6/30/2010

റോഡരുകില്‍ ഒരു ധര്‍ണ്ണ



കേരളത്തില്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ കെ.ജി.ഓ.എ യുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണകളില്‍ നിന്നും ഒരു ദൃശ്യം.
റോഡരുകില്‍ കൂട്ടം കൂടി, നിയമം ലഘിച്ചതിന്റെ പേരില്‍ ജയിലടക്കുമോ എന്തോ? !

6/26/2010

ഇന്ത്യയെങ്ങോട്ട്

അര്‍ത്ഥശൂന്യമായൊരു ചോദ്യമാണ്, ഇന്ത്യയെങ്ങോട്ട് എന്നത്.
എങ്ങോട്ടേക്ക് പോയാലും ഈ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രനാരായണന്മാര്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന അവസ്ഥയിലെക്ക് ഇന്ത്യാരാജ്യം എത്തിച്ചേര്‍ന്നു എന്നതുകൊണ്ട് മാത്രമാണ് മേല്‍ ചോദ്യം അര്‍ത്ഥശൂന്യമാകുന്നത്. അതുമല്ലെങ്കില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന വ്യവസ്ഥിതി നമ്മെ എങ്ങോട്ടെക്കാണ് നയിച്ചേക്കുക എന്നത് ഏറെക്കുറെ വ്യക്തമായിരിക്കുന്നു എന്നു വേണമെങ്കിലും പറയാം. കഴിഞ്ഞ പാര്‍ലമെന്റ് കാലത്ത് ഇടതുപക്ഷം പിന്‍വലിച്ച പിന്തുണക്ക് പകരം എംപിമാരെ വിലക്കുവാങ്ങാന്‍ കോടികള്‍ ചിലവിട്ട കണക്ക് നമ്മള്‍ കണ്ടുകഴിഞ്ഞു. നിലവില്‍ ഭരണയന്ത്രം നിയന്ത്രിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളില്‍ 300 നുമുകളില്‍ പേര്‍ ബില്ല്യണയര്‍മാരാണ്. കോണ്‍ഗ്രസ്സിന്റെ എംപി മാരില്‍ ഇരുനൂറ്റി അമ്പതോളം പേര്‍ കോടിപതികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ഒറ്റ കണക്കുതന്നെ നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ലക്ഷക്കണക്കുനു രൂപ ദിവസവാടകയുള്ള ഹോട്ടലുകള്‍ മാത്രം താമസ്സത്തിനു തിരഞ്ഞടുക്കുന്ന എംപി മാരുള്ള നാട്ടില്‍, അവര്‍ക്ക് ഓശാനപാടാന്‍ ആരാധകരുള്ള നാട്ടില്‍ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുക?

ഈ ഒരു വിഷയം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം സമീപകാലത്തായി നമ്മുടെ നാട്ടില്‍ നടന്ന ചിലകാര്യങ്ങളില്‍ പൊതു മാദ്ധ്യമങ്ങളിലും ബ്ലോഗിലും ഉയര്‍ന്ന ചര്‍ച്ചകളാണ്. ഇന്ത്യയുടെ പൊതുസ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചുകൊണ്ടിരിക്കുന്നതിനെയും നമ്മുടെ സമ്പത് വ്യവസ്ഥയുടെ നട്ടല്ലായ ബാങ്കുകള്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ സ്വകാര്യവത്കരിക്കുന്നതിനെയും അനുകൂലിച്ച് ജെയ് വിളിക്കാന്‍ ഇവിടെ ജനാധിപത്യവാദികള്‍ മത്സരിക്കുന്നു എന്നത് കൌതുകത്തോടെ മാത്രമേ വീക്ഷിക്കാനാവൂ. കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ലോകമൊന്നാകെ ഉലഞ്ഞപ്പോഴും ഇന്ത്യ പരിക്കുപറ്റാതെ നിന്നത് ഇവിടുത്തെ ധനകാര്യ സ്ഥാപങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതിയിലായതിനാലാണെന്ന് നമ്മൂടെ ധനമന്ത്രി ചിദംബരം തന്നെ പറഞ്ഞതും ആരുടേയും കണ്ണു തുറപ്പിച്ചില്ല. എന്നിട്ടും കടുത്ത സ്വകാര്യവത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.കുത്തകകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുറത്തുവരുന്നത് ആദ്യമായല്ല, ആകസ്മികമായും അല്ല. ശത കോടീശ്വരന്മാര്‍ നമ്മുടെ പാര്‍ലമെന്റില്‍ കയറിയിരിക്കുന്നത് വെറുതെ അല്ലല്ലോ.

ഇന്ത്യന്‍ ജനാധിപത്യത്തിനിന്ന് പാവപ്പെട്ടവന്റെ മുഖമില്ല. ജവര്‍ലാല്‍ നെഹറു മുന്നോട്ട് വച്ച സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നത് ഏറെ പിന്നോട്ട് പോയിരിക്കുന്നു. കഴിഞ്ഞൊരു ദിവസം ബ്ലോഗിലെ പ്രമുഖ “ജനാധിപത്യവാദി” ആയ ശ്രീമാന്‍ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ഒരു പോസ്റ്റ് കണ്ട് അമ്പരന്നു പോയി. ചില വാചകങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഇപ്രകാരമാണ് -

സ്വകാര്യസ്വത്തിലും സ്വകാര്യമൂലധനത്തിലും അധിഷ്ഠിതമായ ഒരു ജനാധിപത്യവ്യവസ്ഥിതിയാ‍ണ് നമ്മള്‍ സ്വാതന്ത്ര്യാനന്തരം തെരഞ്ഞെടുത്തതെന്നും, അത്തരം സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് പരിമിതികളുണ്ട്, അതിനാകട്ടെ സ്ഥിതിസമത്വം ഏര്‍പ്പെടുത്താനുള്ള ബാധ്യതയുമില്ല. എല്ലാം ചെയ്യേണ്ടത് സര്‍ക്കാരാണ്, ജനങ്ങള്‍ ചുമ്മാ പെറ്റുപെരുകിയാല്‍ മതി എന്നാണെങ്കില്‍ ഇപ്പോള്‍ തന്നെ വിപ്ലവത്തിന് ഇറങ്ങിപ്പുറപ്പെടണം. ഇത് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി തന്നെയാണ്.


ഉദാഹരണമായി ബ്ലോഗില്‍ നിന്നു തന്നെയുള്ള ഒരു ആശയം ചൂണ്ടിക്കാട്ടി എന്നെ ഉള്ളൂ, ഇത് അഞ്ചരക്കണ്ടിയുടെ മാത്രം ചിന്താഗതിയുടെ പ്രശ്നമല്ല, മറിച്ച് മാറിവരുന്ന ചിന്താധാരയാണ്. പണമുള്ളവന്‍ അതുണ്ടാക്കാനുള്ള വഴികള്‍ തേടുമെന്നും അതിനിടെ വീണുകിട്ടുന്ന വല്ലതും തേടിപ്പിടിച്ച് വിശപ്പടക്കെണ്ട ബാദ്ധ്യത പട്ടിണിക്കാരനാണെന്നുമാണ് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടില്‍ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ കോടിക്കണക്കിനു രൂപ പണം പണം മുടക്കി ഒരു ജനാധിപത്യ സര്‍ക്കാര്‍ ആവശ്യമില്ലല്ലോ.

ജനാധിപത്യത്തിലൂടെ സോഷ്യലിസ്റ്റ് ചിന്താഗതി രാജ്യത്ത് നടപ്പാവണമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എന്ന നിലയില്‍, മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരനോട് യാതൊരു ബാദ്ധ്യതയും ഇല്ല എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്നത് കണ്ടില്ലെന്ന് വക്കാനാവുമോ? എണ്ണവില നിശ്ചയിക്കാനുള്ള അധികാരം ഉപേക്ഷിക്കുന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത് ഇത്തരം തന്ത്രപ്രധാന മേഖകളില്‍നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റമാണ് കാണിക്കുന്നത്. സ്വകാര്യ മുതലാളിമാര്‍ക്ക് രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചുകൊടുക്കുന്നതിനു സമാനമായ ഒരു നടപടി, ഭാവിയില്‍ വരാനിരിക്കുന്ന അനേകം പരിഷ്കാരങ്ങളുടെ മുന്നോടി. ഇത്തരം നടപടികള്‍ക്കെതിരെ രണ്ട് വരി എഴുതിയെങ്കിലും പ്രതിഷേധിക്കുക എന്നത് ഞാന്‍ എന്ന വ്യക്തിയുടെ ബാദ്ധ്യതയാണ്. അതു ചെയ്യുന്നു എന്ന് മാത്രം.