9/17/2010

വട്ടം കറക്കുന്ന വട്ടപ്പാറ

വട്ടപ്പാറയെന്ന പേര്‍ ഏറെ കുപ്രശസ്തമാണ്, പ്രത്യേകിച്ച് വാഹനം ഓടിക്കുന്ന ആളുകള്‍ക്കിടയില്‍ .
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും ഏതാണ്ട് 4 കി മീ ദൂരെ എന്‍ എച്ച് 17 ഇല്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വട്ടപ്പാറയെന്നതിനേക്കാള്‍ വട്ടപ്പാറ വളവ് എന്നതാണ് ഏറെ പരിചിതം. റോഡില്‍ സാധാരണമെന്ന് തോന്നാവുന്ന ഒരു 90 ഡിഗ്രി വളവ് മാത്രമാണിതെങ്കിലും ആഴ്ചയില്‍ ഒരു ലോറിയെങ്കിലും എന്ന നിരക്കില്‍ മറിഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി. ഗാസ് ടാങ്കര്‍ ലോറികള്‍ മറിയുന്നതും പോലീസ് ഫയര്‍ഫോഴ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‍ നാട്ടുകാര്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ തീപോലും കത്തിക്കാതെ സുരക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും നിത്യ സംഭവമാണ്. ഏതാനും വര്‍ഷം മുന്നെ കോടികള്‍ മുടക്കി വട്ടപ്പാറ വളവ് പരിഷ്കരിച്ചെങ്കിലും അപകടം ഒരു തുടര്‍ക്കഥയാണിന്നും. കഴിഞ്ഞ ദിവസം ഒരു ഗാസ് ടാങ്കര്‍ ലോറി മറിയുകയും, ഗാസ് ലീക്ക് ആയതിനേത്തുടര്‍ന്ന് എഞ്ചിന്‍ പോലും ഓഫ് ചെയ്യാതെ ക്രൂ ഓടി രക്ഷപ്പെട്ടതും അവസാനം നാട്ടുകാര്‍ തന്നെ ജീവന്‍ പണയം വച്ച് വണ്ടി ഓഫ് ചെയ്തതും ഏറെ ബഹളത്തിനിടയാക്കിയിരുന്നു.

ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാവുന്ന ചെറിയ ഒരു പ്രശ്നമാണ് വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും ഏറെ ധന നഷ്ടത്തിനും ജീവനഷ്ടത്തിനും ഇടയാക്കുന്നത്. ചില ചിത്രങ്ങള്‍ നോക്കുക.

സാധാരണ സ്വഭാവം മാത്രമുള്ള ഒരു ഇറക്കം മാത്രമാണ് മുന്നില്‍ കാണുന്നത് .

ഇറക്കം മാത്രമല്ല സുന്ദരമായ റോഡ് നല്ല ഡ്രൈവിങ് സുഖവും നല്‍കുന്നു.

താഴെ വളവ് വളരെ വ്യക്തമായി കാണാം, റോഡിന്റെ നിലവാരമനുസരിച്ച് ശരാശരി വേഗതിയില്‍ വാഹനങ്ങള്‍ പോവുക സ്വാഭാവികം .
വളവിലെത്തുമ്പോള്‍ മാത്രമാണ് റോഡിന്റെ കിടപ്പ് മനസ്സിലാവുക. അല്പം പോലും ഉപരിതലം ക്രമീകരിക്കാതെ ബാങ്കിങ് പേരിനുമാത്രം ഇട്ടിരിക്കുന്ന ഈ തിരിവില്‍ പ്രവേശിക്കുന്നതോടെ വാഹനം പുറത്തേക്ക് പാളാന്‍ തുടങ്ങും. പൂര്‍ണ്ണ ജാഗ്രതയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവറും ഭാരം അധികം ഇല്ലാത്ത ചെറുവാഹനങ്ങളും ആണെങ്കില്‍ നിയന്ത്രണം നഷ്ടമാകുന്നില്ല.
വാഹനങ്ങള്‍ ശ്രദ്ധിക്കുക, അവയൊന്നുപോലും ഉള്ളിലേക്ക് ചരിവ് കാണിക്കുന്നില്ല.

ആങ്കിള്‍ ഓഫ് ബാങ്കിങ്
വലിയ ശാ‍സ്തീയാന്വേഷണത്തിനൊന്നും പോകാതെ മനസ്സിലാക്കാവുന്ന കാര്യമാണ് ബാങ്കിങ് അധവാ ചരിവ്. വേഗതയില്‍ ഒരു വളവിലൂടെ ഓടുന്ന ഒരു വാഹനം എപ്പോഴും പുറത്തേക്ക് തെറിക്കാനുള്ള ഒരു സാധ്യതിയിലാണ് സഞ്ചരിക്കുന്നതെന്നത് നമ്മള്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. സെണ്ട്രിഫ്യൂഗല്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഈ ബലം വാഹനവും റോഡും തമ്മിലുള്ള ഗ്രിപ്പ് (ഘര്‍ഷണം‍) മൂലം തുലനം ചെയ്യപ്പെട്ടാല്‍ വാഹനം പാതയില്‍ തുടര്‍ന്ന് സഞ്ചരിക്കും, അല്ലെങ്കില്‍ നിര്‍ദ്ദിഷ്ഠപാതയില്‍ നിന്നും തെന്നി മാറും. ഘര്‍ഷണം എന്നത് വാഹനത്തിന്റെ ഭാരം, റോഡിന്റെ പ്രതലം, വേഗത എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ചിത്രത്തിനു cns.org നോട് കടപ്പെട്ടിരിക്കുന്നു, തീറ്റ, സൈന്‍ കോസ് എല്ലാം പോകട്ടെ, സംഗ്രഹിച്ചാല്‍ ഇത്രമാത്രം.

ഈ വളവില്‍ അപകടമില്ലാതെ സാദ്ധ്യമാകുന്ന പരമാവധി വേഗം
# ചരിവിനു ആനുപാതികം ആയിരിക്കും.
# ഭാരത്തിനു ആനുപാതികം ആയിരിക്കും.

സ്കൂള്‍ കുട്ടിക്കുപോലും നിര്‍ദ്ധരണം ചെയ്യാവുന്ന ഈ പ്രശ്നം കോടികള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ മഹാരഥന്മാര്‍ക്ക് സാധിച്ചില്ലെന്ന് പറയേണ്ടി വരും.

പ്രശ്നപരിഹാരത്തിനു നാല് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം.

1) റോഡ് ഇപ്രകാരം നില നിര്‍ത്തിക്കൊണ്ട് വേഗത നിയന്ത്രിച്ച് നിര്‍ത്താം. ഒരു പക്ഷെ എത്രത്തോളം പ്രായോഗികമാണെന്ന് പറയാനാവില്ല.

2) റോഡിന്റെ ചരിവ് വര്‍ദ്ധിപ്പിക്കുക.

3) റോഡിലെ വളവ് നിവര്‍ത്തുക.

4) കുറ്റിപ്പുറത്തുനിന്നും ദൂരം കുറഞ്ഞ പാതയായ ബൈപ്പാസ് വിപുലീകരിക്കുക. (പണ്ട് ഹൈവേ ആ വഴിയിലൂടെ നിര്‍ദ്ദേശിച്ചതാണെന്നും വളാഞ്ചേരി ലോബിയുടെ പിടിയാല്‍ റോഡ് വളാഞ്ചേരിയിലൂടെ വന്നതാണെന്നും പിന്നാമ്പുറ കഥകള്‍ )

കോടിക്കണക്കിനു രൂപ ഹൈവേക്കായി മുടക്കുന്ന ഈ നാട്ടില്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും തന്നെ അസാദ്ധ്യമല്ല, മനുഷ്യജീവന് വിലയുണ്ടെന്ന് ഭരണകൂടം തിരിച്ചറിഞ്ഞാല്‍ മാത്രം മതി.

കൌതുക വാര്‍ത്ത.

വളവില്‍ ഒന്നും ചെയ്തില്ലെന്ന് ആരും പറയരുത്. വലിയൊരു കണ്ണാടി സ്ഥാപിച്ചിട്ടുണ്ട്. മറിയുന്ന വണ്ടിയില്‍ നിന്നും ഇറങ്ങി വരുന്നവര്‍ക്ക് ആസനത്തില്‍ പറ്റിയിരിക്കുന്ന പൊടി തട്ടിക്കളയാനാവും എന്ന് കരുതാം. രണ്ടെണ്ണം ഉണ്ടായിരുന്നു ഒന്ന് ഒരു ലോറി മറിഞ്ഞ് പൊട്ടിപ്പോയിരിക്കുന്നു.

9/09/2010

പാല്‍ വിഷമാകുന്നോ?

മാറി വരുന്ന കേരളീയ സാമൂഹിക വ്യവസ്ഥയില്‍ പശുവിന്‍ പാലിന് ഗണനീയമായ സ്ഥാനമാണുള്ളത്. വളരെ ചെറുപ്രായത്തില്‍ തന്നെ മുലയൂട്ടല്‍ ലഭിക്കാതെ വരുന്ന കുഞ്ഞുങ്ങളെ കുപ്പിപ്പാലൂട്ടിയാണ് ഇന്ന് വളര്‍ത്തുന്നത്. അടുത്ത തലമുറ വാര്‍ത്തെടുക്കാനായ് വളര്‍ത്തപ്പെടുന്ന കുട്ടികളുടെ ശൈശവാവസ്ഥയിലുള്ള ആരോഗ്യം പരമ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് വര്‍ദ്ധിച്ചു വരുന്ന ഡയബെറ്റിസ് പോലെയുള്ള അസുഖങ്ങളുടെ ശതമാനക്കണക്കുകള്‍ പഠന വിധേയമാക്കപ്പെട്ടത്.ഇതോടോപ്പം തന്നെ പൊടുന്നനെയുള്ള ശിശു മരണങ്ങള്‍ തുടങ്ങിയ അവസ്ഥകളും വിശകലനം ചെയ്യപ്പെടുകയുണ്ടായി. ജനസംഖ്യയിലെ വര്‍ദ്ധിച്ചു വരുന്ന ഇത്തരം ശതമാനങ്ങള്‍ ചില പൊതു കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്. കേരളത്തില്‍ തന്നെ കഴിഞ്ഞ കുറേ ദശകങ്ങളിലെ ഡയബെറ്റിസ് ബാധിച്ച ആളുകളുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തപ്പെട്ടതും കേരളത്തിലെ ഭക്ഷണ ക്രമവുമായി താരതമ്യം ചെയ്താല്‍ സങ്കര ഇനം പശുക്കളുടെ പാല്‍ ഉപഭോഗം വര്‍ദ്ധിച്ചതുമായി ബന്ധപ്പെടുത്താം എന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇത് വിശകലനങ്ങള്‍ക്ക് വിധേയമാക്കിയതിന്റെ വെളിച്ചത്തില്‍ കൊച്ചു കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്കരുതെന്ന് വരെ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചതായി കാണാന്‍ കഴിയും. നേരിട്ട് ബന്ധപ്പെടുത്തി പറയുകയാണെങ്കില്‍, പ്രമേഹത്തെ ഒരു ഉദാഹരണമായെടുത്താല്‍ സങ്കര ഇനം പശുക്കളുടെ പാല്‍ കഴിക്കുന്നത് വര്‍ദ്ധിച്ചതോടെ പ്രമേഹ രോഗ ശതമാനം വര്‍ദ്ധിച്ചു എന്ന് പറയാം.

ബീറ്റാ കേസിന്‍:

മേല്‍ പരാമര്ശിച്ച പ്രകാരം പാലില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ രോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവോ എന്ന് കണ്ടെത്താനായ് നടന്ന ഗവേഷണങ്ങളില്‍ ചില പശുക്കളുടെ പാലില്‍ അടങ്ങിയിരിക്കുന്ന A1 ബീറ്റ കേസീന്‍ എന്ന പ്രോട്ടീന്‍ പ്രമേഹം , ഹ്രൃദ്രോഗം തുടങ്ങി നിരവധി അസുഖങ്ങള്‍ക്ക് ഹേതുവാകാം എന്ന് ചില ഗവേഷകര്‍ കണ്ടെത്തി. പാലില്‍ അടങ്ങിയീരിക്കുന്ന പ്രോട്ടീനുകളുടെ മുഖ്യ പ്നങ്ക് ബീറ്റാ കേസിന്‍ എന്ന പ്രോട്ടീനാണ്. A1, A2 എന്നീ രണ്ട് ബീറ്റാ കേസിനുകളാണ് ഇവിടെ പരാമര്‍ശ വിഷയം. ഇതില്‍ A2 ബീറ്റാ കേസിന്‍ നമ്മുടെ നാടന്‍ ഇനങ്ങളടക്കം അനേകം ശുദ്ധ വംശങ്ങള്‍ (pure bread) ഉതപാദിപ്പിക്കുന്നവയും അപകടങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുമായ പ്രോട്ടീനാണ്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ A2 ബീറ്റാ കേസീന്‍ എന്ന പാല്‍ പ്രോട്ടീന്‍ ആണ് ഒറിജിനല്‍ പാല്‍ പ്രോട്ടീന്‍.

ഇതിന്റെ ഒരു വേരിയന്റാണ് A1 ബീറ്റാ കേസീന്‍ എന്ന പാല്‍ പ്രോട്ടീന്‍.

ഒറിജിനല്‍ A2 പ്രോട്ടീന്‍ കോഡ് ചെയ്യുന്ന ജനിത ഘടനയില്‍ ഒരു കോഡില്‍ വന്ന മ്യൂട്ടേഷന്‍ കാരണമാണ് A1 എന്ന വേരിയന്റ് ഉണ്ടായത് എന്ന് പറയാം, ഇതാവട്ടെ ഉപദ്രവകാരിയും.സാധാരണ ഗതിയില്‍ അപകടകാരികളായ ജീനുകള്‍ പ്രക്രൃതി നിര്‍ദ്ധരണത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും A1 ബീറ്റാ കേസിന്‍ എന്ന അപകടകാരി തലമുറ തലമുറയായി ഡിസന്റ് ചെയ്തു വരുന്നു.

വിവിധ പശു ഇനങ്ങളില്‍ നടത്തിയ പഠനങ്ങളുള്‍ തെളിയിക്കുന്നത് പാശ്ചാത്യ പശുവര്‍ഗ്ഗങ്ങളിലാണ് A1 വേരിയന്റ് കൂടുതലായി കാണുന്നതെന്നാണ്. പല ഇന്ത്യന്‍ വര്‍ഗ്ഗങ്ങളിലും A2 എന്ന ഒറിജിനല്‍ (wild)വക ഭേദം മാത്രമെ ഉള്ളൂ.ഇതില്‍ നിന്നും സങ്കര ഇനം പശുക്കളുടെ ആവിര്‍ഭാവത്തോടെയാണ് A1 ബീറ്റാ കേസീന്‍ ജീനുജള്‍ നമ്മുടെ നാട്ടില്‍ എത്തിച്ചേര്‍ന്നത് എന്ന് വിലയിരുത്താം.

പരിഹാരം.
നിലവില്‍ അപകടകരമായ അവസ്ഥയിലേക്ക് നമ്മൂടെ പശുക്കൂട്ടങ്ങളിലേക്ക് A1ബീറ്റാ കേസിന്‍ ധാരികള്‍ അധികമില്ലെന്ന് വിലയിരുത്താം.

ക്രൃത്യമായ പരിശോധനയിലൂടെയും സെലക്റ്റീവ് ബ്രീഡിങിലൂടെയും A1 ബീറ്റാ കേസിന്‍ അധികമായുള്ള പശുക്കളെ ഒഴിവാക്കുക.

നമ്മുടെ നാടന്‍ ഇനങ്ങളുടെ സങ്കരങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക.

കടപ്പാട്:
1. www.betacasein.org/

2. http://www.medconnect.com.au/tabid/291/Default.aspx

9/02/2010

വെച്ചൂര്‍ പശു

“വെച്ചൂര്‍ ഒരു ബിംബമാണ്, ഒരേ സമയം വേട്ടക്കാരനേയും വേട്ട മൃഗത്തേയും പ്രതിനിധാനം ചെയ്യുകയാണത്. ”

തീരെ പ്രശസ്തമല്ലാത്ത ഈ വാചകം ഞാന്‍ തന്നെ എഴുതിയതാണ്, ബ്ലോഗിലെ ആദ്യ കാലത്ത്. ധവള വിപ്ലവത്തിന്റേയും അതിലൂടെ കേരളം ഇന്ന് എത്തിനില്‍ക്കുന്ന ഉത്പാദന ക്ഷമതയുടേയും അടിസ്ഥാനം “ക്രോസ്സ് ബ്രീഡിങ് ” എന്ന സാങ്കേതിക വിദ്യയാണ്. ഉത്പാദനം തീരെക്കുറഞ്ഞ നമ്മുടെ നാടന്‍ ഇനങ്ങളെ “സായിപ്പ് കാളകള്‍” അഥവാ വ്വിദേശ ജനുസുകാളകളുടെ ബീജം കുത്തിവച്ച് ജനിതകമായി ഉയര്‍ത്താനായിരുന്നു (അപ്ഗ്രേഡിങ്) ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാട്ടില്‍ വളര്‍ന്ന എല്ലാ മൂരിക്കുട്ടന്മാരുടേയും വരി ഉടച്ച് ഷണ്ഡന്മാരാക്കി, സായിപ്പിന് കടന്നു വരാന്‍ വഴിയൊരുക്കി. ഫലമോ നാടന്‍ ജനുസുകളെല്ലാം തന്നെ അപ്രത്യക്ഷമായി ഒപ്പം നാടന്‍ ഇനങ്ങളുടെ രോഗപ്രതിരോധ ശേഷി മറ്റു ഗുണമേന്മകളും. ഇതിനോടൊപ്പം സംഭവിച്ച ഏറ്റവും ഗുരുതരവും അക്ഷന്തവ്യവും പരിഹാരങ്ങളില്ലാത്തതുമായ സംഗതി എന്തെന്നാല്‍, ഒരു പ്രദേശത്തിന്റെ സ്വന്തം ജനുസ്സുകള്‍ അപ്പാടെ നാമാവശേഷമായി എന്നതാണ്. നാമിത് തിരിച്ചറിഞ്ഞപ്പോഴേക്ക് സമയം ഒരുപാട് വൈകിയിരുന്നു. എങ്കിലും കയ്യില്‍ തടഞ്ഞ അവസാന കച്ചിത്തുരുമ്പില്‍ തൂങ്ങി രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള ഒരു ശ്രമം ആണ് വെച്ചൂര്‍ പശു.

നാടന്‍ ഇനങ്ങളെപ്പറ്റിയുള്ള ചില അനൌപചാരിക ചര്‍ച്ചകളാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ വെറ്ററിനറി കോളേജ് ജനിതക വിഭാഗം മുന്‍ മേധാവി ഡോക്ടര്‍.ശ്രീമതി. ശോശാമ്മ ഐപ്പിനെയും ഏതാനും ചില ശിഷ്യഗണങ്ങളേയും വെച്ചൂര്‍ ഗ്രാമത്തിലെത്തിച്ചത്. വെച്ചൂര്‍ പശുവിനെപറ്റി ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ പരാമര്‍ശമുണ്ടായിരുന്നത് അവര്‍ക്ക് പ്രചോദനമായി.ഇതിനെ പിന്‍പറ്റി നടത്തിയ ഏറെ ശ്രമകരമായ തിരച്ചിലിനൊടുവില്‍ വൈക്കത്തിനടുത്ത വെചൂര്‍ ഗ്രാമത്തില്‍ നിന്നും ഈ വര്‍ഗ്ഗത്തിലെ നാലു പ്രതിനിധികളെ കണ്ടെത്താന്‍ സാധിക്കുക തന്നെ ചെയ്തു.തുടര്‍ന്ന് കാര്‍ഷിക സര്‍വ്വകലാശാലയില്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെചൂര്‍ സംരക്ഷണത്തിനായി ഒരു പ്രോജക്റ്റ് ആരംഭിച്ചു. ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാതെ ഫയല്‍ അടച്ചു പൂട്ടപ്പെട്ട നിരവധി പദ്ധതികളില്‍ നിന്നും വേറിട്ട് ഗുണപരമായി മുന്നേറാന്‍ ഈ പദ്ധതിക്കായെങ്കിലും തൊഴുത്തില്‍ കുത്തു മുഖമുദ്രയാക്കിയ സര്‍വ്വകലാശാലാ അന്തരീക്ഷം ഇതിനെ നിരവധി തര്‍ക്കങ്ങളില്‍ വലിച്ചിട്ടു. കുതികാല്‍ വെട്ടുകളുടെ ഭാഗമായി പാവം വെച്ചൂര്‍ പശുക്കളില്‍ ചിലത് വിഷം അകത്തു ചെന്ന് മരണമടഞ്ഞു. ഇതിനിടെ ഇംഗ്ലണ്ടിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ ഈ പശുവിന്റെ ജീനുകള്‍ കടത്തിക്കൊണ്ട് പോയതായും ചില വ്യാജ പ്രചരണങ്ങള്‍ നടന്നു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചുകോണ്ട് വെച്ചൂര്‍ സംരക്ഷണത്തിനു മുന്നിട്ടിറങ്ങിയവര്‍ പിടിച്ചു നിന്നതിന്റെ ഫലമായി പദ്ധതി മുന്നോട്ട് തന്നെ പോയി. എന്നാല്‍ വിദ്യാര്‍ത്ഥികളായിരുന്നവര്‍ പഠനം പൂര്‍ത്തിയാക്കിയും ഡോക്ടര്‍.ശോശാമ്മാ ഐപ്പ് പെന്‍ഷന്‍ ആയും കോളേജ് വിട്ടതോടെ വെച്ചൂര്‍ പ്രോജകറ്റ് “കാട്ടിലെ മരം” എന്ന നിലയിലേക്ക് പരിണമിക്കുന്ന അവസ്ഥ സംജാതമാവുകയും സംരക്ഷണത്തിനു ബദല്‍ മാര്‍ഗ്ഗം തേടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്തു. ഇതിന്റെ സ്വാഭാവിക പരിണതിയാണ് വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ്. വിശദാംശങ്ങള്‍ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ http://www.vechur.org

പശു സംരക്ഷണം കേവലമായ ഗോവധ നിരോധനം തുടങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് വഴിമാറി സഞ്ചരിക്കുന്ന ഇക്കാലത്ത് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയെ വേറിട്ട് കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സര്‍ക്കാതിര ഏജന്‍സികളില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നുമില്ലാതെ കൂട്ടത്തിലെ അംഗങ്ങളുടെ വരുമാനത്തിന്റെ പങ്ക് ചിലവഴിച്ച് നടത്തപ്പെടുന്ന് ഈ ട്രസ്റ്റ് പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. കേരളത്തിന്റെ അവശേഷിക്കുന്ന തനത് പശുവര്‍ഗ്ഗത്തെ സംരക്ഷിക്കാന്‍ നമുക്കും ഇവരോടൊപ്പം ചേരാം.