1/24/2010

കൂട്ടുകൃഷി

ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്ന് പഴമൊഴി.
ഉലക്കമേല്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാലാവും മലയാളിക്ക് എല്ലായിടവും ചേരി തിരിവ്. ഈ ചേരിതിരിവിനിടയിലും സുഗമമായി നടക്കുന്ന ചില കൂട്ടുകൃഷികളുണ്ട് . അവയില്‍ പ്രധാനമാ‍ണ് മണ്ണുപയോഗിച്ചുള്ള വിളവെടുപ്പ്. പക്ഷെ മറ്റു കൃഷിയില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ വിള മണ്ണു തന്നെയാണെന്ന് മാത്രം. ഇപ്രകാരം നാട്ടിലെ ഇടതു വലതു പക്ഷങ്ങളൊന്നിച്ച് ചേര്‍ന്നു നടത്തുന്ന ഒരു കൂട്ടുകൃഷി ഇതാ കാണുക.

വീടിനോട് ചേര്‍ന്ന് കിടക്കുന്ന മെയിന്‍ റോഡിലെ ഒരു തെങ്ങിന്‍ തോപ്പാണ് താഴെ കാണുന്നത്. അടുത്തിടെ വില്‍പ്പന നടന്ന പ്രസ്തുത സ്ഥലം വാങ്ങിയിരിക്കുന്നത് നമ്മുടെ ഭൂമാഫിയ (കട: മുഖ്യമന്ത്രി വി.എസ്). അടുത്ത കച്ചവടം നടക്കുന്നതിനു മുമ്പ് ഉള്ള വിളവ് എടുത്തേക്കാമെന്ന് കരുതിക്കാണും. അനിയന്ത്രിതമായ മണ്ണെടുപ്പുകാരണം ഇനി മണ്ണെടുപ്പ് പാടില്ലെന്ന് നിരോധനം നിലനില്‍ക്കുന്ന സ്ഥലമാണ് ഇവിടം. നിയമം ഉറങ്ങിക്കിടക്കുന്ന പാതിരാവിലും , ഞായറാഴ്ചയുമാണ് പ്രധാന വിളവെടുപ്പ്. കൂട്ടുകൃഷിയായതിനാല്‍ പരാതിക്കാരില്ല, സമീപ വീടുകളിലെ താമസ്സിക്കുന്നവരുടെ പരാതി കേള്‍ക്കാന്‍ ആളുമില്ല.

നോക്കൂ, സമീപ വീടുകളുടെ അസ്ഥിവാരത്തേക്കാള്‍ താഴ്ചയിലാണ് മണ്ണൂമാന്തുന്നത്


തേങ്ങക്ക് വിലയില്ല, ഒരു ലോഡ് മണ്ണിന്റെ വില വച്ച് നോക്കിയാല്‍ ഇതൊന്നും വളര്‍ത്തിയിട്ട് കാര്യമില്ല. തെങ്ങുകള്‍ മാന്തിക്കൂട്ടിയിരിക്കുന്നു.


പാവം കല്പ വൃക്ഷം, വീണിതല്ലോ കിടക്കുന്നു...


ഇനിയും മണ്ണ് അവശേഷിക്കുന്നു, അടുത്ത പറമ്പിന്റെ അതിരു വരെ, അത് അവന്റെ അസ്ഥിവാരമാണെന്ന് മാത്രം.


പാതിയിടിഞ്ഞ കിണര്‍, ഇത് മൂടണോ വേണ്ടയോ എന്ന് തീരുമാനമായില്ല.


ഇവനാള് പുലിയാണ്, മണിക്കൂറുകള്‍ക്ക് ആയിരം കൊടുത്താലെന്താ വേണമെങ്കില്‍ ആനമുടി അവന്‍ ഒരു ദിവസം കൊണ്ട് മാന്തും. കേരളം മരുഭൂമിയാക്കാന്‍ ജന്മമെടുത്ത യന്ത്രം.

ഇതു പുതുമയുള്ള സംഗതിയൊന്നും ആയതുകൊണ്ടല്ല , എനിക്കു ചെയ്യാനാവുന്നത് ഇത്രയും മാത്രമേ ഉള്ളൂ എന്നതിനാല്‍ പോസ്റ്റുന്നു എന്ന് മാത്രം.
കുറിപ്പ്:
മണലും മണ്ണും പിടിക്കാന്‍ പോയ തഹസില്‍ദാരായ എന്റെ ഒരു സുഹൃത്തിനെ, മണല്‍ ലോറികൊണ്ട് ഇടിച്ച് ആശുപത്രിയിലാക്കിയ ഒരു ചിത്രം കയ്യിലുണ്ടായിരുന്നത് തിരഞ്ഞിട്ട് കിട്ടിയില്ല.

അപ്ഡേറ്റായി തഹസില്‍ദാരെ മണല്‍ ലോറി ഇടിച്ച പത്ര ഫോട്ടോയുടെ സ്കാന്‍.

34 comments:

അനില്‍@ബ്ലോഗ് // anil said...

മണലും മണ്ണും പിടിക്കാന്‍ പോയ തഹസില്‍ദാരായ എന്റെ ഒരു സുഹൃത്തിനെ, മണല്‍ ലോറികൊണ്ട് ഇടിച്ച് ആശുപത്രിയിലാക്കിയ ഒരു ചിത്രം കയ്യിലുണ്ടായിരുന്നത് തിരഞ്ഞിട്ട് കിട്ടിയില്ല.

ramanika said...

കേരളത്തില്‍ ഈ കൃഷി എല്ലായിടത്തും നടക്കുന്നുണ്ട്
ലേഖനം വളരെ പ്രസക്തം!

Lathika subhash said...

അനിൽ ഇത്രയും ചെയ്യുന്നുണ്ടല്ലോ.

ഡോ.വാസുദേവന്‍ നമ്പൂതിരി said...

കേരങ്ങളില്ലാത്ത കേരളം
മലയാളം മരിക്കുന്ന കേരളം
കുന്നുകളില്ലാത്ത കേരളം
കെട്ടിടങ്ങളും റോടുകളും നിറഞ്ഞ കേരളം

Unknown said...

അനില്‍ജീ,
പ്രതികരണം അസ്സലായി.
വേണ്ടത് വേണ്ടത് പോലെ പറയാന്‍ ചിലര്‍ ഉണ്ടായാലേ കാര്യങ്ങള്‍ ഉഷാറാവൂ...!!
www.tomskonumadam.blogspot.com

ചാണക്യന്‍ said...

പുഴയായ പുഴയെല്ലാം മാന്തിയിട്ടും പോരാഞ്ഞ് മണൽ മാഫിയ ഇപ്പോൾ കരയും മാന്താൻ തുടങ്ങിയിരിക്കുന്നു.....ഈ പോക്ക് അത്ര നല്ലതിനല്ല....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നാട്ടില്‍ ഇതൊന്നും തടയാന്‍ ആളില്ലേ???

എന്റെ നാട്ടില്‍ പാടം നികത്താന്‍അവധി ദിവസങ്ങളില്‍ ഗുണ്ടകളുമായാണ് എത്തിയത്. ഇടത് വലത് നേതാക്കള്‍ക്കും പോലീസിനും കൈക്കൂലി കൊടുത്ത് സര്‍വ്വ സന്നാഹത്തോടെ എത്തിയവരെ അവിടത്തെ ചെറുപ്പക്കാരാണ് നേരിട്ടത്. (പഴയ ഡി വൈ എഫ് ഐക്കാരാണ്. ഇപ്പൊ പാര്‍ട്ടിക്ക് പുറത്ത്. സഹായിക്കാന്‍ പാര്‍ട്ടിയും ഉണ്ടായില്ല). സഹായിക്കാന്‍ കോണ്‍ഗ്രസ്സുകാരനായ ഒരു നേതാവ് തയ്യാറായി. അയാള്‍ റവന്യൂ മന്ത്രി രാജേന്ദ്രനെ വിളിച്ചു. മന്ത്രി കളക്റ്ററേയും. മണിക്കൂറുകള്‍ക്കുള്ളില്‍ കളക്ടറെത്തി. ഇപ്പോഴും ആ പാടം നികത്താതെയുണ്ട്. ഈ വര്‍ഷം ഉടമ കൃഷി ചെയ്തില്ലെങ്കില്‍ കളക്ടര്‍ ആ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് സ്ഥലം കൃഷി ചെയ്യാന്‍ കൊടുക്കാമെന്നും പറഞ്ഞിരിക്കുന്നു.

എന്തിനുമേതിനും രാഷ്ട്രീയക്കാര്‍ പ്രതികരിക്കട്ടെ എന്ന മനോഭാവമാണ് നാട്ട്കാര്‍ക്കും. ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തയ്യാറാവണം. ഗുണ്ടകളൊക്കെ ഉണ്ടാകും. പണ്ടത്തേപോലെ രാഷ്ട്രീയക്കാരന്‍ തല്ല് കൊണ്ട് ഞങ്ങടെ കാര്യം ശരിയാക്കിത്തരട്ടെ എന്ന് വിചാരിച്ചാല്‍ ഇങ്ങനൊക്കെ സംഭവിക്കും. എതിര്‍ക്കുമ്പോള്‍ അടികൊള്ളുമെന്ന പേടി കൊണ്ട് മിണ്ടാതിരുന്നാല്‍ നാളെ വീടിന്റെ അസ്ഥിവാരം വരെ ഇവര്‍ തോണ്ടും. ഈ ഭയം തന്നെയാണ് ഇവര്‍ മുതലെടുക്കുന്നതും.

Unknown said...

എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതു , അതെ അനിൽ അതു തന്നെ പലതുള്ളി പെരുവെള്ളം എല്ലാവരും ഇതു പോലെ അവനവനു ചെയ്യാൻ പറ്റുന്നതു ചെയ്താൽ .

ചിന്തകന്‍ said...

മണലും മണ്ണുമൊക്കെ മാന്തി വിറ്റാല്‍ കേരളം കുവൈത്താകുമെന്ന കാര്യം അനിലിനറിയില്ലെന്നുണ്ടോ? ങ്ങക്ക് ഞമ്മളെ കേരളം നന്നാകുന്നത് കണ്ട് സഹിക്കാന്‍ പറ്റുന്നില്ല അല്ലേ?

ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ‘അത്ഭുതകുട്ടി‘ മാര്‍ ജീവിക്കുന്ന നാട്ടില്‍....
ഒരു പോസ്റ്റെങ്കിലും ഇടാന്‍ തോന്നിയല്ലോ... അത് തന്നെ വലിയ കാര്യം!

kaalidaasan said...

ഇതിനെതിരെ ഒക്കെ പ്രതികരിച്ച ഒരു നേതാവിനെ വെട്ടിനിരത്തലുകാരന്‍ എന്ന മുദ്രകുത്തി ആഘോഷിച്ചില്ലേ കേരളം!!

ധനേഷ് said...

പ്രസക്തമായ ലേഖനം.

കാണേണ്ടകണ്ണുകള്‍ കാണട്ടെ,
കേള്‍ക്കേണ്ടവര്‍ കേള്‍ക്കട്ടേ..

ഹരീഷ് തൊടുപുഴ said...

ടി കാര്യങ്ങൾക്ക് ഇടതും വലതും തമ്മിൽ എന്തൊരു യോജിപ്പാണെന്നറിയോ..
പോരാ നാട്ടു പത്രങ്ങളും..
കഴിഞ്ഞ ദിവസം ഇവിടെയുമുണ്ടായീ സാമാനാനുഭവം..
ഒരു നാട്ടു പത്രക്കാരനെ വിളിച്ചു ഇതിനെതിരേ ന്യൂസ് പത്രത്തിലിടാനും, നാട്ടു ചാനെലിൽ ഇടാനും ആവശ്യപ്പെട്ടു..
എവിടെ !!
പേടിച്ചു തൂറികൾ..
കൊച്ചു പിള്ളാരു കുളിക്കടവിൽ ഒളിഞ്ഞു നോക്കുന്നതിനേപറ്റിയും മറ്റുമുള്ള ഇക്കിളി വാർത്തകൾ ഇടാനല്ലാതെ മനുഷ്യസമൂഹത്തിനു നന്മചെയ്യാൻ ഉതകുന്ന ഇത്തരം വാർത്തകളിടാൻ അവർ ഒന്നു കൂടി ജനിക്കണം..

അപ്പൂട്ടൻ said...

വികസനമല്ലേ അനിൽ.... നടക്കട്ടെ. വീടുകളും റോഡുകളും ടെക്നോപാർക്കുകളും ടൗൺഷിപ്പുകളും മാളുകളും സെസുകളും മാത്രം മതിയല്ലൊ അതിന്‌. തൊഴിൽ (അതും ചുരുക്കം ചിലത്‌ മാത്രം) മാത്രമാണ്‌ നമുക്കാവശ്യം. അതിനിടയിൽ ചില മാഫിയകൾ പ്രത്യക്ഷപ്പെട്ടെന്നിരിക്കും, അതിലിത്ര വിഷമിക്കാനെന്തുള്ളൂ?

Sands | കരിങ്കല്ല് said...

ഉലക്കമേല്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാലാവും മലയാളിക്ക് എല്ലായിടവും ചേരി തിരിവ് --- ഇതു നന്നായി! :)

Typist | എഴുത്തുകാരി said...

കൂട്ടു കൃഷി, അതും ഇടതും വലതും നടുവും എല്ലാം ചേര്‍ന്നിട്ട്. ആര്‍ക്കും ഒന്നും ചെയ്യാം എന്ന വ്യാമോഹം വേണ്ടാ.

ഓ ടോ: അന്നു പറഞ്ഞ കാര്യം എന്തായി?

OAB/ഒഎബി said...

പെണ്ണും മണ്ണും!
കേരളത്തില്‍ നൂറ് മേനി വിളയുന്ന കൃഷി!!

താങ്കള്‍ക്കാവുന്ന രീതിയില്‍ ഒരു പ്രതികരണം.

നന്ദി.

അനില്‍@ബ്ലോഗ് // anil said...

ramanika,
ചേട്ടാ, നന്ദി.

ലതി,
ചേച്ചീ, നന്ദി.

നമ്പൂതിരി മാഷെ,
കോണ്‍ക്രീറ്റ് കാടുകള്‍ എന്ന് പറയുന്നതാവും ശരി.

റ്റോംസ് കോനുമഠം,
നന്ദി.

ചാണക്യന്‍,
എന്തു ചെയ്യാനാ. ഇരിക്കുന്ന കൊമ്പാണ് തങ്ങള്‍ മുറിക്കുന്നതെന്‍ സ്വയം തിരിച്ചറിയാത്തിടത്തോളം ഇതിനു പരിഹാരവുമില്ല.

രാംചന്ദ്രന്‍ വെട്ടിക്കാട്,
ആര് തടയാനാ.രാഷ്ട്രീയ പാര്‍ട്ടികള്‍,റവന്യൂ,പോലീസ് എല്ലാം കൂടിച്ചേര്‍ന്ന് നടത്തുന്ന കൃഷിയാണ്. അവിടെ സാധാരണക്കാരന് ഒന്നും ചെയ്യാനില്ല.

ഞാനും എന്റെ ലോകവും,
എന്നെക്കൊണ്ട് പറ്റുന്ന വിധം ഞാന്‍ പ്രതികരിക്കാറുണ്ട്, പക്ഷെ അതിനും പരിമിതികളുണ്ട്.

ചിന്തകന്‍,
ഇങ്ങനെ പോയാല്‍ മരുഭൂമിയാവാന്‍ അധിക കാലം വേണ്ടി വരില്ല. ഇപ്പൊള്‍ തന്നെ വെള്ളത്തിന്റെ ലവല്‍ താഴെപ്പോയിക്കഴിഞ്ഞിരിക്കുന്നു.

kaalidasan,
പരിസ്ഥിതി ആര്‍ക്കും പ്രസക്തമായ ഒരു വിഷയമല്ലിന്ന്. വേരുകളുടെ പടലങ്ങള്‍ കൊണ്ട് ജലം പിടിച്ചു നിര്‍ത്തുന്ന നെല്‍ വയല്‍ തൂര്‍ത്ത് നാണ്യവിളകള്‍ കൃഷിചെയ്തതിന്റ് ഫലമാണ് വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ധനേഷ്,
ആരുകാണാനും കേള്‍ക്കാനും? !!
എഴുതിയും വായിച്ചും നമ്മുടെ ധാര്‍മിക രോഷം തീര്‍ക്കാമെന്ന് മാത്രം.

ഹരീഷെ,
പറഞ്ഞതത്രയും സത്യം. മേലുതട്ടുന്ന ഒരു പരിപാടിക്കും നമ്മുടെ റിപ്പോര്‍ട്ടര്‍മാരെ കിട്ടില്ല.

അപ്പൂട്ടാ,
ഇതിന് വികസനവുമായി യാതൊരു ബന്ധവുമില്ല. മണ്ണെടുക്കാതെ തന്നെ അവിടെ വീടോ എന്തു വേണേലും ഉണ്ടാക്കാം. എന്നാലും ഒരു ലയര്‍ മാന്തി വിറ്റാല്‍ അത്രയും ലാഭമായല്ലോ എന്ന ചിന്ത.

കരിങ്കല്ലെ,
നന്ദി.

എഴുത്തുകാരിച്ചേച്ചീ,
ഒന്നും ചെയ്യാനില്ല.
ഒടോ: അന്നു പറഞ്ഞ കാര്യത്തിന് മാറ്റമൊന്നുമില്ല.

ബിന്ദു കെ പി said...

‘കൃഷി’ തകൃതിയായി നടക്കുമ്പോഴാ കേരളത്തിൽ കൃഷി ഇല്ലാതായി എന്നൊക്കെ ഓരോ വിവരദോഷികൾ പറഞ്ഞുണ്ടാക്കുന്നത്.... :)

Unknown said...

'മണ്ണ്‌ പൊന്നാണ്‌' എന്ന പഴമൊഴിയ്ക്ക്‌ പുതിയ ഭാഷ്യം ആണിത്‌.

എല്ലാവരും എതിരാണ്‌ കുന്നിടിച്ച്‌ നിരത്തുന്നതിനും പുഴ തോണ്ടി കുഴിയാകുന്നതിനും. പക്ഷേ എന്തുകൊണ്ടാണ്‌ ഇതു തന്നെ വീണ്ടും വീണ്ടും നടക്കുന്നത്‌. സ്വന്തം കാര്യം വരുമ്പോള്‍ നമ്മളെല്ലാം ഒന്ന്‌ കണ്ണടയ്ക്കാന്‍ തയ്യാറാണെന്നുള്ളതും ഒരു കാരണമല്ലേ?

മണല്‍ വാരല്‍ നിരോധനത്തിണ്റ്റെ കാര്യം വരുമ്പോള്‍ അത്‌ ഒരു തൊഴിലാളി പ്രശ്നമായിക്കാണുന്ന രാഷ്ട്രീയക്കാരും തല്‍ക്കാലനേട്ടത്തിനപ്പുറം നോക്കാന്‍ തയ്യാറാകുന്നില്ല. ഇപ്പോള്‍ കമ്യൂണിസ്റ്റ്കാറ്‍ അധികാരത്തിലായതുകൊണ്ട്‌ കോണ്‍ഗ്രസ്സുകാറ്‍ കൂടെ വരും. തിരിച്ചാവുമ്പോള്‍?

നാട്ടുകാറ്‍ തന്നെ മുന്നോട്ട്‌ വന്നാലേ കാര്യം നടക്കൂ.

Anil cheleri kumaran said...

ജെ.സി.ബി. വന്നത് കൊണ്ട്
ആനകള്‍ രക്ഷപ്പെട്ടു
കുന്നുകള്‍ കഷ്ടപ്പെട്ടു.

Hari | (Maths) said...

സമാന ചിന്താഗതിയുള്ള ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. പക്ഷെ ലേഖനത്തോടൊപ്പം അതിന്റെ നേര്‍ക്കാഴ്ച കൂടിയാകുമ്പോള്‍ ചിത്രസഹിതമുള്ള ഈ പോസ്റ്റ് ഒരു വേറിട്ട കാഴ്ചയാകുന്നു.

ഇന്നത്തെ കുട്ടികളോട് ഏറ്റവും ഇഷ്ടപ്പെട്ട വാഹനം എന്നു ചോദിച്ചാല്‍ ഒരു സംശയവും വേണ്ട, 75 ശതമാനവും ജെ.സി.ബിയായിരിക്കും ചൂണ്ടിക്കാട്ടുക. ഈ സാധനസാമഗ്രിയെ കളിപ്പാട്ടമാക്കി ചൈനീസുകാരന്‍ കേരളവിപണിയിലെത്തിച്ചപ്പോഴേക്കും ജെ.സി.ബിയങ്ങ് ദൃശ്യമാധ്യമങ്ങളിലൂടെ ഹിറ്റായി മാറിയിരുന്നു. അടുത്ത ഇലക്ഷന് ഡിമാന്റുള്ള ഒരു ചിഹ്നമായി ജെ.സി.ബി മാറിയിരിക്കും.

മണിഷാരത്ത്‌ said...

പണ്ട്‌ മണ്ണിനുവേണ്ടി സ്വന്തക്കാര്‍ തമ്മില്‍ അടിപിടി നിത്യമായിരുന്നു.ഇത്‌ ഒരു തുണ്ട്‌ ഭൂമി കൃഷിചെയ്യാന്‍ കിട്ടുന്നതിനുവേണ്ടിയായിരുന്നു,ഇന്നതല്ല മണ്ണെടുക്കാനും പാറയെടുക്കാനും വേണ്ടിയാണ്‌.വലിയ താമസമില്ലാതെ വെള്ളത്തിനും ഈ അവസ്ഥയുണ്ടാകും...

siva // ശിവ said...

ഞങ്ങളുടെ നാടിന്റെയും അവസ്ഥ ഇതു തന്നെ :(

അനില്‍@ബ്ലോഗ് // anil said...

ഓ എ ബി,
കേരളത്തിലെ പ്രധാന കൃഷി തന്നെയാണ്, കൃഷിയെന്ത്രവും.

ബിന്ദു കെ.പി,
അതന്നെ ..
:)

Layana,
എല്ലാരും പങ്കാളികളാണെന്നെ.

കുമാരന്‍,
മാഷെ, ആനക്ക് വലിയ ഗുണമുണ്ടായെന്നും , കുന്നുകള്‍ ബാക്കി നിക്കുമന്നും തോന്നുന്നില്ല.
:)

ഹരി,
പറഞ്ഞത് വാസ്തവം. കുട്ടികള്‍ക്ക് ആരാധനയാണ് ആ യന്ത്രത്തോട്. മൂന്നാറില്‍ കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയ ജെസിബിയുടെ പിളര്‍ന്ന വായക്കു മുന്നില്‍ കോടതി പോലും ഒന്നു ഭയന്നു പോയിരുന്നു.

മണി ഷാരത്ത്,
മാഷെ, ഒറ്റക്ക് ഒറ്റക്ക് ഓരോരുത്തരോടും, ഈ ജെസിബി ഓപ്പറേറ്റര്‍മാരോടും, ടിപ്പര്‍ കാരോടും ഒക്കെ സംസാരിക്കുമ്പോള്‍ അവര്‍ ബോധവാന്മാരാണ്, ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്. പക്ഷെ എവിടെയാണ് പിഴക്കുന്നതെന്ന് മാത്രം മനസ്സിലാവുന്നില്ല.

ശിവ,
എല്ലായിടവും ഇതു തന്നെ.

poor-me/പാവം-ഞാന്‍ said...

ദുനിയാവ് മാന്തി എന്നു ഈ യന്ത്രത്തിനു മലപ്പുഅറത്തുകാര്‍ പെരിട്റ്റിരിക്കുന്നത് വെറുതെയല്ല...

വെഞ്ഞാറന്‍ said...

നിലനില്‍പ്പും നിലപാടും നിലപാടുതറയും ഇല്ലാതായി.

മുരളി I Murali Mudra said...

കേരളത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു കൊച്ചു കൊച്ചു കുന്നുകള്‍..എന്നാല്‍ കുറെ കാലമായി കുന്നുകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്...കുന്നുകള്‍ അങ്ങനെ തന്നെ ഇടിച്ചു നിരത്തി പാടങ്ങളില്‍ എത്തിക്കുന്നു..ഒരോ കുന്നുകളും അപ്രത്യക്ഷമാകുമ്പോള്‍ ഉറപ്പിക്കാം കൂട്ടത്തില്‍ ഒരു പാടം കൂടി നികത്തപ്പെടുന്നുണ്ടെന്ന്...പണ്ട് എക്സ്പ്രസ് ഹൈവേ വരുമ്പോള്‍ കുന്നുകള്‍ അപ്രത്യക്ഷമാവുമെന്ന പേടിയായിരിന്നു..പക്ഷെ അതൊന്നും ഇല്ലാതെ തന്നെ ഇവിടത്തെ ഭൂപ്രകൃതി അങ്ങനെ തന്നെ മാറി(മാറ്റി)ക്കൊണ്ടിക്കുകയാണ്. കുറച്ചു കാലം കൂടി കഴിയുമ്പോള്‍ ഇവിടെ പെയ്യുന്ന ഓരോ മഴയും അങ്ങനെ തന്നെ ഒലിച്ച് അറബിക്കടലിലെത്തും.അപ്പോള്‍ വെള്ളത്തിന്‌ വേണ്ടിയുള്ള പരക്കം പാച്ചിലില്‍ എല്ലാവരും മനസ്സിലാക്കുമായിരിക്കും എന്താണ് പ്രകൃതിക്ക് പറ്റിയതെന്ന്.
ഭൂഗര്‍ഭ ജലശേഖരം വര്‍ധിപ്പിക്കാന്‍(സംരക്ഷിക്കാന്‍) ഓരോ വീട്ടിലും മഴവെള്ള സംഭരണി സ്ഥാപിക്കുകയൊന്നുമല്ല വേണ്ടത്...ഈ യന്ത്രത്തെ അല്‍പ്പം നിയന്ത്രിക്കുക മാത്രമാണ്.

വീകെ said...

ഞങ്ങളുടെ നാട്ടിലും ഇതു തന്നെ അവസ്ഥ...
ജെസിബികളിടിച്ചു നിരത്തുന്നു എല്ലാം..
നേരം വെളുക്കുമ്പോൾ കുന്നു പോയിട്ട് മണ്ണിന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ...!!

വികടശിരോമണി said...

ഇനിയിപ്പൊ,ആ ചിത്രം തെരഞ്ഞ് കഷ്ടപ്പെടുകയൊന്നും വേണ്ട.പ്രത്യേകിച്ച് ഒരു ഗുണവുമില്ല.കരണീയം ആയിട്ട് രണ്ടു മാർഗമേ അനിലിനു മുന്നിലുള്ളൂ.അതിലൊന്നാണ് ഇപ്പോൾ ചെയ്തത്;ഗൂഗുളിനു സ്തുതി.ഇനിയൊന്ന്,പറഞ്ഞുതരാം.മോഹനകൃഷ്ണൻ കാലടി എഴുതിയ ഒരു കവിതയുണ്ട്.ഇതൊന്ന് ഉറക്കെ ചൊല്ലിക്കോളൂ:
കുന്നിടിച്ചുനിരത്തുന്നയന്ത്രമേ
മണ്ണുമാന്തിയെടുക്കുന്ന കൈകളിൽ
പന്തുപോലൊന്നു കിട്ടിയാൽ നിർത്തണേ
ഒന്നു കൂക്കി വിളിച്ചറിയിക്കണേ
പണ്ടുഞങ്ങൾ കുഴിച്ചിട്ടതാണെടോ
പന്തുകായ്ക്കും മരമായ് വളരുവാൻ
(പന്തു കായ്ക്കുന്ന കുന്ന്)
എന്നിട്ട്,കഴിഞ്ഞ പോസ്റ്റിൽ നമ്മൾ പറഞ്ഞതൊക്കെ ഫ്രീസറിൽ തന്നെയുണ്ട് എന്നുറപ്പു വരുത്തുക.വേണംന്ന്ണ്ടെങ്കിൽ രണ്ടെണ്ണം വീശി,പുതപ്പ് തലവഴി മൂടി കിടന്നുറങ്ങുക.
ആശംസകൾ.

jayanEvoor said...

എന്തൊരു കാലം...!

മണ്ണൂം വയലും കുന്നും കുളവും ഒന്നുമില്ലാത്ത മലയാളം... ആ ദുരന്തം യാഥാർത്ഥ്യമാകാൻ പോകുന്നു.

ഇങ്ങനെ കുറെയാളുകൾ കഴിയുന്ന രീതിയിൽ പ്രതികരിച്ചു തുടങ്ങുക... പക്ഷേ, അതൊരു വലിയ ജന മുന്നേറ്റമായെങ്കിൽ മാത്രമേ എന്തെങ്കിലും പ്രത്യാശയ്ക്കു വകയുള്ളൂ....

ലേഖനത്തിന് എന്റെയും ഐക്യദാർഢ്യം.

Manikandan said...

അനിലേട്ടാ ഇന്നു കേരളത്തില്‍ എവിടെപോയാലും കാണാന്‍ സാധിക്കുന്ന കാഴ്ച ഇതുതന്നെയാണ്. പലസ്ഥലങ്ങളിലും കുന്നുകള്‍ ആയിരുന്നത് അത്രതന്നെ താഴ്ചയുള്ള ഗര്‍ത്തങ്ങള്‍ ആയിരിക്കുന്നു. വളരെ പ്രസക്തമായ ലേഖനം.

ജയരാജ്‌മുരുക്കുംപുഴ said...

ashamsakal.....................

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളനാടിന്റെ മരണമണി തോണ്ടുന്ന മണ്ണു,മണൽ മാഫിയകളുടെ ,മായക്കാഴച്ചകൾ കണ്ട് മനസ്സുനോവാതെന്ത് ചെയ്യാൻ സാധിക്കുമെന്ന് ;
മലയാളി കൂട്ടായ്മകൾ ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....!
ശരിയായൊരു ബോധവൽക്കരണത്തിനുതകുന്ന രചന തന്നെയിത് അനിൽ....
അഭിനന്ദനങ്ങൾ...

ഷൈജൻ കാക്കര said...

അനിലിന്റെ പോസ്റ്റിന്റെയും അഭിപ്രായം പറഞ്ഞവരുടെയും ഉദ്ദേശശുദ്ധിയെ ഞാൻ ചോദ്യം ചെയ്യുന്നില്ല. പക്ഷെ എനിക്ക്‌ തോന്നിയ സത്യത്തിനെതിരെ കണ്ണടയ്‌ക്കാൻ എനിക്ക്‌ പറ്റുകയുമില്ല.

മുപ്പതോളം അഭിപ്രായങ്ങൾ വന്നു. എല്ലാവരും കുന്നിടിക്കുന്നതിനും പാടം നികത്തുന്നതിനും എതിര്‌! ഈ ബ്ലോഗ്ഗേർസ്സ്‌ ഒന്നും കേരളത്തിന്റെ നേർകാഴ്ച്ചയല്ലേ? ഈ പോസ്റ്റും കമന്റുകളും കണ്ടാൽ, ഇത്രയും പ്രബുദ്ധരായ നാട്ടിലാണോ ഈ കുന്നിടിക്കലും മണ്ണിടലും നടക്കുന്നത്‌?

സർക്കാരിന്റെ കാടിനെ സംരക്ഷിക്കണം, "അന്യന്റെ" കുന്ന്‌ സംരക്ഷിക്കണം എന്ന്‌ പറയാൻ ഒരു സാധാ മലയാളിക്ക്‌ പറ്റും, പക്ഷെ സ്വന്തമായി ഒരു കുന്നുണ്ടെങ്ങിൽ, അത്‌ ഇടിക്കണ്ടാ, അങ്ങനെയുള്ളാ നയാപൈസ എനിക്ക്‌ വേണ്ട എന്ന്‌ പറയണമെങ്ങിൽ, ഒരു ഒന്നന്നര മലയാളിയാവണം.

നെൽകൃഷി പ്രധാന വരുമാനമായി കൃഷിക്കാർ ജീവിച്ചിരുന്ന ഒരു കാലം മാറി കർക്ഷകൻ നഷ്ടം മാത്രം സഹിക്കുന്ന ഒരു കാലത്ത്‌ എന്റെ പാടം ഞാൻ ഭുമാഫിയയ്‌ക്ക്‌ വിൽക്കുന്നില്ല ഞാൻ പട്ടിണികിടന്ന്‌ മരിച്ചോളാം പ്രകൃതി മരിക്കതിരിക്കട്ടെ എന്ന്‌ ഒരു മലയാളി പറയണോ?

അങ്ങനെ ഒരു മലയാളിയാവാൻ ഞാനില്ല.