4/27/2009

കൃഷിയെന്ന മരുന്ന്

മനുഷ്യസമൂഹത്തോളം തന്നെ ചരിത്രം അവകാശപ്പെടാവുന്ന ഒരു ചര്യയാണ് കൃഷി. നമ്മുടെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമായിവര്‍ത്തിക്കുന്ന ഒന്നാണ് ഭക്ഷണം എന്നതിനാല്‍തന്നെ, കാര്‍ഷിക വൃത്തിയെ മാറ്റി നിര്‍ത്തി മനുഷ്യനു ജീവിതവുമില്ല. കേരളീയ സമൂഹത്തിലും ഒരു തലമുറ മുമ്പ് വരെ കാര്‍ഷിക വൃത്തിയെ ആശ്രയിച്ചാണ് സാമ്പത്തിക രംഗം പിടിച്ചു നിന്നിരുന്നതെന്ന സത്യം മുന്നില്‍ നില്‍ക്കുമ്പോഴും, കൃഷി എന്നാല്‍ ആത്മഹത്യ എന്ന പദമാണ് നമുക്ക് മുന്നിലിന്ന് തെളിയുന്നത്. അതിന്റെ വിശദാശങ്ങളിലേക്ക് കടക്കുന്നില്ല, ഒരു ആമുഖമായി ഈ വരികള്‍ കുറിച്ചു എന്നേ ഉള്ളൂ.

ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പി എന്ന സങ്കല്‍പ്പത്തെപ്പറ്റി കേള്‍ക്കാത്തവര്‍ വിരളമായിരിക്കും എന്ന് കരുതുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പി എന്നാല്‍, വ്യക്തികളിലെ രോഗാവസ്ഥയെ അഭിസംബോധന ചെയ്യാനായി കാര്‍ഷിക വൃത്തിയെ ഉപയോഗപ്പെടുത്തുന്ന രീതിയാണ്. വാര്‍ദ്ധക്യത്തിന്റെ വിഷമതകള്‍ മുതല്‍ മനോരോഗികളിലെ വിഭ്രമങ്ങള്‍ വരെ വലിയൊരളവില്‍ ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്നത് ഒരു പുതിയ സങ്കേതമല്ലെങ്കിലും, ഒരു ചികിത്സാ വിധിയെന്ന രീതിയില്‍ ഇതിനെ ഉപയോഗപ്പെടുത്താ‍നാരംഭിച്ചിട്ട് നാളുകളേറെയായിട്ടില്ല. ആരംഭിച്ചിന്നോളം പുറത്തുവന്ന ഫലങ്ങള്‍ ആശാവവങ്ങളാണ്. ശാരീരികവും മാനസ്സികവുമായ അവസ്ഥകളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടക്കാനീ രീതിക്കായി. പ്രധാനമായും മാനസികമായ ആരോഗ്യ പുഷ്ടീകരണത്തിനാണ് ഇന്നിത് പരീക്ഷിച്ചു വരുന്നത്. വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടന്ന പഠനങ്ങളില്‍ , രോഗികളുടെ മാനസികമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിലും , അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും , കൃയാത്മക പ്രവര്‍ത്തിയുടെ സന്തുഷ്ടി അനുഭവിക്ക വഴി ആത്മ ബോധം വളര്‍ത്താനും ഈ തെറാപ്പി ഉപകരിച്ചു എന്ന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെറു തോട്ട നിര്‍മ്മാണം, സസ്യ പരിപാലനം, നിരീക്ഷണങ്ങള്‍, കായ് ഫലം ഇറുക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ആര്‍ക്കാണ് സന്തോഷമേകാത്തത്. ഇതേപ്പറ്റി പ്രതിപാദിക്കുന്ന നിരവധി സൈറ്റുകള്‍ ലഭ്യമാണ്, ഉദാഹരണമായി അമേരിക്കന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ സൊസൈറ്റി അസ്സോസിയേഷന്‍.
തൃശ്ശൂര്‍ മാനസ്സികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ഒരു പഠനം കണ്ടിരുന്നു, ലിങ്ക് ഇല്ല. കേരള സര്‍ക്കാറിന്റെ കാര്‍ഷിക വികസന പരിപാടികളിലും ഈ സങ്കേതം പരാമര്‍ശിക്കുന്നു എന്നത് ഗുണപരമായ ഒരു മാറ്റമായി കണക്കാക്കാവുന്നതാണ്.

നമ്മുടെ മുന്‍ തലമുറ അനുഭവിച്ചു വന്നിരുന്ന മനോശാന്തിക്കും മാനസികാരോഗ്യത്തിനും സൌമ്യ ശീലത്തിനും ഇതിലും നല്ലോരു തെളിവു വേറെ ആവശ്യമുണ്ടോ? കാര്‍ഷിക വൃത്തിയില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്ന പുതു തലമുറ ആന്തരികവും ബാഹ്യവുമായ സമ്മര്‍ദ്ദങ്ങളില്‍ ഉഴറുമ്പൊള്‍, ആശ്വാസം നല്‍കാന്‍ ഓണ്‍ലൈന്‍‍ ഗെയിമുകളായെങ്കിലും കൃഷി പുനരവതരിക്കുന്നത് ആശാവഹമാണ്, ഫേസ് ബുക്കിന്റെ ഫാം ടൌണ്‍ ഉദാഹരണം.

4/23/2009

വേണം, പുരുഷ സംവരണം

ജീവിതത്തിലെ നാനാ തുറകളില്‍ സ്ത്രീ പ്രാതിനിദ്ധ്യം വര്‍ദ്ധിച്ചു വരുന്നത് സമൂഹത്തിന്റെ വളര്‍ച്ചയുടെ അളവുകോലായി കണക്കാക്കാം. അടുക്കളയില്‍ തളച്ചിടപ്പെടുന്ന സ്തീത്വം എന്ന വിലാപങ്ങള്‍ക്ക് അറുതി വരുത്താനായി വിവിധ മേഖലകളില്‍ സ്ത്രീ സംവരണം തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നു സര്‍ക്കാര്‍. ഇതിനും പുറമെ പാര്‍ലമെന്റില്‍ സ്തീ സംവരണ ബില്‍ അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശം വിവിധ രാഷ്ട്രീയ കക്ഷികളുടെ കനിവിനായി കിടക്കുന്നു.

ഇന്നേ ദിവസം മുഴുവന്‍ ജില്ലയിലെ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ കാഴ്ചകണ്ടിരിക്കേണ്ട ജോലിയായിരുന്നു, ഹൈസ്കൂള്‍ ടീച്ചര്‍മാരുടെ ഇന്റര്‍വ്യൂ നടക്കുകയാണ്. ഇന്ന് വിളിക്കപ്പെട്ട 30 പേര്‍ എത്തിയിരിക്കുന്നു, ആകെ പുരുഷ പ്രജകള്‍ 5. കഴിഞ്ഞ ദിവസവും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല എന്ന് ഓഫീസില്‍ നിന്നും അറിയാനായി.

സര്‍ക്കാര്‍ എല്‍.പി. സ്കൂളുകളിലെ സ്ഥിതി ഇതിലും പരിതാപകരമായ അവസ്ഥയാണ്. പുരുഷന്മാരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കേണ്ടി വരും. എന്തുകൊണ്ട് ഈ അവസ്ഥ സംജാതമായി എന്ന് പഠനങ്ങള്‍ വല്ലതും നടന്നോ എന്ന അറിയില്ല, ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുമല്ലോ.

പഠനം അര്‍ഹിക്കുന്ന വിഷയമാണിത് എന്ന് തോന്നുന്നു. വിദ്യാഭ്യാസ മേഖലയില്‍ നൂറുശതമാനവും സ്ത്രീകള്‍ മാത്രം വരുന്ന കാലം വിദൂരമല്ല. അതില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് തോന്നുന്നതിനാലല്ല ഈ കുറിപ്പ് , മറിച്ച് എന്തുകൊണ്ട് ഇവിടെ സ്ത്രീകള്‍ മുന്നില്‍ എന്ന അറിവ് മറ്റുമേഖലകളിലും ഉപയുക്തമാക്കാമല്ലോ എന്ന ചിന്ത മാത്രം.
അദ്ധ്യാപക ജോലി താരതമ്യേന വെല്ലുവിളികള്‍ കുറഞ്ഞ മേഖലയാണെന്നും, വെല്ലുവിളികള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കാനാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് താത്പര്യം എന്നുമാണ് എന്റെ വിലയിരുത്തല്‍. ഈ നിലക്കുപോയാല്‍ വിദ്യാഭ്യാസ മേഖലയില്‍ പുരുഷസംവരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് തോന്നുന്നു, പ്രാതിനിധ്യം നിലനിര്‍ത്താന്‍.

1993 മുതല്‍ 2000 വരെയുള്ള വര്‍ഷത്തെ ‍ അദ്ധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ വെബ് സൈറ്റില്‍ കാണുക. ജില്ല തിരിച്ച്, മാനേജ്മെന്റ്റ് തിരിച്ചുള്ള കണക്ക്.

ഏതേത് ജില്ലകളിലാണ് സ്തീ പ്രാതിനിധ്യം കുറവെന്നും നോക്കുമല്ലോ.

4/19/2009

ദേ, അവിടെ മീറ്റുന്നു

ഹൈറേഞ്ചിലെ സുഹൃത്തായ ഹരീഷ് തൊടുപുഴ ഒരു “സൌഹൃദ വിരുന്നു” നടത്താന്‍ ആഗ്രഹിക്കുന്നതായി പോസ്റ്റ് ഇട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്കി ഒന്നു പോയി നോക്കൂ.

പറ്റിയാല്‍ നമുക്കും ഒന്നു മീറ്റാം.

4/16/2009

വോട്ടുകള്‍ വിലക്കു വാങ്ങുന്നവര്‍

ഇന്നത്തെ ദേശാഭിമാനി വാര്‍ത്ത

പക്ഷങ്ങളുണ്ടാവുക മനുഷ്യ സഹജമാണ്. പക്ഷെ എന്തിലും ഏതിലും പക്ഷം കാണുന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയാണിത്. പാലക്കാട് വടക്കഞ്ചേരിയില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ പിടിയിലായ കോണ്‍ഗ്രസ്സ് നേതാക്കള്‍ (?) എന്ന അടിക്കുറിപ്പൊടെ വന്ന ചിത്രം കാണുക.

1000, 1500, 500 വീതം കവറുകളിലാക്കിയ നിലയില്‍ 1, 26, 000 രൂപ, പണം വാങ്ങിയ വ്യക്തികള്‍ ഒപ്പിട്ട നല്‍കിയെന്നു പറയപ്പെടുന്ന രശീതികള്‍ എന്നിവ കണ്ടെടുത്തതായി പറയപ്പെടുന്നു.

കൂടെ വിതരണം ചെയ്യാന്‍ കൊണ്ടു വന്ന “ക്രൈം” എന്ന മഞ്ഞപ്പുസ്തകത്തിന്റെ കോപ്പികളും പിടിച്ചത്രെ!

പണമൊഴുക്കി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്ന "വിശ്വാസ വോട്ടെടുപ്പ് " തന്ത്രം കോണ്‍ഗ്രസ്സ് കേരളത്തിലും നടപ്പാക്കുകയാണോ?

മറ്റൊരു പത്രത്തിലും ഈ വാര്‍ത്ത കാണാന്‍ സാധിച്ചില്ല എന്നത് സംശയമുളവാക്കുന്നു.

ദേശാഭിമാനി കള്ളം പറയുന്നോ, അതോ മറ്റു പത്രങ്ങള്‍ സത്യം കണ്ടില്ലെന്ന് നടിക്കുന്നോ?

കള്ളം പറയിക്കുന്നതിനായി പോലീസിനെ കൂട്ടു പിടിക്കുന്നോ?

ഉടന്‍ തന്നെ ഒരു മാനനഷ്ടക്കേസ് പ്രതീക്ഷിക്കാമോ ?

4/15/2009

ഇടത് പക്ഷത്തെ വിജയിപ്പിക്കൂ, രാജ്യത്തെ രക്ഷിക്കൂ

നാളെ നാം പോളിങ് ബൂത്തിലേക്ക്. വിലയേറിയ വോട്ടവകാശം വിനിയോഗിക്കുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി ഓര്‍മ്മിക്കുക, വോട്ടു ചെയ്യുന്നത് രാജ്യത്തെ രക്ഷിക്കാനാവട്ടെ.

# കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

# ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.

# ഇന്ത്യന്‍ പൊതുമേഖലയെ ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍.

# 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡിനല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.

# വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാന്‍.

# പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.

# പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍ , ബാങ്കിംഗ് ബില്‍ , ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍ , എന്നിവ പിന്‍വലിക്കാന്‍.

# സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.

# ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.

# തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനും, പണിമുടക്കാനും വിലപേശാനും ഉള്ള തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനും അതിനുള്ള നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിക്കാന്‍.

# ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.

# കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.

# സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.

കടപ്പാട്: പരാജിതന്റേയും സൂരജിന്റേയും മൂര്‍ത്തിയുടേയും പോസ്റ്റുകള്‍
**പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

4/13/2009

ഇസ്രായേലും കന്നുകാലി വികസനവും


ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ പേര് ലോകത്തെമ്പാടുമിന്ന് പടരുന്നത് അല്പം കുപ്രസിദ്ധിയോടെയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഇന്ത്യയുടെ‍ പ്രത്യേകിച്ച് കേരളം ബംഗാള്‍ എന്നീ സംസ്ഥാന സര്‍ക്കാരുകളുടെ ഇസ്രായേല്‍ ബന്ധങ്ങള്‍ തിരഞ്ഞ് ബൂലോകരും അല്ലാത്തവരും സേര്‍ച്ചെഞ്ചിനുകള്‍ കയറിയിറങ്ങുന്നു. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഇസ്രായേല്‍ കാളകളെ ഇറക്കുമതി ചെയ്യാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തുകിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അതിന്റെ രാഷ്ട്രീയം തല്‍ക്കാലം മാറ്റി നിര്‍ത്തിയാല്‍ , കേരളത്തിലെ കന്നുകാലി വികസനവുമായി ഇസ്രായേലിനെ കൂട്ടിയിണക്കുന്നതെന്ത് എന്ന് വസ്തുനിഷ്ഠമായി വിലയിരുത്താനാവും.

പരമ്പരാഗത കൃഷി രീതികള്‍ സ്വന്തമായില്ലാത്ത ഒരു രാജ്യമാണ് ഇസ്രായേല്‍ എന്നു പറയാം. രാജ്യതാത്പര്യ സംരക്ഷണാര്‍ത്ഥം ആധുനിക രീതിയില്‍ സ്വയം വികസിപ്പെടുത്തതെന്ന് പറയാവുന്ന, പരമാവധി ക്ഷമത നല്‍കുന്ന വ്യവസായങ്ങളാണ് കൃഷിയും മൃഗസംരക്ഷണവും. രാജ്യത്തെ താരതമ്യേന മോശമായ കാലാവസ്ഥയും, മേച്ചില്‍പ്പുറങ്ങളുടെ അഭാവവും മൃഗസംരക്ഷണ വ്യവസായത്തിന് കനത്ത വെല്ലുവിളിയായിരുന്നു എന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ഈ വ്യവസായങ്ങളുടെ ഏറ്റവും അടിസ്ഥാന ഘടകങ്ങളാണ് ഇവ രണ്ടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ഇസ്രായെലിന്റെ ഔദ്യോഗികമായി ലഭ്യമാകുന്ന കണക്കുകള്‍ (2006 വര്‍ഷം) പരിശോധിക്കുക.

ആകെ ജനസംഖ്യ : 70, 00, 000
പശുക്കളുടെ എണ്ണം : 1, 10, 000
മൊത്തം പാലുത്പാദനം :11,50,000 മെട്രിക് ടണ്‍
ഒരു പശുവിന്റെ ശരാശരി ഉത്പാദനം : 11281 കി.ഗ്രാം (പ്രതിദിനം 40 ലിറ്റര്‍)

ഹോള്‍സ്റ്റീന്‍ ഫ്രീഷന്‍ ഇനത്തില്‍ പെട്ട യൂറൊപ്യനായ ‍ പശുവാണിവിടെ കൂടുതല്‍ വളര്‍ത്തപ്പെടുന്നത്. താരതമ്യേന തണുപ്പുള്ള അന്തരീക്ഷത്തില്‍ വളരുന്ന ഈ പശുക്കള്‍ ഇസ്രായേലിലെ കഠിന കാലാവസ്ഥയി എപ്രകാരമാണ് ഉയര്‍ന്ന പാലുത്പാദനം നല്‍കുന്നതെന്ന് പരിശോധിച്ചാല്‍ കാണാവുന്നത് ജനിതക ശാസ്ത്രത്തിന്റെ “സെലക്ഷന്‍” എന്ന സാങ്കേതികതയാണ്. മോശമായ അന്തരീക്ഷത്തില്‍ വളര്‍ത്താനാരംഭിച്ച പശുക്കളുടെ, കാലാവസ്ഥയുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവ് വളര്‍ത്തിയെടുത്താണിത് സാദ്ധ്യമാക്കിയത്. ഏറ്റവും മോശപ്പെട്ട കാലാവസ്ഥ, പരിചരണ രീതികള്‍ എന്നിവയെ അതിജീവിക്കുന്നവയെ മാത്രം അടുത്ത തലമുറക്കായി തിരഞ്ഞെടുക്കുകയും മറ്റുള്ളവയെ ഒഴിവാക്കുകയുമാണീ വിദ്യയില്‍ ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ടവയെ വീണ്ടും ഇത്തരത്തില്‍ സെലക്ഷന് വിധേയമാക്കി, ചൂട്, ഹുമിഡിറ്റി, കെട്ടിയിട്ട് തീറ്റല്‍ തുടങ്ങിയ പരിചരണഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗവേഷണ ഫലങ്ങളാണ് മേല്‍ കുറിച്ചിട്ട പാലുത്പാദനം സാദ്ധ്യമാക്കിയത്. പരമ്പരാഗത കാലിവളര്‍ത്തല്‍ ഇല്ലാതിരുന്നത് സഹകരണ മേഖല പുഷ്ടിപ്പെടാനും ശാസ്ത്രീയ പരിചരണമുറകളും , അതിലുപരി രേഖകള്‍ സൂക്ഷിക്കുന്ന സ്വഭാവം (റെക്കോഡ് കീപ്പിംഗ്) വളര്‍ത്തിയെടുക്കുന്നതിനും സഹായകമായി.

കേരളത്തിലേക്കു വരാം.
മാട്ടുപ്പെട്ടിയില്‍ സ്ഥാപിക്കപ്പെട്ട ഇന്‍ഡോ സ്വിസ്സ് പ്രോജക്റ്റാണ് വിദേശ ജനുസില്‍ പെട്ട വിത്തുകാളകളെ ആദ്യമായി ഇന്ത്യയിലെത്തിക്കുന്നതും, കൃതൃമ ബീജ സങ്കലത്തിന് അടിത്തറ പാകിയതും. സ്വിറ്റ്സര്‍ലാന്റില്‍ നിന്നും മറ്റും നേരിട്ട് കൊണ്ടുവന്ന വിദേശ ജനുസുകള്‍ മാട്ടുപ്പെട്ടിയില്‍ നല്ല പ്രകടനം നല്‍കിയെങ്കിലും, കേരളത്തിലെ ശരാശരി അന്തരീക്ഷത്തിന്റെ ചൂടും ഹുമിഡിറ്റിയും താങ്ങാനാവാതെ പ്രതീക്ഷിച്ച പാലുത്പാദനം നല്‍കിയില്ല. അതു കൂടാതെ രോഗ പ്രതിരോധ ശേഷിയും കുറവായിരുന്നു. കേരള സര്‍ക്കാര്‍ നടത്തിയ പ്രോജനി ടെസ്റ്റിംങ് (കുട്ടികളുടെ പാലുത്പാദനവും മറ്റും കണക്കാക്കി , മാതാ പിതാക്കളുടെ ഉത്പാദനം വിലയിരുത്തുന്ന രീതി.), ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കുറേ വിത്തുകാളകളെ നല്‍കിയെങ്കിലും കേരളത്തിന്റെ വര്‍ദ്ധിച്ച ബീജ ആവശ്യം നിറവേറ്റാന്‍ തികയുകയുണ്ടായില്ല. റെക്കോഡുകള്‍ കൃത്യമായി ലഭ്യമല്ലാത്തത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളത്തിനു ചെയ്യാവുന്നതെന്ത് എന്ന് പരിശോധിക്കുന്നതിനു മുമ്പ് നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില.
ഉയര്‍ന്ന ഹുമിഡിറ്റി
മേച്ചില്പുറങ്ങളുടെ അഭാവം.
പ്രോജനി ടെസ്റ്റിംഗ് പോലെയുള്ള സയര്‍ ഇവാലുവേഷനുള്ള ചിലവ്.
കാലിത്തീറ്റയുടെ വര്‍ദ്ധിച്ചു വരുന്ന വില. (ഉത്പാദന ക്ഷമത ഉയര്‍ത്തേണ്ടതിലേക്ക് നയിക്കുന്നു)
പെട്ടന്ന് കൈകാര്യം ചെയ്യേണ്ടുന്ന ആവശ്യകത (ബീജത്തിന്റെ ആവശ്യം).

ഈ സാഹചര്യത്തില്‍ കേരളീയ അന്തരീക്ഷത്തോട് പരമാവധി ഇണങ്ങുകയും, പരമാവധി ബ്രീഡിംങ് വാല്യൂ തരികയും ചെയ്യുന്ന വിത്തുകാളകളെ കേരളത്തിന് ആവശ്യമായി വരുന്നു. തുടര്‍ നടപടികളില്‍ മേല്‍ പറഞ്ഞ രീതിയില്‍ വളര്‍ത്തപ്പെടുന്ന ഇസ്രായേല്‍ വിത്തുകാളകള്‍ പരിഗണിക്കപ്പെട്ടെങ്കില്‍ അത് തീര്‍ത്തും ശാസ്ത്രീയ തത്വങ്ങള്‍ക്ക് അനുസൃതം മാത്രമാണ്.

കുറിപ്പ്:
ആദ്യമായല്ല കേരളത്തിലേക്ക് വിദേശ വിത്തുകാളകളും ബീജവും കൊണ്ടു വരുന്നത്. മുമ്പും കാളകള്‍, ബീജം, ഭ്രൂണം, കൂടാതെ ബോയര്‍ ആടൂകള്‍ എന്നിവ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പദ്ധതിയിട്ടിട്ടുള്ള വിത്തുകാളവാങ്ങലില്‍ ഒരെണ്ണത്തിന് 2 ലക്ഷം രൂപ നിരക്കില്‍ 20 എണ്ണമാണ് വാങ്ങാനുദ്ദേശിക്കുന്നത്. മാട്ടുപ്പെട്ടിയില്‍ ഒരു പ്രൂവണ്‍ വിത്തുകാളക്ക് 5 ലക്ഷത്തോളം ചിലവ് വരും എന്നത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ഇസ്രായേല്‍ കാറ്റില്‍ ബ്രീഡേഴ്സ് അസോസിയേഷന്റെ 2006 ലെ റിപ്പോര്‍ട്ട്

4/07/2009

ജി. അരവിന്ദന്റെ ഒരു കാര്‍ട്ടൂണ്‍

കേരളീയ സാംസ്കാരിക ചരിത്രത്തിലെ സുപരിചിതമായൊരു വ്യക്തിത്വമാണ് ജി.അരവിന്ദന്‍. താന്‍ കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭയുടെ അപൂര്‍വ്വ രചനകളിലൊന്നാണ് “ചെറിയ മനുഷ്യരും വലിയ ലോകവും” എന്ന കാര്‍ട്ടൂണ്‍ കൃതി. അറുപതുകളിലും എഴുപതുകളിലുമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്ന കാര്‍ട്ടൂണ്‍ പരമ്പര 1978 ഇല്‍ ആദ്യമായി പുസ്തക രൂപത്തില്‍ പുറത്തിറങ്ങി.

നിത്യ ജീവിതത്തില്‍ നാം പരിചയപ്പെടുന്ന ഓരോ വ്യക്തികളേയും കാണുമ്പോള്‍ അരവിന്ദന്റെ ഒരോ സൃഷ്ടിയും മനസ്സിലോടിയെത്തുന്നു. അപ്രകാരം ഒന്ന് ഇവിടെ സ്കാന്‍ ചെയ്തിടുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതായിക്കാണുമല്ലോ.


(കടപ്പാട്: ചെറിയ മനുഷ്യരും വലിയ ലോകവും, ഡി.സി ബുക്സ് )

സമൂഹത്തില്‍ എക്കാലവും കാ‍ണപ്പെട്ടിരുന്ന ചില കഥാപാത്രങ്ങള്‍ , നമുക്കിവരെ പരിചയമില്ലെ ?

4/04/2009

കുഴിമാടം തുറന്നിറങ്ങുന്ന മലയാള സിനിമകള്‍

സിനിമ എന്നും സമൂഹത്തിന്റെ പരിഛേദമായി വര്‍ത്തിക്കുന്നു എന്നാണ് നാം കരുതിപ്പോരുന്നത്. മലയാള സിനിമാ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇത് വാസ്തവമെന്ന് തോന്നുന്നതരത്തിലാണ് സിനിമയുടെ പ്രമേയത്തിലും അവതരണത്തിലും ഉണ്ടായ പരിവര്‍ത്തനങ്ങള്‍. എന്നാല്‍ സമൂഹത്തിലുണ്ടായ മാ‍റ്റങ്ങള്‍ക്ക് മുന്നേ ഓടിയിരുന്നോ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സിനിമകള്‍?

നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചാണ് ഇന്ന് മലയാള സിനിമ നില്‍നില്‍ക്കുന്നത്. തലമുറകള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചതിനാലോ എന്തോ പുതു സിനിമകള്‍ മനസ്സിലേക്കു കയറുന്നില്ല, അതോ അവയെ കയറ്റുകയില്ല എന്ന് മനസ്സ് നിര്‍ബന്ധം പിടിക്കുകയാണോ ആവോ.

സ്കൂള്‍ കോളേജ് കാലഘട്ടത്തില്‍ ഇറങ്ങിയിരുന്ന നിരവധി സിനിമകള്‍ പുതിയ പ്രമേയങ്ങള്‍ മലയാള സിനിമക്ക് നല്‍കി, സുപ്പര്‍ താരങ്ങളേയും. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും മറ്റും മലയാള പ്രേക്ഷകനു മുന്നിലെത്തിയതും ഈ കാലത്താണ്. ഇവര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞാടിയതിനാല്‍ പുതു തലമുറയെ സ്വീകരിക്കാന്‍ നാം വിമുഖരായോ അതോ പുതുതലമുറയേ ഇവര്‍ അകറ്റി നിര്‍ത്തിയോ? രണ്ടുമാവാം.

ഈ വിമുഖത എല്ലാ മേഖലയിലും തുടരുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചില മലയാള സിനിമകള്‍ നമ്മോട് പറയുന്നതതാണ്. കുഴിമാടങ്ങളില്‍ ‍ വിശ്രമിച്ചിരിന്ന താരാദാസും ബെലറാമും എണീറ്റുവന്നതിനു ചുവടുപിടിച്ച് സാഗര്‍ എലിയാസ് ജാക്കി വന്നു, വേറെ ആരൊക്കെയോ വന്നു. ഇപ്പോഴിതാ ഇവരേക്കാള്‍ ഒട്ടും മോശമല്ല തങ്ങളുടെ പ്രേതങ്ങളും എന്ന് തെളിയിച്ചുകൊണ്ട് തോമസുകുട്ടിയും സംഘവും ഹരിഹര്‍നഗറിലേക്കെത്തിയിരിക്കുന്നു.


മലയാള സിനിമയുടെ ഭാവി ഇനി കുഴിമാടങ്ങളില്‍. ! പുതു തലമുറയെയും പുതു കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ തിരസ്കരിക്കുകയാണോ?

ആത്മഗതം:

വിജയം കണ്ട സിനിമകളുടെ രണ്ടും മൂന്നും ഭാഗങ്ങളെടുക്കുക പതിവാണ്. അത്തരത്തില്‍ പുറത്തിറങ്ങിയ ഒരു സിനിമയാണ് ചെങ്കോല്‍. 1989 സൃഷ്ടിക്കപ്പെട്ട കിരീടം എന്ന ചിത്രത്തിലെ ആദര്‍ശധീരനും കരുത്തുള്ള കഥാപാത്രവുമായ പോലീസുകാരന്‍ അച്ചുതന്‍ നായര്‍ (തിലകന്‍), സ്വന്തം മകളെ കൂട്ടിക്കൊടുക്കുന്ന അച്ഛനായാണ് രണ്ടാം ഭാ‍ഗമായ ചെങ്കോലില്‍ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രമാണെങ്കിലും, ശക്തമായ ഒരു വ്യക്തിത്വത്തെ ഇത്രയധികം തേജോവധം ചെയ്ത മറ്റൊരു സൃഷ്ടി കണ്ടിട്ടില്ല. ആ തിരക്കഥാകൃത്തിനെയും സംവിധായകനേയും കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ തലക്കടിച്ച് കൊല്ലാമായിരുന്നു.

4/01/2009

ചാറ്റ് റൂമാവുന്ന ബ്ലോഗ് പോസ്റ്റുകള്‍

ബൂലോക ജീവിതത്തിന്റെ ആദ്യ മാസങ്ങളില്‍ ചില ബ്ലോഗ്ഗ് പോസ്റ്റുകള്‍ കണ്ട് സ്വയം ചോദിച്ച ഒരു ചോദ്യമാണിത്. ചാറ്റ് റൂമാവുന്ന ബ്ലോഗുകളില്‍ നിന്ന് ഒഴികിയെത്തുന്ന കമന്റുകള്‍ മറുമൊഴികളില്‍ നിറയുന്നു. ഇന്ന് വളരെ പ്രസക്തമെന്നു തോന്നിയതിനാല്‍, അന്നിട്ട ഒരു പോസ്റ്റിലേക്ക് വീണ്ടും ഒരു ലിങ്ക്.

ബ്ലോഗോ ചാറ്റ് റൂമോ?

ഇവിടെ വായിക്കാം.

ബോഗ്ഗോ ചാറ്റ് റൂമോ ?

വലുതാക്കാന്‍ ചിത്രം ക്ലിക്ക് ചെയ്യുക


ഒരു കേരള ചാറ്റ് റൂം




ചില മലയാളം പോസ്റ്റുകളും കാണൂ


ഏറ്റവും പുതു സീരീസില്‍ ഒന്ന്:(അപ്ഡേറ്റ്)

വ്യത്യാസം കണ്ടു പിടിക്കാമോ ?