6/15/2010

ന്യായമാകുന്ന ചില നരഹത്യകള്‍

സ്ക്രീനില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന നായകന്‍....
നിലത്ത് കോടീശ്വരനായ വില്ലന്‍ ..

"അരുത് എന്നെ കൊല്ലരുത് , എനിക്കുള്ളതെല്ലാം നിനക്കു തരാം , എന്നെ കൊല്ലാതെ വിട്ടാല്‍ മതി " വില്ലന്റെ നിലവിളി.

സാധാരണ സിനിമകളിലും മറ്റും കാണാവുന്ന ഒരു രംഗമാണിത്.

നായകന്‍ കൊല്ലുകയോ‌ തിന്നുകയോ‌ ചെയ്യട്ടെ , ഞാന്‍ ഒരു സംശയം ചോദിക്കാം, ഒരാളുടെ ജീവന് എന്തു വിലയുണ്ടാകും?

പറയാന്‍ പറ്റുന്നില്ലെങ്കില്‍ പോട്ടെ , നിങ്ങളുടെ ജീവന് എന്തു വില തരേണ്ടി വരും?
വില നല്‍കിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങളെ ഗ്യാസ് ചേമ്പറില്‍ ഇട്ടേക്കാം അതുമല്ലെങ്കില്‍ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വെടിവെച്ചു കൊന്നെന്നും വരാം ....
വിലയിടാന്‍ ബുദ്ധിമുട്ടാണല്ലെ?

എന്നിട്ടാണ് നിങ്ങളുടെ മകനെയോ അച്ഛനെയോ അമ്മവനെയോ അതിര്‍ത്തി കാക്കാനെന്ന ഓമനപ്പേരില്‍ തോക്കിന്റെ മുന്നിലേക്ക് അയക്കുന്നത്. പാവപ്പെട്ട അവന്റെ ജീവന് യൂണിഫോറത്തിന്റെ ഗ്രേഡനുസരിച്ച് വിലകിട്ടിയേക്കാം. അവനെ പ്രലോഭിപ്പിക്കുവാനുപയോഗിക്കുന്നതാവട്ടെ രാജ്യസ്നേഹം, മാതൃഭൂമി തുടങ്ങിയ അര്‍ത്ഥ ശൂന്യ പദങ്ങളും.

ഒരു രാജ്യത്തിന്റെ പട്ടാളക്കാരനെന്ന നിലയില്‍ മറ്റ് രാജ്യക്കാരനെ വെടിവച്ചുകൊന്നാല്‍ അവന്‍ ദേശ സ്നേഹി!

മറ്റ് രാജ്യക്കാരന്റെ വെടിയേറ്റ് അവന്‍ മരിച്ചാല്‍ അത് ദേശസ്നേഹം !!

ജീവിക്കാനായ് മരിക്കാന്‍ തയ്യാറായെത്തുന്ന പട്ടാളക്കാരെനെക്കൊണ്ട് കൊലപാതകം ചെയ്യിക്കാന്‍ ഭരണകൂടം കണ്ടെത്തുന്ന ചെപ്പടി വിദ്യകള്‍ കൊലപാതകത്തെ നിയമ വിധേയമാക്കുന്നു.നൂറ്റാണ്ടുകളായ് തുടര്‍ന്നു വരുന്ന നരഹത്യകള്‍ ദേശസ്നേഹത്തിന്റെ പുറം ചട്ടയാല്‍ പുതപ്പിച്ച് വെള്ളപൂശിയെടുക്കുന്നു.ഓരോ രാജ്യവും മറ്റവന് അന്യരാജ്യമാവുമ്പോള്‍ പരസ്പരം കൊന്നുതള്ളാന്‍ നിയമം കൂട്ടു നില്‍ക്കുന്നു. ഗോത്രങ്ങളില്‍ നിന്നും വളര്‍ന്ന് രാജ്യങ്ങളില്‍ ചെന്നെത്തി നില്‍ക്കുന്ന നരമേധത്തിന്റെ അതിര്‍ത്തികള്‍ ഇന്നതിന്റെ മാനങ്ങള്‍ മാറ്റി മറിച്ച് കേവല വിശ്വാസങ്ങളിലും ദൈവങ്ങളിലും ചെന്നെത്തിയിരിക്കുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കണം. രാജ്യസ്നേഹമാണ് പട്ടാളക്കാരന് ന്യായപ്രമാണമാകുന്നതെങ്കില്‍ മരണം കയ്യില്‍ വച്ച് നടക്കുന്ന ഏതൊരു കൂട്ടത്തിനെയും നാം അംഗീകരിക്കണ്ടതല്ലെ?

യുദ്ധവാര്‍ത്തകളില്‍ ഇടക്കിടെ കാണുന്ന ഒന്നാണ് “സിവിലിയന്മാര്‍ക്ക് നേരെ ആക്രമണം, പ്രതിഷേധമിരമ്പി !!!”
ആരാണ് സിവിലിയന്‍സും പട്ടാളക്കാരുമായി മനുഷ്യനെ തരം തിരിച്ചിരിക്കുന്നത്? മരണമേറ്റുവാങ്ങാന്‍ കൂലിക്കാളെ പകരം വച്ച്, ടീവി ഷോ കണ്ട് നടക്കുന്ന ഞാനും നിങ്ങളും ഒരു പട്ടാളക്കാരനില്‍ വേറിട്ട് എപ്രകാരമാണ് സുരക്ഷിതരാവേണ്ടത്? അങ്ങിനെ വാദിക്കുന്നതില്‍ ന്യായമുണ്ടെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. കൊല്ലാന്‍ വരുന്നവര്‍ ഞങ്ങളെ വെറുതെ വിട്ട് പട്ടാളക്കാരെ കൊന്നോളൂ എന്നാണ് ആ പറയുന്നതിന്റെ അര്‍ത്ഥം. ആ ന്യായവാദം എന്നും വകവെച്ചു കിട്ടുമെന്ന് കരുതണ്ട. ഒന്നുകില്‍ എല്ലാ നരഹത്യകളും നിയമ വിധേയമാക്കുക അല്ലെങ്കില്‍ എല്ലാം നിയമ വിരുദ്ധമാക്കുക, ഈ ഇരട്ടത്താപ്പ് ഒഴിവാക്കപ്പെടുക തന്നെ വേണം. നിലവിലെ നിയമങ്ങള്‍ നരഹത്യകളെ ന്യായീകരിക്കുന്നുവെങ്കില്‍ ഞാനും അതിനെ ന്യായീകരിക്കുന്നു. അങ്ങിനെയെങ്കില്‍ സെപ്റ്റംബര്‍ 11നെ ഞാന്‍ അല്പം സന്തോഷത്തോടെയാണ് ഓര്‍ക്കുക എന്ന് പറയേണ്ടി വരും.

ഇപ്രകാരം തോന്നുന്നതെന്തും എഴുതി പ്രസിദ്ധീകരിക്കാന്‍ സ്വാതന്ത്ര്യം തന്ന ബ്ലോഗെന്ന മാദ്ധ്യമത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം തികയുന്ന ഇന്ന് തന്നെ കിടക്കട്ട് ഒരു തോന്യാസം !!

6/05/2010

ബ്ലോഗാന്‍ എന്തെളുപ്പം - ഉബുണ്ടു

ഉബുണ്ടു ഉപയോഗിച്ച് മലയാളത്തില്‍ ബ്ലോഗാന്‍ എന്തെളുപ്പം !!!

സര്‍വ്വ രാജ്യ ഉഴൈപ്പാളികളെ മൈക്രോ സോഫ്റ്റിനോട്‌ ബൈ പറയൂ.

കുത്തക ഭീമന്മാര്‍ സമസ്തമേഖലകളിലും പടര്‍ന്ന് പന്തലിക്കുന്ന ഈ കാലത്ത് സോഫ്റ്റ്വെയര്‍ രംഗത്ത് സ്വതന്ത്ര സംരംഭങ്ങള്‍ വളര്‍ച്ച പ്രാപിക്കുന്നത് എന്തുകൊണ്ടും ആശാവഹം തന്നെ. സ്വന്തന്ത്ര സോഫ്റ്റ്വെയര്‍ എന്ന നിലയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന പദമാണ് ലിനക്സ് എന്നത്. ലിനസ് ടോര്‍വാള്‍ഡ്‌ എന്ന ഫിന്‍ലാന്റ് വിദ്യാര്‍ത്ഥിയാണ് ആദ്യമായി ലിനക്സ് കെര്‍ണല്‍ വികസിപ്പിച്ചത് . മിനിക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം ഫയലുകളില്‍ ചില പരിഷ്കരണങ്ങള്‍ നടത്തിയാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്. കേര്‍ണല്‍ എന്നാല്‍ ലിനസ്കിന്റെ അടിസ്ഥാന ഭാഗമാണ് . സിസ്റ്റം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കേര്‍ണലാണ്. അതായത് നമ്മെപ്പോലെയുള്ള യൂസര്‍ നല്കുന്ന വിവരങ്ങള്‍, കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയറുമായി വിനിമയം നടത്തുന്നതാണ് ഇതിന്റെ ജോലി. ഇത്തരത്തിലുള്ള നിരവധി കേര്‍ണലുകളുടെ ഒരു സമാഹാരമാണ് ഇന്ന് നമ്മള്‍ കാണുന്ന ലിനക്സ്.

ഇന്ന് വളരെ ഉയര്‍ന്ന സ്റ്റബിലിറ്റി, സെക്യൂരിറ്റി എന്നിവ നല്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നു ലിനക്സ് മാറിയിരിക്കുന്നു. ലിനക്സ് ഡിസ്റ്റ്രിബ്യൂഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിദഘ്ധന്മാരുടെ കൂട്ടായ്മയാണ് ഗ്നു പ്രോജക്റ്റ്.1983 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്നൂ കൂട്ടായ്മ, ലോകോത്തരമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാനായ് പ്രവര്‍ത്തിക്കുന്നു. 1990 ആയപ്പോഴേക്കും ഒരു ഓപ്പറേറ്റിങ് സിസ്റ്റത്തിനാവശ്യമായ എല്ലാ ഘടകങ്ങളും വികസിപ്പിച്ചിരുന്നു. ഈ ഘടകങ്ങളും കേര്‍ണലും കൂടിച്ചേര്‍ന്നതാണ് ഇന്ന് നാം കാണുന്ന ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍.

Free software എന്നതിലെ ഫ്രീ എന്ന പദം വിലയെ സൂചിപ്പിക്കുന്നതല്ല, മറിച്ച് ഈ സോഫ്റ്റ് വെയറിന്മേല്‍ ഉപയോക്താവിനുള്ള സ്വാതന്ത്ര്യമാണ് സൂചിപ്പികുന്നത് . ഫ്രീയായ് ലഭിക്കുന്ന ഇതിന്റെ സോഴ്സ് കോഡ് കൂടുതലായി വികസിപ്പിക്കാനോ‌, കൈകാര്യം ചെയ്യാനോ ഇത് നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. നമുക്കനുയോജ്യമയ രീതിയില്‍ ഇതിനെ പുനക്രമീകരിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട് . ഈ സ്വാതന്ത്ര്യമാണ് ലിനക്സിനെ ഇന്ന് ഉയരങ്ങളിലേക്ക് നയിക്കുന്നത് . മോഷ്ടിച്ചെടുത്ത മൈക്രോസോഫ്റ്റ് ഉത്പന്നങ്ങള്‍ , വിന്‍ഡോസ് എക്സ്പി അടക്കം , ഉപയോഗിക്കുന്ന കേരളത്തിലെ ശരാശരി കമ്പ്യൂട്ടര്‍ ഉപയോക്താവ് ഈ മോഷണ വസ്തുക്കള്‍ വലിച്ചെറിഞ്ഞ് സൗജന്യമായി തന്നെ ലഭിക്കുന്ന ലിന്ക്സ് ഡിസ്ട്രിബ്യൂഷനുകളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇവയില്‍ ഡെസ്ക്ടോപ്പ് പി.സിക്ക് ഏറ്റവും ഉതകുന്ന ഒന്നായ "ഉബുണ്ടു" ഉപയോഗിച്ചു പഠിക്കാന്‍ ഒരു പോസ്റ്റ് ഇതാ ..