3/27/2010

പുലിമുട്ടില്‍ പുലിയിറങ്ങി

ഒരു നാടോടിക്കഥയുണ്ട്, ഒരു അമ്മ കുഞ്ഞിനെ ഉറക്കാനായി ശ്രമിക്കുകയായിരുന്നു. ഉറങ്ങാന്‍ കൂട്ടാക്കാത്ത കുഞ്ഞിനെ ഭീഷണിപ്പെടുത്തിയത് “ഉറങ്ങിയില്ലെങ്കില്‍ കടുവക്ക് ഇട്ടുകൊടുക്കും”എന്ന് പറഞ്ഞായിരുന്നു. എന്നാല്‍ വീട്ടിനു പുറത്ത് ഒരു കടുവ ഇത് കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു, പാവം കടുവ ഇത് സത്യമാണെന്ന് ധരിച്ച് അമ്മ കുഞ്ഞിനെ തരുന്ന നിമിഷവും കാത്ത് വീട്ടിനു പുറത്ത് കാത്തിരുന്നു എന്നും, അവസാനം ക്ഷമകെട്ട് വീട്ടില്‍ കയറിച്ചെന്ന് കുഞ്ഞിനെ ചോദിച്ചു എന്നും മറ്റുമായി കഥതുടരുന്നു.ഇത് ഇപ്പോഴോര്‍ക്കാന്‍ കാരണം തിരൂര്‍ കൂട്ടായ് അഴിമുഖത്ത് പുലിമുട്ടില്‍ ഒരു പുലി താമസ്സമാക്കിയ വാര്‍ത്ത അറിഞ്ഞപ്പോഴാണ്.

തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍ സാങ്കേതിക വിദ്യയാണ് പുലിമുട്ട്, എന്താണീ പേര് വരാന്‍ കാരണം എന്ന് വ്യക്തമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സാക്ഷാല്‍ പുലി ഈ പേര് കേട്ട് അത് തനിക്ക് പാര്‍ക്കാനുള്ള സ്ഥലമാണെന്ന് ധരിച്ചാവും താമസ്സം തുടങ്ങിയതെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ?കഴിഞ്ഞ ഒരാഴ്ചയായ് കൂട്ടായ് അഴിമുഖത്തെ ജനങ്ങളുടെ ഉറക്കം കെടുത്തിയ പുലിയെ അവസാനം കൂട്ടിലാക്കി. വാര്‍ത്ത.


കാട്ടില്‍ നിന്ന്‍ വളരെ ഏറെ ദൂരെയുള്ള ഈ അഴിമുഖത്ത് എപ്രകാരം ഈ ചങ്ങാതി എത്തിച്ചേര്‍ന്നെന്ന് ഒരു ദുരൂഹതയായി തുടരുന്നു. ഭാരതപ്പുഴയുടെ കൈവഴികളാരംഭിക്കുന്ന വനപ്രദേശങ്ങളില്‍ നിന്നു തന്നെ ഇറങ്ങി വന്നതാവാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ധ മതം. പുഴയോരത്തുകൂടെ താഴേക്ക് യാത്ര ചെയ്ത് സൌകര്യപ്രദമായ താവളങ്ങളില്‍ താ‍മസ്സമാക്കുന്ന ഇവ ആ പ്രദേശത്തെ ഭക്ഷണ ലഭ്യത കുറയുന്നതിനനുസരിച്ച് അവിടം വിടുന്നു, ഇപ്രകാരം അഴിമുഖത്തെത്തിച്ചേര്‍ന്നതാണെന്ന് കരുതപ്പെടുന്നു. അഴിമുഖത്ത് താമസ്സമാക്കിയ ഈ വിരുതന്‍, അവിടെ സുഭിക്ഷമായ ഞണ്ട്, കുറുക്കന്‍, കീരി തുടങ്ങിയ ഭക്ഷണ വസ്തുക്കള്‍ തിന്ന് സ്വസ്ഥമായി കരിങ്കല്‍ പൊത്തില്‍ താമസ്സമാക്കി. പരിസരവുമായി ഇണങ്ങിയ ഈ വനജീവി മറ്റാര്‍ക്കും ഉപദ്രവമുണ്ടാക്കാതെ ജീവിച്ചു വരവെയാണ് ഹാര്‍ബര്‍ എഞ്ചിനിയറിങ് വിഭാഗത്തിനെ ലോറികളൊന്നിന്റെ മുന്നില്‍ ചെന്ന് ചാടിയത്. തുടന്ന് നടത്തിയ തിരച്ചിലില്‍ പുലി തന്നെയാണതെന്ന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വനം വകുപ്പ്, പോലീസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പുലിയെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. ഏറ്റവും എടുത്തു പറയേണ്ടത് നാട്ടുകാരായ യുവാക്കളുടെ സഹകരണമാണ്.

പുലിയെ പിടിക്കാനുള്ള രണ്ട് മുഖ്യവഴികളാണ് മയക്കു വെടിയും കെണിയും. കടല്‍ക്കരയിലെ കല്‍ക്കെട്ടില്‍ ഒളിച്ചിരിക്കുന്ന പുലി രാത്രി രണ്ട് മുതല്‍ മൂന്നു വരെയുള്ള സമയത്താണ് പുറത്തിറങ്ങുന്നത്. രാത്രി മയക്കുവെടി വക്കുക പ്രായോഗിക ബുദ്ധിമുട്ടുള്ള സംഗതിയാണ്, മാത്രവുമല്ല വെടിയേല്‍ക്കുന്നതോടെ ഓടി മടയില്‍ കയറിയാലും പരിഭ്രമത്തില്‍ വെള്ളത്തില്‍ ചാടിയാലും പുലിയുടെ മരണം ഉറപ്പ്. അതിനാല്‍ ആ വഴി ഉപേക്ഷിച്ച് കെണിയൊരുക്കി കാത്തിരുന്നു. എന്നാല്‍ പരിസരവുമായി അത്രയേറെ ഇണങ്ങി, പരിചയിച്ച പുലി കെണിയില്‍ കയറിയില്ല. കെണിവച്ച കൂടിന്റെ ചുറ്റും ദിവസവും രാവിലെ പ്രത്യക്ഷപ്പെടുന്ന കാല്‍പ്പടുകള്‍ നാട്ടാരെയും ഉദ്യോഗസ്ഥരേയും നോക്കി കൊഞ്ഞനം കുത്തി. ഈ രണ്ട് പരമ്പരാഗത വഴികളും പ്രയോജനപ്പെടാതെവന്നത് ഏവരേയും ഒരുപോലെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഈ അവസരത്തില്‍ എത്തിയ വനം വകുപ്പ് വെറ്ററിനറി ഓഫീസേഴ്സ് എന്റെ സുഹൃത്തുക്കളായതിനാല്‍ ഞാനും ആ ടീമില്‍ രാത്രി കൂടാന്‍ തീരുമാനിച്ചു. വല വിരിച്ച് പുലിയുടെ വഴികള്‍ തടയുകയും അത് വഴി അതിന്റെ ഭക്ഷണ ലഭ്യത തടയുകയും ചെയ്യുക എന്നതായിരുന്നു ആവിഷ്കരിക്കപ്പെട്ട പുതിയ പദ്ധതി. നിലത്ത് വലവിരിച്ച് അവനെ കുടുക്കിയശേഷം മയക്കുവെടി വച്ച് കൂട്ടില്‍ കയറ്റാം എന്നും പദ്ധതിയിട്ടു. ഈ പദ്ധതിയുടെ ആദ്യ ദിവസം പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നുപോയി, പതിവുപോലെ ഞണ്ടും തിന്ന് പുലി അതിന്റെ മാളത്തിലേക്ക് തന്നെ പോയി. രണ്ടാം ദിവസം അല്പം കൂടി അപകട സാദ്ധ്യതയുള്ള പദ്ധതിയിലേക്ക് കടന്നു. വലകെട്ടി മറച്ച സ്ഥലത്തിന് തൊട്ടടുത്ത് മയക്കുവെടി തോക്കുമായി കാത്തിരിക്കാന്‍ തീരുമാനിച്ചു. 100 മീറ്റര്‍ ദൂരത്തേക്ക് ഡാര്‍ട്ട് പായിക്കാന്‍ കെല്‍പ്പുള്ള "ഡാന്‍ ഇന്‍ജക്റ്റ്" എന്ന ആധുനിക കാര്‍ബണ്‍ ഡയോക്സൈഡ് റൈഫിളാണ് സംഘത്തിന്റെ കയ്യിലുണ്ടായിരുന്നത്, ടെലസ്കോപ്പുള്ള ലേസര്‍ ഗൈഡ് കൃത്യമായ ഉന്നം തരുമെന്നും കണക്കുകൂട്ടി. രാത്രി ഏറെ വൈകിയിട്ടും യാതൊരു അനക്കവും കാണാനായില്ല, നൈറ്റ് വിഷന്‍ ബൈനോക്കുലറില്‍ നോക്കി കണ്ണ് കഴച്ചത് മിച്ചം. നാലുമണി കഴിഞ്ഞതോടെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് പുറപ്പെടാനുള്ള ആരവം തുടങ്ങി, പാറക്കെട്ടില്‍ മലര്‍ന്ന് കിടന്ന് ഞങ്ങള്‍ ഉറക്കത്തിലേക്കും.രാവിലെ പരിശോധനക്കിറങ്ങിയ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ആതാ കിടക്കുന്നു മൂന്നുനാല് കാല്‍പ്പാടുകള്‍. പുറത്തിറങ്ങിയ പുലി വലയുടെ അടുത്തെത്തി വെട്ടിത്തിരിഞ്ഞ് പോയ കാല്‍പ്പാടുകളായിരുന്നു അവ. അതിലേറെ ഞെട്ടിച്ചത് വലക്ക് പുറത്ത് കണ്ട പാടുകളായിരുന്നു, ഞങ്ങള്‍ മാര്‍ക്ക് ചെയ്ത മാളം കൂടാതെ മറ്റൊരു വഴിയില്‍ കൂടി അവന്‍ പുറത്തിറങ്ങിയിരിക്കുന്നു, ഭാഗ്യത്തിന് അത് കാവലിരുന്നതിന്റെ എതിര്‍ ദിശയിലായിരുന്നെന്ന്‍ മാത്രം !!

അടുത്ത ദിവസം വെടി പരിപാടി ഉപേക്ഷിച്ചു, വലയില്‍ കുരുങ്ങിയാല്‍ മരുന്ന് നല്‍കാനുള്ള പണി ഞങ്ങളുടെ മേല്‍ ഏല്‍പ്പിച്ച് മയക്കുവെടി ടീം സ്ഥലം വിട്ടു. വൈകിട്ട് പ്രദേശമൊക്കെ നോക്കി, സ്ഥിരമായി നടന്നു വരുന്ന കൂടു സ്ഥാപിച്ച് നായയെ കെട്ടല്‍ പരിപാടികള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. പുലി വരാനുള്ള സാദ്ധ്യത വളരെ വിദൂരമാണെന്ന് കണക്കാക്കി വിശ്രമിക്കാനാണ് മടങ്ങിയത്. എന്നാല്‍ മൂന്നുനാലു‍ ദിവസമായി വയറു നിറയെ ഭക്ഷണം കഴിക്കാന്‍ കിട്ടാതിരുന്ന പുലിക്ക് ജീവിതം മടുത്തു, ഒരാഴ്ചയായി തന്റെ മുന്നില്‍ തുറന്നു വച്ചിരുന്നിട്ടും കയറാതിരുന്ന കൂട്ടില്‍ കയറാന്‍ സ്വയം തീരുമാനിച്ച് വന്ന് കയറി. രാത്രി ഒരു മണിക്ക് കെണിയില്‍ വീണ വിദ്വാനെ ഉടനെ തന്നെ വയനാട്ടിലേക്ക് കൊണ്ടുപോയി, പരിശോധനക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. മൂന്നു ദിവസം ഉറക്കമിളച്ച് നടന്നിട്ടും അവസാ‍നമായി ചങ്ങാതിയെ ഒന്ന് കാണാനുള്ള അവസരം കിട്ടിയില്ലെന്നൊരു വിഷമം മാത്രം ബാക്കിയായി.

പിന്‍കുറിപ്പ്:
പുലിയെപ്പിടിച്ചതില്‍ തദ്ദേശ വാസികളായ സ്ത്രീകള്‍ ദുഖിതരാണ്, കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടില്‍ പരിപൂര്‍ണ്ണ ശാന്തതയായിരുന്നത്രെ. പുലി പേടി കാരണം എല്ലാവരും നേരത്തെ വീട്ടിലെത്തുന്നു, "മറ്റ് രാത്രി യാത്രകള്‍" ഇല്ല, സ്വസ്ഥം ശാന്തം. ഇനി വീണ്ടും എല്ലാം പഴയപടിയാകുമല്ലോ എന്നാണ് പരാതി.



പുലിമടകള്‍

പുലിയെത്തേടി ഒരു സായാഹ്നം

3/21/2010

മോട്ടോര്‍ വാഹന വകുപ്പിലെന്താണ്?

ഇക്കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി നടത്തിയൊരു പ്രസ്ഥാവനയും അതിന് മറുപടിയായ് ഗതാഗത വകുപ്പ് മന്ത്രി നടത്തിയ മറുപ്രസ്ഥാവനയും ആരും കാര്യമായി ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു, കാരണം അത് ഒരു സ്കൂപ്പായിരുന്നില്ല എന്നതു തന്നെ. മോട്ടോര്‍ വാഹന വകുപ്പില്‍ അമ്പെ അഴിമതിയാണെന്നു മുഖ്യമന്ത്രിയും അതു ശരിയാണ് മോട്ടോര്‍ വാഹന വകുപ്പില്‍ മാത്രമല്ല സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം അഴിമതിയാണെന്നു ഗതാഗത വകുപ്പുമന്ത്രിയും പറഞ്ഞിരിക്കുന്നു. ഇത്ര ഗൌരവമായൊരു വിഷയം എത്ര ലാഘവ ബുദ്ധ്യാലാണ് ഇരുവരും കൈകാര്യം ചെയ്തതെന്ന് ഒരു കേരളീയനേയും അസ്വസ്ഥനാക്കുന്നില്ല, എന്തെന്നാല്‍ അഴിമതി അത്രയും സാര്‍വ്വത്രികവും സ്വീകാര്യവുമായിരിക്കുന്നു.

ഇനി സര്‍ക്കാ‍ര്‍ വകുപ്പുകളെപ്പറ്റി ചെറിയൊരു ആലോചന നടത്തിനോക്കാം. അഴിമതിയില്ലാത്ത വകുപ്പുകളേതാണ്? ആ ചോദ്യത്തിനുത്തരം പറയണമെങ്കില്‍ അഴിമതി എന്ന വാക്കിനെ നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നടക്കുന്ന എല്ലാ നടപടിക്രമങ്ങളും അഴിമതിയുടെ നിര്‍വ്വചനത്തില്‍ പെടുത്താമെങ്കിലും പൊതുജനത്തിന് ലഭിക്കേണ്ടുന്ന സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടുന്ന സാഹചര്യങ്ങള്‍ മാത്രമേ നാം അഴിമതിയായി കണക്കാക്കുന്നുള്ളൂ എന്നതാണ് വസ്തുത. ഈ ഒരു മാനദണ്ഡം മുന്‍നിര്‍ത്തിയാവാം മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രസ്ഥാവന നടത്തിയത്. പ്രമുഖമായും മോട്ടോര്‍ വാഹന വകുപ്പ് തന്നെയാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെന്ന് പറയാന്‍ ഏറെയൊന്നും ചിന്തിക്കേണ്ടതില്ല. ആര്‍.ടി.ഓ ഓഫീസുകളില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കുമന്ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ഇടനിലക്കാരനില്ലാതെ ഈ ഓഫീസുകളില്‍ നിന്നും ഒരു സേവനവും ലഭിക്കില്ലെന്നത് വസ്തുതയാണ്. എന്നിരുന്നാലും പൊതുജനങ്ങളില്‍ നിന്നുള്ള പരാതി താരതമ്യേന കുറവാണ് ഈ വകുപ്പില്‍ എന്നു തന്നെ പറയാം. അത് മറ്റൊന്നും കൊണ്ടല്ല, പണം കൊടുത്താല്‍ കാര്യങ്ങള്‍ കൃത്യമായി നടക്കും എന്നുള്ളതിനാലാണത്. കൊടുക്കുന്ന പണത്തിന് പ്രതീക്ഷിക്കുന്ന ഫലം കിട്ടുന്നുവെങ്കില്‍ പൊതുജനം സംതൃപ്തരെന്ന് കരുതേണ്ടി വരും. ഇതിനും പുറമെ ഈ വകുപ്പുമായി ഇടപെടേണ്ടി വരുന്ന ജനവിഭാഗത്തിന്റ്റെ പ്രത്യേകത ഇവരെ കൂടുതല്‍ സുരക്ഷിതമായ ഒരു സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. നിത്യവൃത്തിക്കായി ഓട്ടോയോ ബൈക്കോ ഓടിക്കുന്നവനൊഴിച്ചാല്‍ ഏറിയ പങ്കും ഒരു വാഹനം വാങ്ങുവാന്‍ പണം മുടക്കാന്‍ കഴിവുള്ളവനോ, തയ്യാറുള്ളവനോ ആണ്. ലൈസന്‍സ്, രജിസ്ട്രേഷന്‍ തുടങ്ങിയ സംഗതികള്‍ക്ക് പണം മുടക്കാന്‍ ഈ വിഭാ‍ഗം മടികാണിക്കുന്നില്ല എന്നതാണ് ഇവരുടെ പ്രത്യേകത. ഈ ഒരു കാരണത്താല്‍ തന്നെ ഇടനിലക്കാരനെ ഒഴിവാക്കുന്നതില്‍ ഏറ്റവും തടസ്സമായി നില്‍ക്കുന്നത് ഈ ജനം തന്നെയാണ്. എന്തെന്നാല്‍ അവന്‍ അവന്റെ സമയത്തിനുള്ള വിലയാണ് ഇടനിലക്കാരന് നല്‍കുന്നത്. ആയതിനാല്‍ എപ്രകാരം പൊതുമരാമത്ത് പണികള്‍ക്ക് കോണ്ട്രാക്റ്റര്‍മാര്‍ എന്ന ഇടനിലക്കാരന്‍ നിയമ വിധേയമാവുന്നുവോ അപ്രകാരം മോട്ടോര്‍ വാഹന വകുപ്പിലെ ഈ ഇടനിലക്കാര്‍ ജനസമ്മതരാവുന്നു. തിരുത്തുക അത്ര എളുപ്പമാവില്ല.

മറ്റ് വകുപ്പുകള്‍,( ഉദാഹരണമായി റവന്യൂ, ആരോഗ്യം) അഴിമതിക്ക് ചീത്തപ്പേരു കേള്‍ക്കുന്നതിനു മുഖ്യകാരണങ്ങളിലൊന്ന് പത്തുരൂപ പോലും എടുക്കാനില്ലാത്ത പാവപ്പെട്ടവന്‍ ജാതി സര്‍ട്ടിഫിക്കറ്റിനും വരുമാന സര്‍ട്ടിഫിക്കറ്റിനും കയറി ഇറങ്ങുന്നിടമാണവിടം എന്നതിനാലാണ്. ആയതിനാല്‍ കായംകുളം കൊച്ചുണ്ണിയുടെ പിന്‍തലമുറക്കാരായ വാഹന, രജിസ്ട്രേഷന്‍ വകുപ്പുകളെ നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഉള്ളവനില്‍ നിന്നും വാങ്ങി ഇല്ലാത്തവനായ അവനവനെ പരിപോഷിപ്പിക്കുക.

കുറിപ്പ്:
മോട്ടോര്‍ വാഹന വകുപ്പില്‍ ഓണ്‍ ലൈനായി ലൈസന്‍സിനും മറ്റും അപേക്ഷ നല്‍കാനുള്ള സംവിധാനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. പാവം ഇടനിലക്കാര്‍ എങ്ങിനെ ജീവിക്കും എന്തോ. ഏതായാലും പ്രവര്‍ത്തന ക്ഷമമായ യു.പി.എസും ജനറേറ്റര്‍ സിസ്റ്റവും മറ്റും ഈ സര്‍ക്കാര്‍ വകുപ്പിന് മാത്രം സ്വന്തം. പാവപ്പെട്ടവന്‍ പെന്‍ഷന്‍ വാങ്ങുന്ന ട്രഷറിയില്‍ കരണ്ടില്ലെങ്കില്‍ അന്ന് പെന്‍ഷന്‍ കിട്ടില്ല.

3/12/2010

തിണ്ണമിടുക്ക്


ഇന്ന് 12/03/2010 രാവിലെ കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിനു സമീപം കണ്ട ഇന്‍കം ടാക്സ് ഓഫീസ് പിക്കറ്റിങ്.
എനിക്കാണെല്‍ തിണ്ണമിടുക്ക് തീരെ ഇഷ്ടവുമല്ല.

3/02/2010

ബ്ലോഗ് എന്ന പ്രതിമാദ്ധ്യമം (Counter Media)

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനായ ശ്രീ സായ്നാഥിന്റെ മുന്‍കൈ പ്രവര്‍ത്തന ഫലമായി ഒരു കൂട്ടം ജേര്‍ണലിസ്റ്റുകള്‍ ചേര്‍ന്ന് പുറത്തിറക്കാനാരംഭിച്ച ഹൌസ് മാഗസിനായിരുന്നു പ്രതിമാദ്ധ്യമം (Counter Media). പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് എതിര്‍ ദിശയിലൊഴുകുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പ്രസ്തുത സംരംഭം ഏതാനും ലക്കങ്ങള്‍ക്ക് ശേഷം നിശ്ചലമായി എന്നത് സ്വാഭാവികം. എന്നിരുന്നാലും ഇത് മുന്നോട്ട് വച്ച ആശയങ്ങള്‍ക്ക് ഇന്ന് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്.

എന്തുകൊണ്ട് ഒഴുക്കിനെതിരെ എന്ന ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്. ലോക മാദ്ധ്യമ രംഗം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ ഒന്നു വിശകലനം ചെയ്താല്‍ ഉത്തരം സ്വയം തെളിഞ്ഞു വരുന്നതായി കാണാം. അച്ചടി മാദ്ധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇവയുടെ പൊതു സമീപനം പരിശോധിച്ചാല്‍ മൂന്നു കാര്യങ്ങളാണ് വ്യക്തമാവുന്നത്.
1) സ്ത്രീ വിരുദ്ധത
സ്ത്രീയെ ഒരു കമ്പോള വസ്തുവായി ചിത്രീകരിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നു. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ തുടങ്ങി വാര്‍ത്തകളുടെ ഉള്ളടക്കത്തില്‍ വരെ പ്രകടമായ ത്രീവിരുദ്ധത ദര്‍ശിക്കാനാവും. ലോകമെമ്പാടും ഉയര്‍ന്നു വരുന്ന സ്ത്രീപക്ഷ നിലപാടുകളോട് വിമുഖതയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.
2) ന്യൂനപക്ഷ വിരുദ്ധത
ന്യൂനപക്ഷ വിരുദ്ധത എന്നത് ഒരു വിശാല കാഴ്ചപ്പാടില്‍ വിലയിരുത്തപ്പെടേണ്ട പദമാണ്. ഓരോ പ്രദേശത്തിനുമനുസരിച്ച് ഇരകള്‍ മാറാം. തൊലിയുടെ നിറം പരിഗണിച്ചാല്‍ കറുത്തവനെയാണ് ഇരയുടെ വേഷത്തില്‍ നമുക്ക് കാണാനാവുക. മതങ്ങള്‍ പരിഗണിക്കപ്പെട്ടാല്‍ ഒരോ പ്രദേശത്തും എണ്ണത്തിലോ സാംസ്കാരിക നിലവാരത്തിലോ പിന്നിട്ട് നില്‍ക്കുന്നവന്‍ വേട്ടയാടപ്പെടുന്നു.
3) തൊഴിലാളി വിരുദ്ധത
പ്രസാധക വ്യത്യാസമില്ലാതെ കാണപ്പെടുന്ന ഒന്നാണിത്. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള പ്രചരണങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുഖ്യ പങ്ക് വഹിക്കുന്നത് മുഖ്യ ധാരാ മാദ്ധ്യമങ്ങളാണ്. പണിയെടുക്കുന്നവനെ ഇവര്‍ ഭയപ്പെടുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ഇന്ന് പ്രകടമായ മാദ്ധ്യമ സംസ്കാരത്തിന്റെ വേരുകള്‍ തേടി ഏറെ അലയേണ്ടതില്ല എന്ന് ഈ വസ്തുതകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ആഗോള മാദ്ധ്യമങ്ങളുടെ അടിസ്ഥാന സ്വഭാവങ്ങളാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.

എന്തുകൊണ്ട്:
ഉത്തരം വളരെ ലളിതമാണ്.
1) ആഗോള മാദ്ധ്യമ രംഗം എന്നത് ഒരു വ്യവസായമാണ്. ഈ വ്യവസായത്തെ നിയന്ത്രിക്കുന്നതാകട്ടെ കേവലം എട്ടോളം കുത്തക കമ്പനികള്‍. ജെനറല്‍ ഇലക്ട്രിക്, വാള്‍ട്ട് ഡിസ്നി, ന്യൂസ് കോര്‍പ്പറേഷന്‍ തുടങ്ങിയ കുത്തക ഭീമന്മാരാണിവര്‍, വിവിധ രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നു, ഇവരുടെ സാമ്രാജ്യം. മാദ്ധ്യമങ്ങള്‍ കുത്തക വല്‍ക്കരിക്കപ്പെടുന്നതില്‍ ഭയപ്പെടുന്നതെന്തിന് എന്ന് സംശയിക്കുന്നവരുണ്ടാവാം. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇവരുടെ കടപ്പാട് ആരോട് എന്ന ചോദ്യത്തിനുത്തരം തേടിയാല്‍ ഈ സംശയവും ദൂരീകരിക്കപ്പെടും. അച്ചടി മാദ്ധ്യമങ്ങള്‍ ഒരു പരിധി വരെ അതിന്റെ വരിക്കാരനോട് കടപ്പെട്ടിരിക്കുന്നു എന്ന് തത്വത്തില്‍ അംഗീകരിച്ചാല്‍ തന്നെ വരിസംഖ്യയെ കവച്ചു വക്കുന്ന മറ്റ് വരുമാനങ്ങള്‍ അവരെ സ്വാധീനിക്കുക സ്വാഭാവികമാണെന്ന് അംഗീകരിക്കേണ്ടി വരും. തന്റെ വരിക്കാരന്‍ നല്‍കുന്ന വരിസംഖ്യയെക്കാള്‍ മറ്റ് മേഖലകളില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് ഇവരെ നിയന്ത്രിക്കുന്നത്. വരിസംഖ്യ ആവശ്യമില്ലാത്ത ടെലിവിഷന്‍ ചാനലുകളുടെ കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ, അവന് വരിക്കാരനോട് യാതൊരു ബാദ്ധ്യതയുമില്ല തന്നെ.


2) പത്രമാദ്ധ്യമ വ്യവസായം എന്നത് ഒരു സ്വതന്ത്ര വ്യവസായമല്ലിന്ന്. നിരവധി വ്യവസായങ്ങളും ധനാഗമന മാര്‍ഗ്ഗങ്ങളും കൈവശം വച്ചിരിക്കുന്ന കോര്‍പ്പറേറ്റുകളുടെ ഒരു ഭാഗം മാത്രമാണിന്ന് പത്ര സ്ഥാപനങ്ങള്‍. സ്വഭാവികമായും തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളര്‍ച്ചക്ക് കോട്ടം തട്ടുന്ന ഒരു പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെടുകയുമില്ല. ഇതിന്റെ ഭാഗമായി ആഗോള മുതലാളിമാരുമായി സന്ധിചെയ്ത് മാത്രമേ ഇവര്‍ക്കൊരു മുന്നോട്ട് പോക്കുള്ളൂ. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെ തകര്‍ക്കേണ്ടുന്നതിന്റെ ആവശ്യകത തെളിഞ്ഞു വരുന്നതവിടെയാണ്.

വാര്‍ത്തകളോടോ വായനക്കാരനോടോ കൂറു പുലര്‍ത്തേണ്ടുന്ന അവസ്ഥയില്‍ നിന്നും നമ്മുടെ മുഖ്യ ധാരാ മാദ്ധ്യമങ്ങള്‍ ഏറെ മാറിയിരിക്കുന്നു എന്ന് ഒറ്റ വരിയില്‍ സംഗ്രഹിക്കാം.

ബ്ലോഗ് എന്ന മാദ്ധ്യമം.
നാം സ്ഥിരം പാടുന്ന പല്ലവി ആവര്‍ത്തിക്കുകയാണ്, പുത്തന്‍ യുഗത്തിന്റെ മാദ്ധ്യമമാണ് ബ്ലോഗ്. ഒരു പരിധി വരെ വ്യക്തി വിവരങ്ങള്‍ മറച്ചു വച്ച് എഴുതാനാവും എന്നത് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മുതലാളിയുടെ നയസമീപനത്തെയോ എഡിറ്ററുടെ കത്രികയെയോ ഭയപ്പെടാതെ സത്യത്തിന്റെ മുഖത്തെ തുറന്നുകാണിക്കാനാവുന്ന ഈ മാദ്ധ്യമമാണ് ഇന്ന് "പ്രതിമാദ്ധ്യമം" എന്ന സങ്കല്‍പ്പത്തിലേക്ക് എത്തിച്ചേരാന്‍ നമ്മെ സഹായിക്കുക. ഇതിനെ ഫലപ്രദമായി ഉപയോഗിക്കുക എന്നതിലൂടെ നാം സമൂഹത്തോടെ നീതിചെയുന്നു എന്ന് സ്വയം ബോദ്ധ്യപ്പെടുക. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളാവട്ടെ നമ്മുടെ ബോഗുകള്‍.

കടപ്പാട്:
കെ.ജി.ഒ.എ മുഖപത്രത്തിന്റെ 25 ആം പതിപ്പിന്റെ പ്രകാശന പരിപാടിയില്‍ ശ്രീ.വെങ്കിടേഷ് രാമകൃഷ്ണന്‍ (ഫ്രണ്ട് ലൈന്‍)നടത്തിയ പ്രഭാഷണം.