ഇന്നു രാവിലെ മാതൃഭൂമിയില്‍ കണ്ട വാര്‍ത്താ ശകലമാണിത്.ലോകം ഇന്ന് പക്ഷിപ്പനിയെന്നൊരു മഹാമാരി ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. പക്ഷികളെ മാത്രം ബാധിച്ചിരുന്ന പക്ഷിപ്പനി വൈറസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മനുഷ്യനേയും ആക്രമിച്ചുതുടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. തുടര്‍ന്ന് ലോകവ്യാപകമായി ഇതിനെതിരെ ജാഗ്രത പുലര്‍ത്താനുള്ള നടപടികളാരംഭിക്കുകയും ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാന്‍ ആരോഗ്യ, മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയും ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്വാഭാവിക പരിശീലന പരിപാടിയാണ് പത്ര റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പക്ഷിപ്പനിയെപ്പറ്റി സൂരജിന്റെ മെഡിസിന് അറ്റ് ബൂലോകത്തില്‍ വന്ന പോസ്റ്റ് ഈ വിഷയത്തിലെ ആശങ്കകള്‍ ദൂരീകരിക്കാന്‍ പര്യാപ്തമായിരുന്നു.
ഈ പരീശീലപരിപാടിയില്‍ നടന്ന് അവതരണങ്ങളിലെ രണ്ടു ചിത്രങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതായതിനാല്‍ അവ ഇവിടെ കൊടുത്തിരിക്കുന്നു.
പക്ഷിപ്പനി ബാധയെ പ്രതിരോധിക്കുന്ന ദ്രുതകര്‍മ്മ സേന (റാപ്പിഡ് റെസ്പോണ്‍സ് ടീം) അവലംബിക്കേണ്ട മുന്‍കരുതലുകള്‍ പ്രതിപാദിക്കുന്ന അവതരണത്തില്‍ നിന്നാണ് ഇത്. അണുബാധ തടയാനായി കഴിക്കേണ്ട മരുന്നാണ് ഒസള്‍ട്ടാമിവിര്‍ (ഇതിന്റെ ഉപയോഗത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്). ടാമിഫ്ലൂ എന്ന വ്യാവസായിക ഉല്‍പ്പന്നം തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് നോക്കുക. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഭാരത സര്‍ക്കാര്‍ തയ്യാറാക്കിയ പരിശീലന വസ്തുക്കളാണിവയെന്ന് ഓര്‍മ്മിക്കുക.
ഒരു പക്ഷിപ്പനി ബാധിത സ്ഥലത്ത് സംഘാങ്ങള്‍ എത്തുമ്പോള്‍ ചെയ്യേണ്ട നടപടികളുടെ അവതരണത്തില്‍ നിന്നുള്ള ഒരു പ്രദര്‍ശനമാണിത്. ഇവിടെ രാസനാമം ഉപയോഗിക്കുന്നില്ല എന്നതും , പക്ഷിപ്പനി പ്രതിരോധത്തിന്റെ പര്യായമായി “ടാമിഫ്ലൂ” മാറിയതായും ശ്രദ്ധിക്കുക.
ഏതൊരു പരിശീലന പരിപാടിയിലും ഏതെങ്കിലും വ്യാവസായിക ഉല്പന്നത്തിന്റെ പ്രദര്‍ശനം ഉള്‍പ്പെടുത്തുന്നത് സംശയ ദൃഷ്ടിയോടെ മാത്രമേ വീക്ഷിക്കാനാവൂ.
ടാമിഫ്ലൂ:
അമേരിക്കയിലെ റോഷ് കമ്പനി നിര്‍മ്മിക്കുന്ന വ്യാവസായിക ഉല്‍പ്പന്നമാണിത്. പക്ഷിപ്പനിക്കെതിരെ പരമ്പരാഗത മരുന്നുകള്‍ ഫലവത്താവാതെ വന്ന സാഹചര്യത്തിലാണ് റൊഷിന്റെ ടാമിഫ്ലൂ ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഒസള്‍ട്ടാമിവിര്‍ ഫോസ്പേറ്റ് ആണിതിന്റെ അടിസ്ഥാന ഘടകം. ലോകമെമ്പാടും തങ്ങളുടെ സേവനം വ്യാപിപ്പിക്കുവാന്‍ തീരുമാനിച്ചതായിയുള്ള വാര്‍ത്ത ഇവിടെ വായിക്കാം. ജിലിയാഡ് സയന്‍സസ് എന്ന കമ്പനിയാണ് ടാമിഫ്ലൂവിന്റെ യഥാര്‍ത്ഥ പേറ്റന്റ് അവകാശികള്‍. ഈ മരുന്നുണ്ടാക്കാനുള്ള ലൈസന്‍സ് മാത്രമാണ് റൊഷ് കമ്പനിക്ക് ഇവര്‍ നല്‍കിയിട്ടുള്ളത്. ലോകമാകമാനം പക്ഷിപ്പനി ഭീഷണി പടര്‍ന്ന സാഹചര്യത്തില്‍ രണ്ടു കമ്പനികളും തമ്മില്‍ നിയമപരമായ ചില ഏറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും തങ്ങളുടെ തര്‍ക്കങ്ങള്‍ തീര്‍ന്നു എന്ന് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 2004 ഇല് 266 ദശലക്ഷം ഡോളറായിരുന്ന ടാമൊഫ്ലൂ വിറ്റുവരവ് 2006 ഇല് 925 ദശലക്ഷം ഡോളറായി ഉയര്‍ന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയിലെ ആഭ്യന്തര ഉപയോഗത്തിനും, വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികര്‍ക്കുമായി ദശലക്ഷക്കണക്കിനു ഡോളറിന്റെ ടാമിഫ്ലൂവാണ് വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും ഇതിനു പിന്നില്‍ ബുഷ് ഭരണകൂടത്തിലെ ചില പ്രമുഖരുടെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും ആരോപണം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.ജെലിയാഡ് സയന്‍സസിന്റെ തന്നെ ഈ പത്രക്കുറിപ്പ് ഇതിനുള്ള ഉത്തരവും നമുക്ക് നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ റൊണാള്‍ഡ് റംസ്ഫീല്‍ഡ് 1997 മുതല്‍ 2001 വരെ ജിലിയാഡ് കമ്പനിയുടെ ചെയര്‍മാനായിരുന്നു എന്നതാണത്. ഇതുമാത്രമല്ല ഈ കമ്പനിയില്‍ ഇദ്ദേഹത്തിനു ദശലക്ഷങ്ങള്‍ വരുന്ന ഷെയര്‍ ഉള്ളതായും ചില വാര്‍ത്തകള്‍ പറയുന്നു.
എപ്രകാരമാണ് പക്ഷിപ്പനിയും ടാമിഫ്ലൂവും ലോക വിപണി കീഴടക്കാന്‍ പോകുന്നതെന്ന ചില സൂചനകള്‍മാത്രമാണിത്.