
ഉത്സവകാലം വരവായി.
മലബാര്‍ മേഖലയില്‍ പൂരങ്ങളുടേയും വേലകളുടേയും കാലമാണിനി.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വര്‍ണ്ണ ബലൂണുകള്‍ പാറി നടക്കും.
തങ്ങള്‍ക്കന്നം നല്‍കിയ ദേവകളുടെ പ്രീതിക്കായ് കാളരൂപങ്ങളും, കാളിരൂപങ്ങളും വയലുകളില്‍ നിറയും.
ഉത്സവങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന പ്രധാന ഇനമാണ് ആന എഴുന്നെള്ളിപ്പ്.
ഇതു നിഷിദ്ധമായ അപൂര്‍വ്വം ചില ആരാധനാലയങ്ങളൊഴികെ എല്ലായിടവും, ജാതി മത ഭേദമെന്യേ ഈ പാവം ജീവികളെ കെട്ടിയെഴുന്നെള്ളിക്കുന്നു. ആനകളുടെ എണ്ണം ഉത്സവത്തിന്റെ പ്രൌഢിയുടെ അളവുകോല്‍ പോലും ആവുന്നു. കേരളത്തില്‍ എഴുന്നെള്ളിക്കപ്പെടുന്ന ആനകളുടെ എണ്ണം , ഇവിടുത്തെ മൊത്തം ആനകളേക്കാള്‍ കൂടുതലാണ് എന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്. എണ്ണം തികക്കാന്‍ ബീഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുംവന്‍ തോതില്‍ ആനകളെ കൊണ്ടു വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.പലപ്പോഴും വിശ്രമമോ, കുടിവെള്ളമോ പോലും ലഭ്യമാവാതെ തളരുന്ന ഇവയാകട്ടെ പരിഭ്രാന്തിയാല്‍ പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ പ്രലോഭനത്താല്‍ മദപ്പാടുള്ള സമയങ്ങള്‍ പോലും ഇവക്ക് വിശ്രമം ലഭിക്കുന്നില്ല. ഫലമോ, "ആനച്ചോര്‍ കൊലച്ചോര്‍ "എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇവ പാപ്പാന്മാരെ കൊന്നൊടുക്കുന്നു. കൊലവിളി നടത്തി പായുന്ന കൊമ്പന്മാരുടെ ആക്രമണത്തില്‍ നിരവധിയായ സാധാരണമനുഷ്യരും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്.

ആനകളുടെ സംരക്ഷണത്തിനും, എഴുന്നെള്ളിപ്പിനുമായി നിരവധി നിയമങ്ങള്‍ നിലവിലുണ്ട്. ഇതു കൂടാതെ 2008 ഡിസംബറില്‍ പുറത്തിറങ്ങിയ അറിയിപ്പില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉത്സവക്കമ്മറ്റിക്കാര്‍ക്കും, പോലീസിനുമായി നല്‍കിയിരിക്കുന്നു.
ഏഴുന്നെള്ളിപ്പ് സമയത്ത് വേണ്ട കാര്യങ്ങള്‍ :
1. കേരളത്തിലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ ഉടമസ്ഥ സര്‍ഫിക്കറ്റ്.
2. റജിസ്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്.
3. തിരിച്ചറിയലിനായി മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ്.
4. രണ്ടാഴചക്കുള്ളില്‍ എടുത്തിട്ടുള്ള മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്.
5. പാപ്പാന്മാര്‍ക്ക് രണ്ടര ലക്ഷത്തില്‍ കുറയാത്ത തുകക്ക് ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ്.
6. ആന ആക്രമകാരിയായാല്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യാനുള്ള പബ്ലിക്ക് ലയബിലിറ്റി ഇന്‍ഷ്വറന്‍സ്.
7. ആനയുടെ ആക്രമണത്തില്‍ മറ്റു ആളുകള്‍ക്ക് ഉപദ്രവമേറ്റാല്‍ അത് കൈകാര്യം ചെയ്യാനുള്ള തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്.
8. ആനക്ക് പൊതുജനങ്ങളില്‍ നിന്നും ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധ ചലുത്താമെന്ന് , ആന ഉടമയും, ഉത്സവക്കമ്മറ്റിയും തമ്മിലുള്ള ഉടമ്പടി പത്രം.
ഇത്രയും രേഖകള്‍ ഉണ്ടായിരിക്കണം എന്നത് ജില്ലാ പോലീസ് സൂപ്രണ്ട്, മൃഗ സംരക്ഷണവകുപ്പ് ഇവര്‍ ഉറപ്പാക്കേണ്ടതാണ്. ഇവയില്ലാതെ ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് കമ്മറ്റിക്കായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്വം.
ഇവകൂടാതെ മറ്റു ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ നിലവിലുണ്ട്.
1. ആളുകള്‍ക്കും ആനകള്‍ക്കും യധേഷ്ടം മേയാനുള്ള സ്ഥലം ഉത്സവപ്പറമ്പിനുണ്ടായിരിക്കണം.
2. എഴുന്നെള്ളിപ്പിനു നിരത്തി നിര്‍ത്തുന്ന രണ്ട് ആനകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം.
3. ഇടച്ചങ്ങല നിര്‍ബന്ധമായും ഇടേണ്ടതാണ്.
4. മദപ്പാടിന്റെ സംശയം ഉള്ള ആനകള്‍ക്ക് 3/4 ഇഞ്ച് ചങ്ങല ഉപയോഗിക്കണം.
5. ഒന്നാം പാപ്പാന്‍ , ആനയുടെ ഉത്തരവാദിത്വപ്പെട്ട ഒരാള്‍, എന്നിവര്‍ ആനക്കൊപ്പം ഉണ്ടാവണം.
6. പാപ്പാനെ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനക്ക് വിധേയനാക്കണം.
7. കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന എഴുന്നെള്ളിപ്പില്‍ അഞ്ച് ആനകളില്‍ കൂടുതല്‍ ഉപയോഗിക്കുന്നുവെങ്കില്‍ "സ്പെയര്‍ ആന" വേണം.
ഇനിയും നിയമങ്ങളനവധി, ഇവ അറിയാഞ്ഞിട്ടോ എന്തോ എല്ലാവര്‍ഷവും ആനകള്‍ നിരവധി പ്രശങ്ങള്‍ ഉണ്ടാക്കാറുണ്ട്.
പ്രശനരഹിതമായ ഒരു ഉത്സവകാലം ആവട്ടെ ഇത്തവണ എന്ന് ആഗ്രഹിക്കാം നമുക്ക്.