പനിയെന്നൊരു മഹാമാരി ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. പക്ഷികളെ മാത്രം ബാധിച്ചിരുന്ന പക്ഷിപ്പനി വൈറസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മനുഷ്യനേയും ആക്രമിച്ചുതുടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. തുടര്‍ന്ന് ലോകവ്യാപകമായി ഇതിനെതിരെ ജാഗ്രത പുലര്‍ത്താനുള്ള നടപടികളാരംഭിക്കുകയും ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാന്‍ ആരോഗ്യ, മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയും ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്വാഭാവിക പരിശീലന പരിപാടിയാണ് പത്ര റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പക്ഷിപ്പനിയെപ്പറ്റി സൂരജിന്റെ മെഡിസിന്‍ അറ്റ് ബൂലോകത്തില്‍ വന്ന പോസ്റ്റ് ഈ വിഷയത്തിലെ ആശങ്കകള്‍ ദൂരീകരിക്കാന്‍ പര്യാപ്തമായിരുന്നു.

ഈ പരീശീലപരിപാടിയില്‍ നടന്ന് അവതരണങ്ങളിലെ രണ്ടു ചിത്രങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതായതിനാല്‍ അവ ഇവിടെ കൊടുത്തിരിക്കുന്നു.

പക്ഷിപ്പനി ബാധയെ പ്രതിരോധിക്കുന്ന ദ്രുതകര്‍മ്മ സേന (റാപ്പിഡ് റെസ്പോണ്‍സ് ടീം) അവലംബിക്കേണ്ട മുന്‍കരുതലുകള്‍ പ്രതിപാദിക്കുന്ന അവതരണത്തില്‍ നിന്നാണ് ഇത്. അണുബാധ തടയാനായി കഴിക്കേണ്ട മരുന്നാണ് ഒസള്‍ട്ടാമിവിര്‍ (ഇതിന്റെ ഉപയോഗത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്). ടാമിഫ്ലൂ എന്ന വ്യാവസായിക ഉല്‍പ്പന്നം തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് നോക്കുക. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഭാരത സര്‍ക്കാര്‍ തയ്യാറാക്കിയ പരിശീലന വസ്തുക്കളാണിവയെന്ന് ഓര്‍മ്മിക്കുക.

ഒരു പക്ഷിപ്പനി ബാധിത സ്ഥലത്ത് സംഘാങ്ങള്‍ എത്തുമ്പോള്‍ ചെയ്യേണ്ട നടപടികളുടെ അവതരണത്തില്‍ നിന്നുള്ള ഒരു പ്രദര്‍ശനമാണിത്. ഇവിടെ രാസനാമം ഉപയോഗിക്കുന്നില്ല എന്നതും , പക്ഷിപ്പനി പ്രതിരോധത്തിന്റെ പര്യായമായി “ടാമിഫ്ലൂ” മാറിയതായും ശ്രദ്ധിക്കുക.

ഏതൊരു പരിശീലന പരിപാടിയിലും ഏതെങ്കിലും വ്യാവസായിക ഉല്പന്നത്തിന്റെ പ്രദര്‍ശനം ഉള്‍പ്പെടുത്തുന്നത് സംശയ ദൃഷ്ടിയോടെ മാത്രമേ വീക്ഷിക്കാനാവൂ.


ടാമിഫ്ലൂ:

അമേരിക്കയിലെ റോഷ് കമ്പനി നിര്‍മ്മിക്കുന്ന വ്യാവസായിക ഉല്‍പ്പന്നമാണിത്. പക്ഷിപ്പനിക്കെതിരെ പരമ്പരാഗത മരുന്നുകള്‍ ഫലവത്താവാതെ വന്ന സാഹചര്യത്തിലാണ് റൊഷിന്റെ ടാമിഫ്ലൂ ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഒസള്‍ട്ടാമിവിര്‍ ഫോസ്പേറ്റ് ആണിതിന്റെ അടിസ്ഥാന ഘടകം. ലോകമെമ്പാടും തങ്ങളുടെ സേവനം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതായിയുള്ള വാര്‍ത്ത
ഇവിടെ വായിക്കാം. ജിലിയാഡ് സയന്‍സസ് എന്ന കമ്പനിയാണ് ടാമിഫ്ലൂവിന്റെ യഥാര്‍ത്ഥ പേറ്റന്റ് അവകാശികള്‍. ഈ മരുന്നുണ്ടാക്കാനുള്ള ലൈസന്‍സ് മാത്രമാണ് റൊഷ് കമ്പനിക്ക് ഇവര്‍ നല്‍കിയിട്ടുള്ളത്. ലോകമാകമാനം പക്ഷിപ്പനി ഭീഷണി പടര്‍ന്ന സാഹചര്യത്തില്‍ രണ്ടു കമ്പനികളും തമ്മില്‍ നിയമപരമായ ചില ഏറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും തങ്ങളുടെ തര്‍ക്കങ്ങള്‍ തീര്‍ന്നു എന്ന് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 2004 ഇല്‍ 266 ദശലക്ഷം ഡോളറായിരുന്ന ടാമൊഫ്ലൂ വിറ്റുവരവ് 2006 ഇല്‍ 925 ദശലക്ഷം ഡോളറായി ഉയര്‍ന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലെ ആഭ്യന്തര ഉപയോഗത്തിനും, വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികര്‍ക്കുമായി ദശലക്ഷക്കണക്കിനു ഡോളറിന്റെ ടാമിഫ്ലൂവാണ് വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും ഇതിനു പിന്നില്‍ ബുഷ് ഭരണകൂടത്തിലെ ചില പ്രമുഖരുടെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും ആരോ‍പണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.ജെലിയാഡ് സയന്‍സസിന്റെ തന്നെ
ഈ പത്രക്കുറിപ്പ് ഇതിനുള്ള ഉത്തരവും നമുക്ക് നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ റൊണാള്‍ഡ് റംസ്ഫീല്‍ഡ് 1997 മുതല്‍ 2001 വരെ ജിലിയാഡ് കമ്പനിയുടെ ചെയര്‍മാനായിരുന്നു എന്നതാണത്. ഇതുമാത്രമല്ല ഈ കമ്പനിയില്‍ ഇദ്ദേഹത്തിനു ദശലക്ഷങ്ങള്‍ വരുന്ന ഷെയര്‍ ഉള്ളതായും ചില വാര്‍ത്തകള്‍ പറയുന്നു.

എപ്രകാരമാണ് പക്ഷിപ്പനിയും ടാമിഫ്ലൂവും ലോക വിപണി കീഴടക്കാന്‍ പോകുന്നതെന്ന ചില സൂചനകള്‍മാത്രമാണിത്.

23 comments:

അനില്‍@ബ്ലോഗ് said...

എപ്രകാരമാണ് പക്ഷിപ്പനിയും ടാമിഫ്ലൂവും ലോക വിപണി കീഴടക്കാന്‍ പോകുന്നതെന്ന ചില സൂചനകള്‍മാത്രമാണിത്

വികടശിരോമണി said...

ടാമിഫ്ലൂ പക്ഷിപ്പനിയേക്കാൾ വലിയ ബാധയാകും.മരുന്നിന്റെ കുത്തകവൽക്കരണത്തിനെതിരെ ശക്തമായ നിയമവും,പ്രയോഗവുമില്ലാത്തത് ഒരു രാജ്യത്തിന്റെ കൊടുംശാപമാണ്.നമുക്കു മുകളിൽ എന്തും പോകുമെന്നായിരിക്കുന്നു.
നല്ലപോസ്റ്റ്,അനിലേ.മൂഡായിട്ട് ഒന്നും കൂടി ചിലപ്പോൾ വരാം.
അതാ മറന്നു:
{{{{ഠേ}}}}

കാപ്പിലാന്‍ said...

ഈ ചര്‍ച്ച ഞാന്‍ ദൂരെയിരുന്നു കാണാം .അതാണ്‌ രസം :)

അനിലേ ആശംസകള്‍ .

ഒബാമയോട് കാര്യങ്ങള്‍ എല്ലാം പറഞ്ഞ് നമുക്ക് ഗോമ്പ്ലിമെന്റ്സ് ആക്കാം )

Typist | എഴുത്തുകാരി said...

അനില്‍, ഇത്ര വിശദമായി കാര്യങ്ങള്‍ പറഞ്ഞതിനു നന്ദി. എല്ലാം വ്യവസായമല്ലേ, ഇപ്പോള്‍?

കുമാരന്‍ said...

മെനക്കെട്ടിരുന്ന് ഇത്രയും വിവരങ്ങള്‍ തന്നതിനു അഭിനന്ദിക്കുന്നു.

തോന്ന്യാസി said...

ടാമി ഫ്ലൂ വിനെതിരെ ദ്രുതകര്‍മ്മ സേന എന്ന തലേക്കെട്ടുമായി ഇറങ്ങുന്ന പത്രത്തിനായി കാത്തിരിയ്ക്കാം....

ശ്രീ said...

കാത്തിരുന്നു കാണുക തന്നെ.

ഇങ്ങനെ ഒരു പോസ്റ്റിട്ടതിനു നന്ദി മാഷേ...

പാമരന്‍ said...

മാഷെ, കലക്കന്‍ പോസ്റ്റ്‌.. നേരത്തെ ശ്രദ്ധിക്കാതെ വിട്ടതിനു ക്ഷമ..

സുശീല്‍ കുമാര്‍ പി പി said...

ഈ ജാഗ്രതയെ അഭിനന്ദിക്കുന്നു. പള്‍സ് പോളിയോ ഇമ്മുണൈസേഷനെക്കുറിച്ച്‌ സംശയം ചോദിച്ച സാജനെതിരെ കള്ളക്കേസ്‌ കൊടുത്തത്‌ നമ്മുടെ ഡിപ്പാര്‍ട്മെന്റ് തന്നെയായിരുന്നു.

ചങ്കരന്‍ said...
This comment has been removed by the author.
ചങ്കരന്‍ said...

ഒരു പുതിയ മരുന്നുണ്ടാക്കാനുള്ള ചിലവ് ഭീകരമാണ്, അതു മുതലാക്കണ്ടേ. മനുഷ്യന്‌ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വിലയില്ലല്ലോ.

suraj::സൂരജ് said...

വൈദ്യന്‍ കാണാത്തത് രോഗി കാണുന്നുണ്ട്. ശുഭലക്ഷണം ! Self-regulatory നടപടികള്‍ ഒന്നുമില്ലാതെ അഴിഞ്ഞുകിടക്കുന്ന ഒരു വൈദ്യസമൂഹം അര്‍ഹിക്കുന്നത് ഹോക്കിസ്റ്റിക്കും സൈക്കിള്‍ചെയ്നുമായി നില്‍ക്കുന്ന രോഗീസമൂഹത്തെ തന്നെയാണ്.

പക്ഷിപ്പനിയുടെ രാഷ്ട്രീയത്തെ കുറിച്ച് ആ പോസ്റ്റില്‍ ഒരല്പം എഴുതിയെങ്കിലും ഡൈഗ്രെഷന്‍ അരോചകമാകുമെന്നോര്‍ത്ത് വിട്ടതാണ്. അല്പം കൂടി പറയാനുണ്ടതില്‍. സമയം കിട്ടുമ്പോളെഴുതാമെന്ന് കരുതുന്നു.

കാന്താരിക്കുട്ടി said...

എല്ലാത്തിന്റെയും പുറകിൽ ബിസിനസ് തന്ത്രങ്ങളല്ലേ..ഈ മരുന്നൊക്കെ വിൽക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ തടയുന്നുണ്ടാവും.എല്ലാം കാത്തിരുന്നു കാണുക തന്നെ

ദീപക് രാജ്|Deepak Raj said...

പുര കത്തുമ്പോള്‍ വാഴവെട്ടുക. പുര കത്തിയില്ലെങ്കില്‍ കൂലിയ്ക്ക് ആളെവിട്ടു കത്തിച്ചു വാഴത്തോപ്പ് മുഴുവന്‍ കൂലിക്കാരെ കൊണ്ടു വെട്ടിക്കുക..

ഓഫ്.ടോക്.: എയിഡ്സ് മറുമരുന്നു കണ്ടുപിടിക്കാത്തത് മരുന്ന് കമ്പനിക്കാരുടെ താല്പര്യകുറവ് മൂലം എന്നുകെട്ടൂ. കാര്യം മരിക്കാനുള്ള ഇടവേള നീട്ടികൊടുക്കുന്ന മരുന്നുകളുടെ വിലകൂടുതല്‍ ആയതിലാല്‍ അതുവില്‍ക്കുന്നതാ കൂടുതല്‍ ലാഭമെന്നും. ആര്‍ക്കറിയാം..

neeraj said...

ഉപകാരപ്രദം. ലിങ്കുകള്‍ ഏറെ നന്നായി.
ജനകീയ ആരോഗ്യത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നവരെല്ലാം ഇപ്പോഴിപ്പോള്‍ മിണ്ടാതായി. എല്ലാം ചേര്‍ത്തു വായിക്കേണ്ടിവരും.
മരുന്നുവ്യവസായം, ഫണ്ട്‌ിംഗ്‌ പൊതുപ്രവര്‍ത്തനം, ഈ മേഖലയില്‍ കഴിവുള്ളവനെ പിടിച്ച്‌ മറ്റു ചില ഉയരങ്ങളില്‍ സ്ഥാപിച്ചതിനെക്കുറിച്ച്‌ അങ്ങിനെ എന്തെല്ലാം....

അനില്‍@ബ്ലോഗ് said...

വികടശിരോമണി,
പേറ്റന്റ് ഉള്ള വിദ്യയായതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇതു നിര്‍മ്മിക്കാനാവില്ല. ഇന്ത്യന്‍ റാന്‍ബാക്സിയടക്കമുള്ള കമ്പനികള്‍ക്ക് ഇതു നിര്‍മ്മിക്കാനുള്ള സബ് കോണ്ട്രാക്റ്റു പോലെ നല്‍കാമെന്ന് റോഷ് ഇപ്പോള്‍ പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ പക്ഷിപ്പനി വന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും അതുവഴി തൈവാനിലെ പോലെ കമ്പത്സറി ലൈസന്‍സിങ് ഏര്‍പ്പെടുത്തുകയും ആണ് ചെയ്യേണ്ടത്. അങ്ങിനെ വന്നാല്‍ കുറഞ്ഞ വിലക്ക് ഇത് ലഭ്യമാക്കാനാവും എന്നാണ് വിഗ്ധാഭിപ്രായം.

കാപ്പിലാന്‍,

Typist | എഴുത്തുകാരി

കുമാരന്‍
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.

തോന്യാസി,
വളരെ ഗൌരവമായി ആലോചിക്കേണ്ടി വരും. :)

ശ്രീ,
അഭിപ്രായങ്ങള്‍ക്ക് നന്ദി.

പാമരന്‍,
നേരത്തെ പോസ്റ്റിയ ടൈം ശരിയായില്ല, അതിനാല്‍ പലരും കണ്ടില്ലെന്നു പറഞ്ഞതിനാലാണ് റീ പോസ്റ്റ് ചെയ്തത്. :)
നന്ദി.

സുശീല്‍ കുമാര്‍ പി പി,
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനും ചര്‍ച്ച ചെയ്യേണ്ടതാണ്. നമ്മുടെ ബൂലോക ഡോക്ടര്‍മാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കും എന്നു കരുതാം.

ചങ്കരന്‍,
അതെ, മനുഷ്യനു വിലയില്ല, അതിനാല്‍ കിട്ടുന്ന സാഹചര്യങ്ങള്‍ മുതലാക്കുക.

കാന്താരിക്കുട്ടി,
അഭിപ്രായങ്ങള്‍ക്കു നന്ദി.

ദീപക് രാജ്|Deepak Raj,
പുര കത്തുമ്പോഴല്ലെ വാഴ വെട്ടാനാവൂ. :)

neeraj,
എവിടേയും മുതലെടുപ്പിനാളുണ്ടാവും, പക്ഷെ ജാഗ്രത പുലര്‍ത്തുക എന്നത് നമ്മുടെ മാത്രം ആവശ്യമാണല്ലോ.

അനില്‍@ബ്ലോഗ് said...

സൂരജ്,
സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
പക്ഷിപ്പനിയുടെ കച്ചവട സാദ്ധ്യതകളെപ്പറ്റി താങ്കളുടെ പോസ്റ്റില്‍ പറഞ്ഞത് ചില സൂചനകള്‍ നേരത്തെ നല്‍കിയതിനാല്‍ ഇതു പെട്ടന്നു തന്നെ കണ്ണില്‍ പെട്ടു. വാക്സിന്‍ നിര്‍മ്മാണം, ഒസള്‍ട്ടാമിവിര്‍ ഉപയോഗിച്ചുള്ള കീമോ പ്രൊഫൈലാക്സിസ് എന്നിവയെപ്പറ്റിയെല്ലാം ഭിന്നാഭിപ്രായങ്ങളാണുള്ളത് എന്ന് അറിയാനായി. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് അടുത്ത പോസ്റ്റില്‍ ഉള്‍പ്പെടുത്തുമല്ലോ. ഇന്ത്യയില്‍ ഇനി പക്ഷിപ്പനി വരാനുള്ള സാദ്ധ്യതയില്‍ അഞ്ചാം സ്ഥാനമാണ് കേരളത്തിനു .

ആചാര്യന്‍... said...

അമേരിക്കക്കാര് എംബ്രിയോ സ്റ്റെം സെല്‍ പരീക്ഷിച്ച് അവയവങ്ങള്‍ പെയിന്‍റു ചെയ്തെടുക്കാനുള്ള പുറപ്പാടിലാ.. നമ്മള്‍ വിചാരിച്ചാലും മരുന്നൊക്കെ കണ്ട് പിടിക്കാം, വേണോന്ന് വെക്കണം, അത്രേള്ളൂ

ചാണക്യന്‍ said...

അനില്‍,
നല്ല പോസ്റ്റ്, അഭിനന്ദനങ്ങള്‍...

വികടശിരോമണി said...

ങ്ങ്ഹാ,ഈ ചാണക്യനിവിടുണ്ട്,അല്ലേ...:)

കുഞ്ഞന്‍ said...

അനില്‍ഭായി..

നല്ല നിരീക്ഷണങ്ങള്‍.. എവിടേയും മിടുക്കന്മാര്‍ നേട്ടമുണ്ടാക്കുന്നു.

hAnLLaLaTh said...

വിവരങ്ങള്‍ ആധികാരികമെന്ന് വിശ്വസിക്കുന്നു...
ആശംസകള്‍...

jwalamughi said...

ആരോഗ്യ് രംഗം ബിസിനസ്സിനു പറ്റിയ മേഖലതന്നെ
ഇന്ത്യയില് മനുഷ്യരും കൂടുതല്
നല്ല മാര്കറ്റ്,
ഗിനിപിഗ്ഗുകള് ആക്കുവാന് എളുപ്പം