10/22/2009

വ്യവസായങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍

പരമ്പരാഗത കൃഷികള്‍ക്ക് വരുമാന ലഭ്യത കുറഞ്ഞതും മൃഗജന്യ ഉത്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ചു വരുന്നതും നിമിത്തം മൃഗസംരക്ഷണമേഖലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്ന സംരഭകരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.പൊതുവിപണിയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും വിലവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഉത്പന്നങ്ങളാണ് മുട്ട, പാല്‍, മാസം തുടങ്ങിയ മൃഗജന്യ വസ്തുക്കള്‍. കേരളത്തിലെ ഭൌതിക സാഹചര്യങ്ങള്‍ നിമിത്തം വന്‍ തോതിലുള്ള ഉത്പാദനം സാദ്ധ്യമല്ലാത്ത ഈ സാഹചര്യം പരമാവധി ചൂഷണം ചെയ്തുകൊണ്ട് തമിഴ്നാടും കര്‍ണ്ണാടകവും തങ്ങളുടെ ഗ്രാമീണ ജനതയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ മേഖല ഉപയോഗിക്കുന്നു. കേരളത്തിലാവട്ടെ ഒറ്റപ്പെട്ട ചില വിജയഗാഥകളെ മാതൃകകളാക്കി, മേഖലയിലേക്ക് സംരഭകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാരും ഇതര ഏജന്‍സികളും ശ്രമം നടത്തുന്നുമുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ മേഖലയില്‍ ആരംഭിക്കുന്ന ഏറെ സംരഭങ്ങളും ഒന്നോ രണ്ടോ വര്‍ഷത്തെ ആയുസ്സെത്തുന്നതോടെ അടച്ചു പൂട്ടപ്പെടുന്നത് ഒരു വസ്തുതയായി നിലനില്‍ക്കുകയും ചെയ്യുന്നു.

പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പ്രതികൂലമായി പരിണമിക്കുന്നത്.
1. സ്ഥല ലഭ്യത: താരതമ്യേന ജനസാന്ദ്രതയേറിയ കേരളത്തില്‍ അനുയോജ്യമായ സ്ഥലം ലഭിക്കുക എന്നത് ദുഷ്കരമായിരിക്കുന്നു. റിയലെസ്റ്റേറ്റ് ബിസിനസ്സ് തഴച്ചു വളര്‍ന്നിരിക്കുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഭൂമിക്ക് പൊന്നിന്റെ വിലയാണ്. തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായത്തിന്റെ "റിസ്ക് ഫാക്റ്റര്‍", വരുമാന ലഭ്യത എന്നിവ താരതമ്യം ചെയ്താല്‍ "ചുരുങ്ങിയ അദ്ധ്വാനത്തില്‍ ഏറെ വരുമാനം" എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന മലയാളി, ഭൂമിയെ കൃഷിമേഖലയിലുപയോഗിക്കാന്‍ വിമുഖനാവും. ജനസാന്ദ്രതയുമായി കൂട്ടി വായിക്കപ്പെടേണ്ട ഒന്നാണ് മലിനീകരണം എന്ന ഘടകം. വ്യവസായങ്ങള്‍ വളരണമെന്ന് മുറവിളികൂട്ടുന്നവര്‍ പോലും നിസ്സാര പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ച് ഇത്തരം സംരഭങ്ങള്‍ക്ക് എതിരെ തിരിയുന്നത് സര്‍വ്വ സാധാരണമാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പുത്തൂര്‍ പന്നി ഫാം അടച്ചു പൂട്ടിച്ച കഥകള്‍ ഈ അവസരത്തില്‍ നാം അനുസ്മരിക്കുക.ഓര്‍മവന്ന പഴയ ഒരു
വാര്‍ത്താ ശകലം ഇതാ

2.തീറ്റച്ചിലവുകള്‍: പുല്ല്, വൈക്കോല്‍ എന്നീ രണ്ട് തീറ്റ വസ്തുക്കളൊഴികെ മറ്റെല്ലാ തീറ്റകളും അന്യസംസ്ഥാനത്തുനിന്നും വരുന്നവയാണ്. ഇവയില്‍ തന്നെ കാര്‍ഷിക മേഖലയിലെ പിന്നോട്ട് പോക്ക് വൈക്കോലിന്റേയും പച്ചപ്പുല്ലിന്റെയും ലഭ്യതയെയും സാരമായി തന്നെ ബാധിച്ചിരിക്കുന്നു. നെല്‍ കൃഷിയില്ലാത്ത സംരഭകര്‍ ഇവയും വിലകൊടുത്തു വാങ്ങി ചിലവ് വര്‍ദ്ധിപ്പിക്കുക എന്ന വഴിയാണ് ആശ്രയിക്കുന്നത്. സമീകൃത തീറ്റയുടേയും പിണ്ണാക്ക് വര്‍ഗ്ഗങ്ങളുടേയും വിലയിലുണ്ടായ ക്രമാതീത വര്‍ദ്ധനവ് കര്‍ഷകന്റെ നട്ടെല്ലൊടിക്കാന്‍ പര്യാപ്തമാണ്. സര്‍ക്കാര്‍ മേഖലയില്‍ നിന്നുമൊരു ഇടപെടല്‍ എന്ന രീതിയില്‍ ആരംഭിച്ച കാലിത്തീറ്റ ഫാക്റ്ററിയും ഉദ്ദേശിച്ച പ്രയോജനം നല്‍കിയില്ല. ക്ഷമതയില്ലാത്ത പാലുത്പാദനവും ഉയര്‍ന്ന ശരീരഭാരവുമുള്ള നമ്മുടെ ശരാശരി ഫാം പശുക്കള്‍ വരവും ചിലവും അനുപാദം വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നില്ല.

3.തൊഴിലാളികളുടെ ലഭ്യത: ശരീരത്ത് കറപുരളുന്ന ജോലികള്‍ ചെയ്യാന്‍ വിമുഖരായ മലയാളികളെ നമുക്ക് ഈ തൊഴിലിനായി ലഭിക്കുക അസാദ്ധ്യമാണ്. ബദല്‍ സംവിധാനം എന്ന നിലയില്‍ തമിഴ്നാട് ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെയാണ് മറ്റെല്ലാ മേഖലയിലുമെന്നപോലെ ഈ രംഗത്തും നാമാശ്രയിക്കുന്നത്.ബഹുരാഷ്ട്ര കമ്പനികള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉയര്‍ന്ന കൂലി ന‍ല്‍കുന്നത് നിര്‍മ്മാണമേഖലയിലെ കൂലിവ്യവസ്ഥ തന്നെ അട്ടിമറിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, ഫാമില്‍ തൊഴിലെടുക്കാന്‍ തൊഴിലാളിയെ കിട്ടാതായിരിക്കുന്നു. ഈ സ്ഥിതി തുടരുന്നിടത്തോളം കാലം കൂലിയിനത്തില്‍ വര്‍ദ്ധിച്ച തുക ചിലവഴിക്കേണ്ട സാഹചര്യം നിലനില്‍ക്കുക തന്നെ ചെയ്യും.


പരിഹാരമാര്‍ഗ്ഗങ്ങള്‍:
നിശ്ചിതമായ ഒരു പാക്കേജ് എന്ന നിലയില്‍ പരിഹാരം നിര്‍ദ്ദേശിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. നമ്മുടെ സര്‍ക്കാര്‍ നയങ്ങളും തൊഴിലിനോടും മറ്റ് സംരഭങ്ങളോടുമുള്ള കേരളീയ സമൂഹത്തിന്റെ സമീപനവും ഒന്നു ചേര്‍ന്ന് സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു , സാഹചര്യങ്ങള്‍. ഓരോ പ്രദേശത്തിന്റെയും സവിശേഷ സാഹചര്യങ്ങള്‍ അവിടവിടെയായി പരിശോധിച്ച് പരിഹാരം കാണുകയെ നിലവില്‍ സാദ്ധ്യമാവുകയുള്ളൂ.

ഒറ്റപ്പെട്ട ആ ചില വിജയഗാഥകള്‍:
ഈ സങ്കീര്‍ണ്ണ സാഹചര്യത്തിലും വിജയകരമായി ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രയത്നശാലികളെ നമുക്ക് കണ്ടെത്താനാവും.യുവാക്കളാണ് ഈ രംഗത്ത് കൂടുതലായി കടന്നുവരുന്നതെന്നത് ഒരേസമയം അഭിമാനകരവും അതേ സമയം ആശങ്കാ ജനകവുമാണ്. വിജയികളുടെ ചരിത്രം പരിശോധിച്ചാല്‍ വെളിവാകുന്നത് വിശ്രമമില്ലാത്ത കഠിനാധ്വാനത്തിന്റ് ചിത്രങ്ങളാണ്. പുലര്‍ച്ചെ മൂന്നുമണിക്കാരംഭിച്ച് രാത്രി പത്തുമണി വരെ നീളുന്ന ചിത്രം ആവേശഭരിതമെങ്കിലും ആശാവഹമല്ല. തന്റെ ജീവിതത്തിന്റെ വിലമാത്രമാണവന്‍ ലാഭമായി പരിവര്‍ത്തനം ചെയ്യുന്നത്. ഒരു വ്യക്തിയിലെ "സാധാരണ മനുഷ്യന്‍" എന്ന ഘടകം വിസ്മരിച്ചാണ് നാം ആവേശം കൊള്ളേണ്ടി വരിക. ജീവിതത്തില്‍ സ്വതന്ത്രമായി ഒരു നിമിഷം പോലും സ്വന്തമായി എടുക്കാനില്ലാത്ത ഒരു വ്യക്തി കടന്നുപോകുന്ന മാനസ്സിക സമ്മര്‍ദ്ദം എന്നെ വേവലാതിപ്പെടുത്തുന്നു. ഒരു പക്ഷെ ഈ തൊഴിലിനോട് തന്നെ വിരക്തി വളരാനും അവനെ ഈ മേഖല വിട്ടുപോകാനും പ്രേരിപ്പിക്കുന്നത് ഈ ഘടകമാവാം. മന്‍ഷ്യന്‍ എന്ന അടിസ്ഥാന ഘടകത്തെ ഒഴിച്ചു നിര്‍ത്തിയുള്ള ഒരു സംരഭങ്ങളും സ്ഥായിയാരിക്കില്ലെന്ന് നാം തിരിച്ചറിയണം. ഈ സാഹചര്യങ്ങള്‍ മൊത്തമായി പരിഗണിച്ച് പ്രാദേശികമായ കൂട്ടായമകള്‍ രൂപപ്പെടുത്തി മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ
.

10/05/2009

ഡാനിഷ് മജീദ്: തുടര്‍ക്കഥയാവുന്ന കുറുക്കുവിദ്യകള്‍

ഡാനിഷ് മജീദെന്ന ചെറുപ്പകാരന്‍ അത്ര അപ്രശസ്തനല്ല.

തന്റെ പതിനേഴാമത്തെ വയസ്സില്‍ ബൃഹത്തായൊരു ഡയറി ഫാം തുടങ്ങി കാര്‍ഷിക കേരളത്തിന് മാതൃകയായ യുവാവ്.

രാവിലെ മൂന്നുമണിക്കുണര്‍ന്ന് പശുക്കളുമായി കുശലം പറഞ്ഞ്, തൊഴുത്തു വൃത്തിയാക്കി, തീറ്റയിട്ടു കൊടുക്കും.പിന്നെ മെഷീന്റെ സഹായത്താല്‍ പാല്‍കറന്ന് വിവിധ സ്ഥലങ്ങളില്‍ സ്വന്തമായെത്തിക്കും. പഠന സൌകര്യത്തിനായി പാരലല്‍ കോളേജിനെ ആശ്രയിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു ഡാനിഷിന്. സ്വന്തം നിശ്ചയ ദാര്‍ഢ്യത്താല്‍ ജീവിതത്തെ കാല്‍ക്കീഴിലൊതുക്കി ഡാനിഷ്. വിജയ കഥകള്‍ക്കൊപ്പം രാഷ്ട്രീയവും കൂട്ടിക്കലത്തപ്പെട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ വരെ പറന്നെത്തി ഡാനിഷിനെ സഹായിക്കാനായ്. ജോജുവിനെ പഴയൊരു പോസ്റ്റില്‍ നമുക്കക്കഥകള്‍ വായിക്കാം.

ഡാനിഷ് മജീദിന്റെ വിജയ ഗാഥയുടെ യൂ ട്യൂബ് വീഡിയോ ഇവിടെ കാണാം.




04-10-2009, ദേശാഭിമാനിയിലെ ഈ വാര്‍ത്തയാണ് വീണ്ടും ഡാനിഷെന്ന പേര് എന്റെ മുന്നില്‍ എത്തിക്കുന്നത്. വാര്‍ത്ത നോക്കൂ.



മാദ്ധ്യമങ്ങള്‍ വാഴ്ത്തിയ ഡാനിഷ് വഞ്ചനാ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത. ദേശാഭിമാനിക്ക് തീര്‍ച്ചയായും ഈ വാര്‍ത്തയില്‍ താത്പര്യമുണ്ടാവുമെന്ന് പൂര്‍വ്വ കാല കഥകള്‍ അറിയുന്നവര്‍ക്ക് ബോദ്ധ്യപ്പെടും. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നമ്മോട് പറയുന്നതെന്താണ്?

വിജയത്തിലേക്ക് കുറുക്കുവഴികള്‍ തേടുന്ന പുതു തലമുറ യുവാക്കളെ പ്രതിനിധാനം ചെയ്യുന്നു ഡാനിഷ്.

തന്റെ ഡയറി ഫാമിന്റെ വിജയവും മലിനീകരണ പ്രശ്നവും ഈ യുവാവിനെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കി. സര്‍ക്കാര്‍ പരിപാടികള്‍ ഡോക്യുമെന്ററികള്‍ തുടങ്ങിയവയില്‍ നായകനായ ഡാനിഷിന് അച്ചടി മാദ്ധ്യമങ്ങളും ആവോളം പ്രശസ്തി നല്‍കി. ഈ പ്രശസ്തിയെ എങ്ങിനെ പണമായി രൂപമാറ്റം ചെയ്യാമെന്ന ഗവേഷണത്തിലായിരുന്നോ കേരളത്തിന്റെ ഈ അഭിമാന ഭാജനം?

ലഭിച്ച പ്രശസ്തിയും , ഒപ്പം ലഭിച്ച് പല പരിശീലനവും പരസ്യമായി ഉപയോഗിച്ച് മൃഗസംരക്ഷണ മേഖലയിലെ ഒരു “വിദഗ്ധ കണ്‍സള്‍ട്ടന്റ്” ആയി സ്വയം അവരോധിച്ചു ഇയാള്‍. അതു വഴി നിരവധി ആളുകള്‍ക്ക് ഡയറി ഫാം തുടങ്ങുന്നതിനുള്ള സഹായം ചെയ്യുകയും പ്രതിഫലം പറ്റുകയും ചെയ്തു. ചെയ്യുന്ന തൊഴില്‍ അത് വിദഗ്ധോപദേശം നല്‍കലായാലും പ്രതിഫലം പറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍ വാര്‍ത്ത നോക്കുക.


കോഴിക്കോട് നിന്നുള്ള വിവരങ്ങള്‍ ഇപ്രകാരം: മാവൂര്‍ സ്വദേശിയായ ഒരു പ്രവാസി തന്റെ സമ്പാദ്യം മുതലിറക്കി ഒരു ഡയറി ഫാം തുടങ്ങാന്‍ ആഗ്രഹിച്ചു. ഡാനിഷിന്റെ മേല്‍ന്നോട്ടത്തില്‍ ആറ് ലക്ഷത്തില്‍ പരം രൂപ മുടക്കി പത്ത് പശുക്കളും ഡയറി ഉപകരണങ്ങളും വാങ്ങി. ഇഷ്വറന്‍സ് നല്‍കാനായ് വെറ്ററിനറി ഓഫീസറെ കൊണ്ടുവന്നതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു.65000 രൂപ വിലമതിക്കുന്ന പശുക്കളാണെന്ന വാദം ഓഫീസര്‍ അംഗീകരിക്കാതെ വന്നതോടെ മാവൂര്‍ക്കാരന്‍ പിണങ്ങി. ഡാനിഷ വാങ്ങിത്തന്ന അത്യുത്പാദന ശേഷിയുള്ള പശുക്കളാണിതെന്നും, ഇതിനെ ഒന്നും കണ്ടിട്ടില്ലെങ്കില്‍ വല്ലയിടവും പോയി കണ്ടു പഠിക്കാനും ഉപദേശം നല്‍കി ഡോക്ടറെ മടക്കി. ഈ സമയം മറ്റൊരു നാടവും തിരശ്ശീലക്കു പുറകില്‍ നടക്കുന്നുണ്ടായിരുന്നു, 30-40 ആയിരം വീതമാണ് പശുക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിലവന്നുള്ളല്ലോ എന്നും അധികമായി പശുവൊന്നില്‍ നിന്നും വാങ്ങുന്ന 30,000 രൂപയില്‍ നിന്നും തനിക്ക് തരാമെന്ന് പറഞ്ഞ കമ്മീഷന്‍ പോര എന്നും കൂടുതല്‍ കമ്മീഷനെ വേണമെന്നും ആവശ്യപ്പെട്ട് ഈ പശുക്കച്ചവടത്തിന്റെ യഥാര്‍ത്ഥ ഇടനിലക്കാരന്‍ ഡാനിഷിനെ സമീപിക്കുന്നു. കമ്മീഷന്റെ കാര്യത്തില്‍ തെറ്റിപ്പിരിഞ്ഞ ബ്രോക്കര്‍ എല്ലാ വിവരവും പശുവിനെ വാങ്ങിയ മാവൂര്‍ക്കാരനെ അറിയിക്കുന്നു. ഈ രണ്ട് കാര്യങ്ങളും കൂട്ടിവായിച്ച പാവം പ്രവാസി താന്‍ വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിയുകയും പോലീസിനെ സമീപിക്കുകയും ചെയ്യുന്നു. ഒറ്റയടിക്ക് ഡാനിഷിന്റെ പോക്കറ്റില്‍ വന്ന ലാഭം മൂന്നുലക്ഷത്തില്‍ അധികം.

പശുവില്‍ മാത്രമല്ല ഡയറി ഉപകരണങ്ങളിലും മരുന്നില്‍ പോലും പകുതിയോളം തുക അധികം നല്‍കിയ വിവരവും പുറത്ത് വന്നിട്ടുണ്ട്.

മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ പിന്‍ ബലത്തില്‍ തന്റെ തട്ടിപ്പുകള്‍ നടത്താന്‍ തയ്യാറായ മറ്റൊരു യുവാവിനെക്കുറിച്ച് ബൂലോകം ഇപ്പൊള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതേ ഉള്ളൂ. ഇതാ ഒന്നു കൂടി. നിയമത്തിന്റെ പിടിയില്‍ നിന്നും ചിലപ്പോഴിവര്‍ രക്ഷപ്പെട്ടേക്കാം, പക്ഷെ ഈ പാഠങ്ങള്‍ ഏവര്‍ക്കും മനസ്സില്‍ തങ്ങി നില്‍ക്കട്ടെ.


നമ്മുടെ യുവാക്കള്‍ക്ക് എന്താണ് പറ്റിയത്?
വിജയത്തിലേക്ക് കുറുക്കു വഴികളില്ലെന്ന് ഇവരെന്നാണ് തിരിച്ചറിയുക?