6/12/2009

ഒരു കമ്പ്യൂട്ടര്‍വല്‍ക്കരണ കഥ

ഞാന്‍ കൂടി ഡയറക്റ്ററായുള്ള ഒരു കൊച്ച് കോപ്പറേറ്റീവ് സൊസൈറ്റി, ആധുനിക വല്‍ക്കരണ ശ്രമത്തിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ സ്ഥാപിച്ചേക്കാം എന്നൊരു തീരുമാനമെടുക്കുന്നു. ഐ.ടി യുഗമല്ലെ, നാടോടുമ്പോള്‍ നടുവേ ഓടണം. എത്രയും പെട്ടന്ന് നടപടി പൂര്‍ത്തിയാക്കേണ്ടതിലേക്കായി, ഈ സാധനം നേരിട്ടു കണ്ടിട്ടുള്ള ആളുകളിലൊരാളായ ഈയുള്ളവനേയും മറ്റൊരു ഡയറകരേയും യോഗം ചുമതലപ്പെടുത്തുന്നു.

ഘട്ടം 1:

നാമിന്ന് സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ പ്രോത്സാഹിപ്പിക്കുന്നവരാവേണ്ടതുണ്ടെന്നാണ് പൊതുവെ താടിക്കാരായ ബുദ്ധിജീവികളുടെ നിലപാട്. ബുദ്ധിയില്ലെങ്കിലും താടി ഉണ്ടല്ലോ, നമുക്കും സ്വതന്ത്രന്‍ മതി എന്ന് ഞാനും തീരുമാനിച്ചു. അന്വേഷണം തുടങ്ങി, നെറ്റ് , മറ്റു പരസ്യ മാദ്ധ്യമങ്ങള്‍ എല്ലാം തപ്പി, സ്വതന്ത്രന്മാരെവിടെയെങ്കിലും ഉണ്ടോ. മാസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവില്‍ സംഗതി തീരുമാനമായി, ഞങ്ങളുടെ ജില്ലയില്‍ സേവനം ലഭിക്കുന്ന ലിനക്സ് സംവിധായകരൊന്നുമില്ല. ആകെ റെഡ് ഹാറ്റ് ലിനക്സ് അടിസ്ഥാനപ്പെടുത്തി ഒരു ടീം സോഫ്റ്റ്വയറ് ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ സേര്‍വര്‍ വിന്‍ഡോസ് തന്നെ വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഇരട്ടിപ്പണി, ആ ആഗ്രഹം പൂട്ടിവച്ചു.

ഘട്ടം. 2:

വിന്‍ഡോസെങ്കില്‍ വിന്‍ഡോസ്, കുത്തകയെങ്കില്‍ കുത്തക, ചില ബൂലോകപുലികളൊടൊക്കെ സംശയനിവാരണം നടത്തി ക്വൊട്ടേഷന്‍ നോട്ടീസ് തയ്യാര്‍ ചെയ്ത്, അടുത്ത ദിവസം തന്നെ പബ്ലിഷ് ചെയ്യുകയും ജില്ലയില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ക്ക് മെയില്‍ അയക്കുകയും ചെയ്ത. എന്തായാലും നല്ല റെസ്പോണ്‍സ്, എ.ടി.എം മെഷീന്‍ സ്ഥാപിക്കാനുള്ള സൌകര്യം വാഗ്ദാനം ചെയ്യുന്ന സൊഫ്റ്റ്വെയറുകള്‍ , അതില്ലാത്ത കൊച്ച് സോഫ്റ്റ്വെയര്‍ കഷണങ്ങള്‍, എന്നുവേണ്ട എന്തും റെഡി. നമ്മുടെ ആവശ്യാനുസരണമുള്ള നാലു ക്വൊട്ടേഷനുകള്‍ ലഭിക്കുന്നു. ഏറ്റവും കുറഞ്ഞ പണിക്കൂലി ആരീടാക്കുന്നു അവര്‍ക്കാണല്ലോ ഓര്‍ഡര്‍ നല്‍കേണ്ടത്, ഏറ്റവും കുറവായ ഒരു ക്വൊട്ടേഷന്‍ ഉറപ്പിക്കുന്നു. ഈ വിഷയത്തിലൊരു പഠനം നടത്തിയതിന്റെ വെളിച്ചത്തില്‍ പ്രസ്തുത കമ്പനി കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്നതാണെന്നും നല്ല സര്‍വീസ്, കുറഞ്ഞ ചാര്‍ജ് എന്നിവയാല്‍ പ്രശസ്തമാണെന്നും ഐ.ടി മിഷനുമായി ‍ ബന്ധപ്പെടുന്ന എന്റെ ഒരു സുഹൃത്ത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അവരുടെ ഒരു സൌഹൃദ സ്ഥാപനം തന്നെ ഹാര്‍ഡ്വെയറും നല്‍കാമെന്നേറ്റു. കോഴിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന മലബാര്‍ സോഫ്റ്റ് വെയര്‍ സൊല്യൂഷന്സ് ആയിരുന്നു ആ കമ്പനി. ഓര്‍ഡര്‍ നല്‍കി, കമ്പനി പ്രതിനിധികള്‍ എത്തി , അടുത്ത ആഴ്ച തന്നെ വൈദ്യുതീകരണ സംവിധാനത്തിനും, നെറ്റ്വര്‍ക്ക് കേബിള്‍ ഇടല്‍ നടപടികളക്കുമായി ജോലിക്കാരെത്തുമെന്നും അറിയിച്ച് അവര്‍ മടങ്ങി. ആഴ്ച, ഒന്ന് , രണ്ട് , മൂന്ന്, നാലായപ്പോള്‍ ഒരു മാസമായി, പിന്നെ എണ്ണം മാസക്കണക്കിനായി, കമ്പനിക്കാരെ കാണുന്നില്ല. ഫോണ്‍ വിളികള്‍ മെയിലുകള്‍ എല്ലാം നടക്കുന്നുണ്ട്, യാതൊരു വിവരമില്ല.

ഘട്ടം 3:

ഈ കമ്പനിക്കാരെ നേരിട്ടറിയാവുന്ന സുഹൃത്തിനെ വിളിച്ചു, അദ്ദേഹം അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കി. അടുത്ത ദിവസം വിവരം കിട്ടി പ്രസ്തുത കമ്പനിയിലെ പാര്‍ട്ട്ണേഴ്സ് തമ്മില്‍ പിരിയുന്നു, ഇനി പ്രോജക്റ്റൊന്നും ഏറ്റെടുക്കുന്നില്ല. ഔദ്യോഗികമായി ഈ വിവരം ഞങ്ങളെ അറിയിക്കാന്‍ പോലും ഇപ്പോള്‍ ആരുമില്ല. എന്തു ചെയ്യാനാവും, ഏതായാലും സമയ നഷ്ടം മാത്രമേ സംഭവിച്ചുള്ളൂ, ധന നഷ്ടം ഉണ്ടായില്ല. പ്രോജക്റ്റ് നടപ്പാക്കി മെഷീനുകള്‍ പിടിച്ച് സോഫ്റ്റ്വെയറും ഇട്ട ശേഷമാണ് സ്ഥാപനം പൂട്ടിയതെങ്കില്‍ എന്റെ കാര്യം കഷ്ടത്തിലായേനെ. നിലവില്‍ ഇവരുടെ ക്ലയന്റ്സ് ആയ പല പഴയ ബാങ്കുകാരും ആകാശത്തേക്ക് നോക്കിയിരിക്കുകയാണ്, ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചില ശാഖകളടക്കം. ഐ.ടി മേഖലയിലെ മാന്ദ്യങ്ങളൊക്കെയാണ് സ്ഥാപനം പൂട്ടാ‍ന്‍ കാരണമായി പറയപ്പെടുന്നത്. കിന്‍ഫ്രാ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങളുടെ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്നാണ് അറിയാനായത്. ഇനിയേതായാലും പുതിയ ക്വൊട്ടേഷന്‍ വിളിക്കണം, മാന്ദ്യം കഴിയാന്‍ കാക്കണോ എന്നു മാത്രമാണിപ്പോള്‍ സംശയം.

28 comments:

അനില്‍@ബ്ലോഗ് // anil said...

ചുമ്മാ ...
ഒരു അനുഭവം.

വീകെ said...

ഇത്തരം അനുഭവം വെളിയിൽ വരുന്നത് എന്തു കൊണ്ടും നല്ലതാണ്. മറ്റുള്ളവർക്ക് അതുപകാരമാവും.

ആശംസകൾ.

പാവപ്പെട്ടവൻ said...

ഇനിഇപ്പോള്‍ പച്ചവെള്ളം ചവച്ചു കുടിക്കണം എന്ന് പറഞ്ഞാല്‍ നമുക്ക് അതിനും ശ്രമിക്കണം അനുഭവങ്ങളുടെ വരമ്പുകള്‍ നീളുന്നത് പുതിയ അറിവിലേക്കാണ്

Typist | എഴുത്തുകാരി said...

ഇനി വീണ്ടും ഒന്നേന്നു തുടങ്ങണം, അല്ലേ?

കാപ്പിലാന്‍ said...

"ഒന്നും ഒന്നും കൂടി കൂട്ടിയാല്‍ ഇമ്മിണി വലിയൊരു ഒന്ന് " .എന്ന് പറഞ്ഞതുപോലെയാണ് .ഇനി ഒന്നില്‍ നിന്നും തുടങ്ങാം :)

siva // ശിവ said...

എല്ലാ വകുപ്പുകളിലും ഇങ്ങനെയൊക്കെതന്നെയാവാം കമ്പ്യൂട്ടര്‍‌വല്‍ക്കരണം പതിയെ ആകുന്നത്...

chithrakaran:ചിത്രകാരന്‍ said...

കംബ്യൂട്ടര്‍ വില്‍ക്കുന്ന നല്ല സ്ഥാപനങ്ങളെ നേരില്‍ പോയി കണ്ടാല്‍ പോരേ ?

Bindhu Unny said...

കമ്പ്യൂട്ടര്‍വല്‍ക്കരണം നടക്കാതിരുന്നതും ആ സ്ഥാപനം പൂട്ടിപ്പോയതും കഷ്ടം!

പാവത്താൻ said...

കടൽവെള്ളത്തിൽ നിന്നു കമ്പ്യൂട്ടർവത്‌കരണത്തിലേക്കൊരു മൗസ്ക്ലിക്‌ മാത്രം ദൂരം....

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
ക്വൊട്ടേഷന്‍ വിളിക്കതെ ചെയ്യാന്‍ പറ്റില്ല, ഹാര്‍ഡ്വെയറിനേക്കാള്‍ പ്രധാനം സോഫ്റ്റ് വെയറാണ്. കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കുള്ള സോഫ്റ്റ്വെയര്‍ അധികം ആളുകള്‍ ചെയ്യുന്നില്ല, ഇവരുടെ റേറ്റ് വളരെ കുറവായിരുന്നു, മാത്രവുമല്ല സപ്പോര്‍ട്ട് സര്‍വ്വീസും നന്നായിരുന്നു.

OAB/ഒഎബി said...

കിൻഫ്രയിൽ ഞാനറിയുന്നവറ് ഉണ്ട്. വേണമെങ്കിൽ ഒന്ന് അന്വേഷിക്കാം. സോറി അഡ്രസ്സ് തരാം :)

Unknown said...

അനുഭവമാണ് പാഠം

ഹരീഷ് തൊടുപുഴ said...

ഭാഗ്യം!!

കാശു പോയില്ലല്ലോ..
അതു മതി..

ഇനി മുണ്ടാണ്ടിരുന്നോ :)

Anil cheleri kumaran said...

നല്ല സർവ്വീസ് കൊടുക്കുന്ന എത്രയോ നല്ല സ്ഥപനങ്ങളുണ്ട്.. അവരെ പോയി കണ്ട് ഒരു ക്വട്ടേഷൻ വാങ്ങിയാ പോരെ?

കാസിം തങ്ങള്‍ said...

എന്തായാലും കശ് പോകാതെ രക്ഷപ്പെട്ടല്ലോ. അത് തന്നെ ഭാഗ്യം അനില്‍.

ചങ്കരന്‍ said...

എന്റെ അണ്ണാ ഒന്നു ചുമ്മാതിരി. ഇവിടെ രാവിലെ പണിയാന്‍ പോകുമ്പം കമ്പനികാണുന്നില്ല എന്ന സ്ഥിതിയാ.., ടോക്കണ്‍ എടുത്തിട്ട് വെയ്റ്റു ചെയ്യൂ, മാന്ദ്യം ഒക്കെ കഴിയുമ്പം പേരുവിളിക്കാം.

ജിജ സുബ്രഹ്മണ്യൻ said...

ഈ കാരണങ്ങൾ കൊണ്ട് ഞങ്ങടെ ഓഫീസിനു ഉടനെയെങ്ങും കമ്പ്യൂട്ടർ കിട്ടില്ലാരിക്കും.

കുഞ്ഞന്‍ said...

ഉപകാരപ്പെട്ടില്ലെങ്കിലും ഉപദ്രവമായിത്തീര്‍ന്നില്ലല്ലൊ..! അനില്‍ ഭായി പറഞ്ഞതുപോലെ എല്ലാം വാങ്ങിക്കഴിഞ്ഞിട്ടാണെങ്കിലൊ..

IT അഡ്മിന്‍ said...

സ്ഥാപനം പൂട്ടിപോയതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല ... പിടിച്ചു നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാവും . എന്നാലും അവര്‍ക്ക് ആ കാര്യം അറിയിക്കാമായിരുന്നു .. അതായിരു‌നു മാന്യത . പിന്നെ ക്വട്ടേശന് എടുത്തു പിന്നീട് സാധനം സപ്ലൈ ചെയ്യാതെ വരുന്നത് ഇന്ന് പല ഫീല്ടിലും കണ്ടു വരാറുണ്ട്‌ .. IT യെ മാത്രം ഒറ്റപ്പെടുത്തി കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല .. ഏതായാലും അനില്‍ മാഷിന് പൈസ നഷ്ട്ടപ്പെട്ടില്ലല്ലോ .. പിന്നെ അത് തിരികെ കിട്ടാന്‍ നടക്കേണ്ടി വന്നേനെ ...
നല്ലൊരു IT ടീമിനെ താങ്കളുടെ കാലില്‍ തടയട്ടെ എന്ന് ആശംസിക്കുന്നു ...

അനില്‍@ബ്ലോഗ് // anil said...

എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി.
വീ.കെ,
പാവപ്പെട്ടവന്‍,
ടൈപ്പിസ്റ്റ്,
കാപ്പിലാന്‍,
ശിവ,
ചിത്രകാരന്‍,
shaji,
Bindhu Unny,
പാവത്താന്‍,
OAB,
അനൂപ് കോതനെല്ലൂര്‍,
ഹരീഷ് തൊടുപുഴ,
കുമാരന്‍ | kumaran,
കാസിം തങ്ങള്‍,
ചങ്കരന്‍,
കാന്താരിക്കുട്ടി,
കുഞ്ഞന്‍,
IT അഡ്മിന്‍

ഐ.ടി മേഖലയെ കുറ്റപ്പെടുത്താനൊന്നും ഇട്ട പോസ്റ്റല്ല, എന്തെങ്കിലും ചെയ്യേണ്ടെ എന്ന് കരുതി. ബൂലോകം ആയതിനാല്‍ കിന്‍ഫ്രയിലുള്ള ആരെങ്കിലുമോ, ഒരു പക്ഷെ ഇതുമായി ബന്ധപ്പെട്ടവരാരെങ്കിലുമോ ഇതു കാണാനുള്ള സാദ്ധ്യത ഉപയോഗിക്കാമെന്നും കരുതി. ഏതായാലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടേഷന്‍ ടീമിനെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

IT അഡ്മിന്‍ said...

ഓ.ടോ
പണിയൊക്കെ തീര്‍ത്തു അവര്‍ വരുമ്പോള്‍ ഫണ്ട്‌ sanction ആയിട്ടില്ല പിന്നെ വരൂ എന്ന് പറഞ്ഞു അവരെ നടത്തിക്കില്ലെന്നു വിശ്വസിക്കുന്നു ...(ഇത്തരം പല അനുഭവങ്ങളും IT ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് പറയാന്‍ കാണും ,പണി പതിനെട്ടും തീര്‍ത്തു ബില്ലും കൊണ്ട് ചെല്ലുമ്പോള്‍ മാനേജര്‍ ഇല്ല എന്ന് ഹാര്‍ഡ് ആയിട്ട് പറയുന്ന ഓഫീസ് ജീവനക്കാരും , ഇപ്പോള്‍ tight ആണ് പിന്നെ എടുക്കാം എന്ന് പറഞ്ഞു സോഫ്റ്റ്‌ ആയ ചിരിയുമായി ഒഴിഞ്ഞു മാറുന്ന മുതലാളിമാരെയും IT യിലുള്ളവര്‍ക്ക്‌ അങ്ങിനെ മറക്കാന്‍ പറ്റില്ല , അതും കൂടെ ഇതില്‍ ചേര്ത്തു വായിക്കണേ ) ഏതായാലും അനില്‍ മാഷിന് പുതിയ ടീമിനെയും , പുതിയ ടീമിന് അനില്‍ മാഷെയും നല്ലോണം ബോധിക്കട്ടെ എന്ന് ആശംസിക്കുന്നു

അനില്‍@ബ്ലോഗ് // anil said...

IT അഡ്മിന്‍,
സര്‍ക്കാര്‍ കാര്യം പോലയല്ലല്ലോ ഇത്തരം സംഘങ്ങള്‍ക്ക്, പേയ്മെന്റിന് ഒരു താമസവും വരില്ല.

സത്യത്തില്‍ ഇത് “ബദല്‍ “ എന്ന സങ്കല്‍പ്പത്തിനു വേണ്ടി നടത്തിയ ഒരു ശ്രമത്തിന്റെ പരാജയം കൂടിയാണ്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൊണ്ടുവരാനുള്ള ശ്രമം ആദ്യ തന്നെ പരാ‍ജയപ്പെട്ടു.
ജില്ലയില്‍ ഈ മേഖലയില്‍ കുത്തകയുള്ള ഒരു സ്ഥാപനമുണ്ട്. മറ്റ് ഓപ്ഷനിനെക്കുറിച്ച് ആരും ബോധവാന്മാരല്ലാഞ്ഞതിനാല്‍ കൂടിയ നിരക്കിലും അവരുടെ വര്‍ക്ക് ചെയ്യിക്കേണ്ടി വരുന്നു. ഇതിന് ഒരു ബദല്‍ എന്ന നിലയിലാണ് ഞങ്ങള്‍ തന്നെ നേരിട്ട് ഈ ശ്രമം നടത്തിയത്.പക്ഷെ നടന്നില്ല.

ഒരു കാര്യം ബോദ്ധ്യമായി “ബദലുകള്‍” കൊണ്ടു വരിക അത്ര എളുപ്പമല്ല. ഈ അശയം സ്റ്റ്രെസ്സ് ചെയ്ത് പോസ്റ്റ് ഇട്ടില്ലെന്നു മാത്രം, ബോധപൂര്‍വ്വം.

jayanEvoor said...

പൈസ പോകാഞ്ഞത് ഭാഗ്യം!

പിന്നെ ഒരു സംരംഭവുമായി ഇറങ്ങുമ്പോള്‍ എല്ലാം നമ്മളാഗ്രഹിക്കുന്ന രീതിയില്‍ നടക്കില്ലല്ലോ!

സ്വതന്ത്രസോഫ്റ്റ്വെയര്‍ എന്നു കേട്ടാലുടന്‍ വാലു പൊക്കരുത് എന്നു മനസ്സിലായി!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“ക്വൊട്ടേഷന്‍“ കൊടുക്കേണ്ടി വര്വോ?
;)

shanavas konarath said...

http://eadumasika.blogspot.com

ഏട് ബ്ലോഗ് മാഗസിനിലേക്ക്‌ കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

Manikandan said...

അനിലേട്ടാ പൈസ നഷ്ടമാവാതിരുന്നത് ഭാഗ്യം എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

വികടശിരോമണി said...

ഗുണപാഠം:
ബുദ്ധിയില്ലെങ്കിലും താടിയുണ്ട് എന്നതുകൊണ്ടോ,താടിയില്ലെങ്കിലും ബുദ്ധിയുണ്ട് എന്നതുകൊണ്ടോ,രണ്ടുമുണ്ടായതുകൊണ്ടോ,കാലക്കേട് ഒഴിയില്ല.

smitha adharsh said...

അങ്ങനെ ഈ സംഭവമൊക്കെ പുറം ലോകം അറിയട്ടെ..
പോസ്റ്റുകള്‍ ഒന്നിച്ചു വായിച്ചു ട്ടോ..
സമയക്കുറവ് ഉണ്ട്..
കല്ലാനയുടെ പോസ്റ്റ്‌ അതി ഗംഭീരം..
ഒരിയ്ക്കല്‍ മാതൃഭൂമിയിലോ മറ്റോ വായിച്ചതോര്‍ക്കുന്നു..
ഇനിയും പോസ്റ്റുകള്‍ പോരട്ടെ..