5/31/2009

നാട്ടറിവുകളും കേട്ടറിവുകളും

നിത്യേയേനെയെന്നൊണം നാം കേള്‍ക്കുന്ന പദങ്ങളിലൊന്നാണ് നാട്ടറിവുകള്‍ എന്നത്. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലുമെന്നുവേണ്ട ഇന്ന് ബ്ലോഗിലും നിറയുകയാണ് ഈ പദവും അനുബന്ധ ചര്‍ച്ചകളും. വായ്മൊഴിയായ് തലമുറ കൈമാറിക്കിട്ടിയ പൂര്‍വ്വിക സമ്പത്താണ് നാട്ടറിവുകള്‍ എന്നാണ് പറയപ്പെടുന്നത്. നിത്യജീവിതത്തില്‍ കടന്നുവരുന്ന വസ്തുക്കളാണ് ഇതില്‍ പരാമര്‍ശ വിഷയമാവുന്നതെന്നതില്‍ നാമതില് ആകൃഷ്ടരാവുകയും ചെയ്യും. എന്നാല്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനവസരം ലഭിക്കുന്നില്ല എന്നത് ഇവയുടെ മുഖ്യ പോരായ്മകളിലൊന്നാണ്. ബ്ലോഗ് പോലെയുള്ള ഇന്നിന്റെ മാധ്യമങ്ങളില്‍ ഇത്തരം അറിവുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇത്തരം ചര്‍ച്ചകളിലൂടെ ലഭ്യമാകുന്ന അറിവുകള്‍ സമ്പുഷ്ടമാവുകയും ഭാവിതലമുറക്ക് ഉപകാരപ്രദമാവുകയും ചെയ്യും.

അടുത്തിടെ പ്രത്യക്ഷപ്പെട്ട സ്വാസ്ഥ്യം എന്നൊരു ബ്ലോഗ്ഗ് ഈ ദിശയില്‍ ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഒരുവേള അഹ്ലാദിച്ചതായിരുന്നു. പക്ഷെ ആദ്യ പോസ്റ്റില്‍ തന്നെ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങളെല്ലാം തെറ്റിദ്ധാരണാജനകമായി എന്നത് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. സ്വാസ്ഥ്യത്തില്‍ പറയുന്ന ഒന്നാമത്തെ പൊടിക്കൈ ഉലുവ കഴിക്കുന്നതിലൂടെ പ്രമേഹ രോഗത്തെ ഉന്മൂലനം ചെയ്യാമെന്നതായിരുന്നു. വാഗ്പ്രയോഗത്തില്‍ പ്രതിഫലിക്കുന്ന അതിശയോക്തി തന്നെ ഈ പ്രസ്താവന തെറ്റെന്ന് ബോദ്ധ്യപ്പെടാന്‍ പര്യാപ്തമാണ്. അതിന്മേല്‍ തന്നെ അതിശക്തമായ വിമര്‍ശനമേറ്റു വാങ്ങുകയും, നാട്ടറിവുകള്‍ തന്നെ പൊളികളാണെന്ന പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.ഒരോട്ട പ്രദക്ഷിണം നടത്തിയതില്‍, ഈ സൈറ്റില്‍ പറയുന്നത് ഉലുവക്ക് പ്രമേഹ രോഗത്തെ മാറ്റാനുള്ള കഴിവുണ്ടെന്നതാണ്. എന്നാല്‍ ഈ പഠനം കാണുക, പരീക്ഷണശാലയില്‍ ,എലികളില്‍ നടത്തിയ പരീഷണങ്ങള്‍ ഈ സാദ്ധ്യത തള്ളിക്കളയുന്നു. ഉലുവക്ക് പ്രമേഹവുമായി കാര്യമായ ബന്ധങ്ങളില്ലെന്ന് അനുമാനത്തിലെത്തേണ്ടി വരും. തുടര്‍ന്ന് വരുന്ന ഒരോ വിദ്യയും നാട്ടറിവുകള്‍ക്ക് പേരുദോഷമാവുന്നുവെന്ന് സംശയിക്കണ്ടിയിരിക്കുന്നു. ഉലുവയുടെ ഔഷധഗുണങ്ങളെപ്പറ്റി ധാരാളം ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്, ഇന്റര്‍നെറ്റിലും. പലതിനും അനുകൂലമായ റഫറന്‍സുകളും ലഭ്യമാണെന്ന് കരുതുന്നു, ഉലുവാക്കഞ്ഞിയും മറ്റും നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളതാണല്ലോ.

പ്രകൃതിദത്ത ഔഷധങ്ങളും മൃഗ ചികിത്സയും.

മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കം കാണും രോഗചികിത്സാ ശ്രമങ്ങള്‍ക്കെന്നു കരുതാം. മറ്റേതൊരു മേഖല പോലെയും ശാസ്ത്രത്തിന്റെ വളര്‍ച്ചയോടോപ്പം വളര്‍ന്ന് ചികിത്സാ രംഗം ഇന്ന് മനുഷ്യരാശിയുടെ ജീവന്‍ നിലനിര്‍ത്തുന്നു. മനുഷ്യ ചരിത്രത്തിലെ ഏടുകളില്‍ ചിലതാണല്ലോ ലോഹങ്ങളുടെ കണ്ടുപിടുത്തം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടത്തിയവയാണെന്ന് കരുതി ഇരുമ്പും ചെമ്പും നാമിന്ന് ഉപയോഗിക്കാതിരിക്കുന്നില്ല. കൂടുതല്‍ സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ക്ക് ലോഹസങ്കരങ്ങള്‍ ഉപയോഗിക്കുന്നു എന്നുമാത്രം. ഇതിനു സമാനമായി ഔഷധ പ്രയോഗത്തേയും കണക്കാക്കാം എന്നാണ് വ്യക്തിപരമായി എന്റ്റെഅഭിപ്രായം. പ്രകൃതിയില്‍ നിന്നും നേരിട്ട് സംഭരിച്ച് നിശ്ചിത രൂപത്തിലാക്കുന്ന ഔഷധങ്ങള്‍ ഗാലനിക്കല്‍ മരുന്നുകള്‍ എന്ന് അറിയപ്പെടുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ മനുഷ്യ ചികിത്സയിലും ഉപയോഗിച്ചിരുന്ന ഇത്തരം മരുന്നുകള്‍ ഇപ്പോഴും മൃഗ ചികിത്സാരംഗത്ത് വ്യാപകമായി ഉപയോഗിക്കുന്നു. നമ്മുടെ സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ ലഭ്യമായ മരുന്നുകള്‍ പകുതിയിലേറെയും ഇത്തരം മരുന്നുകളാണ്. വ്യത്യസ്ഥമായ മരുന്നുകളുടെ വിവിധ അനുപാതത്തിലുള്ള കൂട്ടുകള്‍ തയ്യാറാക്കി വിവിധങ്ങളായ രോഗങ്ങള്‍ക്ക് നല്‍കിവരുന്നു. കൂടുതലായ രാസ/വ്യാവസായിക പ്രക്രിയകള്‍ പ്രയോഗിക്കാതെ ലഭ്യമാകുന്ന ഇത്തരം മരുന്നുകളുടെ കുറഞ്ഞ വിലയും, ചികിത്സകന്റെ ആവശ്യാനുസരണം തയ്യാറാക്കാമെന്നതും ഈ മരുന്നുകളെ ഇന്നും നമ്മുടെ ചികിത്സാ രംഗത്ത് നിലനിര്‍ത്തുന്നു.

നാട്ടറിവുകളെന്ന് പരാമര്‍ശിച്ച് നമുക്ക് മുന്നിലെത്തുന്ന ഔഷധങ്ങളില്‍ പലതും ഇത്തരത്തില്‍ ഗാലനിക്കല്‍ മരുന്നുകളായുണ്ട് എന്നത് പരിശോധനക്ക് വഴിതുറക്കുന്നു. അയമോദകം,ആടലോടകം, ഇഞ്ചി, ഇരട്ടിമധുരം, ഉപ്പുകള്‍, ഏലക്കായ് സത്ത്, കറുപ്പ്,കായം,ഗന്ധകം, ചുക്ക്,ജീരകം,തുരിശ് തുടങ്ങിയ നീണ്ട നിര ചില ഉദാഹരണങ്ങള്‍ മാത്രം. ഇത്തരത്തില്‍ നമ്മുടെ അറിവുകള്‍ പഠനങ്ങളുമായ് സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിവുള്ള ബൂലോകരില്‍ നിന്നും ഉയര്‍ന്നു വരേണ്ടതുണ്ട്. ഔഷധ സസ്യങ്ങള്‍ക്കായ് ആധികാരികമായൊരു ഒരു ബ്ലോഗ്ഗ് ആരെങ്കിലും തുറക്കും എന്ന ആശിക്കുന്നു, കേരള ഇന്നവേഷന്‍ ഫൌണ്ടേഷന്റെ ശ്രമങ്ങള്‍ കാണായ്കയല്ല, കൂടുതല്‍ ചര്‍ച്ചകള്‍ക്കൊരു വേദിയാവട്ടെ എന്ന ആഗ്രഹം മാത്രം.

5/28/2009

(അ)പ്രധാനമായ ചില ദിനങ്ങള്‍

ആഴ്ചകളും തീയതികളുമായി പണ്ടേ പിണക്കത്തിലാണ് ഞാന്‍.
ഒരിക്കലും പിടിതരാതെ, ഓര്‍മയുടെ അടിത്തട്ടിലെങ്ങോ പൂണ്ടു പോകും, എന്നുമവ.
അതോ വര്‍ത്തമാനത്തിന്റെ വര്‍ണ്ണത്തിളക്കങ്ങളില്‍ ഓര്‍മകള്‍ മഞ്ഞളിക്കുന്നതോ?
പതിവുപോലെ എനിക്കു പിടിതരാതെ ഒരു വിവാഹ വാര്‍ഷികം കൂടി കടന്നുപോയി,
ഇന്നലെ.
പുതുമയൊന്നുമില്ല ,പക്ഷെ അത് പത്താം വാര്‍ഷികമായിരുന്നു.


പത്തുവര്‍ഷം മുമ്പ് അച്ചടിച്ച കുറിയുടെ ഒന്നാം പേജ് ഓര്‍മക്കായ് ഇവിടെ കിടന്നോട്ടെ.

5/15/2009

അന്നും ഇന്നും

പണ്ടൊക്കെ എന്തേര്‍ന്ന് എന്ന് വികടശിരോമണി ചോദിച്ചിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളൂ. പണ്ട് എന്നൊന്നില്ലെന്നും, ഇന്നത്തെ ‘ഇന്നാണ്‘ നാളത്തെ ‘പണ്ട്‘ എന്ന് എല്ലാവരും അഭിപ്രായപ്പെടുകയും ചെയ്തു. എന്നിരുന്നാലും ചിലതെല്ലാം മനസ്സില്‍ തികട്ടി വരും ചിലനേരങ്ങളില്‍ .

1987 ഇല്‍ പുറത്തിറങ്ങിയ വേണുനാഗവള്ളിയുടെ മോഹന്‍ലാല്‍ ചിത്രമായ “സര്‍വ്വകലാശാല” എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. ഒരു ക്യാമ്പസ് ചിത്രമായ അതില്‍ നിന്നൊരു സീന്‍ ഇതാ, ഹോസ്റ്റല്‍ വാര്‍ഡന്റെ വേഷത്തില്‍ ജഗതി ശ്രീകുമാര്‍.



പുതു തലമുറ കാമ്പസ് ചിത്രങ്ങളുടെ പട്ടികയില്‍ പ്രമുഖമായ ലാല്‍ജോസ് ചിത്രമായ “ക്ലാസ്സ്മേറ്റ്സ്” സിനിമയില്‍ ഇന്നും ഒരു രംഗം കൂടി കാണുക. ഹോസ്റ്റല്‍ വാര്‍ഡന്‍ വേഷത്തില്‍ ജഗതി ശ്രീകുമാര്‍ വീണ്ടും. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കാലാന്തരത്തില്‍ വന്ന മാറ്റം ഡയലോഗുകളില്‍ പ്രതിഫലിക്കിന്നില്ലെ?

5/11/2009

പന്നിയിറച്ചി ഒഴിവാക്കാം

പന്നിമാംസം

മാസം എന്നത് നമ്മുടെ ഭക്ഷ്യ വസ്തുക്കളില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ആ‍വശ്യകത മുന്‍ നിര്‍ത്തി കുറഞ്ഞ ചിലവില്‍ കൂടുതല്‍ മാംസം ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പെച്ചെടുക്കുകയാണ് ശാസ്ത്രമിന്ന്. കൂടുതല്‍ വളര്‍ച്ചാ നിരക്ക് കാഴ്കവക്കുന്ന ജന്തു വര്‍ഗ്ഗങ്ങള്‍ ഈ മേഖലിയില്‍ വളര്‍ത്തപ്പെടുന്നതിന് ഇത് വഴിവക്കുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പന്നി. താഴെക്കൊടുത്തിരിക്കുന്ന ടേബിള്‍ പരിശോധിക്കാം.
പന്നിമാംസം (മൊത്തം) ബീഫ്, കോഴി, ടര്‍ക്കി എന്നിവയുമായുള്ള താരതമ്യമാണ് ഇത്. കലോറി മൂല്യം വളരെ കൂടുതലായുള്ള പന്നിമാംസത്തില്‍ പ്രോട്ടീന്‍ അളവു ഏറ്റവും കുറവാണെന്നതും കൊഴുപ്പിന്റെ അളവ് അധികമാണെന്നതും ശ്രദ്ധിക്കുക. ഈ ഘടകങ്ങളാവട്ടെ നമ്മുടെ ആരൊഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ദോഷകരമായി വിലയിരുത്തപ്പെടാം എന്നാണ് കരുതേണ്ടത്. ഇതൊരു പുതിയ കണ്ടെത്തലല്ലെന്നിരിക്കെ പന്നി മാസം എന്തുകൊണ്ട് വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന പരിശോധിക്കാം.

എന്തുകൊണ്ട് പന്നി വളര്‍ത്തപ്പെടുന്നു?

കുറഞ്ഞ സമയത്തിനുള്ളില്‍ (ഏകദേശം 6 മുതല്‍ 9 മാസം വരെ കാലയളവ് ), 50 മുതല്‍ 90 കിലോഗ്രാം ശരീരഭാരം ആര്‍ജ്ജിക്കുന്നു എന്നുള്ളത് തന്നെയാണ് ഈ വിഭാഗത്തിന്റെ മുഖ്യ സവിശേഷത. ഏറ്റവും മോശമായ തീറ്റ സാധങ്ങള്‍ പോലും ഭക്ഷിച്ച് കൂടുതല്‍ കലോറി മൂല്യം തരുന്ന മറ്റൊരു ജന്തു വിഭാഗം ഇല്ല തന്നെ. നമ്മുടെ നാട്ടില്‍ പന്നിത്തീറ്റയുടെ 60 ശതമാനത്തോളം ഹോട്ടല്‍ അവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളുമാണെന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാല്‍ പൂര്‍ണ്ണമായും സമീകൃത തീറ്റ നല്‍കിയുള്ള പന്നിവളര്‍ത്തല്‍ സാദ്ധ്യമല്ലെന്നതും ഓര്‍മ്മവക്കുക.

ഒറ്റ പ്രസവത്തില്‍ ഏകദേശം മുക്കാല്‍ ഡസന്‍ കുഞ്ഞുങ്ങളാണ് ഒരു പന്നിക്ക് ജനിക്കുന്നത്. ഒരു വ്യവസായം എന്ന നിലയില്‍ പന്നിയെ മാറ്റിയെടുക്കുന്നതില്‍ ഇത് മുഖ്യ പങ്ക് വഹിക്കുന്നു. 10 പന്നികളുള്ള ഒരു കൂട്ടത്തില്‍ നിന്നും ഒരു പ്രസവം കൊണ്ട് ലഭ്യമാകുന്ന മാസത്തിന്റെ ആകെ അളവ് കണക്കാക്കി നോക്കിയാലിത് ബോദ്ധ്യപ്പെടും.

ഏറ്റവും കൂടിയ ഡ്രസ്സിംങ് ശതമാനം നല്‍കുന്ന ജന്തു വര്‍ഗ്ഗമാണ് പന്നി. മൊത്തം ശരീര ഭാരത്തില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ മാസത്തിന്റെ ശതമാനമാണ് ഇത്. എഴുപത് ശതമാനം എന്ന മൂല്യം, ഇതര വിഭാഗങ്ങളായ കന്നുകാലികള്‍ (50 ശതമാനം), കോഴി (55 ശത്തമാനം) വളരെ ഉയര്‍ന്ന ഒന്നാണ്.

ഒരു വ്യവസായം എന്ന നിലയില്‍ പന്നി വളര്‍ത്തല്‍ എന്തുകൊണ്ട് മുന്നിട്ടു നില്‍ക്കുന്നു എന്ന് വ്യക്തമാവാന്‍ ഈ ചുരുങ്ങിയ കാരണങ്ങള്‍ മതിയാവും.

നമ്മുടെ ഇഷ്ടാനുഷ്ടങ്ങള്‍ വിപണിയാണിന്ന് തീരുമാനിക്കുന്നത്. നാം ഏതു തരം ഭക്ഷണം തിരഞ്ഞെടുക്കണമന്നത് ലോക മാസ മുതലാളിമാരാണ് തീരുമാനിക്കുന്നത്. അതിനാല്‍ തന്നെ ഏറ്റവും ലാഭം തരുന്ന പന്നിയിറച്ചി വിറ്റഴിക്കപ്പെടണം എന്നത് അവരുടെ തീരുമാനമാണ്.

പന്നിയും മനുഷ്യനും

ലോകമെമ്പാടും പുതിയ രോഗങ്ങള്‍ ഉയര്‍ന്നു വരുന്ന ഈ സാഹചര്യത്തില്‍ ഭക്ഷണ കാര്യത്തിലെങ്കിലും നമുക്ക് സ്വയം ചിന്തിക്കാനാവുമോ എന്ന് വിലയിരുത്തുക. ഈ സീരിസിലെ ഏറ്റവും പുതിയ അവതാരമായ H1N1 എന്ന പനി പന്നിയില്‍ നിന്നാണ് വന്നതെന്ന് ഗവേഷകര്‍ പറയുന്നു. പന്നിപ്പനി എന്നു പേരിട്ടു വിളിച്ച ഈ രോഗത്തിന്റെ പേരില്‍ നിന്നും പന്നി എന്ന പദം ഒഴിവാക്കപ്പെട്ടതു തന്നെ ലോക വ്യവസായികളുടെ ശക്തി വെളിവാക്കുന്നു. പനി മാരകമായ മഹാമാരിയായി ലോകത്താകമാ‍നം പടര്‍ന്നതിന്റെ ചില സൂചനകള്‍ കാണുക. ഇവയിലെല്ലാം നിര്‍ണ്ണായക പങ്കു നല്‍കിയ ജീവികൂടിയാണ് പന്നി.

പന്നിയും മനുഷ്യനും തമ്മിലെന്ത് എന്നൊരു പോസ്റ്റില്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ഈ രണ്ടു ജന്തു വിഭാഗങ്ങള്‍ തമ്മിലുള്ള ജൈവികമായ സാമ്യത ഇനിയും നിരവധി രോഗങ്ങള്‍ ഉയര്‍ന്നു വരുവാന്‍ കാരണമായേക്കാം.

ഒരു ജൈവ മിക്സര്‍ ആയി തന്നെ പന്നിയെ കണക്കാക്കേണ്ടതാണ്, ഒരു ജൈവ ആമ്പ്ലിഫയറും. പന്നിയേയും മനുഷ്യനേയും ബാ‍ധിക്കുന്ന രണ്ടു തരം ഫ്ലൂകളും പരസ്പരം കലരാനിടയാക്കുന്ന് ഇത്തരം സാഹചര്യങ്ങളാണ് ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കേണ്ടത്. ഈ രോഗങ്ങളൊന്നും തന്നെ നല്ലവണ്ണം പാചകം ചെയ്ത പന്നിമാംസത്തിലൂടെ മനുഷ്യനിലേക്കു പകരുകയില്ലെങ്കിലും, പന്നിയും മനുഷ്യനും തമ്മിലുള്ള സഹവാസം കുറക്കുന്നതിനായി‍ ഈ ജന്തു വിഭാഗത്തെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയേ മതിയാവൂ. ആയതിനാല്‍ ആലോചിക്കൂ, പന്നിയെന്ന രോഗ ദാതാവിനെ നമുക്ക് ഭക്ഷണമാക്കാതിരിക്കാം, പന്നിവളര്‍ത്തല്‍ നിരുത്സാഹപ്പെടുത്താം.


കുറിപ്പ്:
ചിത്രം 2&3 ക്ക് കടപ്പാട്: SRDDL Document on avian flue.
തികച്ചും വ്യക്തിപരമായ നിരീഷണമാണിത്, മുന്‍ കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

5/06/2009

ആനയെന്ന സമൂഹ ജീവി

വര്‍ണ്ണക്കാഴ്ചകളുടേയും വാദ്യഘോഷങ്ങളോടു കൂടിയ ആനച്ചന്തങ്ങളുടേയും ഒരു ഉത്സവകാലം കൂടി തൃശ്ശൂരില്‍ കൊടിയിറങ്ങി. താരതമ്യേന പ്രശ്നരഹിതമായ ഒരു ഉത്സവകാലമാണ് 2009 നമുക്ക് സമ്മാനിച്ചത്. ഒറ്റപ്പെട്ട ചില വിഭ്രമന്നളൊഴിച്ചാല്‍ ശാന്തരായി നമ്മുടെ ഗജവീരന്മാര്‍ ഉത്സവങ്ങള്‍ക്ക് കൊഴുപ്പേകി. ആനെയെഴുന്നള്ളിപ്പിനുള്ള ചില സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെക്കുറിച്ച് , ആനക്ക് ആര്‍സി ബുക്ക് എന്നൊരു പോസ്റ്റില് പരാമര്‍ശിച്ചിരുന്നത് ഓര്‍മ്മിക്കുമല്ലോ. നിയമങ്ങള്‍ വേണ്ട വിധം പ്രയോഗത്തില്‍ വരുത്തിയാല്‍ എല്ലാവിധ പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കാണാനാവുമെന്ന് ഇത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഇതോടോപ്പം ആനയെന്ന മഹത്തായൊരു പ്രകൃതി സൃഷ്ടിയെക്കുറിച്ച് അല്പം കൂടി കൂട്ടിച്ചേര്‍ക്കട്ടെ.

നമ്മുടെ നാട്ടില്‍ കാണുന്ന എലിഫസ് മാക്സിമസ് എന്ന വിഭാഗത്തില്‍ പെട്ട ആനകളാണ്.ഇതു കൂടാതെ ലോക്സോഡോണ്ട ആഫ്രിക്കാന എന്ന ആഫ്രിക്കന്‍ അനകളും ഭൂമിയില്‍ കാണപ്പെടുന്നു. ഭൌതികവും ജൈവികവുമായ ചില വ്യത്യാസങ്ങളിവക്കുണ്ടെങ്കിലും അടിസ്ഥാന സ്വഭാങ്ങള്‍ സമാനമാണ്. ആനകളില്‍ ഈ രണ്ടു വിഭാഗത്തില്‍ പെടുന്നവയും ഇന്ന് വംശനാശ ഭീഷണിയിലാണ്. ആനക്കൊമ്പെന്ന കൌതുക വസ്തുവിനുവേണ്ടിയുള്ള വേട്ടയും, നഗരവല്‍ക്കരണത്തിന്റെ ഭാഗമായ വനനശീകരണവും രണ്ട് പ്രമുഖ കാരണങ്ങളാണ്. ഇവയില്‍ ഏഷ്യന്‍ ആനകളാവട്ടെ എണ്ണത്തില്‍ വളരെ കുറഞ്ഞിരിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആയതിനാല്‍ ഇവയിന്ന്, നാട്ടാനയാകട്ടെ കാട്ടാനയാവട്ടെ, സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള സ്വത്താകുന്നു. ആന സംരക്ഷണത്തിനുള്ള നിരവധി പദ്ധതികള്‍ ലോകമെമ്പാടും, ഒപ്പം നമ്മുടെ നാട്ടിലും നടപ്പാക്കി വരുന്നു. ആനപിടുത്തം തന്നെ ആഗോള തലത്തില്‍ നിരോധിച്ചിരിക്കുകയാണ്, എന്നിരിക്കിലും നിലവിലുള്ള നാട്ടാനകളെ നിബന്ധനകള്‍ക്ക് വിധേയമായി കൈവശം വക്കാന്‍ നാം അനുവദിക്കപ്പെട്ടിരിക്കുന്നു.

സാമൂഹ ജീവിതം മനുഷ്യന്റെ മാത്രം കുത്തകയല്ലെന്നു തെളിയിക്കുന്ന ഒരു ജന്തു വിഭാഗമാണ് ആനകള്‍. 3 മുതല്‍ 10 വരെ പിടിയാനകളും, അവയുടെ കുട്ടികളുമടങ്ങുന്ന കൂട്ടമായാണ് ഇവ കാട്ടില്‍ ജീവിക്കുന്നത്, പ്രായമുള്ള ഒരു കൊമ്പനുണ്ടാവാം. എന്നിരുന്നാലും കൂട്ടത്തിലെ മുതിര്‍ന്ന ഒരു പിടിയാനയാണ് സംഘത്തെ നയിക്കുന്നത്. മറ്റംഗങ്ങള്‍ ഈ തലൈവിയെ അനുസരിക്കുന്നു, നേതൃത്വം അംഗീകരിക്കുന്നു. ജനിക്കുന്ന ആണാനക്കുട്ടികള്‍ 6-7 വയസ്സു പ്രായമാവുന്നതോടെ കൂട്ടം പിരിയുകയും തുടര്‍ന്ന് ഇത്തരത്തില്‍ പിരിഞ്ഞുവന്ന കൌമാരക്കാരുടെ ഒരു സംഘമായി വേറെ ജീവിക്കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായാല്‍ ഇവ വീണ്ടു കൂട്ടം പിരിയുകയും സ്വതന്ത്രമായി ജീവിക്കാനാരംഭിക്കുകയും ചെയ്യുന്നു. ഇണ ചേരുവാന്‍ വേണ്ടി മാത്രമാണിവ വീണ്ടും കൂട്ടത്തിലെത്തുന്നത്. ഇതാവട്ടെ ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഒന്നാണ്, ശേഷം സ്വസ്ഥ ജീവിതം നയിക്കാന്‍ വീണ്ടു കൂട്ടം പിരിയുന്നു.

തങ്ങളുടെ കൂട്ടത്തിലെ ഓരോ അംഗങ്ങളുടെ സുരക്ഷയും ഓരോരുത്തരും കൂട്ടായ കടമയായി നിര്‍വ്വഹിക്കുന്നു. പ്രസവകാലമെത്തിയ പിടിയാനക്ക് സഹായത്തിനായ് സംഘാങ്ങള്‍ എപ്പോഴുമൊപ്പമുണ്ടാവുകയും പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു.പ്രസവ സമയത്താവട്ടെ മറ്റാനകള്‍ ചുറ്റും കൂടിനിന്ന് ഒരു സംരക്ഷണ വലയം തന്നെ തീര്‍ക്കുന്നു.ജനിക്കുന്ന കുഞ്ഞ് രണ്ടുമണിക്കൂറിനുള്ളില്‍ തന്ന് എണാറ്റോടാന്‍ ആരംഭിക്കുകയും, തുടര്‍ന്നങ്ങോട്ട് സംഘാങ്ങളുടെ മൊത്ത്ത്തിലുള്ള സംരക്ഷണയിലുമായിരിക്കും. രണ്ടു വയസ്സു വരെ ഇവ അമ്മയുടെ പാല്‍ കുടിച്ച് കൂടെ ജീവിക്കുന്നു.

ജന്തുക്കളില്‍ ഏറ്റവും വലിയ തലച്ചോറിനുടമയായ ആനക്ക് നിരവധിയായ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിവുണ്ട്. മേച്ചിപ്പുറങ്ങളിലേക്കുള്ള വഴികള്‍, തീറ്റയുടെ ലഭ്യത, അപകടങ്ങളുടേയും പ്രകൃതി ക്ഷോഭങ്ങളുടേയും മറ്റും ഓര്‍മ്മ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ 5 കിലോ ഗ്രാം വരുന്ന സ്റ്റോറേജ് സ്പേസില്‍ സൂക്ഷിച്ചുവക്കാനാവുന്നു. ഒരോ വ്യക്തികളേയും വേര്‍തിരിച്ചറിയാനുള്ള കഴിവും ഇവക്കുണ്ട്. വലിയ മുറം പോലെയുള്ള ചെവികള്‍ ഇവയുടെ ശ്രവണ ശേഷി വര്‍ദ്ധിപ്പിക്കുന്നു, ഒപ്പം താഴ്ന ആവൃത്തി തരംഗങ്ങള്‍ ശ്രവിക്കാനുള്ള കഴിവുകൂടിയാകുമ്പോള്‍ ശ്രവണ ശക്തിയില്‍ ഒന്നാമനാവുന്നു എന്ന് പറയാം. കാഴ്ചയാവട്ടെ 40 അടിക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനാല്‍ അതിനു പുറത്തുള്ള ചലനങ്ങള്‍ ഇവനെ പരിഭ്രാന്തനാക്കിയേക്കാം.

തന്റെ ശരീരഭാരത്തിന്റെ 6-8 ശതമാ‍നത്തോളം തീറ്റ് ദിനംപ്രതി അകത്താക്കുന്ന ഇവ , എല്ലാവിധ പച്ചപ്പുകളും അകത്താക്കുന്നു. എന്നിരുന്നാലും ആകസ്മികമായി മനുഷ്യാവാസ കെന്ദ്രത്തിലെത്തുന്ന ആനകള്‍, നെല്ലെ, വാഴ, കരിമ്പ് തുടങ്ങിയ വസ്തുക്കളില്‍ ആകൃഷ്ടരാകുകയും അവയോടെ അഭിനിവേശം കാണിക്കുകയും ചെയ്യുന്നു (addiction) . മിഠായി ഭരണികള്‍ക്കിടയില്‍ പെട്ട കുട്ടികളെപ്പോലെ അവിടെ ചുറ്റിത്തിരിയുന്ന ഇവ മനുഷ്യനുമായുള്ള ഏറ്റുമുട്ടലിനു തയ്യാറാവുകയും ചെയ്യുന്നു.

മനുഷ്യനെപ്പോലെ തന്നെ മരണത്തിലും ചില ആചാരക്രമങ്ങള്‍ പാലിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംഘത്തിലെ ഒരംഗം മരിച്ചാല്‍ മറ്റുള്ള ആനകളെല്ലാം തന്നെ ചുറ്റും കൂടി തുമ്പിക്കയ്യാലും മറ്റും തലോടി മണിക്കൂറുകള്‍ ചിലവഴിക്കുന്നു. ദിവസങ്ങളോളം ഒപ്പം നിന്നതായുള്ള ചില നിരീക്ഷണങ്ങളുമുണ്ട്. അനന്തരം ഊരു ചുറ്റല്‍ ആരംഭിക്കുന്ന ഇവ വീണ്ടുമൊരിക്കല്‍ ഈ ജഢാവശിഷ്ടങ്ങള്‍ക്കരികിലെത്തിയാല്‍ , അസ്തിയും മറ്റും പെറുക്കി ഓര്‍മ പുതുക്കാറുണ്ട്.

ഇണചേരലുമായി ബന്ധപ്പെട്ട ശക്തമായ ചിട്ടകളാണ് ആനക്കൂട്ടത്തില്‍ നിലനില്‍ക്കുന്നത്. ഏറ്റവും ശക്തനായ കൊമ്പനുമാത്രമാണ് ഇതിനുള്ള അവസരം ലഭിക്കുന്നുള്ളൂ. ഇപ്രകാരമുള്ള ശക്തി പ്രകടനങ്ങള്‍ ഏറ്റുമുട്ടലുകളിലേക്കും, അത് മാരകമായ മുറിവുകളിലേക്കും നയിക്കപ്പെടുന്നത് സാധാരണമാണ്.

ഏകദേശം 20 വയസ്സോടെ കൊമ്പനാനകള്‍ "മദം" എന്ന സവിശേഷ പ്രതിഭാസം പ്രകടിപ്പിക്കാന്‍ തുടങ്ങും. വര്‍ഷാ വര്‍ഷമാണ് മദം ഉണ്ടാവുന്നത്. ഇണ ചേരലുമായി ബന്ധപ്പെട്ടാണ് ഈ അവസ്ഥ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തുന്നത്. രക്തത്തിലെ പുരുഷ ഹോര്‍മോണ്‍ അളവ് 20 ഇരട്ടി വരെ വരാറുണ്ട് എന്നത് ഇതിന്‍ തെളിവായി കണക്കാക്കാ. കൂടാതെ മദഗ്രന്ധിയില്‍ നിന്നും പ്രത്യേക ഗന്ധമുള്ള ദ്രാവകം ഒലിക്കുന്നതും, ഇടക്കിടെ ഒലിക്കുന്ന മൂത്രത്തില്‍ ഫെറമോണുകളുടെ സാന്നിദ്ധ്യം ഈ നിഗമനത്തെ സാധൂകരിക്കുന്നു. കൂടാതെ നാട്ടാനകളില്‍ നടത്തിയിട്ടുള്ള ചില പഠനങ്ങള്‍ കാണിക്കുന്നത്, പുരുഷഹോര്‍മോണുകളുടെ ശക്തി കുറക്കുന്ന മരുന്നുകളുടെ ഉപയോഗം മദാവസ്ഥയെ നിയന്ത്രണ വിധേയമാക്കുന്നു എന്നതാണ്.

മറ്റു ജീവികളില്‍ നിന്നും വ്യത്യസ്ഥമായി ആനകള്‍ക്കുള്ള ചില സവിശേഷ സ്വഭാങ്ങളാണ് മേല്‍ സൂചിപ്പിച്ചിട്ടുള്ളത്. ഈ സാമൂഹ്യബോധമാണ് ആനയെന്ന ഭീമാകാരനെ , അശുവായ പാപ്പാനാല്‍ നിയന്ത്രണ വിധേയനാക്കുന്നത്. തന്റെ കൂട്ടത്തിലെ, അഥവാ ജീവിതത്തിലെ "കമാന്റര്‍" ആയി പാപ്പാനെ ആന കണക്കാക്കുന്നു, ആജ്ഞകള്‍ അനുസരിക്കുന്നു. തന്റെ തലവനെ അനുസരിക്കാനുള്ള ബാദ്ധ്യത നടപ്പാക്കുന്ന ആന ഒരുപക്ഷെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കൂടി ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നു. ഏല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ പോലും തന്റെ സാമൂഹിക ബോധത്തിന്റെ ശക്തിയാല്‍ അവന്‍ സഹിക്കുന്നു, പക്ഷെ മനസ്സിനുള്ളില്‍ കുറിച്ചിടുന്നു. മദപ്പാടുമൂലമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലോ ആത്മ നിയന്ത്രണം നഷ്ടപ്പെടുന്ന ആന പാപ്പാനോടുള്ള തന്റെ പക തീര്‍ക്കുകയും , അയാളെ ആക്രമിച്ചു കീഴ്പ്പെടുത്തി സ്വയം നായകനായി അവരോധിക്കുകയും ചെയ്യുന്നു.

5/04/2009

മീറ്റാം, കൂട്ടത്തില്‍ ചുറ്റിനടക്കാം.

തൊടുപുഴ നടക്കുന്ന ബ്ലോഗ്ഗര്‍മാരുടെ സൌഹൃദ സംഗമത്തിന്റെ വിശദാംശങ്ങള്‍ ഹരീഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടിരുന്നോ ഇല്ലെങ്കില്‍ ഇതാ..

ലിങ്ക് ഇവിടെ.

കുടുംബ സമേതം പോകണം എന്നൊരു ആഗ്രഹം തോന്നുന്നു, പിള്ളാര്‍ക്ക് ഒരു ഔട്ടിംങും ആകുമല്ലോ.

5/01/2009

ഷിക്കാഗോ തെരുവീധികളിലൊരു മെയ് മാസത്തില്‍

ലോകമെമ്പാടുമിന്ന് മെയ് ദിനം ആഘോഷിക്കുന്നു, അദ്ധ്വാനിക്കുന്നവന്റെ ശക്തി വിളിച്ചോതി മെയ് ദിന റാലികള്‍ നടക്കുന്നു. തൊഴിലെടുക്കുന്നവന്റെ അവകാശപ്പോരാട്ടങ്ങളുടെ പ്രതീകമാ‍യ് മെയ് ഒന്ന് സാര്‍വ്വദേശീയ തൊഴിലാളി ദിനമായ് അഘോഷിക്കയാണ് നാം.

തൊഴില്‍ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ വ്യവസായങ്ങള്‍ വളരുന്നില്ലെന്ന് കേരളാ ഹൈക്കോടതിയിലൊരു ജഡ്ജി പരാമര്‍ശം നടത്തിയത് മെയ് ദിന തലേന്നാണെന്നത് ആകസ്മികം. ജുഡീഷ്യറിയുടെ തൊഴിലാളി വിരുദ്ധനിലപാടുകള്‍ നാം കാണുന്നത് ആദ്യമായല്ലാത്തതിനാല്‍ വാര്‍ത്ത കാര്യമായ പ്രതികരണങ്ങളുണ്ടാക്കുന്നുമില്ല.

ഓരോ മെയ് ദിനവും കടന്നുപോകുമ്പോള്‍ ചരിത്രത്തിന്റെ മറിഞ്ഞ താളിലേക്കുള്ള ദൂരവും വര്‍ദ്ധിക്കുകയാണ്. കമ്മ്യൂണിസ്റ്റ് മൂരാച്ചികളാഘോഷിക്കുന്ന പാര്‍ട്ടിപ്പരിപാടിയായി മാത്രമാണ് നല്ലൊരു ശതമാനവും ഈ ആഘോഷങ്ങളെ കണക്കാക്കുന്നതെന്നറിയാന്‍ നമ്മുക്ക് ചുറ്റുമൊന്ന് കാതോര്‍ത്താ‍ല്‍ മതിയാവും. ലോക മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കന്‍ സംഭാവനയാണ് ഈ തൊഴിലാളി ദിനാഘോഷം എന്നറിയുന്നവര്‍ ചുരുങ്ങുന്നത് സ്വാഭാവികം. 19 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ സോഷ്യലിസ്റ്റ് ചിന്താഗതികള്‍ ലോക തൊഴിലാളിമനസ്സുകള്‍ കീഴടക്കാനാരംഭിച്ചു. 1860 കളുടെ ആരംഭത്തോടെ തന്നെ എട്ടുമണിക്കൂര്‍ ജോലി എന്ന മുദ്രാവാക്യമുയര്‍ത്തില്‍ അമേരിക്കന്‍ തൊഴിലാളികള്‍ പ്രക്ഷോഭ പാതയില്‍ വന്നുവെങ്കിലും എണ്‍പതുകളുടെ മദ്ധ്യത്തോടെയാണ് ഇതിന്‍ ശക്തിയാര്‍ജ്ജിച്ചത്.

1884 ഇല്‍ ഷിക്കാഗോയില്‍ നടന്ന് "ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ് ആന്റ് ലേബര്‍ യൂണിയന്‍സ്” ന്റെ ദേശീയ കണ്വെന്‍ഷനില് എടുത്ത പ്രഖ്യാപനം ഒരു നാഴികക്കല്ലായിരുന്നു. 1886 മെയ് ഒന്നുമുതല്‍ തോഴിലാളിയുടെ നിയമാനുസൃത പ്രവര്‍ത്തി സമയം എന്നത്, വേതനത്തില്‍ കുറവില്ല്ലാതെ, എട്ടു മണിക്കൂറായിരിക്കും എന്നതായിരുന്നു അത്. കുത്തക വ്യവസായികളും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളും ഇതിനെതിരെ രംഗത്തുവരികയും തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനായി കൂടുതല്‍ പോലീസ് സേനയും ആയുധങ്ങളും സമാഹരിക്കുകയും ചെയ്തു.

1886 മെയ് ഒന്നിന് അമേരിക്കയിലാകെ 13000 വ്യവസായങ്ങളില്‍ നിന്നായി ഏകദേശം മൂന്നു ലക്ഷം തൊഴിലാളികള്‍ പണിശാലകള്‍ ബഹിഷ്കരിച്ച് റാലിക്കായ് തെരുവിലിറങ്ങി. ലോകചരിത്രത്തിലെ ആദ്യ മെയ്ദിന റാലി. അനുബന്ധമായി പോലീസുമായി നടന്ന ഏറ്റുമുട്ടലുകള്‍, അതില്‍ പ്രതിഷേധിക്കാന്‍ ഹേമാര്‍ക്കര്‍ സ്ക്വയറില്‍ നടന്ന യോഗത്തിലെ പോലീസ് ആക്രമണം തുടങ്ങിയവ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സംഭങ്ങളാണ്. ലോകത്തെമ്പാടും മേയ് ഒന്ന് തൊഴിലാളിദിനമായി ആചരിച്ച് തൊഴിലിടങ്ങളില്‍ അവധി നല്‍കുമ്പോള്‍ ഈ ആശയത്തിന്റെ ഈറ്റില്ലമായ അമേരിക്ക ഇതിനെ തിരസ്കരിക്കുകയാണ്. മെയ് ഒന്ന് "ലോ‍ ഡേ" ആചരിക്കാനുള്ള തീരുമാനങ്ങളും മറ്റും ഇതിനുദാഹരണമാണ്.

പൈതൃകങ്ങളെ നിഷേധിക്കുന്നവര്‍ തങ്ങളെത്തന്നെ നിഷേധിക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങളെ പൂഴ്തിവച്ച് , പൊള്ളയായ പുറമ്മോടിയില്‍ മാളിക പണിഞ്ഞതിന്റെ പരിണത ഫലമാണ് അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത്.കൂലിക്കായ് പണിയെടുക്കുന്നവനെല്ലാം തൊഴിലാളിയാണെന്നും (അത് കമ്പനി തലവനായാലും, താഴേത്തൊഴിലാളിയായാലും ), അവന്റെ തൊഴില്‍ സംരക്ഷണമാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനമെന്നും ഏവരും തിരിച്ചറിയുന്ന ഒരു നല്ല നാളെ സ്വപ്നം കണ്ട് ഇന്ന് ഞാനുറങ്ങാ‍ന്‍ പോകട്ടെ.

കുറിപ്പ്: പല വിവരങ്ങളും പൂര്‍ണ്ണമല്ല, സൂചകങ്ങള്‍ എന്ന നിലയില്‍ പരാമര്‍ശിച്ചിരിക്കുന്നു.
അവലംബം: (1) ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് ഓഫ് ദ വേള്‍ഡിന്റ് വെബ് സൈറ്റ്.
(2)മൂര്‍ത്തിയുടെ പോസ്റ്റ്