3/17/2009

വിഷാദം രോഗമാകുമ്പോള്‍

നാം നിത്യേനയെന്നോണം ചര്‍ച്ച ചെയ്യുന്ന പദങ്ങളിലൊന്നാണ് “വിഷാദം.” ജീവിതത്തിലൊരിക്കലെങ്കിലും വിഷാദമനുഭവിച്ചിട്ടില്ലാത്തവരുണ്ടാവില്ല. പൊതുവായി, നഷ്ടങ്ങളോ ലാഭനഷ്ടങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമോ ആണ് വിഷാദത്തിനു കാരണമായി ഭവിക്കുന്നത്. എല്ലാ രൂപത്തിലുള്ള മോഹഭംഗങ്ങളും വിഷാദം സൃഷ്ടിക്കാം, എന്നാല്‍ ഇവ പൊതുവെ അല്പായുസ്സാണ്. മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന ഉണര്‍ത്തലുകളും സ്വയം ലഭ്യമാക്കുന്ന തിരിച്ചറിവും ഈ നഷ്ടബോധത്തില്‍ നിന്നും കരകയറാന്‍ നമ്മെ സഹായിക്കുകയും, നാം നിത്യ ജീവിതത്തിന്റെ പാതയിലേക്ക് തിരികെ കയറുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രതിരോധപ്രവര്‍ത്തനമായി ഇതിനെ വിലയിരുത്തുന്നതില്‍ തെറ്റില്ലെന്ന് കരുതാം, ലഭിക്കുന്ന പാഠങ്ങള്‍ തുടര്‍ ജീവിതത്തിനു വഴികാട്ടിയാകുമെങ്കില്‍.

കുറച്ച ദൈര്‍ഘ്യം മാത്രം നിലനില്‍ക്കുന്ന ഈ വിഷാദം ഒരു നിശ്ചിത സമയം ശേഷവും നമ്മെ വിട്ടകലുന്നില്ലെങ്കില്‍ , അതൊരു രോഗാവസ്ഥയിലേക്കു നീങ്ങുകയാണെന്ന് കരുതാം; വിഷാദരോഗം. അതികഠിനമായ മനോവ്യഥ, വ്യാകുലത, ക്ഷോഭം ഇവ പ്രാധമിക ലക്ഷണങ്ങളില്‍ പെടുന്നു. ശൂന്യമായ മനസ്സ്, ജീവിതത്തിനു ലക്ഷ്യമില്ലെന്ന തോന്നല്‍, പ്രതീക്ഷകള്‍ ഇല്ലായ്മ എന്നിവ ഇതിനെ ഉറപ്പിക്കുന്നു. സാമാന്യമായി സന്തോഷ ദായകമായ സന്ദര്‍ഭങ്ങളിലോ സംഗതികളിലോ സന്തോഷം കണ്ടെത്താനാവാതിരിക്കുക, എപ്പോഴും ദുഖകരമായ കാര്യങ്ങള്‍ സംസാരിക്കുക, ദുഖകരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിന് താത്പര്യം കാണിക്കുക, ആത്മഹത്യയെപ്പറ്റി ചിന്തിക്കുക, സംസാരിക്കുക ഇവയെല്ലാം ഒരു വിഷാദ രോഗിയുടെ ലക്ഷണങ്ങളാണ്. ദുഖകരമായ വാര്‍ത്തകളോ കഥകളോ , വൈകാരിക വിക്ഷോഭം സൃഷ്ടിക്കുന്ന കഥകളോ വാര്‍ത്തകളോ കേള്‍ക്കുമ്പോള്‍, പിടിച്ചു നിര്‍ത്താനാവാത്ത വണ്ണം വിതുമ്പല്‍ വരുന്നുവെങ്കില്‍ ഒരാള്‍ വിഷാദ രോഗത്തിനടിമയെന്ന് നിസ്സംശയം പറയാം. വികാരാധീനനായ ഈ മനുഷ്യജീവി തന്റേതായ ദുഖങ്ങളുടെ ലോകത്ത് വിഹരിക്കുകയും ചുറ്റുപാടുകളെ തിരസ്കരിക്കുകയും ചെയ്യുന്നു. ഈ മാനസ്സികാവസ്ഥകള്‍ ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും, ഉറക്കമില്ലാത്ത രാത്രികള്‍ അയാളുടെ വിഷാദ രോഗത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാത്രി ഉറങ്ങാന്‍ വൈകുക,നേരത്തെ ഉണരുക, ഉണരുമ്പോള്‍ തലേദിവസം ചിന്തിച്ചുകൊണ്ടിരുന്ന അതേ ദുഖചിന്തയുമായി ഘനം തൂങ്ങുന്ന ശിരസ്സുമായി ഉറക്കമുണരുക, ഇതെല്ലാം വിവിധ ഉറക്ക പ്രശ്നങ്ങളാണ്. ഈ സാഹചര്യത്തില്‍ പെടുന്ന രോഗി തീര്‍ത്തും നിസ്സഹായനാവുകയും ചാക്രികമായ പ്രകൃയയില്‍ കുടുങ്ങി വിശപ്പും ദാഹവും പോലും ഇല്ലാതെ ആത്മഹത്യയിലേക്ക് തള്ളി വിടപ്പെടുകയും ചെയ്യുന്നു.

സമൂഹവും രോഗിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാല്‍ , ഇതൊരു രോഗാവസ്ഥയാണെന്ന് തിരിച്ചറിയാതിരിക്കുക എന്നതാണ്. ഇത് തന്റെ ജീവിതത്തിലേ ഏറ്റവും വലിയ പ്രശ്നമാണെന്ന് കരുതി രോഗിയും, അത് അയാളുടെ പെരുമാറ്റ ദൂഷ്യമാണെന്ന് സമൂഹവും വിലയിരുത്തുന്നിടത്ത് അപകടങ്ങള്‍ ആരംഭിക്കുന്നു.താരതമ്യേന അണുകുടുംബങ്ങളില്‍ അധിഷ്ഠിതമായ കേരളീയ സമൂഹത്തില്‍ , മറ്റേതു വിദേശ സമൂഹത്തിനേക്കാളും‍ ഗുരുതരമായ പ്രത്യാഘാതമാണിത് സൃഷ്ടിക്കുന്നത്. ദുഖിതനായ ഒരു വ്യക്തിയെ തിരിച്ചറിയാനും, അയാളിലെ സ്വഭാവ വ്യതിയാനങ്ങള്‍ കണ്ടെത്താനും നമുക്കിന്നാകുന്നില്ല. സുഹൃത്തുക്കളോടു പോലും അകലം പാലിക്കുന്ന ഇവരെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇതിന് ആദ്യം വെണ്ടത്, "മനസ്സ്" ഒരു അവയവമാണെന്നും അതിനു രോഗാവസ്ഥ വരാമെന്നും, വന്നാലത് ചികിത്സിച്ചു മാറ്റാവുന്നതുമാണ് എന്നുമുള്ള സങ്കല്‍പ്പമാണ്. ഇപ്രകാരം കണ്ടെത്തപ്പെട്ടുകഴിഞ്ഞാല്‍ തന്നെ ഒരു വിഷാദ രോഗ ചികിത്സയുടെ പാതി വിജയത്തിലേക്കെത്തി എന്നു പറയാം. തുടര്‍ന്ന് ഒരു ബോധവല്‍ക്കരണം , ആവശ്യമെങ്കില്‍ മരുന്നു ചികിത്സ എന്നിവ നല്‍കിയാല്‍ രോഗി, തന്നെ പിടികൂടിയിട്ടുള്ള വിഷാദ രോഗത്തില്‍ നിന്നും കരകയറുന്നതാണ്. കൌണ്‍സിലിംഗ് മാത്രം കൊണ്ട് വിഷാദ രോഗം സുഖപ്പെടുത്താം എന്ന് ചിന്തിക്കുന്ന മനശ്ശാസ്ത്രജ്ഞരും കുറവല്ല എന്ന വസ്തുത ഗൌരവമായി കാണണം എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. മരുന്നു നല്‍കി രോഗാവസ്ഥയെ ക്രമീകരിച്ച ശേഷം കൌണ്‍സിലിംഗിനു വിധേയമാക്കുകയാവും കൂടുതല്‍ ഉചിതം. അങ്ങിനെ വന്നാല്‍ രോഗിക്ക് കൂടുതലായി യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനാവും

അല്പം രസതന്ത്രം:
നമ്മുടെ തലച്ചോറില്‍ കാണപ്പെടുന്ന നാഡീകോശങ്ങളിലൊന്നാണ് "
സീറോട്ടോണിന്‍" എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നവ. സീറോട്ടോണിന് ശരീരത്തിലെ വിവിധങ്ങളായ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത് - ഉറക്കം,ഓര്‍മ, പഠനം, മാനസ്സിക നില, ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിന്‍ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം എന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ കുറവ്, നേരിട്ട് സീറോടോണിന്‍ ഉത്പാദനം മുതല്‍ ഇതിന്റെ മൂല രാസ വസ്തുവായ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡിന്റെ ലഭ്യത വരെ വിവിധങ്ങളായി തരം തിരിക്കാവുന്നതാണ്. ഈ തരം തിരിവിനെ അടിസ്ഥാനപ്പെടുത്തി തന്നെ ചികിത്സാ രീതികളും വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും സീറോട്ടോണിന്‍ അളവ് വര്‍ദ്ധിപ്പിക്കുക എന്നതിലൂന്നിയാണ് ആധുനിക ചികിത്സകള്‍ പ്രയോഗത്തില്‍ വരുന്നത്. കഴിഞ്ഞ ഒരു ദശകത്തില്‍ ഈ ചികിത്സാ സമ്പ്രദായത്തില്‍ ശാസ്ത്രം വളരെ മുന്നേറ്റം നേടിയിട്ടുണ്ട്. ചികിസ്തിച്ചു ഭേദമാക്കാവുന്ന മാനസ്സിക രോഗങ്ങളുടെ പട്ടികയിലാണ് വിഷാദ രോഗത്തിനിന്നു സ്ഥാനം.

പുനരധിവാസം:
വിഷാദരോഗം കൃത്യമായ പുനരധിവാസം ആവശ്യമായ ഒരു രോഗാവസ്ഥയാണ്. ജനിതകമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ് ഇത് എന്നതിനാല്‍ തന്നെ , രോഗം ഭേദമായാലും വീണ്ടും വരാനുള്ള സാദ്ധ്യത കൂടുതലാണ്. രോഗിയില്‍ വന്നേക്കാവുന്ന പുനര്‍ ലക്ഷണങ്ങളേക്കുറിച്ച് രോഗിയുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഏക പോംവഴി. കൃത്യമായ ഇടവേളകളില്‍ മനശ്ശാസ്ത്ര വിദഗ്ധനുമായി ചര്‍ച്ച നടത്തി ആവശ്യമെങ്കില്‍ ഇടക്ക് മരുന്ന് കഴിക്കുക എന്നത് ശീലമാക്കുക. ശ്രദ്ധിക്കുക സാന്ത്വനത്തേക്കാള്‍ നല്ലോരു ചികിത്സാ വിധി വിഷാദ രോഗം തടയാനില്ല. മാത്രവുമല്ല നിങ്ങക്കുടെ അശ്രദ്ധകാരണം ഒരു വിഷാദ ഗ്രസ്ഥനായ മനുഷ്യന്‍ ആത്മഹത്യയിലേക്കു നീങ്ങാനിടയായി എന്ന അവസ്ഥ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്.

വാല്‍ക്കഷണം:
ഭക്ഷണ ക്രമീകരണത്തിലൂടെ വിഷാദം പോലെയുള്ള രോഗങ്ങള്‍ ചികിത്സിക്കാനാവുമോ? ട്രിപ്റ്റോഫാന്‍ ഒരു പ്രകൃത്യാ ലഭ്യമായ അമൈനൊ ആസിഡാണ്. ഇതുകൂടി നോക്കുക

38 comments:

അനില്‍@ബ്ലോഗ് // anil said...

അനുഭവം ഗുരു.

Sands | കരിങ്കല്ല് said...

2007-ല്‍ എന്റെ ഒരു സുഹൃത്തിനുണ്ടായിരുന്നു.. ഈ പ്രശ്നം...

2 മാസത്തോളം സ്വന്തം മുറിയില്‍ നിന്നു പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി..... കൂട്ടുകാരെ ആരെയും വേണ്ട, ആരോടും സംസാരിക്കില്ല. ഫോണ്‍ ചെയ്താല്‍ എടുക്കില്ല... വാതിലില്‍ മുട്ടിയാല്‍ തുറക്കില്ല... (ഇരുട്ടത്തേ ഇരിക്കൂ)...

വല്ല കടുംകയ്യും ചെയ്യുമോ എന്നൊരു ശങ്കയും ഉണ്ടായിരുന്നു...

പിന്നെ ഞങ്ങള്‍ 3-4 സുഹൃത്തുക്കളൊക്കെ കൂടി.. എന്തൊക്കെയോ ചെയ്തു, ഒരു വിധത്തില്‍ രക്ഷപ്പെടുത്തി..

ഇപ്പൊ സുഖമായി ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു... സന്തോഷമായിരിക്കുന്നു

(അതിപ്പൊ കൃത്യം വിഷാദരോഗമായിരുന്നോന്നറിയില്ല.. എന്തോ ഒരു ഡിപ്രഷന്‍ സംഭവം.. (കാരണങ്ങള്‍ ഞാനിവിടെ എഴുതുന്നില്ല))

Typist | എഴുത്തുകാരി said...

ഇതു ഒരു രോഗമാണെന്നു മനസ്സിലാക്കുന്നില്ല ആരും. കൂടെയുള്ളവര്‍ ഇതു രോഗമാണെന്നു മനസ്സിലാക്കി സ്നേഹവും സാന്ത്വനവും കൊടുത്തു രക്ഷപ്പെടുത്തി എടുക്കണം. പക്ഷേ ഈ പറഞ്ഞ സ്നേഹവും സാന്ത്വനവും കിട്ടുന്നവര്‍ വളരെ ചുരുക്കമാണെന്നു മാത്രം.

ഞാന്‍ ആചാര്യന്‍ said...

അനിലേ ആളോ follow ഒന്ന് സെറ്റ് ചെയ്തേ..

ദീപക് രാജ്|Deepak Raj said...

ചില കവയത്രികള്‍ അങ്ങനെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.അതുപോലെ ഇവരില്‍ മിക്കവരിലും ഉറക്കഗുളികലോടും താല്പര്യം കൂടുമെന്നും കേട്ടിട്ടുണ്ട്.

ജിജ സുബ്രഹ്മണ്യൻ said...

വിഷാദരോഗം ബാധിച്ചവരോട് ശ്റദ്ധയോടെയും കാരുണ്യത്തോടെയും പെരുമാറണം.ജീവിതം തന്നെ മടുത്ത അവസ്ഥയിലായിരിക്കും ഇവരിൽ പലരും.ചെറിയ ഒരു കാര്യം മതി ആത്മഹത്യാ ചിന്ത ഉണ്ടാകാൻ.നല്ല ഒരു ലേഖനം അനിൽ.

Unknown said...

വിഷാദരോഗം ഒരു രോഗമാണോ പണ്ട് എനിക്ക് അൺഗനെ തോന്നിട്ടുണ്ട് ദേവിയെ കിട്ടാതെ വന്നപ്പോൾ

വികടശിരോമണി said...

കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഈ വിഷയത്തിൽ അത്യാവശ്യമായിരിക്കുന്നു.സ്ഥിരം നടക്കുന്ന സെമിനാറുകൾക്കും ജ്ഞാനപ്രദർശനങ്ങൾക്കും പുറത്ത്:)
ക്രിയാത്മകസഹകരണങ്ങൾക്കു മനസ്സുള്ളവരുടെ സാനിധ്യമാണ് ആവശ്യം.
ഈ പോസ്റ്റ് ബ്ലോഗിനപ്പുറത്തുള്ള സക്രിയസംവാദങ്ങളും പ്രതികരണങ്ങളും ആവശ്യപ്പെടുന്നു.
ആശംസകൾ.

കാപ്പിലാന്‍ said...

സഹതാപ തരംഗം ഉണ്ടാക്കാന്‍ കഴിയുമോന്ന് നോക്കട്ടെ അനിലേ :)

അനിലിന്റെ ബ്ലോഗില്‍ വരുന്ന എല്ലാവരും വരുന്ന ബൂലോകസഭ തിരഞ്ഞെടുപ്പില്‍ അമ്പും വില്ലും അടയാളത്തില്‍ വോട്ട് ചെയ്തു വിജയിപ്പിക്കണം .അല്ലെങ്കില്‍ ഞാന്‍ വിഷാദ രോഗം ബാധിച്ച് ആത്മഹത്യ ചെയ്യും .

അനിലേ നല്ല പോസ്റ്റ് . കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല കാരണം ഞാനിപ്പോള്‍ തിരഞ്ഞെടുപ്പ് ചൂടില്‍ ആയതിനാല്‍ സമയക്കുറവ് . കഴിവതും എല്ലാ ബ്ലോഗിലും കയറണം .

:):)

smitha adharsh said...

നല്ല പോസ്റ്റ് അനില്‍ ചേട്ടാ...
എന്‍റെ ഒരു അടുത്ത കൂട്ടുകാരിയ്ക്ക് ഇ പ്രശ്നം ഒരിയ്ക്കല്‍ വന്നുപെട്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്.
അനുഭവങ്ങള്‍ പങ്കു വച്ചപ്പോള്‍ ഭയം തോന്നിയിട്ടുണ്ട്.
വിഷാദ രോഗം 'ഭ്രാന്ത്' ആയി തെറ്റിദ്ധരിക്കുന്ന ഒരുകൂട്ടം ആളുകളും നമുക്ക് ചുറ്റും ഉണ്ട് എന്നാണു എന്‍റെ അറിവ്.

പകല്‍കിനാവന്‍ | daYdreaMer said...

നല്ല പോസ്റ്റ് കൂട്ടുകാരാ.. തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്...

മാണിക്യം said...

ഇതൊരു നല്ല ലേഖനം
ഈ രോഗത്തിന്റെ തീവ്രത അവരും അടുത്ത ബന്ധുക്കളും കടന്നു പോകുന്ന വൈഷമ്യങ്ങള്‍ അതോക്കെ വളരെ കടുപ്പം ആണ് മരുന്ന് ഒരു പരിധിവരെ,അതിനും ഉപരി ആ വ്യക്തിയേ ഒറ്റക്കാവാന്‍ അനുവദിക്കതെ പരിചരിക്കുക, ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുക എന്നിവയൊക്കെ തന്നെ ആണു വേണ്ടത്.മനസ്സിനു ഏല്‍ക്കുന്ന ഒരു ആഘാതത്തിന്റെ ഫലം ആണ്
വിഷാദമായി തീരുന്നത്, മിക്കപ്പോഴും പെട്ടന്നുള്ള ഒറ്റപെടല്‍, അല്ലങ്കില്‍ തിരസ്കരണം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്നു ആ സമയത്ത് ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലന്ന് തോന്നും. ചിലര്‍ക്ക് മരിക്കാനുള്ള ധൈര്യം ഇല്ലാ, ഇരുട്ടില്‍ ഏകാന്തതയില്‍ മൌനത്തില്‍ അവര്‍ ഒളിക്കും...

Manikandan said...

അനിൽജി എന്നെത്തേയുംപോലെ വിജ്ഞാനപ്രദമായ ഒരു ലേഖനം. പുതിയ അറിവുകൾക്ക് നന്ദി.

ഹരീഷ് തൊടുപുഴ said...

കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ആരോടും മിണ്ടാതെ കുത്തിയിരുന്ന് ഓരോ ദിവസവും ചിലവഴിക്കുന്ന ഞാനും ഒരു വിഷാദരോഗത്തിനടിമയാണോ; എന്നെനിക്കുതന്നെ ചിലപ്പോള്‍ തോന്നുന്നു...

അനില്‍@ബ്ലോഗ് // anil said...

കരിങ്കല്ലെ,
അത് ഒരു രോഗാ‍വസ്ഥയാകാം.“വിഷാദമാണോ എന്നറിയില്ല” ഈ പ്രയോഗമാണ് കുഴപ്പം. അയാളുടെ എന്തെങ്കിലും നൈരാശ്യമാ‍വാം തുടക്കം , പക്ഷെ തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് നമ്മള്‍ ഗൌരവമായി എടുക്കുന്നില്ല. ഇതാണ് വിഷാദരോഗ ചികിത്സയുടെ ഏറ്റവും വലിയ പരാജയം.

എഴുത്തുകാരി,
സത്യമാണ് പറഞ്ഞത്.

ആചാര്യാ,
ഫൊളോവേഴ്ക് വേണോ? പുതിയ പോസ്റ്റിടുമ്പോള്‍ ഞാന്‍ മെയില്‍ അയക്കാം . :)

ദീപക് രാജ്,
കവയത്രികളോ? !
അങ്ങിനെ ചെറുതാക്കിക്കാണണ്ട. ഇന്ന് ഏറ്റവും കൂടുതക് പേര്‍ ഇതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. “ഉറക്കഗുളീകളോടുള്ള അഡിക്ഷന്‍” എന്ന പ്രയോഗവും തെറ്റിദ്ധാരണാ ജനകമാണ്. നാം അങ്ങിനെ ആണ് വിലയിരുത്തുക, ദേ ലവന്‍ ഇപ്പോള്‍ ഗുളികയുടെ ആളാണ് എന്ന്. എന്നാല്‍ എന്തുകൊണ്ട് അവനു ഉറക്കഗുക്കികയെ ആശ്രയിക്കേണ്ടി വരുന്നു എന്ന് ആണ് ചിന്തിക്കേണ്ടത്. ഉറക്കം നഷ്ടമാവുമ്പോഴാണ് ഉറക്ക ഗുളികയെ ആശ്രയിക്കേണ്ടി വരിക. ഇതിന്റെ മൂല കാരണം തിരയാന്‍ നാം മിനക്കെടാതെ മൊത്തം കുറ്റം പാവം മനുഷ്യന്റ്റെ മേല്‍ കെട്ടി വക്കുന്നു.

പാമരന്‍ said...

good one, thanks maashe.

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടീ,
ശരിക്കും ഒരു വിഷാദ രോഗ സ്ക്വാഡ് വെണ്ടതാണ്.

അനൂപ് കോതനെല്ലൂര്‍,
നമ്മുടെ യുവാക്കളില്‍ നല്ലൊരു പങ്കിനെ വിഷാദത്തിലേക്ക് തള്ളിവിടുന്നത് ഈ സംഗതിയാണ്. ഇപ്പോള്‍ വിഷമം ഒക്കെ മാറിയെന്നു കരുതുന്നു .
:)

കാപ്പിലാന്‍,
അതുകൊള്ളാം. ഏതായാലും ശ്രമങ്ങള്‍ നടക്കട്ടെ, തിരഞ്ഞെടുപ്പ അടുത്തുവരികയല്ലെ !

smitha adharsh,
വിഷാദ രോഗത്തിനടിപ്പെട്ട ഒരു മനുഷ്യന്‍ ലോകത്തിലേക്കും ഏറ്റവും നിസ്സഹായനാണെന്ന് ഞാന്‍ പറയും, സ്വയം രക്ഷിക്കാന്‍ കഴിവില്ലാത്ത അവസ്ഥ. പക്ഷെ അതിനെ ഭ്രാന്തായിക്കാണാനാണ് സമൂഹത്തിനു താത്പര്യം.
ആരാന്റമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല ചേലാണെന്ന് കേട്ടിട്ടില്ലെ.

പകല്‍ക്കിനാവന്‍,
വായനക്കും അഭിപ്രായത്തിനും നന്ദി

MANIKANDAN [ മണികണ്ഠന്‍‌ ],
നല്ല വാക്കുകള്‍ക്ക് നന്ദി.

ഹരീഷ് തൊടുപുഴ,
ഹ ഹ. അതു വേണോ !!!
ഭാര്യയുടെ കയ്യില്‍ ചിരവത്തടി സ്റ്റോക്കില്ലാത്തതിന്റെ മാത്രം പ്രശ്നമാണത്
:)

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
ഒരു ചെറിയ സ്പാര്‍ക്ക് ഇട്ടേഉള്ളൂവെങ്കിലും എനിക്കത് തീയായ് കത്തിപ്പടരുന്ന ഒന്നാണ്. എന്റെ ഏറ്റവും വലിയ മോഹങ്ങളിലൊന്നാണ് ഡിപ്രഷനെതിരെയുള്ള വൊളണ്ടറി വര്‍ക്ക് എന്നത്. ഡിപ്രഷന്‍ മാത്രം കൈകാര്യം ചെയ്യുന്ന കൌണ്‍സിലര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പിനു മാത്രമേ ഈ വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാനാവൂ. മൊത്തം സൈക്കോളജിക്കല്‍ ഡിസോഡറുകളുമായി കൂട്ടിക്കുഴച്ച് ഇത് കോമ്പ്ലിക്കേറ്റഡാക്കുകയാണിന്ന്.

ബൂലോക കൂട്ടായ്മയിലൊന്നും എനിക്ക് വിശ്വാസമില്ല, താങ്കള്‍ തയ്യാറാണെങ്കില്‍ പുറം ലോകത്ത് ഒരു ശ്രമം നടത്തിയാല്‍ കൊള്ളാം എന്നൊരു ആഗ്രഹം കലശലാവുന്നു. സൌകര്യം പോലെ ബന്ധപ്പെടുമല്ലോ.

മാണിക്യം ചേച്ചി,
ഒരല്പം വിയോജിപ്പ് രേഖപ്പെടുത്താനുണ്ട്. മരുന്നിന് കാര്യമായ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട്. മറ്റുള്ളവരുടെ സപ്പോര്‍ട്ടും സ്നേഹവും രോഗിയെ കരകയറ്റും എന്നതില്‍ സംശയമില്ല. പക്ഷെ എത്രകാലം മറ്റുള്ളവരെ ആശ്രയിച്ചു കഴിയും? ആരാണ് അതിനുള്ള പെയില്‍ എടുക്കുക. അപ്പോള്‍ മരുന്നുകള്‍ മുറക്ക് കഴിച്ച് സ്ടേബിള്‍ ആവുക എന്നതാണ് ഏറ്റവും കരണീയമായ കാര്യം. അവനവന്‍ അവനവനെ തന്നെ സമാധാനിപ്പിക്കാന്‍ പറ്റുന്ന തലം എപ്പോഴും നിലനിര്‍ത്തുക എന്ന് സാരം.
വിസ്ത്രാര ബാഹുല്യം കണക്കിലെടുത്താണ് വിവിധ വകഭേദങ്ങളിലേക്കു കടക്കാഞ്ഞത്. “ഇണ്ടിസിക്” ആയ ഡിപ്രഷനുകള്‍ ഉണ്ട്. ഒരുവന്റെ ഉള്ളില്‍ നിന്നും തന്നെയാണത് പൊട്ടുക. “പ്രസിപ്പിറ്റേറ്റിംഗ് കോസ്“ ഒരു പക്ഷെ തീരെ ചെറുതായിരിക്കും, പക്ഷെ അതിനു ക്രമാനുഗതമായ രീതിയിലായിരിക്കില്ല ഇയാളിലുണ്ടാവുന്ന വിഷാദ തീവ്രദ. അത്തരം കേസുകളില്‍ മരുന്ന് ഒഴിച്ചു കൂടാ‍നാവാത്ത ഒന്നാണ്. ഏതായാലും കൂടുതല്‍ നീട്ടുന്നില്ല. നന്ദി.

കൃഷ്‌ണ.തൃഷ്‌ണ said...

അനില്‍, വളരെ പ്രസക്തമായ ഒരു പോസ്റ്റ്.
തികച്ചും വ്യക്തിപരമായ ഒരു കമന്റ് എഴുതുന്നു. എനിക്കും ഒരു സുഹൃത്തുണ്ട്. ഇടക്കിടക്ക് ഇത്തരമൊരു അവസ്ഥയിലേക്കു വീണു പോകുന്നയാള്‍. ചിലപ്പോള്‍ വളരെ അത്മീയമായി ഒക്കെ എഴുതി മെയില്‍ ചെയ്യും. അപ്പോഴേ എനിക്കു രോഗം മനസ്സിലാകും. മരുന്നിനേക്കാളൊക്കെ വൈകാരികമായ ഒരു സപ്പോര്‍ട്ട് രോഗശാന്തിക്കു സഹായകരമാകുമെന്നാണെനിക്കുള്ള അഭിപ്രായം. വളരെ ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട ആളാണ്‌. അവന്റെ വിഷാദത്തിന്റെ അടിവേരു അറിയുന്നതുകൊണ്ട് ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. മരുന്നുകളിലേക്കു നീങ്ങേണ്ട ഒരവസ്ഥയിലെത്തിയിട്ടില്ലാ എന്നതില്‍ സന്തോഷമുണ്ട്.

ഈ രോഗം പാരമ്പര്യജനകമാണെന്നൊക്കെ എവിടെയോ വായിച്ചതായോര്‍ക്കുന്നു. അതെത്രമാത്രം ശരിയാണ്‌?

നരിക്കുന്നൻ said...

തീർച്ചയായും ബ്ലോഗിന് പുറത്ത് വിശദമായി ചർച്ച ചെയ്യപ്പെടേണ്ട, സമൂഹത്തിന് ഉപകാരപ്രദമായൊരു പോസ്റ്റാണിത്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ വിഷാദ രോഗം സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. ഒരിക്കൽ കൂടി വിജ്ഞാനപ്രദമായ ഈ പോസ്റ്റിനു നന്ദി.

നരിക്കുന്നൻ said...

അനുഭവം ഗുരു എന്ന ആദ്യ കമന്റും, ജനലഴികളിൽ പിടിച്ച് പുറത്തെ വിശാലമായ ലോകത്തേ നോക്കുന്ന നിഗൂഢമായ ചിത്രവും ഈ പോസ്റ്റും എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു.

നന്മകൾ നിറഞ്ഞ ഒരുപാട് ആശംസകളോടെ,
നരി

അനില്‍@ബ്ലോഗ് // anil said...

പാമരന്‍,
സന്ദര്‍ശനത്തിനു നന്ദി.

കൃഷ്ണ.തൃഷ്ണ,
സപ്പോര്‍ട്ട് ചെയ്യാന്‍ ആളുണ്ടെങ്കില്‍ , സുഹൃത്തുക്കള്‍, കാമുകനോ കാമുകിയോ, ഭാര്യ ഭര്‍ത്താവ് അങ്ങിനെ ശ്രദ്ധിക്കാനാളുണ്ടെങ്കില്‍ നല്ലത് തന്നെ. പക്ഷെ രോഗത്തിന്റെ തീവ്രത അനുസരിച്ച് പരിഹാരം കാണണം. മരുന്നു വെണ്ട എന്ന് വാശിപിടിക്കുന്നതിലര്‍ത്ഥമൊന്നുമില്ല. മരുന്നു ചികിത്സയേക്കുറിച്ചുള്ള എന്റ്റെ കാഴ്ചപ്പാട് പോസ്റ്റിലും മുന്‍ കമന്റിലും വ്യക്തമാക്കിയത് ശ്രദ്ധിക്കുമല്ലോ.
പാരമ്പര്യമായി അടുത്ത തലമുറയിലേക്കൊ, മുന്‍ തലമുറയില്‍ നിന്നും ലഭിച്ചതോ ആയി ഈ രോഗത്തിനു സാദ്ധ്യത കൂടുതലാണ്. ചികിത്സക്ക് ഫാമിലി ഹിസ്റ്ററി കൂടുതല്‍ സഹായകമാകാം. എന്നു വച്ച് തലമുറകളിലേക്ക് പകരണം എന്നില്ല. അതേപോലെ ജെനറ്റിക്ക് ആയി കിട്ടിയില്ല എന്നുവച്ച ഒരാള്‍ക്ക് ഈ പ്രശ്നം വന്നുകൂടാ എന്നുമില്ല. നന്ദി.

നരിക്കുന്നന്‍,
നല്ല വാക്കുകള്‍ക്ക് നന്ദി.
എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണാ പ്രൊഫൈല്‍ ചിത്രം. വളരെ ആലോചിച്ച് ആദ്യം തന്നെ ഇട്ടതാണ്.
:)

poor-me/പാവം-ഞാന്‍ said...

മാ "വിഷാദ"

അല്‍ഭുത കുട്ടി said...

കവികള്‍ ഒക്കെ ഈ ടൈപ് ആണെന്ന് തോന്നുന്നു. ഉറക്കമില്ലായ്മ തന്നെ ഇതിന്റെയൊക്കെ ആദ്യത്തെ ലക്ഷണം.

പ്രവാസികളില്‍ ഈ ലക്ഷണങ്ങളെല്ലാം നല്ലവണ്ണം കാണുന്നുണ്ട്. ടാഫീക് ജാം, ജോലി സ്ഥലത്തുള്ള തിരക്ക് എന്നിവ കാരണം. മനസ്സ് ഡിപ്രസ്സ്ഡ് ആവുമ്പോള്‍ പിന്നെ എവിടെയെങ്കിലും ചുരുണ്ടു കൂടി കിടക്കാനാണ് തോന്നുക. ഇതിനെയെല്ലാം ‘വിഷാദ രോഗത്തില്‍ പെടുത്താമോ എന്നറിയില്ല. വിശ്രമമില്ലാത്ത ജീവിതം
രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കുന്നു
6 മണിക്ക് പുറപ്പെടുന്നു
8 മണിക്ക് ഓഫീസില്‍ എത്തുന്നു.
6 മണിക്ക് ഓഫീസില്‍ നിന്ന് റൂമിലേക്ക്
8 മണിക്കോ അതിന് ശേഷമോ ട്രാഫിക്ക് ജാം നീന്തികടന്ന് വീണ്ടും റൂമില്‍.
ഭക്ഷണം കഴിഞ്ഞ് 11 മണിക്ക് കിടത്തം
ഈയൊരു ടൈം ടേബിള്‍ ആഴ്ചയില്‍ ആറ് ദിവസം. ഇങ്ങനെ ജീവിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണെന്ന് തോന്നുന്നു.

Jayasree Lakshmy Kumar said...

വളരേ നല്ല പോസ്റ്റ്
വിഷാദം ഏറിയും കുറഞ്ഞുമെന്ന തോതിൽ എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ വല്ലാതെ ഡിപ്രഷനിൽ അകപ്പെട്ട ഒരാളെ അതിൽ നിന്നു കരകയറ്റാൻ പെട്ട പാടും അതു തരുന്ന സ്ടെസ്സും സ്വാനുഭവമാണ്. സുഹൃത്തായ ഞാൻ അനുഭവിച്ച ടെൻഷൻ ഒരുപാടാണ്. അപ്പോൾ ആ കുടുംബം അനുഭവിച്ചതോ എന്നു ചിന്തിച്ചു പോകാറുണ്ട്. തീർച്ചയായും ആ വ്യക്തിക്ക് സപ്പോർട്ടും ട്രീറ്റ്മെന്റും ആവശ്യം തന്നെ. മാനസീകമായി തകർന്നു പോകാവുന്ന ആ കുടുംബാങ്ങൾക്കും അതേ സപ്പോർട്ട് ആവശ്യമാണ് എന്നതും അനുഭവം.

കൂട്ടുകാരന്‍ | Friend said...

സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുക

ചാണക്യന്‍ said...

അനിലെ,
നല്ല പോസ്റ്റ്.....
വിഷാദ രോഗികളെ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനു നല്ലൊരു പങ്കുണ്ട്...
മനസിന് ഏല്‍ക്കുന്ന ആഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വിഘാതമായി നില്‍ക്കുന്നത് ചിലപ്പോഴെങ്കിലും സമൂഹത്തിന്റെ തെറ്റായ ഇടപെടലുകള്‍ തന്നെയാണ്.
അവഗണിക്കും‌ തോറും രോഗം മൂര്‍ച്ഛിക്കുവനാണ് സാധ്യത.

smitha adharsh said...

അയ്യോ...മറ്റേ പോസ്റ്റ് ഡിലീറ്റ് ചെയ്തതോ?

അനില്‍@ബ്ലോഗ് // anil said...

സ്മിതാ,
ആ പോസ്റ്റ് ഇവിടെ ഒരു ലിങ്ക് മാത്രമായിരുന്നു. ലിങ്കുകളോ റീ പോസ്റ്റുകളോ ഞാന്‍ ഇവിടെ രണ്ടു ദിവസത്തില്‍ കൂടുതല്‍ വക്കാറില്ല. എന്റെ കമന്റ് ബോക്സില്‍ ഇട്ട ആ പോസ്റ്റ് അഗ്രിഗേറ്റുകള്‍ കാണിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന് സെറ്റ് ചെയ്തിരികുന്നതിനാല്‍ അഗ്രിഗേറ്റില്‍ വരില്ല എന്നാണ് ഞാന്‍ കരുതുന്നത, വരാറുമില്ല, അതിനാലാണ് ഇവിടെ ലിങ്ക് കൊടുത്തത്.
ലിങ്ക് ഇതാ

വീകെ said...

രോഗത്തിന്റെ ലക്ഷണങ്ങൾ വായിച്ചപ്പോൾ എനിക്കും ഒരു സംശയം...ഏയ്... അങ്ങനെയൊന്നും ഉണ്ടാവില്ല..

വിഷാദ രോഗത്തെക്കുറിച്ച് കൂടുതലറിയാൻ സാധിച്ചു.

എന്റെ നന്ദി അറിയിക്കുന്നു.

sushma sankar said...
This comment has been removed by the author.
ചങ്കരന്‍ said...

അനുഭവം ഗുരു :) പണ്ടെപ്പോഴോ എനിക്കും ഉണ്ടായിരുന്നുവോ എന്നു സംശയമുണ്ട് ഈ സാധനം.

ബഷീർ said...

അനിൽ

വളരെ കാര്യമാത്രപ്രസക്തമായ ലേഖനം.

വിശാദ രോഗികൾക്ക്‌ സ്നേഹവും സംരക്ഷണവും മരുന്നിനേക്കാൾ അവശ്യമാണ്‌

ഒ‍ാഫ്‌..
കൊട്ടുകാരൻ ജബ്ബാറിന്റെ പരസ്യവുമായി എല്ലാ ബ്ല്ഗിലും .. ഇയാൾ ജബ്ബാർ തന്നെയാണോ

ശ്രീ said...

സുഹൃത്തുക്കളോടു പോലും അകലം പാലിക്കുന്ന ഇവരെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്.

വളരെ ശരി തന്നെ മാഷേ ... നല്ല ലേഖനം

ഹന്‍ല്ലലത്ത് Hanllalath said...

പ്രസംഗിക്കാന്‍ ഒരുപാടു ആളുകള്‍ കാണും...
പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരാന്‍ കഴിയട്ടെ അനിലേട്ടന്...

എനിക്കു നേരിട്ടറിയുന്ന ആളുകളെക്കുറിച്ചാണ് ഈ ലേഖനം..
(ഒരു പക്ഷെ എന്നെക്കുറിച്ചും )

നന്‍മകള്‍ നേരുന്നു...

സിജി സുരേന്ദ്രന്‍ said...

ഈ അവസ്ഥയില്‍ നട്ടം തിരിയുന്ന ഒരാളാണ് ഞാന്‍, എങ്കിലും അതിനെ മറികടക്കാന്‍ ഞാന്‍ എന്നാലാവും വിധം ശ്രമിക്കുന്നു. പിന്നെ സിറാടോണിനെ സന്തോഷിപ്പിക്കാന്‍ മരുന്നും കഴിയ്ക്കുന്നു. പക്ഷേ ചില നേരങ്ങളില്‍ മരിയ്ക്കാം എന്ന് തോന്നുകയും അതിനെ മറികടക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുകയെന്നതാണ് ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.

anushka said...

http://vrajeshkumar.blogspot.in/2010/05/blog-post.html

Unknown said...

നല്ല കാര്യങ്ങൾ...