3/25/2009

പ്രവാസികളും പോസ്റ്റല്‍ വോട്ടും.

ജനായത്ത സമ്പ്രദായത്തിന്റെ അടിസ്ഥാന ശിലയാണല്ലോ വോട്ടവകാശം എന്നത്. അതിനാല്‍ തന്നെ ഒരു പൌരന്‍ തന്റെ വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരത്തെ തടസ്സപ്പെടുത്തുന്ന യാതൊന്നും നമ്മുടെ ഭരണഘടനാ സംവിധാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവാറില്ല. പ്രവാസികളായ ഇന്ത്ര്യക്കാരാണ് ഇതിനൊരപവാദം. ഇതിനൊരു പരിഹാരമായാണ് പോസ്റ്റല്‍ വോട്ട് എന്ന സങ്കല്‍പ്പം ഉയര്‍ന്നു വരുന്നത്. പോസ്റ്റല്‍ വോട്ട് പ്രധാനമായും ഇന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത് തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കാണ്. ഇത്തരം ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവിനോടൊപ്പം തന്നെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോറവും ലഭിക്കുന്നു. ലഭിക്കുന്ന ബാലറ്റ് വോട്ട് ചെയ്ത ശേഷം സീല്‍ ചെയ്ത കവറിലാക്കി , തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റോടുകൂടി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കുകയാണ് പതിവ്. ഈ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് ഓഫീസ് മേധാവിയോ മറ്റേതെങ്കിലും ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനോ പ്രസ്തുത വ്യക്തിയെ തിരിച്ചറിഞ്ഞതായി സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഇത്രയും നിയമം.

നാട്ടുനടപ്പ്:

ലോക സഭാ തിരഞ്ഞെടുപ്പ് പോലെ വലിയ എണ്ണം വോട്ടുകള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താനായില്ലെങ്കിലും പഞ്ചായത്തു തിരഞ്ഞെടുപ്പ് പോലെയുള്ള ചെറു മാര്‍ജിനുകളുള്ള സന്ദര്‍ഭങ്ങളില്‍ പോസ്റ്റല്‍ വോട്ടിന്റെ ശക്തി ചെറുതല്ല തിരഞ്ഞെടുപ്പ് കാലത്ത് ഗസറ്റഡ് ഉദ്യോഗസ്ഥരായ വിവിധ സംഘടനാനുകൂലികളുടെ പ്രധാന കടമ ഇത്തരം പോസ്റ്റല്‍ ബാലറ്റുകള്‍ സാക്ഷ്യപ്പെടുത്തുക എന്നതാണ്.
ഒരോ പൊസ്റ്റോഫീസിലേക്കും എത്തുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എതിരാളികളായ ഉടമകള്‍ക്ക് ലഭിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത് ഒന്നാം ഘട്ടം.
തുടര്‍ന്ന് കഴിയുന്നിടത്തോളം പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചുമാറ്റി തങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തിലെത്തിക്കുക.
അവിടെ ഒരു വോട്ടിംഗ് സംഘം വോട്ടു രേഖപ്പെടുത്തി , തിരിച്ചറിയല്‍ ഫോറം തങ്ങളുടെ മനോധര്‍മ്മം പോലെ ഒപ്പിട്ട്, സാക്ഷ്യപ്പെടുത്തല്‍ യന്ത്രത്തെ ഏല്‍പ്പിക്കുന്നു. ഇനി നേരെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്. ഇപ്രകാരം സാക്ഷ്യപ്പെടുത്തിയ പോസ്റ്റല്‍ വോട്ടുകള്‍ നിരവധി പഞ്ചായത്തുകളില്‍ അധികാരം അട്ടിമറിച്ചിരിക്കുന്നു എന്ന് "ആവേശ പൂര്‍വ്വം " പറയട്ടെ.

ആയതിനാല്‍ പ്രവാസികള്‍ക്ക് എത്രയും പെട്ടന്ന് പോസ്റ്റല്‍ വോട്ടവകാശം ലഭ്യമാക്കാന്‍ ഈ പോസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

18 comments:

അനില്‍@ബ്ലോഗ് // anil said...

ആയതിനാല്‍ പ്രവാസികള്‍ക്ക് എത്രയും പെട്ടന്ന് പോസ്റ്റല്‍ വോട്ടവകാശം ലഭ്യമാക്കാന്‍ ഈ പോസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. എന്നിട്ടു വേണം....

siva // ശിവ said...

തികച്ചും ന്യായമായ ആവശ്യം....എന്നാല്‍ ഇതൊക്കെ പ്രാവര്‍ത്തികം ആകുമോ എന്ന് കാത്തിരുന്ന് കാണാം....

നരിക്കുന്നൻ said...

പക്ഷേ എന്ന്?
ഇന്നലെ ഇവിടെ ഒരു പാർട്ടി സുഹൃത്തിനെ കണ്ടു. എതിർ പാർട്ടിയിലുള്ള നേതാക്കൾ മിക്കവരും ഇവിടെ വോട്ട് ചോദിക്കാൻ വന്നിട്ടുണ്ടല്ലോ എന്താ നിങ്ങളുടെ നേതാക്കൾക്ക് പ്രവാസി കുടുംബങ്ങളുടെ വോട്ട് വേണ്ടേ എന്ന് ചോദിച്ചപ്പോൾ അദ്ധ്യേഹം തന്ന ഉത്തരം,
‘ഞങ്ങൾക്കുള്ളത് ഇവിടെ വരാതെ തന്നെ അക്കൌണ്ടിലേക്ക് ആദ്യമേ അയച്ച് കഴിഞ്ഞു’ എന്നായിരുന്നു.
പ്രവാസികളെ ഊറ്റിക്കുടിക്കുന്ന ഈ നേതാക്കൾ ഒരിക്കലെങ്കിലും വൊട്ടിനെകുറിച്ച് ശബ്ദിച്ചെങ്കിൽ എന്ന് ആശിക്കുന്നു.

ഒരു വോട്ട് ചെയ്യാൻ എനിക്കും കൊതിയായി. മമ്മുട്ടി സാറ് പറഞ്ഞപോലെ, ജനാതിപത്യത്തിന്റെ താക്കോൽ എന്നാ ഇനി പ്രവാസിയെ തേടിയെത്തുക.

പകല്‍കിനാവന്‍ | daYdreaMer said...

ആയതിനാല്‍ പ്രവാസികള്‍ക്ക് എത്രയും പെട്ടന്ന് പോസ്റ്റല്‍ വോട്ടവകാശം ലഭ്യമാക്കാന്‍ ഈ പോസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

അനിലേ എനിക്കും ചെയ്യണം വോട്ട്.. ! കൊതിയാകുന്നേ... !
അസാധു ആയാലും മതി...
:)

ചാണക്യന്‍ said...

ഇന്‍ഡ്യയിലെ ഒരു പൌരനും വോട്ടവകാശം നിഷേധിക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തതു വഴി അതിന്റെ നിഷേധം തന്നെയാണ് നടക്കുന്നത്..
പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് അവകാശം നല്‍കുക തന്നെ വേണം....

കാപ്പിലാന്‍ said...

അതൊന്നും ഒരിക്കലും നടക്കില്ല അനിലേ . ഞങ്ങള്‍ക്ക് വോട്ട് വേണ്ട . വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പോലും എനിക്കറിയില്ല . എത്രയോ നാളിന് മുന്‍പാണ് ഞാന്‍ വോട്ട് ചെയ്തത് . പിന്നീട് ദാ ഈ വരുന്ന മാസം ബൂലോക തിരഞ്ഞെടുപ്പിലും

പാമരന്‍ said...

തീര്‍ച്ചയായും വേണം. ഇതു പൌരാവകാശ ലംഘനം!

കൃഷ്‌ണ.തൃഷ്‌ണ said...

പ്രവാസലോകത്തു വന്നുപോകുന്ന എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും നേതക്കളുടെ മുന്നാകെ വര്‍ഷങ്ങളായി പ്രവാസികള്‍ നിരത്തുന്ന ഒരു പരിദേവനം. ആരൊക്കെ വന്നുപോയി, ഒരു മലയാളി തന്നെ വിദേശകാര്യമന്ത്രിയായി, എന്നിട്ടും അതിനുള്ള ആര്‍ജ്ജവം ആരും കാണിച്ചു കണ്ടിട്ടില്ല. ഗള്‍ഫില്‍ വന്നു കാശുണ്ടാക്കിയ മഹാന്‍മാരെ ആദരിക്കുന്നതു കണ്ടിട്ടുണ്ട്.ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ മൌലികാവകാശം ഒന്നുറപ്പുവരുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.നാട്ടിലുള്ളവരേക്കാള്‍ തീക്ഷ്ണതയോടെ രാഷ്ട്രീയം നോക്കിക്കാണുന്നവരാണ്‌ പ്രവാസികള്‍.അതിനെയായിരിക്കാം ഇവരൊക്കെ ഭയക്കുന്നത്‌.

ഞാന്‍ ആചാര്യന്‍ said...

സ്ത്രീകള്‍ക്ക് കൊടുക്കാന്നു പറയുന്ന സംവരണം എത്രയാ 33 ശതമാനോ? 'സ്ത്രീകള്‍' എന്ന് പറയുന്ന ഗ്രൂപ്പ് പ്രവാസത്തിലാണോ, എന്നിട്ടെന്താ അവര്‍ക്ക് അത് കിട്ടാത്തത്, കഴിഞ്ഞ ദിവസം ഒരു ടീവീ ചാനലില്‍ കാണിച്ചിരുന്നു വിസാ ചതി പറ്റി ഒമാനില്‍ കിടന്ന് കരയുന്ന ഒരു കൂട്ടം ഇന്ത്യാക്കാരെ, ഒരു പ്രവാസികാര്യനുമില്ല ഇത്തരം ചാനല്‍ പരിപാടികള്‍ കാണുന്നവര്‍, അവര്‍ കാണുന്നത് മിസ്റ്റര്‍ ബീന്‍ ഒക്കെയായിരിക്കും. പ്രവാസികളെ ഗുണം വരുത്താന്‍ രാഷ്ട്രീയം നോക്കണോ, പോട്ടെ നാടിന്‍റെ ആകെ വികസനത്തിന് രാഷ്ട്റീയം നോക്കണോ? ഇലക്ഷനു വേണ്ടി രാഷ്ട്റീയക്കാര്‍ രാഷ്ട്റീയം പറഞ്ഞോട്ടെ, ഇലക്ഷന്‍ കഴിഞ്ഞ് ഒരുമിച്ച് നിന്ന് നാട് നന്നാക്കിക്കൂടെ? ഇന്നലെ ഒരു ചാനലില്‍ മൂലമ്പള്ളി പ്രശനം പൊങ്ങിവന്നപ്പോള്‍ ഒരു കഷിയുടെ ആള്‍ പറഞ്ഞു കുറച്ച് കൂടെ പടിച്ചിട്ട് ചെയ്യും; മറ്റേ കക്ഷിയുടെ ആള്‍ പറഞ്ഞത് അത് എതിര്‍കക്ഷി ചെയ്തതിന്‍റെ കുഴപ്പം ആണെന്ന്. മൂന്നാം കക്ഷി സീനിലേ ഇല്ല. എന്തൊരു കയ്യൊഴിയല്‍. ആ നാട്ടില്‍ നിന്ന് വന്ന ഒരു സ്ത്രീ കരഞ്ഞു കൊണ്ട് ചോദിക്കുകയാണ്, ഇത്ര നാളായിട്ടും നിങ്ങളാരും അങ്ങോട്ട് ഒന്ന് തിരിഞ്ഞ് കേറിയില്ലല്ലോ, വീട് പോയിട്ട് ഒരു വര്‍ഷമായി, എന്തിനാ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തണേന്ന്. അവരുടെ ഒപ്പം കരയാനേ തോന്നിയുള്ളൂ. നാടിനോടുള്ള സ്നേഹംകൊണ്ടും പൗരബോധം കൊണ്ടുമല്ലേ മിക്കവരും വോട്ട് ചെയ്യുന്നത്. അല്ലാതെ ഇത്തരം പ്രതികരണക്കാരില്‍ നിന്ന് ഗുണം പ്രതീക്ഷിച്ചിട്ടാണോ. വേറൊരു പ്രവാസികാര്യന്‍ അമേരിക്കയില്‍ പോയി ഇന്‍റര്വ്യൂ കൊടുത്തേക്കുന്നു ചാനലിന്...ഭക്ഷണം കഴിക്കാനില്ലാതെ ആള്‍ക്കാര്‍ പലയിടത്തും കിടന്ന് ശ്വാസം മുട്ടുന്നു. ആര്‍ക്ക് വേണം അവരെ, രാഷ്ട്റീയക്കാര്‍ക്കും വേണ്ട, അതിന്‍റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വേണ്ട, പിന്നെയാണു പ്രവാസിയുടെ വോട്ട്, ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരൂ, വോട്ട് ചെയ്യൂ, അവര്‍ ചിരിച്ച് കാണിക്കും... അനിലേ, ദാ, ഒരു ഭയങ്കര കാക്ക മലന്ന് പറന്ന് വരുന്നു, നോക്കിക്കേ...

Anil cheleri kumaran said...

ന്യായം തന്നെ.
എങ്കിലും ഇവിടെ ആയിരുന്നിട്ടും പോകാതിരിക്കുന്ന ഞങ്ങളെ പോലുള്ളവര്‍ ചോദിച്ചു പോകുന്നു; എന്തിനു?

Typist | എഴുത്തുകാരി said...

തീര്‍ച്ചയായും പ്രവാസികള്‍ക്കു് വോട്ടവകാശം വേണ്ടതു തന്നെ. പക്ഷേ അതു് അടുത്ത കാലത്തു് നടക്കുമെന്ന പ്രതീക്ഷ വേണോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രവാസികള്‍ക്ക് നാട്ടില്‍ വരുമ്പോള്‍ മാത്രം വോട്ട് ചെയ്യാന്‍ അവസരം കിട്ടിയാല്‍ മതി. വിദേശത്ത് വെച്ച് വോട്ട് ചെയ്യാന്‍ അവസരം വേണ്ട.

കാരണം നാട്ടിലെ പോലെ പ്രചരണങ്ങളും തെറിവിളികളും വിദേശത്തും നടത്തും മലയാളി. (നിസ്സാര അസ്സോസിയേഷന്‍ തിരഞ്ഞെടുപ്പുകളിലെ ഗ്രൂപു കളികളും ഗ്വാ ഗ്വാ വിളികളും ഉദാഹരണം)

ഈ നാടുകള്‍ കൂടി നശിപ്പിക്കണോ?

പറയാനാണെങ്കില്‍ ഒരുപാട്.

പ്രവാസികള്‍ക്ക് വിദേശത്ത് വെച്ച് വോട്ടവകാശം വേണ്ട.

smitha adharsh said...

പറഞ്ഞപോലെ...പോസ്റ്റല്‍ വോട്ട്..എത്താ കൊമ്പ് ആണെന്കിലും,ഒന്ന് എത്തി പിടിക്കാന്‍ തോന്നുന്നു.
ഒരിയ്ക്കലും നടക്കില്ല അല്ലെ? അമ്മ പണ്ട് ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന സമയത്ത് പോസ്റ്റല്‍ വോട്ട് ചെയ്യാറുള്ളത് ഓര്‍മ്മയുണ്ട്..
നല്ല പോസ്റ്റ്..ഒന്ന് സ്വപ്നം കാണാം..ബ്ലോഗ് വായിക്കുന്ന മന്ത്രിമാര്‍ ഉണ്ടോ നമുക്കിടയില്‍?

ഹരീഷ് തൊടുപുഴ said...

ഒരോ പൊസ്റ്റോഫീസിലേക്കും എത്തുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എതിരാളികളായ ഉടമകള്‍ക്ക് ലഭിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത് ഒന്നാം ഘട്ടം.
തുടര്‍ന്ന് കഴിയുന്നിടത്തോളം പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചുമാറ്റി തങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തിലെത്തിക്കുക.
അവിടെ ഒരു വോട്ടിംഗ് സംഘം വോട്ടു രേഖപ്പെടുത്തി , തിരിച്ചറിയല്‍ ഫോറം തങ്ങളുടെ മനോധര്‍മ്മം പോലെ ഒപ്പിട്ട്, സാക്ഷ്യപ്പെടുത്തല്‍ യന്ത്രത്തെ ഏല്‍പ്പിക്കുന്നു. ഇനി നേരെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്. ഇപ്രകാരം സാക്ഷ്യപ്പെടുത്തിയ പോസ്റ്റല്‍ വോട്ടുകള്‍ നിരവധി പഞ്ചായത്തുകളില്‍ അധികാരം അട്ടിമറിച്ചിരിക്കുന്നു എന്ന് "ആവേശ പൂര്‍വ്വം " പറയട്ടെ.


ദൈവമേ!!! ഇങ്ങനേം ഉണ്ടല്ലേ കാര്യങ്ങള്‍...
ഞാനിതു വരേ ഇങ്ങനെയൊന്നും ചിന്തിച്ചിട്ടു പോലുമില്ല, അപ്പോള്‍ ബ്ലോ‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ എത്രയോ കൃത്രിമത്വം നടക്കുന്നു അല്ലേ. ഈ കൃത്രിമത്വം മുഖേന എത്രയോ അനര്‍ഹരായവര്‍ വിജയിക്കുന്നു അല്ലേ!!!

അനില്‍@ബ്ലോഗ് // anil said...

ഹരീഷ് തോടുപുഴ,
റൊമ്പ താങ്ക്സ്.
ഒരാളെങ്കിലും പോസ്റ്റ് മുഴുവന്‍ വായിച്ചല്ലോ. പ്രവാസികള്‍ക്ക് പോസ്റ്റല്വോട്ട് കിട്ടിയാല്‍ ഇതിനേക്കാള്‍ കൂടുതലൊന്നും മെച്ചമാവാനിടയില്ല. രാവിലെ ആപ്പീസില്‍ പോകട്ടെ, ഒരോരുത്തര്‍ക്കും പ്രത്യേകം നന്ദി വൈകിട്ട്.
:)

ഹരീഷ് തൊടുപുഴ said...

അനില്‍ജി;

ഇന്നെന്റെ തിരക്കിനിടയിലും ഞാന്‍ ചിന്തിച്ച ഒരുകാര്യമുണ്ട്, നമ്മുടെ പ്രവാസി, മറുനാടന്‍ മലയാളികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടിയാലുള്ള അവസ്ഥയാലോചിച്ചിട്ട്... എന്റമ്മോ... ഒരെത്തും പിടിയും കിട്ടുന്നില്ല!!!

അനില്‍@ബ്ലോഗ് // anil said...

ശിവ,

നരിക്കുന്നന്‍,

പകല്‍ക്കിനാവന്‍,

ചാണക്യന്‍,

കാപ്പിലാന്‍,

പാമരന്‍,

കൃഷ്ണ.തൃഷ്ണ,

ആചാര്യന്‍,

കുമാരന്‍,

എഴുത്തുകാരി,

രാമചന്ദ്രന്‍ വെട്ടിക്കാട്,

സ്മിതാ ആദര്‍ശ്,

ഹരീഷ തൊടുപുഴ,
എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി പറയുന്നു. തീര്‍ച്ചയായും ഏതൊരിന്ത്യക്കാരന്റേയും പ്രിവിലേജാണ് തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത്. കക്ഷിരാഷ്ട്രീയത്തിന്റ്റെ മൂല്യച്ച്യുതിയില്‍ മനോദുഖം അനുഭവിക്കുന്നവരുണ്ടാവാം, രാഷ്ട്രീയത്തെ വെറുക്കുന്നവരുണ്ടാകാം, എന്നിരുന്നാലും തിരഞ്ഞെടുപ്പിനെ തള്ളിപ്പറയുന്നവരുണ്ടാവില്ല. എന്തുതന്നെ ആയാലും പോസ്റ്റല്‍ വോട്ട് സംവിധാനം നമ്മള്‍ ഉദ്ദേശിക്കുന്ന ഗുണം ചെയ്യുമോ എന്ന് എനിക്ക് സംശയമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഞങ്ങടെ താലൂക്കിലെ 500 വോട്ടെങ്കിലും എന്റ് സുഹൃത്തിന്റെ വീട്ടിലിരുന്നാണ് ചെയ്തത് . പത്തില്‍ താഴെ വോട്ടുകള്‍ക്ക് രണ്ടു പഞ്ചായത്ത് ഭരണം മാറിയ സ്ഥലമാണത് എന്നത് ഇതിന്റെ ഗൌരവം മനസ്സിലാക്കാന്‍ ഉതകും.

കാപ്പിലാന്‍ said...

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഞങ്ങടെ താലൂക്കിലെ 500 വോട്ടെങ്കിലും എന്റ് സുഹൃത്തിന്റെ വീട്ടിലിരുന്നാണ് ചെയ്തത് . പത്തില്‍ താഴെ വോട്ടുകള്‍ക്ക് രണ്ടു പഞ്ചായത്ത് ഭരണം മാറിയ സ്ഥലമാണത് എന്നത് ഇതിന്റെ ഗൌരവം മനസ്സിലാക്കാന്‍ ഉതകും

:):)

Hente daivame :)