12/03/2015

ടിൻ കാൻ സ്റ്റിർലിങ് എഞ്ചിൻ

എന്റെ കഴിഞ്ഞ പോസ്റ്റിനെത്തുടർന്ന് സുഹൃത്തുക്കളിൽ ചിലർ ഫോൺ ചെയ്തിരുന്നു, ഈ എഞ്ചിൻ നിർമ്മിക്കാനുള്ള അവരുടെ പലരുടെയും ശ്രമം വിജയിച്ചില്ലെന്നും വിശദമായ ഒരു പോസ്റ്റ് ഇടണമെന്നും. ടിൻ കാൻ ഉപയ്ഓഗിച്ച് നിർമ്മിക്കാവുന്ന ഒരു കൊച്ച് സ്റ്റിർലിങ് എൻജിൻ ഇതാ. ചിത്രങ്ങൾ പലതും റപ്രസന്റേഷൻ എന്ന നിലയിൽ ഫോട്ടോഷോപ്പിൽ നിർമ്മിച്ചെടുത്തവയാണു, പക്ഷെ അവയെല്ലാം യഥാർത്ഥ അളവിൽ ഉള്ളതും നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ തയ്യാർ ചെയ്തവയാണു.

അവശ്യസാധനങ്ങൾ:





1. ടിൻ കാൻ 300 മിലി - 2 (സ്പ്രൈറ്റ് കാൻ )
2. ടിൻ കാൻ 200 മിലി -2 (സെവനപ്പ് കാൻ)
3. മീഡിയം സൈസ് ടിൻ -1
4. വലിയ ടിൻ അടപ്പ് -1
5. 3/4 ഇഞ്ച് പിവിസി എൽബോ -1
6. സൈക്കിൽ സ്പോക്സ് നിപ്പിൾ അടക്കം - 2
7. വയർ കണക്റ്റർ -2
8. ഏർത്ത് വയർ കണക്റ്റർ -1
9. നൂലു - 10 സെ.മീ
10. ബലൂൺ -1
11. പ്ലയർ,നോസ് പ്ലയർ, കട്ടർ, ഡ്രിൽ, എം സീൽ, എറാൾഡൈറ്റ് റാപിഡ്, സൊൾഡറിങ് സെറ്റ്,വാൾ, കെട്ടുകമ്പി തുടങ്ങിയവ



ഡിസ്പ്ലേസർ സിലിണ്ടർ:





ആദ്യമായി ഒരു സ്പ്രൈറ്റ് കാൻ എടുക്കുക, നീളം പരമാവധി സംരക്ഷിച്ചുകൊണ്ട് മുകൾഭാഗം (ഓപ്പണർ ഉള്ള ഭാഗം) മുറിച്ച് മാറ്റുക. അതിനു ശേഷം ഏകദേശൻ അര ഇഞ്ച് വലുപ്പമുള്ള ഒരു തുള മുകൾഭാഗത്ത് അര ഇഞ്ച് താഴെ ഇടുക. 3/4 ഇഞ്ച് പിവിസി എൽബോ ഇവിടെ പിടിച്ച് എം സീൽ ഉപയോഗിച്ച് ഉറപ്പിക്കുക, എം സീൽ സെറ്റാവാൻ അല്പം സമയം എടുക്കും, ഈ സമയത്ത് മറ്റ് ജോലികൾ ചെയ്യാം.





ഡിസ്പ്ലേസർ പിസ്റ്റൺ:


കാലിയായ രണ്ട് 200 മി ലി സെവൻ അപ് കാനുകൾ എടുക്കുക ഏകദേശം 2 ഇഞ്ച് നീളത്തിൽ അവയുടെ അടിഭാഗം മുറിച്ചെടുക്കുക, മുറിച്ച ഒരു ഭാഗത്തിന്റെ മുറിച്ചസൈഡ് ഒരു നോസ് പ്ലയർ ഉപയോഗിച്ച് ഒരിഞ്ച് പതിയെ മടക്കുക, ചിത്രം നോക്കൂ. മടക്കുള്ള ഭാഗം പതിയ മറ്റേ ഭാഗത്തിനുള്ളിലേക്ക് തിരുകിക്കയറ്റുക, ശ്രദ്ധിച്ചാൽ ജോയന്റ് വളരെ സ്മൂത്തായിരിക്കും, അല്പം റാപിഡ് എറാൾഡൈറ്റ് ഉപയോഗിച്ച് അത് പൂർണ്ണമായും സീൽ ചെയ്യുക, ഏകദേശം 3.00 " നീളം വരത്തക്ക രീതിയിലാണു ഇവയോജിപ്പിക്കേണ്ടത്. മുകളിലും താഴെയും 1.5 എം എം ഡ്രിൽ ബിറ്റ് ഉപയോകിച്ച് മദ്ധ്യമാഗത്തായി ഓരോ ഹോൾസ് ഇടുക, സൈക്കിൾ സ്പോക്സിൽ ഒരെണ്ണം എടുത്ത് പിരിഭാഗം താഴെ വരത്തക്കവിധം കടത്തുക, അടിഭാഗം അല്പം പുറത്തേക്ക് തള്ളി വേണം വക്കാൻ. അടിഭാഗവും മുകൾ ഭാഗവും എം സീൽ ഉപയോഗിച്ച് സീൽ ചെയ്യുക. മുറിച്ച് എൽബോയും ഘടിപ്പിച്ച സ്പ്രൈറ്റ് കാനിലേക്ക് ഇത് ഇറക്കി വക്കുക, സ്മൂത്തായി ഇറങ്ങുന്നു എന്ന് ഉറപ്പ് വരുത്തുക. കാനിനേക്കാൾ ഒരിഞ്ച് ഉയർന്ന്നിൽക്കുന്ന നിലയിൽ പിസ്റ്റണിന്റെ മദ്ധ്യഭാഗത്തായി ഘടിപിച്ച സ്പോക് മുറിച്ച് മാറ്റുക. ഡിസ്പ്ലേസർ പിസ്റ്റൺ റെഡിയായിക്കഴിഞ്ഞിരിക്കുന്നു.




കണക്റ്ററുകൾ:



വയർ കണക്റ്ററിന്റെ പ്ലാസ്റ്റിക് പൊളിച്ച് നീക്കിയ ശേഷം മെറ്റാലിക് ഭാഗം രണ്ടെണ്ണം എടുക്കുക, പ്ലയർ കൊണ്ട് പിടിച്ച് ശ്രദ്ധാപൂർവ്വം ഒരെണ്ണം നടുവച്ച് മുറിക്കുക, ഇവയാണു സ്റ്റോപ്പറുകൾ ആയി ഉപയോഗിക്കുക. മറ്റൊരെണ്ണം ഒരു വശത്തെ സ്ക്രൂ ഊരിക്കളഞ്ഞ ശേഷം ഡ്രിൽ ഉപയോഗിച്ച് തുളച്ച് മറുപുറം കടത്തുക.







ഫ്ലൈവീൽ:





ഫൈവീൽ നിർമ്മിക്കാൻ വലിയ ടിൻ അടപ്പാണുപയോഗിക്കുന്നത്, അടപ്പിന്റെ മദ്ധ്യഭാഗത്തായി വയർ കണക്റ്റർ കടക്കാൻ പാകത്തിന് കൃത്യം മദ്ധ്യഭാഗത്തായ് ദ്വാരം ഇടുക. കണക്റ്റർ ഫിക്സ് ചെയ്ത് സോൾഡർ ചെയ്യുക, സോൾഡർ പിടിക്കാത്ത മെറ്റൽ ആണെങ്കിൽ എറാൾഡൈറ്റ് ഉപയോഗിച്ച് ഉറപ്പിച്ച ശേഷം എം സീൽ ഇട്ട് സിമന്റ് ചെയ്യുക.











ക്രാങ്ക് ഷാഫ്റ്റ്:

ക്രാങ്ക് ഷാഫ്റ്റ് നിർമ്മിക്കാൻ സൈക്കിൾ സ്പോക്ക് തന്നെ എടുക്കുക. ചിത്രത്തിൽ കാണിച്ചിരിക്കുന്ന അളവിൽ അത് വളച്ചെടുക്കുക എന്നതാണു അടുത്ത കടമ്പ, ഇതിൽ ഏറ്റവും കൃത്യത ആവശ്യമുള്ളതും ഇവിടെ തന്നെ. 1.2 ഇഞ്ച് ഉള്ള ആദ്യ വളവിന്റെ ഒന്നാമത്തെ കാലു വളച്ച ശേഷം ഒരു സൈഡ് ഹോൾ ഇട്ട വയർ കണക്റ്റർ കടത്തിടാൻ മറക്കരുത്. പ്ലയർ ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം വളക്കുക, രണ്ടാമത്തെ ചെറിയ വളവ് പരമാവധി 1/4 ഇഞ്ച് മാത്രമെ പാടുള്ളൂ, ചെറിയ നോസ് പ്ലയർ ഉപയോഗിക്കുക.ശ്രദ്ധിക്കുക, ഏറ്റവും കൃത്യത വേണ്ടതാണൂ, ഡിസ്പ്ലേസർ പിസ്റ്റണു വേണ്ടുയുള്ള വലിയ ബെൻഡും പവർ പിസ്റ്റ്ണിന്റെ ചെറിയ ബെൻഡും 90 ഡിഗ്രി ആവണം, വളരെ കൃത്യം.


ഫിനിഷിലേക്ക്:



രണ്ടാമത്തെ കാൻ എടുക്കുക, സാധ്യമെങ്കിൽ തുറക്കാത്ത പുതിയ കാൻ തന്നെ എടുക്കുക, പുതിയതെങ്കിൽ ശ്രദ്ധാപൂർവ്വം നടുഭാഗത്തായി സൈഡിൽ ഒരു ദ്വാരം ഇട്ട് ജ്യൂസ് പുറത്തെടുക്കുക. ഓപ്പണർ ഉള്ള ഭാഗത്ത് നടുവിലായി 1.2 എം എം വലുപ്പത്തിൽ ദ്വാരം ഇടുക മുകളിൽ നിന്ന് അര ഇഞ്ചും താഴ നിന്ന് ഒരു ഇഞ്ചും വിട്ടു നിൽക്കുന്ന രീതിയിൽ ഒരു കാനിന്റെ സൈഡിൽ ഒരു വട്ടം വരച്ച് മുറിച്ച് മാറ്റുക. അടിഭാഗം മുഴുവനായി മുറിച്ച് നീക്കുക. ചിത്രം നോക്കൂ.
അടുത്തതായ് ക്രാങ്ക് ഘടിപ്പിക്കാനായ് രണ്ട് ഹോൾ ഇടണം. വട്ടത്തിൽ കാൻ മുറിച്ച പ്ലേനിന്റെ ലംബമായി വരത്തക്ക വിധം അടിഭാഗം മുറിച്ച് മാറ്റിയയിടത്ത് നിന്ന് ഏക്ദേശം 1.5 ഇഞ്ച് വിട്ട് രണ്ട് വശത്തുമായി 1.5 എം എം ഹോൾ ഇടുക. തയ്യാറാക്കി വച്ച ക്രാങ്ക് അതിൽ കടത്തി വക്കുക, കാൽ ഇഞ്ച് ബൻഡ് ഇട്ട ഭാഗം ആദ്യം ഒരു ഹോളിൽ കടത്തുക, തുടർന്ന് മറ്റേ സൈഡും.




ക്രാങ്ക് ഷാഫ്റ്റ് ഫിക്സ് ചെയ്ത് തയ്യാർ ചെയ്ത രണ്ടാമത്തെ ടിൻ കാനിന്റെ മുകൾ ഭാഗത്ത് തുളച്ച തുളയിലൂടെ ഡിസ്പ്ലേസർ പിസ്റ്റൺ ഷാഫ്റ്റ് കടത്തുക, ശ്രദ്ധാപൂർവ്വം ഷാഫ്റ്റിങ് അറ്റത്ത് എർത്ത് കണക്റ്റർ പ്രസ് ചെയ്ത് ചേർക്കുക. പ്രധാന ഭാഗങ്ങൾ തയ്യാറായിരിക്കുന്നു, ഇനി അസംബ്ലിങ് ആണു.


പിവിസി എൽബോ ഘടിപ്പിച്ച് തയ്യാർ ചെയ്ത് വച്ചിരിക്കുന്ന ടിൻ കാനിലേക്ക് മേൽ തയ്യാർ ചെയ്ത അസംബ്ലി ഇറക്കി വക്കുക. പവർ പിസ്റ്റൺ കണക്റ്റ് ചെയ്യാനുള്ള ക്രാങ്കിലെ ചെറിയ ബെൻഡ് എൽബോക്ക് നേരെ മുകളിലായ് കൃത്യതയോടെ വേണം കാൻ ഉറപ്പിക്കാൻ, എം സീൽ ഉപയോഗിച്ച് ജോയന്റ് സീൽ ചെയ്യുക. മീഡിയം സൈസ് ടിൻ കാൻ 2 ഇഞ്ച് ഉയരം വരത്തക്കവിധം മുറിച്ചെടുക്കുക, അടിഭാഗം 2 ഇൻച് ഡയമീറ്ററിൽ ഒരു ഹോൾ ഉണ്ടാക്കി സ്പ്രൈറ്റ് കാൻ ചിത്രത്തിൽ കാണുന്ന വിധം ഇറക്കി വക്കുക, എം സീൽ ഉപയോഗിച്ച് അടിഭാഗത്തെ വിടവ് സീൽ ചെയ്യുക. ഉണങ്ങാനായ് കാത്തിരിക്കുക.

ഡയഫ്രം നിർമ്മിക്കാൻ ഒരു ബലൂൺ എടുത്ത് ചിത്രത്തിൽ കാണുന്ന വിധം മുറിക്കുക, മേൽ ഭാഗത്ത് വളരെ ചെറിയ ഒരു ദ്വാരം ഇടുക, രണ്ടുപുറവും വാഷറുകൾ ഇട്ട് ഒരു ചെറിയ ബോൾട്ട് ഇട്ട് മുറുക്കുക.

അവസാന ഘട്ടത്തിലേക്ക് കടക്കുകയാണു. എം സീൽ ഉറച്ചെന്ന് ബോധ്യമായ ശേഷം എൻജിൻ അസംബ്ലി എടുക്കുക, എൽബോയിൽ കൂടി ഊതിൽ ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കുക, വളരെ ചെറിയ ഒരു ലീക്ക് ഡിസ്പേസർ പിസ്റ്റ്ൺ റോഡിനു ചുറ്റുമായി ഉണ്ടാവാം, കാര്യമാക്കണ്ട. ബലൂൺ ഡയഫ്രം എൽബോയിൽ കവർ ചെയ്ത് കമ്പി ഉപയോഗിച്ച് ലീക്കില്ലാതെ കെട്ടുക. ഏകദേശം 1/2 ഇഞ്ച് എങ്കിലും ലൂസ് ഫോൾഡ് ഇടാൻ മറക്കരുത്. പവർ പിസ്റ്റൺ കണക്റ്റിങ് റോഡിനായ് ഒരു സ്പോക്കിനെ അറ്റത്ത് മുന്നെ ഡ്രിൽ ചെയ്ത് വച്ച വയർ കണക്റ്റർ ഘടിപ്പിക്കുക, ഡയഫ്രം താഴ്ൻ ഇരിക്കുന്ന അവസ്ഥയിൽ ക്രാങ്ക് ഷാഫ്റ്റിന്റെ ബെൻഡ് താഴെക്ക് വന്ന രീതിയിൽ വച്ച് നീളം മുറിച്ചെടുക്കുക. സ്റ്റോപ്പർ ആയി മുറിച്ചെടുത്ത കണക്റ്റർ ഫിക്സ് ചെയ്യാം.
ഒരു ചെറിയ കട്ടിനൂൽ മുറിച്ചെടുക്കുക, ഡിസ്പ്ലേസർ പിസ്റ്റൺ ഷാഫ്റ്റിന്റെ കണക്റ്ററിൽ കെട്ടുക , ഒരല്പം വലിച്ച് പിസ്റ്റൺ ഉയർന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷം അത് ക്രാങ്ക് ഷാഫ്റ്റിൽ കടത്തി ഉറപ്പിച്ചിട്ടുള്ള ദ്വാരമിട്ട കണക്റ്ററിൽ കെട്ടുക. ഫ്ലൈവീൽ എടുത്ത് സ്ഥാനത്ത് സ്ക്രൂ മുറുക്കി ഉറപ്പിക്കുക, ഒന്ന് കറക്കി ഫ്രീ ആയി കറങ്ങുന്നില്ലെ എന്ന് ഉറപ്പ് വരുത്തുക.
മെഷീൻ റെഡി, കൂളിങിനായ് ഉറപ്പിച്ച ടിനിൽ വെള്ളം നിറക്കുക, ഒരു മെഴുകുതിരി അടിയിൽ പിടിച്ച് 20 സെക്കന്റ് ചൂടാക്കുക, അതിനു സേഷം ഫ്ലൈവീൽ പതിയെ കറക്കുക.

12/01/2015

ശാസ്ത്രമേളയുടെ ബാക്കിപത്രം

സ്റ്റിർലിങ് എഞ്ചിൻ ബേസ് ചെയ്ത് സ്കൂൾ ശാസ്ത്രമേളക്കായ് മോളും അവളുടെ കസിനും ചേർന്ന് അവതരിപ്പിച്ച രണ്ട് ഐറ്റംസ്. രണ്ടും സ്റ്റില്ലിങ് എഞ്ചിൻ തന്നെ. അർജുൻ എന്ന് ലേബൽ ചെയ്ത് ഐറ്റം പാലക്കാട് ജില്ലയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് എ ഗ്രേഡും 5 മാർക്കും നേടി. അനഘ എന്ന് ലേബൽ ചെയ്ത ഐറ്റം ഡയനാമോ കൂടി ഘടിപ്പിച്ച് പത്തനംതിട്ട ജില്ലയിൽ ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും നിലവാരമില്ലെന്ന് ജഡ്ജസ് വിധിയെഴുതിയതിനെത്തുടർന്ന് പൂജ്യം മാർക്ക് വാങ്ങി പുറത്ത് പോവുകയും ചെയ്തു.

പിന്നാമ്പുറം.

*** തങ്ങൾക്കിഷ്ടമുള്ള ആളുകൾ മാത്രമേ ഓരോ മേളകളിലും പസ്സാവുകയുള്ളൂ എന്നത് ശാസ്ത്രമേളകളുടെ നാട്ടുനടപ്പാണു. അപ്പീലുമായി കൊല്ലം കോടതിയിൽ പോയി,അനുകൂല വിധി സമ്പാദിച്ചുവെങ്കിലും ജഡ്ജിയുടെയും വക്കീലിന്റെയും മിടുക്കുകൊണ്ട് പരിപാട് അവസാനിച്ച ശേഷമാണു വിധികിട്ടിയത്. ഓപ്പറേഷൻ സക്സസ് പക്ഷെ രോഗി മരിച്ചു എന്നപ്രയോഗം പോലെ അനുകൂല വിധിയും കയ്യിൽ വച്ച് ശാസ്ത്ര മേള വേദിയുടെ ചുറ്റും കറങ്ങി നടന്നു.

**** അർജുനെ സബ്ജില്ലയിൽ തന്നെ ജഡ്ജസ് തഴഞ്ഞ് മറ്റൊരു സ്കൂളിനെയാണു ജില്ലാ തലത്തിൽ അയച്ചത്, അപ്പീൽ തുണച്ചാണു ജില്ലാ തലത്തിലെത്തിയത്, ജില്ലാതലത്തിൽ അർജുൻ ഒന്നാം സ്ഥാനവും സബ്ജില്ലാ ചാമ്പ്യൻ 25 ആം സ്ഥാനവും ആയിരുന്നു എന്നത് ശരിക്കും ഞെട്ടിപ്പിച്ചു.

പത്തനംതിട്ട ജില്ലാ ശാസ്ത്രമേള കണ്വീനർ മിസ്റ്റർ "അനിൽ" അവർകൾക്കും അദ്ദേഹത്തിന്റെ കൂതറ ജഡ്ജസിനും ഈ അവസരത്തിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇതുവഴി വരില്ലെ ജഡ്ജസിനെയും തെളിച്ചുകൊണ്ട്.

വീഡിയോ ലിങ്ക് യു ട്യൂബ്