1/11/2009

ഒരു ബിംബം കൂടി

കവിതാ കര്‍ക്കറെ എന്ന പേര് എതൊരിന്ത്യക്കാരനും സുപരിചിതമാണിന്ന്.
രാജ്യത്തെ പിടിച്ചു കുലുക്കിയ മുംബൈ ആക്രമണ പരമ്പരയില്‍ വീരമൃത്യു വരിച്ച ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍, ഹേമന്ത് കര്‍ക്കറയുടെ ധീരയായ വിധവ. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്നുതോന്നുമാറ് നരേന്ദ്രമോഡി പ്രഖ്യപിച്ച കോടി രൂപ, ചാഞ്ചല്യമേതുമില്ലാതെ തിരസ്കരിച്ച ഭാരത പുത്രി. ആ കവിതാ കര്‍ക്കറെ ഇന്നു തിരുവന്തപുരത്ത് എത്തിയിരിക്കുന്നു, ഭീകരതക്കും വര്‍ഗ്ഗീയതക്കും എതിരെ ആശയപ്രചാരണത്തിന് , ശ്രീ കെ.ജെ. യേശുദാസ് നയിക്കുന്ന സംഗീതയാത്രയെ അനുഗ്രഹിക്കുവാന്‍.

ഒഴുകിയെത്തുന്ന സഹതാപം സ്വരുക്കൂട്ടി നിഷ്കൃയയായി അടയിരിക്കാതെ, കര്‍മ്മ മണ്ഡലത്തിലേക്ക് ഇറങ്ങുന്നത്, കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിനോടു ചെയ്യാവുന്ന ഏറ്റവും മഹത്തായ നീതിയാണ്. ‍ അതേസമയം ഈ രക്തസാക്ഷിത്വം ഏതെങ്കിലും രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള ബാദ്ധ്യതയും ഇവര്‍ സ്വയം ഏറ്റെടുക്കേണ്ടതുണ്ട്.

മുംബൈയില്‍ നിന്നും പടര്‍ന്ന നടുക്കം ഇന്ത്യയൊട്ടാകെ അലയടിക്കുന്ന ഈ സന്ദര്‍ഭത്തില്‍, ചൂടപ്പം പോലെ വിറ്റഴിയുന്ന ഒന്നാണ് ഭീകരവിരുദ്ധ കാമ്പയിനുകള്‍. ശ്രീ. യേശുദാസിന്റെ സംഗീത പരിപാടി വന്‍ വിജയമാവട്ടെ എന്നും, സംഗീതത്തിന്റെ മാസ്മര വിദ്യയാല്‍ ഇന്ത്യയിലെ ഭീകരത അലിഞ്ഞില്ലാതാവട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം. കൂടാതെ ഇത്തരം നിരവധി യാത്രകള്‍ക്ക് പച്ചക്കൊടി വീശാന്‍ കവിതാ കാര്‍ക്കറെക്ക് അവസരം ലഭിക്കട്ടെ എന്നും, വരും തിരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയായ് കിട്ടാന്‍ രാഷ്ടീയപ്പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ മത്സരം തന്നെ നടക്കട്ടെ എന്നും ഈ അവസരത്തില്‍ ആശംസിക്കുന്നു.

21 comments:

അനില്‍@ബ്ലോഗ് // anil said...

കവിതാ കര്‍ക്കറെ എന്ന പേര് എതൊരിന്ത്യക്കാരനും സുപരിചിതമാണിന്ന്.
രാജ്യത്തെ പിടിച്ചു കുലുക്കിയ മുംബൈ ആക്രമണ പരമ്പരയില്‍ വീരമൃത്യു വരിച്ച ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍, ഹേമന്ത് കര്‍ക്കറയുടെ ധീരയായ വിധവ.

ഭൂമിപുത്രി said...

ഇങ്ങിനെ സിനിക്കൽ ആവാതെ അനിലേ :-)

Typist | എഴുത്തുകാരി said...

"ഒഴുകിയെത്തുന്ന സഹതാപം സ്വരുക്കൂട്ടി നിഷ്കൃയയായി അടയിരിക്കാതെ, കര്‍മ്മ മണ്ഡലത്തിലേക്ക് ഇറങ്ങുന്നത്, കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിനോടു ചെയ്യാവുന്ന ഏറ്റവും മഹത്തായ നീതിയാണ്."
തീര്‍ച്ചയായും. പക്ഷേ അനില്‍ പറഞ്ഞപോലെ ചൂഷണം ചെയ്യപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്‌.

അയല്‍ക്കാരന്‍ said...

കവിതയെയും യേശുദാസിനെയും പോലുള്ളവരാണ് നാടിനെക്കുറിച്ചുള്ള പ്രതീക്ഷ എന്നില്‍ നിലനിര്‍ത്തുന്നത്.

അനില്‍@ബ്ലോഗ് // anil said...

ഭൂമിപുത്രി,
കൈരളി ടീവിയില്‍ ലൈവ് പ്രോഗ്രാം കണ്ട ആവേശത്തില്‍ പോസ്റ്റിയതാ. എന്തുകൊണ്ട് കവിതാ കര്‍ക്കറെ എന്ന് സ്വയം ചോദിച്ചിട്ട് എനിക്കുത്തരം കിട്ടിയില്ല. തീരെ ഓപ്റ്റിമിസ്റ്റിക്കല്ല ഞാന്‍ എന്നും സമ്മതിക്കുന്നു.

Typist | എഴുത്തുകാരി,
സന്ദര്‍ശനത്തിനു നന്ദി.

ചാണക്യന്‍ said...

ഇന്‍ഡ്യാമഹാ രാജ്യമല്ലെ...സംഭവിക്കാം.....

പാമരന്‍ said...

" സ്ഥാനാര്‍ത്ഥിയായ് കിട്ടാന്‍ രാഷ്ടീയപ്പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ മത്സരം തന്നെ നടക്കട്ടെ എന്നും ഈ അവസരത്തില്‍ ആശംസിക്കുന്നു."

അതേ പാളത്തില്‍ തന്നെ ഞാനും..

വികടശിരോമണി said...

ഭീകരതയും മൌലികവാദവും ഗുലാം അലി പാടിയിട്ട് പോയിട്ടില്ല,പിന്നാ...
ഇത്തരം യാത്രകൾ ചില ആശ്വാസങ്ങൾ നൽകുമെങ്കിൽ ആവട്ടെ.

ചാണക്യന്‍ said...

വികടശിരോമണി,
തന്നെ...തന്നെ...ഗുലാം അലിയും വേണ്ട യേശുദാസും വേണ്ട, നമുക്ക് കലാമണ്ഡലത്തില്‍ നിന്നും ആരേങ്കിലും കൊണ്ട് പാടിച്ചാലോ?:)

ഹരീഷ് തൊടുപുഴ said...

ആശംസകള്‍...

ജിജ സുബ്രഹ്മണ്യൻ said...

നിരവധി യാത്രകള്‍ക്ക് പച്ചക്കൊടി വീശാന്‍ കവിതാ കാര്‍ക്കറെക്ക് അവസരം ലഭിക്കട്ടെ എന്നും, വരും തിരഞ്ഞെടുപ്പില്‍ അവരെ സ്ഥാനാര്‍ത്ഥിയായ് കിട്ടാന്‍ രാഷ്ടീയപ്പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ മത്സരം തന്നെ നടക്കട്ടെ എന്നും ഈ അവസരത്തില്‍ ആശംസിക്കുന്നു


അതു തന്നെ സംഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയത്തിൻ ഇടയുണ്ടെന്നു തോന്നണില്ല.

ജ്വാല said...

അതെ,കേരളത്തില്‍ “പട്ടി വിളി” വിവാദം അനവസരത്തില്‍ ഉത്സവമായപ്പോള്‍..
എങിനെ പ്രതികരിക്കണം എന്നു അന്തസ്സോടെ മലയാളിയെ പഠിപ്പിച്ച വനിത,
അവരുടെ പ്രയത്നങള്‍ സാര്‍ത്ഥകമാകട്ടെ

ഞാന്‍ ആചാര്യന്‍ said...

മിസ്സസ് കാര്‍ക്കറെയെ ഏഷ്യാനെറ്റ് ന്യൂസിലും, മിസ്സസ് സലാസ്ക്കറുമായി ശ്രിനിവാസന്‍ ജെയ്ന്‍ (എന്‍ഡിടിവി)നടത്തിയ ഇന്‍റര്വ്യൂവും കണ്ടു...

കാപ്പിലാന്‍ said...

അനിലേ ,

കാണുന്നുണ്ട് എല്ലാം .

ആശംസകള്‍ .

നരിക്കുന്നൻ said...

വീരമൃത്യു വരിച്ച ധീരനായ പോലീസ് ഉദ്യോഗസ്ഥന്‍, ഹേമന്ത് കര്‍ക്കറയുടെ ധീരയായ വിധവ എന്നതിലുപരി എനിക്ക് ഇവർ സ്രേഷ്ടയാകുന്നത് ഗുജറാത്ത് മുഖ്യമന്ത്രി വെച്ച് നീട്ടിയ ഒരു കോടി രൂപ സംശയ ലേശമന്യേനിരസിച്ചപ്പോഴാണ്. ഒരുപക്ഷേ ജനം അവരെ ഇത്രമാത്രം ശ്രദ്ധിച്ചതും അത് കൊണ്ട് തന്നെയാകും.

അവരുടെ ദൌത്യം വിജയിക്കട്ടേ...

വികടശിരോമണി said...

ചാണക്യാ,
‘സൂത്ര’ങ്ങളിപ്പൊൾ ഇങ്ങോട്ടായോ?
കലാമണ്ഡലത്തിലെ പലരുടേയും പാട്ടുകേട്ടിട്ട് ഞാനൊരു ഭീകരവാദിയാവുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാ....

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹി......

Manikandan said...

അനിൽ‌ജി ഭീകരവാദത്തിനെതിരായി ഓരോരുത്തർ തങ്ങൾക്ക് ആവുന്നരീതിയിൽ ബോധവത്കരണം സംഘടിപ്പിക്കുന്നത് നല്ലതല്ലേ.ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ ധൈര്യത്തോടെ അതിനെ നേരിട്ട ശ്രീമതി കവിതാ കാർക്കറെയെപ്പോലുള്ളവർ മറ്റുള്ളവർക്ക് മാതൃകയാണ് എന്ന അഭിപ്രയമാണ് എന്റേത്. രാഷ്‌ട്രീയപാർട്ടികളുടെ ചട്ടുകമായി അവർ അധഃപതിക്കാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ബഷീർ said...

അവരുടെ ആര്‍ജ്ജവമുള്ള തീരുമാനങ്ങള്‍ക്കും ദൗത്യത്തിനും ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഭര്‍ത്താവ് മരിച്ചപ്പോള്‍ മോഡി വാഗ്ദാനം ചെയ്ത കോടികളും വാങ്ങി മിണ്ടാതെ സുഖമായി ജീവിക്കാമായിരുന്നു, അവര്‍ക്ക്.

അവര്‍ ഭര്‍ത്താവിന്റെ രക്തസാക്ഷിത്വത്തെ മുതലെടുക്കുകയാണെന്ന തോന്നലുണ്ടായി അനിലിന്റെ പോസ്റ്റ് വായിച്ചപ്പോള്‍. അങ്ങനെയാണുദ്ദേശിച്ചതെങ്കില്‍ അതിനോട് വിയോജിപ്പുണ്ട്.

ഒട്ടു മിക്ക ഭാര്യമാരെയും പോലെ ഭര്‍ത്താവിനെ റിസ്കുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നെങ്കില്‍ ഹേമന്ത് ഒരു പക്ഷേ കൊല്ലപ്പെടില്ലായിരുന്നു.

അനില്‍@ബ്ലോഗ് // anil said...

അയല്‍ക്കാരന്‍,

ചാണക്യന്‍,

പാമരന്‍,

ഹരീഷ് തൊടുപുഴ,

കാന്താരിക്കുട്ടി,

jwalamughi,

ആചാര്യന്‍...,

കാപ്പിലാന്‍,

MANIKANDAN [ മണികണ്ഠന്‍‌ ],

ബഷീര്‍ വെള്ളറക്കാട്‌ / pb,

രാമചന്ദ്രന്‍ വെട്ടിക്കാട്ട്,

എല്ലാ സുഹൃത്തുക്കളുടേയും സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

ഹേമന്ത് കര്‍ക്കറയുടെ രക്തസാക്ഷിത്വം വോട്ട് ബാങ്കാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നു കൂടായ്കയില്ല. അത് ശ്രീമതി കര്‍കറെ ബോധപൂര്‍വ്വം ചെയ്യുന്നതാവില്ല, മറിച്ച് അവരുടെ ആത്മാര്‍ത്ഥത ചൂഷണം ചെയ്യപ്പെട്ടേക്കാമെന്നാണ് സൂചിപ്പിച്ചത്.