11/11/2010

മോബിലിയ പശുക്കള്‍: വെളുക്കുമോ‌ പാണ്ടാവുമോ?


കുറച്ച് മാസങ്ങള്‍ക്കു മുന്നേ പ്രത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത അത്ര പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയില്ലെന്ന് തോന്നുന്നു, അഥവാ പൊതു ചര്‍ച്ചക്ക് വഴിവക്കുന്ന തരത്തിലുള്ള ഒരു ചലനം സൃഷ്ടിക്കാന്‍ അതിനായില്ല. കേരളത്തിലെ പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ മോബിലിയാഡ് എന്ന പുതിയ ഒരു ഇനം പശുക്കളെ ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയത് സംബന്ധിച്ച് ആയിരുന്നു ആ വാര്‍ത്ത. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡെന്ന സര്‍ക്കാര്‍ ബോഡ് എംഡിയും വകുപ്പ് സെക്രട്ടറിയും ചര്‍ച്ച ചെയ്ത് ഇഷ്ടപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ കേന്ദ്രനുമതിക്കായി അപേക്ഷിക്കുകയായിരുന്നു എന്നും വാര്‍ത്തകള്‍ കണ്ടിരുന്നു. കേവലം ഒരു പശുവര്‍ഗ്ഗത്തിനെ ഇറക്കുമതി ചെയ്യാനുള്ള ഒരു തീരുമാനം എന്ന ലാഘവ ബുദ്ധിയോടെയാണ് ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും ഇതിനെ കണ്ടതെന്ന് വ്യക്തമാണ്. എന്നാല്‍ അത്ര ലഘുവാണോ കാര്യങ്ങള്‍ ?

ധവള വിപ്ലവം എന്ന സമഗ്ര പരിപാടിയിലൂടെ സമ്പൂര്‍ണ്ണ സങ്കര വത്കരണം നടന്ന ഒരു മേഖലയാണ് ഇന്ത്യന്‍ പാലുത്പാദന രംഗം . പാലുത്പാദന ശേഷി കുറഞ്ഞ ഇന്ത്യന്‍ വംശങ്ങളെ ഉത്പാദന ക്ഷമത ഏറിയ വിദേശ ജനുസുകളുമായി സങ്കരം ചെയ്ത് ഇവിടുത്തെ പാലുതപാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ നാം വിജയിച്ചു. എന്നാല്‍ വ്യക്തമായ ഒരു " നയം " രൂപപ്പെടുത്താതെ നടന്ന സങ്കരവത്കരണം ഇന്ന് നമ്മുടെ പശുക്കളെ മൊസൈക്ക് അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. ഏത് ജനുസിന്റെ സങ്കരമാണ് തന്റെ ഉരു എന്ന് ഒരു ഉടമക്കോ, എത്ര ശതമാനം വീതം വിദേശ രക്തം അടങ്ങിയിരിക്കുന്നു എന്ന ഒരു വിദഗ്ധനു പോലുമോ ഊഹിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയില്‍ അതെത്തി നില്കുന്നു. ഈ സാഹചര്യത്തിലായിരുന്നു "ബ്രീഡിങ് പോളിസി " എന്ന പേരില്‍ കേരള സര്‍ക്കാര്‍ ഒരു രേഖ പുറത്തിറക്കിയത്. ഏറെ പ്രശംസിക്കപ്പെട്ട ആ നീക്കം പക്ഷെ ഫയലില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് തുടര്‍ന്നിങ്ങോട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. എത്ര ശതമാനം വരെ വിദേശ സങ്കരം ആവാം എന്ന് നിഷ്കര്‍ഷിക്കുന്ന ആ രേഖ പ്രായോഗിക തലത്തില്‍ നടപ്പാക്കാനായില്ല . ഇതിനു അടിസ്ഥാന കാരണം മേല്പ്പറഞ്ഞ അജ്ഞത മൂലം ആയിരുന്നു, പശുവിന്റെ നിലവിലെ സ്ഥിതിയോ ലഭ്യമാകുന്ന ബീജത്തിന്റെ അവസ്ഥയോ അറിയാനാവാത്ത സ്ഥിതി.

ഇന്ത്യയുടെ തനത് ജനുസുകള്‍ രോഗപ്രതിരോധ ശേഷി ഏറിയവയായിരുന്നു, അഥവാ നമ്മൂടെ നാടിന്റെ അവസ്ഥക്കനുസൃതം ഇണങ്ങിയവയെന്ന് സാരം . വിദേശ ജനുസുകള്‍ മറ്റൊരു ഭൂപ്രകൃതിയില്‍, കാലാവസ്ഥയില്‍ നിന്നും വന്നവയായതിനാല്‍ സ്വാഭാവികമായും പ്രതിരോധശേഷി കുറഞ്ഞവയുമായിരുന്നു, എങ്കിലും ഉത്പാദനക്ഷമത കൂടിയവയായിരുന്നു . ഇവയുടെ സങ്കരമാവട്ടെ ഇവക്കുമദ്ധ്യം സ്ഥിതി ചെയ്യുന്നവയായിരുന്നു. എന്നാല്‍ സങ്കരത്തിന്റെ ശതമാനം വര്‍ദ്ധിച്ചു വന്നതനുസരിച്ച് പ്രതിരോധ ശേഷി താഴേക്കു വന്നു. ഇതോടോപ്പം കൃത്യമായ സെലക്ഷന്‍ (Selection for adaptability ) ഇല്ലാഞ്ഞതും പ്രശ്നം സങ്കീര്‍ണ്ണമാക്കി. ഫലമായി രോഗങ്ങള്‍ വര്‍ദ്ധിച്ചു വന്നു, സെലക്ഷന്‍ നടക്കാത്തതിനാല്‍ പാലുത്പാദന വര്‍ദ്ധന പിടിച്ചു നിര്‍ത്താനുമായില്ല. ഇവിടെ ഇറക്കുമതി ചെയ്ത ജേഴ്സി , ബ്രൗണ്‍ സ്വിസ്സ് , ഹോള്‍സ്റ്റീന്‍ ബീജങ്ങള്‍ ജന്മം നല്കിയ തലമുറകളാണ് ഇന്നു നമ്മൂടെ നാട്ടില്‍ കാണുന്നത്. ഇവയില്‍ ബ്രൗണ്‍ സ്വിസ്സ് ഇനം പശുക്കള്‍ നാം ഇവിടെ പരാമര്‍ശിക്കുന്ന മോബിലിയാഡ് ഇനങ്ങളുമായി താരതമ്യം ചെയ്യാവുന്നവയായിരുന്നു. ഉയര്‍ന്ന ശരീര ഭാരവും കുറഞ്ഞ രോഗപ്രതിരോധ ശേഷിയും ഉയര്‍ന്ന വന്ധ്യതയും നിമിത്തം ഇവയെ വളര്‍ത്തുന്നതില്‍ നിന്നും ഭൂരിഭാഗം കര്‍ഷകരും ഒഴിവായി. ബോധപൂര്‍വ്വം നടത്തിയ ഒരു സെലക്ഷനായിരുന്നില്ല ഇത്, മറിച്ച് മോശം പെര്‍ഫോമറെ തള്ളിക്കളയാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായെന്നു വേണം കരുതാന്‍. സങ്കരഇനങ്ങളുടെ പ്രചരത്തോടെ നമ്മൂടെ നാടന്‍ വര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു എന്ന മറുവശം സൗരവമായ ചര്‍ച്ച ഉയര്‍ത്തുകയും ചെയ്തു. വിദേശ ജനുസുകളിലെ വര്‍ദ്ധിച്ച എ1 ബീറ്റാ കേസിന്‍ ഈ അവസരത്തില്‍ പൊന്തി വരികയും ചെയ്തു.

കാര്യങ്ങള്‍ ഈ വിധം ആയിരിക്കെ നിലവിലെ അവസ്ഥയെപ്പറ്റി ശാസ്ത്രീയമായ യാതൊരു പഠനങ്ങളും നടത്താതെ പുതിയൊരു പശുവര്‍ഗ്ഗത്തെ കൂടി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തീരെ ശാത്രീയമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. യൂറോപ്പിലെ ഒരു പശുവര്ഗ്ഗമായ മോബെയിയാഡ് ഭൂമദ്ധ്യരേഖാ പ്രദേശമായ കേരള ഭൂമിയില്‍ എപ്രകാരം പെര്‍ഫോം ചെയ്യും എന്നത് കാലം തെളിയിക്കണ്ട സ്ഥിതി ആണിപ്പോള്‍. അപ്രകാരം കാലത്തിനു വിട്ടുകൊടുത്ത് കാത്തിരിക്കത്തക്ക ആത്ര ലഘുവല്ല ഈ വിഷയമെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയുന്നില്ലെന്ന് മാത്രം.

മറുപടി ലഭിക്കാത്ത ചില സംശയങ്ങള്‍ ഇവയാണ്:

1. നമ്മൂടെ നാട്ടില്‍ ഏറ്റവും യോജിച്ച സങ്കര വര്‍ഗ്ഗം ഏതാണെന്ന് പഠനങ്ങള്‍ നടന്നിട്ടുണ്ടോ?
2. മോശം പെര്‍ഫോമറായ വിദേശ ജനുസുകളുടെ പരാജയ കാരണങ്ങള്‍ എന്താണ്?
3. മോശം പെര്‍ഫോര്‍മറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം ചെയ്തു?
4. ശേഷി വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളോട് മോശം പെര്‍ഫോമറുകള്‍ എങ്ങിനെ പ്രതികരിച്ചു?
5. നിലവിലുള്ള വിദേശ ജനുസുകളേക്കാള്‍ എന്തെല്ലാം മെച്ചങ്ങങ്ങളാണ് മോബിലിയാഡ് പശുക്കള്‍ക്ക് ഉള്ളത്?
6. മോബിലിയാര്‍ഡിന്റെ ലവലിലേക്ക് നിലവിലെ ജനുസുകളെ ഉയര്‍ത്തുക സാദ്ധ്യമല്ലെ?
7.നിലവില്‍ വിജയകരമെന്ന് പറയുന്ന മോബെലിയാഡ് ഫാമുകളൂടെ മാനേജ്മെന്റ് കേരളത്തിന്റേതിനു സമാനമാണോ?
8.ട്രൊപ്പിക്കല്‍ കാലാവസ്ഥയില്‍ മോബിലിയാഡ് പശുക്കളുടെ പെര്‍ഫോമന്‍സ് എവിടെയെങ്കിലും വിലയിരുത്തിയിട്ടുണ്ടോ?

നിലവിലെ രണ്ട് തടിച്ചികളെ കാണുക:

ഹോള്‍സ്റ്റീന്‍ പശു.


ബ്രൗണ്‍ സ്വിസ്സ് പശു.


ഇനിയും ഒരു തടിച്ചി കൂടി വേണോ?

ഇനിയും ധാരാളം സംശയങ്ങള്‍ ഉയര്‍ന്നു വരാം. ഇത്തരം വിഷയങ്ങളില്‍ ശാസ്തീയമായ ഒരു തീരുമാനം വന്നതിനു ശേഷം മാത്രം വിദേശിയെ ഇറക്കുമതി ചെയ്യുന്നത് ആരംഭിക്കാവൂ.


ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും തപ്പിയത്.

14 comments:

അനില്‍@ബ്ലോഗ് // anil said...

പിന്നേം വരുന്നു വിദേശി !!

പഞ്ചാരകുട്ടന്‍ -malarvadiclub said...

ബ്രീഡിങ് പോളിസി അങ്ങനെ ഒന്നുണ്ടോ നമ്മുക്ക്.അവസാനം സായിപ്പിനെ പിടിച്ചു ഗള്‍ഫിലെ മരുഭൂമിയില്‍ ഇടുന്നത് പോലെയാകരുത് ഇതും.

എന്റെ വലയിലേക്ക് സ്വാഗതം

വീകെ said...

സങ്കര ഇനങ്ങൾ ഉണ്ടാക്കാനായി എന്തെങ്കിലും പോളീസിയൊ...?
ഇതുവരെ കേട്ടിട്ടില്ല അങ്ങനെയൊന്ന്...!

അനില്‍@ബ്ലോഗ് // anil said...

പഞ്ചാരക്കുട്ടന്‍,
വി കെ,
ബ്രീഡിങ് പോളിസി ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗ് ഭഗവാനെ ! അതിപ്രധാനമായ ഈ വസ്തുത ശ്രദ്ധിക്കാന്‍ ബ്ലോഗില്പോലും ആളുകുറവാണല്ലോ !
ഈ വിഷയം ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന
അനിലിനെ ആദ്യമായി അഭിനന്ദിക്കട്ടെ.
നമ്മുടെ നാടിന്റെ തനിമയുമായി ബന്ധപ്പെട്ട അതിപ്രധാന രാഷ്ട്രീയം മുന്നോട്ടുവക്കുന്ന പോസ്റ്റാണിത്.
നമ്മുടെ വിലപ്പെട്ട ജനിതക സംബത്തും,കാലാവസ്ഥയും,ഭൂപ്രകൃതിയും പോലെ സംരക്ഷിക്കപ്പെടേണ്ടതും, വളരെ ശ്രദ്ധയോടെമാത്രം നയപരമായ തീരുമാനങ്ങളെടുക്കേണ്ടതുമായ ഈ വിഷയത്തില്‍ വെറും ഉത്പാദനക്ഷമതയെ മാത്രം മുന്‍‌നിര്‍ത്തി വിദേശ വളര്‍ത്തുമൃഗങ്ങളേയും വിത്തുകളേയും ഇറക്കുമതി ചെയ്യുന്ന സര്‍ക്കാര്‍ പരിപാടി അലസമായി കൈകാര്യം ചെയ്യുന്നതു കാണുമ്പോള്‍ ഇന്ത്യക്കാരനായതില്‍ ലജ്ജ തോന്നുന്നു.
നമ്മുടെ എല്ലാ തീരുമാനങ്ങളിലും നടപടികളിലും സദാ ഒരു തന്തയില്ലായ്മയുടെ നിഴലുണ്ട്.നില്‍ക്കുന്ന ഭൂമിയെ മറക്കുന്ന പൈതൃക രോഗം !!

നമ്മുടെ കാര്‍ഷിക കോളേജ് അധ്യാപകരും ഗവേഷകരും,നമ്മുടെ യൂണിവേഴ്സിറ്റികളുമൊന്നും ജന ശ്രദ്ധയിലേക്ക് ഉയരുന്ന വിധം തങ്ങളുടെ അറിവുകള്‍ ജനങ്ങളുമായി പങ്കുവക്കാതെ സര്‍ക്കാര്‍ ഖജനാവിന്റെ ദ്വാരങ്ങള്‍ മാത്രമായി തുടരുന്നതുകൊണ്ടല്ലേ നാടന്‍ പശുക്കള്‍ കുറ്റിയറ്റുപോകാന്‍ കാരണമായത് ?
സ്കൂള്‍ കോളേജ് ക്ലാസ്സ് മുറികള്‍ക്ക് /ഓഫീസിനു പുറത്ത് ശബ്ദം കേള്‍പ്പിക്കാനാകാത്ത വിധം ക്രിയാത്മക വന്ധ്യതയുള്ളവരും,നാടിനു പ്രയോജനമില്ലാത്തവരുമായ അധ്യാപകരേയും,പ്രഫസര്‍മാരേയും,ഗവേഷകരേയും,ശാസ്ത്രജ്ഞ തൊഴിലാളികളേയും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഒരു ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചു വിടാനുള്ള വ്യവസ്ഥിതി ഉണ്ടാകേണ്ടിയിരിക്കുന്നു.

പാവപ്പെട്ടവൻ said...

പ്രിയ അനില്‍ നല്ല ലേഖനം
എനിക്ക് പറയാനുള്ളത്‌ മറ്റുചില കാര്യങ്ങളാണ് . എല്ലാജീവിയും അതിന്‍റെ കുഞ്ഞിനു കൊടുക്കാനുള്ള പാല് മാത്രമേ ഉല്‍പ്പാദിപ്പിക്കുകയുള്ള് അതാണ്‌ പ്രകൃതിയില്‍ നാം കണ്ടുവരുന്നത് . മനുഷ്യന്റെ കാര്യത്തിലും മൃഗങ്ങളുടെ കാര്യത്തിലും ഇതില്‍ വേര്‍തിരിവില്ല . പ്രസവിച്ച ജീവിയുടെ കുഞ്ഞിനു അഥവാ കുഞ്ഞുങ്ങള്‍ക്ക്‌ എത്ര പാലുവേണം എന്ന് പ്രകൃതിദത്തമായി ആ ജീവിയുടെ ശരീരഘടനയില്‍ പറയപ്പെടുന്നു . ആ കുഞ്ഞിനു കുടിക്കാനുള്ള പാലില്‍ കൂടുതല്‍ ഒരു ജീവിയും ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല . അപ്പോളെങ്ങനെ ഒറ്റകുട്ടിയെ പ്രസവിച്ചപശു ഇരുപതു ലിറ്ററില്‍ കൂടുതല്‍ പാല്‍തരും . ശ്രദ്ധിച്ചിട്ടില്ലേ നമ്മുടെ നാടന്‍ കാലികളെ ? അതിന്റെ കുട്ടിക്ക് കുടികാനുള്ള പാലെ കാണുള്ളൂ .നമുക്ക് രാവിലെ ചായക്ക്‌ പാലിനുവേണ്ടി അതിന്റെ കുട്ടിയെ ഒന്ന് അഴിച്ചുവിട്ടു
പാലുചുരത്തികഴിയുമ്പോള്‍ അതിനെ പിടിച്ചുക്കെട്ടി ഉള്ളപ്പാല്‍ നമ്മള്‍ കറന്നെടുക്കും അല്ലേ ?

എന്റെ ബ്ലോഗ്ഗില്‍ ഇതിനെ കുറിച്ചുള്ള ലേഖനം വായിക്കാം

ബിനോയ്//HariNav said...

Thanks Anil

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
കാര്യമായ ചര്‍ച്ചകളൊന്നും കൂടാതെ എടുക്കപ്പെട്ട ഒരു തീരുമാനമാണ് പുതിയ ജനുസിനെ ഇറക്കുമതി ചെയ്യുക എന്നത്. ഒരു പൊതുവേദിയിലും ഇത് ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല, ഒരു സാന്കേതിക വിദഗ്ധരും ഇതെക്കുറിച്ച് പഠനം നടത്തിയിട്ടുമില്ല. ഏതാണ്ട് ഏകപക്ഷീയമായി ചിലര്‍ നടപ്പാക്കി എടുത്ത ഒരു തീരുമാനമാണീത്.

പാവപ്പെട്ടവന്‍,
ഏതൊരു ജീവിയും തന്റെ കുഞ്ഞിനു നല്കാന്‍ ആവശ്യമായ പാലാണ് ഉത്പാദിപ്പിക്കുക. എന്നാല്‍ അതിന് അത്രയും മാത്രമെ ഉത്പാദന ശേഷി ഉള്ളൂ എന്ന വാദം ശരിയല്ലതാനും. ഈ ഉത്പാദന ശേഷിയെ നാം ചൂഷണം ചെയ്യുന്നതാണ് ഇപ്പോള്‍ നടക്കുന്നത്.
ഇനിയൊന്ന് ജനിതശാസ്ത്രത്തിന്റെ ഉപയോഗമാണ്. സെലക്ഷന്‍ ആണ് പ്രധാനമായ ഒന്ന്. കൂടുതല്‍ പാലുതരുന്ന മൃഗങ്ങള്‍ മാത്രം അടുത്ത തലമുറയെ ഉത്പാദിപ്പിക്കാന്‍ അനുവദിക്കുക. അതില്‍ എറ്റവും ബെസ്റ്റ് ആയവയെ മാത്രം വീണ്ടും തിരഞ്ഞെടുക്കുക. ഇപ്രകാരം ഉരുത്തിരിഞ്ഞു വരുന്നതാണ് നാം ഇന്ന് കാണുന്ന അത്യുത്പാദന ശേഷി ഉള്ള പശുക്കള്‍. ഇതില്‍ വന്ന ചില ജീന്‍ തകരാറുകളാണ് മുമ്പൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്ത് ഡയബെറ്റിസിനു ഹേതു ആകാവുന്ന പാല്‍ പ്രോട്ടീന്‍. എന്നു വച്ച് വിദേശ ജനുസുകള്‍ എല്ലാം മോശമാണെന്ന് നമുക്ക് കണ്‍ക്ലൂഷനില്‍ എത്താനാവില്ല. ഇവിടെ ചര്‍ച്ച ഇനിയൊരു വിദേശികൂടി നമ്മൂടെ നാടിനു ആവശ്യമാണോ എന്നാ‌ണ്.

ബിനോയ്,
സന്ദര്‍ശനത്തിനു നന്ദി.

ഷൈജൻ കാക്കര said...

വ്യത്യസ്തമായ ഒരു ലേഖനം... ഇതൊക്കെ ശ്രദ്ധിക്കാൻ നമ്മുക്കെവിടെ സമയം... മലയാളികൾ മൊത്തം സമയം പാർട്ടി-മത യുദ്ധത്തിനായി നീക്കി വെച്ചിരിക്കയാണല്ലോ...

IndianSatan said...

നല്ല ലേഖനം......
ശ്രദ്ധിക്കപെടേണ്ട ഒരു വിഷയം.......

Muralee Mukundan , ബിലാത്തിപട്ടണം said...

തീർച്ചയായും സങ്കരവർഗ്ഗങ്ങളുടെ മേനിയൌണ്ടാവുന്നത് അതാത് രാജ്യങ്ങളിലെ ജനുസ്സുകളുമായി കൂട്ടികലർത്തുമ്പോഴാണല്ലോ....
പ്രത്യേകിച്ച് ഭാരതത്തെപ്പോലെ ക്ഷീരവിപ്ലവം മുന്നിൽ കാണൂന്ന രാജ്യങ്ങൾ ഈ കാര്യങ്ങളിലെങ്കിലും കൂടുതൽ പാലും,പ്രതിരോധശക്തിയുമുള്ള ജനുസ്സുകൾ നാട്ടിലേക്ക് കൊണ്ടുവരണം.
ഇത്തരം കാര്യങ്ങളിലെങ്കിലും നമ്മൾ പാശ്ച്യാത്തരെ അനുകരിച്ചേ മതിയാകൂ....

നല്ല പോസ്റ്റായിട്ടുണ്ട് ഇത് കേട്ടൊ അനിൽഭായ്

Anil cheleri kumaran said...

പുത്തനറിവിനു നന്ദി.

ജീവി കരിവെള്ളൂർ said...

നമ്മുടെ ഒരു നിത്യോപയോഗവസ്തുവിനെക്കുറിച്ച് നാമെത്ര അജ്ഞരാണെന്ന് വീണ്ടും ചിന്തിപ്പിക്കുന്നു .ഉയര്‍ന്ന പ്രതിരോധശേഷിയും ഉല്പാദനശേഷിയും ഉള്ളവ വരുന്നത് നമ്മുടെ ക്ഷാമം നീക്കാന്‍ ഉതകുമെങ്കില്‍ വരുന്നത് നല്ലതു തന്നെ .എന്നാല്‍ കുറഞ്ഞ പ്രതിരോധശേഷിയുള്ളവ ഉയര്‍ത്തുന്ന ഭീതി ചെറുതല്ലതാനും .

Manikandan said...

എന്നത്തേയും പോലെ വിജ്ഞാനപ്രദമായ ലേഖനം. ഒപ്പം ആശങ്കാജനകവും. ഈ കാര്യത്തിൽ മാത്രമല്ലല്ലൊ പ്രത്യേകിച്ച് ഒരു കര്യത്തിലും അങ്ങനെ ഒരു പോളിസി നമുക്കുണ്ടോ. എന്റോസൾഫാൻ വിഷയം മറ്റൊരു ഉദാഹരണം.