1973 ലാണ് നിര്‍മാല്യം പുറത്തിറങ്ങിയത്.എം.ടിയുടെ തൂലികയില്‍ നിന്നുതിര്‍ന്ന മനോഹര ശില്പങ്ങളിലൊന്ന്.
1984 ലാണ് ഈ സിനിമ കാണാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചത്. നാശോന്മുഖമായ ഒരു ക്ഷേത്രവും അതിന്റെ തട്ടകവും കേന്ദ്രമാക്കി രചിക്കപ്പെട്ടിട്ടുള്ള ഈ കഥ, ഒരു കാലഘട്ടത്തില്‍ നമ്മുടെ ക്ഷേത്രങ്ങളും അമ്പലവാസികളും അനുഭവിച്ച ദുരിതത്തിന്റെ കഥകൂടി പറയുന്നു. ശ്രീ.പി.ജെ. ആന്റ്ണിയായിരുന്നു നിര്‍മാല്യത്തിലെ നായക കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിച്ചത്. ദാരിദ്ര്യം മാത്രം കൈമുതലുള്ള വെളിച്ചപ്പാടിന്റെ കുടുംബാങ്ങള്‍ ഒരോരുത്തരും അവരവരാല്‍ സാദ്ധ്യമാകുന്ന ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുന്നുണ്ട് സിനിമയില്‍.
വെളിച്ചപ്പാടിനും കഴകക്കാരനായ വാര്യര്‍ക്കും മാത്രമേ ക്ഷേത്രകാര്യങ്ങളില്‍ താല്‍പ്പര്യം ഉള്ളൂ എന്നു തന്നെ പറയാം. ക്ഷേത്രത്തിനുള്ള ദാരിദ്ര്യം അതിന്റെ ആശ്രിതരിലും പ്രതിഫലിക്കുക സ്വാഭാവികം. പഴയ ശാന്തി, ആ പണി ഉപേക്ഷിച്ചു മറ്റു ജീവിതമാര്‍ഗ്ഗം തേടിപ്പോകുമ്പോള്‍ ചെറുപ്പക്കാരനായ പുതിയൊരാള് ശാന്തിക്കെത്തുന്നു. വെളിച്ചപ്പാടിന്റെ മകളും യുവാവായ പുതിയ ശാന്തിക്കാരനും തമ്മില്‍ വളരുന്ന പ്രണയം, മകനായ സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രം, എന്നിവ മനസ്സില്‍ നിന്നും മായുന്നില്ല. വാളും ചിലമ്പും വില്ക്കാന് ശ്രമിക്കുന്ന മകനിലൂടെ പുതു തലമുറയുടെ നിരാശയും അവിശ്വാസവും നമുക്കു കാണാനാകും "ശ്രീ മഹാദേവന് തന്റെ " എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സമൃദ്ധിയുടെ ഗതകാലത്തിലേക്കൊരു എത്തിനോട്ടവും മറക്കാനാവില്ല.
ദാരിദ്ര്യവും, സഹചാരിയായ കടഭാരവും വെളിച്ചപ്പാടിനെ അലട്ടുന്നു.ഭിക്ഷക്കായ് വാളും ചിലമ്പുമായി തട്ടകത്തിലിറങ്ങുന്ന അയാളെ വ്യത്യസ്ഥരീതിയിലാണ് നാട്ടുകാര്‍ സ്വീകരിക്കുന്നത് . അവസാനം അതു സംഭവിക്കുന്നു, നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്ന വസൂരി ദൈവ കോപത്തിന്റെ ലക്ഷണമായിക്കണ്ട് ക്ഷേത്ര ഉത്സവവും ഗുരുതിയും ഗംഭീരമാക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുന്നിടത്ത് ശുഭ പ്രതീക്ഷ നമ്മുടെ മനസ്സിലും പടരുക തന്നെ ചെയ്യും. തിരക്കുകളില്‍ വീട്ടുകാര്യം പോലും ശ്രദ്ധിക്കാന്‍ വെളിച്ചപ്പാടിനു സമയം ലഭിക്കുന്നില്ല. ഉത്സവത്തലേന്ന് ക്ഷേത്രത്തിലേക്കു പുറപ്പാടിനൊരുങ്ങാന് വീട്ടിലെത്തുന്ന അയാള്‍ കാണുന്നത്, തന്റെ ശരീരം ഉരിഞ്ഞു നല്കി കടക്കാരനെ യാത്രയാക്കുന്ന ഭാര്യയെയാണ്. മനസ്സു തകര്‍ന്ന് ഉടവാളും കയ്യിലേന്തി ഉറയവേ, വെട്ടിപ്പൊളിക്കുന്ന നെറ്റിയില്‍ നിന്നും ചിതറുന്ന രക്തം നമ്മുടെ മനസ്സിലാണ് തെറിച്ചു വീഴുക. അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ തന്റെ ഉള്ളിലെ സര്‍വ്വ വികാരങ്ങളും പുറന്തള്ളിക്കോണ്ട് ദേവീ വിഗ്രഹത്തിന്റെ മുഖത്തേക്കയാള്‍ കാര്‍ക്കിച്ചു തുപ്പുന്നു. നടുക്കം വിട്ടുമാറാത്ത പ്രേക്ഷകന്റെ മനസ്സില്‍ കനല് കോരിയിട്ട് തന്റെ ഉടവാളാല്‍ നെറുക പിളര്‍ന്ന് വെളിച്ചപ്പാട് മരണത്തിലേക്കു യാത്രയാകുമ്പോള്‍ നിര്‍മ്മാല്യം അവസാനിക്കുന്നു.എം.ടിയുടെ തിരക്കഥക്കും സംഭാഷണത്തിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചത് കെ.രാമചന്ദ്ര ബാബു. സംഗീതം .കെ.രാഘവന് മാസ്റ്റര്‍.
അന്ന്:
1974 ഇല് നടനുള്ള ദേശീയ പുരസ്കാരത്തിന് ശ്രീ.പി.ജെ . ആന്റണി അര്‍ഹനായി.
നല്ല സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ്.
നല്ല സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്.
ഇന്നായിരുന്നെങ്കില്‍:
ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ കോടതിയില്‍ കേസ്.
കൃസ്ത്യാനിയായ ആന്റണി ദേവീ വിഗ്രഹത്തില്‍ തുപ്പിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍, തീയേറ്ററുകള്‍ തീയിടല്‍, ഹിന്ദു ക്രൈസ്തവ സംഘട്ടനം
പി.ജെ .ആന്റണിയെ വഴിയില്‍ തടയല്‍, വീടുകത്തിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍.
മേല്‍ കാരണങ്ങളാല്‍ സിനിമ പുറത്തിറങ്ങിയില്ലെന്നും വരാം.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്ദുലേഖ.കോം.