2/11/2010

റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം

നമ്മുടെ ബൂലോകം പ്രസിദ്ധീകരിച്ച കുറിപ്പ് റീ പോസ്റ്റ് ചെയ്യുന്നു.

റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം:

അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് നടത്തിയൊരു പ്രസ്ഥാവന കാര്യമായ രീതിയില്‍ മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ഇപ്രകാരം മിന്നിമറഞ്ഞു പോകുന്ന പല കേന്ദ്ര പ്രസ്ഥാവനകളും നിര്‍വ്വഹണ ഘട്ടം എത്തുമ്പോള്‍ മാത്രമാണ് പൊതുജനം തിരിച്ചറിയുന്നതെന്നത്, ഈവിഷയത്തിലും ആവര്‍ത്തിക്കുന്ന പക്ഷം ഇന്ത്യന്‍ ആരോഗ്യ രംഗം വന്‍ വില നല്‍കേണ്ട സ്ഥിതിയിലേക്ക് നയിക്കപ്പെടും. ബിഎ.ആര്‍.എം.എസ് (ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന്‍ ആന്റ് സര്‍ജറി ) എന്ന ഓമനപ്പേരിലറിയപ്പെടാന്‍ പോകുന്ന പുതിയ ബിരുദ കോഴ്സ് മുഖാന്തിരം ഒന്നര ലക്ഷം ഗ്രാമീണ ഡോക്റ്റര്‍മാരെ സൃഷ്ടിച്ചെടുക്കുമെന്നതായിരുന്നു ആ പ്രസ്ഥാവന. പ്രസ്ഥാവനക്കടിസ്ഥാനമായ സാഹചര്യം ഗൌരവമായ ചര്‍ച്ചയിലേക്ക് നയിക്കേണ്ടുന്ന ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവേണ്ടതില്ല, എന്തെന്നാല്‍ ഇന്ത്യന്‍ ഗ്രാമീണ ആരോഗ്യ രംഗത്ത് ഡോക്ടമാരുടെ സേവനം വളരെ കുറവാണെന്നത് ഒരു വസ്തുത ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5000 പേര്‍ക്ക് ഒരു സബ് സെന്റര്‍, 30000 പേര്‍ക്ക് ഒരു പ്രൈമറീ ഹെല്‍ത്ത് സെന്റര്‍ എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ വിന്യാസം. ഉത്തര്‍ ഘണ്ട്, ഛാര്‍ഘണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിച്ചാല്‍ ഒരു എം.ബി.ബി.എസ് ഡോക്ടര്‍ പോലുമില്ലാത്ത പ്രൈമറി ഹെല്‍ത്ത് സെന്റേഴ് ഒട്ടനവധിയാണ്, തത്ഫലമായൊ 30000 പേര്‍ക്ക് കേവലം 1.6 ഡോക്ടര്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ഗ്രാമീണ മേഖല. ചിത്രം കാണുക, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു താഴെ എത്ര ആയിരങ്ങള്‍ വരുന്നു എന്ന് കാണാം.


ശരാശരി ഇന്ത്യന്‍ ഗ്രാമീണ ജനത ജീവിക്കുന്നത് വളരെ താഴ്ന ജീവിത നിലവാരത്തിലാണെന്ന് പല സര്‍വ്വേകളും വെളിവാക്കുന്നുണ്ട്. താരതമ്യേന മെച്ചപ്പെട്ട ജീവിത സാ‍ഹചര്യം നിലനില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് പോലും ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മോശം ഭൌതിക സാഹചര്യങ്ങളും കുറഞ്ഞ ഫീസ് ലഭ്യതയും കൂടിച്ചേര്‍ന്ന് നാട്ടിന്‍പുറങ്ങളിലെ ചികിത്സ അനാകര്‍ഷകമാക്കുന്നതോടൊപ്പം, കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഏറി വരുന്നതും (സ്വദേശത്തും വിദേശത്തും) ഈ അവസ്ഥക്ക് കാരണമാണ്. ഇതിന് ആക്കം കൂട്ടുന്നതാണ് ഇന്നത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സംവിധാനം. മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതില്‍ ഭൂരിപക്ഷവും പട്ടണപ്രദേശത്തുകാരോ, ഗ്രാമങ്ങളില്‍ നിന്നുമാണെങ്കില്‍ ഉയര്‍ന്ന് സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരോ ആണ്.

ഈ സാഹചര്യത്തിലാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്നും തന്നെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ തിരഞ്ഞെടുത്ത്, ജില്ലാ തലത്തില്‍ തന്നെ പഠന സൌകര്യം ഒരുക്കി ഗ്രാമീണ വൈദ്യ സേവനത്തിനായ് അയക്കാന്‍ വിഭാവനം ചെയ്യുന്ന പുതിയ കോഴ്സ് ഉടലെടുക്കുന്നത്. ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്റ് സര്‍ജറി എന്ന പേര് ആദ്യ ഘട്ടത്തില്‍ തന്നെ ഐ.എം.എ പോലെയുള്ള സംഘടനകളുടെ എതിര്‍പ്പ് വിളിച്ചു വരുത്തുകയു ഇതേ തുടര്‍ന്ന് പേരുമാറ്റി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തു. ബാച്ചലര്‍ ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എന്ന രീതിയില്‍ മാറ്റാന്‍ ശ്രമിച്ച ബിരുദം ഒടുവില്‍ ഈ കഴിഞ്ഞയാഴ്ച ബാച്ചലര്‍ ഓഫ് റൂറല്‍ ഹെല്‍ത്ത് കെയര്‍ (BRHC) എന്ന പേരില്‍ എത്തി നില്‍ക്കുന്നു.

പ്രീഡിഗ്രിയോ തത്തുല്യ യോഗ്യതയോടെ ഭൌതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം എന്നിവ പഠിച്ച കുട്ടികളില്‍ നിന്നും ഒരു പ്രവേശനപരീക്ഷയിലൂടെ ആളുകളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലനമാവട്ടെ , ജില്ലാ ആശുപത്രിയില്‍ കുറയാത്ത നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് നടത്തപ്പെടുക, കോഴ്സിന്റെ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും മെഡിക്കല്‍ പഠനത്തിന് സമാന്തരമായ സംവിധാനങ്ങള്‍ ഒരുക്കാനാണ് സാദ്ധ്യത എന്നും പറയപ്പെടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്‍കുന്ന ഈ ബിരുദധാരികളെ മതിയായ പരിശീലനങ്ങള്‍ക്ക് ശേഷം പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെക്ക് വിന്യസിക്കുന്നതായിരിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് ശ്രീ.ദേശായി നടത്തിയ പത്ര സമ്മേളനത്തില്‍ വെളിവാക്കപ്പെട്ടത് അനുസരിച്ച് കോഴ്സ് പേര് മാറിയെങ്കിലും മെഡിക്കല്‍ സിലബസിലെ മിക്കവാറും എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന രീതിയിലായിരിക്കും കോഴ്സിന്റെ ഘടന.മെഡിസിന്‍, സര്‍ജറി (ഹെര്‍ണിയ, വയറു വേദന, അപ്പന്റിസൈറ്റിസ് തുടങ്ങിയ ഗ്രാമീണ മേഖലയില്‍ അവശ്യം വേണ്ടവ) ഗൈനക്കോളജി , ഫാര്‍മക്കോളജി തുടങ്ങി എല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇതിനും പുറമേ കാലാകാലങ്ങളില്‍ സിലബസ് പരിഷ്കരിക്കുന്നതുമായിരിക്കും.

മേല്‍ വിവരങ്ങള്‍ മൊത്തമായി സംഗ്രഹിച്ചാല്‍ ചികിത്സാ രംഗത്തേക്ക് ഒരു പിന്‍ വാതില്‍ തുറക്കുന്നതായിരിക്കും പുതിയ കോഴ്സുകള്‍ എന്നതില്‍ സംശയമില്ല. യഥാര്‍ത്ഥത്തില്‍ ഇത് ഉദ്ദേശിച്ച ഫലം ചെയ്യുമോ എന്ന് നമുക്ക് പരിശോധിക്കാം.

ഗ്രാമീണമേഖലയില്‍ നിന്നും ഇത്രയധികം വിദ്യാര്‍ത്ഥികളെ ലഭിക്കുവാന്‍ സാദ്ധ്യത കുറവാണെന്നതു തന്നെ അടിസ്ഥാനപരമായി ഈ സങ്കല്പത്തെ തുരങ്കം വക്കുന്നു. കേരളത്തിലെ സാഹചര്യം വച്ച് നാം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ പടില്ല.

ഒരുക്കുന്ന പഠന സൌകര്യങ്ങള്‍ എത്രമാത്രം ഗുണപരമാവും എന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട്, എന്തെന്നാല്‍ നമ്മുടെ (കേരളത്തിലടക്കം) ഉള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥ നമ്മുടെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു.

പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ മേഖലയില്‍ തന്നെ ജോലി ചെയ്യും എന്ന് ഉറപ്പിക്കാനാവില്ല, അഥവാ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഇവരുടെ സേവനം ലഭ്യമാകുമെന്നും ഉറപ്പ് പറയാനാവില്ല.കോടതി ഇടപെടലുകളും മറ്റും ഈ വിഷയത്തെ ഏതു രീതിയില്‍ മാറ്റി മറിക്കും എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ആരംഭിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ സമീപ കാല ചിത്രം നമ്മുടെ മുന്നില്‍ തെളിയുന്നു.

ഗ്രാമീണ മേഖലയില്‍ ചികിത്സകരെ കൊണ്ടു വരാന്‍ ചികിത്സാ രംഗത്തെ നിലവാരത്തില്‍ വെള്ളം ചേര്‍ക്കുക എന്നുള്ളത് ആത്മഹത്യാ പരമാണ്.

ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ ഏത് ഗ്രാമീണ മേഖലയിലും ഇവര്‍ക്ക് പ്രവര്‍ത്തിക്കാം, കേരളമടക്കം. നിലവില്‍ കേരളത്തിലെ സ്ഥിതി പരിശോധിച്ചാല്‍ ഈ അര വൈദ്യന്മാരെക്കൂടി ഉള്‍ക്കൊള്ളാന്‍ നമുക്ക് ഇടമില്ല.

സര്‍ക്കാര്‍ ചെയ്യേണ്ടത്:
അടിയന്തിരമായി ഈ തീരുമാനം പിന്‍വലിക്കുക.
ഗ്രാമീണ മേഖലയില്‍ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, താമസ്സം മറ്റ് സൌകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ തന്നെ ബാദ്ധ്യതയായി ഏറ്റെടുത്ത് ചെയ്യുക.
ഗ്രാമീണ മേഖലയില്‍ തൊഴിലെടുക്കുന്നതിന് അലവന്‍സുകളും മറ്റും അധികമായി നല്‍കുകയും, ബിരുദാനന്തര പഠനത്തിനും മറ്റും ഗ്രാമീണ സേവനം പ്രീറിക്വിസിറ്റ് എന്ന നിലയില്‍ നിയമാക്കുകയും ചെയ്യുക.
എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍:
നിലവില്‍ സര്‍ക്കാര്‍ തൊഴിലിനു പുറത്ത് നില്‍ക്കുന്ന വലിയൊരു വിഭാഗമാണ് അലോപ്പതി ഇതര ചികിത്സകര്‍. ആയൂര്‍വേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അധിക പരിശീലനം ആവശ്യമെങ്കില്‍ അത് നല്‍കി ഈ മേഖലയില്‍ വിന്യസിക്കുക. തങ്ങള്‍ ഈ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ഇവരുടെ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.
അലോപ്പതിയില്‍ തന്നെ പാരാമെഡിക്കല്‍ വിഭാഗങ്ങളായ ഫാര്‍മസി, നഴ്സിങ് തുടങ്ങിയ വിഭാഗങ്ങള്‍ എം.ബി.ബി.എസിന്റെ അടിസ്ഥാന കോഴ്സുകള്‍ പഠിക്കുന്നവരാണ്. അനാട്ടമി, ഫിസിയോളജി തുടങ്ങിയ എല്ലാ കോഴ്സുകളും ഈ വിഭാഗങ്ങളുടെ പഠനത്തിലുണ്ടെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഈ വിഭാഗം പാരാമെഡിക്കല്‍ വിഭാഗത്തെ കൂടുതല്‍ പരിശീലനം നല്‍കി ഗ്രാമീണ സേവനത്തിന് നിയോഗിക്കാവുന്നതാണ്.

നിലവിലെ ചികിത്സാ രംഗത്ത് കാര്യമായ മൂല്യശോഷണങ്ങള്‍ വരാത്തവണ്ണമുള്ള ഇത്തരം പ്രായോഗിക സമീപനം സ്വീകരിക്കുന്നതിനു പകരം അര വൈദ്യന്മാരെ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരു പരിധി വരെ മൌലികാവകാശത്തിന്റ്റെ ലംഘനം കൂടിയാണ്. എല്ലാ പൌരന്മാര്‍ക്കും തുല്യ നീതി ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഗ്രാമീണര്‍ക്ക് നിലവാരം കുറഞ്ഞ ചികിത്സയും പട്ടണത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും എന്ന കാഴ്ചപ്പാടിലേക്ക് പോകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുക തന്നെ ചെയ്യും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗണ്യമായ അന്തരം ഇനി ശാരീരിക ആരോഗ്യ രംഗത്തേക്കും വ്യാപിക്കുന്നതിന്റെ മുന്നോടിയാവുമോ ഈ പരിഷ്കാരം?
ഗൌരവമാര്‍ന്ന ചര്‍ച്ചകള്‍ ആവശ്യമുള്ള ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയില്ല എന്ന് ആശിക്കാനെ നമുക്കാവൂ.

27 comments:

അനില്‍@ബ്ലോഗ് // anil said...

ഒരു റീ പോസ്റ്റ്

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ..................
നമ്മുടെ കൊഞ്ഞണ്ണന്മാരായ ഡോക്റ്റര്‍മാരുടെ
സാമൂഹ്യ ചൂഷണത്തിന്റെ സുവര്‍ണ്ണകാലം അവസാനിക്കാനായി എന്ന മുന്നറിയിപ്പു നല്‍കുന്ന
കേന്ദ്ര ഗവണ്മെന്റിന്റെ ഈ വിപ്ലവകരമായ
പദ്ധതിയെ ചിത്രകാരന്‍ അഭിവാദ്യങ്ങളോടെ സ്വാഗതം ചെയ്യുന്നു.
പണത്തിനുവേണ്ടി കൊള്ളയും കൂട്ടിക്കൊടുപ്പുമായി
ആരോഗ്യ പരിപാലന രംഗത്തെ വിഷലിപ്തമാക്കിയിട്ടുള്ള മുഴുക്കള്ളന്‍ ഡോക്റ്റര്‍മാരുടെ കരാള ഹസ്തങ്ങളില്‍ നിന്നും
ജനത്തെ മോചിപ്പിക്കാന്‍ മുറിവൈദ്യന്മാരെങ്കിലും
കുറച്ചെങ്കിലും മനുഷ്യപ്പറ്റുള്ള നാടന്‍ ഡോക്റ്റര്‍മാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് ജനങ്ങളുടെ ഭാഗ്യം തന്നെയായിരിക്കും.

മാത്രമല്ല, കൊഞ്ഞണ്ണന്‍ ഡോക്റ്റര്‍മാരുടെ
സംഘടന ഈ വിപ്ലവത്തെ എതിര്‍ക്കുകയും
ഭയക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് മനുഷ്യസ്നേഹമോ, ജനസേവന താല്‍പ്പര്യമോകൊണ്ടാകില്ലെന്നത് 100% ഉറപ്പുള്ള കാര്യമാണല്ലോ. അതുകൊണ്ടുതന്നെ,
കൊഞ്ഞണ്ണന്മാരുടെ എതിര്‍പ്പിനെ ഒരു അംഗീകാരമായി ജനം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ലോക മരുന്നു കംബനികളുടേയും,സോപ്പ്,പേസ്റ്റ് തുടങ്ങിയ ചരക്കുകളുടേയും കൂട്ടിക്കൊടുപ്പുകാരായ കൊഞ്ഞണ്ണ സംഘടനകളെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വത്തിനെതിരെയുള്ള ജനകീയ സമരമായിപ്പോലും സര്‍ക്കാരിന്റെ വിപ്ലവകരമായ ഈ ആശയത്തെ ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.

അതിപ്രധാനമായ ഈ വിഷയം ബ്ലോഗിലൂടെ അറിയിച്ച അനിലിനു നന്ദി.

Typist | എഴുത്തുകാരി said...

ഇന്നലെ രാവിലെ തൃശ്ശൂര്‍ ആകാശവാണിയില്‍ ഇതിനേപ്പറ്റിയൊരു ചെറിയ പ്രഭാഷണം ഉണ്ടായിരുന്നു. (പേരോര്‍ക്കുന്നില്ല. I M A യുടെ ആരോ ആയിരുന്നുവെന്നു തോന്നുന്നു).

ഇത്തരം ആശങ്കകളൊക്കെ തന്നെയാണ് അദ്ദേഹവും പറഞ്ഞതു്.

ഷൈജൻ കാക്കര said...

B.R.H.C എന്ന പേര്‌ മാറ്റി B.P.H.C എന്ന പേർ സീകരിക്കണം.

റൂറലിന്‌ പകരം പ്രിമറി എന്ന്‌ മാറ്റണം. ഇപ്പോൾ ചർച്ച ചെയ്യൂന്ന റൂറൽ എന്നോ അർബൻ എന്നോ തരം തിരിക്കേണ്ട കാര്യമില്ല എന്നാണ്‌ എന്റെ അഭിപ്രായം.

പകർച്ചവാധികൾ, സാധാരണ കാണുന്ന അസുഖങ്ങൾക്ക്‌ ചികിൽസിക്കാനുള്ള അല്ലെങ്ങിൽ എല്ലാ രോഗിയും പ്രാഥമികമായി കാണേണ്ട ഒരു ഡോക്ടർ എന്ന നിലയിൽ ഒരു പുതിയ വിഭാഗം ഡോക്‌ടർമാർ ഉണ്ടാകണം എന്ന്‌ തന്നെയാണ്‌ എന്റെ അഭിപ്രായം. ഇങ്ങനെയുള്ള ഡോക്‌ടർമാരെ എല്ലാ ആശുപത്രികളിലും നിയമിക്കണം.

അര വൈദ്യന്മാർ എന്ന്‌ വിളികേണ്ട കാര്യമില്ല. വൻ കെട്ടിടങ്ങൾ പണിയാൻ "അഞ്ച്‌ കൊല്ലം" പഠിച്ച ഒരു എഞ്ചിനീയർ വേണം, ചെറിയ വീടുകൾക്കും എഞ്ചിനീയർ വേണം എന്ന്‌ വാശിപിടിക്കരുത്‌!

സഘടനകളുടെ എതിർപ്പ്‌ കാര്യമാക്കേണ്ടതില്ല! അവർ അങ്ങനെയാ, ഡോക്‌ടർമാരുടെ എണ്ണം എത്രയും കുറയ്‌ക്കാമോ, അതാണ്‌ അവരുടെ പദ്ധതി. ആളെണ്ണം കൂടിയാൽ ഡിമാന്റ്‌ കുറയില്ലേ?

സ്വാശ്രയകോളേജിന്റെ ചരിത്രം പറയുന്നത്‌ സർക്കാരിന്റെ ടോം ആൻഡ്‌ ജെറി ചിന്തയാണ്‌!

ramanika said...

ഗ്രാമീണ മേഖലയില്‍ ചികിത്സകരെ കൊണ്ടു വരാന്‍ ചികിത്സാ രംഗത്തെ നിലവാരത്തില്‍ വെള്ളം ചേര്‍ക്കുക എന്നുള്ളത് ആത്മഹത്യാ പരമാണ്.


നൂറു ശതമാനം യോജിക്കുന്നു !

Hari | (Maths) said...

മാര്‍ക്കറ്റില്‍ നിന്നും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ കിട്ടുന്ന ഇക്കാലത്ത്, മെഡിക്കല്‍ സീറ്റുകള്‍ ലേലം വിളിക്ക് നിരത്തി വെക്കപ്പെടുന്ന ഇക്കാലത്ത് ഇതെല്ലാം ശുഭപര്യാവസായിയായി ഭവിച്ചാല്‍ നമുക്കും നാടിനും നന്ന്.

പുതിയ അറിവ് പകര്‍ന്നതിന് നന്ദി.

kaalidaasan said...

ഇത് അത്ര എതിര്‍ക്കപ്പെടേണ്ട കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. പി എച് സി മുതല്‍ താഴോട്ടുള്ള ഗ്രമീണ മേഖലയിലെ ആശുപത്രികളില്‍ ചികിത്സിക്കപ്പെടുന്ന അസുഖങ്ങള്‍ പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ളവയല്ല. ഗൌരവതരമായ അസുഖങ്ങള്‍ മിക്കപ്പോഴും താലൂക്ക് ആശുപത്രി മുതല്‍ മുകളിലോട്ടുള്ള കേന്ദ്രങ്ങളിലേക്ക് പറഞ്ഞു വിടാറാണു പതിവു. ഇപ്പോള്‍ പി എച് സി കളില്‍ ചികിത്സിക്കപ്പെടുന്ന അസുഖങ്ങളിലെ 99 % വും ചികിത്സിക്കാന്‍ ഉള്ള വിവരവും വൈദഗ്ദ്ധ്യവും ഈ പരിശീലനം കൊണ്ട് നേടാവുന്നതാണ്. അതു കൊണ്ട് ആ വഴിയുള്ള ഉത്ഖണ്ഠക്ക് വലിയ കാര്യമില്ല.

ഇന്‍ഡ്യയുടെ മൊത്തം അവസ്ഥ കേരളത്തെ വച്ച് വിലയിരുത്തുന്നത് മണ്ടത്തരമായിരിക്കും. മറ്റ് സംസ്ഥാനങ്ങള്‍ ആരോഗ്യ രംഗത്ത് വളരെ പിന്നിലാണ്. അവിടെ ഡോക്റ്റര്‍ മാരുടെ കുറവുണ്ട്. അവിടെ ഈ പുതിയ നയം വളരെയധികം ഉപകാരപ്പെടും.

പടിഞ്ഞാറന്‍ നാടുകളില്‍ Nurse Practicioner എന്ന ഒരു തസ്തിക തന്നെയുണ്ട്. രോഗികളെ പരിശോധിച്ച് ചികിത്സവരെ അവര്‍ നിശ്ചയിക്കാറുമുണ്ട്. അവിടങ്ങളില്‍ ഇവരെ മുറി വൈദ്യന്മാര്‍ എന്നാരും വിളിക്കാറുമില്ല.

ഹോമിയോ ആയുര്‍വേദക്കാരെ ഈ പണി ഏല്‍പ്പിക്കുന്നത് വിഡ്ഡിത്തമായിരിക്കും. ആയുര്‍വേദക്കാര്‍ ആയുര്‍വേദവും ഹോമിയോപ്പതിക്കാര്‍ ഹോമിയോപ്പതിയും ചികിത്സിക്കട്ടേ. അതല്ലെ നല്ലത്.

ശ്രീ said...

ഈ കുറിപ്പ് നന്നായി മാഷേ.

'എല്ലാ പൌരന്മാര്‍ക്കും തുല്യ നീതി ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഗ്രാമീണര്‍ക്ക് നിലവാരം കുറഞ്ഞ ചികിത്സയും പട്ടണത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും എന്ന കാഴ്ചപ്പാടിലേക്ക് പോകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുക തന്നെ ചെയ്യും.'

ശരി തന്നെ.

വിചാരം said...

ഇതത്ര എതിര്‍പ്പ് പ്രകടിപ്പിയ്ക്കേണ്ട വിഷയമാണോ ? കാളിദാസന്‍ പറഞ്ഞ കാര്യങ്ങളല്ലേ ശരി, കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം സ്വാഗതം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.

N.J Joju said...

ബിഎ.ആര്‍.എം.എസിനോട് യോജിപ്പുണ്ട്. അനിലിന്റെ അഭിപ്രായങ്ങളോടും ഏറെക്കുറെ യോജിക്കുന്നു.

കേരളത്തില്‍ തന്നെ ഗ്രാമീണസേവനത്തിനു ഡോക്ടര്‍മാര്‍ക്കു ദൌര്‍ലഭ്യമുണ്ട്. അപ്പോള്‍ പിന്നെ മറ്റു സംസ്ഥാനങ്ങളുടെ കാര്യം പറയേണ്ട. തീര്‍ച്ചയായും ഈ പ്രശ്നം പരിഹരിയ്ക്കപ്പെടേണ്ടതുമാണ്.

രോഗം വരുമ്പോഴുണ്ടാകുന്ന താത്കാലിക ബന്ധത്തിനപ്പുറം ഈ മേഖലയില്‍ പരിചയമില്ലാത്തെ എന്റെ അഭിപ്രായത്തിന് അത്രയും വില കല്പിച്ചാല്‍ മതി എന്നൊരു മുന്‍കൂര്‍ ജാമ്യം.
സാധാരണ രോഗങ്ങളുടെ കാര്യത്തില്‍ ഒരു എം.ബി.ബി.എസ് ഡോക്ടറുടെ ആവശ്യമില്ല, അഥവാ എംബിബിഎസ്സുകാരന്റെ ജ്ഞാനം പ്രയോഗിക്കേണ്ട സാധാരണ രോഗങ്ങള്‍ കുറവാണ്. ജലദോഷം, ചുമ, പനി, വയറിളക്കം, പ്രഷറ്, ഷുഗര്‍, സാധാരണ സ്കിന്‍ രോഗങ്ങള്‍, സാധാരണ ഒടിവ്, ചതവ്, ഉളുക്ക്, ചിക്കന്‍ പോക്സ്, മുണ്ടിനീര് തുടങ്ങി ചില പ്രായങ്ങളില്‍, ചില പ്രത്യേക കാലാവസ്ഥയില്‍ ഉണ്ടാകാറുള്ള സാധാരണ അസുഖങ്ങള്‍ക്ക് ഈ അഞ്ചു വര്‍ഷത്തെ എംബി‌ബിഎസ് വേണമെന്നില്ല. സാധാരണ രോഗങ്ങള്‍ക്ക് ചികിത്സയും മറ്റു രോഗങ്ങള്‍ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടറിനുള്ള ശുപാര്‍ശയും എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ഈ ആശയത്തില്‍ ആശങ്കാജനകമായി ഒന്നും തോന്നുന്നില്ല.

N.J Joju said...

"അടിയന്തിരമായി ഈ തീരുമാനം പിന്‍വലിക്കുക." എന്നതിനോടുഴിച്ച് " സര്‍ക്കാര്‍ ചെയ്യേണ്ടത്" എന്ന തലക്കെട്ടിനു താഴെക്കൊടുത്തിരിയ്ക്കുന്നതിനോടു യോജിപ്പാണുള്ളത്.

"എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍"
അലോപ്പതി ഇതരവിഭാഗങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസിനു പുറത്താണൊ എന്നകാര്യത്തില്‍ സംശയമുണ്ട്. കേരളത്തിലെങ്കിലും സര്‍ക്കാര്‍ വക ഹോമിയോപ്പതി ഡിസ്പെന്‍സറികളുണ്ട്. പഞ്ചാബിലും ഉള്ളതയി ഇന്റര്‍നെറ്റില്‍കണ്ടു. ആയുര്‍വ്വേദത്തിന്റെ കാര്യത്തില്‍ ഒരു ആയുര്‍വ്വേദ കോളേജല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ വകയായി ഉള്ളത് അറിയില്ല. എങ്കില്‍ തന്നെയും അഭിപ്രായത്തിന്റെ ഉദ്ദ്യേശത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഹോമിയോപ്പതിയ്ക്കും ആയുര്‍വ്വേദത്തിനും കൂടുതല്‍ പ്രചാരം കൊടുക്കുന്നത് 'ഐ.എം.എ പോലെയുള്ള സംഘടനകളുടെ എതിര്‍പ്പ് വിളിച്ചു വരുത്തുക'യില്ലെന്ന് എന്താണുറപ്പ്. ഹോമിയോപ്പതിയും ആയുര്‍വ്വേദവും കപടശാസ്ത്രമാണെന്നു വിശ്വസിയ്ക്കുന്നവരും പ്രചരിപ്പിയ്ക്കുന്നവരും ബൂലോകത്തും ഉണ്ടല്ലോ.

ഫാര്‍മ്മസിയും നേസ്ഴിങ്ങും പഠിച്ചവരെ പരിശീലനം നല്കി ഗ്രാമീണസേവനത്തിന് ഉപയോഗിയ്ക്കാമെങ്കില്‍ തീര്‍ചയയും ഗ്രാമീണസേവനം ലക്ഷ്യമാക്കി ചികിത്സകരെ തയ്യാറാക്കുന്നതില്‍ ഒരു തകരാറുമില്ല.

N.J Joju said...

ഇതിലെ സാമ്പത്തിക ശാസ്ത്രം
കുറഞ്ഞ ചിലവില്‍-പഠനചിലവും കുറഞ്ഞ ശമ്പളവും‌- ഗ്രാമീണസേവനത്തിന് ആളുകളെ ലഭിയ്ക്കും.

പോസ്റ്റിലെ രാഷ്‌ട്രീയത്തോടുള്ള പ്രതികരണം
1.അര വൈദ്യന്മാരെ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരു പരിധി വരെ മൌലികാവകാശത്തിന്റ്റെ ലംഘനം കൂടിയാണ്.
2.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗണ്യമായ അന്തരം ഇനി ശാരീരിക ആരോഗ്യ രംഗത്തേക്കും വ്യാപിക്കുന്നതിന്റെ മുന്നോടിയാവുമോ ഈ പരിഷ്കാരം?

ഇന്നു നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറമെയാണ്‍ ഇത് എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ട് ഇതുവരുന്നതോടെ ഗ്രാമത്തിലുള്ള ആള്‍ക്കും എം.ബി.ബി.എസ് ഡോക്ടറിന്റെ ചികിത്സ കിട്ടില്ല എന്നു വരുന്നില്ല. അതുകൊണ്ട് മൌലീകാവകാശത്തിന്റെ ലംഘനം ഉണ്ടാവുന്നില്ല.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എല്ലായിടത്തുമുണ്ട്. ചികിത്സകിട്ടുക എന്നതാണു പ്രധാനം. അതിനുള്ള സാധ്യത കൂട്ടുക എന്നാല്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നല്ലേ അര്‍ത്ഥം.

N.J Joju said...

"അര വൈദ്യന്മാർ എന്ന്‌ വിളികേണ്ട കാര്യമില്ല. വൻ കെട്ടിടങ്ങൾ പണിയാൻ "അഞ്ച്‌ കൊല്ലം" പഠിച്ച ഒരു എഞ്ചിനീയർ വേണം, ചെറിയ വീടുകൾക്കും എഞ്ചിനീയർ വേണം എന്ന്‌ വാശിപിടിക്കരുത്‌!" (കാക്കര)

"പി എച് സി കളില്‍ ചികിത്സിക്കപ്പെടുന്ന അസുഖങ്ങളിലെ 99 % വും ചികിത്സിക്കാന്‍ ഉള്ള വിവരവും വൈദഗ്ദ്ധ്യവും ഈ പരിശീലനം കൊണ്ട് നേടാവുന്നതാണ്...അവിടെ ഈ പുതിയ നയം വളരെയധികം ഉപകാരപ്പെടും...പടിഞ്ഞാറന്‍ നാടുകളില്‍ Nurse Practicioner എന്ന ഒരു തസ്തിക തന്നെയുണ്ട്."(kaalidaasan )

ഈ അഭിപ്രായങ്ങളോട് യോജിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ചര്‍ച്ച അവിടെ ആയിരുന്നു നടക്കേണ്ടിയിരുന്നത്, ഇവിടെയും നടക്കുന്നതിനാല്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി.

എന്നാലും മറുപടി പറയേണ്ട വിഷയമായതിനാല്‍ തുടരുന്നു.

ചിത്രകാരനും കാക്കരക്കും മറുപടി അവിടെ പറഞ്ഞിരുന്നു. ചിത്രകാരന്‍ മോഹിക്കുന്ന പോലെ ഇനി വരുന്ന മിനി ഡോക്ടര്‍മാര്‍ പെരുമാറും എന്ന് കരുതാന്‍ യാതൊരു കാരണവും കാണുന്നില്ല. മനുഷ്യ സഹജമായ എല്ലാ ബലഹീനതകളും ഉള്ള സാധാരണ മനുഷ്യന്മാര്‍ തന്നെയാണല്ലോ ഈ ബിരുദവും നേടി വരുന്നത്. പ്രശ്നം ഡിഗ്രിക്കല്ല, മറിച്ച് അത് കൈവശ്യം വച്ചിരിക്കുന്ന വ്യക്തികള്‍ക്കാണെന്ന് തിരിച്ചറിയുക.

എഴുത്തുകാരി,
ചേച്ചീ, ഏതെങ്കിലു പ്രൊഫഷനുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ആശങ്ക പെട്ടന്നു തന്നെ ഉള്‍ക്കൊള്ളാനാവും.

കാക്കര,
ചില കാര്യങ്ങള്‍ക്ക് ചില വ്യവസ്ഥകള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉണ്ടല്ലോ. വാഹനം ഓടിക്കാന്‍ അറിയാമെങ്കിലും ലൈസന്‍സില്ലാതെ താങ്കള്‍ക്ക് അത് പൊതു നിരത്തില്‍ ഓടിക്കാനാവില്ല. ബസ് ഓടിക്കാന്‍ ഉള്ള ഡ്രൈവര്‍മാരില്ലെന്ന് കരുതി ഓട്ടോക്കാര്‍ക്ക് ബസെടുത്തു കൊടുത്താല്‍ എങ്ങിനെ ഉണ്ടാകും?
അത്തരം ചില പ്രശ്നങ്ങളും ഗൌരവമായി തന്നെ കാണണ്ടി വരും.
സ്വാശ്രയ കോളേജ് പ്രശ്നത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാനുദ്ദേശിക്കുന്നില്ല, എന്നാലും പറയാം. രണ്ട് സ്വാശ്രയ കോളേജ് = ഒരു സര്‍ക്കാര്‍ കോളേജ് എന്ന സങ്കല്‍പ്പമായിരുന്നു അനുമതി നല്‍കിയ കാലത്ത് ആന്റണി പറഞ്ഞിരുന്നത്. അതിനെ നിയമത്തെ കൂട്ടുപിടിച്ച് ഇന്നെവിടെ എത്തിച്ചിരിക്കുന്നു എന്ന് ആവര്‍ത്തിക്കുന്നില്ല. ഇത് പുതിയ കോഴ്സിന്റെ കാര്യത്തിലും സംഭവിക്കാമെന്നാണ് സൂചന.

ramanika,
ചേട്ടാ, നന്ദി.

ഹരി,
ആ പറഞ്ഞത് സത്യം. പഠന നിലവാര്‍ത്തില്‍ വലിയ കാര്യമില്ലെന്നറിയാം എന്നാലും ഒരു ചെറിയ തടയെങ്കിലും ഇരിക്കട്ടെ.

കാളിദാസന്‍,
മറുപടി നമ്മുടെ ബൂലൊകത്തിലും പറഞ്ഞിട്ടുണ്ട്. താങ്കള്‍ ഒരു പി.എച്ച്.സി പോലും നേരില്‍ കണ്ടിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഡിഫറന്‍സ്യല്‍ ഡയഗനോസിസ് ഇത്രയധികം ചെയ്യേണ്ടി വരുന്ന മറ്റൊരു ചികിത്സാ ഘട്ടം ഉണ്ടോ എന്ന കാര്യം തന്നെ സംശയമാണ്.പല്ലു വേദന മുതല്‍ ഓറല്‍ ക്യാന്‍സര്‍ വരെ ഒരു പി.എച്ച്.സിയിലെത്തും. എന്നാല്‍ ഒരു ക്യാന്‍സര്‍ സെന്ററിലാവട്ടെ ക്യാന്‍സര്‍ പേഷ്യന്റ്റ്സ് മാത്രമേ എത്തൂ, ഇത്ര ഗൌരവമായ ഒരു പോസ്റ്റ് കൈകാര്യം ചെയ്യാന്‍ ഒരു മിനിയേച്ചര്‍ ഡിഗ്രി ഉണ്ടാക്കി വിടുക എന്നത് എങ്ങിനെ അംഗീകരിക്കാ‍നാവും?

ശ്രീ,
നന്ദി.

വിചാരം,
ഒറ്റ ചിന്തയില്‍ അങ്ങിനെയെ നമുക്ക് തോന്നു. ഞാനും ആദ്യം അങ്ങിനെ ഒരു ചിന്തയിലായിരുന്നു, പക്ഷെ വിശദമായി ആലോചിച്ചപ്പോള്‍ ചിത്രം മാറി.

അനില്‍@ബ്ലോഗ് // anil said...

ജോജു,
കാളിദാസനോട് പറഞ്ഞ കാര്യം ചേര്‍ത്തു വായിക്കുമല്ലോ. ഏറ്റവും എക്സ്പര്‍ട്ടൈസ് വേണ്ട ഒരു സ്ഥലമാണ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍. അവിടെ ചികിത്സിച്ചില്ലെങ്കിലും ഇന്നയിടത്തേക്ക് പോയിക്കോളൂ എന്ന് പറയുക അത്ര എളുപ്പമല്ലെന്ന് ചികിത്സാ രംഗമവുമായി ബന്ധമുള്ളവര്‍ക്ക് പെട്ടന്ന് മനസ്സിലാവും.ഡയഗ്നോസിസ് , ഡിഫറന്‍ഷ്യല്‍ ഡയഗ്നോസിസ് ഇവ രണ്ടുമാണ് ചികിത്സയുടെ കാതല്‍.

മറ്റ് വിഭഗം ചികിത്സകരെ അത്യാവശ്യത്തിനുപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഫാര്‍മസി , നഴ്സിങ് തുടങ്ങിയ കോഴ്സുകളുടെ ആദ്യ ഭാഗം സിലബസുകളെല്ലാം സമാനമാണ്. വേണമെങ്കില്‍ വളരെ ചെറിയ മിനുക്കുപണികളോടെ ഇവരെ വളരെ സിമ്പിളായി നാം ഉദ്ദേശിക്കുന്ന രീതിയിലേക്ക് മാറ്റിയെടുക്കാനാവും. അവരുടെ ഡെസിഗ്നേറ്റഡ് ഡ്യൂട്ടിക്ക് പിന്നീട് കയറുകയുമാവാം. എന്നാല്‍ പുതിയതായി വിഭാവനം ചെയ്യുന്ന ടീംസിന്റെ ഭാവി എന്താവു?
ഇവിടെ ഡോക്ടര്‍മാരുടെ എണ്ണം കൂടി വരികയാണ്, കൂടുതല്‍ കൂടുതല്‍ ഗ്രാമങ്ങള്‍ നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോകടര്‍മാരുടെ എണ്ണം കൂടി വരികയാണ്. അപ്പോള്‍ ഒരു ചെറിയ കാലഘട്ടം മറികടക്കാനായി ഒരു പുതിയ കോഴ്സും ഒരു പറ്റം ബിരുദ ധാരികളെയും പടച്ചു വിട്ടാല്‍ ഭാവിയില്‍ നാം എന്തു ചെയ്യും? ഇത് പഠിച്ചിറങ്ങിയവര്‍ എന്തു ചെയ്യും?
അപ്പോള്‍ താല്‍ക്കാലികമായി നിലനില്‍ക്കുന്ന ഒരു സംഗതിയെ മറികടക്കാന്‍ താല്‍ക്കാലിക പരിഹാരങ്ങളാണ് ആവശ്യം.

സാമ്പത്തിക ശാസ്ത്രത്തോട് ഞാന്‍ യോജിക്കുന്നില്ല. കുറഞ്ഞ ശമ്പളത്തില്‍ ഇവര്‍ ഇത്തരം ഗ്രാമങ്ങളില്‍ പോയി പ്രവര്‍ത്തിക്കും എന്ന് എന്ത് അടിസ്ഥാനത്തിലാണ് ജോജു പറയുന്നത്?

പിന്നെ രാഷ്ട്രീയം, തീര്‍ച്ചയായും ഈ പോസ്റ്റ് മുന്നോട്ട് വക്കുന്ന ഒരു കാഴ്ചപ്പാട് ഉണ്ടാവുമല്ലോ. ഗ്രാമങ്ങളില്‍ മാത്രം സേവനം നടത്താന്‍ വേണ്ടി അല്പം ഗുണനിലവാരം കുറഞ്ഞ ഡോ‍ക്ടര്‍മാര്‍, പട്ടണക്കാര്‍ക്ക് മുഴു ഡോക്ടര്‍മാര്‍ എന്ന കാഴ്ചപ്പാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ ഒരു അവകാശ ലംഘനവും താങ്കള്‍ക്ക് തോന്നുന്നില്ലെ? കാക്കര പറഞ്ഞ പോലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ചികിത്സിക്കാമെന്നായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.

ഗ്രാമങ്ങളില്‍ കുറഞ്ഞ ചിലവില്‍ ചികിത്സിക്കാന്‍ ആളുള്ളപ്പോള്‍ കൂടിയ ചിലവുള്ള ഡോക്ടര്‍മാരുടെ അടുത്ത് ആരെങ്കിലും പോകുമോ?
ഫലത്തില്‍ എം.ബി.ബി.എസുകാരന്‍ ഗ്രാമത്തിലേക്ക് പോകാത്ത അവസ്ഥ സങ്കീര്‍ണ്ണമാക്കാനെ ഇത് ഉപകരിക്കൂ

Unknown said...

"അലോപ്പതിയില്‍ തന്നെ പാരാമെഡിക്കല്‍ വിഭാഗങ്ങളായ ഫാര്‍മസി, നഴ്സിങ് തുടങ്ങിയ വിഭാഗങ്ങള്‍ എം.ബി.ബി.എസിന്റെ അടിസ്ഥാന കോഴ്സുകള്‍ പഠിക്കുന്നവരാണ്. അനാട്ടമി, ഫിസിയോളജി തുടങ്ങിയ എല്ലാ കോഴ്സുകളും ഈ വിഭാഗങ്ങളുടെ പഠനത്തിലുണ്ടെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഈ വിഭാഗം പാരാമെഡിക്കല്‍ വിഭാഗത്തെ കൂടുതല്‍ പരിശീലനം നല്‍കി ഗ്രാമീണ സേവനത്തിന് നിയോഗിക്കാവുന്നതാണ്.

നിലവിലെ ചികിത്സാ രംഗത്ത് കാര്യമായ മൂല്യശോഷണങ്ങള്‍ വരാത്തവണ്ണമുള്ള ഇത്തരം പ്രായോഗിക സമീപനം സ്വീകരിക്കുന്നതിനു പകരം അര വൈദ്യന്മാരെ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരു പരിധി വരെ മൌലികാവകാശത്തിന്റ്റെ ലംഘനം കൂടിയാണ്. എല്ലാ പൌരന്മാര്‍ക്കും തുല്യ നീതി ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഗ്രാമീണര്‍ക്ക് നിലവാരം കുറഞ്ഞ ചികിത്സയും പട്ടണത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും എന്ന കാഴ്ചപ്പാടിലേക്ക് പോകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുക തന്നെ ചെയ്യും"

ഇത്രയും വായിച്ചാൽ മതി പോസ്റ്റിന്റെ രാഷ്ട്രീയം മൻസ്സിലാക്കാൻ...അല്ലാതെ അരവൈദ്യം മുറിവൈദ്യം എന്നീ ചപ്പടാച്ചികൾ ...

Unknown said...

താങ്കൾ പറായുമ്പോലെ പാരാമെഡിക്കല്‍ വിഭാഗങ്ങളെ കൂടുതല്‍ പരിശീലനം നല്‍കി ഗ്രാമീണ സേവനത്തിന് നിയോഗിച്ചാലും “ ഗ്രാമങ്ങളില്‍ മാത്രം സേവനം നടത്താന്‍ വേണ്ടി അല്പം ഗുണനിലവാരം കുറഞ്ഞ ഡോ‍ക്ടര്‍മാര്‍, പട്ടണക്കാര്‍ക്ക് മുഴു ഡോക്ടര്‍മാര്‍ എന്ന കാഴ്ചപ്പാട്“ എങ്ങിനെ മാറും. തന്നെയുമല്ല, “അപ്പോള്‍ ഒരു ചെറിയ കാലഘട്ടം മറികടക്കാനായി ഒരു പുതിയ കോഴ്സും ഒരു പറ്റം ബിരുദ ധാരികളെയും പടച്ചു വിട്ടാല്‍ ഭാവിയില്‍ നാം എന്തു ചെയ്യും? “ ഇതിലെ യുക്ക്തി എന്താണു? തനി രാഷ്ട്രീയ പ്രേരിതം എന്നു തന്നെ വിളിക്കണം ഇത്തരം വളിച്ച പോസ്റ്റുകളെ. എന്നിട്ട് ഒരു തരം നിർമമത്തരവും..

വീകെ said...

പരാമെഡിക്കൽ സ്റ്റാഫിനെ പരിശീലനം കൊടുത്ത് ഗ്രാമത്തിലേക്ക് അയക്കാമെങ്കിൽ, പുതുതായി BHRC പഠിച്ചു വരുന്നവരേയും അയക്കാനാവും.
അതിനുള്ള വിദ്യാഭ്യാസവും പരിശീലനവുമായിരിക്കുമല്ലൊ കൊടുക്കുക.

അവരിറങ്ങുന്നതിനു മുൻ‌പ് എന്തിനാണ് IMA ക്കാർ ഭയക്കുന്നത്....?
മുറി വൈദ്യന്മാർ എന്നു പറഞ്ഞ് ആക്ഷേപിക്കുന്നതെന്തിന്..?
ഭാവിയിൽ അവർ IMA ക്ക് പാരയായി മാറുമെന്നുള്ളതു തന്നെ കാരണം.

അല്ലാതെ ജനങ്ങളോടുള്ള സ്നേഹം കൊണ്ടാണെന്നു ഒരാളും കരുതില്ല.

അനില്‍@ബ്ലോഗ് // anil said...

ജാതന്‍,
പോസ്റ്റുകള്‍ക്ക് അനുപൂരകമായാണ് കമന്റുകള്‍ വരിക. അതും കൂടി വായിച്ച ശേഷം രോഷം കൊണ്ടാല്‍ നന്നാവും. ഒരു താല്‍ക്കാലിക പ്രതിഭാസം മറികടക്കാന്‍ ഒരു പുതിയ കോഴ്സ് പടച്ചു വിടുക എന്നത് ഭാവിയില്‍ വലിയ പ്രത്യാഘാ‍തം ഉണ്ടാക്കും എന്ന് താങ്കള്‍ക്ക് ബോദ്ധ്യപ്പെടുന്നില്ലിങ്കില്‍ അത് താങ്കളുടെ രാഷ്ട്രീയം.

അനില്‍@ബ്ലോഗ് // anil said...

വി കെ,
ഐ.എം.എ യുടെ നിലപാടും ഈ പോസ്റ്റും തമ്മില്‍ കൂട്ടിക്കുഴക്കണ്ട, അവര്‍ക്ക് ചിലപ്പോള്‍ അത്തരം ഭയാശങ്കകളുണ്ടാവും, പക്ഷെ നമ്മള്‍ ഈ വിഷയത്തിന്റ്റെ പ്രായോഗിക സമീപനത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ബിആര്‍ എച്ച് സി എന്ന കോഴ്സ് വന്ന സാഹചര്യം നോക്കുക. ഗ്രാമീണ മേഖലയില്‍ എംബി ബി എസുകാര്‍ പ്രവത്തിക്കാന്‍ കിട്ടാത്തതിനാല്‍ പുതിയ കോഴ്സ് തുടങ്ങുന്നു എന്ന്. എന്നു വച്ചാല്‍ ഗ്രാമീണ മേഖലയില്‍ ഇനി ലോകാവസാനം വരെ എം ബി ബി എസുകാര്‍ പ്രവര്‍ത്തിക്കാനേ വരില്ല,അതോണ്ട് പുതിയ കോഴ്സ് അങ്ങു തുടങ്ങിക്കളയാം എന്നര്‍ത്ഥം. എന്നാല്‍ അങ്ങിനെ ഒരു സര്‍ക്കാരിന് തീരുമാനിക്കാനാവുമോ? അവരെ ഗ്രാമീണ മേഖലയില്‍ പറഞ്ഞു വിടാനുള്ള ഇച്ഛാ ശക്തിയാണ് കാണിക്കേണ്ടത്.

അനില്‍@ബ്ലോഗ് // anil said...

ചങ്ങാതീസ്,
തുടര്‍ ചര്‍ച്ച ഒറിജിനല്‍ പോസ്റ്റില്‍ നടത്തണമെന്ന് ഒരു അഭ്യര്‍ത്ഥന ഉണ്ട്. രണ്ട് സ്ഥലത്തായി നടക്കുന്നതിനാല്‍ ചര്‍ച്ച സമ്പൂര്‍ണ്ണമാകുന്നില്ല. കമന്റ് ലിങ്ക് ഇതാ. ദയവായി ഇങ്ങോട്ട് പോകുക.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അനിലേ,


ഓഫ്::
ഒരു പൊതു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ലേഖനം നമ്മുടെ ബ്ലോഗില്‍ അതേപടി പോസ്റ്റു ചെയ്യുന്നതിനു പകരം ഇവിടെ ലിങ്ക് മാത്രം കൊടുത്തിരുന്നെങ്കില്‍ രണ്ടിടത്തായി ചര്‍ച്ച നടക്കുന്നതിന്റെ അസൌകര്യങ്ങള്‍ ഒഴിവാകുമായിരുന്നു..മാത്രവുമല്ല എല്ലാവരുടേയും അഭിപ്രായങ്ങള്‍ ഒരു സ്ഥലത്ത് ക്രോഡീകരിക്കപ്പെടില്ലായിരുന്നോ?

അപ്പുറത്ത് കമന്റ് ഇട്ടതുകൊണ്ട് ഇനി ഇവിടെ വിഷയമായി ബന്ധപ്പെട്ട് ഒന്നും ഇടുന്നില്ല.

ബഷീർ said...

>>എല്ലാ പൌരന്മാര്‍ക്കും തുല്യ നീതി ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഗ്രാമീണര്‍ക്ക് നിലവാരം കുറഞ്ഞ ചികിത്സയും പട്ടണത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും എന്ന കാഴ്ചപ്പാടിലേക്ക് പോകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുക തന്നെ ചെയ്യും. <<


യോജിക്കുന്നു.ഈ ആകുലതകൾ തീർച്ചയായും ചർച്ചചെയ്യപ്പേടേണ്ടത് തന്നെ.


ഓ.ടോ:

ഞാൻ ഇവിടെയാണീ പോസ്റ്റ് വായിക്കുന്നത്. പൊതു ബ്ലോഗിൽ ആദ്യം ഈ പോസ്റ്റ് പബ്ലിഷ് ചെയ്യേണ്ടതില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഇവിടെ പോസ്റ്റ് ചെയ്ത് അവിടെ ലിങ്ക് കൊടുത്താൽ മതിയായിരുന്നു.

അഭിനന്ദനങ്ങൾ ഈ പോസ്റ്റിന്

ജയരാജ്‌മുരുക്കുംപുഴ said...

ellaa nanmakalum nerunnu....... aashamsakal.........

ബാബുരാജ് said...

ഈ പോസ്റ്റ് അനിലിന്റെ സ്വന്തമല്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും റി പോസ്റ്റ് ചെയ്ത സ്ഥിതിക്ക് ഒന്നു പറയട്ടെ, താങ്കള്‍ തന്നെ ഒന്നു മനസ്സിരുത്തി വായിച്ചു നോക്കിയാല്‍ അറിയാം അതിലെ ഉള്ളടക്കം എത്ര പരസ്പരവിരുദ്ധമാണെന്ന്. പരിഹരിക്കപ്പെടാന്‍ ഉടനടി മാര്‍ഗ്ഗമൊന്നുമില്ലാത്ത ഗ്രാമീണ ആരോഗ്യസ്ഥിതിയെപ്പറ്റി പറഞ്ഞിട്ട് തന്നെ അതിനായി മുന്നോട്ട് വെച്ചിരിക്കുന്ന ബദല്‍ പദ്ധതിയെ തള്ളുന്നു. എം. ബി. ബി എസ്സിനുള്ള മുഴുവന്‍ വിഷയങ്ങളും പഠിക്കുന്നില്ല എന്നു പറയുന്നതിനൊപ്പം, മറ്റോരിടത്ത് അതൊക്കെ തന്നെ പഠിക്കുന്നു എന്നും പറയുന്നു. അതും പോരാതെ പാരാമെഡിക്കത്സും അതൊക്കെ പഠിക്കുന്നതുകൊണ്ട് അവരെക്കൊണ്ട് ചികിത്സിപ്പിക്കാം എന്ന ബദലും. ഐ.എം.എ ന്യൂസ് ലെറ്ററിലെ ഏതാണ്ട് അതേ വാചകങളും ആശയങ്ങളും തന്നെയാണ് ഈ ലേഖനത്തിലും. അതുകൊണ്ട് തന്നെ ഇതിന്റെ ഉറവിടത്തിന്റെ നിക്ഷിപ്തതാല്പര്യങള്‍ മനസ്സിലാകുന്നുണ്ട്. ഒരു ശരാശരി ഐ.എം.എ മെംബറെ വിശ്വസിപ്പിക്കാന്‍ ഇതൊക്കെ മതി, പക്ഷെ ബ്ലോഗ് പോലൊരു പൊതു വേദിയില്‍ അതു പോരാതെ വരും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഒരു എംബീബിയെസ്സുകാരന്റെ അഞ്ചരവര്‍ഷത്തെ പഠിത്തമൊന്നുമാവശ്യമില്ല. അങ്ങനെയല്ല എന്നു വാദിക്കുന്നവര്‍, ക്രെബ്സ് സൈക്കിളും, റിക്കറന്റ് ലരിഞ്ചല്‍ നേര്‍വിന്റെ കോഴ്സും ഒന്നു പറഞ്ഞു കേള്‍പ്പിക്കട്ടെ! ഇതോര്‍ത്തിരിക്കാതെ എങ്ങനെ ചികിത്സിക്കുന്നു എന്നു പറയട്ടെ! ഇത്ര നാളത്തെ ചികിത്സക്കിടയില്‍ ഈ അറിവുകള്‍ എത്ര തവണ ഉപയോഗിച്ചു എന്നു പറയട്ടെ!
എം.ബി.ബി.എസ്സുകാര്‍ക്ക് കൂടുതല്‍ ഇന്‍സെന്റീവുകള്‍ നല്‍കി ഗ്രാമീണമേഖലയിലേക്ക് ആകര്‍ഷിക്കണം എന്ന ആശയം നല്ലതു തന്നെ. ഈ വര്‍ഷത്തെ കേരള പി.ജി എന്ട്രന്‍സിന് ഇങ്ങനെ റൂറല്‍ ഇന്‍സെന്റീവ് കൊടുക്കാന്‍ തീരുമാനിച്ചതു മൂലം കേസില്‍ കുടുങ്ങി കിടക്കുകയാണെന്നതും മനസ്സിലാക്കുക.
തപാല്‍ വഴി ഹോമിയോ പഠിച്ചവനും, മൂന്നു ദിവസത്തെ ക്യാമ്പില്‍ ‘ഹോളിസ്റ്റിക്” ചികിത്സ പഠിച്ചവനും എയ്‌ഡ്സ് മുതല്‍ ക്യാന്‍സര്‍ വരെ ചികിത്സിക്കുന്ന നാടാണിത്. ഒരു പനി പിടിച്ചു കിടപ്പായാല്‍ എട്ടു കിലോമീറ്റര്‍ ചുമന്ന് ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കേണ്ട അവസ്ഥ ഈ കേരളത്തില്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. അവിടെ ചെല്ലുമ്പോള്‍ ഡോക്ടര്‍ ഉണ്ടെങ്കിലായി.
വിഭാവനം ചെയ്യുന്ന രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ ഒരു ആശയമാണിത്. ചൈനയിലെ നഗ്നപാദ ഡോക്ടര്‍മാരും ക്യൂബയിലെ കമ്മ്യൂണിട്ടി ഡോക്ടര്‍മാരും ചെയ്തത് അതാണ്. ഒട്ടും ഡീ-ഗ്ഗ്ലാമറൈസ് ചെയ്യാന്‍ തയ്യാറാകാത്തത്ര വ്യഭിചരിക്കപെട്ടു പോയി ആരോഗ്യരംഗമിന്ന്. അത് താങ്ങാന്‍ പറ്റുന്നവരോട് ‘മുറിവൈദ്യന്റെ’ അടുത്തു പോകാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല, അവരതു ചെയ്യേണ്ട ആവശ്യവുമില്ല. എന്നാല്‍ ‘മുറി വൈദ്യവും’ മൃതസഞ്ജീവനിയായേക്കാവുന്ന ഒരു വിഭാഗമുണ്ട്, അവര്‍ക്കതു കിട്ടട്ടെ, പ്ലീസ്!

അനില്‍@ബ്ലോഗ് // anil said...

ബാബുരാജ്,
വിശദമായ കമന്റിന് നന്ദി.
താങ്കള്‍ ചൂണ്ടിക്കാട്ടിയ വൈരൂദ്ധ്യങ്ങള്‍ ഞാന്‍ എഴുതിയുണ്ടാക്കിയതല്ലെന്ന് ശ്രദ്ധിക്കുമല്ലോ.എല്ലാ വിഷയവും പഠിപ്പിക്കില്ല എന്ന് പറയുന്നവര്‍ തന്നെയാണ് അടുത്ത ദിവസം അവരുടെ സിലബസിനെപ്പറ്റി വിരുദ്ധമായ പത്ര പ്രസ്ഥാവനകള്‍ നടത്തിയത്.

നിലവിലുള്ള ബിരുദങ്ങളും ബിരുദധാരികളെയും ഉപയോഗിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശമാണ് ഈ പോസ്റ്റിലും സമാന ചര്‍ച്ചകളിലും ഉയര്‍ന്ന് വന്നിട്ടുള്ളത്. പുതിയതായി ഒരു ബിരുദം കൂടി ആയതുകൊണ്ട് ആതുര സേവന രംഗത്ത് എന്തെങ്കിലും വ്യത്യാസം വരുമെന്നോ ഗ്രാമീണ ജനതക്ക് കൂടുതല്‍ സഹായം ലഭിക്കുമെന്നോ യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യത്തില്‍ ഒരു പുതിയ കൂട്ടത്തിനെക്കൂടെ പടച്ചു വിടുന്നതില്‍ കാര്യമൊന്നുമില്ലെന്നതല്ലെ വസ്തുത. ചൈനയിലെയോ ക്യൂബയിലേയോ ഉദാഹരണങ്ങള്‍ ഇന്ത്യാ മഹാരാജ്യത്ത് ഫലവത്താവുമെന്ന് പ്രതീക്ഷിക്കാനാവില്ല.

ഗ്രാമീണര്‍ക്കായാലും നഗരവാസികള്‍ക്കായാലും ലഭിക്കുന്ന ചികിത്സ ഗുണനിലവാരമുള്ളതാവണമെന്നേ എല്ലാ മനുഷ്യ സ്നേഹികളും ആഗ്രഹിക്കുന്നുള്ളൂ.

OAB/ഒഎബി said...

കുറേ മുമ്പ്
പനിക്ക് പരാസിറ്റാമോളും
വേധനക്ക് അനാള്‍ജസിക്കും
വയറ്റില്‍ വേധനക്ക് കാര്‍മെറ്റീവ് മിക്സറും
രോഗികള്‍ക്ക് നാലാം ക്ലാസ് വിദ്യഭ്യാസം ഉണ്ടായിരുന്ന ഞാന്‍ തന്നെ നിര്‍ദ്ദേശിച്ച് ഞാന്‍ തന്നെ ഏറ്റുത്ത് കൊടുക്കേം ചെയ്തിരുന്നു.

അത് ഇന്നായിരുന്നെങ്കില്‍ കുറച്ച് പണവും ഉണ്ടായിരുന്നെങ്കില്‍ കാശ് കൊടുത്ത് എന്റെ പേരില്‍ എംബിബീസ് പരീക്ഷ എഴുതിപ്പിച്ച്
ഒരു ഡോക്ക്ടര്‍ ആയി ഏതെങ്കിലും വല്ല കുഗ്രാമങ്ങളിലും പോയി ഒന്ന് വിലസാമായിരുന്നു. :)

അത് പോലെ ഈ പദ്ധതിയില്‍ കയ്യൂക്കുള്ളവനും കാശുള്ളവനും കടന്ന് കൂടും
എന്ന കാര്യം എനിക്കുറപ്പുണ്ട്.

]എല്ലാം വായിക്കാറുണ്ടായിരുന്നു.
താങ്കളുടെ വാളിന്റെ മൂര്‍ച്ചയില്‍ ഈ കത്തിക്ക് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് ഒന്നും പറയാതിരുന്നത് കെട്ടൊ[