മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും ഏതാണ്ട് 4 കി മീ ദൂരെ എന്‍ എച്ച് 17 ഇല് സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വട്ടപ്പാറയെന്നതിനേക്കാള്‍ വട്ടപ്പാറ വളവ് എന്നതാണ് ഏറെ പരിചിതം. റോഡില്‍ സാധാരണമെന്ന് തോന്നാവുന്ന ഒരു 90 ഡിഗ്രി വളവ് മാത്രമാണിതെങ്കിലും ആഴ്ചയില്‍ ഒരു ലോറിയെങ്കിലും എന്ന നിരക്കില്‍ മറിഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി. ഗാസ് ടാങ്കര്‍ ലോറികള്‍ മറിയുന്നതും പോലീസ് ഫയര്‍ഫോഴ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നാട്ടുകാര്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ തീപോലും കത്തിക്കാതെ സുരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും നിത്യ സംഭവമാണ്. ഏതാനും വര്‍ഷം മുന്നെ കോടികള്‍ മുടക്കി വട്ടപ്പാറ വളവ് പരിഷ്കരിച്ചെങ്കിലും അപകടം ഒരു തുടര്‍ക്കഥയാണിന്നും. കഴിഞ്ഞ ദിവസം ഒരു ഗാസ് ടാങ്കര്‍ ലോറി മറിയുകയും, ഗാസ് ലീക്ക് ആയതിനേത്തുടര്‍ന്ന് എഞ്ചിന് പോലും ഓഫ് ചെയ്യാതെ ക്രൂ ഓടി രക്ഷപ്പെട്ടതും അവസാനം നാട്ടുകാര്‍ തന്നെ ജീവന് പണയം വച്ച് വണ്ടി ഓഫ് ചെയ്തതും ഏറെ ബഹളത്തിനിടയാക്കിയിരുന്നു.
ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാവുന്ന ചെറിയ ഒരു പ്രശ്നമാണ് വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും ഏറെ ധന നഷ്ടത്തിനും ജീവനഷ്ടത്തിനും ഇടയാക്കുന്നത്. ചില ചിത്രങ്ങള്‍ നോക്കുക.





ആങ്കിള്‍ ഓഫ് ബാങ്കിങ്
വലിയ ശാസ്തീയാന്വേഷണത്തിനൊന്നും പോകാതെ മനസ്സിലാക്കാവുന്ന കാര്യമാണ് ബാങ്കിങ് അധവാ ചരിവ്. വേഗതയില്‍ ഒരു വളവിലൂടെ ഓടുന്ന ഒരു വാഹനം എപ്പോഴും പുറത്തേക്ക് തെറിക്കാനുള്ള ഒരു സാധ്യതിയിലാണ് സഞ്ചരിക്കുന്നതെന്നത് നമ്മള് ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. സെണ്ട്രിഫ്യൂഗല്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഈ ബലം വാഹനവും റോഡും തമ്മിലുള്ള ഗ്രിപ്പ് (ഘര്‍ഷണം) മൂലം തുലനം ചെയ്യപ്പെട്ടാല്‍ വാഹനം പാതയില്‍ തുടര്‍ന്ന് സഞ്ചരിക്കും, അല്ലെങ്കില്‍ നിര്‍ദ്ദിഷ്ഠപാതയില്‍ നിന്നും തെന്നി മാറും. ഘര്‍ഷണം എന്നത് വാഹനത്തിന്റെ ഭാരം, റോഡിന്റെ പ്രതലം, വേഗത എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഈ വളവില്‍ അപകടമില്ലാതെ സാദ്ധ്യമാകുന്ന പരമാവധി വേഗം
# ചരിവിനു ആനുപാതികം ആയിരിക്കും.
# ഭാരത്തിനു ആനുപാതികം ആയിരിക്കും.
സ്കൂള്‍ കുട്ടിക്കുപോലും നിര്‍ദ്ധരണം ചെയ്യാവുന്ന ഈ പ്രശ്നം കോടികള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ മഹാരഥന്മാര്ക്ക് സാധിച്ചില്ലെന്ന് പറയേണ്ടി വരും.
പ്രശ്നപരിഹാരത്തിനു നാല് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.
1) റോഡ് ഇപ്രകാരം നില നിര്‍ത്തിക്കൊണ്ട് വേഗത നിയന്ത്രിച്ച് നിര്‍ത്താം. ഒരു പക്ഷെ എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാവില്ല.
2) റോഡിന്റെ ചരിവ് വര്‍ദ്ധിപ്പിക്കുക.
3) റോഡിലെ വളവ് നിവര്‍ത്തുക.
4) കുറ്റിപ്പുറത്തുനിന്നും ദൂരം കുറഞ്ഞ പാതയായ ബൈപ്പാസ് വിപുലീകരിക്കുക. (പണ്ട് ഹൈവേ ആ വഴിയിലൂടെ നിര്‍ദ്ദേശിച്ചതാണെന്നും വളാഞ്ചേരി ലോബിയുടെ പിടിയാല്‍ റോഡ് വളാഞ്ചേരിയിലൂടെ വന്നതാണെന്നും പിന്നാമ്പുറ കഥകള്‍ )
കോടിക്കണക്കിനു രൂപ ഹൈവേക്കായി മുടക്കുന്ന ഈ നാട്ടില്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും തന്നെ അസാദ്ധ്യമല്ല, മനുഷ്യജീവന് വിലയുണ്ടെന്ന് ഭരണകൂടം തിരിച്ചറിഞ്ഞാല്‍ മാത്രം മതി.
കൌതുക വാര്‍ത്ത.

വളവില്‍ ഒന്നും ചെയ്തില്ലെന്ന് ആരും പറയരുത്. വലിയൊരു കണ്ണാടി സ്ഥാപിച്ചിട്ടുണ്ട്. മറിയുന്ന വണ്ടിയില്‍ നിന്നും ഇറങ്ങി വരുന്നവര്‍ക്ക് ആസനത്തില്‍ പറ്റിയിരിക്കുന്ന പൊടി തട്ടിക്കളയാനാവും എന്ന് കരുതാം. രണ്ടെണ്ണം ഉണ്ടായിരുന്നു ഒന്ന് ഒരു ലോറി മറിഞ്ഞ് പൊട്ടിപ്പോയിരിക്കുന്നു.