പ്രത്യേക പരിപാടികളൊന്നുമാസൂത്രണം ചെയ്തിട്ടില്ലാത്തതിനാല്‍ സമയത്തെക്കുറിച്ച് വേവലാതിയില്ല, അപ്പപ്പൊള്‍ തോന്നുന്നതാണ് കാര്യപരിപാടി. ഉറപ്പിച്ചു , ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കാട്ടിലേക്ക് പോവുക. കാടെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഉത്സാഹമാണ്, പൂര്‍വ്വികരായ മരഞ്ചാടികളെ കാണാം, മാനുകളെ കാണാം, ഭാഗ്യമുണ്ടങ്കില്‍ ആനയേയും കാണാം.സ്ത്രീ ജനങ്ങളുടെ ശ്രമഫലമായി കോഴി പോത്ത് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വീട്ടില്‍ തന്നെ പൊരിച്ച് പാത്രത്തിലാക്കി, മറ്റ് സാധങ്ങള്‍ ഹോട്ടലില്‍ നിന്നും വാങ്ങി പാത്രത്തിലാക്കി പൊള്ളാച്ചി റൂട്ടില്‍ യാത്രയാരംഭിച്ചു. വഴിതടയാന്‍ ശ്രമിച്ച വാട്ടര്‍ തീം പാര്‍ക്കുകളുടെ ബോര്‍ഡുകളെ പിന്നിലാക്കി, അങ്ങു ദൂരെത്തെളിയുന്ന അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഭംഗിയുമാസ്വദിച്ച് കാട്ടിലേക്ക്. അതിരപ്പള്ളി കഴിയുന്നതോടെ തന്നെ ആരംഭിക്കുന്ന കാടിന്റെ ഛായ മനോഹരം തന്നെ, വാഴച്ചാല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കഴിയുന്നതോടെ അതിന്‍ ഘനം ഏറുകയും ചെയ്യുന്നു.എത്ര ദൂരം പോകണമെന്നോ എവിടെ വരെ പോകണമെന്നോ നിശ്ചയിച്ചുറപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും കാര്‍ മുന്നോട്ട് തന്നെ പോയ്ക്കൊണ്ടിരുന്നു, ഇട തൂര്‍ന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ.
സമയം അതിക്രമിക്കുന്നു, കുട്ടികള്‍ വിശപ്പുകൊണ്ട് അക്ഷമരായ്ത്തുടങ്ങി, എങ്കിലും തേടിയ സ്ഥലം എത്തിയില്ലെന്ന തോന്നലില്‍ കൂട്ടുകാരന്‍ കാറ് ഓടിച്ചു കൊണ്ടേയിരുന്നു. വാഹനം നിര്‍ത്താന്‍ സൌകര്യം തോന്നുന്ന സ്ഥലങ്ങളില്‍ വെള്ളം അകലെയാവും, വെള്ളം കിട്ടുമെന്ന് തോന്നുന്ന സ്ഥലങ്ങളിലാവട്ടെ പരിസരം ശ്രദ്ധിക്കാനുള്ള സൌകര്യം കുറവാകും, വഴിനീളെ ചിതറിക്കിടക്കുന്ന പുതിയതും പഴയതുമായ ആനപ്പിണ്ടം ജാഗ്രതയുണര്‍ത്തുകയും ചെയ്യുന്നുണ്ട്. ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുവെന്ന് തോന്നുന്നു പുഴത്തീരത്തേക്ക് നയിക്കുന്ന ഒരു പാതകാണാറായ്, വാഹനം നിര്‍ത്തിയിടാന്‍ സൌകര്യവും തോന്നി, അതിലുമുപരി ആദിവാസികളെന്ന് തൊന്നിക്കുന്ന ഒരു ചെറിയ സംഘം ആളുകള്‍ നടന്നു വരുന്നതും കാണാമായിരുന്നു. വിശപ്പിനോട് അവധിപറഞ്ഞ് മടുത്ത എല്ലാവരും കൂടുതലൊന്നുമാലോചിക്കാതെ തീരത്തേക്ക് പാഞ്ഞു. കുട്ടികളാണ് മുന്നില്‍, അവരുടെ കൈപിടിച്ച് അമ്മമാര്‍, പിന്നാലെ ഭക്ഷണവും വിരിയുമായി ഞങ്ങളും നടന്നു. വഴിയില്‍ കിടക്കുന്ന ആനപ്പിണ്ടം സ്ഥിരം കാഴ്ചകളിലൊന്നായതിനാല്‍ ഗൌനിച്ചില്ല, പക്ഷെ കാടിനുള്ളില്‍ കണ്ണിനേക്കാള്‍ നമ്മെ നയിക്കേണ്ടത് ശബ്ദവും ഗന്ധവുമാണെന്ന പാഠം വിസ്മരിക്കാന്‍ പാടില്ലല്ലോ, പത്തടികൂടി മുന്നോട്ട് നടന്നില്ല, അതിരൂക്ഷമായ ആനച്ചൂര് അനുഭവപ്പെട്ടു, ശബ്ദമില്ല, കാറ്റിന്റെ വരവിനൊപ്പമാണ് ഗന്ധം. സംശയിക്കാനില്ല, അടുത്തെവിടെയോ ആനയുണ്ട്. കാടങ്ങിനെയാണ്, നിശബ്ദതക്കുള്ളില്‍ അപകടം ഒളിപ്പിച്ച് അത് നമ്മെ മാടി വിളിക്കും, കണ്ണിനെ മാത്രം വിശ്വസിച്ചു ചെല്ലുന്നവര്‍ ചതിയിലാവുകയും ചെയ്യും. ഒരു നിമിഷം പോലും വൈകാതെ നിശ്ശബ്ദമായി കാറിലേക്ക് മടങ്ങി, എന്തിനു മടങ്ങിയെന്ന് മാത്രം പറഞ്ഞില്ല, കുട്ടികള്‍ ഭയപ്പെടരുതല്ലോ.
യാത്രതുടരവെ നല്‍കിയ വിശദീകരണം കേട്ട് അമ്മമാര്‍ രോഷാകുലരായി, കുട്ടികള്‍ ഭയപ്പാടൊടെയാണെങ്കിലും ആനയെക്കാണാന്‍ തിടുക്കം കൂട്ടി.
ഏറെനേരത്തെ ഡ്രൈവിനു ശേഷം മനോഹരമായയൊരു സ്ഥലത്തെത്തി, ആനക്കയം ആണെന്ന് തോന്നുന്നു.പെരിങ്ങല്‍ കുത്ത് ഡാമിനു കിഴക്ക മാറിയാണ് ആ പാലം. കൂട്ടായ് മറ്റ് ചില വാഹനങ്ങളും നിര്‍ത്തിയിട്ടുണ്ട്,കൂടുതല്‍ ചിന്തകളാവശ്യം വന്നില്ല.
മണിക്കൂറുകള്‍ കടന്നുപോയി, തിരികെക്കയറണമെന്ന ആഗ്രഹമാര്‍ക്കുമില്ലെങ്കിലും പോരാതെ പറ്റില്ലല്ലോ. വളരെ സാവധാനമാണ് മടങ്ങിയത്, കാഴ്ചകളാസ്വദിച്ച്.ഇനിയെത്രകാലം ഈ മനോഹാരിതയെന്നറിയില്ല. അതിരപ്പള്ളിയെന്ന ജൈവ വൈവിദ്ധ്യത്തിന് ശവക്കുഴി തോണ്ടാന്‍ തയ്യാറെടുപ്പുകളുമായി വൈദ്യുത ബോര്‍ഡ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ജലനിരപ്പുയരുന്നതിനനുസരിച്ച് ഇതുവഴി ഇടമലയാറ്റിലേക്ക് വെള്ളമൊഴുകുന്നു.
385 കോടി മതിപ്പ് ചിലവ് കണക്കാക്കപ്പെട്ട് ആരംഭിച്ച പദ്ധതി ഇപ്പോള്‍ 650 കോടിയിലെത്തി നില്‍ക്കുന്നു എന്നാണ് അറിവ്.
മടക്കയാത്രയിലെ പ്രധാന ചര്‍ച്ചാ വിഷയം അതിരപ്പള്ളിയുടെ മരണത്തെക്കുറിച്ചായിരുന്നു. പീക്ക് ലോഡ് സമയമായ 6 മുതല്‍ 10 വരെയുള്ള രാത്രി സമയം മാത്രം പ്രവര്‍ത്തിക്കത്തക്കവണ്ണം 163 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണത്രെ ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 500 കോടി രൂപ വിലമതിക്കാവുന്ന സേവനങ്ങളും , വിലമതിക്കാനാവാത്ത ജൈവ വൈവിദ്ധ്യവും കേവലം 163 മെഗാ വാട്ട് ഊര്‍ജ്ജത്തിനായി ബലികഴിക്കാന്‍ പദ്ധതി തയ്യാറാക്കിയത് തന്നെ പരിസ്ഥിതി എന്ന സങ്കല്പത്തോട് അല്പം പോലും നീതി പുലര്‍ത്താതെയാണന്ന് നിസ്സംശയം പറയാം. ആനേകായിരങ്ങളുടെ കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്ന ചാലക്കുടിപ്പുഴയും മരണത്തിലേക്ക് നീങ്ങുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.