12/28/2009

ഹര്‍ത്താലാശംസകള്‍

നാളെ, ഡിസംബര്‍ 29.

മറ്റൊരു ഹര്‍ത്താല്‍ ദിനം കൂടി എത്തുന്നു.

ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ഹര്‍ത്താലിനെക്കുറിച്ച് ബ്ലോഗ് പോസ്റ്റുകളൊന്നും വന്നില്ല, കാരണം ഇത് ഇടതു പക്ഷം നടത്തുന്ന ഹര്‍ത്താലല്ലല്ലോ.ആയിരുന്നേല്‍ കാണാമായിരുന്നു പോസ്റ്റുകളുടെ ഘോഷയാത്ര.
എന്തെങ്കിലുമൊരു കമന്റിടാം എന്നു കരുതി അഗ്രിഗേറ്ററുകളില്‍ പരതിയെങ്കിലും കാണാഞ്ഞ് ഞാന്‍ സ്വയം ഒരു പോസ്റ്റിടാമെന്ന് കരുതി.

ആരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്?
ബി.എം.എസ് എന്ന അഖിലേന്ത്യാ ട്രേഡ് യൂണിയന്‍.

എവിടെയൊക്കെ ഹര്‍ത്താല്‍ നടത്തുന്നു?
ആകെ കേരളമെന്ന ഠ വട്ടത്തില്‍.

എന്താണ് ഹര്‍ത്താലിനാധാരമായ വിഷയം?
വിലക്കയറ്റമാണത്രെ !

അഖിലേന്ത്യാ തലത്തില്‍ വേരോട്ടമുള്ള ബി.എം.എസ് എന്ന ട്രേഡ് യൂണിയന്‍ താരതമ്യേന ശക്തി കുറഞ്ഞ കേരളത്തില്‍ ബന്ദു നടത്തിയാല്‍ ഇന്ത്യമുഴുവന്‍ പടര്‍ന്നു കിടക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവുമോ?
ഇല്ലെന്ന് ഉറപ്പാണ്.

അപ്പൊള്‍ പിന്നെ എന്തിന് ഹര്‍ത്താല്‍?
നനഞ്ഞിടം കുഴിക്കുക, അത്രതന്നെ.

എന്റെ അറിവ് ശരിയാണെങ്കില്‍ ഡല്‍ഹിയിലും ചെന്നയിലും മുംബൈയിലും എല്ലാം സാധനങ്ങള്‍ക്ക് വിലകൂടിയിട്ടുണ്ട്. ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും അത് നിയന്ത്രിക്കാനുമാവുന്നില്ല. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരിന്റെ തലവനാവട്ടെ വിലക്കയറ്റം എന്നൊരു സംഗതി ഇവിടെ ഉണ്ടോ എന്ന് അറിയുമോ എന്നു പോലും സംശയമാണ്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തന്റെ വാഗ്ദാ‍നങ്ങള്‍ നടപ്പിലാക്കുന്ന തിരക്കിലായിരുന്നദ്ദേഹം. തന്റെ രാജ്യത്തെ പാര്‍ലമെന്റ് സന്ദര്‍ശിക്കാനും ഇന്ത്യമുഴുവന്‍ പടരുന്ന് വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യാനോ അദ്ദേഹത്തിനു സമയമില്ല, താത്പര്യവുമില്ല.

എന്തായാലും ഞാന്‍ സന്തോഷവാനാണ്.
ഒരു ദിവസം വീട്ടില്‍ തന്നെ ഇരിക്കാന്‍ കിട്ടിയ അവസരം പൂര്‍ണ്ണമായും ഉപയോഗിക്കുന്നു.
എന്നെപ്പോലെ സമാന മനസ്കരും നാളെ വീട്ടില്‍ തന്നെ ഇരിക്കും.
ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയവുമാവും.
ബി.എം.എസിന് ഒരു പൊന്‍ തൂവലും !!

ഏവര്‍ക്കും ഹര്‍ത്താലാശംസകള്‍

12/21/2009

തീവ്രവാദം

മണിക്കൂറുകളിടവിട്ടുള്ള വാര്‍ത്താവിശകലങ്ങളില്‍ കേട്ട് കാതുതഴമ്പിച്ച ഒന്നായി "തീവ്രവാദി " എന്ന പദം.ഏതൊരു ചിന്താധാരയേയും ബന്ധപ്പെടുത്തിപ്രയോഗിക്കാവുന്ന ഒരു പദമാണ് തീവ്രവാദം എന്നത്, ആംഗലേയത്തിലെ "എക്സ്ട്രീം" എന്ന വാക്ക് പകരം വക്കാവുന്ന ഒന്ന്. പ്രണയം, മതം,പരിസ്ഥിതി, തത്വചിന്ത തുടങ്ങി ഏതൊരു മേഖലയിലും തീവ്രവാദം കടന്നു വരാം. അടിസ്ഥാന പരമായി വിലയിരുത്തിയാല്‍, നമ്മുടെ മനസ്സിന്റെ അടിത്തട്ടില്‍ രൂഢമൂലമായ വിശ്വാസപ്രമാണങ്ങളെ ഉറപ്പിച്ച് നിര്‍ത്താന്‍, ന്യായീകരിക്കാന്‍,അവക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ , നടത്തുന്ന അങ്ങേയറ്റം ആത്മാര്‍ത്ഥമായ ശ്രമമാണ് തീവ്ര പ്രവര്‍ത്തനങ്ങളിലും വാദങ്ങളിലും കലാശിക്കുക. നിര്‍ഭാഗ്യവശാല്‍ കേവലമായ ചില അര്‍ത്ഥങ്ങളിലേക്ക് മാത്രമായി ഈ പദം ഇന്ന് ഒതുങ്ങിപ്പോയിരിക്കുന്നു. തീവ്രവാദം, തീവ്രവാദി എന്നീ പദങ്ങള്‍ക്ക് ചിന്നിച്ചിതറിയ മനുഷ്യശരീരത്തിന്റേയും കണ്ണുമഞ്ഞളിക്കുന്ന അഗ്നിജ്വാലകളുടേയും ഛായയാണിന്ന്. മേല്‍ സൂചിപ്പിച്ച ആത്മാര്‍ത്ഥത എന്നത്, മതം എന്ന ഒറ്റ ആശയവുമായി ബന്ധപ്പെട്ട മത തീവ്രവാദം എന്ന ഇടുങ്ങിയ അര്‍ത്ഥത്തിലേക്ക് ചുരുങ്ങിയെന്ന് സാരം.

തീവ്രമായ ചിന്തകള്‍ എന്നത് ആത്മാര്‍ത്ഥതയില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് സൂചിപ്പിച്ചുവല്ലോ, ആത്മാര്‍ത്ഥത എന്ന പദമാവട്ടെ ആപേക്ഷികവും. അത് തന്നോടോ തന്റെ ചിന്തകളോടോ മാത്രമായി ചുരുങ്ങിപ്പോകുന്ന സന്ദര്‍ഭങ്ങളിലാണ് തീവ്രവാദം അപകടകരമാവുന്നത്. "താനും തന്റെ ചിന്തകളും മാത്രം" എന്നസ്വാര്‍ത്ഥഭാവം ഇന്നിന്റെ മുഖമുദ്രയായതിനാല്‍ തീവ്രവാദം ഇന്നിന്റെ സംഭാവനയാവാം. തന്റെ ചിന്തകള്‍ നിയന്ത്രിക്കാന്‍ സാധിക്കാനാവാത്ത ഒരാളെ അങ്ങേയറ്റം ദുര്‍ബല ഹൃദയനായി കണക്കാക്കുന്നതില്‍ തെറ്റില്ല. ഇത്തരം ദുര്‍ബല ഹൃദയരാണ് ഇന്ന് മത തീവ്രവാദത്തിന്റെ കൈകളില്‍ എത്തിപ്പെടുന്നതെന്ന് നിസ്സംശയം പറയാം.ആയിരങ്ങളെ ബോബ് വച്ച് കൊന്ന് സ്വയം ചാരമാകുന്ന ഒരുവന്‍ ദുര്‍ബല ഹൃദയനല്ലാതെ മറ്റെന്താണ്? പ്രധമ ദൃഷ്ട്യാ വിരോധാഭാസം എന്ന് എന്നു തോന്നാമെങ്കിലും വാസ്തവം ഇതാണ്. പഴയകാല നക്സല്‍ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കുക.

മനോബലം കുറവായ, വികാര ജീവികളായ ഒരു യുവതലമുറയാണ് നമുക്കിന്നുള്ളത്. കേരളം പോലൊരു സംസ്ഥാനത്ത് അസംതൃപ്തരായ യുവാക്കള്‍ തികച്ചും അപകടകാരികളായേക്കാവുന്ന ഒരു സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഇവരുടെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്ന, സ്വാധീനിക്കാന്‍ സാധിക്കുന്ന എതോരു വ്യക്തിക്കും പ്രസ്ഥാനങ്ങള്‍ക്കും ഇവരെ അടിമകളാക്കാം. പ്രസ്ഥാനങ്ങളുടെ വിളഭൂമിയായ കണ്ണൂര്‍ ഇതിനൊരു ഉദാഹരണമാണ്. ആത്മാര്‍ത്ഥതയെ ചൂഷണം ചെയ്ത് പ്രസ്ഥാനങ്ങള്‍ വേരോട്ടം ഉറപ്പിക്കുന്നു. ഈ വിളനിലം തേടിയെത്തിയ പുതിയ കൃഷിക്കാരാണ് മത മൌലിക വാദികള്‍.

മറ്റുള്ളവന്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരസ്പരം ചുരിക വീശി മരണം വരിച്ചിരുന്ന ധീരന്മാരായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍ പ്രദേശങ്ങള്‍. ഈ സവിശേഷ ചരിത്ര പശ്ചാത്തലവും തീവ്രചിന്തകളും കൂടിക്കുഴഞ്ഞതിന്റെ സംഭാവനയാണ് കണ്ണൂരിലെ രാഷ്ട്രീയം. ഈ വള്ളക്കൂര്‍ കണ്ട് കൃഷിയിറക്കാനെത്തിയ മതമൌലിക വാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും പ്രതിരോധിക്കാനും നമ്മുടെ സമൂഹ മനസാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തപക്ഷം ഭവിഷ്യത്തുകള്‍ ഗുരുതരമാവും എന്ന തിരിച്ചറിവ് നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കുണ്ടാവട്ടെ എന്ന്മാത്രം ആഗ്രഹിക്കുന്നു.

12/16/2009

ഒരു കുഞ്ഞിച്ചാത്തന്‍

കേരള സര്‍ക്കാര്‍ വഹ പോവിഡോണ്‍ അയഡിന്‍ ഓയിന്മെന്റ്.

അണുനാശിനിയാണ് പോവിഡോണ്‍ അയഡിന്‍. ബ്രൌണ്‍ നിറത്തിലാണ് ഈ മരുന്ന് കണ്ടു വരുന്നത്.
മേല്‍ കാണിച്ച ബാച്ചില്‍ കറുമ്പന്മാരും ഇല്ലാതില്ല, എന്നാലും ഏറെയും വെളുമ്പന്മാരാണ്.
സംഗതിയെന്താ, ഒരു തരിമ്പും മരുന്നിന്റെ അംശം ഇതിലില്ല, അത്ര തന്നെ !

12/10/2009

തടിയന്റവിട നസീറെന്ന രാവണന്‍

തടിയന്റവിട നസീര്‍, കേരളത്തിലങ്ങോളമിങ്ങോളം അലയടിക്കുന്ന പേരുകളിലൊന്നാണിന്നത്.
ഉമ്മന്‍ ചാണ്ടി മുതല്‍ ഇങ്ങു താഴെ ചായപ്പീടികകളില്‍ വരെ മണിക്കൂറുകള്‍ ഇടവിട്ട് ഉരുക്കഴിക്കുന്ന പേര്.അതിനാല്‍ തന്നെ പേരിന്ന് കേരളീയര്‍ക്ക് സുപരിചിതം.

പക്ഷെ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യം, നസീര്‍ എന്ന വിദ്വാന്‍ പത്തു തലയുള്ള ഒരു രാവണാവതാരം ആണെന്ന മട്ടിലുള്ള വാര്‍ത്തകളാണ്, കോഴിക്കോട് ബസ്റ്റാന്റില്‍ ബോംബ് വച്ചതു മുതല്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് പരിശീലനം കൊടുക്കുന്നത് പോലും തടിയന്റവിട നസീര്‍ എന്ന കണ്ണൂര്‍ക്കാരനാണെന്ന മട്ടിലുള്ള ചിത്രീകരണങ്ങളാണ്. ദിവസേന പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു, വിദേശ രാജ്യങ്ങളിലേക്ക് അളെ റിക്രൂട്ട് ചെയ്തത്, ആയുധം കടത്തിയത് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ചാര്‍ജുകളാണ് ഈ മഹാനുഭാവന്റെ മേല്‍ ചുമത്തപ്പെടുന്നത്.

നസീര്‍ തീവ്രവാദിയായിരിക്കാം, അയാളെക്കൊണ്ട് സാദ്ധ്യമായ രീതിയിലുള്ള വിദ്ധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടും ഉണ്ടായിരിക്കാം. എന്നിരുന്നാലും ഒരു ഒറ്റ വ്യക്തി എന്ന പരിധിക്ക് പുറമേക്ക് ചാര്‍ജുകള്‍ വരുന്നത് ബോധപൂര്‍വ്വമായ നാടകമല്ലെ ? ഒരു പോലീസ് ഏജസി മാത്രമല്ല ഇത്തരം കുറ്റാരോപണങ്ങളുമായി വരുന്നതെന്ന് ശ്രദ്ധിക്കണം, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പൊക്കുക എന്ന സ്ഥിരം പദ്ധതിയാണെങ്കില്‍ അപകടമില്ല. മറിച്ച് എല്ലാം താന്‍ തന്നെ ചെയ്തതാണെന്ന് നസീറിന്റെ ഏറ്റു പറച്ചില്‍, ഇതെല്ലാം കണ്ട് ചിരിയൂറിക്കൊണ്ടിരിക്കുന്ന മറ്റാരെങ്കിലുമൊക്കെ രക്ഷപ്പെട്ടുപോകാനുള്ള പഴുതാവുന്നുവെങ്കില്‍ സംഗതി ഗുരുതരം തന്നെ. നമ്മുടെ പോലീസും മാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും എന്നു കരുതാം.

12/01/2009

ഋതുവിലാസം

തലക്കെട്ടില്‍ ഒരു കവിതയുടെ സ്പര്‍ശം അനുഭവപ്പെടുന്നുണ്ടോ?

1996ല്‍ മലബാര്‍ സിമന്റ്സ് പുറത്തിറക്കിയതാണീ കവിതാ സമാഹാരം. പക്ഷെ താളുകള്‍ മറിച്ചു ചെല്ലുമ്പൊള്‍ ഒന്നമ്പരക്കും, കയ്യില്‍ കിട്ടിയത് കവിതാ പുസ്തകം തന്നെ അല്ലെ എന്ന്?

ഈ പുസ്തകം എനിക്ക് സ്വന്തം , ഈ പേജ് നമ്മുടെ വ്യക്തി വിവരങ്ങള്‍ കുറിക്കാനുള്ളതാണ്.



അവതാരിക എഴുതിയിരിക്കുന്നത് നമ്മുടെ ചങ്ങാതി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

1996ലെ ഡയറിയായിരുന്നു ഋതു വിലാസം. ഒരോ ആഴ്ചകള്‍ ആരംഭിച്ചിരുന്നത് മഹത്തായ ഓരോ കവിതകളോടെ, തുടക്കം ഇടശേരിയുടെ പൂതപ്പാട്ട്.ആകെ 54 കവിതകള്‍. വേറിട്ടൊരു അനുഭവമായിരുന്നു ആ ഡയറി.

ഉറപ്പിന്റെ പര്യായമാവേണ്ട മലബബാര്‍ സിമന്റ്സെന്ന സ്ഥാപനവും ലോലമായ കവിതാ കൂട്ടും എപ്രകാരം ചേര്‍ന്നു എന്ന് അന്ന് അത്ഭുതപ്പെട്ടിരുന്നു.
ഒന്നും എഴുതാതെ അങ്ങിനെ തന്നെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ആ പുസ്തകം രണ്ട് മാസം മുമ്പാണ് പൊടി തട്ടിയെടുത്തത്. സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഡയറി ഇറക്കാന്‍ സാമ്പിളായി പ്രദര്‍ശിപ്പിക്കാന്‍‍. അന്ന് സ്കാന്‍ ചെയ്തിട്ട ഈ ചിത്രങ്ങള്‍ ബൂലോകര്‍ക്കായി പോസ്റ്റുന്നു, ഇത്തരം ഒന്ന് പിന്നീടെനിക്ക് കിട്ടിയിട്ടില്ല.