നമ്മുടെ ബൂലോകം പ്രസിദ്ധീകരിച്ച കുറിപ്പ് റീ പോസ്റ്റ് ചെയ്യുന്നു.
റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം:
അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് നടത്തിയൊരു പ്രസ്ഥാവന കാര്യമായ രീതിയില്‍ മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ഇപ്രകാരം മിന്നിമറഞ്ഞു പോകുന്ന പല കേന്ദ്ര പ്രസ്ഥാവനകളും നിര്‍വ്വഹണ ഘട്ടം എത്തുമ്പോള്‍ മാത്രമാണ് പൊതുജനം തിരിച്ചറിയുന്നതെന്നത്, ഈവിഷയത്തിലും ആവര്‍ത്തിക്കുന്ന പക്ഷം ഇന്ത്യന്‍ ആരോഗ്യ രംഗം വന്‍ വില നല്‍കേണ്ട സ്ഥിതിയിലേക്ക് നയിക്കപ്പെടും. ബിഎ.ആര്.എം.എസ് (ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന് ആന്റ് സര്‍ജറി ) എന്ന ഓമനപ്പേരിലറിയപ്പെടാന് പോകുന്ന പുതിയ ബിരുദ കോഴ്സ് മുഖാന്തിരം ഒന്നര ലക്ഷം ഗ്രാമീണ ഡോക്റ്റര്‍മാരെ സൃഷ്ടിച്ചെടുക്കുമെന്നതായിരുന്നു ആ പ്രസ്ഥാവന. പ്രസ്ഥാവനക്കടിസ്ഥാനമായ സാഹചര്യം ഗൌരവമായ ചര്‍ച്ചയിലേക്ക് നയിക്കേണ്ടുന്ന ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവേണ്ടതില്ല, എന്തെന്നാല്‍ ഇന്ത്യന്‍ ഗ്രാമീണ ആരോഗ്യ രംഗത്ത് ഡോക്ടമാരുടെ സേവനം വളരെ കുറവാണെന്നത് ഒരു വസ്തുത ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5000 പേര്‍ക്ക് ഒരു സബ് സെന്റര്‍, 30000 പേര്‍ക്ക് ഒരു പ്രൈമറീ ഹെല്‍ത്ത് സെന്റര്‍ എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ വിന്യാസം. ഉത്തര്‍ ഘണ്ട്, ഛാര്‍ഘണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിച്ചാല്‍ ഒരു എം.ബി.ബി.എസ് ഡോക്ടര്‍ പോലുമില്ലാത്ത പ്രൈമറി ഹെല്‍ത്ത് സെന്റേഴ് ഒട്ടനവധിയാണ്, തത്ഫലമായൊ 30000 പേര്‍ക്ക് കേവലം 1.6 ഡോക്ടര്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ഗ്രാമീണ മേഖല. ചിത്രം കാണുക, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു താഴെ എത്ര ആയിരങ്ങള്‍ വരുന്നു എന്ന് കാണാം.

ശരാശരി ഇന്ത്യന്‍ ഗ്രാമീണ ജനത ജീവിക്കുന്നത് വളരെ താഴ്ന ജീവിത നിലവാരത്തിലാണെന്ന് പല സര്‍വ്വേകളും വെളിവാക്കുന്നുണ്ട്. താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യം നിലനില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് പോലും ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മോശം ഭൌതിക സാഹചര്യങ്ങളും കുറഞ്ഞ ഫീസ് ലഭ്യതയും കൂടിച്ചേര്‍ന്ന് നാട്ടിന്‍പുറങ്ങളിലെ ചികിത്സ അനാകര്‍ഷകമാക്കുന്നതോടൊപ്പം, കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഏറി വരുന്നതും (സ്വദേശത്തും വിദേശത്തും) ഈ അവസ്ഥക്ക് കാരണമാണ്. ഇതിന് ആക്കം കൂട്ടുന്നതാണ് ഇന്നത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സംവിധാനം. മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതില്‍ ഭൂരിപക്ഷവും പട്ടണപ്രദേശത്തുകാരോ, ഗ്രാമങ്ങളില്‍ നിന്നുമാണെങ്കില്‍ ഉയര്‍ന്ന് സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരോ ആണ്.
ഈ സാഹചര്യത്തിലാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്നും തന്നെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ തിരഞ്ഞെടുത്ത്, ജില്ലാ തലത്തില്‍ തന്നെ പഠന സൌകര്യം ഒരുക്കി ഗ്രാമീണ വൈദ്യ സേവനത്തിനായ് അയക്കാന്‍ വിഭാവനം ചെയ്യുന്ന പുതിയ കോഴ്സ് ഉടലെടുക്കുന്നത്. ബാച്ചിലര്‍ ഓഫ് മെഡിസിന് ആന്റ് സര്‍ജറി എന്ന പേര് ആദ്യ ഘട്ടത്തില്‍ തന്നെ ഐ.എം.എ പോലെയുള്ള സംഘടനകളുടെ എതിര്‍പ്പ് വിളിച്ചു വരുത്തുകയു ഇതേ തുടര്‍ന്ന് പേരുമാറ്റി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തു. ബാച്ചലര്‍ ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എന്ന രീതിയില്‍ മാറ്റാന്‍ ശ്രമിച്ച ബിരുദം ഒടുവില്‍ ഈ കഴിഞ്ഞയാഴ്ച ബാച്ചലര്‍ ഓഫ് റൂറല്‍ ഹെല്‍ത്ത് കെയര്‍ (BRHC) എന്ന പേരില്‍ എത്തി നില്ക്കുന്നു.
പ്രീഡിഗ്രിയോ തത്തുല്യ യോഗ്യതയോടെ ഭൌതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം എന്നിവ പഠിച്ച കുട്ടികളില്‍ നിന്നും ഒരു പ്രവേശനപരീക്ഷയിലൂടെ ആളുകളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലനമാവട്ടെ , ജില്ലാ ആശുപത്രിയില്‍ കുറയാത്ത നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് നടത്തപ്പെടുക, കോഴ്സിന്റെ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും മെഡിക്കല്‍ പഠനത്തിന് സമാന്തരമായ സംവിധാനങ്ങള്‍ ഒരുക്കാനാണ് സാദ്ധ്യത എന്നും പറയപ്പെടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്കുന്ന ഈ ബിരുദധാരികളെ മതിയായ പരിശീലനങ്ങള്‍ക്ക് ശേഷം പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെക്ക് വിന്യസിക്കുന്നതായിരിക്കും.
ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് ശ്രീ.ദേശായി നടത്തിയ പത്ര സമ്മേളനത്തില്‍ വെളിവാക്കപ്പെട്ടത് അനുസരിച്ച് കോഴ്സ് പേര് മാറിയെങ്കിലും മെഡിക്കല്‍ സിലബസിലെ മിക്കവാറും എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന രീതിയിലായിരിക്കും കോഴ്സിന്റെ ഘടന.മെഡിസിന്, സര്‍ജറി (ഹെര്‍ണിയ, വയറു വേദന, അപ്പന്റിസൈറ്റിസ് തുടങ്ങിയ ഗ്രാമീണ മേഖലയില്‍ അവശ്യം വേണ്ടവ) ഗൈനക്കോളജി , ഫാര്‍മക്കോളജി തുടങ്ങി എല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇതിനും പുറമേ കാലാകാലങ്ങളില്‍ സിലബസ് പരിഷ്കരിക്കുന്നതുമായിരിക്കും.
മേല്‍ വിവരങ്ങള്‍ മൊത്തമായി സംഗ്രഹിച്ചാല്‍ ചികിത്സാ രംഗത്തേക്ക് ഒരു പിന് വാതില്‍ തുറക്കുന്നതായിരിക്കും പുതിയ കോഴ്സുകള്‍ എന്നതില്‍ സംശയമില്ല. യഥാര്‍ത്ഥത്തില്‍ ഇത് ഉദ്ദേശിച്ച ഫലം ചെയ്യുമോ എന്ന് നമുക്ക് പരിശോധിക്കാം.
ഗ്രാമീണമേഖലയില്‍ നിന്നും ഇത്രയധികം വിദ്യാര്‍ത്ഥികളെ ലഭിക്കുവാന്‍ സാദ്ധ്യത കുറവാണെന്നതു തന്നെ അടിസ്ഥാനപരമായി ഈ സങ്കല്പത്തെ തുരങ്കം വക്കുന്നു. കേരളത്തിലെ സാഹചര്യം വച്ച് നാം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ പടില്ല.
ഒരുക്കുന്ന പഠന സൌകര്യങ്ങള്‍ എത്രമാത്രം ഗുണപരമാവും എന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട്, എന്തെന്നാല്‍ നമ്മുടെ (കേരളത്തിലടക്കം) ഉള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥ നമ്മുടെ മുന്നില്‍ തെളിഞ്ഞു നില്ക്കുന്നു.
പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ മേഖലയില്‍ തന്നെ ജോലി ചെയ്യും എന്ന് ഉറപ്പിക്കാനാവില്ല, അഥവാ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഇവരുടെ സേവനം ലഭ്യമാകുമെന്നും ഉറപ്പ് പറയാനാവില്ല.കോടതി ഇടപെടലുകളും മറ്റും ഈ വിഷയത്തെ ഏതു രീതിയില്‍ മാറ്റി മറിക്കും എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ആരംഭിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ സമീപ കാല ചിത്രം നമ്മുടെ മുന്നില്‍ തെളിയുന്നു.
ഗ്രാമീണ മേഖലയില്‍ ചികിത്സകരെ കൊണ്ടു വരാന്‍ ചികിത്സാ രംഗത്തെ നിലവാരത്തില്‍ വെള്ളം ചേര്‍ക്കുക എന്നുള്ളത് ആത്മഹത്യാ പരമാണ്.
ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്കിക്കഴിഞ്ഞാല് ഏത് ഗ്രാമീണ മേഖലയിലും ഇവര്‍ക്ക് പ്രവര്‍ത്തിക്കാം, കേരളമടക്കം. നിലവില്‍ കേരളത്തിലെ സ്ഥിതി പരിശോധിച്ചാല്‍ ഈ അര വൈദ്യന്മാരെക്കൂടി ഉള്‍ക്കൊള്ളാന്‍ നമുക്ക് ഇടമില്ല.
സര്‍ക്കാര്‍ ചെയ്യേണ്ടത്:
അടിയന്തിരമായി ഈ തീരുമാനം പിന്‍വലിക്കുക.
ഗ്രാമീണ മേഖലയില്‍ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, താമസ്സം മറ്റ് സൌകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ തന്നെ ബാദ്ധ്യതയായി ഏറ്റെടുത്ത് ചെയ്യുക.
ഗ്രാമീണ മേഖലയില്‍ തൊഴിലെടുക്കുന്നതിന് അലവന്‍സുകളും മറ്റും അധികമായി നല്‍കുകയും, ബിരുദാനന്തര പഠനത്തിനും മറ്റും ഗ്രാമീണ സേവനം പ്രീറിക്വിസിറ്റ് എന്ന നിലയില്‍ നിയമാക്കുകയും ചെയ്യുക.
എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍:
നിലവില്‍ സര്‍ക്കാര്‍ തൊഴിലിനു പുറത്ത് നില്ക്കുന്ന വലിയൊരു വിഭാഗമാണ് അലോപ്പതി ഇതര ചികിത്സകര്‍. ആയൂര്‍വേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അധിക പരിശീലനം ആവശ്യമെങ്കില്‍ അത് നല്കി ഈ മേഖലയില്‍ വിന്യസിക്കുക. തങ്ങള്‍ ഈ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ഇവരുടെ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.
അലോപ്പതിയില്‍ തന്നെ പാരാമെഡിക്കല്‍ വിഭാഗങ്ങളായ ഫാര്‍മസി, നഴ്സിങ് തുടങ്ങിയ വിഭാഗങ്ങള്‍ എം.ബി.ബി.എസിന്റെ അടിസ്ഥാന കോഴ്സുകള്‍ പഠിക്കുന്നവരാണ്. അനാട്ടമി, ഫിസിയോളജി തുടങ്ങിയ എല്ലാ കോഴ്സുകളും ഈ വിഭാഗങ്ങളുടെ പഠനത്തിലുണ്ടെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഈ വിഭാഗം പാരാമെഡിക്കല്‍ വിഭാഗത്തെ കൂടുതല്‍ പരിശീലനം നല്കി ഗ്രാമീണ സേവനത്തിന് നിയോഗിക്കാവുന്നതാണ്.
നിലവിലെ ചികിത്സാ രംഗത്ത് കാര്യമായ മൂല്യശോഷണങ്ങള്‍ വരാത്തവണ്ണമുള്ള ഇത്തരം പ്രായോഗിക സമീപനം സ്വീകരിക്കുന്നതിനു പകരം അര വൈദ്യന്മാരെ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരു പരിധി വരെ മൌലികാവകാശത്തിന്റ്റെ ലംഘനം കൂടിയാണ്. എല്ലാ പൌരന്മാര്ക്കും തുല്യ നീതി ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഗ്രാമീണര്‍ക്ക് നിലവാരം കുറഞ്ഞ ചികിത്സയും പട്ടണത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും എന്ന കാഴ്ചപ്പാടിലേക്ക് പോകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുക തന്നെ ചെയ്യും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗണ്യമായ അന്തരം ഇനി ശാരീരിക ആരോഗ്യ രംഗത്തേക്കും വ്യാപിക്കുന്നതിന്റെ മുന്നോടിയാവുമോ ഈ പരിഷ്കാരം?
ഗൌരവമാര്‍ന്ന ചര്‍ച്ചകള്‍ ആവശ്യമുള്ള ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച തീരുമാനങ്ങള്‍ അടിച്ചേല്പ്പിക്കുകയില്ല എന്ന് ആശിക്കാനെ നമുക്കാവൂ.