1/24/2010

കൂട്ടുകൃഷി

ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാമെന്ന് പഴമൊഴി.
ഉലക്കമേല്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാലാവും മലയാളിക്ക് എല്ലായിടവും ചേരി തിരിവ്. ഈ ചേരിതിരിവിനിടയിലും സുഗമമായി നടക്കുന്ന ചില കൂട്ടുകൃഷികളുണ്ട് . അവയില്‍ പ്രധാനമാ‍ണ് മണ്ണുപയോഗിച്ചുള്ള വിളവെടുപ്പ്. പക്ഷെ മറ്റു കൃഷിയില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ വിള മണ്ണു തന്നെയാണെന്ന് മാത്രം. ഇപ്രകാരം നാട്ടിലെ ഇടതു വലതു പക്ഷങ്ങളൊന്നിച്ച് ചേര്‍ന്നു നടത്തുന്ന ഒരു കൂട്ടുകൃഷി ഇതാ കാണുക.

വീടിനോട് ചേര്‍ന്ന് കിടക്കുന്ന മെയിന്‍ റോഡിലെ ഒരു തെങ്ങിന്‍ തോപ്പാണ് താഴെ കാണുന്നത്. അടുത്തിടെ വില്‍പ്പന നടന്ന പ്രസ്തുത സ്ഥലം വാങ്ങിയിരിക്കുന്നത് നമ്മുടെ ഭൂമാഫിയ (കട: മുഖ്യമന്ത്രി വി.എസ്). അടുത്ത കച്ചവടം നടക്കുന്നതിനു മുമ്പ് ഉള്ള വിളവ് എടുത്തേക്കാമെന്ന് കരുതിക്കാണും. അനിയന്ത്രിതമായ മണ്ണെടുപ്പുകാരണം ഇനി മണ്ണെടുപ്പ് പാടില്ലെന്ന് നിരോധനം നിലനില്‍ക്കുന്ന സ്ഥലമാണ് ഇവിടം. നിയമം ഉറങ്ങിക്കിടക്കുന്ന പാതിരാവിലും , ഞായറാഴ്ചയുമാണ് പ്രധാന വിളവെടുപ്പ്. കൂട്ടുകൃഷിയായതിനാല്‍ പരാതിക്കാരില്ല, സമീപ വീടുകളിലെ താമസ്സിക്കുന്നവരുടെ പരാതി കേള്‍ക്കാന്‍ ആളുമില്ല.

നോക്കൂ, സമീപ വീടുകളുടെ അസ്ഥിവാരത്തേക്കാള്‍ താഴ്ചയിലാണ് മണ്ണൂമാന്തുന്നത്


തേങ്ങക്ക് വിലയില്ല, ഒരു ലോഡ് മണ്ണിന്റെ വില വച്ച് നോക്കിയാല്‍ ഇതൊന്നും വളര്‍ത്തിയിട്ട് കാര്യമില്ല. തെങ്ങുകള്‍ മാന്തിക്കൂട്ടിയിരിക്കുന്നു.


പാവം കല്പ വൃക്ഷം, വീണിതല്ലോ കിടക്കുന്നു...


ഇനിയും മണ്ണ് അവശേഷിക്കുന്നു, അടുത്ത പറമ്പിന്റെ അതിരു വരെ, അത് അവന്റെ അസ്ഥിവാരമാണെന്ന് മാത്രം.


പാതിയിടിഞ്ഞ കിണര്‍, ഇത് മൂടണോ വേണ്ടയോ എന്ന് തീരുമാനമായില്ല.


ഇവനാള് പുലിയാണ്, മണിക്കൂറുകള്‍ക്ക് ആയിരം കൊടുത്താലെന്താ വേണമെങ്കില്‍ ആനമുടി അവന്‍ ഒരു ദിവസം കൊണ്ട് മാന്തും. കേരളം മരുഭൂമിയാക്കാന്‍ ജന്മമെടുത്ത യന്ത്രം.

ഇതു പുതുമയുള്ള സംഗതിയൊന്നും ആയതുകൊണ്ടല്ല , എനിക്കു ചെയ്യാനാവുന്നത് ഇത്രയും മാത്രമേ ഉള്ളൂ എന്നതിനാല്‍ പോസ്റ്റുന്നു എന്ന് മാത്രം.
കുറിപ്പ്:
മണലും മണ്ണും പിടിക്കാന്‍ പോയ തഹസില്‍ദാരായ എന്റെ ഒരു സുഹൃത്തിനെ, മണല്‍ ലോറികൊണ്ട് ഇടിച്ച് ആശുപത്രിയിലാക്കിയ ഒരു ചിത്രം കയ്യിലുണ്ടായിരുന്നത് തിരഞ്ഞിട്ട് കിട്ടിയില്ല.

അപ്ഡേറ്റായി തഹസില്‍ദാരെ മണല്‍ ലോറി ഇടിച്ച പത്ര ഫോട്ടോയുടെ സ്കാന്‍.

1/18/2010

ബൂലോഗ കാരുണ്യത്തില്‍ പങ്കാളികളാവുക

മനുഷ്യ സ്നേഹികളായ മലയാളം ബോഗെഴുത്തുകാരുടെ കൂട്ടായ്മയാണ് ബൂലോക കാരുണ്യം.
ബൂലോക കാരുണ്യം ഗൌരവമായ ചില മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

നമുക്കാവും വിധം അതുമായി സഹകരിക്കാം.

1/12/2010

സക്കറിയ പറഞ്ഞത്

കേരളത്തിലെ മാദ്ധ്യമങ്ങളും ബ്ലോഗ് വിചാരക്കാരും ഒരുപോലെ ചര്‍ച്ചചെയ്യുന്ന ഒന്നായി സക്കറിയ വിവാദം മാറിയിരിക്കുന്നു. പയ്യന്നൂര്‍ നടത്തിയ ഒരു പ്രസംഗത്തെച്ചൊല്ലി ഒരു സംഘം ആളുകള്‍ സക്കറിയയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് പ്രശ്നം.

എന്താണ് സക്കറിയ പറഞ്ഞത്, നെറ്റില്‍ നിന്നു തന്നെ കിട്ടിയ വീഡിയോ ഇവിടെ പോസ്റ്റുന്നു.

യു ട്യൂബ് ലിങ്ക് ഇതാ http://www.youtube.com/watch?v=PketGhTMziQ



"ഈ ഇടതുപക്ഷ പ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്, ഞാന്‍ മനസ്സിലാക്കിയിരുന്നിടത്തോളം, ഇത്രമാത്രം ഒരു ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈഗികതയിലൂടെ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു പ്രസ്ഥാനം ഉണ്ടോ എന്ന് സംശയിക്കണം. ഒരു പക്ഷെ കേരളത്തിലെ ഒരുപക്ഷെ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം"

തല്ലുകിട്ടേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും.