3/04/2009

മനേകാ ഗാന്ധിയും മുയലുകളും

മാതൃഭൂമി വാരാന്ത്യപ്പതിപ്പിലെ സ്ഥിരം പംക്തികളിലൊന്നാണ് ശ്രീമതി. മനേകാ ഗാന്ധിയുടെ "അരുമ". മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുന്ന ഈ പംക്തി, പലപ്പോഴും അബദ്ധജഠിലങ്ങളായ പ്രസ്താവനകള്‍ നിറഞ്ഞതായിരിക്കുമെന്ന് പറയുന്നതിന് മടി തോന്നുന്നില്ല. ഭാരത്തിലെ ജന്തുസ്നേഹത്തിന്റെ പര്യായമാണ് മനേക ഗാന്ധി എന്ന വ്യക്തി. എന്നാല്‍ പലകുറിപ്പുകളും ഈ ഗൌരവം തിരസ്കരിക്കുന്നു എന്നു പറയാതെ വയ്യ. ജനങ്ങളില്‍, പ്രത്യേകിച്ചും മൃഗസ്നേഹം മനസ്സില്‍ സൂക്ഷിക്കുന്നവരും എന്നാല്‍ മൃഗങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തവരുമായ അനേകരില്‍ തെറ്റിദ്ധാരണയും ഭീതിയും പടര്‍ത്തുവാനാണ് ഇത്തരം കുറിപ്പുകള്‍ ഏറെ ഉതകുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് ഞായറാഴ്ച മാതൃഭൂമിയില്‍ വന്ന, "ക്രൂരത മുയലിനോടും" എന്ന കുറിപ്പ് ഇതില്‍ അവസാനത്തേതാണ്. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.


"മുയല്‍ വളര്‍ത്തല്‍ പഠിക്കാന്‍ ഉദ്യോഗസ്ഥര്‍ വിദേശ യാ‍ത്ര നടത്തി , ഷോപ്പിങ് മാളുകളും നിശാക്ലബ്ബുകളും സന്ദര്‍ശിച്ചു മടങ്ങി" എന്ന ആദ്യ വരി തന്നെ ലേഖനത്തിന്റെ നിലവാരം വെളിവാക്കുന്നു. രണ്ടാം ഖണ്ഡികയിലെ "വിവരമില്ലാത്ത രാഷ്ടീയക്കാരും, മണ്ടന്മാരായ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും" എന്ന വിശേഷണങ്ങളാവട്ടെ ചില്ല്ലിട്ടു സൂക്ഷിക്കേണ്ടതാണ്. ലോകസഭാ തിരഞ്ഞെടുപ്പ് രാഷ്ടീയവുമായി പണ്ടുണ്ടായ ബന്ധത്തില്‍ നിന്നും ഉരുത്തിരിഞ്ഞ സ്വയം വിലയിരുത്തലായി ആദ്യ ഭാഗത്തെ കാണാമെങ്കിലും രണ്ടാമത്തെ ഭാ‍ഗം ഏതു ഗവേഷണ ഫലമാണെന്ന് വ്യക്തമാക്കെണ്ടതായിരുന്നു.

കേവലം ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മുയല്‍ വളര്‍ത്തല്‍ എന്ന പദ്ധതി തന്നെ ക്രൂരതയാണെന്നും, പരാജയമാണെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ് ലേഖിക. വിദേശ ജനുസുകളെ ഇറക്കുമതി ചെയ്തതാണ് സര്‍വ്വ പ്രശ്നങ്ങള്‍ക്കും കാരണം എന്നു പറഞ്ഞുവക്കുന്ന ഇവര്‍ , നൂറു ശതമാനവും വിദേശിയായ ബ്രോയിലര്‍ കോഴി വ്യവസായത്തിന്റെ വിജയം കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിന് ആധാരമാക്കുന്നതാവട്ടെ പേരെടുത്ത് പറയാത്ത ഏതോ ഒരു വെബ് സൈറ്റും. ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത പലകാര്യങ്ങളും വിവരിക്കുന്ന ഇത്തരം വെബ് സൈറ്റുകള്‍ ആധാരമാക്കുന്നതാവാം ശ്രീമതി. മനേകാ ഗാന്ധിക്കു പറ്റുന്ന തെറ്റെന്ന് സമാശ്വസിക്കാം.

താന്‍ സന്ദര്‍ശിച്ചു എന്നു പറയപ്പെടുന്ന ചില ഫാമുകളിലെ സ്ഥിതി വിവരക്കണക്കുകള്‍ എത്രമാത്രം വിശ്വാസ യോഗ്യമാണെന്ന് പരിശോധിക്കതന്നെ വേണ്ടി വരും. മുയലുകളിലെ മരണനിരക്ക്, പെണ്‍ മുയലുകളിലെ ക്രമാതീതമായ മരണ നിരക്ക് , മുയല്‍ കുഞ്ഞുങ്ങളുടെ മരണ നിരക്ക് തുടങ്ങിയവയൊന്നും തന്നെ യാഥാര്‍ത്ഥ്യത്തൊട് ചേര്‍ന്നു നില്‍ക്കുന്നില്ല. കേരള‍ത്തിലെ സാഹചര്യങ്ങളില്‍ പോലും നടത്താവുന്നതും നടത്തി വരുന്നതുമായ മുയല്‍ വളര്‍ത്തല്‍, താരതമ്യേന “വളര്‍ത്തു ചിലവ്“ കുറവായ ഉത്തരേന്ത്യയില്‍ എന്തു കൊണ്ട് പരാജയമാവുന്നു (അങ്ങിനെ ആണ് യാഥാര്‍ത്ഥ്യമെങ്കില്‍) ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്.

ഏതൊരു പുതിയ സംരഭങ്ങള്‍ ആരംഭിക്കുമ്പോളും കണക്കിലെടുക്കേണ്ടുന്ന ചില സംഗതികള്‍ മുയല്‍ വളര്‍ത്തലിലും ബാധകമാണെന്ന് വിസ്മരിക്കുന്നില്ല. ഇവയില്‍ ചിലതാണ് അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വിപണി, ആവശ്യമായ ബോധവല്‍ക്കരണം. ഇവയില്ലാത്ത എല്ലാ സംരഭങ്ങളും പരാജയപ്പെടുക തന്നെ ചെയ്യും.

ഏതായാലും മേലിലെങ്കിലും കൂടുതല്‍ ഗൌരവമാ‍യ ഒരു സമീപനം മനേകാ ഗാന്ധിയെന്ന മൃഗസ്നേഹിയുടെ ഭാഗത്തു നിന്നും ഉണ്ടാവും എന്ന പ്രതീക്ഷയില്‍, ഈ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള കര്‍ഷകനിലെ ഒരു ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു, ക്ലിക്കി വലുതാക്കി വായിക്കുമല്ലോ.


20 comments:

അനില്‍@ബ്ലോഗ് // anil said...

മനേകാ ഗാന്ധിയുടെ മുയലുകള്‍.

അല്‍ഭുത കുട്ടി said...

ഇവിടെ ആര്‍ പിടിച്ച് മുയലിനാണ് മൂന്ന് കൊമ്പുള്ളത് അനിലരേ.....:))

ഒരു സ്വകാര്യം : ഹോര്‍മോണ്‍ കുത്തി വെച്ച് കൊല്ലപ്പെടാന്‍ വെണ്ടി മാത്രം വളര്‍ത്തുന്ന ഇറച്ചികോഴികള്‍ ഇന്ന് ഒരു ആരോഗ്യപശ്നമാണെന്നത് കാണാതിരിക്കാനാവുമോ ? അനിലരേ ?

ഓടോ : അപ്പോള്‍ കെ.എഫ്.സി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കോഴികളുടെ കശാപ്പും അനുബന്ധപ്രവര്‍ത്തനങ്ങളും കാണുമ്പോള്‍ ടി ഗാന്ധി എന്ത് പറയും ആവോ.

അനില്‍ശ്രീ... said...

നാട്ടില്‍ തിരിച്ചെത്തുന്ന കാലത്ത് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ മുന്‍‌ഗണന ഉള്ളവയാണ് മുയല്‍ വളര്‍ത്തല്‍, കാട വളര്‍ത്തല്‍, കാലി വളര്‍ത്തല്‍ എന്നി കാര്യങ്ങള്‍. എന്തൊക്കെ നടക്കും എന്നറിയില്ല,,, ആഗ്രഹമാണ് പറഞ്ഞത്..

bright said...

ഞായറാഴ്ചകളില്‍ വായിച്ചു രസിക്കാന്‍ പറ്റിയ നല്ല ഹാസ്യലേഖനങ്ങളാണ് മനേക ഗാന്ധിഎഴുതുന്നത്.

ജിജ സുബ്രഹ്മണ്യൻ said...

മേനകാഗാന്ധിയുടെ ലേഖനം വായിക്കാറുണ്ട് എങ്കിലും അത് തമാശയായേ പലപ്പോഴും തോന്നിയിട്ടുള്ളൂ..കേരള കർഷകനിലെ ലേഖനം കണ്ടിരുന്നു.

ചാണക്യന്‍ said...

അനിലെ,

സാമൂഹിക പ്രശ്നങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന കക്ഷിയാണ് മേല്പറഞ്ഞ ഗാന്ധി, ഇടക്ക് (ഒരു ടൈം പാസിന്) അവര്‍ മൃഗങ്ങളുടെ പ്രശ്നങ്ങളും കണ്ടറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നില്ലെ....അദന്നെ വല്യ കാര്യമല്ലേ..അതിനെ നിസാരമായി കാണാന്‍ പാടുണ്ടോ?:):):)

ഓടോ: അടുത്താഴ്ച്ച മുതല്‍ ഞാന്‍ പാമ്പുകളെ തല്ലിക്കൊന്ന് ഫ്രൈയാക്കിയും ചാപ്സാക്കിയും കഴിക്കാന്‍ പോവാണ്....:):)

ശ്രീവല്ലഭന്‍. said...

മേനക ഗാന്ധി അച്ചടിച്ചു വിടുന്നത് പത്രത്തിലും. വനസംരക്ഷണം എവിടെ പോകും?

മേനക ഗാന്ധിയുടെ പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള പ്രസംഗം കഴിഞ്ഞപ്പോള്‍ ഒരു മലയാളി സുഹൃത്ത്‌ ചോദിച്ചു മാഡം ഏതൊക്കെ പത്രങ്ങള്‍ ദിവസേന വായിക്കും. ലിസ്റ്റ് കിട്ടി: ടൈംസ്‌ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്‌, വേറെ ഏതൊക്കെയോ രണ്ടു മൂന്നെണ്ണം കൂടി. എടുത്തടിച്ചത്‌ പോലെ സുഹൃത്ത്‌ അവരോടു പറഞ്ഞു- താങ്കള്‍ വന നശീകരണത്തിന് കൂടു നില്‍ക്കുകയാണ്‌! അതോടെ ഹാളില്‍ വളരെ നീണ്ട ചിരി ആയിരുന്നു. :-)

വികടശിരോമണി said...

എത്രയെത്ര ഗാന്ധിമാരാണ് മനുഷ്യർക്കു വേണ്ടി ജീവിച്ചുമരിച്ചത്!
ഒരു ഗാന്ധിയെപ്പോലും ഈ അനിലൊന്നും മൃഗങ്ങൾക്കു വിട്ടുകൊടുക്കില്ല.
ഓഫ്:ആ ഫ്രൈ ആയാൽ എന്നെ വിളിച്ചില്ലെങ്കിൽ പിന്നെ ഒരു സൂത്രവും എഴുതേണ്ടിവരില്ല,ചാണൂ:)

Manikandan said...
This comment has been removed by the author.
Manikandan said...

അനിൽ‌ജി ഇതൊരു ഓഫ്: പല മാംസാഹാരങ്ങളും കഴിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മുയലിനെ കഴിച്ചിട്ടില്ല. പണ്ട് തറവാ‍ട്ടിൽ ചേട്ടൻ കുറച്ചു മുയലുകളെ വളർത്തിയിരുന്നു. കുഞ്ഞായിരുന്നതുമുതൽ അതിനെ കണ്ടു വല്ലാതെ ഇഷ്ടപ്പെട്ടു. പക്ഷെ അതിനെ കൊല്ലുന്നതുമാത്രം സഹിച്ചില്ല, അതാവണം ഈ മുയൽ ഇറച്ചി വിരോധത്തിനു കാരണം. പിന്നെ പുള്ളിക്കാരനും കൊല്ലാനായി ഒരു ജീവിയെയും (മത്സ്യം ഒഴിച്ച്) വളർത്തിയിട്ടില്ല. റൂഹു, കട്ട്‌ള, മൃഗാൾ ഇവ കുറച്ചുകാലം വീട്ടിലെ കുളങ്ങളിൽ ഉണ്ടായിരുന്നു. പിന്നെ ജോലിത്തിരക്കിൽ അതും നിന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ഏതായാലും മേലിലെങ്കിലും കൂടുതല്‍ ഗൌരവമാ‍യ ഒരു സമീപനം മനേകാ ഗാന്ധിയെന്ന മൃഗസ്നേഹിയുടെ ഭാഗത്തു നിന്നും ഉണ്ടാവും എന്ന പ്രതീക്ഷയില്‍,

ഒട്ടും പ്രതീക്ഷ വേണ്ട അനിലേ.. ഞാന്‍ ആ പഴേ ഗാന്ധിയുടെ മരുമോളല്ലേ.. !
:)

ഹരീഷ് തൊടുപുഴ said...

നമ്മുടെ നാട്ടിലെ ഏറ്റവും വിജയം നേടിയതും, വന്‍തോതില്‍ ആദായം തരുന്നവയുമായ കൃഷിരീതികളാണ് മുയല്‍, പന്നി, മീന്‍ വളര്‍ത്തലുകള്‍..
മേനകാ ഗാന്ധിക്ക് ഇതൊന്നും അറിയില്ലന്നോ!!!

കാപ്പിലാന്‍ said...

അനിലേ , അനില് പിടിച്ച മുയലിന് എത്ര കൊബുന്ടെന്ന പറഞ്ഞത് ?
മേനക ഗാന്ധിയെ വിട്ടു പിടി .കളിക്കല്ലേ അനിലേ :) .ഒരു മൃഗത്തെയും വളര്‍ത്താനും കൊല്ലാനും പാടില്ല എന്നാണ് എന്‍റെ വാദം .

വേണേല്‍ റോഡില്‍ കൂടി പോകുന്ന പട്ടിക്ക് കല്ലെറിഞ്ഞോ :)

ചങ്കരന്‍ said...

മേനക മലയാളം ബ്ളോഗുകള്‍ വായിക്കാറുണ്ടായിരുക്കും, ഏകദേശം അതേ ഭാഷ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"മനേകാ ഗാന്ധിയുടെ മുയലുകള്‍"!!!
ha..haa...

Anil cheleri kumaran said...

മേനകാ ഗാന്ധിക്കെത്ര മുയലുണ്ട്???

Unknown said...

ഞാനും മുയൽ വളർത്തൽ തുടങ്ങിയാലൊ എന്നാലോചിക്കുവാ നല്ല ഫ്രൈ ഉണ്ടാക്കാമല്ലോ

അനില്‍@ബ്ലോഗ് // anil said...

അത്ഭുത കുട്ടി,
ഇവിടെ മുയലുകള്‍ക്ക് കൊമ്പില്ല കുട്ട്യേ, ഞമ്മന്റെ മുയലിന് ഏതായാലും കൊമ്പില്ല്.
സ്വകാര്യത്തിന് :- ഇറച്ചിക്കോഴികള്‍ക്ക് ഹോര്‍മോണ്‍ കുത്തിവക്കുന്നു എന്നത് അത്ര ശരിയായ പ്രസ്താവനയല്ല. ഇറച്ചിക്കോഴികള്‍ അല്പം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് മുന്‍പ് ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു.

അനില്‍ശ്രീ,
നല്ല കാര്യങ്ങള്‍. വിജയിക്കുന്ന തരത്തില്‍ നമുക്ക് പദ്ധതികള്‍ തയ്യാറാക്കാം.

bright,
പറഞ്ഞത് സത്യമാണ്. അതിനാല്‍ പലതും അവഗണിക്കുന്നു. പക്ഷെ കേരള കര്‍ഷകനും ഇതും ഒന്നിച്ചു കയ്യില്‍ കിട്ടിയപ്പോള്‍ തോന്നിയതാണ് ഈ കുറിപ്പ്.

കാന്താരിക്കുട്ടി,
അങ്ങിനെ തന്നെ, ഒരു തമാശ !

ചാണക്യന്‍,
അങ്ങിനെ ഒരു സൈഡ് ഉണ്ടല്ലെ. ഇത്ര തിരക്കു പിടിച്ച ജീവിതത്തിനിടെ ഇതിനു സമയം കണ്ടെത്തുന്നതിന് നന്ദി പറഞ്ഞിരിക്കുന്നു.
:)

ശ്രീവല്ലഭന്‍,
കേട്ടിട്ടുണ്ട്. ഈ സംരക്ഷണങ്ങളൊക്കെ തീവ്രവാദമാകുമ്പോഴുള്ള പ്രശ്നമാണ്.

വികടശിരോമണി,
വോ, ആയമ്മ എല്ലാറ്റിനേം സംരക്ഷിക്കട്ടെ. പക്ഷെ വല്ലതും എഴുതി വിടുമ്പോള്‍ അതും പത്രത്തിലൊക്കെ എഴുതുമ്പോള്‍ അല്പം ശ്രദ്ധ, അത്രമാത്രം.

MANIKANDAN [ മണികണ്ഠന്‍‌ ,
ഈ പരിപാടിയുമായി ബന്ധപ്പെട്ട ഒരു പ്രധാന വസ്തുതയാണ് താങ്കള്‍ പറഞ്ഞത്. ഓമനത്തം തുളുമ്പുന്ന ഈ കുഞ്ഞുങ്ങളെ കൊല്ലാന്‍ തോന്നില്ല. പക്ഷെ തൃശ്ശൂര്‍ പോലെയൂള്ള ടൌണുകളില്‍ നിന്നും ആളുകള്‍ വന്ന് മൊത്തമായി വാ‍ങ്ങിക്കൊണ്ടുപോവുകയാണ് ഇവിടങ്ങളില്‍ പതിവ്. നന്ദി.

പകല്‍കിനാവന്‍...daYdreamEr...,
എന്തു ചെയ്യാം, പൊക്കാനാളുണ്ടെങ്കില്‍ ..

ഹരീഷ് തൊടുപുഴ,
ഇടുക്കി ജില്ലയില്‍ ഇവയെ ഒക്കെ വളര്‍ത്തുന്നുണ്ടെന്ന് കേള്‍ക്കുന്നു.നല്ല കാര്യം.

കാപ്പിലാനെ,
കൊമ്പൊക്കെ വെട്ടി.
:)
റോഡിലെ പട്ടിക്കിട്ട് കല്ലെറിഞ്ഞാല്‍ എസ്.പി.സി.എ.ക്കാര്‍ വന്നു കേസെടുക്കും.

ചങ്കരന്‍,
സത്യമായിരികും. ഏതായാലും അവര്‍ക്കു വേണ്ടി മലയാളികളാരെങ്കിലും ആയിരികുമല്ലോ ഇതു ചെയ്യുന്നത്. ചിലപ്പോള്‍ നമ്മുടെ ബൂലോകരാരെങ്കിലും ആകാം.
:)

Jithendrakumar/ജിതേന്ദ്രകുമാര്‍,
:)

കുമാരന്‍,
മെയില്‍ ഐഡി കൊടുത്തിട്ടുണ്ട്.
നമുക്ക് ചോദിക്കാം. :)

അനൂപ് കോതനല്ലൂര്‍,
വളര്‍ത്തണമെന്നില്ല, വാങ്ങി ഫ്രൈ ചെയ്യാം.
ഓഫ്ഫ്:
കല്യാണ പാര്‍ട്ടികള്‍ക്ക് ചിക്കന്‍ ബിരിയാണിക്കു പകരം നമുക്ക് റാബിറ്റ് ബിരിയാണി ആക്കാം.

smitha adharsh said...

മനേകാ ഗാന്ധിയുടെ ലേഖനം തൊണ്ട തൊടാതെ വിഴുങ്ങണ്ട കാര്യം ഇല്ല അല്ലെ..?
പ്രമുഖര് കൈകാര്യം ചെയ്യുന്ന കോളത്തിലും ധാരാളം അബദ്ധങ്ങള് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയതിനു നന്ദി.
പോസ്റ്റില് ഇട്ട കമന്റ് കണ്ടിരുന്നു.വിശദമായി മറുപടി മെയില് ചെയ്തിട്ടുണ്ട്.

ബഷീർ said...

മനേകാ ഗാന്ധിയുടെ മുയലുകള്‍ !!

its the answer..
thank you