1/04/2009

ആനക്ക് ആര്‍.സി. ബുക്ക്


ഉത്സവകാലം വരവായി.

മലബാര്‍ മേഖലയില്‍ പൂരങ്ങളുടേയും വേലകളുടേയും കാലമാണിനി.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വര്‍ണ്ണ ബലൂണുകള്‍ പാറി നടക്കും.
തങ്ങള്‍ക്കന്നം നല്‍കിയ ദേവകളുടെ പ്രീതിക്കായ് കാളരൂപങ്ങളും, കാളിരൂപങ്ങളും വയലുകളില്‍ നിറയും.

ഉത്സവങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന പ്രധാന ഇനമാണ് ആന എഴുന്നെള്ളിപ്പ്.
ഇതു നിഷിദ്ധമായ അപൂര്‍വ്വം ചില ആരാധനാലയങ്ങളൊഴികെ എല്ലായിടവും, ജാതി മത ഭേദമെന്യേ ഈ പാവം ജീവികളെ കെട്ടിയെഴുന്നെള്ളിക്കുന്നു. ആനകളുടെ എണ്ണം ഉത്സവത്തിന്റെ പ്രൌഢിയുടെ അളവുകോല്‍ പോലും ആവുന്നു. കേരളത്തില്‍ എഴുന്നെള്ളിക്കപ്പെടുന്ന ആനകളുടെ എണ്ണം , ഇവിടുത്തെ മൊത്തം ആനകളേക്കാള്‍ കൂടുതലാണ് എന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്. എണ്ണം തികക്കാന്‍ ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുംവന്‍ തോതില്‍ ആനകളെ കൊണ്ടു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.പലപ്പോഴും വിശ്രമമോ, കുടിവെള്ളമോ പോലും ലഭ്യമാവാതെ തളരുന്ന ഇവയാകട്ടെ പരിഭ്രാന്തിയാല്‍ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ പ്രലോഭനത്താല്‍ മദപ്പാടുള്ള സമയങ്ങള്‍ പോലും ഇവക്ക് വിശ്രമം ലഭിക്കുന്നില്ല. ഫലമോ, "ആനച്ചോര്‍ കൊലച്ചോര്‍ "എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇവ പാപ്പാന്മാരെ കൊന്നൊടുക്കുന്നു. കൊലവിളി നടത്തി പായുന്ന കൊമ്പന്മാരുടെ ആക്രമണത്തില്‍ നിരവധിയായ സാധാരണമനുഷ്യരും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്.


ആനകളുടെ സംരക്ഷണത്തിനും, എഴുന്നെള്ളിപ്പിനുമായി നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. ഇതു കൂടാതെ 2008 ഡിസംബറില്‍ പുറത്തിറങ്ങിയ അറിയിപ്പില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉത്സവക്കമ്മറ്റിക്കാര്‍ക്കും, പോലീസിനുമായി നല്‍കിയിരിക്കുന്നു.

ഏഴുന്നെള്ളിപ്പ് സമയത്ത് വേണ്ട കാര്യങ്ങള്‍ :


1. കേരള‍ത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ ഉടമസ്ഥ സര്‍ഫിക്കറ്റ്.
2. റജിസ്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്.
3. തിരിച്ചറിയലിനായി മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ്.
4. രണ്ടാഴചക്കുള്ളില്‍ എടുത്തിട്ടുള്ള മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്.
5. പാപ്പാന്മാര്‍ക്ക് രണ്ടര ലക്ഷത്തില്‍ കുറയാത്ത തുകക്ക് ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്.
6. ആന ആക്രമകാരിയായാല്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യാനുള്ള പബ്ലിക്ക് ലയബിലിറ്റി ഇന്‍ഷ്വറന്‍സ്.
7. ആനയുടെ ആക്രമണത്തില്‍ മറ്റു ആളുകള്‍ക്ക് ഉപദ്രവമേറ്റാല്‍ അത് കൈകാര്യം ചെയ്യാനുള്ള തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്.
8. ആനക്ക് പൊതുജനങ്ങളില്‍ നിന്നും ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധ ചലുത്താമെന്ന് , ആന ഉടമയും, ഉത്സവക്കമ്മറ്റിയും തമ്മിലുള്ള ഉടമ്പടി പത്രം.


ഇത്രയും രേഖകള്‍ ഉണ്ടായിരിക്കണം എന്നത് ജില്ലാ പോലീസ് സൂപ്രണ്ട്, മൃഗ സംരക്ഷണവകുപ്പ് ഇവര്‍ ഉറപ്പാക്കേണ്ടതാണ്. ഇവയില്ലാതെ ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് കമ്മറ്റിക്കായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്വം.

ഇവകൂടാതെ മറ്റു ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ട്.

1. ആളുകള്‍ക്കും ആനകള്‍ക്കും യധേഷ്ടം മേയാനുള്ള സ്ഥലം ഉത്സവപ്പറമ്പിനുണ്ടായിരിക്കണം.
2. എഴുന്നെള്ളിപ്പിനു നിരത്തി നിര്‍ത്തുന്ന രണ്ട് ആനകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം.
3. ഇടച്ചങ്ങല നിര്‍ബന്ധമായും ഇടേണ്ടതാണ്.
4. മദപ്പാടിന്റെ സംശയം ഉള്ള ആനകള്‍ക്ക് 3/4 ഇഞ്ച് ചങ്ങല ഉപയോഗിക്കണം.
5. ഒന്നാം പാപ്പാന്‍ , ആനയുടെ ഉത്തരവാദിത്വപ്പെട്ട ഒരാള്‍, എന്നിവര്‍ ആനക്കൊപ്പം ഉണ്ടാവണം.
6. പാപ്പാനെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനക്ക് വിധേയനാക്കണം.
7. കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന എഴുന്നെള്ളിപ്പില്‍ അഞ്ച് ആനകളില്‍ കൂടുതല്‍ ഉപയോഗിക്കുന്നുവെങ്കില്‍ "സ്പെയര്‍ ആന" വേണം.


ഇനിയും നിയമങ്ങളനവധി, ഇവ അറിയാഞ്ഞിട്ടോ എന്തോ എല്ലാവര്‍ഷവും ആനകള്‍ നിരവധി പ്രശങ്ങള്‍ ഉണ്ടാക്കാറുണ്ട്.

പ്രശനരഹിതമായ ഒരു ഉത്സവകാലം ആവട്ടെ ഇത്തവണ എന്ന് ആഗ്രഹിക്കാം നമുക്ക്.

55 comments:

അനില്‍@ബ്ലോഗ് said...

കേരളത്തില്‍ എഴുന്നെള്ളിക്കപ്പെടുന്ന ആനകളുടെ എണ്ണം , ഇവിടുത്തെ മൊത്തം ആനകളേക്കാള്‍ കൂടുതലാണ് എന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്. എണ്ണം തികക്കാന്‍ ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുംവന്‍ തോതില്‍ ആനകളെ കൊണ്ടു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അങ്കിള്‍ said...

ഒരാന പ്രീയനുംകൂടി ആണല്ലേ?. തിരോന്തരംകാരനു എങ്ങനെ ഈ ദുര്‍ഗ്ഗുണം കിട്ടി?

paarppidam said...

പോസ്റ്റു നന്നായി ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ ബീഹാറിൽ നിന്നും ഇനി ആനക്ലെ കൊണ്ടുവരുവാൻ കഴിയില്ല എന്നാണ് അറിയുന്നത്.ഏകദേശം രണ്ടുവർഷം മുമ്പ് അതു നിരോധിച്ചുവത്രെ. അല്ലെങ്കിൽ തീർച്ചയായായും തൃശ്ശൂരിലെ മത്സരപ്പൂരങ്ങളിൽ കൂടുതൽ ഉയരമുള്ള ബീഹാറികളും ആസ്സാമികളും എത്തുമായിരുന്നു.

നിയമങ്ങൾ ഇല്ലാത്ത പ്രശനം അല്ല ഇവിടെ.അതു പാലിക്കപ്പെടാത്തതിന്റെ കുഴ്പപം ആണ്.പിന്നെ ആനയിടയുന്നതിനെ കുറിച്ച് ,അത് പലപ്പോഴും അവയെ ശിക്ഷിക്കുന്നതും,ഭക്സ്sഅണം നൽകാത്തതും കൂടാതെ വറ്റുനീരുള്ള ആങ്കളെ എഴുന്നള്ള്Lത്തിനു കൊണ്ടുവർrഉന്നതുകൊണ്ടും ആ‍കാം. ഒരു പോസ്റ്റ് ഇവിടെ
എന്തായാലും തെച്ചിക്കോട്ടുകാവും,കർണ്ണനും വിഷ്ണു ശങ്കറും,ചെർപ്ലശ്ശെരിപാഥനും പുത്തംകുളം അനന്ദനും എല്ലാം അണിനിരക്കുന്ന ഉത്സവപ്പറമ്പുകളിലേക്ക് സ്വാഗതം...

ആദര്‍ശ് said...

ഇപ്പോഴും നിയമങ്ങള്‍ നോക്കുകുത്തികള്‍ തന്നെ..
ആന ഇടയുന്നത് ചാനലുകാര്‍ ലൈവ് ആയി കാണിക്കും ..
നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തും ...
പാവം ആന...വില്ലനാവും ..!

സി. കെ. ബാബു said...

“ഇതു കൂടാതെ 2008 ഡിസംബറില്‍ പുറത്തിറങ്ങിയ അറിയിപ്പില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉത്സവക്കമ്മറ്റിക്കാര്‍ക്കും, പോലീസിനുമായി നല്‍കിയിരിക്കുന്നു.”

ഈ അറിയിപ്പില്‍ പറയുന്ന കാര്യങ്ങള്‍ മറികടക്കാന്‍ കൊടുക്കേണ്ട തുക മറ്റൊരു് രഹസ്യ അറിയിപ്പിലൂടെ നേരത്തേ ബന്ധപ്പെട്ടവര്‍ വിതരണം ചെയ്തിട്ടുണ്ടാവും!

നിയമങ്ങള്‍ അനുസരിച്ചു് കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ ഭാരതം പറുദീസ ആയിരുന്നേനെ! നിയമങ്ങളില്‍ ഉള്ള കുറവുകള്‍ കാലാനുസൃതം പരിഹരിക്കുന്നതും വലിയ പ്രശ്നമാവുകയില്ലായിരുന്നു. ഭാരതത്തില്‍ പക്ഷേ ഇന്നു്‌ കോടതികള്‍ അടക്കമുള്ള നിയമപാലകരെ പോലും വിശ്വസിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നതിനു് എത്ര തെളിവുകള്‍ വേണമെങ്കിലും ഉണ്ടല്ലോ!

നിലവിലിരിക്കുന്ന നിയമങ്ങളിലെ ആറാമത്തേതു് ബോള്‍ഡ് ലെറ്റേഴ്സില്‍ ആക്കേണ്ടതായിരുന്നു.

ചാണക്യന്‍ said...

അനില്‍ വിഷയം ചിന്തനീയം...

കാളപ്പുറത്തും പശുവിന്‍‌പുറത്തും പുലിപ്പുറത്തും സിംഹത്തിന്റെ പുറത്തും എലിയുടെ ,മയിലിന്റെ പുറത്തും സഞ്ചരിച്ചിരുന്ന ദേവീ ദേവന്മാരെ ആനപ്പുറത്ത് കേറ്റാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയത്. ദൈവങ്ങളെ തങ്ങളുടെ ഇഷ്ട വാഹനങ്ങളുടെ പുറത്തേറ്റി എഴുന്നെള്ളിക്കണമെന്നതാണ് ചാണക്യമതം:)

വികടശിരോമണി said...

ഒരു പനി മാറിയതേയുള്ളൂ.അതുകൊണ്ട് കൂലങ്കഷമായി ചിന്തിക്കാൻ വയ്യ.ഏതായാലും ഈ ആനയെന്നു പറയുന്ന ജീവിയെ ഇങ്ങനെ എഴുന്നള്ളിച്ചുനടക്കുന്നത് നോൺസെൻസാണ്.മുന്നിൽ കൊട്ടുന്നത് ശിങ്കാരിമേളമാണെങ്കിലും മഠത്തിൽ വരവ് പഞ്ചവാദ്യമാണെങ്കിലും അവക്കൊരുപോലെയാണ്.ഇത്രയും അത്യന്താധുനിക വാഹനങ്ങൾ നമ്മളുപയോഗിക്കുമ്പോൾ ദേവീദേവന്മാർക്ക് ആനപ്പുറത്തുള്ള സവാരി നൽകുന്നതുതന്നെ മര്യാദകേടാണ്.ചുരുങ്ങിയ പക്ഷം ജെ.സി.ബി.യെങ്കിലും നൽകണം.ആനകളെ അവരുടെ സ്വാതന്ത്ര്യത്തിന് ജീവിക്കാനനുവദിക്കണം.

ശിവ said...

പ്രശനരഹിതമായ ഒരു ഉത്സവകാലം ഞാനും ആഗ്രഹിക്കുന്നു.... കാരണം ഉത്സവങ്ങള്‍ എന്നും എനിക്ക് ഹരമായിരുന്നു....

ശ്രീവല്ലഭന്‍. said...

ഛേ, ആനയ്ക്ക് ഈ പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.......പാവങ്ങള്‍ കുറച്ചൊക്കെ മുന്‍കരുതലുകള്‍ എടുത്തേനെ :-)

അനില്‍@ബ്ലോഗ് said...

അങ്കിളെ,
ആനയെ കണ്ടാല്‍ നോക്കിനില്‍ക്കാത്തത് ആരാ?
സന്ദര്‍ശനത്തിനു നന്ദി.

paarppidam,
ബിഹാറികള്‍ ഇപ്പോഴും വരുന്നുവെന്നാണ് അറിവ്, നിരോധനം ഒക്കെ പ്രഹസങ്ങളല്ലെ.
ആനകള്‍ ഉത്സവങ്ങള്‍ക്ക് അലങ്കാരം ആണെന്നതില്‍ എതിരഭിപ്രായമില്ല, പക്ഷെ ഈ ജീവികളെ കഷ്ടപ്പെടുത്തുന്നതിനോട് യോജിപ്പില്ല. ലിങ്ക് വായിച്ചു, ആനച്ചിത്രങ്ങളും നന്നായിട്ടുണ്ട്.

ആദര്‍ശ്,
അനുഭവങ്ങളിലൂടെയുന്‍ നമ്മള്‍ പഠിക്കില്ലല്ലോ.

സി.കെ.ബാബു,
താങ്കള്‍ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു.
ഇത്തരം നിയമങ്ങളുടെ അടിസ്ഥാന ലോജിക്ക് എന്നത്, ഉത്തരവാദികളെ ഫിക്സ് ചെയ്യുക എന്നതാണ്. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് മുഖ്യം അക്കൌണ്ടബിലിറ്റിയാണ്. ഈ സര്‍ട്ടിഫിക്കറ്റില്‍ ഏതെങ്കിലും ഇല്ലെങ്കില്‍ അതിനാര് ഉത്തരവാദി എന്ന് കണ്ടെത്താനാവും ഈ നിയമങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുക. ഒരു പരിധി വരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും കഴിഞ്ഞേക്കും.

ചാണക്യന്‍ ,
പറഞ്ഞത് ന്യായം. ഈ പാവം ജീവികളെ പീഢനത്തില്‍ നിന്നും ഒഴിവാക്കേണ്ടതുതന്നെയാണ്.

വികടശിരോമണീ,
ആനകളെക്കുറിച്ച് അനൂപിന്റെ പോസ്റ്റിലോമറ്റോ ആണെന്നു തോന്നുന്നു, എല്ലാറ്റിനേയും തിരികെ കാട്ടില്‍ കൊണ്ടുവിടണം എന്ന് പറഞ്ഞതു കണ്ടു. പ്രായോഗികമല്ലെങ്കിലും അതില്‍ തെറ്റുണ്ടെന്നു പറയാ‍നാവില്ല.
ദൈവങ്ങള്‍ക്ക് ആനപ്പുറത്ത് കയറണമെന്ന് ആരാണ് പറഞ്ഞത്? ആരും പറഞ്ഞിട്ടില്ല. ഇതൊരു വമ്പന്‍ ബിസിനസ്സാണ്. ജീവിച്ചിരുന്നാലും ചത്താലും ഉടമസ്ഥനു ലക്ഷങ്ങളാണ് വരവ്. ഒരാള്‍ക്കും ഇടപെടാനാവാത്ത അത്ര ശക്തമാണ് ആന ഇടപാടുകള്‍. പൊതുജനത്തെ ബാധിക്കാത്തിടത്തോളം ആരും ശ്രദ്ധിക്കാനും പോകുന്നില്ല.

ശിവ,
ഉത്സവങ്ങള്‍ ഹരമായിരുന്നു... പാസ്റ്റ് ടെന്‍സ് ആണല്ലോ. ഹരമാണ് ഇപ്പോഴും , പക്ഷെ ...

ശ്രീവല്ലഭന്‍,
ഈ ഓര്‍ഡറുകള്‍ ആനക്കു സേര്‍വ് ചെയ്യാന്‍ നമുക്ക് അഭ്യര്‍ത്ഥിക്കാം :)

വികടശിരോമണി said...

‘സഹ്യന്റെ മകൻ’എന്ന വൈലോപ്പിള്ളിക്കവിത ഓർമ്മവരുന്നു.മാഷ് വർഷങ്ങൾക്കുമുൻപുചോദിച്ചവയെല്ലാം,അവയുടെ പ്രതീകാർത്ഥങ്ങളെ തിരസ്കരിച്ചാലും,ഇന്നും പ്രസക്തമാണ്. “മണിക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവങ്ങളൊന്നും” ഒരു സഹ്യന്റെ മകന്റേയും നിലവിളികൾ കേൾക്കാറില്ല.ഇത്രമേൽ അപകടകാരിയായ ഒരു ജീവിയെ,ഒരു നയനാനന്ദത്തിനായി മാത്രം എഴുന്നള്ളിക്കുകയും എന്നിട്ട് അവയുടെ കൊമ്പിൽ പിടഞ്ഞുതീരുന്ന മനുഷ്യജീവിതങ്ങളുടെ ചിത്രങ്ങൾ കണ്ടുരസിക്കുകയും ചെയ്യുന്നത് കിരാതമായ സംസ്കാരരാഹിത്യമാണ്.കുറച്ചുകാലം മുൻപാണ്,ചന്ദനക്കുടം നേർച്ചയിലിടഞ്ഞ ആനയുടെ പരാക്രമങ്ങൾ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ സി.ഡി.യിലാക്കി റോഡിലിട്ട് വിൽക്കുന്നത് കണ്ടത്.പാപ്പാനെ കൊമ്പിൽ കോർത്തെടുക്കുന്ന ആനയുടെ ദൃശ്യം നിരത്തിൽ വിൽ‌പ്പനക്കുവെക്കാൻ നമുക്കു മടിയില്ല.
ആനകളുടെ സൌകര്യങ്ങൾക്കായി ആനപ്രേമിസംഘം പറയുന്ന കാര്യങ്ങളൊന്നും ആനക്ക് ഒരു സൌകര്യവുമായി തോന്നുന്ന കാര്യങ്ങളല്ല.അതിന് സൌകര്യം കാട്ടിലൂടെയുള്ള സ്വൈരവിഹാരമാണ്.ഒരാനക്കും തലയെടുപ്പുണ്ടായത് എക്സർസൈസ് ചെയ്തിട്ടല്ല.തലപ്പൊക്കം കുറയുന്നതിൽ ആനക്കൊരു പങ്കുമില്ല.അതുതിരിച്ചറിയാനുള്ള സാമാന്യബുദ്ധിപോലുമില്ലാത്തവരെയാണ് ‘ആനപ്രേമികൾ’എന്നു പറയുന്നത്.
ഇരുപതിനായിരത്തോളം നിർധനബാല്യങ്ങൾ പഠനത്തിനുള്ള അടിസ്ഥാനസൌകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന,എണ്ണായിരത്തിലധികം നിരാധാരവാർധക്യങ്ങൾ ആവശ്യമായ ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്ന ഒരു നാട്ടിൽ,ലക്ഷങ്ങൾ മുടക്കി ഒരു മൃഗത്തെ വരവേൽക്കുകയും സ്വീകരണം കൊടുക്കുകയും ചെയ്യുന്നതിനെ എന്താണു വിളിക്കേണ്ടത്?

ചങ്കരന്‍ said...

ആന വിശേഷം നന്നായി, ആനകളെ ഹൈവേകളിലൂടെ നടത്തികൊണ്ടുപോകുന്നത് ഈയിടെ നിരോധിച്ചെന്നോമറ്റോ വായിച്ചു, അത്രയെങ്കിലും ആയി.

ഹരീഷ് തൊടുപുഴ said...

ആന ഭഗവന്റെ തിടമ്പേറ്റി നില്‍ക്കാത്ത ഒരു ഉത്സവമോ? സാദ്ധ്യമാണോ അത്?
ആനയില്ലാത്ത ഉത്സവം ഉപ്പില്ലാത്ത കഞ്ഞിക്കു തുല്യമാണ്.
ഏതായാലും ഗവെര്‍ണ്മെന്റ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുമെന്നുതന്നെ പ്രത്യാശിക്കാം...

6. പാപ്പാനെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനക്ക് വിധേയനാക്കണം.

അതിന്റെ ആവശ്യമൊന്നുമില്ല. വെറുതേ അനൈലൈസര്‍ വാങ്ങി കാശുകളയുന്നതെന്തിനാ??
അവര്‍മാര്‍ ഒന്നര അടിക്കാതെ ആനേടെ കൂടെ വരില്ല!!! ഇല്ലെങ്കില്‍ വരാന്‍ പറ്റില്ല!!!

കഴിഞ്ഞവര്‍ഷം ഞങ്ങളുടെ അമ്പലത്തില്‍ വന്ന പാപ്പാനിട്ട് ഒന്നു പൊട്ടിക്കാന്‍ തോന്നിയതാ; പിന്നെ കാഴ്ചശ്രീവേലി മുടങ്ങുമല്ലോ എന്നു കരുതിയിട്ടാ...

paarppidam said...

ഉത്സവങ്ങളും ആചാരങ്ങളും സംസ്കാരത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടേയും ഭാഗമായി ഉണ്ടയതാണ്.അല്ലാതെ ഇന്ന ഇന്ന മാതിരി ഉത്സവം നടത്തണം എന്ന് ദൈവം നേരെ പറഞ്ഞിട്ടില്ലെന്നാണ് കരുതുന്നത്. പുരാണങ്ങളിൽ ആനകളെ യുദ്ധരംഗത്തും യാത്രക്കും ആഘോഷങ്ങളിൽ അണിയിച്ചൊരുക്കിയും അണിനിരത്തിയിരുന്നതായി പറയുന്നു.(ഹിന്ദു പുരാണങ്ങളും സംസ്കാരവും തുടച്ചുനീക്കേണ്ടത് ഈ കാലഘട്ടത്തിലെ ചീലരുടെ ആവശ്യമാണല്ലോ. ഇതു പറഞ്ഞാൽ ഉടനെ അവനെ ആർ.എസ്.എസ് എന്ന് മുദ്രകുത്തും അതോടെ അവൻ നികൃഷ്ടനായ്യി മിണ്ടാതിരിന്നു കൊള്ളും എന്ന് കരുതുന്നവരും ഉണ്ട്.)അനാചാരന്ങളും അന്ധവിശ്വസങ്ങളും അയ്യായിരം വർഷം പഴക്കം ഉള്ള ഒരു സംസ്കാരത്തിന്റെ ഭാഗമായി വരാം.രൂപപ്പെടുന്ന സമയത്തെ സാമൂഹിക/സാംസ്കാരിക/ശാസ്ത്ര സാഹചര്യങ്ങളല്ല ഇന്ന്.അതുകൊണ്ടുതന്നെ കമ്പ്യൂട്ടർ കണ്ടുപിടിക്കും എന്ന് അന്ന് രേഖപ്പെടുത്തി എന്നൊക്കെ പറയുന്നവരോട് നിസ്സഹായതയോടെ ചിരിക്കാനേ പറ്റൂ.
അതു പോട്ടെ ഇവിടെ വിഷയം ആനയാണ്.

ആനകളെ പീഠിപ്പിക്കുന്നതിനോട് എതിർപ്പുണ്ടെങ്കിലും ഉത്സവങ്ങൾ നിരോധിക്കണം എന്നതിനോട് തീരെ യോജിക്കുവാൻ കഴിയില്ല.ഉചിതമായ രീതിയിൽ കാര്യങ്ങൾ നടത്തി ഉത്സവങ്ങൾ ഭംഗിയാക്കുവാൻ ശ്രമിക്കുക എന്നതേ പറ്റൂ.

കോടികൾ മറിയുന്ന ഒരു രംഗം ആണ് ആന ബിസിസിനസ്സ് എന്നും ഒരു വർഷം 25 ലക്ഷത്തിൽ പരം രൂപ ഉടമസ്ഥർക്ക്/ദേവസ്വത്തിനു വരുമാനം ഉണ്ടാക്കുന്ന ആന കേരളത്തിൽ ഉണ്ടെന്നും അറിയാം.

പിന്നെ ബഹു.മന്ത്രി ബിനോയ് വിശ്വത്തിന്റെ ശക്തമായ ഇടപെടൽ മൂലം മൈക്രോ ചിപ്പ് നിർബന്ധമക്കിയല്ലോ.അതോടെ പുറത്തുനിന്നും വരുന്ന ആനകൾക്ക് പുതുതായി ചിപ്പ് നൽകുന്നതിൽ നിയന്ത്രണം വന്നു എന്നാണ് കരുതുന്നത്.(ഇതിൽ വെള്ളം ചേർക്കുന്നവർ ഉണ്ടായേക്കാം.മറ്റൊരാനയുടെ ചിപ്പ് വച്ച് “ഞൊണ്ടി”നടക്കുന്ന വിരുതന്മാരും ആങ്കളുടെ കൂട്ടത്തിൽ ഉണ്ടായേക്കാം.)

paarppidam said...

ആന പാപ്പാനെ കൊമ്പിൽ കോർക്കുന്നത്‌ വിറ്റുകാശാക്കുന്നതിനെ ഞാനും അനുകൂലിക്കുന്നില്ല വികടാ.മറ്റൊരു കാര്യം എന്റെ ഭാര്യ അന്നത്തെ രംഗം നേരിട്ട്‌ കാണുകയും രക്ഷപ്പെടുവാൻ ഉള്ള ശ്രമത്തിൽ പരിക്കു പറ്റുകയും ചെയ്താണ്‌.ആ ഭീകര ദൃശ്യം കണ്ടതിന്റെ ബുദ്ധിമുട്ട്‌ ഇന്നും ഇടക്കിടെ അവരെ വേട്ടയാടുന്നു.

പിന്നെ ആനയുടെതലപൊക്കത്തെ കുറിച്‌ താങ്കൾ പറയുന്നതിനോട്‌ യോജിപ്പില്ല. ആനയെ പരിശീലിപ്പിചെടുക്കുന്നതാണ്‌ ഒറ്റനിലവ്‌.സ്വാഭാവികമായ ഒരു നിലവിനപ്പുറത്തേക്ക്‌ ആനകൾ എത്തുന്നത്‌ അതുകൊണ്ടാണ്‌. തെച്ചിക്കോട്ടുകാവായാലും മറ്റുള്ളവരയാലും അങ്ങിനെ ഉണ്ടാക്കിയെടുത്തതാണ്‌,താങ്കളുടെ ധാരണ തെറ്റാണെന്ന് പറയാതെ വയ്യ.തോർത്തുമുണ്ടിന്റെ ബലത്തിൽ പോലും ആനയെ തലയെടുപ്പോടെ നിർത്തുന്നവർ ഉണ്ടെന്ന് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? വിശദമായി ഞാൻ ഒരു കുറിപ്പ്‌ ഒരു നെറ്റ്‌-മഗസിനിനു എഴുതിയിട്ടുണ്ട്‌. അവർ അതു പ്രസിദ്ധീകരിക്കും എന്ന് കരുതുന്നു. അപ്പോൾ പറയാം.


പിന്നെ വാർധ്യക്യത്റ്റിൽ ഉൾലവരെ കുറിച്ച് പരാമർശിച്ചതിനെ സ്വീകരിർക്കുന്നു എന്നാൽ ലക്ഷങ്ങൾ പൊടിച്ചുകൾലയുന്ന കല്യാണ മാമാങ്കങ്ങൽ /രാഷ്ടീയ സമ്മേളനന്ന്nഅൾ ഇതൊക്കെ ഇന്നാട്ടിൽ അല്ലെ മാഷ്സേ നടക്കുന്നെ?

കൃഷ്‌ണ.തൃഷ്‌ണ said...

പണ്ടാരോ ചെയ്‌തൊരബദ്ധം പിന്നീട് ആചാരമായതാകാം ഈ ആനയെഴുന്നള്ളിപ്പ്. ആരോ തന്റെ പ്രതാപം കാണിക്കാനായി 'എഴുന്നള്ളിച്ച" ത്‌ പിന്നെ മദമാത്സര്യങ്ങളിലൂടെ വളര്‍ന്നു വന്നതാകാം. ഏതു ഹൈന്ദവപുരാണങ്ങളിലാണ്‌ ദൈവം ആനപ്പുറത്തു വരുന്നത്? വലിയ ഒരു അന്ധവിശ്വാസം ചുമന്നു മണിക്കൂറുകളോളം നിന്നു നരകിക്കുന്ന ആ വലിയ ജീവിയെ ഈ ദുരിതത്തില്‍ നിന്നു ആരു രക്ഷിക്കാന്‍? ഇത്രയെറെ നിയമാവലികളുണ്ടാക്കിയവര്‍ , ആനയെ ഉത്‌സവങ്ങള്‍ക്കുപയോഗിക്കാന്‍ പാടില്ല എന്ന ഒറ്റനിയമം കൊണ്ട് ഈ ദുരിതം ഇല്ലാതാക്കാന്‍ കഴിയുമല്ലോ. അതിനുള്ള ധൈര്യം എന്നാണു നമ്മുടെ നാടിനുണ്ടാവുക. നമ്മള്‍ പ്രബുദ്ധരായി പ്രബുദ്ധരായി അങ്ങു ചെറുതാവുകയാണ്. നാടുകടത്തിയ അനാചാരങ്ങളേയെല്ലാം വീണ്ടും തിടമ്പേറ്റി തിരിച്ചുകൊണ്ടുവന്ന്‌ എഴുന്നള്ളിക്കുന്ന ഇക്കാലത്ത്‌ ഇതു പറഞ്ഞിട്ടു കാര്യമില്ല.

അരി വാങ്ങാന്‍ ആനയെ മേയിക്കുന്ന പാവം പാപ്പാന്മാരെയല്ലാതെ ഉത്സവക്കമ്മറ്റിക്കാരുടേയും അമ്പലക്കമ്മിറ്റിക്കാരുടേയും നെഞ്ചത്ത് ഈ ആന ഒന്നു ചവുട്ടി നോക്കട്ടെ, അന്നേരം ദേവപ്രശ്നം നടത്തി ആന അടുത്ത കൊല്ലം തൊട്ടു വേണ്ട എന്നു അരുളപ്പാടുണ്ടാകുന്നതു കാണാം.

ദൈവങ്ങളെക്കൊണ്ടു മനുഷ്യരോ പൊറുതിമുട്ടി, ഈ മൃഗങ്ങളെയെങ്കിലും ഒന്നു വെറുതെ വിട്ടിരുന്നെങ്കില്‍..

B Shihab said...

very informative

വികടശിരോമണി said...

പാർപ്പിടം,
പരിശീലനം കൊണ്ട് ഒരുപയോഗവുമില്ല എന്നല്ല ഉദ്ദേശിച്ചത്.ആന ചെറിയതാണെങ്കിൽ,എന്തു പരിശീലനം നൽകിയാലും വലിയ തലയെടുപ്പ് ഉണ്ടാകാനില്ലല്ലോ.അടിസ്ഥാനപരമായി,ജന്മനാലുള്ള ആകാരവലിപ്പമാണ് പത്മനാഭനേയും,കർണ്ണനേയും,ചന്ദ്രശേഖരനേയുമൊക്കെ വലുതാക്കുന്നത്.പിന്നെ,ഈ തലപ്പൊക്കത്തിന്റെ അഭ്യാസം ആനക്ക് വലിയ ആനന്ദമാണെന്നാണോ താങ്കൾ ധരിക്കുന്നത്?ആ ജീവിക്ക് അത് പീഡനമാണ്.ഒരു തോർത്തുമുണ്ടിന്റെ നിയന്ത്രണത്തിൽ തലപ്പൊക്കം കൈക്കൊള്ളുന്ന ആനയുടെ കാര്യത്തിൽ ആനന്ദം നമുക്കാണ്,ആനക്കല്ല.അതിനാ കാര്യത്തിലൊന്നും യാതൊരു താല്പര്യവുമില്ല.താങ്കളെ മൂന്നുനാലുമണിക്കൂർ നേരം ഇങ്ങനെ തല പൊക്കിപ്പിടിച്ചുനിർത്തിയാൽ അത് താങ്കൾക്കു ആനന്ദകരമായിരിക്കുമോ വേദനാജനകമായിരിക്കുമോ?ഒരു തോർത്തുമുണ്ടുകൊണ്ട് വരെ പീഡനം നടത്തുന്നയാളുണ്ടെന്നു പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ എന്നാണു ചോദിക്കേണ്ടിയിരുന്നത്.
ഹിന്ദുപുരാണങ്ങളിൽ മാത്രമല്ല,പുരാതനമാനവസംസ്കാരങ്ങളിൽ പലതിലും യുദ്ധത്തിനും മറ്റു പല ആവശ്യത്തിനുമായി ആനകളെയും കുതിരകളെയുമൊക്കെ ഉപയോഗിക്കുമായിരുന്നു.അതൊക്കെ ഇക്കാലത്ത് പിന്തുടരുന്നതിൽ എന്തർത്ഥമാണുള്ളത്?ഹിന്ദുസംസ്കാരത്തിനെ നശിപ്പിക്കലും ആനയുമായി എന്തു ബന്ധമാണുള്ളത് എന്നു മനസ്സിലായില്ല.ഉത്സവങ്ങൾക്ക് ഞാനൊരിക്കലും എതിരല്ല.പക്ഷേ അതിൽ നിന്ന് ഈ അപകടകാരിയായ ജീവിയെ ഒഴിവാക്കിക്കൂടേ എന്നതാണു ചോദ്യം. ഈ ചോദ്യം ചോദിച്ചിട്ടു പ്രയോജനമുണ്ടായിട്ടല്ല,നിലപാടുവ്യക്തമാക്കിയെന്നു മാത്രം.

അനില്‍@ബ്ലോഗ് said...

വികടശിരോമണി,

പാര്‍പ്പിടം,
നന്ദി വീണ്ടും വന്നതിനു.

ചങ്കരന്‍,

ഹരീഷ് തൊടുപുഴ,

കൃഷ്‌ണ.തൃഷ്‌ണ ,

B Shihab,
സജീവമായ ചര്‍ച്ചകള്‍ക്ക് നന്ദി.

ഉത്സവത്തിനു ആനയെ എഴുന്നെള്ളിക്കണം എന്നത് മനുഷ്യന്റെ മാത്രം സന്തോഷമാണ്. ആനപ്പുറത്തേറ്റി വരുന്ന തിടമ്പിന്റെ ഗാംഭീര്യം മനസ്സില്‍ തെളിയാഞ്ഞല്ല, മറിച്ച് 35 -45 ഡിഗ്രീ ചൂടില്‍ കിടന്ന് വേവുന്ന മണ്ണില്‍, മൃദുവായ പാദങ്ങള്‍ പുതഞ്ഞ് കഷ്ടപ്പെടുന്ന ആനയുടെ സ്ഥിതി ഓര്‍ത്തു പോയതാണ്. ഏറ്റവും ചുരുങ്ങിയ പക്ഷം ലഭ്യമായ സ്ഥലത്തിനു അനുസൃതമാം വണ്ണം ആനകളുടെ എണ്ണം ക്ലിപ്തപ്പെടുത്തുക എന്ന സാമാന്യ മര്യാദയെങ്കിലും പാലിക്കാമല്ലോ. ടാറിട്ട റോഡില്‍ നിര്‍ത്തി ഉച്ചസമയത്ത് കഷ്ടപ്പെടുത്താതിരിക്കാം.
ഒരു പന്തല്‍ ഇട്ട് ആനകളെ നിര്‍ത്താം.
ആളുകള്‍ അനാവശ്യമായി ഇവയെ ഉപദ്രവിക്കാത്ത ദൂരം പാലിച്ച് ജനക്കൂട്ടത്തെ അകറ്റി നിര്‍ത്താം.
ഇനിയും ഏറെ ചെയ്യാം, ലോജിക്കലായി .

വ്യക്തിപരമായി പറഞ്ഞാല്‍, ഉത്സവങ്ങള്‍ക്ക് ആനകള്‍ ആവശ്യമില്ല എന്ന അഭിപ്രാ‍യമാണെനിക്ക്.

paarppidam said...

ഉത്സവങ്ങളിൽ നിന്നും ആനകളെ ഒഴിവാക്കണം എന്ന് എനിക്ക് തീരെ അഭിപ്രായമില്ല. എന്നാൽ അവയെ അനാവശ്യമായി പീഠിപ്പിക്കുന്നത് ഒഴിവാകണം.തീർച്ചയായും തലയുയർത്തിപ്പിടിക്കുന്നത് അവയ്ക്ക് പിടലിവേദനയും സന്ധിവേദനയും ഉണ്ടാക്കും എന്നതിൽ സംശയം ഇല്ല. എന്നാൽ പരിശീലനം /എക്സർസൈസ് നൽകിയാൽ ഇതുണ്ടാകില്ല എന്ന് താങ്കൾ പറഞ്ഞതിലെ തെറ്റ് ചൂണ്ടിക്കാട്ടിയെന്ന് മാത്രം.

ആനകളെ ഒഴിവാക്കണം എന്ന് പറയുമ്പോൾ ഇന്നുള്ള 700-800 വരെ നാട്ടാനകളെ എന്തുചെയ്യും എന്നത് പറഞ്ഞാൽ കൊള്ളാം.ഉത്സവവും തടിപിടിപ്പിക്കലും ഒഴിവാക്കി അവയെ വെറുതെ നിർത്തിതീറ്റകൊടുക്കണോ അതോ കാട്ടിലയക്കണമോ?

നല്ലമീൻ ഇവിടെ കിട്ടും എന്ന ബോർഡ് ബോബനും മോളിയും കൂടെ ഒഴിവാക്കിയ കാർട്ടൂൺ ഓർത്താൽ അറിയാം. ആദ്യം നലത് എന്ന വാക്ക്, പിന്നെ ഇവിടെ കിട്ടും എന്നത്...ഒടുവിൽ ചീഞ്ഞ മീൻ ആർക്കുവേണം? ക്ഷേത്രാചാരങ്ങളെ ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞ് ഒന്നൊന്നായി ഒഴിവാക്കുകയും ഒടുവിൽ സംസകാരം തന്നെ മോശമാണെന്ന് വരുതുകയും ചെയ്യുന്ന അജണ്ടയെ കുറിച്ച് പറഞ്ഞാൽ മനസ്സിലാകില്ല.എന്നാൽ മറ്റുരാജ്യങ്ങാളിലെ/സംസഥാനങ്ങളിൽ സയണിസ്റ്റ് അജണ്ട അമേരിക്കൻ അജണ്ട സംഘപരിവാർ അജണ്ട എന്നൊക്കെ പറഞ്ഞാൽ നമുക്ക് വേഗം പിടികട്ടും.ഞാൻ ഏതായാലും അതിലേക്കില്ല....

മനുഷ്യന്റെ മാത്രം സന്തോഷത്തിനായി ആനയെ മാത്രമല്ലല്ലോ പീഠിപ്പിക്കുന്നത്. കോഴി,ആട്,മാട്,പന്നി ഇവയെ കൊന്ന് തിന്നുന്നില്ലെ?കാ‍ളവണ്ടിയും കുതിരവണ്ടിയും ഉണ്ട്. പക്ഷികളെയും നായ്ക്കളെയും കൂട്ടിലിട്ട് വളർത്തുന്നു.കാട്ടുജന്തുക്കൾ കൃഷിനശിപ്പിക്കാതിരിക്കുവാൻ അവയെ വിഷം വച്ച് കൊല്ലുന്നു.....സർക്കസ്.

അനില്‍@ബ്ലോഗ് said...

paarppidam,
ആനകളെ പീഢിപ്പിക്കുന്നത് ഒഴിവാക്കണം എന്ന ആവശ്യം ക്ഷേത്രാചരങ്ങളെ തകര്‍ക്കാനാണെന്ന് ദയവായി പറയല്ലെ.

മനുഷ്യന്‍ കാട്ടില്‍ ജീവിച്ചിരുന്ന കാലം മുതല്‍ വേട്ടയാടിയും കൊന്നുതിന്നുമാണ് വിശപ്പടക്കിയിരുന്നത്.”വിശപ്പടക്കിയുരുന്നത്“. എന്നാല്‍ നയന സുഖത്തിനായി മൃഗങ്ങളെ കഷ്ടപ്പെടുത്തുന്നത് അതില്‍ പെടില്ല.

മലബാറിലെ നേര്‍ച്ചകളെപറ്റി താങ്കള്‍ക്ക് അറിയാതിരിക്കില്ലല്ലോ. നൂറോളം ആനകള്‍ പങ്കെടുക്കുന്ന നേര്‍ച്ചകള്‍ ഉണ്ട്, പുതിയങ്ങാടി നേര്‍ച്ച അടക്കം. ക്രൈസ്തവ ആഘോഷങ്ങള്‍ക്കും ആനകളെ ഉപയോഗിക്കുന്നു. അപ്പോള്‍ ക്ഷേത്രങ്ങളുടെ മാത്രം കുത്തകയല്ല ആന എന്നര്‍ത്ഥം, അങ്ങിനെ അല്ലെ?

MANIKANDAN [ മണികണ്ഠന്‍‌ ] said...

അനിൽ‌ജി ആനകൾ ഇല്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ. സാമന്യം നല്ല രീതിയിൽ ഉത്സവം നടക്കുന്ന ഒരു അമ്പലം ഞങ്ങൾക്കുണ്ട്. ഞങ്ങളൂടെ ദേശത്തും സമീപ പ്രദേശങ്ങളിലും ഈ ഉത്സവം വളരെ പ്രശസ്തവുമാണ്. ആനകളുടെ സാന്നിധ്യം മാത്രമല്ല നല്ല മേളവും രണ്ടു വിഭാഗക്കാർ മത്സരിച്ച് (ഒരു മിനി തൃശ്ശൂർ പൂരം എന്നും ഞങ്ങളുടെ ഉത്സവത്തെ വിശേഷിപ്പിക്കാം. ഇതിന്റെ ചിലചിത്രങ്ങൾ എന്റെ ബ്ലോഗിലും, പികാസയിലും ഉണ്ട്) നടത്തുന്ന ഉത്സവം എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഞങ്ങളെ സംബന്ധിച്ച് ഉത്സവത്തിന് അവശ്യം വേണ്ട ഒരു ഘടകം തന്നെയാണ് ആനകൾ.

മുൻ‌കാലങ്ങളെ അപേക്ഷിച്ച് അമ്പലങ്ങളുടെ എണ്ണത്തിലും, അതുപോലെ ഉള്ള അമ്പലങ്ങളിൽ തന്നെ എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ എണ്ണത്തലും കര്യമായ വർധനവ്‌ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനു വേണ്ടത്ര ആനകൾ ലഭ്യമല്ല എന്നത് ഇന്ന് ആനകൾ വിശ്രമമില്ലാതെ എഴുന്നള്ളിക്കപ്പെടുന്നതിനു കാരണമാണെന്ന് ഞാൻ കരുതുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതിനു കഴിഞ്ഞ ഏതാനും വർഷങ്ങളായി വിലക്കുണ്ട്. സോൺ‌പൂർ മേള പോലുള്ളവയെയാണ് പ്രധാനമായും ആനകളെ വാങ്ങുന്നതിന് ആശയിച്ചിരുന്നത്.

വിശ്രമം നൽകാതെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് ആനകളെ കൊണ്ടുപോവുന്നതിനോട് എനിക്കും യോജിപ്പില്ല. എന്നാൽ ഉത്സവത്തിൽ നിന്നും ആനകളെ പൂർണ്ണമായും ഒഴിവാക്കണം എന്ന അഭിപ്രായം അംഗീകരിക്കാൻ സാധിക്കുന്നില്ല.

കുമാരന്‍ said...

ശരിയാണു അനില്‍ നമുക്കു അങ്ങനെ ആശിക്കാം. വളരെ അവസരോചിതമായി ഈ പോസ്റ്റ്.

smitha adharsh said...

നല്ല പോസ്റ്റ് കേട്ടോ..
പക്ഷെ,ഈ നിയമങ്ങളും,നിര്‍ദ്ദേശങ്ങളും ആര് വില വെയ്ക്കുന്നു?
അവസാനം,ഗതികെട്ട് ആന പ്രതികരിച്ചാല്‍,അവന്‍ "ക്രൂര ജന്തു" ആകുന്നു..
ഹരീഷേട്ടന്‍ പറഞ്ഞ പോലെ,ആന പാപ്പാന്മാര്‍,എന്നും 'പാമ്പ്' ആയിട്ടെ കണ്ടിട്ടുള്ളു..
ഈ പോസ്റ്റ് കാണേണ്ടവര്‍ കണ്ടിരുന്നെങ്കില്‍ !

നരിക്കുന്നൻ said...

മൃഗങ്ങളെ കൊണ്ട് ചെയ്യിക്കുന്ന ഒരു ജോലിക്കും ഗ്യാരണ്ടി ഇല്ലന്നാണ് എന്റെ പക്ഷം. ആനക്ക് ആർ സി ബുക്ക് ഉണ്ടെന്ന് കരുതി ആനയുടെ ഉപദ്രവം ഉണ്ടാകില്ലന്ന് തീർച്ചപ്പെടുത്താൻ കഴിയുമോ? ഈ നിയമങ്ങളൊക്കെ പാലിച്ചാലും അന ഇടയില്ലേ.. എന്തോ എനിക്കറിയില്ല. അല്ലങ്കിൽ തന്നെ ഈ ആനയെ എനിക്ക് പണ്ടേ പേടിയാ..
പ്രശ്നരഹിതമായൊരു ഒരു ഇത്സവകാലത്തിനായി കാത്തിരിക്കാം.

paarppidam said...

ഈ ചർച്ചകളുടെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ കൂടെ.ആനയെ എഴുന്നള്ളിച്ച്പീഠിപ്പിക്കരുതെന്ന പറയുമ്പോൾ ,700-800 വരെ നരുന്ന നാട്ടാനകളെ എന്തു ചെയ്യണം?

പ്രയാസി said...

നല്ലൊരു വിഞ്ജാനപ്രദമായ പോസ്റ്റ് അനില്‍ സാറെ..

ഓഫ്: “എണ്ണം തികക്കാന്‍ ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുംവന്‍ തോതില്‍ ആനകളെ കൊണ്ടു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.“

വെറുതെയല്ല ഭാഷയാണു ഇവിടുത്തെ വില്ലന്‍!!!

Sureshkumar Punjhayil said...

Valare upakarapradam. Anayudamakal kanumo avo. Best wishes.

മാണിക്യം said...

ഭാരതം ഉത്സവങ്ങളുടെ സംസ്കാ‍രം ഉള്‍കൊള്ളുന്ന നാട്.എന്ന് മാത്രമല്ല നമ്മള്‍ വീട്ടില്‍ മൃഗങ്ങളെ സ്നേഹിച്ചു വളര്‍ത്തുകയും ചെയ്യുന്നു.എല്ലാ വിശേഷങ്ങള്‍ക്കും മനുഷ്യനും മൃഗങ്ങളും പങ്കെടുക്കുന്നു എന്നായിരിക്കാം ഇതിന്റെ ഒക്കെ തുടക്കം. ഭാരമുള്ള തിടമ്പ് ആനപ്പുറത്ത് കയറ്റി കൊണ്ടു പോകുമ്പോള്‍ എല്ലാവര്‍ക്കും കാണാം..
കാലം മാറി അടിസ്ഥാനപരമായി സ്നേഹവും കുറഞ്ഞു, അതാ ഈ കാണുന്നത് ...
നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാക്കുമ്പോള്‍ തന്നെ അതു ലംഘികാനുള്ള മാര്‍ഗങ്ങള്‍ അതിന്നെക്കാള്‍ മുന്നെ തയ്യാറാകുന്നു....
മനുഷ്യാവകാശം കൊട്ടിഘൊഷിക്കപ്പെടുമ്പോള്‍ തന്നെ മൃഗസംരക്ഷണവും ഉറപ്പാക്കണം. മിണ്ടാപ്രാണിയെ ഉപദ്രവിക്കാതിരിക്കാന്‍ ബോധവല്‍ക്കരണം വേണം, ഏതു ഡ്യൂട്ടി സമയത്തും ജോലിക്കാര്‍ മദ്യപിക്കരുത് പാപ്പാനായാലും ഡ്രൈവര്‍ ആയാലും.
അനില്‍ നല്ല ഒരു പോസ്റ്റ് അഭിവാദനങ്ങള്‍!

paarppidam said...

ബീഹാറിൽ നിന്നും ഇപ്പോൾ ആനകൾ വരുന്നില്ല പ്രയാസി സുഹൃത്തെ.

അനില്‍@ബ്ലോഗ് said...

ബീഹാറില്‍ നിന്നും ഔദ്യോഗികമായി കൊണ്ടു വരാനാവില്ല, പക്ഷെ അല്ലാതെ വരാനുള്ള സാദ്ധ്യത തള്ളിക്കളയാനുമാവില്ല. അവര്‍ നാട്ടിലേക്കിറങ്ങാതിരിക്കാനാണ് ഓണര്‍ഷിപ്പ് / പൊസ്സഷന്‍ സര്‍ട്ടിഫിക്കറ്റ്, ചിപ്പ് എന്നിവ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Typist | എഴുത്തുകാരി said...

വളരെ സമയോചിതമായ പോസ്റ്റ്. ആനയില്ലാത്ത ഉത്സവം, സങ്കല്പിക്കാനേ കഴിയില്ല. നെറ്റിപ്പട്ടം കെട്ടി, കോലമേറ്റി നില്‍ക്കുന്ന ആന, അതുതന്നെ ഒരു ഉത്സവമല്ലേ.

എനിക്കു ഭയങ്കര ഇഷ്ടാ ആനയെ,എന്നാല്‍ പേടിയും.

ഒരു പരിധി വരെയൊക്കെ ആനകളെ പ്രകോപിപ്പിക്കുന്നതു കാഴ്ച്ചക്കാരും പപ്പാന്മാരും തന്നെയാണ്. മദ്യപിക്കാത്ത പാപ്പാന്മാര്‍ ഉണ്ടാവേണ്ട കാര്യം ബുദ്ധിമുട്ടാണ്. ചില പാപ്പാന്മാര്‍ ആനകളോട് ചെയ്യുന്നതു കണ്ടാല്‍ നമുക്കു സങ്കടം വരും.കാഴച്ചക്കാരൂടെ തോണ്ടലും തൊടലും വേറെ.

ഈ ഉത്സവകാലം ആനകള്‍ പ്രകോപിക്കപ്പെടാതിരിക്കട്ടെ!

ഭൂമിപുത്രി said...

ഈ വിശദമായ നിയമാ‍വലിയ്ക്ക് നന്ദി അനിൽ.
ആനയെഴുന്നെള്ളത്തിന് ഇത്രയൊക്കെ മുങ്കരുതലുകൾ ഏർപ്പെടുത്തിയിട്ടും ഓരോ ഉത്സവകാലത്തും ആനയിടയുന്നത് കൂടിവരുന്നതേയുള്ളു.കാരണംനിയമങ്ങൾ നടപ്പിൽ വരുത്താനുള്ള അത്മാർത്ഥതയില്ലായ്ക തന്നെയാൺ എന്നല്ലേ വിചാരിയ്ക്കണ്ടത്?

...പകല്‍കിനാവന്‍...daYdreamEr... said...

ഉത്സവങ്ങളില്‍ നിന്നും ആനകളെ ഒഴിവാക്കികൂടെ ഇനിയെങ്കിലും...!

jwalamughi said...

അനില്‍,
ഗുരുവായൂര്‍ പത്മനാഭനു നാളെ 11th jan ഗജചക്രവര്‍ത്തി പട്ടം കൊടുത്തു ആദരിക്കുന്നു
ഈ ത്രീശ്ശുര്‍കാര്‍ക്കു മനുഷ്യനേക്കാള്‍ ഇഷ്ടം ആനയോടു തന്നെ..പക്ഷെ ആനക്കു ആ ഇഷ്ടം മനസ്സിലാവുന്നില്ല

paarppidam said...

പത്മനാഭൻ ഗുരുവായൂർ അപ്പന്റെ സ്വന്തമല്ലേ? അപ്പോൾ പിന്നെ പട്ടങ്ങൾചാർത്തിക്കൊടുക്കാൻ ആളുകൂടും.

തീർച്ചയ്യായും തൃശ്ശൂർ കാർക്ക് ആനകളെ ഒരു പ്രത്യേക ഇഷ്ടമാണ്.തീർച്ചയായും ആന അതു തിരിച്ചറിയാണ്ടല്ല.തൃശ്ശൂർപൂരത്തിനായാലും തൊട്ടടുത്ത ക്ഷേത്hരത്തിലെ ഉത്സവaത്തിനാ‍യാലും പറ്റുമെങ്കിൽ അന്യനാട്ടിലുള്ളവർ എത്തിച്ചേരും.അതനു കാരണം മേളപ്പെരുമ മാത്രം കൊണ്ടല്ലാ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടേ പ്രലോഭനം കൂടെ ആണ്.

പട്ടത്തിന്റെയും പദവിയുടേയും കൂടേ സ്നേഹപീഠനങ്ങൾ കൂടെ വരുമ്പോൾ ഇടക്ക് അവയുടെനിയന്ത്രണം വിടും.അതോണ്ടാ.....

അജയ്‌ ശ്രീശാന്ത്‌.. said...

വന്ന്‌ വന്ന്‌ ആനയ്ക്ക്‌ വരെ
ആര്‍സി ബുക്കും...നമ്പറും
ഏര്‍പ്പെടുത്തുന്ന കാലമാണ്‌ അല്ലേ മാഷേ....

പിന്നെ ബ്രീത്ത്‌ അനലൈസര്‍ പാപ്പാന്‌ മാത്രമല്ല ചില ആനകള്‍ക്കും ബാധകമാക്കേണ്ടി വരുമോ...:)

എന്ന്‌...
ഒരു ആനപ്രേമി

നല്ല പോസ്റ്റ്...
ആശംസകള്‍...

അനില്‍@ബ്ലോഗ് said...

MANIKANDAN [ മണികണ്ഠന്‍‌],

കുമാര്‍ജി,

smitha adharsh,

നരിക്കുന്നൻ,

പ്രയാസി (സാറെവിളി എനിക്കിഷ്ടപ്പെട്ടു കേട്ടോ),

മാണിക്യം

Sureshkumar Punjhayil,

Typist | എഴുത്തുകാരി ,

ഭൂമിപുത്രി,

പകല്‍കിനാവന്‍...daYdreamEr...,

jwalamughi,

അജയ്‌ ശ്രീശാന്ത്‌.. ,
എല്ലാ ആനപ്രേമികളുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി.
paarppidam,
ഒരിക്കല്‍ കൂടി നന്ദി, ചര്‍ച്ചയില്‍ വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയതിനു.

paarppidam said...

അനകൾ അക്രമം കാണിക്കുന്നത് വീഡിയോയിൽ പകർത്തി പ്രദർശിപ്പിക്കുന്നത് നിയമലംഘനമാണെന്ന് സർക്കാർ വകുപ്പിന്റെ വന മേഘലയിൽ പ്രവർത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞു.(സെക്ഷൻ അറിയില്ല)

ഐസ്ക്രീം കഴിക്കാൻ സമ്മതിക്കാത്തതിനു ഒരു ആന പാപ്പാനൂമായി “പിണങ്ങിയതിനെ” ആളോള് എന്തൊക്കെയാ പറഞ്ഞുണ്ടാക്കിയേ?ഈ ആൾക്കാരെക്കൊണ്ടും മാധ്യമക്കാരെക്കൊണ്ടും തോറ്റു.അതും തൃശ്ശൂർ ബ്രഹ്മംകുളത്ത്.....ഇപ്പോ മനസ്സിലായില്ലെ തൃശ്ശൂർക്കാർക്ക് ആനയോടുള്ള സ്നേഹം.

പിന്നെ ബ്രീത്ത് അനലൈസർ ആനക്കുംബാധകം ആക്കണം എന്ന് പറഞ്ഞത്..ഹഹ അതു കലക്കി. വല്ലപ്ലും ഒരു “ചെറുത്” അവരും കഴിച്ചോട്ടെ അജയ് സ്രീശാന്ത് മാഷെ.നാലഞ്ചാളെ പുറത്തിരുത്തി ഈ കാണുന്ന വെയിലും കൊണ്ട് ഇങ്ങനെ നിൽക്കുന്ന അവർക്കും വെണ്ടെ വല്ലപ്പ്ലും ഒരു എഞ്ചോയ്മെന്റ്....!!!
പാൻപരാഗ് ആനയടിക്കോന്ന് അറിയില്ല ടോ!

തൃശ്ശൂരിൽ ആനയുടമകളുടെ സമ്മേളനത്തിൽ പതമനാഭന്നെ ആദരിച്ചത് സമ്മതിച്ചു. പക്ഷെ തെച്ചിക്കോട്ടുകാവിനെ ആദരിക്കാതെ വലിയകേശവനെ ആദരിച്ചതായി അറിഞ്ഞത് ശരിയാണെങ്കിൽ മോശമായിപ്പോയി.....തെച്ചിക്കോട്ടുകാവിനപ്പുറം നിൽക്കാൻ വലിയകേശവൻ ആയിട്ടില്ലാന്നേ...

വികടശിരോമണി said...

അനയെഴുന്നള്ളിപ്പിന്റെ നിയമാവലിയിൽ നിന്നു തുടങ്ങി,ആനവളർത്തലിന്റെ ഔചിത്യത്തിലെത്തി,ഇതാ അവസാനം ചർച്ച തെച്ചിക്കോട്ടുകാവ് ആണോ വലിയകേശവൻ ആണോ കേമൻ എന്നിടത്ത് എത്തിയിരിക്കുന്നു.
അനിലേ,എന്റെ വക ക്ലാപ്പ്...

അനില്‍@ബ്ലോഗ് said...

വികടശിരോമണി,
ആനഭ്രാന്ത് എന്നു പറയുന്നത് ഇതാണല്ലെ? !

വികടശിരോമണി said...

ചിലപ്പൊ ആയിരിക്കും,അനിലേ.എന്തായാലും ആനകളെ ആദരിക്കണം എന്നതിൽ എനിക്കും എതിരഭിപ്രായമില്ല.ഇവരെയെല്ലാം സഹിക്കുന്നുണ്ടല്ലോ...

കിഷോർ‍:Kishor said...

“ആനയലറലോടലറൽ...”! (ഇതൊന്ന് വേഗത്തിൽ ആവർത്തിച്ച് പറയൂ :-)

ഈ അലർച്ച കേരളത്തിലെ പൂരപ്പറമ്പുകളിൽ നിന്ന് കേൾക്കില്ല എന്ന് പ്രത്യാശിക്കാം.

paarppidam said...

ആനക്കാര്യത്തെ കുറിച്ച് ഒരു പുതിയ കുറിപ്പ് നാട്ട്റ്റുപച്ഛയിൽ വന്നിരിക്കുന്നു.
ഇവിടെ ഒന്ന് പോയി നോക്കുകകലിതുള്ളുന്ന കരിവീരന്മാർ

അനില്‍@ബ്ലോഗ് said...

ഈ ഉത്സവ സീസണിലെ ആദ്യ കൊല നടന്നിരിക്കുന്നു,രാമചന്ദ്രന്‍ എന്ന പ്രമുഖ ആനയാണ് കൊലയാളി.

കൊല്ലപ്പെട്ട പാവം സ്ത്രീക്ക് അനുശോചനം രേഖപ്പെടുത്തുന്നു.

paarppidam said...

തിന്നാൻ പട്ടയിട്ടുകൊടുത്തപ്പോൾ ആന അതെടുക്കുവാൻ മുന്നോട്ട് ആഞു ശ്രമിച്ചു.ആനവിരണ്ടു എന്ന് കരുതി ആളുകൾ പരിഭ്രാന്തരായി ചിതറിയോടിയെന്നും ഇതിനിടയിൽ കൂട്ടാനപ്പുറത്തുണ്ടായിരുന്നന്ന കുട ആനയുടെ കാശ്ചയൈല്ലാത്ത വലം കണ്ണിൽ/കണ്ണിനു സമീപം തട്ടിയതാണ് ആന പ്രശ്നമുണ്ടാക്കുവാൻ കാരണം എന്നും മാധ്യമങ്ങളിൽ വന്ന വാർത്തകൂടെ ചെറ്ക്കണം അനനിലേ....കാശ്ചയില്ലാത്ത കണ്ണിന്റെ സമീപം എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഇവൻ പരിഭ്രാന്തനാകും.അത് സ്വാഭാവികമ മാത്രമാണ്.അതുകൊണ്ടാണ് മറ്റാനകളിൽ നിന്നും വ്യത്യസ്ഥമായി ഇരുവശത്തും സദാ പാപ്പാന്മാർ നിന്നുകൊണ്ട് വളരെ കാര്യക്ഷമമായി തന്നെ ആണ് ഇവനെ കൊണ്ടുനടക്കുന്നത്.

സമീപകാലത്തൊന്നും തെച്ചിക്കോട്ടുകാവ് തന്റെ ശൌര്യം കാണിച്ചിട്ടില്ല.ദേവാസുരഭാവങ്ങളുടേ മൂത്തിയായി അറിയപ്പെടുന്ന ഇവൻ ഇന്ന് തികച്ചും സൌമ്യനും മാന്യനുമാണ്.

ഇതിനു തൊട്ടുമുമ്പത്തെ ദിവസം ഒരു ഉത്സവത്തിൽ ഇവൻ തിടമ്പേറ്റിനിൽക്കുന്ന ചിത്രങ്ങൾ ആനചന്ദം എന്ന ബ്ലോഗ്ഗിൽ ഉണ്ട്..

വികടശിരോമണി said...

എന്തായാലും ദേവാസുരഭാവങ്ങളുടെ മൂർത്തി ഇപ്പോഴെങ്കിലും ശൌര്യം കാണിച്ചല്ലോ,ആശ്വാസമായി-സബാഷ്!
ഇനിയും ഇത്തരം ശൌര്യപ്രദർശനങ്ങൾക്കുള്ള അവസരം എല്ലാ അനപ്രേമികളും കൊണ്ടുപിടിച്ചുശ്രമിച്ചാൽ സൃഷ്ടിക്കാവുന്നതേയുള്ളൂ.

paarppidam said...

അവൻ ശൌര്യം കാണിച്ചതല്ല മാഷേ,അവന്റെ ശൌര്യം അറിയാവുന്ന/നേരെ കണ്ടിട്ടുള്ളതുകൊണ്ട് ഇത് മാധ്യമങ്ങളിൽ നിന്നും മറ്റു സുഹൃത്തുക്കളിൽ നിന്നും അറിഞിടത്തോളം പരിഭ്രാന്തിയോടെ ഓടുന്നതിനിടയിൽ ഉണ്ടായ അനിഷ്ടസംഭവം ആയികാണാൻ പറ്റൂ.
അതിനിടയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതിൽ ദുഖം ഉണ്ട്.

ഇനിഅതിന്റെ പേരിൽ തെച്ചിക്കോട്ടുകാവിനെ വിലക്കണം എന്ന് പറഞ്ഞ് പലരും രംഗത്ത് വന്നേക്കാം.കാരണം ഉത്സവപ്പറമ്പുകളിലെ തലയെടുപ്പിന്റെ അവസാനവാക്കായ അവന്റെ സാന്നിധ്യം പലർക്കും ഇഷ്ടമല്ല.തിടമ്പേറ്റി തലയെടുപ്പോടെ രാമചന്ദ്രൻ വരുമ്പോൾ, ആ ഗരിമ ഒന്ന് നേരിൽ കാണേണ്ടതാണ്.

ഉത്സവപ്രേമികളിൽ ഭൂരിപക്ഷവും തെച്ചിക്കോട്ടുകാവിവ്ന്റെ ആരാധകരാണ്.അവന്റെ ഏക്കത്തുക ഒരു ദിവസത്തിനു ലേലമ വച്ചാപ്പോൾ മാർച്ച്-4നു 75 നു പുറത്ത് വരെ എത്തിയെന്നാണ് കേൾവി.

അനില്‍@ബ്ലോഗ് said...

paarppidam,
ലേലത്തുക കൂടുകയോ കുറയുകയോ ചെയ്യട്ടെ. അതിനെക്കുറിച്ച് ഞാന്‍ വേവലാതിപ്പെടുന്നില്ല. ഒരു ഓല മടല്‍ കണ്ണില്‍ തട്ടിയപ്പോഴേക്കും മുന്നില്‍ നിന്ന സ്ത്രീയെ എടുത്ത് തറയിലടിക്കുന്ന ഈ ജീവിയെ എന്തിന് ആള്‍ക്കൂട്ടത്തിലിട്ട് വിരകുന്നു?

അതും ഈ രാമചന്ദ്രന്റെ ഒരു കണ്ണിനു കാഴ്ചയില്ലെന്നു പറയപ്പെടുന്നു, അതിനാല്‍ വളരെപ്പെട്ടന്ന് ഭീതിതനാവാന്‍ സാദ്ധ്യതയുമുണ്ട്. എന്തിനീ പാവം ജീവിയെ കഷ്ടപ്പെടുത്തുന്നു? എത്ര ന്യായീകരിച്ചാലും പൂര്‍ത്തിയാക്കാനാവില്ല.

paarppidam said...

ന്യായീകരണം എന്ന്കണക്കാക്കണ്ട പക്ഷ് വസ്തുത പറഞ്ഞൂ എന്നേ ഉള്ളൂ..പിന്നെ കണ്ണിനു കാ‍ഴ്ചയില്ലാത്ത ആനകളെ ഒഴിവാക്ക്കുവാൻ തുടങ്ങിയാൽ ഇവന മ്മാത്രമല്ല പലരേയും ഒഴിവാക്കേണ്ടിവരും.ആനകളിൽ രണ്ടുകണ്ണിനും കാശ്ചയില്ലാത്തവന്മാരൂം ഉണ്ടെന്ന് അറിയുക.

അധികം ആളുകളെയും ആനകളേയും കണ്ടാൽ വിരണ്ടോടുന്നവരെയും ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നുണ്ട്.

തെച്ചിക്കോട്ടുകാവിന്റെ അടുത്തുള്ള ആനയുട്ടെ പുറത്തിരുന്ന കുട കണ്ണിൽ/കaണിനടുത്ത് വീണാണ് പ്രശ്നം ഉണ്ടായത് എന്ന് അറിയുന്നത് .

ആനവിരണ്ടാലതിനെ കൂടുതൽ പ്രകോപിപ്പിക്കുവാൻ ശ്രമിക്കുകയും അതുംmഊലം പാപ്പാനു നിയന്ത്രിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ഛെയ്യുന്ന കാണികളും അത്ര മാന്യംന്മാരല്ല.

വികടശിരോമണി said...

"ഉത്സവപ്പറമ്പുകളിലെ തലയെടുപ്പിന്റെ അവസാനവാക്കായ അവന്റെ സാന്നിധ്യം പലർക്കും ഇഷ്ടമല്ല."
അതെന്താ പാർപ്പിടം അങ്ങനെ? തലയെടുപ്പിന്റെ അവസാനവാക്കിനെ ആനപ്രേമികളൊക്കെ ഇഷ്ടപ്പെടുകയല്ലേ വേണ്ടത്?
വിവരമില്ലാത്ത വിഷയാണ്,അതുകൊണ്ട് ചോദിച്ചതാട്ടോ.ഒരു വക്രധ്വനിയുമില്ലാത്ത ചോദ്യം.

കാവലാന്‍ said...

പ്രിയ അനില്‍@,ദാരുണമായ മരണങ്ങളുടെ സീസണ്‍ ആരംഭിച്ചിരിക്കുന്നു.ആനകളുടെ ഉപദ്രവം ഒഴിവാക്കാന്‍ വിഢ്ഢിത്തം പോലെയുള്ള ഒരാശയം എനിക്കു തോന്നിയിരുന്നു കുതിരകള്‍ക്കും മറ്റുമുള്ളതു പോലെ ഒരു ഐ ഷീല്‍ഡ് ആനകള്‍ക്കു പിടിപ്പിച്ചാല്‍ ഗുണം ചെയ്യും എന്നു തോന്നുന്നു.(മൂന്നു വര്‍ഷം മുന്‍പ് ഞാന്‍ അതിനു വേണ്ടി കുറച്ചു ഡ്രോയിംഗ്സ് ഉണ്ടാക്കിയിരുന്നു)ഇന്നലെ ഇടഞ്ഞ തെച്ചിക്കോടനെ നോക്കു അതിന് ഒരു വശം കാഴ്ച്ചയില്ല കേരളത്തിലെ ഒരുപാടാനകള്‍ക്ക് ഭാഗികമായോ പൂര്‍ണ്ണമായോ അന്ധതയുള്ളവയാണ്. നിയന്ത്രിക്കാന്‍ എളുപ്പത്തിന് പാപ്പാന്മാര്‍ തന്നെ കെടുത്തിക്കളയുന്നതാണ് അവയുടെ കണ്ണിലെ വെളിച്ചം.
അതിനേക്കാള്‍ നല്ലതാണെന്നു തോന്നുന്നു കാഴ്ചയെ നിയന്ത്രിക്കാന്‍ ഒരു ഐ ഷീല്‍ഡ് ഡിസൈന്‍ ചെയ്യുന്നത്.

paarppidam said...

വികടാ മത്സരപ്പൂരങ്ങളുടെ നാട്ടിൽ നിന്നും ആണ് ഞാൻ വരുന്നത്.അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അല്പം ആവേശം കാണിക്കുന്നതിൽ ദയവായി ക്ഷമിക്കുക.

മത്സരപൂരങ്ങളിൽ മുൻ നിരയിൽ വരുന്ന ചില ആനകളും അവയെ കൊണ്ടുവരുന്ന ഉത്സ്വകമ്മറ്റികളും തമ്മില്ല് നല്ല മത്സരമാണ്. ഇതിന്റെ ഭാഗമായി പല പാരകളും ഉണ്ടാകും.ചിലർ സ്വാധീനമുപയോഗിച്ച് മറ്റാനകളെ ബാൻ ചെയ്യുവാൻ ശ്രമിക്കും,ചിലർ ഉത്സവംകലക്കുവാൻ ശ്രമിക്കും.(ഇത്തരം പൊളിറ്റിക്സ്സിനെ കുറിച്ച് അല്പം ഞാൻ നാട്ടുപചയിൽ മുൻ ലക്കത്തിൽ എഴുതിയിട്ടുണ്ട്.)ഫ്ലക്സ് ബോ‍ാർഡുകള്ള് തകർക്കൽ തുടങ്ങിയ കലാപരിപാടികൾ ഇതിന്റെ ഭാഗമാണ്.

ആനക്ക് കുതിരയെപ്പോലെ കണ്ണുമറച്ചാൽ പ്രശ്നം തീരുമോ?എന്തായാലും കുത്തിപ്പൊട്ടിക്കുന്നതിനേക്കൾ വളരെ ബേധം തന്നെ.പല പാപ്പാന്മാരുമിതിലും വലിയ ക്രൂരതയാണ് ഈ മിണ്ടാപ്രാണികളോട് ചെയ്യുന്നത്.

അനില്‍@ബ്ലോഗ് said...

paarppidam,
ആനപ്രേമം മനസ്സിലാക്കുന്നു കേട്ടോ.
:)

കാവലാന്‍,
കണ്ണു മറക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നാണ് എന്റെ അഭിപ്രായം. ഇത്ര ശബ്ദ മുഖരിതമായ അന്തരീക്ഷത്തില്‍ , എന്താണ് ചുറ്റും നടക്കുന്നതെന്ന് കാണാന്‍ കൂടി പറ്റാത്ത അവസ്ഥ ആനയെ കൂടുതല്‍ പരിഭ്രാന്തനാക്കുകയേ ഉള്ളൂ .

വെളിച്ചപ്പാട് said...

ഉചിതമായ പോസ്റ്റ്.ഇത്രയും ക്രൂരത കാട്ടി ദേവീദേവന്മാരെ പ്രീതിപ്പെടുത്തേണ്ട ആവശ്യം ഒന്നും ഇല്ല.