12/24/2008

എല്‍.ഇ.ഡി എമര്‍ജസി വിളക്ക്

നമ്മുടെ നാട്ടിലെ വൈദ്യുത സംവിധാനം നിമിത്തം, ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് എമര്‍ജസി വിളക്കുകള്‍. സാധാരണ് ട്യൂബ് (7 വാട്ട് ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്കുകള്‍ സര്‍വ്വസാധാരണമായിരുന്നെങ്കില്‍ , സി.എഫ്.എല്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവയുടെ വരവോടെ ഇവ അപ്രത്യക്ഷമാവാനാരംഭിച്ചു. ഫലത്തില്‍ ഒരു ഇ.വേസ്റ്റ്. ഇവയെ ഫലപ്രദമായി പുനരുപയോഗം ചെയ്യാന്‍ ഒരു ചെറു പ്രോജക്റ്റ് ഇതാ.പഴയ എമര്‍ജസി വിളക്കുകള്‍ അഴിച്ച്, വിവിധ ഘടകങ്ങളാക്കുക എന്നതാണ് ഒന്നാമത്തെ ഘട്ടം.

6/7 വാട്ട് ട്യൂബുകള്‍ ശ്രദ്ധിക്കുക
കേയ്സ് - ഇതില്‍ മാറ്റമൊന്നും വരില്ല.
ഇതാണ് പ്രധാന ബോര്‍ഡ്. അടയാളപ്പെടുത്തിയിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍, റസോണന്‍സ് / സ്റ്റാര്‍ട്ടിംഗ് കപ്പാസിറ്റര്‍ എന്നിവ ഊരിമാറ്റുക. ഓസിലേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന രണ്ടു ട്രാന്‍സിസ്റ്ററുകളും (2SD 882) സ്വിച്ചായാണ് ഇനിപ്രവര്‍ത്തിക്കുക.

ഇവ സമാന്തരമായി വയര്‍ ചെയ്യുകയാണ് അടുത്ത ജോലി. രണ്ടു ട്രാന്‍സിസ്റ്ററുകളുടേയും ബേസുകള്‍ തമ്മിലും, കളക്റ്ററുകള്‍ തമ്മിലും യോജിപ്പിക്കുക. ഒരെണ്ണം ഊരിമാറ്റിയാലും മതിയാവുന്നതാണ്, എങ്കിലും നിലവിലുള്ള ഘടകങ്ങള്‍ ഉപേക്ഷിക്കാതെ , കൂടുതല്‍ ആയുസ്സ് പ്രതീക്ഷിച്ചു ചെയ്യുന്നതാണിത്.

ട്യൂബ് ഫിറ്റ് ചെയ്തിരുന്ന റിഫ്ലകര്‍ ബോഡില്‍ നിന്നും ട്യൂബും ഹോള്‍ഡറും ഊരിമാറ്റുക. 20 എല്‍.ഇ.ഡി.കളാണ് ഉപയോഗിച്ചത് (ഏകദേശം 500 മില്ലി.ആമ്പിയര്‍ കണക്കാക്കി). ആവശ്യാനൂസരണം തുളകള്‍ ഇട്ട് എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉറപ്പിച്ച് എപ്പൊക്സി ഇട്ട് ബലപ്പെടുത്തുക.


രണ്ട് എല്‍.ഇ.ഡി കള്‍ ശ്രേണിയായി ബന്ധിപ്പിക്കവഴി പ്രവര്‍ത്തന വോള്‍ട്ടേജ് 6.1 ആവുന്നു. റസിസ്റ്ററുകള്‍ ഇല്ലാതെ തന്നെ ഇവ ഘടിപ്പിക്കാം എന്നിരുന്നാലും ,ഫുള്‍ ചാര്‍ജ് കണ്ടീഷനില്‍ കരണ്ട് കൂടുതലായേക്കാം എന്ന ഭയത്താല്‍ 4.7 ഓംസ് റസിസ്റ്ററുകള്‍ ലൈനില്‍ ഘടിപ്പിച്ചിരിക്കുന്നു. (വാല്യൂ അഡ്ജസ്റ്റ് ചെയ്തതാണ്, കരണ്ട് അളന്നതിനനുസരിച്ചു).
അനോഡില്‍ നിന്നുമുള്ള വയര്‍ സ്വിച്ചിനു ശേഷമുള്ള പോസിറ്റീവിലും, കാഥോട് ടെര്‍മിനല്‍, യോജിപ്പിക്കപ്പെട്ട കളക്റ്റര്‍ പോയന്റിലും ഘടിപ്പിക്കുക.

ചാര്‍ജര്‍, ഓട്ടോമാറ്റിക് സ്വിച്ചിംഗ്‍ , എന്നീ സര്‍ക്യൂട്ടുകളില്‍ മാറ്റം ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അതേപ്പറ്റി പരാമര്‍ശിക്കുന്നില്ല.

ബാറ്ററി, മറ്റു ഘടകങ്ങള്‍ ഇവ യഥാസ്ഥാനത്ത് ഉറപ്പിക്കുക, കേയ്സ് അടക്കുക, ചാര്‍ജ് ചെയ്യേണ്ടതാണെങ്കില്‍ ചാര്‍ജ് ചെയ്യുക, ഇതാ എല്‍.ഇ.ഡി. എമര്‍ജസി വിളക്ക് റെഡി.

സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ലെന്‍സുള്ള ഇനം വെള്ള എല്‍.ഇ.ഡി.കള്‍ അല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ലെന്‍സില്ലാത്തതരം ബ്രൈറ്റ് എല്‍.ഇ.ഡി ആണ് ഉപയോഗിക്കേണ്ടത്.

ഏറ്റവും ലളിതമായ കണ്വേര്‍ഷനാണിത്. 100 -200 ഹേര്‍ട്സ് ഓസ്സിലേറ്റര്‍ സര്‍ക്യൂട്ട് ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രകാശവും ക്ഷമതയും ലഭിക്കും. സാങ്കേതികമായ വിഷയം എന്ന നിലയില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.

20 comments:

അനില്‍@ബ്ലോഗ് said...

ഒരു സമയം കൊല്ലി സ്കൂള്‍ പ്രോജക്റ്റ്.

കാന്താരിക്കുട്ടി said...

സമയം കൊല്ലി അല്ലല്ലോ ഇത് ? ഇവിടെ 2-3 എമർജൻസികൾ ഇങ്ങനെ ഇരുപ്പുണ്ട് .അതു ഇതു പോലെ ശരിയാക്കി എടുക്കണം .

Typist | എഴുത്തുകാരി said...

എത്രപേര്‍ ഇതിനു മിനക്കെടും എന്നതാണു് പ്രശ്നം.

ചാണക്യന്‍ said...

വിജ്നാനപ്രദം....അനില്‍..
ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ....
ക്രിസ്മസ് ആശംസകള്‍...
ഓടോ: എപ്പോ നാട്ടിലെത്തി....:)

ഭൂമിപുത്രി said...

നല്ല ഉപകാരമുള്ള പോസ്റ്റായി അനിലെ.എല്ലാവരുടെ വീട്ടിലും ഇങ്ങിനെയോരോന്നെങ്കിലും പൊടിപിടിച്ചിരിയ്ക്കുന്നുണ്ടാകും

കാപ്പിലാന്‍ said...

Good , interesting :)

ഹരീഷ് തൊടുപുഴ said...

എന്റമ്മോ!!! എനിക്കു വയ്യേ...

എന്തൊരു തല!!!

കൊള്ളം കെട്ടോ... നല്ല ആശയം

അഭിനന്ദനങ്ങള്‍..

നരിക്കുന്നൻ said...

വളരെ ഉപകാരം.
വീട്ടിൽ 7 എമർജൻസികൾ കേട് വന്നു. പുതിയത് ഒന്ന് രണ്ടെണ്ണം കൊടുത്തയക്കണമെന്ന് നാട്ടിൽ നിന്ന് വിളിച്ചറിയിച്ചത് ഒരു മാസം മുമ്പാണ്‌. അതിനെയൊക്കെ ഒന്ന് ഈ രീതിയിൽ മിനുക്കിയെടുക്കാൻ പറ്റുമോ എന്ന് അന്വേഷിക്കട്ടേ. ഈ പോസ്റ്റിന്റെ ഒരു പ്രിന്റെടുത്ത് ഞാൻ അയക്കുന്നു.
പവർ കട്ടും ലോഡ് ഷെഡിംഗും സാധാരണമായ നമ്മുടെ നാട്ടിൽ എമർജൻസി വളരെ അധികം ഉപയോഗം ഉള്ളതാണ്.

നന്ദി. ഇത്തരം തലക്കും സമയത്തിനും ഉപയോഗപ്രദമായ ഒരുപാട് പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇതൊന്നും പടിച്ചിട്ടില്ലങ്കിലും ഇത്തരം ജോലികളിൽ മുഴുകുക എന്നത് എനിക്കേറെ ഇഷ്ടമാണ്.

നരിക്കുന്നൻ said...

ഇത് കോപ്പിയടിച്ചോട്ടേ മാഷേ?

ചോദിക്കാതെ ചെയ്യുന്നത് തെറ്റല്ലേ...?

അങ്കിള്‍ said...

ഒരു സ്കൂള്‍ പ്രൊജക്ടായിട്ട് ഇത് പറ്റില്ല മാഷേ. ഇതിനകത്ത് ഇലക്ട്രോണിക്സ് തത്വങ്ങള്‍ ഒരുപാടുണ്ട്. അവിടങ്ങളിലൊന്നും തൊടാതെയുണ്ടാക്കിയതല്ലേ.

ഇത് സ്കൂള്‍ പ്രോജക്ടാക്കിയാല്‍ അതിന്റെ പ്രവര്‍ത്തനം വിശദീകരിച്ചുകൊടുക്കുവാന്‍ കുട്ടികള്‍ വിഷമിക്കും.

ഒരു വിധം ഇലക്ട്രോണിക്സ് പഠിച്ചവര്‍ക്ക് ചെയ്യാന്‍ പറ്റിയ പരിപാടി.

അനില്‍@ബ്ലോഗ് said...

കാന്താരിക്കുട്ടി,

എഴുത്തുകാരി,
സന്ദര്‍ശനങ്ങള്‍ക്കു നന്ദി.

ചാണക്യന്‍, നന്ദി.
രാവിലെ എത്തി .

ഭൂമിപുത്രി,

കാപ്പിലാന്‍,

ഹരീഷ് തൊടുപുഴ,

സന്ദര്‍ശനങ്ങള്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി.

നരിക്കുന്നന്‍,
എല്ലാവര്‍ക്കും പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തിലാണ് പോസ്റ്റുന്നത്. അതില്‍ താല്‍പ്പര്യം കാണിക്കുന്നത് എനിക്കു സന്തോഷമല്ലെ ഉണ്ടാക്കൂ.

ഇനിയൊന്നു, താങ്കളുടെ വീട്ടില്‍ 7 എണ്ണം കേടായെങ്കില്‍ അടിസ്ഥാ‍നപരമായി എന്തോ പ്രശ്നമുണ്ടെന്നര്‍ത്ഥം. ഒന്നുകില്‍ വോള്‍ട്ടേജ്, അല്ലെങ്കില്‍ മതിയായ രീതിയില്‍ ചാര്‍ജ് ചെയ്യാന്‍ ശ്രദ്ധിക്കുന്നില്ല,അതുമല്ലെങ്കില്‍ നോക്കുന്ന ടെക്നീഷന്‍ മോശം . ആദ്യം അതു ചെക്ക് ചെയ്യുമല്ലോ. :)

അങ്കിള്‍,
അത്ര കോമ്പ്ലിക്കേഷന്‍ ഒന്നുമില്ല. സ്കൂള്‍ തലം എന്ന് ആലംകാരികമായി പറഞ്ഞെന്നെ ഉള്ളൂ കേട്ടോ, അത്ര ഗൌരവമായ ഒരു സംഗതി അല്ല എന്നു സൂചിപ്പിക്കാന്‍.
:)
സന്ദര്‍ശനത്തിനു നന്ദി.

നരിക്കുന്നൻ said...

അനിൽ ഭായ്,
7 എണ്ണം എന്ന് പറഞ്ഞത് ഒറ്റയിരിപ്പിന് കേടായതല്ല. എങ്കിലും നന്നാക്കാൻ പലപ്രാവശ്യം കൊടുത്തിട്ടുണ്ടായിരുന്നു. ടെക്നീഷ്യന്റെ പിടിപ്പ് കേടാകാം.

ഏതായാലും ഈ വിദ്യ ഒന്ന് പയറ്റാൻ തന്നെ തീരുമാനിച്ചു.

കുമാരന്‍ said...

കൊള്ളാം. ചെയ്തു നോക്കാം.

ശ്രീഹരി::Sreehari said...

ട്രാന്‍സിസ്റ്റര്‍, കപ്പസിറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍...
ഇതൊക്കെ എവിടെയോ കേട്ടിട്ടൂണ്ടല്ലോ?..
ആ ഓര്‍മ വന്നു, കോളേജില്‍ എന്റെ മെയിന്‍ ഇലക്ട്റോണിക്സ് ആയിരുന്നു.. ശ്ശോ മറന്നു പോയി...
ഓര്‍മിപ്പിച്ചേന് താങ്ക്സ്...

ബൈ ദി വേ.. നല്ല ഐഡിയ കെട്ടോ...

ശിവ said...

ഹോ! നന്ദി ഈ ലേഖനത്തിന്....... എനിക്കും ഇതുപോലൊരെണ്ണം ഉണ്ടാക്കണമെന്നുണ്ട്....... അതിനു ശ്രമിക്കുകയാണെങ്കില്‍ ഞാന്‍ സഹായം ആവശ്യപ്പെടും....

ചിന്തകന്‍ said...

നല്ല ശ്രമം

സര്‍വ്വ ഭാവുകങ്ങളും

ബഷീര്‍ വെള്ളറക്കാട്‌ / pb said...

Anil,
നന്ദി ഈ ലേഖനത്തിന് :)
very good one

smitha adharsh said...

പോസ്റ്റ് വളരെ ഉപകരപ്രദം..എഴുത്തുകാരി ചേച്ചി പറഞ്ഞ പോലെ മിനക്കെടാന്‍ മനസ്സു വേണം..

അനില്‍@ബ്ലോഗ് said...

നരിക്കുന്നന്‍ വീണ്ടും വന്നതിനു നന്ദി.

കുമാര്‍ജി,

ശ്രീഹരി::Sreehari,

ശിവ,
സന്തോഷം.

ചിന്തകന്‍,

ബഷീര്‍ വെള്ളറക്കാട്,

smitha adharsh,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.

ആചാര്യന്‍... said...

വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year