6/28/2009

കേരള വികസനത്തില് പങ്കാളികളാവുക

ലോകത്താകമാനമിന്ന് ഗൌരവമായ ചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് ആഗോള സാമ്പത്തിക മാന്ദ്യം . 1930 കളിലെ ആഗോളമാന്ദ്യത്തെ അനുസ്മരിപ്പിക്കുന്ന ഈ പ്രതിഭാസം മുതലാളിത്തത്തിന്റെ സ്വാഭാവിക പരിണതിയാണ്. 30 കളിലെ മാന്ദ്യം നല്‍കുന്ന പാഠങ്ങള്‍, ഒരു പരിധിവരെയെങ്കിലും വസ്തുനിഷ്ഠമായൊരു വിശകലനത്തിന് നമ്മെ പ്രാപ്തരാക്കിയെന്ന് നിശ്ശംസയം പറയാം. കമ്പോളത്തില്‍ നിന്നും സാമ്പത്തിക രംഗത്തു നിന്നും സര്‍ക്കാര്‍ പിമാറുക എന്ന ആശയവുമായി കടന്നു വന്ന ആഗോളവത്കരണ നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ , കമ്പോളത്തിലും സാമ്പത്തിക രംഗത്തും സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ എന്ന ഇടതു പക്ഷ ആശയങ്ങളെ കൈക്കൊള്ളുക മാത്രമാണെന്ന് ലോകമിന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ലോകമുതലാളിത്ത കേന്ദ്രമായ അമേരിക്കയുടെ പ്രസിഡന്റ് മുന്നൊട്ട് വക്കുന്ന പരിഷ്കരണങ്ങള്‍, വന്‍കിട കുത്തകകള്‍ക്ക് ഗുണകരമായ രീതിയിലാണെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ സാമ്പത്തിക രംഗത്തെ മാന്ദ്യത്തില്‍ നിന്നും കരയേറ്റുകയെന്ന് ലക്ഷ്യത്തൊടെ നമ്മുടെ സര്‍ക്കാര്‍ വിവിധ പദ്ധതികളുമായി മുന്നോട്ട് വരുന്നത്. സാമ്പത്തിക മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 10000 കോടി രൂപയുടെ വിവിധ പദ്ധതികളുമായി വിഭാവനം ചെയ്യുന്നത്. അമേരിക്കയില്‍, കുത്തകള്‍ക്ക് ജനങ്ങളുടെ നികുതിപ്പണം നല്‍കിയ മാതൃകയല്ല നാമിവിടെ പിന്തുടരാനുദ്ദേശിക്കുന്നത്. സാമ്പത്തിക രംഗത്തു മുടക്കുന്ന പണം വിവിധ രൂപത്തില്‍ കേരളത്തിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നമ്മുടെ വ്യവസായങ്ങളടക്കമുള്ള ഉത്പാനരംഗത്തെ ജീവസ്സുറ്റതാക്കാനുമാണ്. ജനങ്ങള്‍ക്ക് ലഭിക്കുന്ന തൊഴില്‍ വര്‍ദ്ധന, സാമ്പത്തിക രംഗത്ത് ചലനം സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇതിന്റെ ഭാഗമായി 5000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഗസ്റ്റ് മാസത്തോടെ കേരളത്തില്‍ സാങ്കേതികാനുമതി ലഭിക്കാന്‍ പോകുന്നത്. ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ നിന്നുള്ള പദ്ധതികളാണ് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍വ്വഹണ ഘട്ടത്തിലെത്തുന്നതെന്നത്, ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു തെളിവാണ്. ഇതിനും പുറമെയാണ് സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് പിരിച്ചു വിടപ്പെട്ട പ്രവാസികളെ പുനര്‍ധിവസിപ്പിക്കാനുള്ള പദ്ധതികളും തയ്യാറായി വരുന്നത്. 7 ശതമാ‍നം പലിശനിരക്കില്‍ കെ.എഫ്.സി മുഖേന നല്‍കാന്‍ വിഭാവനം ചെയ്യുന്ന സ്വയം തൊഴില്‍ വായ്പ ഇതിനൊരുദാഹരണം മാത്രമാണ്.

പദ്ധതികളുടെ പ്രായോഗിക നിര്‍വ്വഹണത്തിന്‍ പണം കൂടിയേ തീരൂ. പണമച്ചടിച്ചുപയോഗിക്കാനുള്ള അധികാരമില്ലാത്ത കേരള സര്‍ക്കാര്‍ എപ്രകാരമീ ധനം സമാഹരിക്കുന്നുവെന്ന് നാം അത്ഭുതപ്പെട്ടേക്കാം. നികുതി വരുമാനം കാര്യക്ഷമമാക്കിയും ധനച്ചോര്‍ച്ചകളടച്ചുള്ള സാമ്പത്തിക മാനേജ്മെന്റുമാണ് ഇതിനു സഹായമാവുന്നത്. അഴിമതി രഹിതമായ ചെക്ക് പോസ്റ്റുകള്‍ എന്ന നയവുമായി പ്രവര്‍ത്തനമാരംഭിച്ച വാളയാര്‍ പദ്ധതികളുടെ വിജയം നാം കണ്ടതാണ്. സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.ഇതുകൂടാതെ വാണിജ്യ നികുതി പിരിവ് രംഗത്ത് ഉണ്ടായ ശ്രമങ്ങളും കൂടിച്ചേര്‍ന്ന് കേരളത്തെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിലെത്തിച്ചുവെന്ന് പറയാം.

എന്നാല്‍ നികുതി പണം കൊണ്ട് മാത്രം നടപ്പാക്കാനാവുന്ന പദ്ധതികളല്ല നാമിന്നേറ്റെടുത്തിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് നാമേവരും നമ്മേക്കഴിയുന്ന സഹായം ചെയ്താല്‍ മാത്രമെ ഇതു സാദ്ധ്യമാവുകയുള്ളൂ. ഏറ്റവും പെട്ടന്നു ചെയ്യാവുന്ന സഹായങ്ങളിലൊന്നാണ് വിവിധ സര്‍ക്കാര്‍ സംരഭങ്ങളില്‍ നമ്മുടെ കരുതല്‍ ധനമേല്‍പ്പിക്കുക എന്നത്. ഇത്തരത്തിലൊന്നാണ് കേരള ട്രഷറി സേവിംങ്സ് ബാങ്ക്. സേവിങ്സ് അക്കൌണ്ടിനു പുറമെ സ്ഥിരനിക്ഷേപത്തിനും സാദ്ധ്യതയുള്ള ഈ സംവിധാ‍നം ഉയര്‍ന്ന പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയര്‍ന്ന വരുമാനം മാത്രം പ്രതീക്ഷിച്ച് പുത്തന്‍ തലമുറ ബാങ്കുകളിലും മറ്റും സമ്പാദ്യമേല്‍പ്പിച്ച് പാപ്പരായ നിരവധിയാളുകളെ നമുക്ക് ഈ അവസരത്തില്‍ സ്മരിക്കാം. കേരള ട്രഷറി സ്ഥിരനിക്ഷേപ പലിശ ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് താ‍ഴെക്കൊടുക്കൂന്നു. സമ്പാദ്യം സുരക്ഷിത കരങ്ങളിലേല്‍പ്പിക്കുന്നതോടോപ്പം നാടിന്റെ വികസനത്തില്‍ പങ്കാളികളാവാം.

Interest

22 comments:

അനില്‍@ബ്ലോഗ് // anil said...

സമ്പാദ്യം സുരക്ഷിത കരങ്ങളിലേല്‍പ്പിക്കുന്നതോടോപ്പം നാടിന്റെ വികസനത്തില്‍ പങ്കാളികളാവാം.

Faizal Kondotty said...

അനിലേട്ടാ ,
അല്പം സീരിയസ്‌ ആണെങ്കിലും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പോസ്റ്റും ആയി വന്നതിനു അഭിനന്ദനം ..!

പക്ഷെ മാറിയ ലോക ക്രമത്തില്‍ , ഇടതു പക്ഷ ആശയങ്ങള്‍ എത്രത്തോളം പ്രായോഗികം ആണ് ..? നിത്യ ചിലവുകള്‍ക്ക് പോലും ലോക ബാങ്ക് സഹായം തേടേണ്ടി വരുന്ന ഒരു ഭരണകൂടത്തിനു , ലോക ബാങ്കിന്റെ മുതലാളിത്ത കാഴ്ചപ്പാടുകള്‍ അംഗീകരിക്കേണ്ടി വരില്ലേ ..? അവരുടെസഹായം ഇല്ലാതെ നമുക്ക് എത്ര മാത്രം മുന്നോട്ടു പോകാനാകും ?

എ. ഡി ബി വിവാദത്തില്‍ അടക്കം ഈ ഒരു ആശയക്കുഴപ്പം കേരളത്തിലെ ഇടതു പക്ഷത്തില്‍ നാം കണ്ടതാണ് .

മുതലാളിത്ത വ്യവസ്ഥിതിയെയും അതിനെ promote ചെയ്യുന്ന സ്ഥാപനങ്ങളെയും മറി കടന്നു സ്വന്തം കാലില്‍ നിന്ന് ഒരു പുതു ലോകം പണിയുക എന്നത് കേരളത്തിന്‌ എന്നെങ്കിലും സാധ്യമാണോ ? അത്തരത്തില്‍ ദീര്‍ഘ വീക്ഷണത്തോട് കൂടി എന്തെങ്കിലും നയം രൂപപ്പെടുത്താന്‍ ഇടതു പക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടോ ? അതിനു ചങ്കുറപ്പുള്ള ഒരു നേതാവുണ്ടോ ? എന്തിനു പാര്‍ലി മെന്റ്ററി വ്യാമോഹം മുച്ചൂടും ബാധിച്ച , അനാവശ്യ വിവാദത്തിലും ഈഗോ ക്ലാഷിലും പെട്ടുഴലുന്ന അഭിനവ പാര്‍ടി നേതൃത്വത്തിന് അതിനു കഴിയുമെന്ന് താങ്കള്‍ വ്യാമോഹിക്കുന്നുന്ടൊ ?

കാസിം തങ്ങള്‍ said...

മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പദ്ധതികളും ആസൂത്രണങ്ങളും ആശാവഹം തന്നെ. പക്ഷെ ആഭ്യന്തര കലഹങ്ങളുടെ ശൈഥില്യത്തില്‍ പെട്ടുഴലുന്ന പാര്‍ട്ടിക്കും മുന്നണിക്കും ഈ പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണം സുഗമമായി മുന്നോട്ട് കൊണ്ട്പോകാന്‍ കഴിയുമോ എന്നതില്‍ പൊതൂജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കേണ്ടിയിരിക്കുന്നു. സങ്കുചിത ചിന്തകള്‍ മാറ്റിവെച്ച് കക്ഷി രാഷ്ട്രീയ ഭേദമന്യേ സഹകരണ മനോഭാവത്തോടെ വികസന കാര്യങ്ങളെ സമീപിക്കാന്‍ ഏവര്‍ക്കുമായാല്‍ ചിറക് മുളക്കുന്ന വികസന സ്വപ്നങ്ങള്‍ സാക്ഷാല്‍കൃതമാകും.

അനില്‍@ബ്ലോഗ് // anil said...

Faizal Kondotty,
ആദ്യ കമന്റിനു നന്ദി.
ഇടതുപക്ഷ ആശയങ്ങള്‍ എന്ന പ്രയോഗത്തിന്റെ വിശാലമായ അത്ഥം തത്കാലം കണക്കിലെടുക്കണ്ട.മുതലാളിത്ത വ്യവസ്ഥയുടെ കേന്ദ്രബിന്ദുവാ‍യ അമേരിക്കയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ കേന്ദ്രബിന്ദു എന്ന് ഏവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണല്ലോ. സ്റ്റേറ്റിന്റെ നിയന്ത്രണമില്ലാത്ത വിപണി ധന മാനേജ്മെന്റ് എന്നിവയാണ് മുതലാളിത്തത്തിന്റ് അടിസ്ഥാന ചിന്ത. അതിനു കടകവിരുദ്ധമായി വ്യവസായങ്ങളേയും ബാങ്കിങ് മേഖലകളും , ജനങ്ങള്‍ നല്‍കുന്ന നികുതിപണം കൊടുത്ത സംരക്ഷിക്കുക എന്നത് വാസ്തവത്തില്‍ നാം മുന്നോട്ട് വക്കുന്ന ദേശസാത്കരണത്തിന്റെ വേറെഒരു വശം തന്നെയാണ്, പക്ഷെ ഗുണഭോക്താക്കള്‍ സാധാരണക്കാരല്ലെന്നു മാത്രം. എന്നാല്‍ ഇവിടെ നാം പണമിറക്കുന്നത് സാധാരണക്കാരന് തൊഴിലും കൂലിയും ലഭിക്കുന്നതിനാണ്, അത് അവന്റെ ദാരിദ്ര്യം അകറ്റാന്‍ സഹായിക്കുമല്ലോ.

കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി നിരവധി കാര്യങ്ങള്‍ ഈ ഗവണ്മേന്റ്റ് ചെയ്തെങ്കിലും താങ്കള്‍ ചൂണ്ടിക്കാട്ടിയപോലെ തന്നെ പടലപ്പിണക്കങ്ങളില്‍പ്പെട്ട് അവയൊന്നും ജനശ്രദ്ധയിലെത്തിയില്ല, എന്നുവച്ചാല്‍ നെഗറ്റീവ് റിപ്പോര്‍ട്ടിംങ് എന്ന മാധ്യമ തന്ത്രത്തില്‍ ഇവയെല്ലാം മുങ്ങിപ്പോയെന്നര്‍ത്ഥം.

അതിനെയെല്ലാം മാറ്റി നിര്‍ത്തി, സാമ്പത്തിക മാന്ദ്യം നിയന്ത്രിക്കാന്‍ നടത്തുന്ന സര്‍ക്കാര്‍ നയങ്ങളെ നമുക്കാവും വിധം സഹായിക്കാം എന്നുമാത്രമാണീ പോസ്റ്റ് പറയാനാഗ്രഹിക്കുന്നത്.
നന്ദി.

കാസിം തങ്ങള്‍,
വളരെ പോസ്റ്റീവായ കാഴ്ചപ്പാടാണത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിര്‍ക്കുന്ന പല പദ്ധതികളും ഭരണത്തിലെത്തിയാല്‍ നടപ്പാക്കുന്ന പാര്‍ട്ടികളെ നാം കാണുന്നതാണ്. അതായത് കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള വാദങ്ങളാണെല്ലാമെന്നര്‍ത്ഥം. അപ്പോള്‍ വികസനം മുന്‍ നിര്‍ത്തിയെങ്കിലും ഒരു സമവായം ഉണ്ടാവേണ്ടതുണ്ട്.
നന്ദി.
കേരള ട്രഷറി സ്ഥിര നിക്ഷേപ പദ്ധതി മനസ്സിലുണ്ടാവണെ.
:)

Unknown said...

ഇത്രേം കാര്യമാക്കണോ?

Sands | കരിങ്കല്ല് said...

.

Faizal Kondotty said...

കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി നിരവധി കാര്യങ്ങള്‍ ഈ ഗവണ്മേന്റ്റ് ചെയ്തെങ്കിലും താങ്കള്‍ ചൂണ്ടിക്കാട്ടിയപോലെ തന്നെ പടലപ്പിണക്കങ്ങളില്‍പ്പെട്ട് അവയൊന്നും ജനശ്രദ്ധയിലെത്തിയില്ല, എന്നുവച്ചാല്‍ നെഗറ്റീവ് റിപ്പോര്‍ട്ടിംങ് എന്ന മാധ്യമ തന്ത്രത്തില്‍ ഇവയെല്ലാം മുങ്ങിപ്പോയെന്നര്‍ത്ഥം.

അനില്‍ജി താങ്കള്‍ പറഞ്ഞ പോലെ നെഗറ്റീവ് റിപ്പോര്‍ട്ടിംങ് ആള് ഒട്ടു മിക്ക മാധ്യമങ്ങളും ചെയ്യുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല , വികസന പ്രശ്നങ്ങളോ, മാന്ദ്യമോ , ജനോപകാര പ്രദമായ അര്‍ദ്ധ സര്‍ക്കാര്‍ -സര്‍ക്കാരിതര -സംഘങ്ങളുടെ പുതിയ പദ്ധതികളോ ഒന്നും മിക്ക മാധ്യമങ്ങളുടെയും ടോപ്‌ ടെന്നില്‍ പത്താമതായി പോലും വന്നില്ല .. രാഷ്ട്രീയ നേതാക്കളുടെ ചെറു ചലനങ്ങളും എന്തിനു തുമ്മല്‍ പോലും ഇത്ര പ്രാധ്യാന്യം വരുന്നത് എന്ത് കൊണ്ട് എന്ന് വാര്‍ത്താ മാധ്യമങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട് ..

മലയാളികളെ എന്നും വിവാദങ്ങളില്‍ തളച്ചിടാന്‍ ബോധ പൂര്‍വ്വമോ അല്ലാതെയോ ആയ ഒരു ശ്രമം നടക്കുന്ന പോലെ . അതും വളരെ ക്രിയേറ്റീവ് ആയി യോജിച്ചു നിന്ന് മുന്നേറേണ്ട ഈ മാന്ദ്യ കാലത്ത് .

എന്നിരിക്കിലും ചില കാര്യങ്ങള്‍ ചൂണ്ടി ക്കാട്ടാതെ വയ്യ , അഴിമതി രഹിതമായ ചെക്ക് പോസ്റ്റുകള്‍ പോലുള്ള നല്ല പദ്ധതികളുടെ തുടര്‍ച്ച ഏതോ ഒരു ഘട്ടത്തില്‍ നഷ്ട്ടപ്പെട്ടില്ലേ ഈ വിവാദങ്ങളില്‍ പ്പെട്ടു ..? സ്മാര്‍ട്ട്‌ സിടി പോലെ ഒരു പദ്ധതി നഷ്ടപ്പെടുന്നത് റിസ്സഷന്‍ ടീ കോമ്മിനെ ബാധിച്ചു എന്നത് കൊണ്ട് മാത്രമാണോ ? മുന്നാര്‍ ഭൂമി പിടിച്ചെടുക്കലും വിതരണവും എങ്ങുമെത്താതെ പോയത് എങ്ങിനെയാണ് , ഭൂ രഹിതര്‍ക്ക് ഒരു വലിയ ആശ്വാസം ആയി മാറേണ്ടിയിരുന്ന ആ പദ്ധതി തുടക്കത്തിലെ പാളിയത് എങ്ങിനെ ?

ജനങ്ങള്‍ അല്പം നിരാശയില്‍ തന്നെയാണ് ഇപ്പോള്‍ .. വന്‍ ഭൂരിപക്ഷത്തോടെ ഇടതു മുന്നണി ജയിച്ചു വന്നപ്പോള്‍ ഇടതു ചിന്താഗതിക്കാര്‍ അല്ലാത്തവര്‍ വരെ ഒരു പാട് പ്രതീക്ഷിച്ചു .. താങ്കള്‍ പറഞ്ഞ പോലെ നല്ല തുടക്കം തന്നെയായിരുന്നു .പക്ഷെ ..

ഏതായാലും ആ കാര്യം വിടാം , പുതിയ പദ്ധതികളും പതിവ് പോലെ വിവാദങ്ങളില്‍ പ്പെട്ടു തകരാതിരിക്കട്ടെ എന്ന് കരുതി പറഞ്ഞു എന്ന് മാത്രം
താങ്കള്‍ ഉദ്ദേശിച്ച പോയിന്റ്‌ ലേക്ക് , പുതിയ പദ്ധതികളുടെ ജന പങ്കാളിത്തത്തോടെയുള്ള നടത്തിപ്പ് അടക്കം , കാര്യങ്ങള്‍ വരട്ടെ ..പോസിറ്റീവ് ആയി ചര്‍ച്ചയും നടക്കട്ടെ ..

ഓ. ടോ
പോസ്റ്റ്‌ കണ്ടിട്ട് ഈ വിഷയത്തില്‍ സീരിയസ്‌ ആയ ഒരു ഔദ്യോഗിക സെമിനാര്‍ കഴിഞ്ഞു വന്നതിന്റെ ലക്ഷണം ഉണ്ട് ..!

വാഴക്കോടന്‍ ‍// vazhakodan said...

സമ്പാദ്യം സുരക്ഷിത കരങ്ങളിലേല്‍പ്പിക്കുന്നതോടോപ്പം നാടിന്റെ വികസനത്തില്‍ പങ്കാളികളാവാം...

good post Aniljee

Manikandan said...

അനിലേട്ടാ നല്ല ആശയം തന്നെ. എന്നാലും അല്പം വിയോജിപ്പ് പറഞ്ഞികൊള്ളട്ടെ. സർക്കാർ ജീവനക്കാരായിരുന്ന എന്റെ മാതാപിതാക്കൾ അവരുടെ റിട്ടയർമെന്റ് സമയത്തുകിട്ടിയ തുകയുടെ നല്ലൊരു ഭാഗം ഉയർന്ന പലിശനിരക്കുള്ളതിനാൽ ട്രഷറി സ്ഥിരനിക്ഷേപമായി ഇട്ടിട്ടുള്ളവരാണ്. പലശ എല്ലാമാസവും ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ വരുകയും ചെയ്യും. എന്നാൽ പലിശവാങ്ങാൻ ട്രഷറിയിൽ ഉള്ള കാലതാമസം ഒർത്താൽ പലപ്പോഴും സങ്കടം വരുമെന്നാണ് അവർ പറയുന്നത്.

കണ്ണനുണ്ണി said...

അനില്‍ ജി, പറഞ്ഞ കാര്യത്തിന്റെ ഉദേശ ശുദ്ധിയേയും...അതിലെ സത്യസന്ധതയേയും അഭിനന്ദിക്കുന്നു..ഒപ്പം മറ്റൊരു കാര്യം കൂടി പറയുവാന്‍ ആഗ്രഹിക്കുന്നു.
എത്രയോ കോടി രൂപയുടെ കേന്ദ്ര സാമ്പത്തിക സഹായങ്ങള്‍ ആണ് ഓരോ കൊല്ലവും സര്‍ക്കാരിന്റെ കാല താമസവും ഉദ്യോഗസ്ഥരുടെ കെടു കാര്യസ്തതയും കൊണ്ട് പാഴായി പോവുന്നത്. തമ്മിലടിയും പടലപിണക്കങ്ങളും കൊണ്ട് വികസനത്തില്‍ നിന്നും ശ്രദ്ധ തിരിഞ്ഞു പോയ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഈ കാര്യത്തില്‍ പുരോഗതി ഉണ്ടാവും എന്ന് ആശിക്കാനും വയ്യ.
ആഗോള സാമ്പത്തിക മാന്ദ്യം തീര്‍ച്ചയായും ഒരു തിരിച്ചടി ആണ്. പക്ഷെ അതിലും എത്രയോ വലുതാണ്‌ അനാസ്ഥ കൊണ്ട് വഴി മുട്ടി പോവുന്ന വികസന പദ്ധതികള്‍. കയ്യില്‍ ഉള്ള വിഭവ ശേഷിയും ധന ശേഷിയും വേണ്ട രീതിയില്‍ ഉപയോഗിക്കുവാനുള്ള തിരിച്ചറിവും കൂട്ടായ ശ്രമവും ആണ് ആദ്യം വേണ്ടത്. പിന്നെയാവട്ടെ കൂടുതല്‍ നിക്ഷേപം സ്വീകരിക്കുവാനുള്ള നടപടികളും ബോധവത്കരണവും

Anil cheleri kumaran said...

നല്ല തുടക്കമാവട്ടെ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അനില്‍,
ഇടതു സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ പലതും ചെയ്തിരിക്കും. പക്ഷെ അത് വേണ്ടരീതിയില്‍ ജനങ്ങളില്‍ എത്താത്തത് മാധ്യമങ്ങളുടെ നെഗറ്റീവ് റിപോര്‍ട്ടിംഗ് കൊണ്ട് മാത്രമാണോ? ഒത്തൊരുമയില്‍ പ്രവര്‍ത്തിക്കാത്ത ഇടത് നേതാക്കളുടെ ചെയ്തികള്‍ തന്നെയല്ലേ പ്രധാന കാരണം? പരസ്പരം പോരടിക്കുന്ന, നേതാക്കള്‍ ഇതൊക്കെ തത്സമയം തന്നെ ജനങ്ങള്‍ കാണുന്നു എന്ന ബോധത്തോടെയെങ്കിലും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നില്ലേ?

അതു പോലെ തന്നെ സര്‍ക്കാരുദ്യോഗസ്ഥരുടേയും മനോഭാവങ്ങള്‍ മാറേണ്ടിയിരിക്കുന്നു. മാന്യമായി ജനങ്ങളോട് പെരുമാറാന്‍ ഉദ്യോഗസ്ഥരും നേതാക്കളും പെരുമാറിയാല്‍ നാട്ടിലെ വികസന പദ്ധതികള്‍ക്ക് പണം മുടക്കാന്‍ സാമ്പത്തിക ശേഷിയുള്ള ആളുകള്‍ തയ്യാറാവും. അല്ലാതെ കൈയിലെ കാശ് കൊടുത്ത്, പിന്നീട് അത് കിട്ടാനായി ഉദ്യോഗസ്ഥന്മാരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേട് വന്നാലോ?

“എന്നാൽ പലിശവാങ്ങാൻ ട്രഷറിയിൽ ഉള്ള കാലതാമസം ഒർത്താൽ പലപ്പോഴും സങ്കടം വരുമെന്നാണ് അവർ പറയുന്നത്.“

മണികണ്ഠന്‍ പറഞ്ഞത് ഒരു കാര്യമല്ലേ?

അനില്‍@ബ്ലോഗ് // anil said...

മുരളിക,
എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല കേട്ടോ.

കരിങ്കല്ലെ,
:)

ഫൈസലെ,
ഔദ്യോഗികമായിരുന്നില്ല.
:)

മണികണ്ഠന്‍,
ഒരു പരിധി വരെ ഞാനതിനോട് യോജിക്കുന്നു. സര്‍ക്കാര്‍ ഫയല്‍ സംവിധാനത്തിന്റെ പോരായ്മകള്‍ ധാരാളമായി ട്രഷറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി,കമ്പ്യൂട്ടറൈസേഷന്‍ നടന്നു, അതിലുപരീ ഉദ്യോഗസ്ഥര്‍ അവ ഉപയോഗിക്കാന്‍ പഠിച്ചു. സേവിംങ്സ് ബാങ്കിനായി പ്രത്യേക സെക്ഷന്‍ തുറന്നു ഇവയെല്ലാം ഒരു പരിധി വരെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. വളരെ താമസിയാതെ തന്നെ എല്ലാ ട്രഷറികളിലും ടെല്ലര്‍ മെഷീനുകള്‍ വരുന്നുണ്ട്.

കണ്ണനുണ്ണി,
വിശദീകരിക്കാന്‍ നിന്നാല്‍ പി.ആര്‍.ഡിയുടെ പണി മുഴുവന്‍ ഞാന്‍ ചെയ്യേണ്ടി വരും.
:)
എന്നാലും ചിലത് പറയാം.കേരളത്തിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ്കള്‍ നിരവധിയായ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.അതിന്റെ ഗുണഫലം സാധാരണക്കാരായ ജനങ്ങള്‍ക്ക് കിട്ടുന്നുമുണ്ട്. മറിച്ചൊരു പ്രചരണം നടത്തുന്നത് ഇവിടുത്തെ മാദ്ധ്യമങ്ങളാണ്.അടിസ്ഥാനവികസനങ്ങളെ എടുത്ത് ജനങ്ങളിലെത്തിക്കുക തങ്ങളുടെ ജോലിയല്ല , വിമര്‍ശനവും വിവാദങ്ങളും മാത്രമാണ് പത്രപ്രവര്‍ത്തനത്തിന്റെ രീതി എന്ന് വിശ്വസിക്കുന്ന പുതുതലമുറ പത്രപ്രവര്‍ത്തകര്‍ ഏറി വരികയാണ്.ഒന്നോ രണ്ടോ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന് വിമര്‍ശിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്.
പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ഒരു പ്രധാന കാര്യം ശ്രദ്ധിക്കാനാവാത്തത് സര്‍ക്കാര്‍ നടപടികളിലില്‍ താങ്കള്‍ക്ക് വേണ്ടത്ര ഗ്രാഹ്യം ഇല്ലാത്തതിനാലാണ്. ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റിലെ പദ്ധതികള്‍ക്ക് ആഗസ്റ്റ് ആവുമ്പോഴേക്കും സാങ്കേതികാനുമതി ലഭിക്കുക എന്നത് ചെറിയൊരു കാര്യമല്ല.

ട്രഷറി സേവിംങ്സ് എന്ന സംഗതി ഉണ്ടെന്ന് അറിയാത്ത കുറച്ച് പേരെങ്കിലും ഉണ്ടാവും എന്ന കരുതി ഇട്ടതാണ്.

രാമചന്ദ്രന്‍ വെട്ടിക്കാട്,
കുറച്ച് വിശദീകരണങ്ങള്‍ മണികണ്ഠനും കണ്ണനുണ്ണിക്കും വേണ്ടി പറഞ്ഞു കഴിഞ്ഞതിനാല്‍ ഞാന്‍ ആവര്‍ത്തിക്കുന്നില്ല.
നെഗറ്റീവ് റിപ്പോര്‍ട്ടിംങ് മാത്രം പത്രപ്രവര്‍ത്തന രീതിയാവുകയും, സ്കൂപ്പുകള്‍ മാത്രം വീക്ഷിക്കുന്ന ഒരു തലമുറ പ്രേക്ഷകരുണ്ടാവുകയും ചെയ്താല്‍ ഇപ്പോള്‍ വരുന്ന തരം വാര്‍ത്തകള്‍ മാത്രമേ പുറത്തിറങ്ങുകയുള്ളൂ.
സര്‍ക്കാര്‍ സംവിധാനത്തിന്റെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കപ്പെട്ടു വരുന്നു. അഴിമതി രഹിത വാളയാര്‍ പോലെയുള്ള പദ്ധതികള്‍ കൂടുതല്‍ വകുപ്പുകളിലേക്ക് വ്യാപിക്കുന്നുണ്ട്. അതിലൊന്നാണ് ട്രഷറി, നിരവധിയായ പരിഷ്കാരങ്ങള്‍ അവിടെ നടപ്പായിട്ടുണ്ട്.ഞങ്ങളുടെ ട്രഷറിയില 15 മിനിറ്റിനുള്ളില്‍ എസ്.ബി. അനുബന്ധ പണം കൈയ്യില്‍ കിട്ടും. ബാങ്കില്‍ പോയി ചെക്ക് കൊടുത്തിട്ട് അതില്‍ കൂടുതല്‍ സമയം എനിക്ക് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
എല്ലാം ശരിയാവുമെന്നെ.

ഹരീഷ് തൊടുപുഴ said...

സാമ്പത്തികരംഗത്തെ മാന്ദ്യങ്ങള്‍ അതിജീവിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വികസന പരിപാടികള്‍ വിജയിക്കട്ടെ, അതുവഴി കേരളത്തിലെ നാനാതുറകളിലുള്ള സാധാരണ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം പകരട്ടെ എന്നാശംസിക്കുന്നു..

കെ.എഫ്.സി വഴി 7% തിരിച്ചടവ് പലിശയോടു കൂടി നല്‍കുന്ന സ്വയം തൊഴില്‍ വായ്പ കൂടുതല്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും, അതുവഴി ഗവെര്‍ണ്മെന്റിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും കഴിയട്ടെ.

എന്റെ അനുഭവത്തില്‍ ട്രഷറിയില്‍ പണം നിക്ഷേപിക്കുന്നതുകൊണ്ട് കൂടുതല്‍ പലിശ ലഭിക്കുകയും, നമ്മളുടെ നിക്ഷേപത്തിനു കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് നിസ്സംശയം പറയാം.

Typist | എഴുത്തുകാരി said...

കേരള വികസനത്തില്‍ പങ്കാളികളാവുക. വളരെ നല്ല കാര്യം. അതിനുവേണ്ടി ഒരു പോസ്റ്റ് തന്നെ ഇടാന്‍ തോന്നിയതു് നന്നായി.‍

സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും. അതിന്റെ ഗുണഫലങ്ങള്‍ പിന്നീട് നമ്മളനുഭവിക്കുകയും ചെയ്യും. ‍പക്ഷേ അതൊന്നും സാധാ‍രണക്കാരന്‍ അറിയാതെ പോകുന്നു. അവര്‍ അറിയുന്നതു് മന്ത്രിസഭയിലേയും, പാര്‍ട്ടിയിലേയും തമ്മില്‍ തല്ലുകളും പടലപിണക്കങ്ങളും മാത്രമല്ലേ? പത്രം എടുത്താല്‍ അല്ലെങ്കില്‍ ടി വി തുറന്നാല്‍ അതു മാത്രമല്ലേയുള്ളൂ. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങള്‍ അറിയാന്‍ അല്ലെങ്കില്‍ ജനങ്ങളിലേക്കെത്തിക്കേണ്ടതില്ലേ?

ഈ സാഹചര്യത്തില്‍ അനിലിന്റെ പോസ്റ്റ് നന്നായി. ഇതു വായിക്കുന്നവര്‍ക്കെങ്കിലും മനസ്സിലാവുകയും താല്പര്യമുണ്ടെങ്കില്‍ പ്രവര്‍ത്തിക്കുകയുമാവാമല്ലോ.

ജിജ സുബ്രഹ്മണ്യൻ said...

ഇതൊരു നല്ല ആശയമായി എനിക്കു തോന്നുന്നു.എന്റെ ഒരു സ്വഭാവമനുസരിച്ച് നിക്ഷേപ ശീലം തീരെയില്ല.ഉള്ളത് ബാങ്കിൽ കൊണ്ട് ഇടുകയേ ഉള്ളൂ.എ ടി എം സൗകര്യമുള്ളതിനാൽ കാശെടുക്കലും എളുപ്പം.ട്രെഷറികളിലും ഭാവിയിൽ ഈ സംവിധാനം നിലവിൽ വരും എന്ന് പ്രതീക്ഷിക്കാം അല്ലേ.ഇപ്പോഴത്തെ അവസ്ഥയിൽ ഒരു ബില്ലു മാറാൻ തന്നെ ട്രെഷറിയിൽ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണു.അതിനൊരു മാറ്റം വരുമ്പോൾ ട്രെഷറി നിക്ഷേപത്തെ കുറിച്ച് ആലോചിക്കാം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങൾ വിദേശിയർ സുരക്ഷിതമായി പണം അവിടെ ഏൽ‌പ്പിക്കുന്നുണ്ടെങ്കിലും ,എന്താണത് ഇതുവരേയും സുരക്ഷിത മൂലധന നിക്ഷേപങ്ങളാക്കിയും/വളരെ നിക്ഷിപ്തമായി ചിലവാക്കിയും സൂക്ഷിക്കുന്നില്ല?

anushka said...

bilatthipattanam ന്റെ കമന്റ് മനസ്സിലായില്ല.ഒന്നു വിശദീകരിക്കാമോ?

ചാണക്യന്‍ said...

അനിലെ,

നല്ല പോസ്റ്റ്....

ലക്ഷ്യം നല്ലതു തന്നെ..പക്ഷെ എത്രകണ്ട് വിശ്വസിക്കാം...

പ്രോവിഡന്റ് ഫണ്ടിലെ പണം സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ക്ക് ക്രയവിക്രയം ചെയ്യാനുള്ള സൌകര്യം ഉണ്ടാക്കിക്കൊടുത്ത കാര്യം വിസ്മരിക്കണോ?

5000കോടിയിലധികം ആഭ്യന്തര കടമുള്ള ഒരു സംസ്ഥാനത്തിലെ ട്രഷറികളില്‍ നിക്ഷേപിക്കുന്ന പണം പിന്നീട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ക്രയവിക്രയം ചെയ്യാന്‍ സൌകര്യം കൊടുത്താല്‍....നിക്ഷേപകന് എന്ത് സുരക്ഷിതത്വമുണ്ടാവും....

siva // ശിവ said...

ഉപകാരപ്രദം ഈ പോസ്റ്റ്...പിന്നെ ചാണക്യന്‍ പറഞ്ഞതിലും കാര്യമില്ലേ?

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
ആ വായ്പ ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്ളതാണെന്നാ തോന്നുന്നത്.

എഴുത്തുകാരീ,
നല്ല വാക്കുകള്‍ക്ക് നന്ദി. ഒരാളെങ്കിലും കൂടുതലായിതിനെപ്പറ്റി അന്വേഷിച്ചാല്‍ അത്രയും നല്ലതല്ലെ?

കാന്താരിക്കുട്ടി,
അതെ , എത്രയും പെട്ടന്നു തന്നെ അതു വരട്ടെ.
:)

bilatthipattanam,
ഉണ്ട് , എല്ലാം ഇവിടെ സുരക്ഷിതമായുണ്ട്.
:)

vrajesh,
:)

ചാണക്യാ,
അത്രക്ക് ഭയപ്പെടണോ, ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും?
അപ്രകാരമാലോചിച്ചാല്‍ പുതുതലമുറ ബാങ്കുകളുടെ കയ്യില്‍ കിടക്കുന്ന നമ്മുടെ നാട്ടുകാരുടെ പണം എന്താവും? വിദേശ നിക്ഷേപം ഉയര്‍ത്താന്‍ പോകുന്ന ദേശസാല്‍കൃത ബാങ്കുകളുടെ സ്ഥിതിയോ? എല്‍.ഐ.സി?

തത്കാലം നമുക്ക് നിലവിലുള്ള് സാ‍ഹചര്യം വച്ച് പയറ്റി നോക്കാം.
:)

ശിവ,
നന്ദി. ചാണക്യനോട് പറഞ്ഞത് ആവര്‍ത്തിക്കുന്നില്ല.

ഗുരുജി said...

ഏതൊരു സാമ്പത്തിക ആസൂത്രണത്തിന്റേയും
അടിസ്ഥാന ഘടകമാണു ചെലവു ചുരുക്കൽ.
മാന്ദ്യകാലത്ത്‌ മന്ത്രിമാരെങ്കിലും അതിനു മുതിരുമോ???????