സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്‍നെറ്റും
കേരള സര്‍ക്കാര്‍ ജീവനക്കാരന്റെ പെരുമാട്ടച്ചട്ടങ്ങളുടെ അടിസ്ഥാന സംഹിതകളാണ് “കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടങ്ങള്‍ 1960” എന്നതില്‍ പ്രതിപാദിക്കുന്നത്. സര്‍ക്കാരുമായി അനുബന്ധപ്പെട്ടുകിടക്കുന്ന മറ്റ് സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ കാലാകാലങ്ങളില്‍ പുറത്തുവരുന്ന സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഇതോട് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഒരു ജീവനക്കാരന്റെ മാദ്ധ്യമങ്ങളുമായുള്ള ഇടപാടുകള്‍ മുതല്‍ സര്‍ക്കാര്‍ നയങ്ങളോടുള്ള പ്രതികരണം വരെ ഇതിനാല്‍ നിജപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം ശിക്ഷാ നടപടി ക്ഷണിച്ചു വരുത്താം. സര്‍ക്കാര്‍ ജോലിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും അച്ചടക്കത്തിനും പല നിയമങ്ങളും ആവശ്യമായി വരുന്നുവെന്നത് സ്വാഭാവികം മാത്രം.
ഒരു സര്‍ക്കാരുദ്യോഗസ്ഥനും പൊതുവേദികളിലോ സര്‍ക്കാര്‍ അംഗീകൃതമല്ലാത്ത മറ്റ് വേദികളിലോ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാന്‍ പാടുള്ളതല്ല. താന്‍ പണിയെടുക്കുന്ന മേഖലയിലുണ്ടാവുന്ന തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ നിയമം അനുശാസിക്കുന്ന വഴികള്‍ അയാള്‍ തേടേണ്ടതാണ്. ഈ നിയമങ്ങളെല്ലാം ഏറെക്കാലം മുമ്പ് പുറത്തിറക്കപ്പെട്ടവയായതിനാല്‍ പുതുയുഗത്തിന്റെ മാദ്ധ്യമമായ ഇന്റര്‍നെറ്റോ ഇന്റ്റര്‍നെറ്റ് അടിസ്ഥിത മാദ്ധ്യമങ്ങളോ പരാമര്‍ശിക്കപ്പെടാത്തത് സ്വാഭാവികം. എന്നിരുന്നാലും സര്‍ക്കാര്‍ ശമ്പളം/ സര്‍ക്കാര്‍ നിയന്ത്രിത ശമ്പളം പറ്റുന്ന ഒരാള്‍ തനിക്ക് ശമ്പളം നല്‍കുന്ന സ്ഥാപനത്തിനെതിരായി, വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത് അച്ചടക്ക രാഹിത്യമായി തന്നെ കണക്കാക്കപ്പെടണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇന്ന് 20/02/2009 മലയാള മനോരമയില്‍ വന്നൊരു വാര്‍ത്ത താഴെക്കൊടുക്കുന്നു. ഈ വിഷയത്തിലൊരു തുറന്ന ചര്‍ച്ച പ്രതീക്ഷിക്കുകയാണ്.
സര്‍വ്വകലാശാലയിലെ ഒരു ഉദ്യോഗസ്ഥന്‍ സര്‍വ്വകലാശാലയെ മോശമാക്കുന്ന രീതിയില്‍ നാക് എന്ന ഏജസിക്ക് മെയില്‍ അയച്ചു എന്നതാണ് സംഭവം, തുടര്‍ന്ന് ഇയാള്‍ സസ്പെന്‍ഷനിലുമായി. ഒരു ബ്ലോഗറാണെന്ന കാര്യവും പത്രവാര്‍ത്തയില്‍ വ്യക്തമായി പറയുന്നുണ്ട്.
41 comments:
വീണ്ടും സ്വാതന്ത്ര്യ ചര്‍ച്ച.
ഈ നിയമം തീര്‍ച്ചയായും ഇരുതലമൂര്‍ച്ചയുള്ള വാള്‍ പോലെയാണ്. നിയന്ത്രണമില്ലെങ്കില്‍ അതു തീര്‍ച്ചയായും ദുരുപയോഗിക്കുമെന്നുറപ്പാണ്. എന്നാല്‍ അതേ സമയം തന്നെ അധികാരികളുടെ അഴിമതിയും ദുര്‍ഭരണവും പുറത്തറിയാതിരിക്കാനും ഇതേനിയമം കാരണമാവുന്നുണ്ട്!
മേലധികാരിക്കെതിരേ പരാതിപറയാന്‍ അതിന്റെ മുകളിലുള്ള അധികാരിയേ കാണണമെങ്കില്‍ ഇതേ അധികാരിയുടേ അനുമതി വാങ്ങണം എന്ന നിയമവും ഇതോടുകൂട്ടിവായെക്കേണ്ടതാണ്.
നിര്‍ഭയമായി അഭിപ്രായം പുറത്തുപറയാനുള്ള സ്വാതന്ത്ര്യം പലതെറ്റുകളേയും തടയും എന്നതൊരു വസ്തുതയാണ്. പല ഡിപ്പാര്‍ട്ട്മെന്റല്‍ നിയമങ്ങളൂം ഉയര്‍ന്ന അധികാരികളുടെ തെറ്റായ നടപടികള്‍ക്ക് മറപിടിക്കാനാണ് ഇപ്പോള്‍ സഹായിക്കുന്നത് !
ഐ.ജി വിന്‍സന്റ് പോള്‍ നടത്തിയ പത്രസമ്മേളനവും ഇതേ നിയമലംഘനമാണെന്നു കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നു മാത്രമല്ല പ്രമോഷന്‍ നല്‍കുകയും ചെയ്തു.
അതുകൊണ്ട് ഈ നിയമം ഒരു സ്വകാര്യകമ്പനിയില്‍ നല്ലതാണ് ...പക്ഷേ ഒരു ജനധിപത്യ വ്യവസ്ഥിതിയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ അത്ര ഭൂഷണമാണെന്നു പറയാന്‍ വയ്യ. എല്ലാവര്‍ക്കും കോടതിയില്‍ പോകാന്‍ സാധിക്കില്ലല്ലോ !
എങ്കിലും ചില ദുരുപയോഗങ്ങള്‍ കാണുമ്പോള്‍ ............
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരാള്‍ തനിക്ക് ശമ്പളം നല്‍കുന്ന സ്ഥാപനത്തിനെതിരായി പ്രവര്‍ത്തിക്കുന്നത് അച്ചടക്ക രാഹിത്യമായി തന്നെ കണക്കാക്കപ്പെടണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം
sreeyude abhiprayathil njanum cherunnu!
നാട്ടുകാരാ,
ഈ നിയമങ്ങള്‍ പലതും വായിച്ചാല്‍ പിന്നെ ആരും സര്‍ക്കാര്‍ ജോലി തന്നെ എടുക്കില്ല, പക്ഷെ ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ.
:)
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നു പറഞ്ഞാല്‍ സര്‍ക്കാരിന്റെ കൂലിക്കാരന്‍ എന്നാണര്‍ത്ഥം. അങ്ങിനെ ഒരാള്‍ തന്റെ യജമാനനെതിരെ പറഞ്ഞാല്‍ അത് തെറ്റുതന്നെയല്ലെ?
വാര്‍ത്ത വായിക്കുക, അയച്ച മെയില്‍ ഒരു സര്‍വീസ് പ്രശ്നമായി കണക്കാക്കരുതെന്നും ഒരു വ്യക്തിയുടെആഭിപ്രായ പ്രകടനമായി കണക്കാക്കണമെന്നും സപ്പോര്‍ട്ട് ചെയ്യുന്ന സംഘടകള്‍ ആവശ്യപ്പെട്ടത്രെ. അതെങ്ങിനെയാണ് ശരിയാവുക? വ്യക്തിപരമായൊ അത് പറയാനുള്ള നിയമ പരമായ സംരക്ഷണം അയാള്‍ക്കില്ല.
ഇനി നാട്ടുകാരന്‍ പറഞ്ഞ മറ്റ് വശത്തേക്ക് വന്നാല്‍ അതിന് വേറെ മാര്‍ഗ്ഗങ്ങളുണ്ട്. തന്റെ സ്ഥാപനത്തെക്കുറിച്ചോ മേലധികാരികളെക്കുറിച്ചൊ പരാതി ഉണ്ടെങ്കില്‍ അയാള്‍ക്ക് അത് സര്‍ക്കാരിനെ അറിയിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്, പരാതി ബോധിപ്പിക്കാനുള്ള വഴികള്‍. അതുമല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന സര്‍വീസ് സംഘടകളുണ്ട്, അവര്‍ മുഖാന്തരം പ്രശ്നം സര്‍ക്കാരിന്റെയോ മാദ്ധ്യമങ്ങളുടെയോ ശ്രദ്ധയില്‍ കൊണ്ടു വരാം, അതിന് നിയമ പ്രശ്നമില്ല. എന്നാല്‍ ഈ വഴികളൊന്നും സ്വീകരിക്കാതെ വ്യക്തിപരമായ “ഷൈനിങ്” നടത്താന്‍ പോകുന്നവരാണ് ഈ പ്രശ്നത്തിലെ നായകര്‍. പൊതു പത്ര സമ്മേളനം നടത്തി വിമര്‍ശനങ്ങളുന്നയിച്ചതിന് സുരേഷ് കുമാര്‍ ഐ.എ.എസിനെ സസ്പെന്‍ഡ് ചെയ്തില്ലെ? (സസ്പെന്‍ഷന്‍ ഒരു ശിക്ഷയല്ല).
ഏതുകാര്യവും നിഷ്കര്‍ഷിച്ചിരിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നതാണ് സമൂഹത്തിനും വ്യക്തിക്കും നല്ലത്.
കുമാരന്‍,
നന്ദി മാഷെ.
ശ്രീ,
നന്ദി.
രമണിക,
ചേട്ടാ, അഭിപ്രായത്തിനു നന്ദി.
നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ പെരുമാറ്റ ചട്ടങ്ങള്‍ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.അതിനു ഒരു മാറ്റം വേണമെങ്കില്‍ ഒരു കൂട്ടായ ചര്‍ച്ചയുടെ ഭാഗമായി മാത്രമേ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു കഴിയൂ.നിലവിലുള്ള നിയമങ്ങള്‍ വച്ച് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത് ഒരു പക്ഷേ അച്ചടക്ക ലംഘനമായേക്കാം..എന്തായാലും ഈ ചട്ടങ്ങള്‍ നന്നായി പഠിച്ചിട്ടില്ലാത്തതിനാല്‍ അഭിപ്രായം പൂര്‍ണ്ണമായി പറയാന്‍ കഴിയുന്നില്ല.
ഇദ്ദേഹം ബ്ലോഗറാണെന്ന് പറയുന്നല്ലോ..വല്ല പരിചയവുമുണ്ടോ അനിലേ?
എനിക്കൊരു ചിന്ന സംശയം തോന്നുന്നുണ്ട്....വരട്ടെ പറയാം
ഏതൊരു ഒര്‍ഗനിസേഷനിലും അച്ചടക്കം കാത്തു സൂക്ഷികുന്നതിനെന്നവണ്ണം ഇതേ പോലെ ഉള്ള നിയമങ്ങള്‍ ഉണ്ടല്ലോ. അത് കൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അച്ചടക്കതിനായി ഇത്തരം നിയമങ്ങള്‍ ആവശ്യം തന്നെ എന്ന് തോനുന്നു
എങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍, കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി കൊണ്ട് നിലവിലുള്ള കാല ഹരണപെട്ട പെരുമാറ്റ ചട്ടം മാറ്റങ്ങള്‍ വരുതുന്നതാവും നല്ലത്. കാര്യക്ഷമത കൂട്ടുവാനും അഴിമതിയും അധികാര ദുര്‍ വിനിയോഗവും കുറയ്ക്കുവാനും തന്നെ അതുപകരിക്കും. നാട്ടുകാരന്‍ സൂചിപ്പിച്ച നിയമത്തിലെ വസ്തുത കൂടെ ഇവിടെ ചേര്‍ത്ത് വായിക്കുന്നു
അനില്‍@ബ്ലോഗ്,
ഈ നിയമത്തില്‍ വ്യക്തമായി ഒരു ഉത്തരം പറയാന്‍ സാധിക്കില്ല എന്നത് ശരിയാണ്. ഈ സംഭവം എത്രത്തോളം ശരിയാണെന്നും എനിക്കറിയില്ല.
എങ്കിലും ഒരു ഉദാഹരണം പറയാം ....
റോഡില്‍ പരിശോധനക്ക് നിന്ന ഒരു എ.എസ്.ഐ പരിശോധനക്കിടക്ക് വന്ന ഒരു ജീപ്പില്‍ നിന്നും വില്‍പ്പനക്ക് കൊണ്ടുപോയിരുന്ന ചാരായം പിടിച്ചു. വണ്ടിക്കാരന്‍ അതിന്റെ ഉടമസ്ഥന്റെപേരു പറഞ്ഞു. അതൊന്നും സമ്മതിക്കാതെ ആ വണ്ടി കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ പിന്നീട് അതു സ്ഥിരം വണ്ടിയാണെന്നും ക്രുത്യമായി “പടി” എല്ലാവര്‍ക്കും കൊടുക്കാറുണ്ടെന്നുമറിഞ്ഞപ്പോഴേക്കും താമസിച്ചുപോയി. കേസെടുക്കാതെ നിവ്രുത്തിയില്ലാതെ വന്നു. എന്നാല്‍ ഈ വസ്തുത പറഞ്ഞുബോധ്യപ്പെടുത്തിയിട്ടും S.I, C.I, DySP എന്നിവര്‍ സമ്മതിച്ചില്ല. പിന്നീട് അതിന്റെ തുടര്‍ ചലനങ്ങളായിരുന്നു. അതില്‍ അനുവാദമില്ലാതെ മേലധികാരിയെ കാണാന്‍ ചെന്നു എന്നതു മുതല്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആ മനുഷ്യനെ മദ്യപിച്ച് ജോലിക്കു ചെന്നു എന്നതു വരെയുണ്ടായി. അവസാനം കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ ട്രാന്‍സ്ഫര്‍, സര്‍വീസ് ബുക്കില്‍ റിമാര്‍ക്ക്സ് അങ്ങനെ എന്തെല്ലാം. സസ്പെന്‍ഷന്‍ എത്രയോ ഭേദം ! വന്‍ ശിക്ഷകള്‍ വന്നാല്‍ ഊരിപ്പോകും എന്നറിയാവുന്ന മേലധികാരികള്‍ ചെറിയ ശിക്ഷകള്‍ വഴി വലിയ ശിക്ഷകളുടെ പ്രയോജനമെടുത്തു. അറിയാവുന്ന എല്ലാ വഴികളിലും പരാതിപ്പെട്ടു. അവസാനം ഏഴു വര്‍ഷം മുന്‍പ് ലഭിക്കേണ്ട പ്രമോഷന്‍ അവസാന ആറുമാസം മുന്‍പാണ് കിട്ടിയത്. കോടതിയില്‍പോകാമെന്നാലോചിച്ചപ്പോള്‍ നല്ലൊരുതുക വക്കീല്‍ ഫീസാകും. അതിനു വഴിയില്ല....പിന്നെ എന്നു വിധി വരുമെന്നു നിശ്ചയവുമില്ല. അവസാനം വിധി എന്നുകരുതി എല്ലാം സഹിച്ചു.
ഇതിനെല്ലാം കാരണം ഈ സര്‍വീസ് നിയമങ്ങള്‍ തന്നെ. ഒന്നും പുറത്തുപറയാന്‍ അവര്‍ക്ക് അനുവാദമില്ലല്ലോ ! പറഞ്ഞാല്‍ അതിനു വേറെ ശിക്ഷ. അതാണ് സുരേഷ്കുമാറിനും പറ്റിയത്. സഹികെട്ടപ്പോള്‍ പറഞ്ഞു. നിയമപരമായി സുരേഷ് കുറ്റക്കാരന്‍ ! ആര്‍ക്കു പോയി? സുരേഷിനു മാത്രം.......മറ്റെല്ലാവരും കളി കണ്ടു.
ഇതിനൊരു മറുവശവുമുണ്ടെന്നത് അംഗീകരിക്കുന്നു. എങ്കിലും ചില ഇളവുകള്‍ നല്‍കുന്നതാണ് ജനാധിപത്യത്തിനു നല്ലത് എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അതായത് പറയുന്ന കാര്യങ്ങള്‍ തെളിയിക്കാനുള്ള ഉത്തരവാദിത്വം എന്നതുപോലെ എന്തെങ്കിലും. അല്ലെങ്കില്‍ അതു സ്വാതന്ത്ര്യത്തെ തടയും എന്ന ഒരു ദുരന്തമല്ലേ വരുത്തുന്നത്?
നാട്ടുകാരന്‍,
ഈ പറഞ്ഞ കാര്യങ്ങള്‍ ഇതുമായി കൂട്ടിക്കെട്ടുന്നതില്‍ അര്‍ത്ഥമില്ല. എല്ലാ നിയമ വ്യവസ്ഥക്കും ഈ പ്രശ്നം ഉണ്ട്, നിയമത്തെ വളച്ചൊടിക്കാന്‍ സാധിക്കുന്ന തരത്തിലാണെല്ലാം. പക്ഷെ എന്നുകരുതി നിയമ വ്യവസ്ഥ വെണ്ടെന്ന് പറയാന്‍ പറ്റില്ലല്ലോ.
ഓരോ സര്‍ക്കാരുദ്യോഗസ്ഥനും ഇതുപോലെ ആരോപണങ്ങളുമായി നാട്ടിലേക്കിറങ്ങിയാല്‍ എന്താവും സ്ഥിതി? പ്രത്യേകിച്ച് ശരിതെറ്റുകള്‍ ആപേക്ഷികമാവുമ്പോള്‍?
തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ഈ നാട്ടില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട് , ജാനാധിപത്യ സംവിധാനങ്ങളുണ്ട്, അതുപയോഗിക്കുക.ഇയാള്‍ കുറ്റക്കാരനാണോ ഇല്ലയോ എന്ന് നമ്മള്‍ പരിശോധിക്കണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നത് ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യാം. ഈ പത്ര വാര്‍ത്ത ഒരു സൂചനയായി എടുത്താല്‍ മതി.
സന്ദര്‍ഭത്തിനു യോജിക്കാത്ത ഉദാഹരണമായിപ്പോയി നാട്ടുകാരന്റെ..അതു വേ ..ഇതു റേ മാഷേ...!
സുരേഷ്‌കുമാറിനു സ്വാതന്ത്ര്യമില്ല എന്നു പറയുമ്പോള്‍ മറ്റൊന്നു കൂടി ആലോചിക്കണം.മൂന്നാറില്‍ അദ്ദേഹം നടത്തിയ പരിപാടികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണം ആയിരുന്നു ഉണ്ടായിരുന്നത് എന്ന വസ്തുത.വെറും സുരേഷ കുമാര്‍ എന്ന ലേബലില്‍ ആയിരുന്ന് അവിടെ പോയിരുന്നെങ്കിലോ..ഇപ്പോള്‍ അവിടെ അന്നു നടന്ന പല കാര്യങ്ങളിലും സര്‍ക്കാര്‍ കോടതി നടപടി നേരിട്ടു കൊണ്ടിരിക്കുവാണ്.അതിനൊന്നും ഇപ്പറഞ്ഞ സുരേഷ് കുമാറല്ലല്ലോ കോടതിയില്‍ ഹാജരാകുന്നത്! ആണോ?
“വ്യക്തിപരമായ “ഷൈനിങ്” നടത്താന്‍ പോകുന്നവരാണ് ഈ പ്രശ്നത്തിലെ നായകര്‍. “ ഇങ്ങനെ ചെയ്തു എന്നല്ലേ വിന്‍സന്റ് എം പോള്‍ എന്ന ഐ ജിയേക്കുറിച്ച് കോടതി കണ്ടെത്തിയത്? എന്നിട്ടെന്തേ നടപടിയുണ്ടായില്ല? അപ്പോള്‍ ഈ നിയമവും ആപേക്ഷികം മാത്രം!
അതുകൊണ്ട് ഞാന്‍ ഈ നിയമം വേണ്ടെന്നു പറയുന്നില്ല. യൂണിവേഴ്സിറ്റി ജീവനക്കാരെ അനുകൂലിക്കുന്നുമില്ല.
“സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നത് ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യാം.“
ആരാണു സര്‍ക്കാര്‍ ജീവനക്കാര്‍? അവര്‍ പ്രൈവറ്റ് ജീവനക്കാരേപ്പോലാണോ?
സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നയാള്‍ അറിയപ്പെടുന്നത് “പബ്ലിക് സേര്‍വന്റ്” എന്നാണ്. അതായത് ജനമാണ് മേലധികാരി.പൊതുജനമാണ് ശമ്പളം കൊടുക്കുന്നത്. അവന്റെ ബാധ്യത പൊതുജനത്തോടാണ്. വകുപ്പ് മേലധികാരികള്‍ അഴിമതിക്കാരും സ്വാധീനമുള്ളവരുമാണെങ്കില്‍ എന്തു ചെയ്യും?
അതിനാല്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കിയില്ലെങ്കിലും നിയന്ത്രിതമായ സ്വാതന്ത്ര്യം വേണമെന്നാണ് എന്റെ അഭിപ്രായം. (അതായത് പറയുന്ന കാര്യങ്ങള്‍ തെളിയിക്കാനുള്ള ഉത്തരവാദിത്വം പറയുന്ന ആള്‍ക്കുതന്നെ എന്നതുപോലെ എന്തെങ്കിലും. )
പൊതുവേദിയില്‍ രാഷ്ട്രീയക്കാരന് എന്തുവേണമെങ്കിലും ഉദ്യൊഗസ്ഥനെപ്പറയാം അവന്‍ അതിനു മറുപടി പറഞ്ഞാല്‍ അതു കുറ്റം ! ഇതൊരു ഇരട്ടത്താപ്പു തന്നെ. ഈയടുത്തകാലത്ത് ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കില്ലേ ?
അല്ലെങ്കിലും സര്‍ക്കാര്‍ ജോലി എന്നത് ഇന്ന് സത്യസന്ധരും അഴിമതിരഹിതരുമായവര്‍ക്ക് കൊള്ളുന്നപണിയല്ല. അതൊരു അടിമപ്പണിതന്നെ. അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷികളുടെയോ യൂണിയന്‍കാരുടേയോ പിന്തുണ വേണം.
സുരേഷ്കുമാര്‍ എന്നു കേള്‍ക്കുമ്പോള്‍ കാള ചുമപ്പു കണ്ടതുപൊലെയാകുന്നതെന്തിനാണെന്ന് എനിക്കു മനസ്സിലാകുന്നില്ല :)
ഇത് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മന്ത്രിമാര്‍ക്കും ഉള്ള അവകാശം മാത്രം. അല്ലാതെ സുരേഷ്കുമാറിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലല്ലോ? മൂന്നാര്‍ പോളിക്കാന്‍ പോയത് മൂന്നാറിനോടുള്ള വിരോധം കൊണ്ടൊന്നുമല്ലല്ലോ ! അന്നത്തെ ഭരണാധികാരിയുടെ ഉത്തരവു നടപ്പാക്കുകയാണ് ചെയ്തത്.
വിഷയമതല്ലാത്തതുകൊണ്ട് കൂടുതല്‍ ഇവിടെ പറയുന്നില്ല. അതിനേക്കുറിച്ച് പോസ്റ്റിട്ടാല്‍ അവിടെ പ്രതികരിക്കാം.
അനിലേട്ടാ,
വിമര്‍ശിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
അത് ഏത് രീതിയിലായിരിക്കണം എന്ന് മാത്രമേ ചിന്ത ആവശ്യമുള്ളൂ.
അത് ശമ്പളം പറ്റുന്നൂ എന്ന ഒറ്റ കാരണം കൊണ്ട് തടയാന്‍ പാടില്ല.
വ്യക്തിപരമായ ഒരു ഷൈനിംഗ് അല്ലാതെ വേറൊന്നുമല്ല ഇത്. ചട്ടപ്രകാരമുള്ള വഴികളോട് താല്പര്യമില്ല, എന്നാല്‍ സര്‍വകലാശാലയെ നന്നാക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും. ഇങ്ങനെയൊരു സന്ദിഗ്ധാവസ്ഥയിലാണ് അയാളെങ്കില്‍ ഏതെങ്കിലും മാധ്യമത്തെ സ്വകാര്യമായി അറിയിച്ചാല്‍ മതിയായിരുന്നല്ലോ! വാര്‍ത്തയുടെ ഉറവിടം മറച്ചുവെക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട് താനും. അല്ലാതെപിന്നെ നമ്മുടെ സര്‍ക്കാര്‍ വകുപ്പുകളിലെ കാര്യങ്ങള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ അറിയുന്നത്?
സുനിലെ,
നമ്മുടെ പല നിയമങ്ങളും ബ്രിട്ടീഷ് റൂളുകളുടെ വാലുപിടിച്ച് ഉണ്ടാക്കിയവയും കാലഹരണപ്പെട്ടവയുമാണെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ അച്ചടക്കവുമായി ബന്ധപ്പെട്ട് ചില നിയമങ്ങള്‍ ഉണ്ടാവുക തന്നെയാണ് ഏതൊരു എസ്റ്റാബ്ലിഷ്മെന്റിനു നല്ലതെന്നാണ് എന്റെ അഭിപ്രായം, അത് സര്‍ക്കാരായാലും പ്രൈവറ്റ് ആയാലും.
ഈ ആള്‍ ആരാണെന്ന് എനിക്കും ചില ധാരണകളുണ്ട് പക്ഷെ അത് ഇപ്പൊളള്‍ നമ്മളെ ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ ഒന്നും പറയുന്നില്ല.
കണ്ണനുണ്ണി,
പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു, എന്നാല്‍ അത്തരം പുതുക്കലുകള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ് വരണം, അതു വരെ നിലവിലുള്ള നിയമങ്ങള്‍ പാലിച്ചേ മതിയാകൂ.
നാട്ടുകാരന്റെ അവസാനകമന്റിനെപ്പറ്റി,
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് മെഷിനറിയാണ് സര്‍ക്കാര്‍. അവരെ ഈ ജനസേവനത്തില്‍ സഹായിക്കാനുള്ള ജോലിക്കാരാണ് സര്‍ക്കാരുദ്യോഗസ്ഥര്‍. ഇവരെ നിയന്ത്രിക്കുന്നതിനു ചില നിയമങ്ങളും ചില പാതകളൂമുണ്ട്. ജനങ്ങളൊട് നേരിട്ട് സംസാരിക്കാനായി എല്ലാ വകുപ്പുകളിലും പ്രത്യേകം സംവിധാനങ്ങളും ഉണ്ട്. ഇവയില്‍ കൂടി ആവണം എല്ലാ സംസാരങ്ങളും. ജനങ്ങളോടുള്ള കമ്മിറ്റ്മെന്റ് നിറവേറ്റാന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാര്‍ ജോലിക്കാരന്‍ അവനു പറഞ്ഞിട്ടുള്ള വഴിയിലൂടെ മാത്രമേ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പടുള്ളൂ. ഭരണ തലത്തിലുള്ള അഴിമതി തടയാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആലോചിക്കയാണ് വെണ്ടത്.
ഒരു പ്രൈവറ്റ് കമ്പനിയില്‍ എപ്രകാരം ഉദ്യോഗസ്ഥര്‍ പെരുമാറണോ അതുപോലെ തന്നെ സര്‍ക്കാര്‍ മേഖലയിലും പെരുമാറണം.
റ്റോംസ് കോനുമഠം,
താങ്കള്‍ ഏതു കമ്പനിയിലാണ് പ്രവര്‍ത്തിയെടുക്കുന്നത്? ആ കമ്പനിക്കെതിരെ താങ്കള്‍ പ്രവര്‍ത്തിച്ചാല്‍ എന്തായിരിക്കും കമ്പനിയുടെ സ്ഥിതി, താങ്കളുടെ സ്ഥിതി?
ജിവി,
താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു, അങ്ങിനെയും ഒരു സാദ്ധ്യത ഉണ്ട്. ഇതിലും എളുപ്പമാണ് സര്‍വ്വീസ് സംഘടകളെ ഉപയോഗിക്കുക എന്നത്. ഇടതും വലതും നടുവും ഒക്കെയായി ധാരാളം ഉണ്ടല്ലോ, അതിനോട് പോലും പൊരുത്തപ്പെടാന്‍ പറ്റാത്ത ചിലരുണ്ടാകും താന്‍ പറയുന്നതുമാത്രമേ ലോകത്തില്‍ ശരി എന്നൊന്നുള്ളൂ എന്ന് ധരിക്കുന്നവര്‍.
അനിൽ,
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ ഇന്നുള്ള എത്ര പേർ അനുസരിക്കുന്നുണ്ട്? എല്ലാറ്റിനും നടപടി എടുത്താൽ സസ്പെൻഷൻ കിട്ടാത്ത ജീവനക്കാർ ഉണ്ടാവില്ല തന്നെ. ഭാഗ്യം, ഞാനെന്റെ പ്രൊഫൈൽ വളിപ്പെടുത്താത്തത്. അല്ലെങ്കിൽ, ഏതെങ്കിലും ബ്ലോഗ് പോസ്റ്റിൽ സർക്കാരിനെതിരെ എന്തെങ്കിലും കണ്ടെത്തി എനിക്കും ഒരു സസ്പെൻഷൻ കിട്ടുമായിരുന്നു.
എന്റെ അഭിപ്രായത്തിൽ ഉദ്ദേശശുദ്ധി യോടെ സർക്കാരിനെയും വിമർശിക്കാം എന്നു തന്നെയാണ്. അതിനെ പ്രതിരോധിക്കുന്ന കരി നിയമങ്ങൾ പൊളിച്ചു മാറ്റുക തെന്നെ വേണം.
അവനവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നല്ല നടത്തിപ്പിനുവേണ്ടി, അഥവാ, അതിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരായി ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. നിയമത്തിന്റെയും പെരുമാറ്റച്ചട്ടങ്ങളുടെയും നൂലാമാലകളെ മാത്രം കണക്കിലെടുത്തും ഭയന്നും നിശ്ശബ്ദനായിരിക്കുന്നത് ഭീരുത്വമാണ്. ആ നിലയ്ക്ക് കൃഷ്ണകുമാര്‍ ചെയ്തത് തികച്ചും ശരിയാണ്. അതിനുള്ള മറുപടിയായി ഇത്തരത്തിലുള്ള ശിക്ഷണ നടപടികള്‍ കൈക്കൊണ്ടാല്‍, അതിനെ അനുകൂലിച്ചാല്‍, നാളെ, ആര്‍ക്കെതിരെയും ഈ നിയമങ്ങളും ശിക്ഷകളും ഉപയോഗിക്കപ്പെട്ടേക്കാം എന്നും ഓര്‍ക്കുന്നത് നന്ന്. അതുകൊണ്ട് അത്തരം ബ്യൂറോക്രാറ്റിക് സ്വേച്ഛാധിപത്യങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുകയും ചെയ്യണം.
“ഉമ്മറത്തിരുന്നു തെമ്മാടിത്തരം പറയുന്ന ലാഘവത്തോടെ“യും തരംതാണ പദപ്രയോഗങ്ങളിലൂടെയും വ്യക്തികളെയും ആശയങ്ങളെയും, എന്തിനേറെ, ‘കൊഴാണശ്ശേരിയിലെ കീഴാളന്മാരെ‘പ്പോലും സമീപിക്കുന്നവരോട് പക്ഷേ സഹതപിക്കാനും വയ്യ.
തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെഴുതുന്ന ക്രിഷ്ണകുമാറിനെതിരേ കമ്മ്യൂണിസ്റ്റുകളെല്ലാംകൂടി തിരിഞ്ഞിരിക്കുന്നല്ലോ.അതിനു അബിപ്രായസ്വാതന്ത്ര്യത്തിന്റെ കൂച്ച് വിലങ്ങും. നോം എല്ലാം മനസ്സിലാക്കുന്നു. സെന്‍സറിങ്ങുള്ള ചീനയുടെ ഭക്തവത്സലന്മാരല്ലേ. വിവരങ്ങള്‍ തരപ്പെടുത്തിയ സൂരജിനഭിവാദ്യങ്ങള്‍.
എന്നാലങ്ങോട്ട്..................
ശരി,
സൂരജിന്റെ ലിങ്കില്ലായിരുന്നെങ്കില്‍ ഇന്നും ഇതു കാണില്ലായിരുന്നു.
അഭിപ്രായസ്വാതന്ത്ര്യം ഇവിടെ പ്രസക്തമല്ല. ചട്ടങ്ങള്‍, അതൊക്കെ പെരുത്ത അശ്ലീലമല്ലേ ചങ്ങാതിമാരേ. വൈകുന്നേരം തീവണ്ടിയില്‍ ഒരുമിച്ചു മടങ്ങുന്ന സീസണ്‍ ടിക്കറ്റ് ഗുമസ്തന്മാര്‍ക്കു പറഞ്ഞു രസിക്കാവുന്ന അശ്ലീലം.
NAAC എന്നത് ഒരു പീയര്‍ റിവ്യു റ്റീം. പീയര്‍ റ്റീം എന്നാല്‍ മേലാളന്മാരുടെ സംഘമല്ല. അക്കാഡമിക് ലോകത്ത് നിലവാരം നിശ്ചയിക്കുന്നതിനുള്ള process ആണ് peer review. ഒരു പീയര്‍ റിവ്യൂ റ്റീമിനെ വിശ്വാസത്തിലെടുത്ത് അയച്ച (confidential ആയ) സന്ദേശം. വിവരങ്ങളുടെ സ്വതന്ത്രമായ വിനിമയം ആവശ്യപ്പെടുന്നു peer review എന്ന process. വന്ന സംഘം അവരുടെ റിവ്യുവിന്റെ ആരംഭമായി ആ സന്ദേശം പരിഗണിക്കുന്നു. അതിന്റെ ഭാഗമായി സന്ദേശത്തിന്റെ ഉള്ളടക്കം സ്ഥാപനത്തിനു കൈമാറുന്നു. സംഘം കാണുന്നത് തങ്ങളെ മഹാരാജക്കന്മാരെപ്പോലെ കണക്കാക്കി ഓച്ഛാനിച്ചു നില്ക്കുന്ന സ്ഥാപനമേലധികാരികളെ. പിയര്‍ റിവ്യു എന്നാലെന്താണെന്നറിയാത്ത 'അക്കാഡമിക്കു'കളെ. തങ്ങളുടെ വരവു പ്രമാണിച്ച് തലേദിവസം കൊണ്ടിറക്കിയ പൂച്ചട്ടികള്‍. അടിക്കല്‍, തുടയ്ക്കല്‍, മിനുക്കല്‍. സന്ദര്‍ശിച്ച പലയിടത്തുനിന്നും അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു. ഇന്നയാള്‍ പറഞ്ഞത് ശരിയാണ്. ഇതു യജമാനന്മാരുടെ ചെവിയിലെത്തി. അടുത്ത ദിവസം കടലാസ് എന്നു ഭീഷണി. ഇക്കാര്യവും സംഘം അറിയുന്നു. അവര്‍ കണിശമായി പറയുന്നു, ഞങ്ങള്‍ക്കു വിവരം നല്കിയ ആള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്ന്. എന്നാല്‍ സ്വയംഭരണസംഘത്തിലെ ഒരു കവിഹൃദയം നേരത്തേ ലേശം butthurt ആയിരുന്നു. നാക്കല്ല, തൂക്കല്ല, പീയറല്ല ബീയറല്ല ഏതു പീറയായാലും ശരി കൊട് പണി. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞ് സ്വയംഭരണസംഘം സമ്മേളിച്ച് കടലാസു കൊടുക്കുന്നു.
പീയര്‍ റിവ്യൂ സന്ദര്‍ശനത്തെ സംബന്ധിച്ച ഗൈഡ്‌ലൈന്‍സ് നാക്കിന്റെ സൈറ്റിലുണ്ട്. പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ ജീവനക്കാരെ സംഘം കാണുമെന്ന കാര്യം നേരത്തേ എല്ലാവരെയും അറിയിച്ചിരിക്കണം. യോഗത്തിനു വന്ന പീയറുകള്‍ കാണുന്നത് സംഘടനാ പ്രതിനിധികളെ മാത്രം. അവരെമാത്രം തലേന്നു രാത്രി ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. സംഘം മുഷിയുന്നു. പണ്ടുണ്ടായ ഒരു പേരുദോഷം അകറ്റാന്‍ പ്രതിപക്ഷ സംഘടനകള്‍ ഒന്നൊഴിയാതെ വെറും കാഴ്ചക്കാരായി ഇരിക്കുന്നു. ഞങ്ങള്‍ക്ക് സംഘടനക്കാരെയല്ല ജീവനക്കാരെയാണ് കാണേണ്ടത്. തൂപ്പുകാരെ വരെ കാണണം. സംഘം പറയുന്നു. സ്ഥലത്തെ പീയറുകള്‍ ഓടിപ്പാഞ്ഞ് സ്വന്തം യൂനിയനിലെ ചിലരെയൊക്കെ ഉന്തിത്തള്ളിയെത്തിക്കുന്നു. അവര്‍ക്ക് ധൈര്യം പകര്‍ന്ന് അവരെക്കൊണ്ട് എന്തെങ്കിലും പറയിക്കാന്‍ സംഘം കിണഞ്ഞു ശ്രമിച്ചത്രെ. ഇതില്‍ നിന്നൊക്കെ അവര്‍ക്കു കിട്ടിയ ചിത്രമെന്തെന്ന് അവര്‍ക്കേ അറിഞ്ഞുകൂടൂ. പക്ഷേ ഒരു തമാശയുണ്ടായത്, അവര്‍ ഒരാളുടെ പ്രൊജക്റ്റിനെമാത്രം പിന്നീട് വിടവാങ്ങല്‍ ചടങ്ങില്‍ വാനോളം പുകഴ്ത്തി. അതു പിരിച്ചുവിട്ട ഒരു വാദ്ധ്യാരെയായിരുന്നു. പിരിച്ചുവിട്ടതാണ് തന്നെയെന്ന് വാദ്ധ്യാരോ വാദ്ധ്യാന്മാരുടെ സംഘടനയോ അവരോട് അപ്പോഴും അതില്‍പ്പിന്നെയും പറഞ്ഞില്ല. മാതൃകാപരമായ അച്ചടക്കം അല്ലേ.
മുന്‍പൊരിക്കല്‍ ഏതോ സംഘം വന്നപ്പോള്‍ 7500 രൂപയുടെ പാനീയം ദിവസേന കൊടുത്താല്‍ മതിയായിരുന്നത്രേ. ഈ സംഘം ലേശം വേറെയായിരുന്നത്രെ.
പിന്നെ, കാംപസില്‍ പറഞ്ഞു പരത്തിയതെന്താണെന്നോ? സ്ത്രീയായ വൈസ്-ചാന്‍സലര്‍ക്കെതിരെ ഒരു ജീവനക്കാരന്‍ ഇന്റെര്‍നെറ്റില്‍ അശ്ലീലം എഴുതിവെച്ചു!
വി സിയുടെ അക്കാഡമിക് നിലവാരത്തെപ്പറ്റിയുള്ള പോസ്റ്റിന്റെ ലിങ്ക് മാസങ്ങള്‍ക്കുമുമ്പ് വി സിക്കും സ്വയംഭരണസംഘത്തിനും സ്വന്തം പേരോടെ അയച്ചുകൊടുത്തതിന് ഒന്നുമുണ്ടായില്ല.
അധികാരികളുടെ നിരക്ഷരതയെപ്പറ്റിയും മനോരമ വാര്‍ത്തയില്‍ കൊഴുപ്പിച്ചിട്ടുണ്ടല്ലേ.
യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ പബ്ലിക്കേഷന്‍ വിഭാഗത്തെപ്പറ്റി പറയുന്ന പേജൊന്നു നോക്കിയാല്‍ മതി:
http://www.universityofcalicut.info/index.php?option=com_content&task=view&id=351&Itemid=274
ഭാഷാജ്ഞാനം വേണ്ട എഡിറ്റിങ് പ്രൂഫ് റീഡിങ് എന്നിവയില്‍ മികവുള്ളവരെ നിയമിച്ച വിഭാഗം എഴുതിക്കൊടുത്തതാണ് അവിടെ കാണുന്നത്.
"erudite scholar in residence programme" നടക്കുന്നതിനു മുന്നോടിയായി ഒരാഴ്ചയിലേറെ മുഖ്യ കവാടത്തിനരികെ പാറിയ ഈ ശീലയൊന്നുനോക്കൂ.
http://yfrog.com/3mtexualjpgj
texual എന്നത് text (sms)ഉം sex ഉം ചേര്‍ന്ന ഒരു portmanteau പദമാണത്രെ. അതിനെക്കുറിച്ചായിരുന്നോ workshop?
സസ്പെന്‍ഷന്‍ കൂടാതെ പെന്‍ഷന്‍ പറ്റണേ എന്ന് രാവിലെ ദൈവത്തിന്റെ മുന്നില്‍ വണങ്ങി പ്രാര്‍ത്ഥിച്ച് വരേണ്ട ഗുമസ്തന്‍ ഇതൊക്കെ കാട്ടിയാല്‍ ഇങ്ങനെയൊക്കെ ഉണ്ടാവും.
ആ ഗുമസ്തന്റെ ഭാര്യ പിണങ്ങിപ്പോയെന്നും കേള്‍ക്കുന്നു.
id മാറിപ്പോയതുകൊണ്ട് വന്ന അബദ്ധങ്ങളാണ് ഡിലീറ്റു ചെയ്ത പോസ്റ്റുകള്‍.
ചെറിയ തിരുത്ത്.naac അല്ല naac visiting team ആണ് peer review team.
പിന്നെ, ചങ്ങാതിമാരേ, online anonymity നിലനിറുത്താന്‍ ആഗ്രഹിക്കുന്ന ഒരു ബ്ലെഗെറുടെ identity വെളിപ്പെടുത്തുന്നത് privacy violation എന്ന നിലയ്ക്ക് ഇന്ത്യയിലെ IT Act പ്രകാരം കുറ്റമാണ്. cyber-stalking നെപ്പറ്റി ഏതൊക്കെയോ സൈബര്‍ ക്രൈം സെല്ലുകളുടെ വെബ്സൈറ്റില്‍ വിശദമായി തന്നെ പറയുന്നുണ്ട്. ഇത്രയും കുഴപ്പമില്ല. പക്ഷേ, വിലാസം, ഫോണ്‍ നംബര്‍, sexual preference, കിന്‍സി സ്കെയില്‍, നാളും നക്ഷത്രവും, കഴിഞ്ഞ വേനലില്‍ ആരോടൊപ്പമായിരുന്നു എന്നിത്യാദി വിവരങ്ങള്‍ പാടില്ല. പിന്നെ ആ ബ്ലോഗ്, അതായത് എന്റെ ബ്ലോഗ്, ആ സസ്പെന്‍ഷന്‍ കിട്ടിയ ആ ഗുമസ്തന്റെ (ആ ഭാര്യ പിണങ്ങിപ്പോയ ഗുമസ്തന്റെ) official website അല്ല. ;-)
ഈ ഈ-മയില്‍ അയച്ചു എന്നു പറയുന്നതു ഓഫീഷ്യല്‍ ഈ മയില്‍ ആണോ എന്നു വ്യക്തമല്ല.
അല്ലെങ്കില്‍ ഇതെങ്ങിനെ അപരാധം ആകുമെന്നും മനസിലാകുന്നില്ല.
:)
പ്രിയ കാലിക്കോസെന്രിക്,
മുന്‍ കമന്റില്‍ താങ്കളുടെ ഐഡന്റിറ്റി സൂചിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു. പ്രൈവസിയിലേക്ക് അതിക്രമിക്കാനല്ല, ഇതൊരു മനുഷ്യാവകാശ/അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം ആണ് എന്ന് തോന്നിയതുകൊണ്ട് ഇട്ട കമന്റാണ് എന്ന് മാത്രം പറയട്ടെ. ഒരു നിയമത്തിന്റെ (ഒരുപക്ഷേ സദുദ്ദേശ്യപരമായി നിര്‍മ്മിക്കപ്പെട്ട ഒന്നിന്റെ) വളച്ചൊടിച്ച പ്രയോഗമാണ് വാര്‍ത്തയിലെ ഉദ്യോഗസ്ഥനു നേരെ ഉണ്ടായിരിക്കുന്നത് എന്നുതന്നെയാണ് അഭിപ്രായം. ഈ സംഗതികളെപ്പറ്റി പ്രതിപക്ഷ സംഘടനകള്‍ പോലും മൌനമവലംബിക്കുമ്പോള്‍ ഇത്തരമൊരു മെയില്‍ വഴി കാര്യങ്ങള്‍ നേരിട്ട് മുകളിലേക്ക് അറിയിക്കുന്നതിന് വേറേ വഴിയില്ലല്ലോ. പറഞ്ഞു കേട്ടിടത്തോളം പിയര്‍ റിവ്യൂ ടീമിന്റെ ഉദ്ദേശ്യവും അത്തരം അഭിപ്രായങ്ങളെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നുതന്നെയാണ്. അത് മി.കൃഷ്ണകുമാര്‍ ചെയ്തത് ഏറ്റവും ഡീസന്റായിത്തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്.
ഓ.ടോ: താങ്കളുടെ ചില പോസ്റ്റുകളെപ്രതി ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ട്, എങ്കിലും അത് കോറിയിടാനുള്ള സ്പേയ്സ് ആര്‍ക്കായാലും നിശ്ചയമായും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.
*[ഗുമസ്തന്റെ പിണങ്ങിയ ഭാര്യയെയൊക്കെ കാലിക്കോസെന്രിക് ഇവിടെ വലിച്ചിഴയ്ക്കുന്നതെന്തിന് ?]
സൂരജ്,
ഈ പത്ര വാര്‍ത്തയില്‍ പറയുന്ന ബ്ലോഗര്‍ ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാവുന്നതാണെങ്കിലും മേല്‍ പറഞ്ഞ പ്രൈവസിയുമായി ബന്ധപ്പെട്ടാണ് ഒരിടത്ത് പോലും ബ്ലോഗര്‍ നാമം പറയാഞ്ഞത്. ഈ പോസ്റ്റിലെന്നല്ല, യൂണിവേഴ്സിറ്റിയിലെ സുഹൃത്തുക്കള്‍ മുഖാന്തരം വളരെ മുന്നെ തന്നെ അറിയാം.
അതിലാല്‍ തന്നെ സൂരജിന്റെ കമന്റ് ഒന്ന് എഡിറ്റി ഇടുന്നു, ക്ഷമിക്കുമല്ലോ.
suraj::സൂരജ് പറഞ്ഞു...
നിയമം നിയമം തന്നെ... പക്ഷേ ഇതു പോലൊരു ഇ-മെയില്‍ വിട്ടതിനാണ് ******* എന്ന ബ്ലോഗറെ സസ്പെന്റ് ചെയ്തതെങ്കില്‍ അത് ബോറായിപ്പോയി. ഈമെയില്‍ അയച്ചത് സര്‍വകലാശാലയുടെ പ്രവര്‍ത്തനമികവു വിലയിരുത്തുന്ന, സര്‍ക്കാരിന്റെ തന്നെ ഭാഗമായ ഒരു ഉന്നത കൌണ്‍സിലിനാണ് എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ പത്രങ്ങളിലേയ്ക്കോ കക്ഷിരാഷ്ട്രീയ വേദികളിലേക്കോ ഒന്നും ഇത് വലിച്ചിഴയ്ക്കാന്‍ പുള്ളി തയ്യാറായില്ല എന്നതു തന്നെ അഭിനന്ദനീയമായ ഒരു മാതൃകയായിട്ടേ എനിക്ക് തോന്നുന്നുള്ളൂ. അങ്ങനെയിരിക്കെ ഇത്തരമൊരു മെയിലിന് സസ്പെന്‍ഷന്‍ കൊടുത്തത് ശരിയാണെന്ന് തോന്നുന്നില്ല.
(അഭിപ്രായം നിയമത്തിന്റെയോ വസ്തുതകളുടെയോ ന്യായാന്യായം നോക്കിയല്ല, തികച്ചും വ്യക്തിനിഷ്ഠമായ നീതിബോധം വച്ച്.)
മണിസാര്‍,
പല സന്ദര്‍ഭങ്ങളിലും കടലാസിന്റെ വിലപോലുമില്ലാത്തതാണ് നമ്മുടെ സര്‍ക്കാര്‍ ചട്ടങ്ങള്‍. പക്ഷെ ഒരാളെ കുടുക്കാന്‍ അത് ധാരാളം മതി.
രാജീവ് ചേലനാട്ട്,
എല്ലാ സാഹചര്യങ്ങളിലും താങ്കളുടെ ആഹ്വാനം പ്രായോഗികമാവണമെന്നില്ല. ബുദ്ധിയുള്ളവര്‍ ബുദ്ധിപൂര്‍വ്വം പെരുമാറണം.വെറുതെ എടുത്ത് ചാടിയാല്‍ ചാട്ടം പിഴച്ച് നടു തല്ലി വീഴുന്നത് മാത്രം മിച്ചമാവും.
സൂരജ്,
നിയമങ്ങളുടെ മറവില്‍ ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണല്ലോ. അത് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടങ്ങളില്‍ മാത്രമായി അത് ഒതുക്കി നിര്‍ത്താനാവില്ല. ചില നിഷകര്‍ഷകള്‍ നമുക്ക് ഒഴിവാക്കാനാവില്ല, അത്തരത്തിലൊന്നാണ് സര്‍ക്കാര്‍ പരിപാടികളെ സര്‍ക്കാര്‍ ജീവനക്കാരന്‍ വിമര്‍ശിക്കാന്‍ പാടില്ലെന്നുള്ളത്. വിമര്‍ശിക്കാവുന്ന വേദികളും ആ നിയമങ്ങളില്‍ പറയുന്നുണ്ട്, വഴികളും. അതു വിട്ട് ഒരു എക്സ്റ്റേണല്‍ ഏജസിക്ക് യൂണിവേഴ്സിറ്റിയിലെ ഒരു ജോലിക്കാരന്‍ യൂണിവേഴ്സിറ്റിക്ക് ഹാനിപറ്റുന്ന തരത്തില്‍ എഴുതിയെങ്കില്‍ ശിക്ഷാര്‍ഹമാണെന്നാണ് അഥവാ ശിക്ഷിക്കപ്പെടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഞാനു ഈ ചട്ടക്കൂടിനുള്ളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളാണ്.ഇത്തരത്തില്‍ നൂറ് നൂറ് മെയിലുകള്‍ ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അയക്കാം, പ്രത്യേകിച്ച് ബ്യൂറോക്രസിയുടെ മുകള്‍ തട്ടിലുള്ളവര്‍ക്ക്. അങ്ങിനെ വന്നാല്‍ എന്താവും ഈ രാജ്യത്തെ ഭരണം?
ഞാന്‍ ആവര്‍ത്തിക്കുന്നു, വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കൂ, ഒറ്റ ദിവസം കൊണ്ട് ലോകം നന്നാക്കാനാവില്ല.
കാലിക്കോസെന്‍ട്രിക്ക്,
താങ്കളോടും എനിക്ക് പറയാനുള്ളത് ഇതു തന്നെയാണ്. സ്ഥായിയായ പ്രവര്‍ത്തനമാണ് നടത്താനുദ്ദേശിക്കുന്നതെങ്കില്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുക.
യൂണിവേഴ്സിറ്റിയിലെ ജീവനക്കാര്‍ക്ക് യാതൊരു ഇടപെടലുമില്ലാതെ നാക് ടീമുമായി സംവദിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജീവനക്കാരന്‍ യൂണിവേസിറ്റിക്കനുകൂലമായേ പറയാവൂ എന്ന് നിര്‍ബന്ധിക്കാനാവില്ല. പ്രത്യേകിച്ചും പ്രസ്തുത ടീമിന്‍റെ സന്ദര്‍ശനോദ്യേശ്യം തന്നെ വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തലാണ്. പ്രസ്തുത സംഘത്തിന് ജീവനക്കാരനയച്ച മെയിലില്‍ പറഞ്ഞ കാര്യങ്ങള്‍ 101 ശതമാനം വസ്തുനിഷ്ഠമാണെന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായം നടപടിയെടുത്തവര്‍ക്കുപോലുമുണ്ടാവുമെന്ന് തോന്നുന്നില്ല. അനില്‍ യുണിവേസിറ്റിയില്‍ സുഹ്യത്തുക്കുളുള്ളയാളാണല്ലോ. അന്വേഷിക്കുക. യൂണിവേഴ്സിറ്റിയുടെ അക്കാദിമകാര്യങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ വരുന്ന സംഘത്തിനു മുന്നില്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്നതേ പ്രസ്തുത ജിവനക്കാരന്‍ ചെയ്തുള്ളു.
ഇത്തരത്തില്‍ സ്ഥാപനത്തിനുള്ളില്‍ നിന്നു തന്നെ പ്രതികരിക്കാന്‍ ആളുകള്‍ തയ്യാറാകുന്പോള്‍ മാത്രമേ പല കാര്യങ്ങളും പുറത്തറിയുകയുള്ളു. RCC യില്‍ നടന്ന മരുന്ന് പരീക്ഷണങ്ങള്‍ പോലെയുള്ളവ ഇങ്ങനെയാണ് പുറത്തറിഞ്ഞത്.
ഈ പ്രശ്നത്തില്‍ തനിക്ക് മേലധികാരികളിലുടെയല്ലാതെ സംവദിക്കാന്‍ സ്വാതന്ത്രമുള്ള ഏജന്‍സിക്കാണ് ജീവനക്കാരന്‍ കത്തയച്ചിരിക്കുന്നത്. എന്തായാലും സി. പി. എം സിന്‍ക്കേറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാന്‍ കൊളോണിയല്‍ നിയമങ്ങളെ പുല്‍കുന്നത് കാണുന്പോള്‍ കഷ്ടം എന്നു പറയാന്‍ തോന്നുന്നു. ഇവരാണല്ലോ ഗലീലിയോ നാടകം നാടൊട്ടും കാണിച്ചു നടക്കുന്നത്. കഷ്ടം... കഷ്ടം...
അനില്‍ ജീ,
ആ കമന്റ് എഡിറ്റി പുന:പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി.
"... ഒരു എക്സ്റ്റേണല്‍ ഏജസിക്ക് യൂണിവേഴ്സിറ്റിയിലെ ഒരു ജോലിക്കാരന്‍ യൂണിവേഴ്സിറ്റിക്ക് ഹാനിപറ്റുന്ന തരത്തില്‍ എഴുതിയെങ്കില്‍ ശിക്ഷാര്‍ഹമാണെന്നാണ് അഥവാ ശിക്ഷിക്കപ്പെടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം"
കാലിക്കോസെന്രിക് പറഞ്ഞതാണ് നടന്നതെങ്കില്‍ തികച്ചും കോണ്‍ഫിഡെന്‍ഷ്യലായി അയച്ച ഒരു ഈമെയില്‍ അല്ലേ അത് ? അതിനേക്കാള്‍ മാന്യമായി ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുന്നതെങ്ങനെ ? സുരേഷ് ഗോപി സിന്‍ഡ്രോം മൂത്ത ചില ഉദ്യോഗസ്ഥരും ആള്‍ദൈവരോഗം മൂത്ത ചില പാര്‍ട്ടിനേതാക്കളുമൊക്കെ കാണിക്കുമ്പോലെ പത്രസമ്മേളനത്തില്‍ വായില്‍തോന്നിയത് വിളിച്ചുപറഞ്ഞും മാധ്യമങ്ങള്‍ വഴി പ്രചാരണമഴിച്ചുവിട്ടും ഈവക കാര്യങ്ങള്‍ പൊതുജനമധ്യേ എടുത്തിട്ട് അലക്കാന്‍ മി.കൃഷ്ണകുമാര്‍ ശ്രമിച്ചില്ല എന്നതുതന്നെ മാതൃകാപരമായ ഒരു നിലപാടായിരുന്നു എന്നാണ് ഒരു കോമണ്‍സെന്‍സ് തോന്നല്‍. അങ്ങനെയിരിക്കെ (ബ്ലോഗ് പോസ്റ്റുകളുടെ പശ്ചാത്തലത്തില്‍) നിലവിലെ നടപടി വൈരനിര്യാതന ബുദ്ധിയോടെയുള്ളതായിപ്പോയി എന്ന് ആരെങ്കിലും ആരോപിച്ചാല് കുറ്റം പറയാനാവില്ലല്ലോ.
സൂരജ്,
യൂണിവേഴ്സിറ്റി ഒരു ഓട്ടോണമസ് ബോഡി എന്ന നിലയില്‍ സര്‍ക്കാര്‍ ചട്ടങ്ങളുമായി എപ്രകാരം വേറിട്ടു നില്‍ക്കുന്നു എന്ന് ഒന്നൂടെ അന്വേഷിക്കട്ടെ.
സര്‍ക്കാര്‍ സര്‍വ്വീസിലാണെങ്കില്‍ രഹസ്യമായിപ്പോലും സര്‍ക്കാര്‍ കാര്യങ്ങള്‍ മറ്റ് ഏജന്‍സികളുമായി ചര്‍ച്ച ചെയ്യാന്‍ പാടില്ല. രാഷ്ടീയത്തിനു ഉപരിയായി ഞാന്‍ പരിഗണിക്കുന്ന വിഷയമതാണ്, അത് സര്‍ക്കാര്‍ അഡമിനിസ്റ്റ്രേഷനില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാനാവും, മറ്റുള്ളവര്‍ക്ക് എത്രത്തോളം അത് മനസ്സിലാവുമെന്ന് അറിയില്ല.
അറബിയുടെ ശംബളം പറ്റി ഡ്യൂട്ടി ടൈമില്‍ ഞാനും ബ്ലോഗ് ചെയ്യുന്നു.
ഇവിടെ സസ്പെന്‍ഷന്‍ ഇല്ലാട്ടോ.
നാട് കടത്തേയുള്ളു.
ആപ്പീസര്‍മാര്‍ ചര്‍ച്ചിച്ചോളൂ. ഞാന്‍ പോയി :)
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റ ചട്ടങ്ങളുണ്ട്.അനുസരിക്കാറില്ല എന്നതുകൊണ്ട് ചട്ടങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല.ഒരു സാധാരണ പൗരന് അനുസരിക്കാവുന്ന ചട്ടങ്ങളെ അതിലുള്ളൂ.അതിനാല്‍ അത് ഒരു ഡ്രാക്കോണിയന്‍ ആണെന്ന് പറയാനാകില്ല.ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനായാലും തൊഴിലാളിയായാലും സ്ഥാപനത്തിന്റെ പുരോഗതിക്കുവേണ്ടിയും നന്മക്കുവേണ്ടിയും നിലകോള്ളണം.അത് മനോരമ പോലെയുള്ള ഒരു പത്രസ്ഥാപനത്തിന്റെ പോലും പെരുമാറ്റ ചട്ടങ്ങളില്‍ വരും.സര്‍ക്കാര്‍ ഏത് എന്നത് പ്രശ്നമല്ല.ഏതൊരു സര്‍ക്കാരുദ്യോഗസ്ഥനും സര്‍ക്കാര്‍ നയങ്ങള്‍ക്കും പരിപാടികളും നടപ്പിലാക്കാന്‍ ബദ്ധ്യസ്ഥനാണ്.അത് അത്ര പാലിക്കാന്‍ പറ്റാത്ത ചട്ടമല്ലതാനും.സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതില്ല.അതെല്ലാം പുറത്തുനിന്നു മതിയാകും.പ്രയോഗിക്കാന്‍ നോക്കിയാല്‍ പെരുമാറ്റ ചട്ടം വജ്രായുധമാണ്.ഒരു കോടതിയും പെരുമാറ്റദൂഷ്യം അനുവദിക്കില്ല.നിരവധി കോടതിവിധികള്‍ അതിനു തെളിവാണ്
നമ്മുടെ കാലിക്കോസെന്രിക്കിനെതിരെ നടപടി എടുത്തതില്‍ ബ്ലോഗ്ഗര്‍മാക്ക് വേണ്ടി ഞാന്‍ പ്രതിഷേധിക്കുന്നു. ഈ പരാതി അയച്ച ആളും കാലിക്കോസെന്രിക്കും ഒരാള്‍ തന്നെയാണ് എന്ന് അവര്‍ എങ്ങിനെ മനസ്സിലാക്കി?. പിന്നെ സര്‍ക്കാര്‍ ജീവനക്കാരന്‍ പരാതി പോയിട്ട് ഒരു കവിത എഴുതി പ്രസിദ്ധീകരിക്കണം എങ്കില്‍ പോലും സര്‍ക്കാരിന്റെ അനുവാദം വാങ്ങണം.(ഇതൊക്കെ മാറ്റേണ്ട നിയമങ്ങളാണ്, മാറാത്തിടത്തോളം കാലം അനുസരിക്കാന്‍ ജീവനക്കാര്‍ ബദ്ധ്യസ്ഥരുമാണ്
ഈ നിയമം ഡാർക്കോണിയൻ നിയമം തന്നെയാണ്. സർക്കാർ ഉദ്യോഗസ്ഥൻ അടിമയാണ്, അതിനാൽ യജമാനന്റെ അനുവാദമില്ലാതെ കുരയ്‌ക്കുക പോലും ചെയ്യരുത്. ഈ നിയമങ്ങളിൽ “പലതും”, സുഗമമായ ഭരണനിർവഹണത്തിന് ആവശ്യവുമില്ല. കൂലിക്കാരനും അടിമയും തമ്മിലുള്ള വിത്യസം ബ്ളോഗ്ഗേർസിന് പോലും മനസ്സിലാവുന്നില്ല. ജോലിക്കാർ അടിമയല്ല എന്നെങ്ങിലും മനസ്സിലാക്കണം.
സർക്കാർ ഉദ്യോഗസ്ഥൻ കഥയെഴുതി പ്രസിദ്ധികരിക്കണമെങ്ങിലും അനുവദിക്കപ്പെട്ട അവധിയിൽ രാജ്യം വിടണമെങ്ങിലും മേലാധികാരിയുടെ അനുവാദം നേടിയിരിക്കണം, പക്ഷെ ഈ വക നിയമങ്ങൾ സ്വകാര്യ മേഘലയിൽ അനുവദിക്കുകയുമില്ല!!!
ഈ വക കാര്യങ്ങൾ സർക്കാർ അംഗീകരിച്ച സംഘടനയിലൂടെ പരിഹരിക്കാമെന്നൊരു നിർദേശവും കണ്ടു, അവർക്ക് ഈ നിയമം ബാധകമല്ലെ? സംഘടനാബലമില്ലെങ്ങിൽ അവകാശവുമില്ലെ? മെഡിക്കൽ കോളേജ് ഡോകടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് “സർക്കാർ” നിരോധിച്ചു. പരസ്യമായി “സംഘടനാനേതാക്കൾ” ചോദ്യം ചെയ്യുന്നു. സംഘടനയിലില്ലാത്ത ഒരു ഡോക്റ്റർ പരസ്യമായി അഭിപ്രായം പറഞ്ഞാൽ, സർവീസ് ചട്ട ലംഘനം.
ശമ്പളം പട്ടുന്ന ജോലിക്കാരൻ സ്ഥാപനത്തിന് വേണ്ടി നിലക്കൊളണം, അത് ശരിതന്നെ. പക്ഷെ സർക്കാർ ആശുപത്രിയിലെ ഒരു കെട്ടിടം എത് സമയത്തും നില പൊത്താം, അത് പുതുക്കി പണീയണം എന്ന് മന്ത്രിയോട് പരസ്യമായി ആവശ്യപ്പെറ്റുന്ന ഒരു ജീവനക്കാരൻ ചെയ്യുന്ന സ്ഥാപനവിരുദ്ധ പ്രവർത്തണം എന്താണവോ?
നിലവിലുള്ള സർവീസ്സ് ചട്ടം കാലഹരണപെട്ടതാണ്, അത് മാറ്റിയെഴുതുക.
കരിമീന്‍,
കാലിക്കോസെന്‍ട്രിക്ക് ആണ് നടപടിക്ക് വിധേയനായ ആളെന്ന് ആരാണ് പറഞ്ഞത്?
അങ്ങിനെ ഒരു പരാമര്‍ശം ഞാന്‍ നടത്തിയിട്ടില്ല, അല്ലെന്ന് കാലിക്കൊ തന്നെ പറയുന്നുമുണ്ട്.
അത് കാലിക്കോ ആയിരിക്കും എന്ന് ഊഹിച്ചതാണ്. അത് തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയതിന് നന്ദി. എങ്കിലും പ്രതിഷേധം അവിടിരിക്കട്ടെ..........
സര്‍ക്കാര്‍ ശമ്പളം പറ്റിക്കൊണ്ട്,മൂപ്പര്‍ ഇങ്ങനെ ചെയ്തത് വല്ലാത്ത ചെയ്ത്തായിപ്പോയി..
പോസ്റ്റും,കമന്റുകളും എല്ലാം വായിച്ചു..ചര്‍ച്ച നടക്കട്ടെ..
ഇങ്ങനെ ഒരു ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ടായിരുന്നല്ലേ ഇവിടെ, അറിഞ്ഞില്ല. പല കാരണങ്ങള്‍ കൊണ്ട് ബൂലോഗത്തു കയറാതായിട്ടു ദിവസങ്ങള്‍ കുറേയായി.
ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സര്‍ക്കാരായാലും പ്രൈവറ്റായാലും അതിന്റെ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ടുതന്നെ വേണം പ്രവര്‍ത്തിക്കാന്‍ എന്നു തന്നെയാണ് എന്റെ അഭിപ്രായം. തെറ്റായ നിയമങ്ങള്‍ അവിടെ ഉണ്ടെങ്കില്‍ മാറ്റി എടുക്കാന്‍ അതിനുള്ളില്‍ നിന്നുകൊണ്ടു തന്നെ മാറ്റാന്‍ ശ്രമിക്കാം (അതൊരു നടക്കാത്ത കാര്യമാണെന്നതു് വേറെ കാര്യം!)
ബ്ലോഗർ സ്വന്തം പേരുപയോഗിയ്ക്കാതെ മറ്റൊരു പേരിലെഴുതിയിരുന്നെങ്കിലോ?
ചുവപ്പുനാടകളുടെ ബന്ധനം
ഫയലുകളെ മാത്രമല്ല
ഫയലുകളെ കൈകാര്യം ചെയ്യുന്നവരെയും
ബാധിക്കുന്നത് സ്വാഭാവികം
അതായത് പുള്ളികാരന്‍ ചെയ്തതിന്റെ സ്വഭാവം ഇതാണ്
"വീട്ടിന്നു മൂക്കുമുട്ടെ സദ്യയുണ്ട് എന്നിട്ട് കവലയില്‍ പോയി പീടിക തിണ്ണയില്‍ ഇരിക്കുന്നവരോട് അവിടെത്തെ സ്ത്രീകള്‍ പിഴയാണന്നു പറഞ്ഞു" അത്രെയേ ചെയ്തോളു
SANTHWANAM PRESS CLUB VARTHA Sunil N B Leader Manager
Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara
Post a Comment