5/15/2011

പാഴായിപ്പോയ ഇടയലേഖനങ്ങൾ

സഖാവ് വി എസ് അച്ചുതാനന്ദൻ നയിച്ച മന്ത്രിസഭ ഇന്ന് രാജി സമർപ്പിച്ചിരിക്കുന്നു. കേരള സംസ്ഥാനത്തെ സർവ്വമാന പിന്തിരിപ്പൻ വിഭാഗങ്ങളും കാത്തുകാത്തിരുന്ന ദിവസം. എന്നാൽ മന്ത്രി സഭാകാലാവധി അവസാനിച്ചു കാണാൻ കാത്തിരുന്നവർക്കൊന്നും അഹ്ലാദം നൽകാൻ പര്യാപ്തമായിരിക്കില്ല ഇനി വരുന്ന ദിവസങ്ങളിൽ കേരളത്തിൽ നടക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റം. കേവലം രണ്ടേ രണ്ട് അംഗങ്ങളുടെ മാത്രം മുൻ തൂക്കം കൈമുതലാക്കി കാതലായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ വരുന്ന മന്ത്രി സഭക്കാവില്ല എന്നതു തന്നെ കാരണം. ഭരണം മാറാൻ കാത്തിരുന്നവർക്കാകട്ടെ പ്രതീക്ഷകൾ ഏറെ കാണും.
ഭരണത്തിലേറിയ അന്നുമുതൽ ഇടതുപക്ഷത്തിനെതിരായി പേനയുന്തിയ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളെ നമുക്ക് വിടാം, കാരണം അതവന്റെ തൊഴിലാണ്. എന്നാലോ മാനവ സമൂഹത്തിന്റെ രക്ഷക്കായി ജീവിക്കുന്നവരെന്നെ വ്യാജേന, കോളേജുകളും മറ്റ് മൊത്തക്കച്ചവടങ്ങളുമായി നടക്കുന്ന ളോഹാ ധാരികളെ അപ്രകാരം ഒഴിവാക്കാനാവുമോ? ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടം മുതൽ ഇങ്ങ് ഏക ജാലകം അടക്കം എല്ലാ മന്ത്രി സഭാ പരിഷ്കാരങ്ങളെയും കുരിശും ബൈബിളും എടുത്ത് പ്രയോഗിച്ച് പരാജയപ്പെടുത്താനാണ് ദൈവ (അതോ സാത്താന്റെയോ) ദാസന്മാർ ശ്രമിച്ചത്. വിശ്വാസികൾ ദൈവ പ്രാർത്ഥനക്കായി ഒത്തുകൂടാനുപയോഗിക്കുന്ന പള്ളികളാണ് ഇത്തരം ക്ഷുദ്ര പ്രവർത്തികൾക്ക് കേരളത്തിൽ ഉപയോഗിക്കപ്പെട്ടതെന്നത് തികച്ചും ലജ്ജാകരമായ ഒന്നായിരുന്നു. ഇതിനായി ഓരോ ഞായറാഴ്ച പ്രാർത്ഥനകളിലും പ്രത്യേകം ഇടയ ലേഖനങ്ങൾ വായിക്കപ്പെട്ടു. ദൈവത്തെ സ്മരിച്ചില്ലെങ്കിലും ഇടതു പക്ഷത്തെ പരാജയപ്പെടുത്താൻ ഒരോ ലേഖനങ്ങളും വിശ്വാസികളെ അഹ്വാനം ചെയ്തു. തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ലല്ലോ കർത്താവേ എന്ന് ഓരോ വിശ്വാസിയും മനസ്സിൽ കരുതിയിട്ടുണ്ടാവും. മനസ്സിൽ കരുതാനെ നിവർത്തിയുള്ളൂ, ജനനവും മാമോദീസയും വിവാഹവും മരണവും എന്നുവേണ്ട വിശ്വാസിയായ ഒരു മനുഷ്യന്റെ എല്ലാ ജീവിത ഘട്ടങ്ങളും പള്ളിയുടെ അധികാരത്തിൽ തളച്ചിട്ട്, സെമിത്തേരി പ്രവേശം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഓരോ വിശ്വാസിയുടെയും നാവടപ്പിക്കുന്നത്. എന്നാൽ ഇവർക്ക് വരുതിയിൽ നിർത്താൻ സാധിക്കാത്ത ഒന്ന് ഈ കേരളത്തിലുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞില്ല, അതായിരുന്നു കേരളീയ സമൂഹത്തിന്റെ സാമാന്യ ബോധം. ആ സാമാന്യ ബോധം ഈ ളോഹാ ധാരികൾക്ക് തിരഞ്ഞെടുപ്പിൽ മറുപടി നൽകിയിരിക്കുന്നു.
കേവല ഭൂരിപക്ഷം എന്ന സാങ്കേതികതയിലേക്ക് എത്താനായില്ലെങ്കിലും കേരള ഭരണത്തിന്റെ നിയന്ത്രണം ഇന്നും ഇടതു പക്ഷത്തിന്റെ കയ്യിൽ തന്നെ നിർത്താനാവശ്യമായ സീറ്റുകളാണ് ഇന്നവർക്ക് ലഭിച്ചിട്ടുള്ളത്. ഒരു സഭയുടേയും സമ്മർദ്ദം ഇവിടെ നടപ്പാവാൻ പോകുന്നില്ല. കർത്താവിനെപ്പോലും തിരസ്കരിച്ച്, കേവലമായ രാഷ്ട്രീയ പ്രവർത്തനവേദിയായി പള്ളി മുറികളെ മാറ്റിയ ഈ കത്തനാർമാരുടെ ഇടയ ലേഖനങ്ങൾ പാഴായിപ്പോയതായി ഇനിയെങ്കിലും അവർ തിരിച്ചറിയും എന്ന് കരുതാം. ഇനിയെങ്കിലും ഈ ഊർജ്ജം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കു, പിതാക്കന്മാരെ.

35 comments:

അനില്‍@ബ്ലോഗ് // anil said...

പാഴായിപ്പോയ ഇടയലേഖനങ്ങൾ

മണിഷാരത്ത്‌ said...

ഇടതു പക്ഷത്തിനുകിട്ടിയ വോട്ടുകള്‍ തികച്ചും മതേതര വോട്ടുകളാണ്‌.കോണ്‍ഗ്രസ്സിന്റെ മതപ്രീണനത്തിനെതിരെയുള്ളതുമാണ്‌.പള്ളിയും പട്ടക്കാരനും പറയുന്ന വഴിയെ ഏറെക്കാലം ജനത്തെ കൊണ്ടുനടക്കാനാകില്ല എന്നാണ്‌ തെരഞ്ഞെടുപ്പുഫലം തരുന്ന പാഠം.മുസ്ലീം ലീഗെന്ന പാര്‍ട്ടിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന്‌ 10ല്‍ താഴെ സീറ്റുപോലു കിട്ടുമായിരുന്നോ?കോണ്‍ഗ്രസ്സ്‌ ജയിച്ച മണ്ഡലങ്ങളെല്ലാം ലീഗിന്റെ കാരുണ്യത്തില്‍ ജയിച്ചവയാണെന്ന് കാണാം.ഗാന്ധിയും നെഹൃവും നയിച്ച ഒരു പാര്‍ട്ടിയുടെ ദുരവസ്ഥ സങ്കടം തന്നെയാണ്‌.

SMASH said...

cheers............

Faizal Kondotty said...

well said..!

Anilji , welcome back..!we really miss u here !

നികു കേച്ചേരി said...

ജോസഫിനെവരെ മറുകണ്ടം ചാടിച്ച് ..പിടിച്ചതുപോയി കടിച്ചതും പോയി എന്ന അവസ്ഥയിലായി.

Alban Smith said...

Well said Anil.
Hope you are fine. Nice to see you back.

jayanEvoor said...

പലരും കരുതുന്നതു പോലെ കൃസ്ത്യാനികൾ ഒന്നടങ്കം യു.ഡി.എഫിന് വോട്ട് ചെയ്തു എന്നു ഞാൻ വിശ്വസിക്കുന്നില്ല.
നായന്മാരുടെ കാര്യവും അങ്ങനെ തന്നെ.

അല്ലായിരുന്നെങ്കിൽ പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഇടതുപക്ഷം വിജയിക്കുമായിരുന്നില്ല.

എന്നാൽ മുസ്ലീം കൺസോളിഡേഷൻ യു.ഡി.എഫിനെ സഹായിച്ചു.
അവരില്ലായിരുന്നെകിൽ യു.ഡി.എഫ് തവിടുപൊടി ആയേനേ!

സങ്കരന്‍ നായര്‍ said...

ഈ ഇടയലേഖനങ്ങളെ ഒക്കെ ശ്രദ്ധിക്കുന്നത് മാര്‍ക്സിസ്റ്റുകാരും മാധ്യമങ്ങളും മാത്രമാണ്. ക്രിസ്ത്യാനികള്‍ ഇതൊന്നും തീരെ മൈന്‍ഡ് ചെയ്യാറില്ല. ഞായറാഴ്ച പള്ളിയില്‍ വരുമ്പോള്‍ ഇടയലേഖനം വായിക്കുന്നതു കേട്ടാല്‍ അതുതീര്‍ന്നിട്ട് അകത്തുകയറാം എന്നു ചിന്തിക്കുന്നവരാണ് അച്ചായന്മാര്‍. ളോഹ ഇട്ട തിരുമേനിമാര്‍ രാപകല്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നതും "കര്‍ത്താവേ നീ ഈ കുഞ്ഞാടുകളെ മുഴുവന്‍ ഞങ്ങളോട്‌ അനുസരണയുള്ളവരാക്കേണമേ" എന്നാണ്. എന്നാലും നസ്രാണികള്‍ക്ക് വിവരമുണ്ട്. അവര്‍ക്കറിയാം, പള്ളി വേറെ പള്ളിക്കൂടം വേറെ എന്ന്.

NB: പള്ളീലച്ചന്‍മാര്‍ വീടു സന്ദര്‍ശിക്കുമ്പോഴും മറ്റും കുഞ്ഞാടുകള്‍ക്ക് വേറെയും പല ഉപദേശങ്ങളും കൊടുക്കാറുണ്ട്, മദ്യപാനം അരുത്, കുട്ടികളെ വേദപാഠത്തിന് അയക്കണം, സന്ധ്യാപ്രാര്‍ഥന വേണം എന്നൊക്കെ.. എല്ലാത്തിനും കൂടി കുഞ്ഞാടുകള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ:

"അതങ്ങു പള്ളീല്‍പ്പോയി പറഞ്ഞാ മതി"

സുശീല്‍ കുമാര്‍ പി പി said...

"കർത്താവിനെപ്പോലും തിരസ്കരിച്ച്, കേവലമായ രാഷ്ട്രീയ പ്രവർത്തനവേദിയായി പള്ളി മുറികളെ മാറ്റിയ ഈ കത്തനാർമാരുടെ ഇടയ ലേഖനങ്ങൾ പാഴായിപ്പോയതായി ഇനിയെങ്കിലും അവർ തിരിച്ചറിയും എന്ന് കരുതാം. ഇനിയെങ്കിലും ഈ ഊർജ്ജം നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കു, പിതാക്കന്മാരെ."

>>>> അതങ്ങ്‌ പള്ളീപ്പോയി പറഞ്ഞാ മതി.

Manoj മനോജ് said...

കൊച്ചി, എറണാകുളം ഫലങ്ങള്‍ ഒന്ന് വിലയിരുത്തുക. ക്രിസ്ത്യന്‍ വോട്ടുകള്‍ അവിടെ നിര്‍ണായകമായി തന്നെ വന്നു. അവിടെ തോറ്റ് പോയവര്‍ ജോസഫൈനും, സെബാസ്റ്റ്യന്‍ പോളുമാണെന്നും മറക്കരുത്. ലീഗിന്റെ കോട്ടയായിരുന്ന മട്ടാഞ്ചേരി പള്ളുരുത്തിയുമായി ചേര്‍ത്ത് കൊച്ചി രൂപീകരിച്ചപ്പോള്‍ എന്ത് കൊണ്ട് ലീഗ് അവിടെ നില്‍ക്കാതിരുന്നത്? പണ്ട് രണ്ട് മണ്ഡലങ്ങളിലായി വിഭജിക്കപ്പെട്ടിരുന്ന ലാറ്റിന്‍ വോട്ടുകള്‍ കൂടി ചേര്‍ന്നതിനാല്‍ തന്നെയല്ലേ. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായി വന്നതിനാല്‍ ലീഗ് അവിടെ നിന്നും പിന്മാറി! ഇടത് ആകട്ടെ പള്ളുരുത്തിയില്‍ നിന്ന് ജയിച്ച ദിനേശ് മണിക്ക് പകരം മട്ടാഞ്ചേരിയില്‍ തോറ്റ ജോസഫൈനിനെ സ്ഥാനാര്‍ത്ഥിയുമാക്കി. എന്ത് കൊണ്ട് ദിനേശ് മണിയെ നിര്‍ത്തിയില്ല?

കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ തീര്‍ച്ചയായും മതം നിര്‍ണായകമായി. ഇല്ല എന്ന് വിലയിരുത്തുന്നത് കേരളം ഇപ്പോള്‍ നടന്ന് പോകുന്ന അപകടകരമായ അവസ്ഥയെ കണ്ടില്ലെന്ന് നടിക്കുന്നതായിരിക്കും. അത് പിന്നീട് ആര്‍ക്കും നിയന്ത്രിക്കാനാവാത്ത ദുരന്തത്തിലേയ്ക്ക് വീഴും!

കൂതറ ടിന്റുമോന്‍ said...

കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ മതം നിര്‍ണായകമായപ്പോള്‍ ,ആലപ്പുഴ കൊല്ലം തുടങ്ങിയ ജില്ലകളില്‍ "ജാതി " നിര്‍ണായകമായി

വീ കെ said...

കൃസ്ത്യൻ, മുസ്ലീം, നായർ മുതലായ വർഗ്ഗീയ വോട്ടുകൾ എല്ലാം കോർത്തെടുത്താണ് ഇത്തവണത്തെ യൂഡീഎഫ് ജയമെന്നു നിസ്സംശയം പറയാം...
ഇടതു പക്ഷത്തിന്റെ അടുത്ത് ഇത്തവണ ഇവർക്കാർക്കും നിവർന്നു നിന്ന് സംസാരിക്കാൻ കെൽ‌പ്പില്ലാതായി.

Chethukaran Vasu said...

"Democracy is all about demography, rest of the talk is mere hypocrisy" - Vasu

അനില്‍@ബ്ലോഗ് // anil said...

പ്രിയ മണി മാഷേ,
പറഞ്ഞത് വളരെ ശരിയാണ്. സ്വന്തം നിലക്ക് കോണ്ഗ്രസ്സിന്റെ പെര്‍ഫോമന്‍സ് ദയനീയമാണ്.

SMASH ,
നന്ദി.

ഫൈസലേ,
നല്ല വാക്കുകള്‍ക്കു നന്ദി.
ഓഫ്‌: ജീവിതത്തിലെ ഒരു ചെറിയ ട്രാന്‍സിഷന്‍ കാലം ആയിരുന്നു, ഇപ്പോള്‍ പ്രവാസിയാണ് , വീണ്ടും പഴയ പോലെ ബൂലോകത്ത് കറങ്ങനാവും എന്ന് കരുതുന്നു.

നികു,
അത് വാസ്തവം, പാവം ജോസഫ് , ഇപ്പോള്‍ തന്നെ ആട്ടും തുപ്പും കുറെ സഹിച്ചു , എല്ലാം പള്ളിക്ക് വേണ്ടി.

ജയന്‍,
ആ പറഞ്ഞത് ശരിയല്ല, പള്ളി പറഞ്ഞാല്‍ കേള്‍ക്കുന്ന പ്രധാന ഏരിയ കോട്ടയം ഏറണാകുളം ആണ്, അവിടെ സ്ഥിതി കണ്ടല്ലോ. എന്‍ എസ് എസ് എന്തായാലും പൂച്ച് പുറത്തായ വിഷമത്തില്‍ ആയിക്കാണും. മുസ്ലീം കണ്സോളിടെഷന്‍ ഉണ്ടായി എന്ന് പറയുന്നതും ശരിയല്ല, അത് എന്നും അങ്ങിനെ ആയിരുന്നു. ചില സമയങ്ങളില്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്, അത് സ്ഥായി അല്ല എന്ന് ഇപ്പോള്‍ മനസ്സിലായല്ലോ.

അനില്‍@ബ്ലോഗ് // anil said...

നായരെ,
എല്ലാ ഉപദേശങ്ങളും പോലെ അല്ല ഈ സംഗതി, ഇതിനു വേണ്ടി ഒരുപാടു ബലം പിടിച്ച ഇടവകകള്‍ എനിക്ക് നേരിട്ട് അറിയാം.

സുശീലേ,
അച്ചന്മാര്‍ക്ക് വേണേല്‍ മതി.
:)

മനോജ്‌,
ആ പറഞ്ഞത് വാസ്തവമാണ്.
കേരളത്തിലെ ക്രിസ്തീയ സഭകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ആദ്യമായല്ല എങ്കിലും ഇത്രയും ശ്രമിച്ചിട്ടും പരാജയപ്പെട്ടത് കേരളീയന്റെ സാമൂഹിക ബോധം കൊണ്ടാണ് എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രണ്ടാം വിമോചന സമരം എന്നൊക്കെ വിശേഷിപ്പിക്കാന്‍ പോലും പാതിരിമാര്‍ തയ്യാറായി !!!
മുസ്ലീം ലീഗ് അത്ഭുതം ഒന്നും കാണിച്ചിട്ടില്ല.
ബി ജെ പി യുടെ പെര്‍ഫോമന്‍സ് കൂടിയില്ല എന്നത് ഒരു നല്ല ലക്ഷണമായി കാണാം.

കൂതറ ടിന്റുമോന്‍,
അത് ആ ജില്ലകളെ പറ്റി താങ്കള്‍ക്ക് ഗ്രാഹ്യം കുറവായതിനാല്‍ തോന്നുന്നതാണ് എന്ന് തോന്നുന്നു.
വികെ,
സാങ്കേതികമായി പരാജയം ആണെങ്കിലും നിവര്‍ന്നു നിന്ന് വര്‍ത്തമാനം പറയാന്‍ നമുക്കാകുന്നത് തുകൊണ്ട് തന്നെ അല്ലെ.

ചെത്തുകാരന്‍ വാസു,,
നന്ദി .

നിരുപദ്രവകാരി said...

ഇടതുപക്ഷമായാലും വലതുപക്ഷമായാലും, എന്തൊക്കെ ആദര്‍ശം പ്രസംഗിച്ചാലും, ജാതി-മത-വര്‍ഗീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം ആരും കാണിക്കുന്നില്ല.താല്‍ക്കാലിക ലാഭത്തിനുവേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാന്‍ എല്ലാവരും തയ്യാര്‍.
ഓരോ മണ്ഡലത്തിലെയും സ്ഥനാര്‍ഥികളെ നിര്‍ണയിക്കുന്നതു തന്നെ (ഇടതുപക്ഷമായാലും വലതുപക്ഷമായാലും)ജാതി-മത-വര്‍ഗ അടിസ്ഥാനത്തിലല്ലേ?
സമൂഹത്തിലുള്ള ജാതി-മത-വര്‍ഗ വിവേചനചിന്തകളെ ഊട്ടി ഉറപ്പിക്കുകയാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ചെയ്യുന്നത്.
പുരോഹിതവര്‍ഗം എല്ലാ സമൂഹത്തിലും എല്ലാക്കാലത്തും അധീശത്വം പുലര്‍ത്തിയിരുന്നവരാണ്.തങ്ങളുടെ മേധാവിത്തം നിലനിര്‍ത്താന്‍ സമൂഹത്തില്‍ സങ്കുചിതചിന്ത വളര്‍ത്തി അവരെ ചൂഷണം ചെയ്യുന്നു.(ചില്ലറ exceptions ഉണ്ടാവാം) ഇവരുടെ അതിരുകവിഞ്ഞ സ്വാധീനവലയത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ധൈര്യം സമൂഹത്തിന് എന്നുണ്ടാകുന്നോ അന്ന് നാം രക്ഷപ്പെടും..
അന്നു മുതല്‍ ഇടയലേഖനങ്ങളും,നേതാക്കന്‍മാരുടെ ആസ്ഥാന സന്ദര്‍ശനവും....ഒക്കെ ഇല്ലാതാവും.

ഹന്‍ല്ലലത്ത് hAnLLaLaTh said...

naalukalkku shesham anilettane kandathil santhosham...

:)

അനില്‍@ബ്ലോഗ് // anil said...

mail from manikandan:

Dear Aniletta,


അനിലേട്ടന്റെ ബ്ലോഗിൽ ഞാൻ ഇന്നലെ ഇങ്ങനെ ഒരു കമന്റ് ഇട്ടിരുന്നു. ഇന്ന് അത് കാണുന്നില്ല. ഡിലീറ്റ് ആയതാണോ അതോ ഗൂഗിളിന്റെ പ്രശ്നമോ? അതുമല്ലെങ്കിൽ ഡിലീറ്റ് ചെയ്തതോ! ഇങ്ങനെ ഒരു കമന്റ് ഉണ്ടായിരുന്നതിന്റെ സൂചനപോലും അവിടെ കാണുന്നില്ല :( :(സസ്‌നേഹം
മണി

---------- Forwarded message ------

ഒരിടവേളയ്ക്ക് ശേഷം വീണ്ടും പതിവുകാഴ്ചകളിൽ അനിലേട്ടൻ തിരുച്ചുവരുന്നതിന്റെ സന്തോഷം അറിയിക്കട്ടെ. മുൻപത്തേതു പോലെ പതിവുകാഴ്ചകൾ വീണ്ടും സജീവമാകും എന്ന് പ്രതീക്ഷിക്കുന്നു.

continued...

അനില്‍@ബ്ലോഗ് // anil said...

mail from manikandan:

അനിലേട്ടൻ ഇവിടെ പറഞ്ഞ അഭിപ്രായങ്ങളോട് എനിയ്ക്ക് വിയോജിപ്പാണുള്ളത്. അച്യുതാനന്ദൻ സർക്കാരിന്റെ (ആപ്രയോഗമാണ് കൂടുതൽ യോജിക്കുക എന്ന് ഞാൻ കരുതുന്നു; പണ്ടായിരുന്നെങ്കിൽ എൽ ഡി എഫ് സർക്കാർ എന്ന് പറയാമായിരുന്നു) ഭരണം കേരളത്തിന്റെ സാമ്പത്തികസ്ഥിതി മുൻ‌കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെടുത്തി എന്നത് ശരിതന്നെ. എന്നാൽ ജാതി വർഗ്ഗ പ്രീണനത്തിന്റെ കാര്യത്തിൽ ഈ സർക്കാർ വിഭിന്നമായ നിലപാട് സ്വീകരിച്ചു എന്ന് ഞാൻ അരുതുന്നില്ല. പല അവസരങ്ങളിലും ഈ സർക്കാരിന്റെ പ്രതിനിധികളായി മുതിർന്ന മന്ത്രിസഭാംഗങ്ങൾ തന്നെ പലപ്പോഴും അരമനകൾ കയറി ഇറങ്ങിയിട്ടുണ്ട്. അടുത്തയിടെ പാർട്ടി വിട്ട സിന്ധുജോയി 2009-ലെ പാർലമെന്റ് ഇലക്ഷിനിൽ കെ വി തോമസ്സിനെതിരെ മത്സരിക്കാൻ മാർ വർക്കി വിതയത്തിലിന്റെ അനുഗ്രഹം തേടി എത്തിയിരുന്നതും, പ്രാർത്ഥന നടത്തുന്നതുമായ് യൂ ട്യൂബ് ദൃശ്യങ്ങൾ ആരും മറന്നിരിക്കില്ല, ഇത് പാർട്ടി അറിയാതെയുള്ള നടപടിആയിരുന്നു എന്ന് കരുതാൻ നിർവ്വാഹമില്ല. എം എ ബേബിയെപ്പോലുള്ള മുതിർന്ന അംഗങ്ങളും പലപ്പോഴും അരമനകളിൽ സഹായം തേടി എത്തിയിട്ടുണ്ട്. 140-ൽ 100സീറ്റിനടുത്ത് നേടി ജയിച്ച, നിയമസഭയിൽ മൃഗീയഭൂരിപക്ഷമുള്ള ഒരു സർക്കാരിന്റെ അവസ്ഥ ഇതാണെങ്കിൽ ഇപ്പോഴത്തെ തൂക്ക് സർക്കാരിന്റെമേലുണ്ടാകാവുന്ന സമ്മർദ്ദങ്ങൾ എത്രയാവും. ഇത്ര മൃഗീയമായ ഭൂരിപക്ഷം ഉണ്ടായിട്ടും പലപ്പോഴും അച്യുതാനന്ദൻ സർക്കാരിന് സ്വാശ്രയ പ്രഫഷണൽ ഉൾപ്പടെ പലവിഷയങ്ങളിലും അനുരഞ്ജനത്തിന് തയ്യാറാകേണ്ടി വന്നു.

ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് അവിടുത്തെ ജാതി മത സമവാക്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണം എറണാകുളം നിയമസഭാമണ്ഡലം തന്നെ. പാർട്ടി സ്വന്തം സ്ഥാനാർത്ഥിയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചിട്ടുള്ളത് അപൂർവ്വമായി മാത്രം. സ്വന്തം ചിഹ്നത്തിൽ മത്സരിച്ചാൽ സ്ഥാനാർത്ഥി ജയിക്കില്ലെന്ന് പാർട്ടി വിശ്വസിക്കുന്നു. അതാവും സെബാസ്റ്റ്യൻ പോളിനെ സ്വതന്ത്രനായി പാർട്ടി മത്സരിപ്പിക്കുന്നതിന്റെ അടവ് നയം. (കൃസ്ത്യൻ വോട്ടുകൾ കൂടുതലുള്ള പലസ്ഥലങ്ങളിലും പാർട്ടിയുടെ അടവുനയം ഇതുതന്നെ) പാർലമെന്റ് ഇലക്ഷിനിൽ സീറ്റ് കിട്ടാഞ്ഞതിനാൽ രാഷ്ട്രീയം നിറുത്തി സുപ്രീം‌കോടതിയിൽ പ്രക്റ്റീസിനുപോയ അദ്ദേഹത്തെ തിരിച്ച് ഇവിടെ എത്തിച്ചത് സാധാരണക്കാരായ പാർട്ടി പ്രവർത്തകരും അനുഭാവികളും സ്വീകരിച്ചില്ല എന്നതിന്റെ തെളിവാണ് 32437 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഹൈബി ഈഡൻ ജയിച്ചപ്പോൾ വെറും 27482 വോട്ടുകൾ (എതിർസ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തേക്കാൾ കുറവ്) അദ്ദേഹത്തിന് കിട്ടിയത്. പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സെബാസ്റ്റ്യൻ പോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അന്നാണ് മാർ വർക്കി വിതയത്തിൽ കാലം ചെയ്തത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി പ്രകാശ് കാരാട്ടിന്റെ പരിപാടി മാറ്റിവെച്ചിട്ടും പിതാവിന്റെ ‘ചുവന്ന തൊപ്പിയും ചുവന്ന കുപ്പയവും’ അണിഞ്ഞ ചിത്രത്തോടും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന വാക്കുകളോടും കൂടിയ 12 അടിപൊക്കമുള്ള ഫ്ലക്സ് ബോർഡ് ടൗൺ ഹാളിനു മുന്നിൽ ഇലക്ഷൻ കഴിയും വരെ സ്ഥാപിച്ചിട്ടും വിശ്വാസികളുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല എന്ന് വേണം കരുതാൻ.

ജാതി മത വിഭാഗീയ ചിന്തകൾ വോട്ടിൽ പ്രതിഫലിയ്ക്കും എന്നതിന്റെ മറ്റൊരു തെളിവാണ് കളമശ്ശേരി നിയമസഭാമണ്ഡലം. മട്ടാഞ്ചേരി മണ്ഡലം ഇല്ലാതായതിനാൽ മട്ടാഞ്ചേരിയ്ക്ക് പകരം മുസ്ലീം ലീഗിന് യു ഡി എഫ് നൽകിയ മണ്ഡലമായിരുന്നു ഇത്തവണ കളമശ്ശേരി. മട്ടാഞ്ചേരി ഉൾപ്പെടുന്ന പുതിയ കൊച്ചി മണ്ഡലം പകരം കോൺഗ്രസ്സ് എടുത്തു. കളമശ്ശേരിയിൽ മുസ്ലീം ലീഗിനെതിരായ വികാരം ഉണ്ടാകുമെന്നും അതിനെ മുതലെടുക്കാം എന്നും കരുതിയാവണം സിറ്റിങ് എം എൽ എ ആയ എ എം യൂസഫിനെ മാറ്റി ചന്ദ്രൻ പിള്ളയെ നിറുത്താൻ പാർട്ടിയെ പ്രേരിപ്പിച്ച ഘടകം എന്ന് ഞാൻ കരുതുന്നു. കോൺഗ്രസ്സുകാരാ നിങ്ങൾക്ക് നാണമില്ലെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യാൻ എന്ന ഫ്ലക്സുകൾ പലസ്ഥലത്തും ഉണ്ടായിട്ടും 7789 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി ജയിക്കുകയാണ് ഉണ്ടായത്. എ എം യൂസഫാകട്ടെ ആലുവയിൽ അൻ‌വർ സാദത്തിനോട് തോൽക്കുകയും ചെയ്തു. ഫലത്തിൽ ഉത്തരത്തിൽ ഇരുന്നതും ഇല്ല കക്ഷത്തിൽ ഉണ്ടായിരുന്നതും പോയി എന്ന അവസ്ഥ.

ആദർശങ്ങൾ എന്തെല്ലാം പറഞ്ഞാലും എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിനിർണ്ണയത്തിൽ ജാതി മത വർഗ്ഗ ചിന്തകൾക്ക് അടിമപ്പെട്ടുതന്നെ പ്രവർത്തിക്കുന്നു എന്ന് ഞാൻ കരുതുന്നു.ശ്രീ മനോജ് ഇവിടെ രേഖപ്പെടുത്തിയ അഭിപ്രായവും പ്രസക്തമാണെന്ന് ഞാൻ കരുതുന്നു.

nasthikan said...

ദേവാലയ പരിസരത്ത് പ്രവേശിച്ച് അവിടെ വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും എല്ലാം പുറത്താക്കാനും പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്‍ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളയാനും ഇനിയും ഒരു യേശുവും വരില്ല എന്ന് നന്നായി നിശ്ചയമുള്ളത് അച്ചന്മാര്‍ക്കു തന്നെയാണ്‌.

അതുകൊണ്ട് അവരോട് എന്ത് പറഞ്ഞിട്ട് പ്രയോജനം?

"എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു: നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീര്‍ക്കുന്നു".-( മത്തായി: 21:13)

ശ്രദ്ധേയന്‍ | shradheyan said...

:)

ഷാ said...

പതിവുകാഴ്ചകളില്‍ പതിവായി വന്നു നോക്കിയിരുന്നു.

ഈ തിരിച്ചുവരവില്‍ സന്തോഷം.

യാത്രികന്‍ said...

കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നു വച്ചാല്‍ കത്തോലിക്കര്‍ മാത്രമാണ് എന്നു വിചാരിക്കരുത്. കത്തോലിക്കരും, Orthodox പക്ഷവും UDF നോട് ഒപ്പം ആയിരുന്നുവെങ്ങില്‍, യാക്കോബാക്കര്‍ LDF നോട് ചേര്ന്ന് നിന്നു.

പിന്നെ അച്ചന്മാര്‍ പറയുന്നതിനൊക്കെ ഇപ്പോള്‍ പഴയ പോലെ wait ഇല്ല എന്നുള്ളത് സത്യം.

അനില്‍@ബ്ലോഗ് // anil said...

നിരുപദ്രവകാരി,
അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഹന്ലലത്ത്,
ഇനി ഇവിടൊക്കെ തന്നെ കാണും, നന്ദി.

മണി,
ഗൂഗിളിന്റെ കളികള്‍ കാരണം ചില കമന്റുകള്‍ കാണാതെ വരാരുണ്ട്, അതിന്റെ പേരില്‍ പല ബ്ലോഗുകളിലും പിണക്കങ്ങളും നടന്നിട്ടുണ്ട്.

താങ്കളുടെ അഭിപ്രായങ്ങളോട് ഞാനും പൂര്‍ണ്ണ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നില്ല. ഭൂരിപക്ഷം മാത്രം അടിസ്ഥാനപ്പെടുത്തുന്ന ജനാധിപത്യ പ്രക്രിയയില്‍ എല്ലാ കൂടുതല്‍ വോട്ടു നേടാനായി ചില തന്ത്രങ്ങള്‍ എല്ലാരും കാണിക്കും, അടവ് നയം എന്ന് താങ്കള്‍ തന്നെ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന നയങ്ങളില്‍ വെള്ളം ചേര്‍ക്കാതെ അത് ആവുന്നതില്‍ തെറ്റില്ല. എന്നാല്‍ സഭകള്‍ ദൈവിക കാര്യങ്ങള്‍ മാത്രം നോക്കുകയല്ലേ ഉചിതം? ഇടതു പക്ഷത്തെ തോല്‍പ്പിക്കാന്‍ അവര്‍ എല്ലാ പരിധികളും ലംഖിച്ചു , എന്നാലോ അതിന്റെ ഫലം കണ്ടുമില്ല, ചുരുക്കത്തില്‍ നാണം കേട്ടത് മിച്ചം.

നാസ്തികന്‍, ശ്രദ്ധേയന്‍, നന്ദി.

ഷാ, വളരെ നന്ദി, സപ്പോര്‍ട്ടിന്.

യാത്രികന്‍,
നന്ദി.

P. M. Pathrose said...

ഏറണാകുളം, കൊച്ചി മണ്ഡലങ്ങളിലെ ഫലവും ജയിച്ച സ്ഥാനാര്‍ത്ഥികളുടെ ലീഡും മാത്രം നോക്കിയാല്‍ മതി ഇടയലേഖനങ്ങള്‍ അങ്ങനെ പാഴായിപ്പോയിട്ടില്ല എന്നു മനസിലാക്കാന്‍.

{{ സഭകള്‍ ദൈവിക കാര്യങ്ങള്‍ മാത്രം നോക്കുകയല്ലേ ഉചിതം? }}

ഈ വാചകം രണ്ടു നൂറ്റാണ്ടിനു മുന്‍പ്‌ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഈ നാടിന്‍റെ അവസ്ഥ? മിഷനറിമാര്‍ സ്ഥാപിച്ച പള്ളിക്കൂടങ്ങളില്‍ പഠിച്ചാണ് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന ഒരു ജനത അക്ഷരം പഠിച്ചത്. ആ വിദ്യാലയങ്ങളില്‍ നിന്ന് കിട്ടിയ അറിവിന്റെ വെളിച്ചത്തിലാണ് തങ്ങള്‍ തലമുറകളായി അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് ഇവിടുത്തെ കീഴാളര്‍ മനസിലാക്കിയത്. തങ്ങളുടെ സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍ അര്‍ഹതയുണ്ടെന്നു അവര്‍ ആദ്യമായി മനസിലായത് ഇതേ സഭക്കാരില്‍ നിന്നാണ്. നാട്ടുവൈദ്യവും മന്ത്രവാദവും ആയിരുന്നു ഒരുകാലത്ത് ഇവിടുത്തെ ആരോഗ്യവകുപ്പ്. ഇവിടെ ആദ്യമായി ആശുപത്രികള്‍ സ്ഥാപിച്ചത്‌ ആരാണ്? അച്ചടിശാലകളും അനാഥാലയങ്ങളും സ്ഥാപിച്ചത്‌ ആരാണ്? നാടുഭരിക്കുന്ന തമ്പ്രാക്കന്മാര്‍ കഥകളിയിലും കച്ചേരികളിലും കാമാക്ഷിമാരിലും ലയിച്ചുകഴിഞ്ഞിരുന്ന ഒരു കാലത്ത്‌ സര്‍ക്കാര്‍ ചെയ്യേണ്ട കടമകള്‍ ചെയ്തിരുന്നത് ആരാണ്? ദുര്‍ഘടമായ മലമ്പ്രദേശങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന കടലോര ഗ്രാമങ്ങളിലും ചെന്നെത്തി അവിടുത്തെ ജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ആരാണ്? അന്നൊന്നും "സഭകള്‍ ദൈവിക കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി" എന്ന് അവരോട് ആരും പറയാഞ്ഞത് എന്തുകൊണ്ടാണ്‌? ഇപ്പോള്‍ പിന്നോക്കസമുദായങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍, ആതുരസേവനത്തിനും സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട് എന്ന അവസ്ഥ വന്നപ്പോള്‍ "കൂരായണ...കൂരായണ".

ക്രിസ്തീയത ഒരു പാര്‍ട്ട്‌ടൈം ഇടപാടല്ല.

Typist | എഴുത്തുകാരി said...

അനിൽ, സന്തോഷം, തിരിച്ചെത്തിയതിൽ.

ഇ.എ.സജിം തട്ടത്തുമല said...

താങ്കളുടെ ബ്ലോഗുകളിലൂടെ ഞാൻ ഇന്നൊരു പര്യടനം നടത്തി. ഉപകരപ്രദമായ ഉബുണ്ടു പോസ്റ്റുകളടക്കം വായിച്ചു. സന്തോഷം.

പിന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യം പറയാതിരിക്കുന്നതാണു നല്ലത്. ആ മലപ്പുറത്തൊക്കെ ഇനി എന്നാണാവോ ഒരു മാറ്റം പ്രതീക്ഷിക്കുക. കഷടം തന്നെ! കുറെ സ്വാശ്രയ കോപ്പുകൽ കാരണം ഇടതുപക്ഷത്തിനെതിരെ കുറെ ഇടയ ലേഖനങ്ങളും. നല്ല കാര്യങ്ങൾക്ക് പലപ്പോഴും കോടതികൾ തന്നെ തടസമാകുന്ന ഇവിടെ സാധാരണ ജനങ്ങളുടെ പ്രബുദ്ധതയെപറ്റി വേവലാതിപ്പെട്ടിട്ട് എന്തുകാര്യം? അവരെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം? അനുഭവിക്കുക തന്നെ!

pulari said...

കേരള രാഷ്ട്രിയം നിയന്ത്രിക്കുന്നത് ഞാങ്ങലാനെന്ന ഒരു തോന്നല്‍ അടുത്ത കാലത്തായി കത്തോലിക്കാ സഭകള്‍ക്ക് ഉണ്ട്.
അതില്‍ വലിയ കഴമ്പില്ലെന്ന് ഇപ്പോള്‍ മനസ്സിലായി.
തരംഗത്തിന്റെ ഭാഗമായി ജയിക്കുമ്പോള്‍ അത് സ്വന്തം പെരിലാക്കുക,
പരാജയപെട്ടാല്‍ മിണ്ടാതിരിക്കുക.ഇതാനിവരുടെ രിതി.
രാഹുല്‍-ബിഷപ്പുമാരുടെ ഇടപെടല്‍ മുലം, ഹൈന്ദവ വോട്ടുകളും, മുസ്ലിം വോട്ടുകളും മദ്ധ്യ-ദക്ഷിണ കേരളത്തില്‍ കൊണ്ഗ്രസിനെതിരെ തിരിഞ്ഞെന്നതാണ് വാസ്തവം.

പാഞ്ചജന്യം said...

ഈ തെരഞ്ഞെടുപ്പില്‍ പിന്നോക്ക-മര്‍ദ്ദിത-അധസ്ഥിത-കൈവെട്ടിജനതയുടെ പുത്തന്‍ പ്രതീക്ഷയായ, കിഴക്കിന്റെ ഹമാസ്‌ എന്നറിയപ്പെടുന്ന SDPI നേടിയ "ഉജ്ജ്വല" വിജയത്തെക്കുറിച്ച് പുലരിക്ക് ഒന്നും പറയാനില്ലല്ലോ, ഭാഗ്യം!!!!

Murali said...

ഒരു ഇടയ ലേഖനവും പാഴായിപ്പോയിട്ടില്ല. കുഞ്ഞാടുകളുടെ വോട്ടുകളെല്ലാം പെട്ടിയില്‍ വീണല്ലോ.

പാര്‍ട്ടി മെംബറായ എന്റെ ഒരു ബന്ധു പറഞ്ഞത് മറ്റൊരു ബ്ലോഗിലെ കമന്റില്‍ ഞാന്‍ എഴുതിയിരുന്നു: സി.പി.എം ഹിന്ദുക്കളുടെ കേരളാ കോണ്‍ഗ്രസ്സാണ്. അതു മനസ്സിലാക്കിയ (വൈകിയാണെങ്കിലും) ഒരേ ഒരു നേതാവേ സി.പി.എം-ല്‍ ഉണ്ടായിരുന്നുള്ളൂ - സാക്ഷാല്‍ ഇ.എം.എസ്.

എന്റെ ബന്ധുവിന്റെ അഭിപ്രായം ഒരു തിരഞ്ഞെടുപ്പുകൂടി ശരിവച്ചിരിക്കുന്നു.

യാത്രികന്‍ said...

P. M. Pathrose, "ദുര്‍ഘടമായ മലമ്പ്രദേശങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന കടലോര ഗ്രാമങ്ങളിലും ചെന്നെത്തി അവിടുത്തെ ജനതയെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്" തീര്‍ച്ചയായും ദൈവീകമായ ഒരു വേല ആണെന്നാണ് എന്റെ അഭിപ്രായം. ലാഭേച്ഛയോടെ സ്വാശ്രയ medical college ഉം engineering college ഉം നടത്തുന്നതില്‍ അത്രയും ദൈവീകത ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.

Agreed, സഭയുടെ സ്വാശ്രയ college കളില്‍ പാവപ്പെട്ടവനും ഉന്നത വിദ്യാഭ്യാസത്തിന് ഉള്ള അവസരം ഉണ്ട്. But they can NOT be compared to starting a school in a tribal area.

പക്ഷേ താങ്കള്‍ പറയുന്ന "കൂരായണ കൂരായണ" എന്നത് ഒരു പരിധി വരെ ശരി ആണ്. I would put it more like, the child (Kerala society) has grown up and does not need the hand holding of the parent (സഭ) any more. പക്ഷേ ഈ മുതിര്‍ന്ന കൊച്ചിനും ചോറ് വാരിക്കൊടുക്കണം എന്ന് parent വാശി പിടിക്കുക ആണ്.

jayarajmurukkumpuzha said...

assalayi...... aashamsakal.........

Villagemaan said...

ഇടതു കക്ഷികള്‍ മോശക്കാരാണോ സുഹൃത്തേ ? സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അവരും ജാതി സമവാക്യങ്ങളുടെ പിന്നാലെ അല്ലെ ? അരമനകള്‍ കയറി ഇറങ്ങാന്‍ ആരാ മോശക്കാര്‍? വിദ്യാഭ്യാസ നയങ്ങള്‍ പാളി എന്നാ ആരോപണം വന്നപ്പോള്‍ മന്ത്രി തന്നെ മുന്നിട്ടിരങ്ങിയതും, തിരഞ്ഞെടുപ്പടുതപ്പോള്‍ ആദ്യത്തെ എതിര്‍പ്പിന്റെ ശക്തി കുറഞ്ഞതും അതുമൂലമല്ലേ ?

@ ശ്രീ പത്രോസ്: വിദ്യാഭ്യാസ രംഗത്തും, ആതുര സേവന രംഗത്തും ആരും ക്രിസ്തീയ സഭകളുടെ സംഭാവനകള്‍ കുറച്ചു കാണും എന്ന് തോന്നുന്നില്ല..എന്നാല്‍ ഭരണാധികാരികളെ നിശ്ചയിക്കാനും തങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നവരെ മാത്രം തിരഞ്ഞെടുക്കാനും അവര്‍ ഇടപെടുന്നതില്‍ വിയോജിപ്പുണ്ട്. സ്വന്തം സമുദായം നടത്തുന്ന സ്കൂളുകളില്‍ മാത്രമേ സമുദായംഗങ്ങള്‍ പഠിക്കാവൂ തുടങ്ങിയ ജല്‍പ്പനങ്ങള്‍ ഇന്നാട്ടിലെ മത സാഹോദര്യത്തെ നശിപ്പിക്കാനെ ഉതകൂ. നാളെ എല്ലാവരും സ്വന്തം സമുദായം എന്നും പറഞ്ഞു തുടങ്ങിയാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും എന്ന് ആലോചിക്കൂ

Satheesh Haripad said...

നന്നായി മാഷേ. ഇവിടുത്തെ സാധാരണ ജനങ്ങൾ മതനേതാക്കന്മാരുടെ വാക്കുകേട്ടുമാത്രം ജീവിക്കുന്നതരത്തിൽ അധപതിച്ചിട്ടില്ല എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു കഴിഞ്ഞു.

ആശംസകൾ
satheeshharipad.blogspot.com

saji said...

kollam