6/29/2008

ജപ്പാന്‍ അമ്മായി

ഒന്ന്:
കമ്പ്യൂട്ടര്‍ന്റെ ചില്ല് ജാലകങ്ങളൊന്നില്‍ മിന്നുന്ന രണ്ടക്ഷരങ്ങളായാണവര്‍ ആദ്യമായി കടന്നു വരുന്നതു . ദൃശ്യമായ ആ പേര്‍ സാഗരകന്യകളെയോ, മത്സ്യകന്യകളെയോ അനുസ്മരിപ്പിച്ചു. ജപ്പാന്‍ന്റെ വ്യാവസായിക വിപ്ലവത്തെക്കുറിച്ച് വാചാലയായവര്‍ പക്ഷെ ചരിത്രത്തെ തിരസ്കരിക്കയാണെന്ന് തോന്നി. ജപ്പാന്‍ ഒരു യുഗ പ്പിറവി തന്‍ സാക്ഷി , അണുയുഗം .ഹിരോഷിമയും നാഗസാക്കിയും ഇന്നും മനസ്സാക്ഷിതന്‍ ചോദ്യചിഹ്നം . എനിക്ക് സന്തോഷം തോന്നാതിരുന്നില്ല, നേരനുഭവങ്ങളുമായി സംവദിക്കാമല്ലോ, പഷേ അവര്‍ മത്സ്യം കണക്കെ വഴുതി. വിട പറയവേ തന്‍ ഒരു കന്യകയാണെന്നു ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചത്പോലെ തോന്നി.
രണ്ട്:
മാസങ്ങള്‍ രണ്ട് കഴിഞ്ഞു ,അതോ മൂന്നോ .
അറിവിന്റെ തുരുത്തുകള്‍ തേടി വലകളില്‍ കുരുങ്ങവേ ജാലകത്തില്‍ വീണ്ടുമവര്‍ .
നാട്യങ്ങള്‍ക്ക് അവധി നല്കിയപോല്‍ കൂടുതല്‍ വാചാലയായി. സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണചിറകുകളില്‍ ഒളിച്ചിരിക്കുന്ന പുതുയുഗത്തിന്‍ രാക്ഷസ പക്ഷികളെക്കുറിച്ച് സംസാരിക്കെ, ഇടറുന്ന യുവ മനസ്സുകളുടെ ആകുലതകള്‍ ചിതറിവീണു. പാശ്ചാത്യശൈലികളുടെ ആക്രമണത്താല്‍ സ്വരാജ്യത്തിന്‍ പൈതൃകങ്ങള്‍ക്കെല്‍പ്പിച്ച മുറിവുകളുടെ നീറ്റല്‍ പന്കുവച്ചു. ദേശീയത നഷ്ടമായ ഒരു രാജ്യത്തെ ജനജീവിതങ്ങളെ വിവരിച്ചു. അണു വികിരണത്താല്‍ അര്‍ബുദം പേറി ജീവിക്കുന്നവര്‍പോലും അമേരിക്കതന്‍ പിറകെ പായുന്ന ചിത്രം വിസ്തരിച്ചു. വിവാഹം സ്വര്‍ഗത്തില്‍വച്ചു നടക്കേണ്ടതായതിനാല്‍ ഭൂമിയില്‍ വിവാഹമില്ലെന്നു പറഞ്ഞവര്‍ ചിരിച്ചു. പരിചയം വളര്ന്നു , ദിനങ്ങള്‍ , മാസങ്ങള്‍ , സൂര്യന് കീഴെ എല്ലാം വിഷയങ്ങളായി കടന്നുവന്നു . മനസ്സില്‍ പാറിനടക്കുന്ന വിഭ്രമ ചിന്തകള്‍ പന്കുവക്കാന്‍ ലഭിച്ച സൌഹൃദത്തില്‍ ഞാനും സന്തുഷ്ടനായി.
മൂന്ന്‌:
പെട്ടിയില്‍ കിടക്കുന്ന അവരുടെ സന്ദേശം ശ്രദ്ധയില്‍പെട്ടത് ആകസ്മികം, പതിവില്ലാത്തതാണ്. അത്യന്തം നീണ്ട മുഖവുര, മാപ്പപേക്ഷയാണ് പ്രമേയം. വിവാഹിതയാണ് താനെന്നും , പ്രായമേറെയാവുന്നുവെന്നും ഏറ്റുപറച്ചിലില്‍ എനിക്ക് നിസ്സംഗത മാത്രം. പ്രതീക്ഷിച്ചില്ല എന്നത് വാസ്തവമെങ്കിലും കമ്പ്യൂട്ടര്‍ന്റെ ഇത്തരം കുസൃതികള്‍ ചിരപരിചിതങ്ങള്‍ .
നാല്:
ഇത്തവണ ഞാന്‍ മുന്പേ എത്തി, വലകളില്‍ പതുങ്ങിയിരിക്കുന്ന നഗ്നമുഖം തിരിച്ചറിയാന്‍ പ്രയാസമായി , എന്റെ വിളി ഞെട്ടിച്ചു എന്ന് വ്യക്തം , കാരണം ബന്ധങ്ങളുടെ ഊഷ്മളത അവര്‍ക്കന്യമായിരുന്നു. യൌവ്വനത്തിന്റെ തീഷ്ണതയില്‍ സന്ദര്‍ശകര്‍ ആവോളമുണ്ടായിരുന്നവരൊക്കെ കാലത്തിന്‍ ചമയത്താല്‍ പിന്‍തള്ളപ്പെടുന്നു . ആഗോളീകൃത സമൂഹത്തില്‍ പാശ്ചാത്യവല്ക്കരിക്കപ്പെട്ടെന്ഗിലും , പുറംതൊലിയുടെ സ്നിഗ്ധത നഷ്ടമാകെ ഏകാന്തത കൂട്ടിനെത്തുന്ന പ്രതിഭാസം അവര്ക്കു അജ്ഞാതമായിരുന്നു. പ്രകൃതിയേകിയ മുകുളങ്ങള്‍ നാള്‍ക്കുനാള്‍ ശോഷിക്കെ, തോടുകളില്‍ ചായങ്ങള്‍ പുരട്ടി മുഖം മിനുക്കാന്‍ വൃഥാ ശ്രമിച്ചു. ഒരുദിനം ചാക്രിക ദിനങ്ങളുടെ വര്‍ണാഭ നഷ്ടമായി കേവല ജീവിയായി പരണമിക്കുമെന്നത് ആര്‍ക്കാണ് താങ്ങാനാവുക ? എന്റെ ശ്രമം വേദനയാകുമോ? ഞാന്‍ മൌനിയായി .
അഞ്ച്:
വലകളില്‍നിന്നു ആരോ കയ്യാട്ടി വിളിക്കുന്നു. അവര്‍ തന്നെയല്ലേയത്? തികച്ചും അപരിചിത , കറുത്ത കുപ്പായങ്ങള്‍ , മുഖാവരണം , സൂറത്തുകള്‍ ഉദ്ധരിച്ചു സംസാരിക്കുന്നു. നീര്‍മാതളപ്പൂക്കള്‍ ചീന്തിഎറിഞ്ഞു കരിമ്പടം പുതച്ച ബിംബങ്ങള്‍ ഒരു ആഗോള പ്രതിഭാസമാണെന്ന് ഞാന്‍ തിരിച്ചറിയവേ , മന്ദഹാസം മാത്രം.
ലോകാലോകങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ച് സംസാരിക്കെ ഞാന്‍ വാചാലനായത് അത്ഭുതപ്പെടുത്തിയത് അവരെയാണ്. "അനുഭവം ഗുരു എന്ന സാക്ഷ്യം തിരസ്കരിക്കയല്ല, മറിച്ചു അഹം ബ്രഹ്മാസ്മി എന്ന ഗുരുവചനം ഓര്‍മപ്പെടുത്താന്‍ ഒരു എളിയ ശ്രമം ഞാന്‍ നടത്തിയെന്ന് തോന്നുന്നു . വാര്‍ധക്യത്തിന്റെ തുരുത്തിലാക്കിയ സ്വന്തം പിതാക്കളോട് അവള്‍ മാപ്പപെക്ഷിക്കുന്നത് ഒരു മന്ത്രം പോലെ എനിക്ക് കേള്‍ക്കായി.
ആറ് :
ഇന്നലെ പുതിയ സന്ദേശമെത്തി . യാത്രയിലാണ് ,ജന്മനാടുപേക്ഷിച്ച് എവിടെക്കെന്നറിയാതെ, ദൂരേക്ക്‌ . അവനവനിലേക്കുള്ള മടക്കയാത്ര .
യാത്രാന്ത്യം ഹിമവല്‍സാനുക്കളിലാകാം , സംന്യാസം .
സ്ത്രീക്ക് സംന്യാസം വിധിയുണ്ടോ?
വേദപണ്ഡിതര്‍ ഉത്തരമേകട്ടെ.

6/24/2008

പെണ്‍ വക്കീല്‍

ആണ്‍ വക്കീല്‍ പെണ്‍ വക്കീല്‍ , തരംതിരിവിന്റെ സാംഗത്ത്യമേന്താവും ?
ആണ്‍ പുലി പെണ്‍ പുലി എന്നപോല്‍ തന്നെയവാനാണിട, എന്തെന്നാല്‍ പെണ്‍ പുലി ആക്രമണകാരിയത്രേ .നീതിതന്‍ കാവലാള്‍ക്കാരുടെ സൃഷ്ടി കേന്ദ്രങ്ങള്‍ പ്രശസ്തമല്ലെ , നിയമ കലാലയങ്ങള്‍ മലയാള ദേശത്തെമ്പാടുമുണ്ടല്ലോ . ഉടുവസ്ത്രമുരിഞ്ഞെറിഞ്ഞ കലാലയചരിത്രത്തില്‍ മനംനൊന്തു പെണ്‍കിടാങ്ങള്‍ നീതിതേടി പ്രവാസത്തിലേക്ക് . എന്തെന്നാല്‍ പ്രവാസം സംരക്ഷിതം കൂടിയാണല്ലോ , ദൃഷ്ടിയില്‍നിന്നും . പഠനാനന്തരം കരിമ്പടം പുതച്ചു, നീതിയുടെ സംരക്ഷകാരായി ചമഞ്ഞു ജനായത്തത്തിന്‍ കല്പ്പണിയില്‍ ചേരുന്നു .
നിയമസംഹിതയുടെ വ്യാഖ്യാനങ്ങള്‍ പുരോഗമിക്കെ, കറുത്ത പുതപ്പുകള്‍ക്ക് കറുപ്പേറുന്നു, ചിലവ നരക്കുന്നു .
കറുപ്പിന്റെ ആഴം കൂടവേ നക്ഷത്രത്തിളക്കമേറുന്നു.അസത്യം സത്യത്തെ വിഴിങ്ങി നിയമപരിപാലനം സംപൂര്‍ണമാക്കുന്നു.ആണ്‍ പെണ്‍ വിഭജനത്തിന്റെ പൊരുള്‍ തേടിയലയേണ്ടതുണ്ടോ വേറെ ..
നീതിയുടെ പ്രതീകം ദേവതയല്ലേ , എന്തെ ദേവനായില്ല ? കണ്ണുകള്‍ മൂടപ്പെട്ടു അന്ധത നടിച്ചിരിപ്പത് പുരുഷ സാധ്യമല്ല എന്നാരെ സങ്കല്‍പ്പിച്ചത് ? സ്ത്രീ ക്ഷമയാണ് എന്ന് പഠിപ്പിച്ചതിതിനായിരുന്നോ ....
നൂറ്റാണ്ടുകളുടെ ചംക്രമണത്തില്‍ ചൊല്ലുകള്‍ മാറിയേതീരു .
സ്ത്രീ പാപത്തിനു പിന്പറ്റെണ്ടവളല്ല തൂക്കുമരത്തിന്‍ ഉത്തോലകവുമല്ല .
തുലാസ്സുകള്‍ വലിച്ചെറിഞ്ഞു കൈകള്‍ സ്വതന്ത്രമാക്കുക ,
കണ്ണിലെ കെട്ടസഹിക്കുക , ഉണ്ണികളേ ഊട്ടെണ്ടേ ?
സത്യത്തെ തുറന്നുവിടുക , പ്രകൃതി നിങ്ങളോട് കരുണയുള്ളവളായിരിക്കും.

6/22/2008

കലികാലം

കാലഗണനകള്‍, യുഗചക്രങ്ങള്‍ അപ്രസക്തങ്ങളായെന്ന് തോന്നുന്നു. ദശാവതാരങ്ങള്‍ ഒരേ ദിനത്തില്‍ പിറവിയെടുത്തിരിക്കുന്നു. ഏഴ്കടലും താണ്ടിയെത്തിയ ചമയക്കാര്‍ അവതാരങ്ങളെസൃഷ്ടിച്ചു. അവര്‍ തിമര്‍ത്താടട്ടെ കലികാലത്തിനു ഇതാ ഒരു പഴികൂടി.
സൃഷ്ടിസ്ഥിതിസംഹാര കര്‍മ്മങ്ങളുമായി ഹൈന്ദവമൂര്‍ത്തികള്‍ പ്രപഞ്ച തുലനം നില നിറുത്തിപ്പോരുന്നു. പരസ്പരപൂരകങ്ങളായി കര്‍മരംഗത്ത്‌ വ്യാപരിച്ച ശക്തികളാല്‍ ഭൂമിയിലും സ്വര്‍ഗത്തും സമാധാനം. സ്ഥിതി പരിപാലന മൂര്‍ത്തി, അനന്തശയനത്തിങ്കല്‍. വിഷാദഗ്രസ്ഥനായി നിദ്രയിലാണ്ട്, കര്‍മരംഗത്ത്നിന്നും പിന്‍വാങ്ങിയിരിക്കുന്നു . പ്രപഞ്ചത്തില്‍ ജീവജാലങ്ങള്‍ ദുരിതത്തിലാണ്, കുടിനീരില്ല, അന്നമില്ല, തേരുകള്‍ മണ്ണില്‍ പുതയാന്‍ തുടങ്ങി. ഒന്നുമേതും ലഭിക്കാഞ്ഞു ക്ഷാമമെന്ന ഭൂതഗണം ഭൂമിയില്‍ പിറവിയെടുത്തിരിക്കുന്നു. വീഞ്ഞായി പുളിപ്പിച്ച മന്നായും മനുഷ്യകൃതിയായ യന്ത്രങ്ങള്‍ക്ക് വിശപ്പാറ്റുമ്പോള്‍, ദൈവരൂപത്തില്‍ ജാതരായ മനുഷ്യന്‍ വായുമാത്രം ഭക്ഷിച്ചു മൃതിലോകം പൂകുന്നു. കലികാലം....
ഹിന്ദുസ്ഥാന്‍ ആമോദത്തിലാറാടുകയാണ്. ത്രിമൂര്‍ത്തികള്‍ ഹൈന്ദവഭൂവില്‍ അവതാരമെടുത്തിരിക്കുന്നു. കര്‍മവിവേചനങ്ങളില്ല, അവതാര ലക്‌ഷ്യം സംഹാരം മാത്രം, ഒരു ജനതയെ ഒരു സംസ്കാരത്തെ. വെളുത്ത മേലാളരില്‍ നിന്നും അടരാടിനേടിയ സ്വാതന്ത്ര്യത്തെ . പ്രഥമ സ്ഥാനീയ സ്വജാതി അല്ലെങ്കിലും ഭാരതീയ തന്നെ , ദത്ത് പുത്രി. അഹിംസാനാട്യക്കാരുടെ മൂവര്‍പതാകയേന്തുന്നവള്‍. ഇടവുംവലവും ഉത്തരദക്‍ഷിണ ദേശങ്ങളില്‍ നിന്നെത്തിയ മഹാ പണ്ഡിതര്‍. അര്‍ഥശാസ്ത്രത്തില്‍ ജാതരായവര്‍, ലോക ഖജാനയുടെ സൂക്ഷിപ്പുകാര്‍. അര്‍ഥശാസ്ത്ര നിപുണതയില്‍ അര്‍ഥം പെരുകി, പെരുകിയത് പക്ഷെ നിരക്കായിരുന്നുപോല്‍ . പ്രകൃതി ,അണുവില്‍ ആവാഹിച്ചടക്കിയ ഊര്‍ജ്ജത്തെ പിളര്‍ക്കാന്‍ സാത്താനുമായി സന്ധി ചെയ്കയാണിപ്പോള്‍ . ത്രിമൂര്‍ത്തികള്‍ അവതരിച്ചിരിക്കുന്നു , ലക്‌ഷ്യം സംഹാരം മാത്രം. ഭാരതമണ്ണില്‍ സ്വാതന്ത്ര്യത്തിന്റെ , ജനായത്തത്തിന്റെ അന്തിമ കാഹളം കെട്ട് തുടങ്ങിയോ ?
യുഗചക്രങ്ങള്‍ തിരിയുകയാണല്ലോ, കലികാലശേഷം പ്രളയമാണല്ലോ , മഹാപ്രളയം.

6/21/2008

വയല്‍നാടു

വയല്‍നാട്ടില്‍ വയല്‍ ഇന്നു അപൂര്‍വ കാഴ്ചയാകുന്നു.
അന്നത്തെ അന്നത്തിനായി കൃഷിചെയ്തവരുടെ കണ്ണുകള്‍ നാണയത്തിളക്കത്തില്‍ പകച്ചപ്പോള്‍,കൃഷിപാഠങ്ങള്‍ മറന്നു, മണ്ണിനെ മറന്നു. ദാഹജലം ഉറകെട്ടി നിറുത്തിയ പാടങ്ങളില്‍, മുളനാട്ടി വള്ളികള്‍ നട്ടവര്‍ കറുത്ത പോന്നിനായി ആര്‍ത്തികൂട്ടി. അവര്‍ നട്ട ഇഞ്ചിമൂടുകള്‍ മണ്ണിലെ ജലം ഊറ്റിവരട്ടി. വിലകള്‍ക്ക് സ്ഥൈര്യം നല്കിയ സംഭരണത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്നും മോചനം നേടി, വിപണിയുടെ സ്വാതന്ത്ര്യത്തെ പരിണയിച്ചു. നാണയതിളക്കത്തില്‍ ഊറ്റം കൊണ്ടവര്‍ മണിമാളിക പണിതുയര്‍ത്തി . രഥങ്ങളില്‍ മാത്രം സഞ്ചരിച്ചു.
പണിതുകൂട്ടിയ മേടകള്‍ക്ക് മുകളില്‍ പക്ഷെ കാര്‍മേഘം മയങ്ങി നിന്നു. മഴയായ് പെയ്യാന്‍ മറന്ന അവ കര്‍ഷകന്റെ കണ്ണിലെ നീരായി പെയ്തിറങ്ങി. പുതുവിപണിയുടെ കുടിലതകള്‍ക്ക് മുന്നില്‍ പകച്ച അവരുടെ പഴമനസ്സുകള്‍ ഋണഭാരത്താല്‍ വിറുങ്ങലിച്ചു.
അനന്തരം സര്‍വ്വവും പിഴുതെറിഞ്ഞ്‌ അവര്‍ മരണം കൃഷി ചെയ്തു.

6/20/2008

ആരണ്യകം

"സലീമ " എവിടെയാണ് ?
മനസ്സിലേല്‍പ്പിച്ച നഖക്ഷതങ്ങള്‍ മായും മുന്പേ "ആത്മാവില്‍ മുട്ടി വിളിച്ചു, സ്നേഹാതുരമായി തൊട്ടുരിയാടി " അവള്‍ എങ്ങോ പോയ് മറഞ്ഞു. സിനിമയുടെ വന്യതയില്‍ നിന്നോ അതോ പ്രേക്ഷകരുടെദൃഷ്ടി ദോഷത്തില്‍ നിന്നോ ഈ ഒളിച്ചോട്ടം?
ആരണ്യകത്തിന് ആരോടാണ് നന്ദി പറയുക, എസ് .കെയോടാവും നന്നാവുക,എം .ടി . പിണങ്ങിയാലും .
മലയാള സിനിമ അന്യമായിട്ട്‌ എത്ര നാളുകളായി ..
പ്രേക്ഷകന്റെ സാമാന്യബുദ്ധിക്ക് ശവപ്പെട്ടി തീര്‍ത്ത മലയാള സിനിമകളില്‍, "ഹരികൃഷ്ണന്‍സ്" അവസാന കണ്ണിയായി. തലമുറകള്‍ തമ്മിലുള്ള വിടവ് ഏറിയപ്പോള്‍ സിനിമാസ്വാദനം ചിത്രപ്പെട്ടിയിലോതുങ്ങി.
എങ്കിലും സലിമയെ മറക്കാനാവുമോ?
താഴംപൂ കാറ്റിന്റെ തലോടല്‍ പോലെ അവള്‍ ഇനിയും വരുമോ?
വരാനിടയില്ല , കാലപ്രവാഹത്തില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരിക്കുന്നു .

6/18/2008

ളോഹക്ക് ഭ്രാന്ത് പിടിച്ചാല്‍

എല്ലാവര്ക്കും ഭ്രാന്താണിപ്പോള്‍,
സചേതനവും അചേതനവുമായ എല്ലാറ്റിനും ഭ്രാന്ത്പിടിക്കുന്നു .
ചങ്ങലക്ക് ഭ്രാന്ത്പിടിക്കുന്നത്തിന്റെ വേവലാതികള്‍ക്കിടയില്‍ ഇതാ ളോഹക്കും.
നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ ആഹ്വാനം ചെയ്ത ദൈവപുത്രന്റെ ദാസരുടെ വസ്ത്രം.
അതില്‍ തെറിച്ചുവീഴുന്ന കരിയും ചെളിയും മനസ്സുകളിലേക്ക് ആവാഹിച്ചെടുത്തു, വസ്ത്രം വെളുപ്പും മനസ്സു കറപ്പായും സൂക്ഷിക്കുന്നവരുടെ വസ്ത്രം.
അപ്പവും വീഞ്ഞും ഭക്ഷിച്ചു ലഹരി പിടിച്ചവര്‍,
ഭ്രാന്തു വസ്ത്രത്തിനോ, ധരിച്ചവനോ ?
ഇരുവരും പരസ്പര പൂരകങ്ങളായി ഭ്രാന്തനൃത്തമാടുന്നു.
ഊട്ടിവളര്‍ത്തുന്ന ഭരണകൂടത്തെ അട്ടിമറിക്കാന്‍ , ഇടയലേഖനങ്ങളാല്‍ പടകൂട്ടുന്നവര്‍,
ഏകജാലകത്തിനു മുന്നില്‍ ഉപവസിച്ചവര്‍ ,
അറ്റുപോയ അണ്ഡവാഹിനിക്കുഴല്‍ പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുകയാണിപ്പോള്‍.
കര്‍ത്താവിന്റെ തിരുമണവാട്ടിമാര്‍ ക്രിസ്തീയസമൂഹത്തിനായി ഉണ്ണികളെ സംഭാവന നല്കേണമെന്ന കല്‍പ്പന വിദൂരമല്ലെന്ന് തോന്നുന്നു . ദിവ്യഗര്‍ഭം പാപമല്ല, മറിയം ഇപ്പോഴും കന്യകയാണല്ലോ.
കര്‍ത്താവേ, ഇവരോട് പൊറുക്കേണമേ.

ആമേന്‍ .

6/17/2008

ശാന്തത

മനസ്സു ശാന്തമാണ്.
ആഴക്കടലിന്റെ ശാന്തത.
ഒന്നു കലങ്ങിയാല്‍ എന്തെല്ലാം പൊങ്ങി വരും ? നിശ്ചയമില്ല.
വിസ്മൃതികളില്‍ ഒന്നും നഷ്ടപ്പെടുവാനിടയില്ല, പക്ഷെ അതാര്യതക്കപ്പുറം എല്ലാം അറകെട്ടി നിറുത്തിയിരിക്കുന്നു. ബോധപൂര്‍വം ..? അല്ല ബലാല്‍ക്കാരം. "സെറിന്‍ " ഉയര്‍ത്തുന്ന സഹായികളുടെ ബലത്താല്‍. കെട്ടുകള്‍ പക്ഷെ ദുര്‍ബലമാണ് . നേര്‍ത്തപാടയാല്‍ അറകെട്ടി നിറുത്തിയിരിക്കുന്നു. രസതന്ത്രം ജൈവ ശാസ്ത്രവുമായി കൂട്ടുചെര്‍ന്നു അവതാരമെടുത്തിരിക്കുകയാണ്. ബേപ്പൂര്‍ ഖലാസികളെപോലെ അവര്‍ കെട്ടിവലിക്കുന്നു, തന്ത്രപൂര്‍വ്വം, മര്‍മസ്ഥാനങ്ങളില്‍ ബലപ്രയോഗം നടത്തുന്നു, ചതുപ്പില്‍ പൂണ്ട മനസ്സിനെ കരകയെറ്റുന്നു. പകരം ഓര്‍മകളുടെ ആഴക്കടലില്‍ മുക്കി താഴ്ത്തുന്നു, വിജയശ്രീലാളിതരായി വിപണികളില്‍ നേട്ടം കൊയ്യുന്നു. ഒന്നു കലങ്ങിയാല്‍ എന്തെല്ലാം പൊങ്ങിവരും..... ? കെട്ടുകളില്‍ അടങ്ങിയിരിക്കുകയാകുമോ

ചതുപ്പില്‍ പൂണ്ടതിന്റെ ആധിയടങ്ങിയോ, ശ്വസനതാളം വീണ്ടെടുത്തുവോ? സന്ദേഹിയാവാന്‍ പാടില്ല, വിപ്ലവ സൃഷ്ടിക്കായി നിയോഗിക്കപ്പെട്ടവന്‍.

മനസ്സു ശാന്തമാക്കുക , ഇതു നിയോഗമാണല്ലോ.

6/16/2008

അനുനാദം

നിരാശയാണ് ജീവിതമാകെ . വ്യക്തി ജീവിതം നിരാശപൂര്‍ണമാണോ ...? അല്ലെന്നു തോന്നുന്നു. അല്ലെന്കില്‍ത്തന്നെ അസന്തുഷ്ടിയാണല്ലോ ലോകത്തിന്റെ മുഖമുദ്ര. കുഞ്ഞു മകളുടെ മുഖം മനം തെളിയിക്കുന്നുണ്ട്.

പക്ഷെ ദിനപ്പത്രങ്ങളില്‍, ടെലിവിഷന്‍ വാര്‍ത്തകളില്‍, മനസ്സ് അസ്വസ്ഥമാകുന്നു.

ഈ നൂറ്റാണ്ടിന്‍റെ ശാപം.

മോചനമുണ്ടോ?

തീര്‍ച്ചയില്ല.

പ്രസ്ഥാനങ്ങള്‍ക്ക്‌ കടലാസ്പുലികളായി പരിണാമം സംഭവിച്ചിരിക്കുന്നു . അവയുടെ കൃത്രിമ ഗര്ജ്ജനങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ തട്ടി തിരിച്ചു പോകുന്നു,എന്തെന്നാല്‍ തഴമ്പുകെട്ടിയ പുടം ശബ്ദങ്ങളെ തിരസ്കരിക്കുകയണത്രെ.

ഇനിയൊരു പ്രകമ്പനം മോഹം മാത്രമായി അവശേഷിക്കുമോ?

അനുനാദം ഏത് ആവൃത്തിയിലാണാവോ ...... പരീക്ഷിക്കെണ്ടിയിരിക്കുന്നു .

ശ്രവണസാധ്യമായ തരംഗ ദൈര്ഘ്യത്തിനായി കാതോര്‍ത്തിരിക്കുന്നു ...

കേള്‍ക്കാതിരിക്കില്ല .

6/15/2008

തുടക്കം


ബ്ലോഗ് - ഒരു നല്ല ആശയമെന്നു സുഹൃത്തുക്കള്‍ ,

നോക്കാം, എത്രത്തോളം വഴങ്ങുമെന്ന് .

ഭാവി എന്താകുമോ ?

നന്നാവട്ടെ .