12/15/2008

തലമുറകള്‍ വിടവാങ്ങുമ്പോള്‍

കാലചക്രം അനുസ്യൂതം തിരിഞ്ഞുകൊണ്ടിരിക്കുന്നു.
തലമുറകള്‍ കൊഴിയുകയും പുതിയവ ആ സ്ഥാനം ഏറ്റെടുക്കയും ചെയ്യുന്നു,പ്രകൃതി നിയമമാണിത്.
ഓരോ തലമുറയും അവര്‍ ഉദയം ചെയ്യുന്ന സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷത്തിനിണങ്ങും വിധം രൂപകല്‍പ്പന ചെയ്യപ്പെടുകയും, മാറിവരുന്ന സാഹചര്യത്തിനനുഗുണമായ രീതിയില്‍ സവിശേഷ സ്വഭാവങ്ങള്‍ ആര്‍ജ്ജിക്കയും ചെയ്യുന്നു. കാലപ്രയാണത്തില്‍‍ നമ്മുടെ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ അതിവേഗതയിലായതിനാലാവണം, തലമുറകള്‍ തമ്മിലുള്ള വിടവ്, കാലഗണനക്ക് ആനുപാതികമല്ലാതെ വലുതായി ഇരിക്കുന്നത്. ചുറ്റുമൊന്നു കണ്ണോടിക്ക.

സ്വാഭാവിക പ്രകൃയയാണെങ്കിലും മുന്‍ തലമുറകളുടെ നഷ്ടം നികത്താനാവുന്നതാണോ?രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം തുടങ്ങിയ സമസ്തമേഖലകളിലും ഈ നഷ്ടങ്ങള്‍ സൃഷ്ടിച്ച വിടവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. നമുക്കു വഴികാട്ടികളായി മുമ്പേ നടന്നു മറഞ്ഞ ഒരു തലമുറമാത്രം എത്രമാത്രം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷികളും ഭാഗഭാക്കുകളുമായിരുന്നു എന്നോര്‍ത്തുനോക്കുക. ഇന്നിന്റെ പ്രതിനിധികള്‍ ഏതെങ്കിലും രീതിയില്‍ രണ്ടാം തരക്കാരാണെന്നല്ല സൂചിപ്പിക്കാനാഗ്രഹിക്കുന്നത്, മറിച്ച് അനുഭവങ്ങളേകുന്ന പ്രായോഗിക പാഠങ്ങളുടെ അഭാവം പലമേഖലകളിലും നിഴലിക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടുകയാണ്. സാമൂഹികപ്രവര്‍ത്തനം എന്നത് സഹജീവികളോടുള്ള സ്നേഹത്തില്‍ നിന്നും ഉടലെടുത്തിരുന്ന ഒന്നായിരുന്നെങ്കില്‍ ഇന്നത് കൊടികളുടെ നിറങ്ങള്‍ കടുപ്പിക്കാനുള്ള ഉപാധിയായി ഒന്നായി മാത്രം പരിണമിച്ചിരിക്കുന്നുന്നു. പ്രക്ഷോഭസമരങ്ങളിലും ,പൊതു ജീവിതത്തിലും തിളങ്ങിനിന്ന വ്യക്തിത്വങ്ങളെ ദേശനിര്‍മ്മണത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുമ്പ് ശ്രദ്ധപതിപ്പിച്ചിരുന്നുവെങ്കില്‍, രാഷ്ടീയം എന്നത് ഇന്ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി നിയമനം നല്‍കപ്പെടുന്ന ഒരു തസ്തികയായി മാറിയിരിക്കുന്നു.

താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ പിറന്ന പുതു തലമുറയാകട്ടെ ചരിത്രത്തോടു പുറം തിരിഞ്ഞു നില്‍ക്കുകയാണ്. സ്വാതന്ത്ര്യം, ദേശരക്ഷ, വര്‍ഗ്ഗീയത ഇവയൊക്കെ ചര്‍ച്ചാവിഷയമാകുന്നത് ഈ സമീപനങ്ങളാലാണ്. അടിമത്തത്തിന്റെ കൈപ്പുനീര്‍ കുടിച്ച് , ഇന്ത്യന്‍ ദേശീയ പ്രക്ഷോഭങ്ങളുടേയും മറ്റും സാക്ഷ്യവുമായി നമ്മെ നയിക്കുകയും കൂട്ടിയിണക്കുകയും ചെയ്തിരുന്ന തലമുറകള്‍ ഓരോന്നായ് എരിഞ്ഞടങ്ങുന്നു. വരും കാലഘട്ടത്തില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളിലൊന്നും ഈ കണ്ണികളുടെ അഭാവമാവും. പരിഹാരം ഒന്നേയുള്ളൂ, ചരിത്രത്തെ മാറോടു ചേര്‍ക്കുക. പിതാമഹന്മാര്‍ കൈമാറി നല്‍കിയ പൈതൃക സ്വത്തായ നന്മ മനസ്സിലേറ്റുക.

കടമ്മനിട്ടയുടെ വരികള്‍ കടമെടുക്കട്ടെ,

"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്"

19 comments:

അനില്‍@ബ്ലോഗ് // anil said...

വെറുതെ.

ശ്രീ said...

തലമുറകളുടെ നഷ്ടം നികത്താനാകുന്നതല്ലെങ്കിലും പഴയ തലമുറയില്‍ നിന്നും പലതും നമുക്ക് കണ്ടു പഠിയ്ക്കാനും തുടര്‍ന്നു കൊണ്ടു പോകാനും സാധിയ്ക്കില്ലേ?

മാണിക്യം said...

പിതാമഹന്മാര്‍ കൈമാറി
നല്‍കിയ പൈതൃക സ്വത്തായ
നന്മ മനസ്സിലേറ്റുക.

ശരിയാ‍യ ചിന്ത!

ബിന്ദു കെ പി said...

ശരിയാണ് അനിൽ. ഇതൊക്കെ ഞാനും പലപ്പോഴും ആലോചിക്കാറുണ്ട്.

‘ചരിത്രത്തെ മാറോടു ചേര്‍ക്കുക. പിതാമഹന്മാര്‍ കൈമാറി നല്‍കിയ പൈതൃക സ്വത്തായ നന്മ മനസ്സിലേറ്റുക’- ചെയ്യാനുള്ളത് ഇതുതന്നെയാണ്. പക്ഷേ, എത്രത്തോളം പ്രാവർത്തികമാവുമെന്നാണ് ആശങ്ക.

കുഞ്ഞന്‍ said...

അനില്‍ഭായി..

ഹഹ സത്യത്തില്‍ പോസ്റ്റു വായിച്ചപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. നൂറുകൊല്ലം മുമ്പുള്ള തലമുറയിലെ ആളുകളും ഇങ്ങനതന്നെ ചിന്തിച്ചിരിക്കും 50 കൊല്ലം മുമ്പുള്ള തലമുറയും അനില്‍ പറഞ്ഞതുപോലെ ചിന്തിച്ചിരിക്കും. പക്ഷെ, എന്ത് കുറവാണ് പഴയകാലത്തിനേക്കാള്‍ ഇപ്പോളുള്ളത്? ചില കുടുംബ ബന്ധങ്ങളിലെ കെട്ടുറപ്പിന് കോട്ടം തട്ടിയുണ്ടെന്നൊഴിച്ചാല്‍ പുതു തലമുറ നേട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് അത് ഏതുമേഖലയിലായാലും. പിന്നെ ജനസംഖ്യ കൂടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ അത് എന്നും അങ്ങിനെതന്നെ നില്‍ക്കും.

കാസിം തങ്ങള്‍ said...

നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.

smitha adharsh said...

ശരിയാണ് അനില്‍ ചേട്ടാ..പൂര്‍ണ്ണമായും യോജിക്കുന്നു.
നല്ല പോസ്റ്റ്..ഒരുപാടു ചിന്തിപ്പിച്ചു.

ചാണക്യന്‍ said...

അനില്‍,
ചരിത്രത്തിലേക്കൊരു തിരിച്ചു പോക്ക്, അത് നടക്കില്ല...
ചരിത്രത്തെ ഉള്‍ക്കൊള്ളാമെന്ന് വച്ചാല്‍ എഴുതപ്പെട്ട ചരിത്രം അതെത്ര മാത്രം ശരിയാണെന്ന് ആര്‍ക്കറിയാം..
എഴുതപ്പെടാത്ത നിരവധി സത്യങ്ങള്‍ ചരിത്രത്തില്‍ അവശേഷിക്കുന്നില്ലേ?
മുന്‍ തലമുറ പകര്‍ന്നു തന്ന അറിവുകള്‍ എല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രായോഗികമാക്കാമെന്ന് കരുതുന്നില്ല. അതിജീവനത്തിന്റെ പാതയില്‍ മുന്‍ തലമുറ കണ്ട ശരികള്‍ തെറ്റായും തെറ്റുകള്‍ ശരിയായും മാറിയിട്ടില്ലെ? മനുഷ്യന് മൂല്യച്യുതി സംഭവിച്ചതിന് ആരെ കുറ്റം പറയണം....?
എന്തായാലും നല്ല പോസ്റ്റ്..ചിന്തനീയം...
ആശംസകള്‍...

Joker said...

കമന്റ് ട്രാക്ടറാണ്. :)

അനില്‍ജി നല്ല ചിന്തകള്‍

കൃഷ്‌ണ.തൃഷ്‌ണ said...

അനില്‍, അച്ഛന്റെ നിര്യാണത്തിനുശേഷം ഇങ്ങനെ ഒരു ചിന്ത ഉണ്ടായതാകാം അല്ലേ.

വളരെയേറേ അര്‍ത്ഥവത്തായ ഒരു പോസ്റ്റ്. ഓരോ വ്യക്തിജീവിതത്തിലും ഇത്തരമൊരു അവസ്ഥയിലെത്തപ്പെടുന്ന അവസരമുണ്ടാകും. പഴയ തലമുറയെ ചോദ്യം ചെയ്തുകൊണ്ടാണല്ലോ ഓരോ പുതിയ തലമുറയും വളരുന്നത്. അനിലും അങ്ങനെ തന്നെയായിരുന്നിരിക്കണം. നിലവിലുള്ള സാമൂഹ്യ, സദാചാര യാഥാസ്ഥിതിക സങ്കല്‍പ്പങ്ങളെ വെല്ലുവിളീക്കുന്നതാണല്ലോ പുതിയ തലമുറകള്‍ എന്നും ചെയ്തുകൊണ്ടിരിക്കുന്നത്. 'എന്റെ അച്ഛന്‍ ചെയ്തിരുന്നതാണു ശരി എന്നു ഞാന്‍ മനസ്സിലാക്കി വരുമ്പോഴേക്കും ഞാന്‍ ചെയ്യുന്നതു തെറ്റാണ്‌ എന്നു പറയുന്ന ഒരു മകന്‍ എനിക്കുണ്ടായിരിക്കും' എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു.

തികച്ചും അരാഷ്ട്രീയമായ സാഹചര്യത്തില്‍ വളരേണ്ടി വരുന്ന ഞാനുള്‍പ്പെട്ട തലമുറയില്‍ നിന്നും എന്തു സാമൂഹ്യപ്രതിബദ്ധതയാണു പ്രതീക്ഷിക്കേണ്ടത്‌? അന്യന്റെ ദു:ഖം, അടിച്ചമര്‍ത്തല്‍ ഇതൊക്കെകണ്ട് ഉള്ളംപൊള്ളി പ്രതികരിക്കാനിറങ്ങിയ ഒരു ജനത ഇവിടെയുണ്ടായിരുന്നു. അവര്‍ക്കൊക്കെ അതിനു മാതൃകയുമുണ്ടായിരുന്നു. ഇന്നത്തെ തലമുറ ആരെയാണു മാതൃകയാക്കേണ്ടത്?

ഇന്നത്തെ അഭ്യസ്തവിദ്യരായ അച്ഛനമ്മമാര്‍ മക്കളുടെ സമ്പന്നഭാവി സ്വപ്നം കണ്ട് മക്കളെ ബോര്‍ഡിംഗിലയച്ചു പഠിപ്പിക്കുന്നു. പരാതി പറഞ്ഞും, പങ്കുവെച്ചും, തമ്മില്‍ അടിപിടികൂടിയും ജീവിതത്തിന്റെ മൃദുലതയെ തൊട്ടറിഞ്ഞു ജീവിക്കേണ്ട ബാല്യകാലം കര്‍ശനങ്ങളുടെ ഇരുട്ടു നിറഞ്ഞ ഡോര്‍മറ്ററികളില്‍ ഉരുകിത്തീര്‍‌ക്കുന്ന ഒരു കുട്ടിയില്‍ നിന്ന്‌ സ്‌നേഹത്തിന്റേയും സാമൂഹികപ്രതിബദ്ധതയുടേയും ഏതു ഭാവമാണ്‌ പ്രതീക്ഷിക്കേണ്ടത്?

ജനിച്ച നാട്ടിലല്ല, മറ്റെവിടെയോ ആണ്‌ തനിക്കുള്ള സ്‌ഥാനമെന്ന തിരിച്ചറിവുള്ളിടത്ത്‌, ഒരിക്കലുപേക്ഷിക്കേണ്ടി വരുമെന്നുറപ്പുള്ള ഒരു വാടകവീടുപോലെ സ്വന്തം നാടിനെ കാണാന്‍ വിധിക്കപ്പെട്ട തലമുറ
യോട്‌ പ്രതിബദ്ധതയെക്കുറിച്ചു പറഞ്ഞാല്‍ ഉള്‍ക്കൊള്ളാനാകില്ല. ഇത്തരം തലമുറയില്‍ നിന്നും പ്രതിബദ്ധത, മനുഷ്യസ്‌നേഹം എന്നുള്ളതൊന്നും പ്രതീക്ഷിക്കരുത്. കാരണം ഇവര്‍ ഇതൊന്നുമറിഞ്ഞിട്ടില്ല.

മകനെ സ്വന്തം മാതൃഭാഷയില്‍ നിന്നകറ്റി മുന്തിയ ഇംഗ്ലീഷ് കോണ്‍വെന്റില്‍ പഠിപ്പിക്കുന്നത്‌ പുറത്തിറങ്ങി സമൂഹത്തിന്റെ വേദന ഒപ്പാനോ, സമരക്കൊടി പിടിക്കാനോ അല്ല എന്നു ഇന്നത്ത മാതാപിതാക്കള്‍ കരുതുന്നില്ലേ?

നാട്ടില്‍ക്കാണുന്നത് വീട്ടില്‍ നിന്നു തുടങ്ങുന്നതാണെന്നു കേട്ടിട്ടില്ലേ...വീടേ പിഴച്ചിടത്തു, എന്തു നാട്?

ഹരീഷ് തൊടുപുഴ said...

കുറച്ചെങ്കിലും നന്മകള്‍ നിറഞ്ഞ മനസ്സുകള്‍ ഉണ്ടാകട്ടെ എന്നാശിക്കുനു....

അനില്‍@ബ്ലോഗ് // anil said...

പാമരന്‍,
സന്ദര്‍ശനത്തിനു നന്ദി.

ശ്രീ,
ഞാന്‍ പറയാനുദ്ദേശിച്ചതും അത്രമാത്രം.

മാണിക്യം ചേച്ചീ,

ബിന്ദു.കെ.പി.
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.അങ്ങൈനെ സാധിക്കട്ടെ എന്നാണ് എന്റ്റെ ആഗ്രഹം.

കുഞ്ഞന്‍ ഭായ്,
ഇന്നത്തെ തലമുറക്ക് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ.കുഴപ്പം, നേട്ടം തുടങ്ങിയ പദങ്ങള്‍ തന്നെ ആപേക്ഷികമായതിനാലാണത്. അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ മാത്രം ഉടലെടുത്ത പ്രശ്നങ്ങള്‍ മാത്രമേ ഇന്നുള്ളൂ എന്ന വാദത്തോട് യോജിക്കാനാവില്ല. സമസ്തമേഖലകളിലും സങ്കുചിത ചിന്തകള്‍ മാത്രമേ കാണാനാകൂ, അതിന്റെ അടിസ്ഥാനം, ഞാന്‍, എന്റെ കുടുംബം എന്ന ചിന്തയില്‍ മാത്രം നാം കിടന്നു കറങ്ങുന്നതുകൊണ്ടാവാം. രാഷ്ട്രീയമോ മതപരമോ അത്തരം വിഭജനങ്ങളേതുമില്ലാതെ പൊതു പരിപാടികള്‍ കാണാനാവുന്നില്ല.ചേരിതിരിവുകളാണ് ഇന്നിന്റെ മുഖമുദ്ര. രാഷ്ട്രീയത്തിന്റെ മൂല്യശോഷണം നമ്മള്‍ എവിടെ അക്കൌണ്ട് ചെയ്യും? എഴുതിയാല്‍ കുറേ എഴുതാം, അതിനാല്‍ നീട്ടുന്നില്ല.
നന്ദി.

കാസിം തങ്ങള്‍,

smitha adharsh
സന്ദര്‍ശങ്ങള്‍ക്ക് നന്ദി.

ചാണക്യന്‍,
ചരിത്രത്തിലേക്കൊരു തിരിഞ്ഞുപൊക്ക് അസാദ്ധ്യം തന്നെ. പക്ഷെ ചരിത്രത്തെ കൂടെ നിര്‍ത്തിക്കൂടെ. ചരിത്രം വളച്ചൊടിക്കപ്പെടുന്നു എന്നതിനാല്‍ മാത്രം അതിനെ തമസ്കരിക്കാനാവില്ലല്ലോ. ചുരുങ്ങിയ പക്ഷം അവനവന്റെ ചുറ്റും കാണുന്നതെങ്കിലും മനസ്സില്‍ കുറിച്ചുകൂടെ?

കിഷോര്‍,
മനസ്സില്‍ തട്ടുന്ന ഈ കമന്റിനു നന്ദി. വഴികാട്ടികളില്ലാതെയോ, മാതൃകകള്‍ ഇല്ലാതെയോ ഒരു സമൂഹവും സ്വയം വികസിച്ചു എന്നു പറയുന്നത് ശരിയായിരിക്കില്ല എന്നതു തന്നെയാണ് എന്റെയും അഭിപ്രായം. നാം നമ്മളിലേക്കു തന്നെ ചുരുങ്ങിയിരിക്കുന്നു, വളരെ വളരെ.

നാം ആരെയും പിന്‍പറ്റണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നില്ല, പക്ഷെ എതു പ്രവര്‍ത്തിക്കും ഒരു ലക്ഷ്യമോ, ഒരു ക്രോസ്സ് ബാറോ ഉള്ളത് നന്നായിരിക്കുമെന്നു മാത്രം.

എല്ലാവര്‍ക്കും നന്ദി.

കാപ്പിലാന്‍ said...

തലമുറകളുടെ അന്തരം അഥവാ generation gap :) പണ്ടൊക്കെ ചെറിയ വിടവ് മാത്രമായിരുന്നു .ഇന്നാണ് ഗ്രാന്‍ഡ്‌കന്യന് പോലെയായി എന്ന കാര്യം മാത്രം .പലരും പറഞ്ഞതുപോലെ നമ്മുടെ മാതാപിതാകളും ഇതൊക്കെ പറയുന്നുണ്ടാകും .പറഞ്ഞിട്ടുണ്ടാകും .പഴയതിനെ ഉള്‍ക്കൊണ്ടു കൊണ്ട് പുതിയതിലേക്ക് ചാടാന്‍ പറ്റില്ല ,പകരം നിന്‍റെ തായ് വേരുകള്‍ മുറിച്ചു മാറ്റുക .സ്വതന്ത്രമായി ചിന്തിക്കുക ,സ്വാതന്ത്ര്യത്തിലേക്ക് എടുത്തു ചാടുക.പക്ഷേ അപ്പോഴും ഓര്‍ക്കുക നമുക്ക് ശേഷവും തലമുറകള്‍ ഉണ്ടാകും .അവര്‍ നമ്മെ ചോദ്യം ചെയ്യാന്‍ ഇടയാവാതെ ശ്രമിക്കുക ..ലാല്‍ സലാം സഖാവേ .

ജിജ സുബ്രഹ്മണ്യൻ said...

കാലം മാറുന്നതിനനുസരിച്ച് കോലവും മാറണം അനിൽ.പണ്ടത്തെ ആളുകൾ പറയും പോലെ അല്ലെങ്കിൽ അവർ ജീവിച്ചതു പോലെ അല്ലല്ലോ നമ്മൾ ജീവിക്കുന്നത്.വ്യത്യാസങ്ങൾ ഉണ്ടല്ലോ..മാറ്റം അനിവാര്യം ആണു.എവിടെയും.

ജ്വാലാമുഖി said...

ചിന്തനീയമായ പോസ്റ്റ്
കൃഷ്ണ തൃഷ്ണയുടെ കമന്റ് ശ്രദ്ധാര്‍‌ഹമാണ്.

വികടശിരോമണി said...

അനിലേ,
പാരമ്പര്യം അറിയണം, പാരമ്പര്യത്തെ നിഷേധിക്കാനായെങ്കിലും.
വെറുതേ.

poor-me/പാവം-ഞാന്‍ said...

പക്ഷെ പുതിയ തലമുറ പെട്ടെന്നു വികാരം കൊ ..ന്നു.പെട്ടെന്നു ചൂടാവുന്നു. കൊഴി ഇറച്ചി മുന്‍ തലമുറയെ അപെക്ഷിച്ചു ജാസ്തി ശപ്പിടുന്നതു കൊന്‍ടായിരിക്കുമോ?

Areekkodan | അരീക്കോടന്‍ said...

"അടിമത്തത്തിന്റെ കൈപ്പുനീര്‍ കുടിച്ച് , ഇന്ത്യന്‍ ദേശീയ പ്രക്ഷോഭങ്ങളുടേയും മറ്റും സാക്ഷ്യവുമായി നമ്മെ നയിക്കുകയും കൂട്ടിയിണക്കുകയും ചെയ്തിരുന്ന തലമുറകള്‍ ഓരോന്നായ് എരിഞ്ഞടങ്ങുന്നു."

What can we do for this ?

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
തലമുറകള്‍ തമ്മില്‍ വിടവുണ്ടാവുമല്ലോ, അതംഗീകരിക്കയും വേണം. പക്ഷെ വന്ന വഴി മറക്കരുതെന്നു കേട്ടിട്ടില്ലെ?

കാന്താരിക്കുട്ടി,
മാറി മാറി എവിടെ എത്തുമോ ആവോ.

ജ്വാലാമുഖി,

വികടശിരോമണി,

poor-me/പാവം-ഞാന്‍,

Sureshkumar Punjhayil,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

അരീക്കോടന്‍,
മുന്നേ നടന്നവരുടെ പാത പിന്‍തുടരുക, അന്ധനേപ്പോലെയല്ല, വിവേചന ബുദ്ധിയോടെ.