3/05/2009

ഐ.പി.യെ ആര്‍ക്കാണ് പേടി

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് ശൃംഖല കാലം മുതല്‍ നാം കേള്‍ക്കുന്ന പദമാണ് ഐ.പി.അഡ്രസ്സ് എന്നത്. ഏറ്റവും വലിയ നെറ്റ് വര്‍ക്കായ ഇന്റര്‍നെറ്റിന്റെ ആരംഭത്തോടെ സാധാരണക്കാരനു പോലും പരിചിതമായിക്കഴിഞ്ഞു ആ വാക്ക്. ബൂലോകത്തു വന്നതുമുതല്‍ നിത്യേനയെന്നോണം കേള്‍ക്കുന്ന വാക്കും മറ്റൊന്നുമല്ല. ഇതാ ഐ.പി. കിട്ടിയേയെന്ന് ഘോഷിച്ച് ഒരു കൂട്ടര്‍ , ഞങ്ങളെ പിടിയെടാ എന്നലറി മറ്റൊരു കൂട്ടര്‍.

ഈ കഴിഞ്ഞ മാസം കടന്നു പോയത് ബൂലോകത്തെ ചില ഐ.പി. പിടി മത്സരങ്ങളിലൂടെയാണ്.പ്രമുഖരാ‍യ ചില ബ്ലോഗ്ഗര്‍മാര്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്നു തോന്നുമാറ് പലര്‍ക്കുമെതിരെ വ്യക്തിപരമായി തന്നെ ഇവിടെ പോസ്റ്റുകള്‍ വന്നു. അനോണിക്കമന്റുകള്‍, കമന്റുകള്‍ക്ക് പുറകേ ഐ.പി. രേഖപ്പെടുത്തിയതിന്റെ സര്‍ട്ടിഫിക്കറ്റുമായി ബ്ലോഗ്ഗുടമകള്‍, കുട്ടിക്കളികള്‍ ധാരാളം. ഈ സാഹചര്യത്തില്‍ ഐ.പി. ചേഞ്ചിങ് സോഫ്റ്റ് വെയറുകള്‍ എന്ന ടൂള്‍ എപ്രകാരം ഉപയോഗിക്കാം എന്നൊരു പരീക്ഷണം നടത്തിയതാണിത്. ആദ്യം കാണുന്ന ചിത്രം “പതിവു കാഴ്ചകളിലെ” സന്ദര്‍ശകരുടെ അഡ്രസ്സ് കാട്ടുന്ന ഒരു ഗാഡ്ജറ്റാണ്. അതില്‍ എന്റെ ഐ.പി അഡ്രസ്സ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക.

ബി.എസ്. എന്‍ എലിന്റെ സര്‍വ്വീസ് ഉപയോഗപ്പെടുത്തുന്നു എന്ന സൂചനയാണതില്‍ കാണുന്നത്. ഇതു തന്നെ ബി.എസ്.എന്‍.എല്‍ സേര്‍വറുകള്‍ (കൊച്ചി, മഞ്ചേരി, കോഴിക്കോട്, തുടങ്ങി) മാറുന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടേ ഇരിക്കും. ഈ സാഹചര്യത്തില്‍ ഒരു ഐ.പി ചേഞ്ചിംഗ് ടൂള്‍ പയോഗപ്പെടുത്തിയ ശേഷം ബ്ലോഗ്ഗില്‍ കയറിയ എനിക്ക് അമേരിക്കയിലുള്ള ഒരു ഐ.പി. അഡ്രസ്സായി എന്റെ അഡ്രസ്സ് മാറിയിരികുന്നതായാണ് കാണാനായത്.ഇടതു വശത്തെ ചിത്രം ശ്രദ്ധിക്കുക. പ്രൊവൈഡര്‍ നോബിസ് ടെക്നോളജി ഗ്രൂപ്പ്.

തുടര്‍ന്ന് വീണ്ടും ഒന്നു കൂടി അഡ്രസ്സ് ചേഞ്ച് കൊടുത്തു. ഇത്തവണ കയ്യില്‍ തടഞ്ഞത് ബ്രിട്ടണണാണ്. പോണ്ട് ഹോസ്റ്റ് ഇന്റര്‍നെറ്റ് സര്‍വ്വീസസിന്റെ പേരിലുള്ള ഒരു ഐ.പി. ഇടതു വശത്തെ ചിത്രത്തില്‍ നോക്കുക. ഇതില്‍ എന്റെ ബ്രൌസര്‍ പോലും മാറ്റിയാണ് കാണാനാവുക. ഇത്തരത്തില്‍ ഫ്രീ വേര്‍ഷനില്‍ പോലും അഡ്രസ്സ് മാറ്റാന്‍ സാദ്ധ്യമാവുന്ന അനേകം സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് കേവലം ഐ.പി. അഡ്രസ്സ് പിടികൂടി എന്ന് അവകാശപ്പെട്ട് പരസ്പരം പോരടിക്കാന്‍ ബൂലോകര്‍ തയ്യറെടുക്കുന്നത്. അതും ഉറ്റ ചങ്ങാതിമാരായി നടന്നവര്‍ പോലും.

കുറിപ്പ്:
ഇതൊരു ആധുനിക കണ്ടുപിടുത്തം എന്ന നിലയിലല്ല ഇവിടെ അവതരിപ്പിക്കുന്നത്.
ഈ അഡ്രസ്സ് ചേഞ്ചറുകള്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഫലം മാത്രമേ നല്‍കുകയുള്ളൂ. ഗൌരവമായ ഒരു അന്വേഷണം നടത്തിയാല്‍ ഒറിജിനല്‍ ഐ.പി ലഭിക്കും എന്നാണ് അറിയാനായത്, അല്പം ബുദ്ധിമുട്ടാണെങ്കിലും. എന്നിരുന്നാലും ബൂലോകത്തെ ഐ.പി. കളികളില്‍ വളരെ പെട്ടന്നു തന്നെ കബളിപ്പിക്കപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടുകയാണ്. പുതിയതായി വരുന്ന ബ്ലോഗ്ഗര്‍മാരെങ്കിലും ഇത് ശ്രദ്ധിക്കും എന്നു പ്രതീക്ഷിക്കുകയാണ്, ഒരു പക്ഷെ നിങ്ങള്‍ക്ക് ലഭിക്കുക തെറ്റായ വിവരങ്ങളായിരിക്കും.

3/04/2009

മനേകാ ഗാന്ധിയും മുയലുകളും

മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ സ്ഥിരം പംക്തികളിലൊന്നാണ് ശ്രീമതി. മനേകാ ഗാന്ധിയുടെ "അരുമ". മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുന്ന ഈ പംക്തി, പലപ്പോഴും അബദ്ധജഠിലങ്ങളായ പ്രസ്താവനകള്‍ നിറഞ്ഞതായിരിക്കുമെന്ന് പറയുന്നതിന് മടി തോന്നുന്നില്ല. ഭാരത്തിലെ ജന്തുസ്നേഹത്തിന്റെ പര്യായമാണ് മനേക ഗാന്ധി എന്ന വ്യക്തി. എന്നാല്‍ പലകുറിപ്പുകളും ഈ ഗൌരവം തിരസ്കരിക്കുന്നു എന്നു പറയാതെ വയ്യ. ജനങ്ങളില്‍, പ്രത്യേകിച്ചും മൃഗസ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരും എന്നാല്‍ മൃഗങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തവരുമായ അനേകരില്‍ തെറ്റിദ്ധാരണയും ഭീതിയും പടര്‍ത്തുവാനാണ് ഇത്തരം കുറിപ്പുകള്‍ ഏറെ ഉതകുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് ഞായറാഴ്ച മാതൃഭൂമിയില്‍ വന്ന, "ക്രൂരത മുയലിനോടും" എന്ന കുറിപ്പ് ഇതില്‍ അവസാനത്തേതാണ്. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.


"മുയല്‍ വളര്‍ത്തല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥര്‍ വിദേശ യാ‍ത്ര നടത്തി , ഷോപ്പിങ് മാളുകളും നിശാക്ലബ്ബുകളും സന്ദര്‍ശിച്ചു മടങ്ങി" എന്ന ആദ്യ വരി തന്നെ ലേഖനത്തിന്റെ നിലവാരം വെളിവാക്കുന്നു. രണ്ടാം ഖണ്ഡികയിലെ "വിവരമില്ലാത്ത രാഷ്ടീയക്കാരും, മണ്ടന്മാരായ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും" എന്ന വിശേഷണങ്ങളാവട്ടെ ചില്ല്ലിട്ടു സൂക്ഷിക്കേണ്ടതാണ്. ലോകസഭാ തിരഞ്ഞെടുപ്പ് രാഷ്ടീയവുമായി പണ്ടുണ്ടായ ബന്ധത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സ്വയം വിലയിരുത്തലായി ആദ്യ ഭാഗത്തെ കാണാമെങ്കിലും രണ്ടാമത്തെ ഭാ‍ഗം ഏതു ഗവേഷണ ഫലമാണെന്ന് വ്യക്തമാക്കെണ്ടതായിരുന്നു.

കേവലം ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മുയല്‍ വളര്‍ത്തല്‍ എന്ന പദ്ധതി തന്നെ ക്രൂരതയാണെന്നും, പരാജയമാണെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ് ലേഖിക. വിദേശ ജനുസുകളെ ഇറക്കുമതി ചെയ്തതാണ് സര്‍വ്വ പ്രശ്നങ്ങള്‍ക്കും കാരണം എന്നു പറഞ്ഞുവക്കുന്ന ഇവര്‍ , നൂറു ശതമാനവും വിദേശിയായ ബ്രോയിലര്‍ കോഴി വ്യവസായത്തിന്റെ വിജയം കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിന് ആധാരമാക്കുന്നതാവട്ടെ പേരെടുത്ത് പറയാത്ത ഏതോ ഒരു വെബ് സൈറ്റും. ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത പലകാര്യങ്ങളും വിവരിക്കുന്ന ഇത്തരം വെബ് സൈറ്റുകള്‍ ആധാരമാക്കുന്നതാവാം ശ്രീമതി. മനേകാ ഗാന്ധിക്കു പറ്റുന്ന തെറ്റെന്ന് സമാശ്വസിക്കാം.

താന്‍ സന്ദര്‍ശിച്ചു എന്നു പറയപ്പെടുന്ന ചില ഫാമുകളിലെ സ്ഥിതി വിവരക്കണക്കുകള്‍ എത്രമാത്രം വിശ്വാസ യോഗ്യമാണെന്ന് പരിശോധിക്കതന്നെ വേണ്ടി വരും. മുയലുകളിലെ മരണനിരക്ക്, പെണ്‍ മുയലുകളിലെ ക്രമാതീതമായ മരണ നിരക്ക് , മുയല്‍ കുഞ്ഞുങ്ങളുടെ മരണ നിരക്ക് തുടങ്ങിയവയൊന്നും തന്നെ യാഥാര്‍ത്ഥ്യത്തൊട് ചേര്‍ന്നു നില്‍ക്കുന്നില്ല. കേരള‍ത്തിലെ സാഹചര്യങ്ങളില്‍ പോലും നടത്താവുന്നതും നടത്തി വരുന്നതുമായ മുയല്‍ വളര്‍ത്തല്‍, താരതമ്യേന “വളര്‍ത്തു ചിലവ്“ കുറവായ ഉത്തരേന്ത്യയില്‍ എന്തു കൊണ്ട് പരാജയമാവുന്നു (അങ്ങിനെ ആണ് യാഥാര്‍ത്ഥ്യമെങ്കില്‍) ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്.

ഏതൊരു പുതിയ സംരഭങ്ങള്‍ ആരംഭിക്കുമ്പോളും കണക്കിലെടുക്കേണ്ടുന്ന ചില സംഗതികള്‍ മുയല്‍ വളര്‍ത്തലിലും ബാധകമാണെന്ന് വിസ്മരിക്കുന്നില്ല. ഇവയില്‍ ചിലതാണ് അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വിപണി, ആവശ്യമായ ബോധവല്‍ക്കരണം. ഇവയില്ലാത്ത എല്ലാ സംരഭങ്ങളും പരാജയപ്പെടുക തന്നെ ചെയ്യും.

ഏതായാലും മേലിലെങ്കിലും കൂടുതല്‍ ഗൌരവമാ‍യ ഒരു സമീപനം മനേകാ ഗാന്ധിയെന്ന മൃഗസ്നേഹിയുടെ ഭാഗത്തു നിന്നും ഉണ്ടാവും എന്ന പ്രതീക്ഷയില്‍, ഈ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള കര്‍ഷകനിലെ ഒരു ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു, ക്ലിക്കി വലുതാക്കി വായിക്കുമല്ലോ.