10/27/2008

ക്ലാസ്സ് വണ്‍ പാമ്പ്

കേരളത്തിലെ പാമ്പുകള്‍ എന്ന പേരില്‍ ഒരു ഫോര്‍വേഡഡ് മെയില്‍ നെറ്റില്‍ ചുറ്റിക്കറങ്ങുകയും ചില ബ്ലോഗ്ഗുകളില്‍ പോസ്റ്റായി വരികയും ചെതത് കണ്ടു. അതിനെ വിമര്‍ശിച്ച് വന്ന ചില കമന്റുകളില്‍ പ്രധാനമായത്, ഇവര്‍ സാധാരണക്കാരായതിനാലാണ് ഇവരുടെ ചിത്രം നെറ്റില്‍ഇട്ടു ആളുകള്‍ ചിരിക്കുന്നത് എന്നായിരുന്നു. മണിമാളികയില്‍ ഇരിക്കുന്നവന്റെ ഒരു പടമെങ്കിലും ഇടാമോ എന്നു വെല്ലുവിളിയും വന്നു.
ഇതാ ക്ലാസ്സ് വണ്‍ പാമ്പ് അഥവാ വെള്ളരിക്കാ പട്ടണം


കേരള സര്‍ക്കാരിന്റെ ക്ലാസ്സ് വണ്‍ കേഡറിലുള്ള ഒരു പാമ്പ് ഇതാ പത്തിയും ചുരുട്ടി കിടന്നുറങ്ങുന്നു. ഇതിലെന്താ ഇത്രകുഴപ്പം എന്നു ചോദിക്കുമായിരിക്കാം, അയാള്‍ വിശ്രമിക്കുകയല്ലെ എന്നു തോന്നാം.

ഈ ചിത്രം നോക്കുക, ഓഫ്ഫീസ് സെറ്റപ്പുകള്‍ കാണാം


ഒരു മദ്യസേവാ കേസുമായി ബന്ധപ്പെട്ടു ഈ പാമ്പ് കുറച്ചു കാലം സസ്പെന്‍ഷനിലായിരു‍ന്നു. ദീര്‍ഘനാളത്തെ പാമ്പാട്ടത്തിനു ശേഷമാണ് സസ്പെന്‍ഷന്‍ എന്ന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടിയതു തന്നെ.
പൊതുജനങ്ങളും സഹപ്രവര്‍ത്തകരും സമാധാനിച്ചു, നാടു രക്ഷപ്പെട്ടല്ലോ എന്നു കരുതി.
പണത്തിനുമേല്‍ ഒരു മകുടിയും ശബ്ദമുണ്ടാക്കില്ല. സസ്പെന്‍ഷന്‍ പിവലിപ്പിക്കാന്‍ കുറച്ച് ഇഴയെണ്ടി വന്നെങ്കിലും പാമ്പ് വിജയം കാണുകതന്നെ ചെയ്തു. വകുപ്പുതലവന്‍ നല്‍കിയ നിര്‍ദ്ദേശം ഇപ്രകാരം ആയിരുന്നു " വലിയ മകൂടി കയ്യിലുള്ള ഏതെങ്കിലും ഓഫ്ഫീസറുടെ കീഴില്‍ , അല്പം വനനിബിഢമായ ഒരു പ്രദേശത്ത് മാത്രമേ പാമ്പിനെ പുനരധിവസിപ്പിക്കാവൂ". പക്ഷെ എന്തു കാര്യം, കാളകൂടവം പേറി നടക്കുന്ന പാമ്പുകള്‍ ധാരാളമുള്ള ഭരണവര്‍ഗ്ഗ പാര്‍ട്ടിവക വകുപ്പായതിനാല്‍, പുറത്താക്കപ്പെട്ട അതേ മാളത്തില്‍ തന്നെ ചേക്കേറാനായി, സര്‍ക്കാര്‍ സംവിധാനത്തിന്റെ വേഗതയില്‍ പൊതുജനം അത്ഭുതം കൂറി.

സസ്പെന്‍ഷന്‍ പിന്‍വലിച്ച സന്തോഷം ആഘോഷിക്കണ്ടെ?
വേണം.
ഗംഭീരമായി അഘോഷിച്ചു.
ആഘോഷം മൂത്ത് , ചുരുളാന്‍ തിരഞ്ഞെടുത്തത് തന്റെ ജില്ലാതല ഓഫ്ഫീസറുടെ മുറി തന്നെ.

ഇതാ നോക്കൂ, ഒരു തലം കൂടി ഉയര്‍ന്ന് , പടം മൊത്തമായി പൊഴിച്ചു കളഞ്ഞ് കിടക്കുന്ന ഈ കാഴ്ച കാണുക.


പിന്നാമ്പുറം

പേടിച്ചരണ്ട് ജില്ലാ ഓഫീസര്‍ ഇറങ്ങിയോടി.


സസ്പെന്‍ഷന്‍ കിട്ടിയിട്ട്, അതും പിന്‍വലിപ്പിച്ച് , അതേ പൊസ്റ്റില്‍ തന്നെ തിരികെയെത്തിയ ആളല്ലെ, ഭരിക്കുന്ന പാര്‍ട്ടിയുടെ സോള്‍ ഗഡി.
ഓടാതിരിക്കാനാവുമോ? ഇല്ലെങ്കില്‍ സസ്പെന്‍ഷന്‍ ജില്ലാ ഓഫീസര്‍ക്കാവും.

10/24/2008

കണ്ണന്റെ പൈക്കള്‍

“ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും.......”

ഉണ്ണിക്കണ്ണനെ പരാമര്‍ശിക്കുമ്പോള്‍ ഒഴിവാക്കാനാവാത്ത വരികള്‍ .
അതിനാല്‍ തന്നെ ഗോപാല സന്നിധിയിലേക്കുള്ള ഭക്തരുടെ നേര്‍ച്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പശുക്കിടാങ്ങള്‍. ഇവിടേക്കു നേര്‍ച്ച നല്‍കപ്പെടുന്ന പശുക്കളെ പോറ്റാനുള്ള സ്ഥലമാണ് വെങ്ങാട് ഗോകുലം.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് വെങ്ങാട് എന്ന സ്ഥലത്ത് ഏകദേശം നൂറോളം ഏക്കറിലായി പരന്നുകിടക്കുന്നതാണ് വെങ്ങാട് എസ്റ്റേറ്റ്. ഇവിടെ 25 ഏക്കര്‍ സ്ഥലത്താണ് “ഗോകുലം” സ്ഥിതി ചെയ്യുന്നത്. കേള്‍ക്കാന്‍ സുഖകരമായ പദങ്ങള്‍, എസ്റ്റേറ്റ്, ഗോകുലം !!

ഇവിടെ മൊത്തം 350 മൃഗങ്ങളെ പാര്‍പ്പിക്കാനുള്ള ഷെഡ്ഡുകളാണ് നിലവില്‍ ഉള്ളത്. തികച്ചും ഒരുമയുള്ള മൃഗങ്ങളായതിനാല്‍ 750 എണ്ണമാണിന്നിവിടെ കഴിയുന്നത്. ഒരുക്കിയിരിക്കുന്നതാവട്ടെ പ്രകൃതിയോടിണങ്ങിയ ജീവിതവും. കോരിച്ചൊരിയുന്ന മഴയായാലും, കൊടും ചൂടായാലും ഇവക്കു സമമായിരിക്കും. ഷെഡ്ഡില്‍ കാലുകുത്താന്‍ ഇടം ലഭിക്കാത്ത എല്ലാവരും മഴയും വെയിലും ആസ്വദിച്ചു കഴിയുന്നു. മഴക്കാലമായാല്‍ മാസം രണ്ടോ മൂന്നോ എണ്ണം വീതം വൈകുണ്ഠം പൂകാറുണ്ട്. തുറസ്സായ സ്ഥലത്ത് അലയുന്ന ഗോക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കുന്ന ഇടം തന്നെ ചാണകമിടാനും ഉപയോഗിക്കേണ്ടി വരുന്നതുകൊണ്ട്, പരാദ ശാസ്ത്ര (പാരസൈറ്റോളജി) വിഭാഗത്തിനു വളരെ സഹായകമാവുന്നു ഇവിടം. മൃഗങ്ങളില്‍ കണ്ടെത്താനാവുന്നതും , ഇനിയും കണ്ടെത്തിയേക്കാവുന്നതുമായ എല്ലാ ഇനം വിരകളേയും ഈ പശുക്കളുടെ ഉള്ളില്‍ കണ്ടെത്താനാവും.

ദാനംകിട്ടുന്ന പൈക്കളുടെ പല്ലെണ്ണുന്നത്, ആവശ്യമില്ലാത്ത ഒന്നാണെന്നു തെളിയിക്കാനും ഈ ഗോകുലം നമ്മെ സഹായിക്കുന്നു. എത്ര പശുക്കള്‍ക്ക് കറവയുണ്ടെന്നോ, എത്ര പാല്‍ ലഭ്യമാവുന്നുവെന്നോ കൃത്യമായ കണക്കുകള്‍ പ്രസക്തമല്ലാത്തതിനാല്‍ അത്തരം വിശ്വാസങ്ങള്‍ ഇവിടെ വച്ചു പുലര്‍ത്തുന്നില്ല. ലഭിക്കേണ്ട പാലിനു കണക്കില്ലാത്തതിനാല്‍ , നല്‍കേണ്ട തീറ്റക്കും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതില്ലല്ലോ. വാങ്ങുന്ന തീറ്റയുടെ ആകെ അളവും, നല്‍കിയ തീറ്റയുടെ ആകെ അളവും ചേര്‍ന്നുപോകണം എന്നു മാത്രമേ നിഷ്കര്‍ഷയുള്ളൂ. ദേവസ്വമായി ബന്ധപ്പെട്ട ഒരു ചെറുസംഘത്തിനു പാല്‍ചുരത്തിനല്‍കി ഗോകുലം വിരാജിക്കുന്നു.

ഗോവ് മാതാവാണ്, കൂടാതെ കണ്ണന്റെ കൂട്ടുകാരും. അതിനാല്‍ ഗോവധം പാപമാകുന്നു. സ്വയമേവ വൈകുണ്ഠം പൂകുന്നത് അവയുടെ പുണ്യം. അതിനാല്‍ ഇന്ത്യയൊട്ടാകെ ഗോവധം നിരോധിക്കേണ്ടതാകുന്നു.

“ദുരിതവാരിധി നടുവില്‍ നിന്നെന്നെ കരകേറ്റണം ശിവ ശംഭോ”
ഗോകുലത്തിലെ പൈക്കള്‍ പാടിയത്താണീ വരികള്‍ എന്നു ആരോ പറഞ്ഞതായി ഓര്‍ക്കുന്നു.

പിന്നാമ്പുറം:
വെങ്ങാട് ഒരു സ്വകാര്യ അറവുശാല ആരംഭിച്ചതായി പത്ര വാര്‍ത്ത.

10/22/2008

ഋതുമതിയാകുന്ന ദൈവം

മനുഷ്യ ദൈവങ്ങളെപറ്റി ധാരാളം ചര്‍ച്ചകള്‍ ബൂലോകത്തും മറുലോകത്തും നടക്കാറുള്ളതാണ്. പ്രസ്തുത ചര്‍ച്ചകള്‍ വീക്ഷിച്ചു വരവേ മനസ്സില്‍ തോന്നുന്ന സന്ദേഹങ്ങളാണ്, ഇവരുടെ ശാരീരിക പ്രക്രിയകള്‍ എപ്രകാരം നിയന്ത്രിക്കപ്പെടുന്നു എന്നുള്ളത്. വിശപ്പ്, ദാഹം, വിസര്‍ജ്ജന ശങ്കകള്‍ മുതലായവയൊക്കെ ഇതിലുള്‍പ്പെടുന്നു, ഒപ്പം മറ്റു ശാരീരിക പ്രക്രിയകളും. ഇവരോരൊരുത്തരും സാധാരണ മനുഷ്യ ജീവികളാണെന്നു സ്ഥാപിക്കാനായി പലപ്പോഴും നാം ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളും ഇവ തന്നെ.

എങ്കില്‍ സാക്ഷാല്‍ ദൈവപ്രതിഷ്ഠകള്‍, മനുഷ്യ സഹജമായ ശാരീരിക പ്രക്രിയകള്‍ പ്രകടിപ്പിക്കുമോ?

അങ്ങിനെ സംഭവിക്കുന്നു എന്നുത്തരം തരുന്നത് ചെങ്ങന്നൂര്‍ പടിഞ്ഞാറെ നടയിലെ പാര്‍വതീ വിഗ്രഹമാണ്.

വര്‍ഷത്തില്‍ പലതവണ ഈ വിഗ്രഹം ഋതുവാകാറുണ്ടത്രെ!

ഇപ്രകാരം സംഭവിക്കുന്ന നാളുകള്‍ ആഘോഷമായി കോണ്ടാടപ്പെടുന്നു.

തൃപ്പൂത്ത് എന്നാണ് ആ അഘോഷം അറിയപ്പെടുന്നത്. (ലിങ്ക് നോക്കുക)

പണ്ടു കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍ കാണപ്പെട്ടിരുന്ന ഒന്നായിരുന്നു തിരണ്ടു കല്യാണം. ഒരു പെണ്‍കുട്ടി ആദ്യമായി ഋതുമതിയായാല്‍, ആ ദിനം കെങ്കേമമായി ആഘോഷിക്കാറുണ്ടായിരുന്നു. ചില നാടുകളില്‍ സമീക കുളങ്ങളിലും തോടുകളിലും, വാഴപ്പോളയിലും മറ്റുമായി തിരികള്‍ കത്തിച്ചൊഴുക്കുന്നതും കണ്ടു വന്നിരുന്നു.

ആഘോഷിക്കാന്‍ പ്രത്യേക വിഷയം വേണോ?

ദൈവിക ഋതു !

ശബരിമലയിലെ മകര വിളക്കുപോലെ ഇനി ഇതിനെന്തു വിശദീകരണമാണ് ലഭിക്കുക ?

വളരെപ്പഴയ ഒരു വിഷയം, മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ടത്, എങ്കിലും ഞാനും പോസ്റ്റുന്നു.

10/20/2008

വിത്തുകാള / Breeding Bull

വിത്തുകാള എന്ന പദം, വാച്യാര്‍ത്ഥത്തിലും, വ്യഗ്യാര്‍ത്ഥത്തിലുമായി സര്‍വ്വ സാധാരണമായി ഉപയോഗിക്കാറുള്ള ഒന്നാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളിലും മറ്റും ധാരാളമായി കാണപ്പെട്ടിരുന്ന ഇവ ഇന്നു ഒരു സാധാരണ കാഴ്ചയല്ലാതായിരിക്കുന്നു.

കൃഷിയും മൃഗസംരക്ഷണവും മുഖ്യതൊഴിലും ജീവനോപാധിയുമായി നിലനിന്നിരുന്ന കഴിഞ്ഞ കാലങ്ങളില്‍, പല വീടുകളിലും പശുക്കളുടെ വംശ വര്‍ദ്ധനവിനായി വളര്‍ത്തിയിരുന്ന ഇവ, ധവള വിപ്ലവത്തിന്റെ വരവോടെ ചില കേന്ദ്രങ്ങളിലേക്കു മാറ്റപ്പെട്ടു. ഇന്ത്യയുടെ നാടന്‍ ജനുസ്സ് പശുക്കളുടെ പാലുത്പാദനശേഷി തലമുറകളിലൂടെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തൊടെയാണ് “ഗ്രേഡിംഗ് അപ്” എന്ന സങ്കല്‍പ്പം കടന്നു വരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാടന്‍ ജനുസ്സുകളെ , അത്യുല്‍പ്പാദനശേഷിയുള്ള വിദേശ ജനുസ്സുകളുമായിച്ചേര്‍ത്തു സങ്കരഇനം പശുക്കളെ വാര്‍ത്തെടുക്കാന്‍ ആരംഭിച്ചു. ഇതിനായാണ് മാട്ടുപ്പെട്ടിയിലുള്ള ഇന്‍ഡോ സ്വിസ്സ് പ്രോജക്റ്റ് നിലവില്‍ വരുന്നത്.

കേരളത്തില്‍ ഇന്നു വളര്‍ത്തുന്ന പശുക്കള്‍ക്ക് ഏറിയ പങ്കും കൃതൃമ ബീജാധാനമാണ് നല്‍കുന്നത്. ഇതിനുള്ള ബീജം കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോഡ് എന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം വിതരണം ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ബീജമാത്രാ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുമുള്ള ചില ചിത്രങ്ങളാണ് ഇവിടെ പോസ്റ്റു ചെയ്തിരിക്കുന്നത്.
(ചിത്രം വലുതായിക്കാണാന്‍ അവിടവിടെ ക്ലിക്ക് ചെയ്യുക)

വിത്തുകാളക്കുട്ടന്‍. കഴുകി വെടിപ്പാക്കി നിര്‍ത്തിയിരിക്കുന്നു.


ഇത് “ഒരു ഫാള്‍സ് മൌണ്ട് ” ആണ്. കാളക്കുട്ടന്റെ വീര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രൈമിംഗ്



ബീജം ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ്. (ചുവന്ന കാളയുടെ ചിത്രം തെളിയാതെ പോയി). ഓവര്‍ക്കോട്ടണിഞ്ഞു നില്‍ക്കുന്ന ആളുടെ കയ്യിലിരിക്കുന്നതാണ്, ബീജം ശേഖരിക്കാനുള്ള സംവിധാനം.


പശു" എന്ന സ്ത്രീ വര്‍ഗ്ഗത്തെ കണ്ടിട്ടില്ല ഈ കാളക്കുട്ടന്‍. ഇവിടെ ഡമ്മിയായി നിര്‍ത്തിയിരിക്കുന്ന വേറൊരു കാളയുടെ പുറത്തു കയറിയിരിക്കുന്നു. ബീജം ശേഖരിക്കുന്നത് കാണാനാവും.


ഒരു ക്ലോസപ്പ് ചിത്രമാണിത്. കാളക്കുട്ടന്റെ നെഞ്ചിനു ചുറ്റും കെട്ടിയ ഒരു ഷീറ്റ് ശ്രദ്ധിച്ചിരിക്കുമല്ലോ. വഴിമാറിപ്പോകാതിരിക്കാനും, മാലിന്യങ്ങള്‍ കടന്നുകൂടാതിരിക്കാനുമാണിത്.

അത്ര സാധാരണമല്ലാത്ത ഈ ഫോട്ടോകള്‍ ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു.

ബീജം ശേഖരിക്കുന്ന ഒരു വീഡിയോ ഇവിടെ കാണാം (കടപ്പാട്: മാളു)

(ഈ പോസ്റ്റിനുള്ള കടപ്പാട്: ശ്രീ.കാപ്പിലാനന്ദ സ്വാമികള്‍)

10/18/2008

മാട്ടുപ്പെട്ടി ഫാം

ഇടുക്കി ജില്ലയിലെ മൂന്നാര്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ ദൂരയാണ് മാട്ടുപ്പെട്ടി ഫാം.
ഈ ഫാം കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോഡിന്റെ കീഴിലുള്ള ബീജോല്‍പ്പാദന കേന്ദ്രമാണ്. 1962 ഇല്‍ സ്വിറ്റ്സര്‍ലാന്റ് ഗവണ്മെന്റുമായി സഹകരിച്ചു “ഇന്‍ഡോ സ്വിസ്സ്” പ്രോജക്റ്റ് ആയി ആരംഭിച്ച ഈ കേന്ദ്രം പിന്നീട് കേരള സര്‍ക്കാരിനു കൈമാറുകയായിരുന്നു.

സമുദ്ര നിരപ്പില്‍ ഇനിന്നും 1700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സ്വിസ്സ് സമാനമായ കാലാവസ്ഥയോടു കൂടിയായതിനാല്‍ , വിദേശ ജനുസ്സ് പശുക്കള്‍ക്ക് വളരാന്‍ അനുയോജ്യമാണ്. വിദേശത്തുനിന്നും കൊണ്ടുവന്ന കാളകള്‍ കൂടാതെ ഈ കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത കാളകളും ഇവിടെ ഉണ്ട്. ഇവിടുത്തെ മുഖ്യ ഉല്‍പ്പന്നമായ “കാളയുടെ ബീജം”,കേരളത്തില്‍ മൊത്തമായും , ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ഭാഗികമായും വിതരണം ചെയ്യപ്പെടുന്നു.

വിനോദ സഞ്ചാരികള്‍‍ക്കു സന്ദര്‍ശനം അനുവദിച്ചിരുന്ന ഇവിടെ ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് ഔദ്യോകിക കാര്യങ്ങള്‍ക്കായി പോയ സമയം എടുത്ത ഫോട്ടോകള്‍, ഇപ്പോള്‍ കണ്ടെടുത്തത് പോസ്റ്റു ചെയ്യുന്നു. (വലുതായിക്കാണാന്‍ ചിത്രത്തില്‍ ക്ലിക്കിയാല്‍ മതി)

ഫാമിന്റെ ഒരു അകലക്കാഴ്ച


പ്രധാന ഓഫ്ഫീസ്


ഫാമിന്റെ നടുവിലൂടയുള്ള വഴി.



കാന്റീനു മുന്‍പില്‍ നിന്നുമുള്ള ഒരു കാഴ്ച



മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍



ഷെഡ് നമ്പര്‍ 5. കാളക്കുട്ടികളുടെ തള്ളപ്പശുക്കള്‍ ഇവിടെയാണ്. "സമ്മര്‍ ഇന്‍ ബതലഹേം" എന്ന സിനിമയില്‍ കണ്ട ഫാം ഇതാണ്. ബാണിനു മുന്നിലുള്ള ചെറിയ ഷെഡ്ഡ് നോക്കുക, അതില്‍ ചെറിയൊരു കുഴിയാണുള്ളത്. ജയറാം ചാണകകുഴിയില്‍ വീഴുന്ന രംഗം ഇതിലാണ് ചിത്രീകരിച്ചത്, ഇലകള്‍ അരച്ചത് നിറച്ച്.

ഇവിടം ഒരു സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അതു നിര്‍ത്തല്‍ ചെയ്തിരിക്കുകയാണ്.


ഇതു “ഹേ” സൂക്ഷിക്കുന്ന സ്ഥലമാണ്. പച്ചപ്പുല്ല് അധികമായുണ്ടാവുന്ന സമയങ്ങളില്‍ അതു കേടുകൂടാതെ സൂക്ഷിക്കാന്‍ “ഹേ” ആക്കി മാറ്റുന്നു.

ഏംബ്രിയോ ടെക്നോളജി ലാബ്. ഏറ്റവും ആധുനിക സൌകര്യങ്ങളോടും കൂടിയതാണ് ഈ ലാബ്.



കിടാരികള്‍ അഥവാ വലിയ പശുക്കുട്ടികള്‍ (പ്രസവിച്ചിട്ടില്ലാത്തവ)



വിത്തു കാള.



ബുള്ള് സ്റ്റേഷന്‍. ഇവിടെയാണ് വിത്തുകാളകള്‍ വളരുന്നത്. ബീജം സംഭരിക്കാനും, പ്രോസ്സസ്സ് ചെയ്യാനുമുള്ള സൌകര്യങ്ങള്‍ ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്.


മാട്ടുപ്പെട്ടിയിലെ ഒരു പതിവു കാഴ്ക. ആനകളും പശുക്കളും കൂട്ടമായാണ് മേയുന്നത്. ഫാമിനു എതിര്‍വശത്ത്, മാട്ടുപ്പെട്ടി ഡാമിനു സമീപമുള്ള മേച്ചില്‍ പുറത്തുനിന്നും ഒരു കാഴ്ച.

കലാരഞ്ജിനിയുടെ സായാഹ്നങ്ങള്‍

സായാഹ്നങ്ങളിരുണ്ടു കൂടാറുള്ള വിരസതയകറ്റാനാണ് കലാരഞ്ജിനി ചാറ്റ് റൂമിലെ സന്ദര്‍ശിക്കാനാരംഭിച്ചത്. ചാറ്റിംഗ്, ചാറ്റ് സൌഹൃദങ്ങള്‍ , ഇതൊക്കെ കേട്ടുകേഴ്വി മാത്രമായിരുന്നു, അതുവരെ.

കേരളം തന്നെയാവട്ടെ ആദ്യം എന്നു തീര്‍ച്ചപ്പെടുത്തി. ചാറ്റ് റൂമില്‍ കയറിയ ആ നിമിഷം തന്നെ, ഒരു നടുക്കമുളവാക്കിക്കൊണ്ട് നാലു വിന്‍ഡോകള്‍ ഒരേ സമയം എവിടനിന്നോ പൊട്ടിവീണു. തന്റെ പിസി ഇത്ര വേഗമേറിയതാണോ എന്നു അമ്പരക്കാതിരുന്നില്ല.

ഒരു "ഹായ്"
ഒരു "ഹലോ"
ഒരു "Buzz"
ഒരു "asl"
സംഭവിക്കുന്നതെന്തെന്നു മനസ്സിലവാഞ്ഞതിനാല്‍ ഉടന്‍ തന്നെ ലോഗ്ഗൌട്ട് ചെയ്തു.

പിറ്റേന്നു തിരക്കുകള്‍ പിന്‍വാങ്ങവേ‍ , തലയുയര്‍ത്തിയ കൌതുകം അടക്കാനായില്ല. ഇന്റെര്‍നെറ്റില്‍ ഇഴയാറുള്ള ഒരു സുഹൃത്തില്‍ നിന്നും കരസ്ഥമാക്കിയ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്നു. മൂന്നു വിന്‍ഡോകളാണ് അന്ന് സ്വാഗതമോതിയത്. നിശ്ശബ്ദതപാലിച്ചു, സംയമനം മുഖമുദ്രയാക്കണമല്ലോ. കൌതുകം കുസൃതിക്കു വഴിമാറി, പ്രോഫൈലുകള്‍ ഓരോന്നായി നോക്കിക്കൊണ്ടേയിരുന്നു. വിവരങ്ങള്‍ പൂര്‍ണ്ണമായ ഒരെണ്ണം ദൃഷ്ടിയില്‍ ‍ തടയുക തന്നെ ചെയ്തു.

മറുപടി ടൈപ്പ് ചെയ്തു.

"ഹായ്"!

ഒന്നിനു പുറകേ ഒന്നായി നാലു വരികള്‍ പൊഴിഞ്ഞു വീണു.
"സുഖമല്ലെ"
"തിരക്കാണോ"
"എന്തു ചെയ്യുന്നു"
"asl"


ആദ്യ ചോദ്യങ്ങള്‍ രണ്ടിനും മറുപടി നല്‍കി, എ എസ് എല്‍ കണ്ടതായി നടിച്ചില്ല.
എറെ നേരം സംഭാഷണത്തിലേര്‍പ്പെട്ടു, പിരിയാന്‍ നേരം ആഡ് ചെയ്യാനുള്ള റിക്വസ്റ്റ് സ്നേഹപൂര്‍വ്വം നിരസിച്ചു. ചിലവഴിക്കാന്‍ സമയമേറെയുള്ളതിനാല്‍ , ആ കളി രസകരമായിത്തോന്നി.

ഒരാഴ്ചകാലം എന്നത്, ഇപ്രകാരം നിരവധി സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കലാരഞ്ജിനിക്കു അധികമായിരുന്നു. ആഡ് ചെയ്യാനുള്ള ഓരോ അപേക്ഷയും തന്ത്രപൂര്‍വ്വം നിരസിക്കപ്പെട്ടു. എങ്കിലും പ്രായം 26 എന്നും, സ്ഥലം തൃശ്ശൂര്‍ എന്നും, ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആണ് എന്നും ഉള്ള വിവരങ്ങള്‍ ഇതിനകം ഏവരും ചോര്‍ത്തിയെടുത്തിരുന്നു. രോഗാവസ്ഥയിലെത്തുന്ന രോഗികളോടുള്ള കലയുടെ സഹാനുഭൂതി സുഹൃത്തുക്കളെ കൂടുതല്‍ ആകൃഷ്ടരാക്കി. ചാറ്റ് നിഷേധിച്ച ഒന്നു രണ്ടു മഹാന്മാര്‍ തങ്ങളുടെ ശുഷ്കമായ "ഉപകരണങ്ങള്‍ " പ്രദര്‍ശിപ്പിക്കാതിരുന്നില്ല, പ്രതിഷേധ സൂചകമായി. ഓപ്പറേഷന്‍ തീയെറ്ററില്‍ കീറിമുറിക്കപ്പെട്ട അരക്കെട്ടിനു താഴെ, ഒടിഞ്ഞു നുറുങ്ങിയ ഇടുപ്പെല്ലുകള്‍ക്കിടയില്‍ , ഇത്തരം കാഴ്ചകള്‍ അനവധി കണ്ടിരിക്കുന്നു എന്ന മറുപടി, എല്ലാ പ്രദര്‍ശകരേയും നിരാശരാക്കി. നിര്‍ബന്ധത്തിനു വഴങ്ങി പലരേയും സുഹൃത്ത് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകതന്നെ ചെയ്തു.

പ്രണ‍യം ഒരു വിചിത്രാനുഭവം തന്നെ. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, ഒരിക്കല്‍ മാത്രം പതിഞ്ഞ "ഹായ് സ്വരം" കേട്ട, കലാരഞ്ജിനിയെ ആരൊക്കെയോ പ്രണയിക്കാനാരംഭിച്ചിരുന്നു. പുരുഷ മനസ്സിന്റെ ചാപല്യം കണ്ട് വിസ്മയിക്കാതിരുന്നില്ല. കുസൃതികള്‍ ഏറുകയാണ്, അനുകൂല മറുപടികള്‍ നല്‍കിയില്ലെങ്കിലും, പ്രതികൂല ഭാവങ്ങള്‍ പ്രകടിപ്പിച്ചില്ല. പ്രണയിക്കാന്നുള്ള മോഹം തന്റെയുള്ളിലും ഒളിഞ്ഞിരുന്നു പിടക്കുന്നുണ്ടെന്നു കലക്കു തോന്നാതിരുന്നില്ല. ഒരേ സമയം മൂന്നു കാമുകന്മാരുമായി സംഭാഷണത്തിലേര്‍പ്പെടാനുള്ള ചാതുരി നേടിയിരുന്നു, കഴിഞ്ഞ ആറു മാസം കൊണ്ട്.
ഒരാള്‍ മാത്രം വിവാഹിതന്‍, സിങ്കപ്പൂര്‍ ജോലിനോക്കുന്ന ഒരു ലാബ് ടെക്ണീഷന്‍. ജോലിയുടെ സമാന ഭാവം അദ്ദേഹത്തെ കൂടുതല്‍ ആകൃഷ്ടനാക്കി. നേഴ്സായ ഭാര്യയെ ഒരിക്കലെങ്കിലും പച്ച സ്ത്രീയായി തനിക്കു ലഭിച്ചിട്ടില്ലെന്ന ആ പരിദേവം അല്പം സഹതാപ തരംഗം പടര്‍ത്താതിരുന്നില്ല. വീട്ടഡ്രസ്സുകള്‍ അയച്ചു തന്ന മറ്റു രണ്ടു പേരുമാകട്ടെ, അടുത്ത വരവിനു നേരില്‍ കണ്ടു മുട്ടാമെന്ന് വാക്കു നല്‍കി.


കളിയുടെ അന്ത്യമടുക്കുന്നുവെന്നു എന്നു മനസ്സു പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളിലായി തന്റെ വിരസ സായാഹ്നങ്ങളില്‍ ആഹ്ലാദം പകര്‍ന്ന സുഹൃത്തുക്കളെ പിരിയാന്‍ കലാരഞ്ജിനിക്കു വിഷമം തോന്നാതിരുന്നില്ല. പക്ഷെ കഥ ക്ലൈമാക്സിലെത്തിയിരിക്കുന്നു, ഇനിയതിനു സ്വാഭാവികമായ കഥാന്ത്യം കൂടിയേ തീരു.

പ്രൊഫൈല്‍ തുറന്ന് തന്റെ പൂര്‍ണ്ണവിവരങ്ങള്‍ പൂരിപ്പിക്കാന്‍ തുടങ്ങി. എല്ലാ കള്ളികളിലും അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തു നിറച്ചു, ഒരു സിഗരറ്റു കൊളുത്തി നിര്‍വികാരമായി ‍ സ്ക്രീനിലേക്കു നോക്കിയിരുന്നു. അച്ഛായെന്നു വിളിച്ച് ഓടിയണഞ്ഞ മകളെ വാരിയെടുത്ത്, ഷട്ട് ഡൌണ്‍ കമാന്റ് നല്‍കി, അയാള്‍ മുറിയിലേക്കു നടന്നു.

10/17/2008

രായിരനെല്ലൂര്‍ മലകയറ്റം.

തുലാം ഒന്ന്.
ഇന്ന് പ്രശസ്തമായ രായിരനെല്ലൂര്‍ മലകയറ്റം , ഒരുപാടോര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന ഇടം. പക്ഷെ മലയുടെ പ്രശാന്തി പോയ്മറഞ്ഞിരിക്കുന്നു,പകരം അനുഷ്ഠാനങ്ങള്‍ നിറഞ്ഞാടുന്നു.

മുന്‍പിട്ട പോസ്റ്റുകളിലൊന്ന് വീണ്ടും കുറിക്കുകയാണ്.

നാറാണത്ത് ഭ്രാന്തന്‍ ഒരു കവിതാ സമാഹാരമാകുന്നു , ജി.മധുസൂധനന്‍ നായരുടെ .
ഒരു തലമുറ നെഞ്ചേറ്റിയ ചിന്തകള്‍.
എങ്കിലോ ഭ്രാന്തന്‍ മഹാ ഭൂരിപക്ഷത്തിനും അന്ന്യന്‍.
ഭ്രാന്തെന്ന് തോന്നിക്കുമാറുള്ള ചെയ്തികളാല്‍ വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ക്ക് നേരെ വിമര്‍ശനമുയര്‍ത്തിയ നാറാണത്ത്, ഭ്രാന്തനായി .
മനുഷ്യായുസ്സ് ഒരു നാഴിക കൂട്ടുവാനോ ഒരു നാഴിക കുറക്കുവാനോ സാധ്യമാവാതെ നിസ്സഹായയായ ഭദ്രകാളിയോട്‌ , ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലെക്കാക്കി സമാധാനപ്പെട്ടുകൊള്ളാന്‍ മറ്റാര്‍ക്കാണ് ഉപദേശിക്കാനാവുക.
അദ്ദേഹത്തെ ഇന്നു നാം തളച്ചിരിക്കുന്നു, സിമന്റില്‍ തീര്‍ത്ത പ്രതിമയായി ബിംബവല്ക്കരിച്ചിരിക്കുന്നു. പ്രസിദ്ധ രായിരനല്ലൂര്‍ മല ഉത്തമോദാഹരണം .
കൌമാരത്തിന്‍ ഭ്രാന്തന്‍ സ്വപ്നങ്ങളെ താലോലിച്ചു ചങ്ങാതിമാര്‍ക്കൊപ്പം എത്രയോ തവണ ആ മല ചവിട്ടിയിരിക്കുന്നു , കടിഞ്ഞാണിടാന്‍ പ്രതിമകളില്ലായിരുന്നവിടെ .
എന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് നിറക്കൂട്ടേകിയ നിരവധി സന്ധ്യകള്‍ മലമുകളില്‍ തങ്ങിനില്‍ക്കെ നാറാണത്ത് ഭ്രാന്തന്‍ എന്ന മനോഹരസങ്കല്പം നഷ്ടമായി .
അത് തച്ചുടച്ചു ബിംബമാക്കി പുനഃസൃഷ്ടിച്ചിരിക്കുന്നു.
രായിരനല്ലൂര്‍ ഇന്നെനിക്കന്ന്യം.
ആരുടെ ആശയമാണതു?!
ബിംബങ്ങളില്ലാതെ പ്രസ്ഥാനങ്ങള്‍ക്ക് പോലും നിലനില്പ്പില്ലെന്നു വന്ന ഈ കാലഘട്ടത്തിന്‍ പ്രതിനിധികളുടേയൊ ?
മനസ്സിന്റെ സങ്കല്‍പ്പങ്ങളെ ചങ്ങലയാല്‍ ബന്ധിച്ചു വരുതിയിലാക്കാന്‍ ശ്രമിക്കുന്നതാരാണ്?

ജാഗ്രത !!

നിരക്ഷരന്റെ മനോഹരമായൊരു യാത്രാ വിവരണം ഇവിടെ വായിക്കാം.

ഭ്രാന്തന്‍ മലയിലേക്കൊരു യാത്ര

10/13/2008

പ്രണയം

പ്രണയം വജ്രം പോലെയാണ്, കയ്ത്തഴമ്പാല്‍ തെയ്മാനമാകയില്ല.

പ്രണയമുയര്‍ത്തിയ വെല്ലുവിളിയില്‍ ശാസ്ത്രംപോലും തലകുനിക്കയാണിന്നു. രാസത്വരക സിദ്ധാന്തങ്ങള്‍ നോക്ക്കുത്തികളാകുന്നു. പ്രണയത്തിന്റെ രസതന്ത്രം വിസ്തരിച്ചു, അവര്‍ അതിജീവിക്കാന്‍ ശ്രമിക്കായ്കയല്ല , സാധ്യമാവുന്നില്ല. ബാഹ്യാകാശം ഒന്നാകെ കീഴടക്കിവന്ന പേടകത്തിലെ സ്ത്രൈണ മനസ്സിനെ പ്രണയം കീഴടക്കി, ശാസ്ത്രം പകച്ചുനിന്നു. സഹയാത്രികക്ക് നേരെ ചീറിയടുത്ത അവള്‍ പുതിയ പാഠ്യവിഷയമായി. ഒരു യാഗാശ്വം കണക്കെ അത് പായുകയാണ്. മനസ്സുകള്‍ കീഴടക്കി , സാമ്രാജ്യങ്ങള്‍ തകര്‍ത്ത്‌ മുന്നോട്ട്.

അമാനുഷമല്ലേയത്?

തീര്‍ച്ചയാണ് , അമാനുഷം തന്നെ.

ദൈവികമാണോ , വിശ്വാസികളുടെ പ്രശ്നം.. കൃഷ്ണന്‍ ഒരു പ്രതീകമായി നില്‍ക്കയല്ലേ ? നീര്‍മാതളപ്പൂക്കള്‍ നമ്മോടു പറഞ്ഞതെന്താണ് . പൂക്കള്‍ കശക്കിയെറിഞ്ഞ്‌ കറുത്ത കമ്പിളിയില്‍ ഒളിച്ചിരുന്നിട്ടും അവന്‍ മാഞ്ഞില്ല.

ഈ വിജയക്കുതിപ്പിന്നെതിരിടാന്‍ എനിക്കാവുമോ?

ഞാന്‍ ആശ്ശക്തന്‍ , ചെറു കാറ്റുപോലും കടപുഴക്കിയേക്കാം.

ഒരു വൃശ്ചികമാസരാവില്‍ ഇമചിമ്മുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കെ, ഇളം തെന്നലായ് അവളുടെ പ്രണയമെന്നില്‍ അരിച്ചിറങ്ങി. മകര സംക്രമത്തിനു ഏറെ നാള്‍ ബാക്കിയെങ്കിലും കുളിര്‍ താങ്ങാനാവാതെ ഞാന്‍ വിറകൊണ്ടു. രക്ഷതേടി പുതപ്പിനുള്ളില്‍ ചുരുണ്ട മനസ്സിന്മേല്‍ കുളമ്പടി മുദ്രകള്‍ പതിഞ്ഞു. ഭയപ്പെട്ടിരുന്നോ, ഓര്‍മ്മയില്ല , ഭയമാറ്റാന്‍ ജപമന്ത്രങ്ങള്‍ വശമില്ലയിരുന്നുതാനും. അതോ പ്രണയത്തിന്‍ കുളിരാര്‍ന്ന നീറ്റല്‍ ആസ്വദിക്കയായിരുന്നോ?

പുതപ്പിനുള്ളില്‍ ജീവിതമില്ല, മകരസംക്രമമടുത്തു ,രക്ഷാകവചമെവിടെ ?

ദൈവികമല്ലേ, ദിവ്യാസ്ത്രങ്ങള്‍ പോരടിക്കട്ടെ .

നിശ്ചയിച്ചുറച്ചു, മനസ്സുറപ്പിച്ചു ഞാനവളെതന്നെ പരിണയിച്ചു .

പരിണയം പ്രണയത്തെ വിഴുങ്ങി.

ഇപ്പൊള്‍ കുളിരുന്നില്ല , സര്‍വം ശാന്തം.

10/09/2008

നീളം കൂടിയ കക്കൂസ്

ലോകത്തിലെ ഏറ്റവും നീളം കൂടിയ കക്കൂസ് ഏതെന്ന ചോദ്യത്തിനു ഉത്തരം തേടി അലയേണ്ട. ഇന്ത്യന്‍ റയില്‍വേയുടെ റെയില്‍ പാളമാണ് ആ ബഹുമതിക്ക് അര്‍ഹമാകുന്നത്.
കന്യാകുമാരി മുതല്‍ ജമ്മുകാശ്മീര്‍ വരെ നീണ്ടുകിടക്കുന്ന ഈ പൊതുകക്കൂസ് ഭാരതത്തിനു മാത്രം സ്വന്തം.
മുംബൈ സെന്‍ഡ്രല്‍ റെയില്‍വേ സ്റ്റേഷനിലെ പാളത്തിന്റെ ചിത്രമാണ് ഇടതു വശത്തു കൊടുത്തിരിക്കുന്നത്. ഇത് ഒരു ഒറ്റപ്പെട്ട ചിത്രമല്ല. ഏതു സ്റ്റേഷനുകളിലും കാണാവുന്ന ഈ ചിത്രം ഇന്ത്യക്കാരന്റെ ആരോഗ്യ ബോധത്തെ കൊഞ്ഞനം കാട്ടുന്ന ഒന്നായി മാറിയിരിക്കുന്നു.ട്രയിനിലെ ടോയിലറ്റില്‍ നിന്നും വീഴുന്ന മാലിന്യമാണിത്. റയില്‍വേയുടെ ഭാഗത്തു നിന്നും യാത്രക്കാര്‍ക്കു നല്‍കാനുള്ള ഒരേ ഒരു നിര്‍ദ്ദേശം, “സ്റ്റേഷനില്‍ നിര്‍ത്തിയിടുമ്പോള്‍,ട്രയിനിലെ ടൊയിലറ്റ് ഉപയോഗിക്കാതിരിക്കുക" എന്നതു മാത്രമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കെ സ്റ്റേഷനില്‍ വണ്ടിയെത്തിപ്പെട്ടാല്‍ ‍ എന്തു ചെയ്യണമെന്നു നിര്‍ദ്ദേശം ഇല്ലാഞ്ഞത് ബോധപൂര്‍വ്വമാണോ ആവോ.

റയില്‍വേയുടെ 2005 -06 വര്‍ഷത്തെ റിപ്പോര്‍ട്ടു പ്രകാരം 1.53 കോടി ആളുകള്‍ ഒരു ദിവസം ട്രയിന്‍ യാത്ര ചെയ്യുന്നു. ഡൌണ്‍ ടു എര്‍ത്ത് മാസിക പരാമര്‍ശിക്കുന്നതനുസരിച്ചു 20 ലക്ഷം ആളുകള്‍ ട്രയിന്‍ യാത്രക്കിടെ ടോയിലറ്റ് ഉപയോഗിക്കുന്നതായി പറയുന്നുണ്ട്. അഹമ്മദാബാദിലെ ഐ.ഐ.എം ലെ പ്രൊഫസ്സര്‍ ജി.രഘുറാം നടത്തിയ ഒരു പഠനത്തില്‍ 2,74,000 ലിറ്റര്‍ വിസര്‍ജ്യം ഒരു ദിവസം പാളങ്ങളില്‍ വീഴുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതു സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എത്ര മേല്‍ ഗുരുതരമായിരിക്കുമെന്നു ഈ കണക്കുകള്‍ ബോദ്ധ്യപ്പെടുത്തും.

പതിനൊന്നാം പദ്ധതിക്കാലത്തു 4000 കോടി രൂപ ഈ മാലിന്യ പ്രശ്നം പരിഹരിക്കാനായി വകയിരുത്തും, എന്ന റയില്‍വേ മന്ത്രിയുടെ പ്രസ്ഥാവന ആശ്വാസം പകരുന്ന ഒന്നാണ്. ട്രയിനിലെ ഈ ജൈവ സൌഹൃദ കക്കൂസ് ആദ്യമായി പരീക്ഷിച്ചിത് ഡെല്‍ഹി അഹമ്മെദാബാദ് പ്രയാഗ്രാജ് എക്സ്പ്രസ്സിലായിരുന്നു. വിസര്‍ജ്യങ്ങള്‍ ഒരു രണ്ടറകളുള്ള ടാങ്കിലെ ഒരറയില്‍ ശേഖരിക്കുകയും ബാക്റ്റീരിയകള്‍ ഉപയോഗിച്ചു ദഹിപ്പിക്കുകയുമാണ് ഈ സജ്ജീകരണത്തില്‍ ചെയ്യുന്നത്. ഇപ്രകാരം ദഹിപ്പിച്ച ശേഷം ലഭിക്കുന്ന ദ്രാവകം രണ്ടാം അറയില്‍ കടത്തിവിടുകയും അവിടെ വച്ച് ക്ലോറിന്‍ ചേര്‍ത്ത് വീണ്ടും അണുവിമുക്തമാക്കിയ ശേഷം പുറന്തള്ളുന്നു.ഒരു ഉപയോഗത്തിനു കേവലം അഞ്ചു ലിറ്റര്‍ വെള്ളം മാത്രമേ ഉപയൊഗം വരുന്നുള്ളൂ എന്നതും ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍ ചിലവേറിയ ഈ വിദ്യ പരാജയപ്പെടാന്‍ സാദ്ധ്യതകള്‍ ഏറെയാണെന്നു വിമര്‍ശനങ്ങളുണ്ട്. പ്രധാനമായും ഉപയോഗത്തിലെ വീഴ്ചകള്‍, ചാനലുകളിലെ അടവ് തുടങ്ങിയവയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മറ്റൊരു സാങ്കേതിക വിദ്യ, വിസര്‍ജ്യത്തിലെ ജലാംശം തിരികെ ആഗിരണം ചെയ്യുക എന്നതാണ് . ഇപ്രകാരം ആഗീരണം ചെയ്യുന്ന ജലാംശം ക്ലൊസറ്റിലെ മാലിന്യം കഴുകിമാറ്റാന്‍ പൂനരുപയോഗം ചെയ്യാം എന്നതും, സംഭരിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ഖരരൂപത്തില്‍ പുറംതള്ളാം എന്നതു ഇതിനെ കൂടുതല്‍ സ്വീകാര്യമാക്കും എന്ന് കരുതപ്പെടുന്നു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൌരവമായി ഇടപെടാന്‍ തയ്യാറായത് പ്രതീക്ഷയേകുന്നു. 2011 -13 വര്‍ഷത്തോടെ ഇന്ത്യയിലെ എല്ലാ ട്രയിനുകളും ഇപ്രകാരം “എക്കോ ഫ്രണ്ഡ് ലി“ ടൊയിലറ്റുകള്‍ നിലവില്‍വരും എന്നാണ് കരുതപ്പെടുന്നത്.

അരീക്കോടന്‍ മാഷുടെ “തെറ്റില്ലാത്ത തെറ്റ്” എന്ന പോസ്റ്റില്‍ കമന്റിട്ടപ്പോള്‍ മനസ്സില്‍ പൊന്തിവന്നത് ഒരു പോസ്റ്റാക്കുന്നു.

കടപ്പാട്: ഡൌണ്‍ ടു എര്‍ത്ത് മാസികയില്‍ ശ്രീ.ആര്‍.കെ.ശ്രീനിവാസന്‍ എഴുതിയ ലേഖനം.

10/07/2008

ഉത്തരമെഴുതുക


താനിരിക്കേണ്ടിടത്ത്
താനിരുന്നില്ലെങ്കില്‍
അവിടെ നായ് ഇരിക്കും

സന്ദര്‍ഭം വ്യക്തമാക്കി, ആശയം വിശദീകരിക്കുക.
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജസ്

10/05/2008

സൌരോര്‍ജ്ജം

ഭൂമിയിലെ സൂര്യപ്രകാശ ലഭ്യത, ഭൂമധ്യരേഖക്കടുത്ത് കൂടുതലായും ധ്രുവങ്ങളിലേക്കു നീങ്ങുന്തോറും കുറഞ്ഞുവരികയും ചെയ്യുന്നു. ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട സൌരോര്‍ജ്ജ ലഭ്യതയുള്ള ഒരു രാജ്യമാണ്. ശരാശരി 300 ദിനങ്ങളിലായി, 2300 മുതല്‍ 3200 വരെ മണിക്കൂര്‍ തെളിഞ്ഞ സൂര്യപ്രകാശം ലഭിക്കാവുന്ന ഇന്ത്യയില്‍ , ഒരു ചതുരശ്ര മീറ്റര്‍ ഭൂപ്രദേശത്ത് 4 മുതല്‍ 7 വരെ വൈദ്യുത യൂണിറ്റിനു സമാനമായ, സൌരോര്‍ജ്ജം ലഭിക്കുന്നു. മൊത്തം ലഭ്യമാകുന്ന ഊര്‍ജ്ജം കണക്കാക്കിയാല്‍, ഏകദേശം 5000 ട്രില്ല്യണ്‍ യൂണിറ്റ് വൈദ്യുതിക്കു തുല്യമാണ്.(വിക്കി.ഓര്‍ഗ്) ഇതിന്റെ ഒരു ശതമാനം ഉപയോഗ്യമാക്കാനായാല്‍ ഇന്ത്യയുടെ മൊത്ത ഊര്‍ജ്ജ ഉപയോഗത്തിനു മതിയാകുമെന്നു സൈദ്ധാന്തികമായി പറയാവുന്നതാണ്.

ഈ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി വിവിധ സൌര വൈദ്യുത പദ്ധതികളെപറ്റിയുള്ള ഒരു ചെറു അവലോകനമാണിത്.


രണ്ടു മുഖ്യമായ സമീപനമാണ് സൌര വൈദ്യുത രംഗത്ത് ലോകത്താകമാനം സ്വീകരിച്ചു വരുന്നത്.


1. സൌരോര്‍ജ്ജത്തിന്റെ താപ ഫലം ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുക.
2. ഫോട്ടൊ ഇലക്ട്രിക് പ്രതിഭാസം പ്രയോജനപ്പെടുത്തുന്ന സൌര സെല്ലുകള്‍ ഉപയോഗിക്കുക.

ഫോട്ടൊ ഇലക്ട്രിക് പ്രതിഭാസം
ഇലക്ട്രോണിക് ഘടകമായ അര്‍ദ്ധചാലകങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ അതില്‍ നിന്നും ഇലക്ട്രോണ്‍ പ്രവാഹം ഉണ്ടാവുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം.
സൌര സെല്ലുകളാണ് ഇവയുടെ പ്രാധമിക ഘടകം. നിരവധി സെല്ലുകളുടെ ഒരു കൂട്ടമാണ് ഒരു സൌര പാനല്‍. സൌര പാനലില്‍ നിന്നു ഉറവെടുക്കുന്ന വൈദ്യുതി നേരിട്ട് ഉപയോഗിക്കുകയോ , ലെഡ് ആസിഡ് ബാറ്ററി പോലെയുള്ള സംഭരണികളില്‍ സംഭരിച്ചു വക്കുകയോ ചെയ്യാവുന്നതാണ്.

സാധാരണയായി കുറഞ്ഞ ശേഷിയുള്ള പ്ലാന്റുകളാണ് ഈ ഇനം . സൌര സെല്ലില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി നേര്‍ധാരാ (ഡി.സി) വൈദ്യുതിയാണ്. ഇവ ഡി .സി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മാത്രമേ ഉപയുക്തമാകൂ. പ്രത്യാവര്‍ത്തിധാരാ (എ.സി) വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഒരു ഇന്‍ വേര്‍ട്ടര്‍ ഉപയോഗിക്കേണ്ടതായി വരുന്നു.


സൌര താപ വൈദ്യുത നിലയങ്ങള്‍:


സൌര താപ വൈദ്യുത നിലയത്തിന്റെ ഒരു ചിത്രീകരണമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ലെന്‍സുകള്‍, ദര്‍പ്പണങ്ങള്‍ മുതലായ മാര്‍ഗ്ഗങ്ങളുപയോഗിച്ചു സൊരോര്‍ജ്ജത്തെ കേന്ദ്രീകരിക്കുകയും, ഈ താപം വിവിധ ദ്രവവസ്തുക്കള്‍ മുഖേനെ ജലത്തില്‍ നിന്നും നീരാവി ഉണ്ടാക്കാനുപയോഗിക്കുകയുമാണിവിടെ. ചിത്രത്തിലെ സൌര കേന്ദ്രീകരണിയിലൂടെ കടന്നുപോകുന്ന ദ്രാവകം ഉന്നത ഊഷമാവിലെത്തുമ്പോള്‍ , താപ മാറ്റം (ഹീറ്റ് എക്സ്ചേഞ്ച്) മുഖേന ജലത്തെ നീരാവിയാക്കുന്നു. ഈ നീരാവി ഒരു ടര്‍ബൈന്‍ കറക്കാന്‍ ഉപയോഗിക്കുകയും, തത്ഫലമായി, ഇതിനോട് ഇണക്കിയിട്ടുള്ള ഒരു ജെനറേറ്റര്‍ പ്രവര്‍ത്തിച്ചു വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

രാത്രി കാലങ്ങളിലും, ആകാശം മേഘാവൃതമാവുന്ന സന്ദര്‍ഭങ്ങളിലും പ്രവര്‍ത്തനം തടസ്സപ്പെടാം എന്നതാണ്, സൌര വൈദ്യുത് പ്ലാന്റുകളുടെ ഏറ്റവും പ്രധാന പോരായ്മ.
ഹൈബ്രിഡ് പ്ലാന്റുകള്‍ നിര്‍മ്മിച്ചാണ് പ്രായോഗികമായി ഇതിനു പരിഹാരം കണ്ടിരുന്നത്. സൂര്യപ്രകാശം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പ്രകൃതി വാതകമോ, തത്തുല്യമായ മറ്റിന്ധനങ്ങളോ ഉപയോഗിച്ചു ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കകയാണ് ഇത്തരം പ്ലാന്റുകളില്‍ ചെയ്യുന്നത്. എന്നാല്‍ ഹരിത വാതക പ്രതിഭാസം പൂര്‍ണ്ണമായും ഒഴിവാക്കുന്നതലത്തിലേക്ക് ഗവേഷണങ്ങള്‍ വളരുകയും സൌരതാപം സംഭരിച്ചു വക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ചെയ്തു.


ഉന്നത മര്‍ദ്ദത്തിലുള്ള അത്യുഷ്ണ നീരാവി സൃഷ്ടിക്കുകയും അതു സംഭരിച്ച് സൂക്ഷിക്കുകയുമാണ് ഒരു വിദ്യ.

ഉയര്‍ന്ന ദ്രവണാങ്കമുള്ള നൈട്രേറ്റ് സോള്‍ട്ടുകള്‍ താപവാഹിനികളായി ഉപയോഗിക്കുകയും ഉന്നത ഊഷ്മാവും , ഊര്‍ജ്ജവും വഹിക്കുന്ന ദ്രാവകങ്ങളായി മാറ്റി പ്രത്യേകം തയ്യാറാക്കിയ ടാങ്കുകളില്‍ സംഭരിച്ച്, ആവശ്യാനുസരണം ഉപയുക്തമാക്കുകയുമാണ് മറ്റൊരു മാര്‍ഗ്ഗം.

ലെഡ് ആസിഡ് ബാറ്ററികള്‍ പോലെയുള്ള വിദ്യകള്‍ ഉപയോഗിക്കാമെങ്കിലും ഉയര്‍ന്ന ശേഷിയുള്ള പ്ലാന്റുകള്‍ക്ക് ഇത് പ്രായോഗികമല്ല.

സൌരോര്‍ജ്ജം ഗാര്‍ഹിക ഉപയോഗത്തിന്:


സൌരോര്‍ജ്ജം ഗാര്‍ഹിക ഉപയോഗത്തിന്‍ ഗണ്യമായ തോതില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇവയില്‍ മുഖ്യമായതു താപോര്‍ജ്ജം നേരിട്ടു ഉപയോഗപ്പെടുത്തുന്ന സൌര ഹീറ്ററുകളാണ്. ഇവയില്‍ നിന്നും ലഭിക്കുന്ന ചൂടുള്ള ജലം പാചകത്തിനും മറ്റും ഉപയോഗപ്പെടുത്തുന്നത് മറ്റ് ഊര്‍ജ്ജരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും, തദ്വാരാ മൊത്തം

ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സോളാര്‍ പാനലുകള്‍ ഉപയോഗിച്ചു വീടുകളില്‍ വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കാവുന്നതാണ്. ഈ മേഖലയിലെ ഗവേഷണങ്ങള്‍ ത്വരിതഗതിയില്‍ മുന്നോട്ടു നീങ്ങുകയാണ്. തത്ഫലമായി കൂടുതല്‍ ക്ഷമതയുള്ള സോളാര്‍ പാനലുകള്‍ , ചിലവു കുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കാനാവുമെന്നു പ്രതീക്ഷിക്കുകയാണ് ശാസ്ത്രലോകം. അതോടെ സൊരവൈദ്യുതി സാധാരണക്കാരനും പ്രാപ്യമാവുന്ന ഒന്നായി മാറുന്നതാണ്. സോളാര്‍ പാനല്‍ മേച്ചില്‍ ഓടുകണക്കെ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

മറ്റു വൈദ്യുതോത്പാദന മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു നിര്‍മ്മാണ ചിലവു ഏറെയാണെങ്കിലും ഹരിതഗൃഹ വാതകങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സൌരോര്‍ജ്ജം, യാതൊരു വിധ മലിനീകരണങ്ങക്കും സൃസ്ഷ്ടിക്കുന്നുമില്ല.ഏറെ താമസ്സിയാതെ സൊരോര്‍ജ്ജം നാളെയുടെ ഊര്‍ജ്ജ സ്രോതസ്സായി വളരുകതെന്നെ ചെയ്യും എന്നു പ്രത്യാശിക്കാം.

ചിത്രങ്ങള്‍ക്കു കടപ്പാട് : ഗൂഗിള്‍

10/03/2008

സഹജമാര്‍ഗ്ഗവും ഞാനും.

ആദ്യമായി ബ്ലോഗ്ഗില്‍ പോസ്റ്റിയ ചില വരികള്‍ ഇവിടെ വീണ്ടും കുറിക്കുന്നു.

അനുനാദം: 16 ജൂണ്‍ 2008

നിരാശയാണ് ജീവിതമാകെ . വ്യക്തി ജീവിതം നിരാശപൂര്‍ണമാണോ ...? അല്ലെന്നു തോന്നുന്നു. അല്ലെങ്കില്‍‍ത്തന്നെ അസന്തുഷ്ടിയാണല്ലോ ലോകത്തിന്റെ മുഖമുദ്ര. കുഞ്ഞു മകളുടെ മുഖം മനം തെളിയിക്കുന്നുണ്ട്.
പക്ഷെ ദിനപ്പത്രങ്ങളില്‍, ടെലിവിഷന്‍ വാര്‍ത്തകളില്‍, മനസ്സ് അസ്വസ്ഥമാകുന്നു.
ഈ നൂറ്റാണ്ടിന്‍റെ ശാപം!


മോചനമുണ്ടോ?

തീര്‍ച്ചയില്ല.

പ്രസ്ഥാനങ്ങള്‍ക്ക്‌ കടലാസു പുലികളായി പരിണാമം സംഭവിച്ചിരിക്കുന്നു . അവയുടെ കൃതൃമ ഗര്ജ്ജനങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ തട്ടി തിരിച്ചു പോകുന്നു,എന്തെന്നാല്‍ തഴമ്പുകെട്ടിയ പുടം ശബ്ദങ്ങളെ തിരസ്കരിക്കുകയണത്രെ.

ഇനിയൊരു പ്രകമ്പനം മോഹം മാത്രമായി അവശേഷിക്കുമോ?

അനുനാദം ഏത് ആവൃത്തിയിലാണാവോ ...... പരീക്ഷിക്കെണ്ടിയിരിക്കുന്നു .
ശ്രവണസാധ്യമായ തരംഗ ദൈര്ഘ്യത്തിനായി കാതോര്‍ത്തിരിക്കുന്നു ...
കേള്‍ക്കാതിരിക്കില്ല .

അനില്‍ എന്ന ഞാന്‍:

ഊണിലും ഉറക്കത്തിലും ദൈവ ചിന്തയുമായി നടക്കുന്ന അമ്മയുടെയും , നിരീശ്വര വാദിയായ അച്ഛന്റേയും മകന്‍. അമ്മയുടെ നിര്‍വ്യാജമായ ഭക്തിക്ക് അവരുടെ ദൈവം കൊടുത്ത പ്രതിഫലങ്ങള്‍ കണ്ട്, ഞാനും അഛന്റെ പാതയില്‍ യാത്രയാരംഭിച്ചു. അക്ഷരങ്ങളുമായി ചങ്ങാത്തം ആരംഭിച്ച കാലം മുതല്‍ ശാസ്ത്ര ഗ്രന്ധങ്ങള്‍, പുരാണങ്ങള്‍ എന്നിവ വായിക്കാനാരംഭിച്ചു. നമ്മുടെ സ്വബുദ്ധിക്കു ദഹിക്കുന്ന കാര്യങ്ങളല്ല മതങ്ങള്‍ ഉദ്ഘോഷിക്കുന്നതെന്നു തോന്നല്‍ രൂഢമൂലമായതോടെ മതമെന്ന ചിന്തയും ഉപേക്ഷിച്ചു.

പ്രസ്ഥാനങ്ങള്‍:

വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളില്‍ സജീവമായി. മനുഷ്യന്‍ മനുഷ്യനുവേണ്ടി ശബ്ദമുയര്‍ത്തുന്ന മനോഹര സങ്കല്‍പ്പം ആകര്‍ഷണീയം തന്നെ. അതില്‍ മുഴുകാന്‍ ഏറെക്കാലം വേണ്ടി വന്നില്ല. രഷ്ടീയത്തിന്റെ മൂല്യങ്ങള്‍ നിലനിന്നിരുന്ന കാലമായതിനാല്‍ പ്രവര്‍ത്തകനായി തുടരാന്‍ കഴിഞ്ഞു, കോളേജുതലം വരെ. കോളേജിലെത്തിയതോടെ മേല്‍ക്കമ്മറ്റികളിലേക്കു കടക്കുകയും പുതിയ ‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സിദ്ധാന്തങ്ങളും പ്രായോഗിക രാഷ്ടീയവും തമ്മിലെപ്രകാരം കോര്‍ത്തിണക്കാമെന്ന പാഠങ്ങള്‍ പഠിക്കാനാരംഭിച്ചതോടെ മനസ്സിലുടലെടുത്തത്, മടുപ്പ് . പക്ഷെ മോചനം ഉണ്ടോ, ഇല്ല.

അഭയസ്ഥാനങ്ങള്‍ എവിടെ? ഇല്ല. പ്രസ്ഥാനങ്ങളിലുള്ള വിശ്വാസം നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു. ആശ്വാസമേകാന്‍ പ്രാപ്തമായ ‍ മറ്റു സംഹിതകളില്ല. മാനസിക സംഘര്‍ഷങ്ങള്‍ ഏതൊരു ചെറുപ്പക്കാരനേയും പോലെ എന്നെയും വേട്ടയാടി. എങ്കിലും ആശ്വസിച്ചു, നല്ല നാളെ വരും?

നാളെകള്‍ വന്നു. വില്‍ക്കുന്നത് സ്വന്തം രാജ്യമായാലും , കച്ചവടങ്ങള്‍ മാത്രം നടക്കട്ടെ എന്നു വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ഒരിന്ത്യക്കാരനായ എന്നെ നോക്കി പല്ലിളിച്ചു. തൊഴിലാളി മുതലാളി ബന്ധങ്ങള്‍ പുനര്‍വ്യാഖാനം ചെയ്യുന്ന പുത്തന്‍ നേതാക്കളെ നോക്കി അമ്പരന്നു. ഭാഗീയതയും വിഭാഗീയതയും എന്നെ നോക്കി കൊഞ്ഞനം കുത്തി. മൂല്യബോധം നഷ്ടപ്പെടുന്ന പ്രസ്ഥാനങ്ങള്‍ എന്നെ ആശ്വസിപ്പിക്കില്ല എന്നു തോന്നുകയാണോ !

ദൈവവുമായി, പണ്ടുമുതലില്ലാത്ത ബന്ധങ്ങള്‍ ആരംഭിക്കാന്‍ പഴുതുകളേതെങ്കിലും അവശേഷിച്ചേക്കാം എന്ന് വൃഥാ മോഹിച്ചു. എത്തിച്ചേര്‍ന്നത് ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്ന മതപ്രചാരകരുടെ അരികില്‍ . രൂപമില്ലാത്ത സര്‍വ്വവ്യാപിയായ പ്രപഞ്ചശക്തിയില്‍ വിശ്വസിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു. പക്ഷെ മുഖ്യ തടസ്സമായി ആ “ഗ്രന്ധം” മുന്നിലെത്തി. മനുഷ്യനെ അടിമയാക്കുന്ന ഇത്തരം ചട്ടക്കൂടുകള്‍, യോജിക്കാനുള്ള അവസാന കണ്ണിയും മുറിച്ചെറിഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ മനസ്സു നഷ്ടപ്പെട്ട, പ്രസ്ഥാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട നിരവധി ചങ്ങാതിമാര്‍ എനിക്കുണ്ടായിരുന്നു. അവരില്‍ ഒരാളാണ് സഹജമാര്‍ഗ്ഗം പരിചയപ്പെടുത്തുന്നത്.

അതിന്റെ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ഇട്ടിരുന്നു.
മനുഷ്യന്റെ മനോവിഭ്രാന്തികളെ ചൂഷണം ചെയ്യുന്ന, മറ്റേതു സംഘങ്ങളില്‍ നിന്നും വ്യത്യസ്ഥമല്ല ഈ മാര്‍ഗ്ഗവും എന്നു തിരിച്ചറിയാന്‍ ഏറെയൊന്നും സമയം വേണ്ടി വന്നില്ല.

സഹജമാര്‍ഗ്ഗവും ഇന്നത്തെ കേരളവും:

ഇത്രകാലം വേരോട്ടമില്ലാതിരുന്ന സഹജമാര്‍ഗ്ഗം കേരളത്തില്‍ വേരോട്ടം ആരംഭിക്കുന്നുവെങ്കില്‍ അതിനു മുഖ്യ ഉത്തരവാദികള്‍ ഇവിടുത്തെ മുഖ്യധാരാ പ്രസ്ഥാനങ്ങളാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു തലമുറയെ ആര്‍ക്കു നിഷ്പ്രയാസം കബളിപ്പിക്കാം എന്നു തിരിച്ചറിവുമാത്രമേ ഇതില്‍ നിന്നും മോചനം നല്‍കൂ.

പക്ഷെ പകരം എന്ത്?

10/01/2008

സഹജമാര്‍ഗ്ഗം


ആത്മീയതയിലേക്കുള്ള പ്രായോഗിക പരിശീലന രീതിയാണ് സഹജ മാര്‍ഗ്ഗം.
പ്രാചീന രാജയോഗമുറകള്‍ അടിസ്ഥാനമാക്കി, അഥവാ അവയെ ലളിതവല്‍ക്കരിച്ചു ഇന്നത്തെ മനുഷ്യനുവേണ്ടി പുനര്‍ വ്യാഖാനം ചെയ്യുകയാണ് സഹജമാര്‍ഗ്ഗം ചെയ്യുന്നത്. ഈ വഴി, ദൈവത്തെ ലളിതമായ ഒന്നായും, തദ്ദ്വാരാ അതിലേക്കുള്ള വഴികള്‍ എറ്റവും ലളിതമെന്നു വിശദീകരികുകയും ചെയ്യുന്നു. മനസ്സ് ആണ് ശരീരത്തിന്റെ സര്‍വ്വസ്വവും, അതിന്റെ ശരിയായ നിയന്ത്രണമാകട്ടെ, ഏര്‍പ്പെടുന്നത് തന്റെ ആദ്ധ്യാത്മിക ഗുരുവിന്റെ നിര്‍ദ്ദേശങ്ങളിലും മേല്‍നോട്ടത്തിലുമുള്ള ധ്യാനത്തിലൂടെയും.ഒരു സാധാരണ കുടുംബസ്ഥനിണങ്ങുന്ന രീതിയിലാണ് സഹജമാര്‍ഗ്ഗം വിശദീകരിക്കപ്പെട്ടിരിക്കുന്നത്. എല്ലാ കര്‍മങ്ങളുടേയും ക്രമീകരണവും നിയന്ത്രണങ്ങളും നമ്മെ സന്യാസത്തിനടുത്തെത്തിക്കുന്നു.
ആയതിനാല്‍ തന്നെ സഹജമാര്‍ഗ്ഗിയെ സംബന്ധിച്ച്, ചിന്തകള്‍, ജാതീയമോ, മതപരമോ, ലൈംഗികമോ ആയ വേര്‍രിവുകള്‍ക്കതീതമാണ്. ഇതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഒരു മനസ്സുമാത്രമാണ് അടിസ്ഥാന യോഗ്യത.


ആദ്ധ്യാത്മികം എന്ന പദത്തിനു മതങ്ങളുമായി യാതൊരു ബന്ധവും കല്‍പ്പിക്കേണ്ടതില്ല. എവിടെ മതം അവസാനിക്കുന്നുവോ അവിടെ ആത്മീയത ആരംഭിക്കുന്നു.മതങ്ങള്‍ പഠിപ്പിക്കുന്നത് ദൈവത്തെ തേടി പുറം ലോകത്തലയാനാണ്. ദൈവം ഒരു വടിയുമായി തന്നെ ശിക്ഷിക്കാന്‍ കാത്തുനില്‍ക്കുന്ന ഒന്നായി അവനു മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. ദൈവം അവനവനില്‍ തന്നെയാണെന്നാണ് സഹജമാര്‍ഗ്ഗി വിശ്വസിക്കുന്നത്. ശരീരത്തെ ശിക്ഷിക്കുന്നത് ദൈവത്തെ ശിക്ഷിക്കുന്നതിനു തുല്യവും.

ആചാരങ്ങളൊ അനുഷ്ഠാനങ്ങളോ ഇല്ല, അരുതുകള്‍ ഇല്ല.
ഈ മാര്‍ഗ്ഗത്തിന്റെ ഇപ്പോഴത്തെ ഗുരുവാണ് "ശീ.രാജഗോപാലാചാരി" എന്ന ചാരിജി.

ശ്രീ രാമചന്ദ്ര മിഷന്‍ ഔദ്യോഗിക വെബ് സൈറ്റിലെ വാചകങ്ങളുടെ ഒരു പരിമിതമായ തര്‍ജ്ജമയാണ് മേല്‍ കൊടുത്തിരിക്കുന്നത്.

സഹജ മാര്‍ഗ്ഗത്തിന്റെ ലോക തലസ്ഥാനം മണപ്പാക്കത്തുള്ള ആശ്രമം



ധ്യാനനിരതനായ ഗുരു


ലാപ് ടോപ്പില്‍ ജോലിചെയ്യുന്ന ഗുരു


ശിഷ്യരെ അഭിസംബോധന ചെയ്യുന്ന ഗുരു


ധ്യാനനിമഗ്നമായ ഒരു സദസ്സ്


പൂര്‍ണ്ണ സമര്‍പ്പണം


മുറ്റത്തൊരു അഭ്യാസം


ശിഷ്യഗണങ്ങളുമായിഒരു യാത്ര


ടേബിള്‍ ടെന്നീസ് കളിക്കുന്ന ഗുരു


ശിഷ്യര്‍ക്കൊപ്പം ബീച്ചില്‍ കളിക്കുന്ന ഗുരു.

സമാന ചിന്താഗതികാരനായ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം എന്റെ മുന്നില്‍ അവതരിപ്പിച്ചതാണീ വിവരങ്ങള്‍.

"മോചനമാ‍ര്‍ഗ്ഗങ്ങള്‍" എന്ത് എന്ന ചോദ്യവുമായി, ബൂലോകര്‍ക്കു മുന്നില്‍ ഞാന്‍ ഈ വിഷയം അവതരിപ്പിക്കയാണ്.

ഫോട്ടോകള്‍ക്കു കടപ്പാട്: സഹജമാര്‍ഗ്ഗ് ഹോം പേജ്.

പിന്നാമ്പുറ കഥകള്‍ ഒന്ന്:

പിനാമ്പുറ കഥകള്‍ രണ്ട്