5/15/2010

കല്ലാനയും കച്ചവട തന്ത്രമോ?

കല്ലാനയെന്ന സങ്കല്‍പ്പജീവി എന്ന തലക്കെട്ടില്‍ കുറച്ച് മുമ്പ് ഈ വിഷയത്തിലൊരു പോസ്റ്റ് ഇട്ടിരുന്നു. ബോര്‍ണിയോയിലും മറ്റും കാണപ്പെടുന്ന കുള്ളന്‍ ആനകളെപ്പോലെയുള്ള “കല്ലാന” എന്ന കുള്ളന്‍ ആന കേരളത്തിന്റെ വനമേഖലയില്‍ കാണപ്പെടുന്നുണ്ട് എന്ന വാര്‍ത്തയെ അധിഷ്ഠിതമായായിരുന്ന ആ പോസ്റ്റ്, ഇത്തരം ഒരു ആനവര്‍ഗ്ഗത്തിന്റെ സാന്നിദ്ധ്യം നിരാകരിക്കുന്നു. കാര്യപ്പെട്ട വിടവുകളില്ലാത്താ വെസ്റ്റേണ്‍ ഘാട്സിന്റെ ഭാഗമായ കേരള വനാന്തരങ്ങളില്‍, ഇപ്രകാരം വംശ ശുദ്ധി നിലനിര്‍ത്തിക്കൊണ്ട് കല്ലാനയെപ്പോലെയൊരു ജീവി വിഭാഗത്തിന് നിലനില്‍ക്കാനാവില്ല എന്നതാണ് പ്രധാനമായും ഈ ആന വിഭാഗ(?)ത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നത്. കേരള വനം വകുപ്പും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടും ഇതെ അഭിപ്രായം തന്നെയാണ് പങ്കുവക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കല്ലാന വീണ്ടും വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടു. ആദ്യമായി ഇവയെ (ഒരെണ്ണത്തെ മാത്രമാണ് കണ്ടത്) കണ്ടത് സാലി പാലോട് എന്ന വന്യജീവി ഫോട്ടോഗ്രാ‍ഫര്‍ തന്നെയാണ് ഇത്തവണയും കണ്ടതെന്നതാണ് കൌതുകകരം. തുടര്‍ന്ന് അജന്ത ബെന്നി എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണെന്ന് അവകാശപ്പെട്ട ഒരു ഫോട്ടോയും പ്രദ്ധീകൃതമായി. ഒരു ലിങ്ക് ഇതാ. ഇവിടെയും കൌതുക കരമാ‍യ സംഗതി എന്തെന്നാല്‍ എല്ലാ തവണയും ഒറ്റ ഒരു വഴികാട്ടിയാണ് ആനയെ കണ്ടെത്തുന്നതെന്നാണ്. വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീണ്ടും തിരച്ചില്‍ നടത്തിയെങ്കിലും കല്ലാനയെ കാണാന്‍ സാധിച്ചില്ല.

കല്ലാനയെ അന്വേഷിച്ചെത്തുന്ന വനം ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്ന ഒരു സംഗതിയുണ്ട്, മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ കൂടെയുണ്ടെങ്കില്‍ ശ്രീമാന്‍ സാലിയുടെ സഹായം ലഭിക്കില്ലന്നും, അങ്ങിനെ വന്നാല്‍ ആനയെ കാണാനാവില്ലെന്നതുമാണത്. ഈ വ്യവസ്ഥ അംഗീകരിച്ച് വനത്തിലേക്ക് പോയ വനപാലക സംഘത്തിന് ആന നിന്നിരുന്നു എന്നു പറയപ്പെടുന്ന സ്ഥലത്തിനടുത്ത് നിന്നും കിട്ടിയ ഒരു ആനപ്പിണ്ഡം മാത്രം കൊണ്ട് തൃപ്തിടയേണ്ടി വന്നു. ലഭിച്ച ആനപ്പിണ്ഡത്തിന്റെ ഡി.എന്‍.എ ടെസ്റ്റ് നടത്തി ഇവക്ക് സാധാരണ കാട്ടാനയില്‍ നിന്നും ജനിതക വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്.

ധാരാളം ഗവേഷകര്‍ക്ക് താത്പര്യമുള്ള ഒരു വിഷയമാണ് കല്ലാന, അതുകൊണ്ട് തന്നെ നിരവധി ആളുകള്‍ ഇതിനെ അന്വേഷിച്ച് എത്താറുമുണ്ടെന്നാണ് വിവരം. വാസ്തവത്തില്‍ ഇത്തരം ഒരു ജീവി നിലനില്ക്കുന്നുണ്ടെങ്കില്‍ അത് വെളിച്ചത്ത് കൊണ്ടുവരാനുള്ള ആതമാര്‍ത്ഥ ശ്രമമാണ് എല്ലാ വന്യജീവി സ്നേഹികളും നടത്തേണ്ടത്. അതില്ലാതെ കേവലം വ്യക്തി താത്പര്യങ്ങളിലേക്കത് ഒതുങ്ങുന്നത് ഒരു പക്ഷെ കച്ചവട തന്ത്രമായി വ്യാഖാനിക്കപ്പെടും.

18 comments:

അനില്‍@ബ്ലോഗ് // anil said...

വീണ്ടും കല്ലാന.

മാണിക്യം said...

മനുഷ്യരുടെ ഇടയിലെ കുള്ളന്‍[ഡ്വാര്‍ഫ്] പോലെ ആണോ ഈ കല്ലാന? കൂടുതല്‍ എണ്ണത്തെ കാണാത്തത് അതുകൊണ്ടാവുമോ?

ബാബുരാജ് said...

ഇപ്പോഴും പുതിയ പുതിയ ജനുസ്സുകളെ കണ്ടെത്തുന്നുണ്ടല്ലോ? അതുപോലെ ഒന്നായിക്കൂടെ കല്ലാനയും?

OAB/ഒഎബി said...

പ്രശസ്തി മാത്രം ഉദ്ദേശം?

Unknown said...

പ്രശസ്തി അല്ലാതെന്തു...?

ഹരീഷ് തൊടുപുഴ said...

സംഭവം ഉണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു..
അത്ഭുതകരമായ ഒന്നായേനേ അത്..

mini//മിനി said...

കല്ലാന ഉണ്ടെങ്കിൽ അതിനെ കണ്ടെത്താൽ മലയാളികൾക്കാവില്ല എന്നത് ഉറപ്പാണ്. ഏതെങ്കിലും വിദേശി തന്നെ വേണ്ടിവരും.

ധനേഷ് said...

ഇത്തവണ അഗസ്ത്യാര്‍കൂടം തീര്‍ത്ഥാടനത്തിന് ഞാനും പോയിരുന്നു!

അനില്‍ ചേട്ടന്റെ പഴയപോസ്റ്റും, മറ്റു ചില വാ‍ര്‍ത്തകളും മുന്പ് വായിച്ചിരുന്നത്കൊണ്ട് ഒരു കല്ലാനയെ കണ്ടാല്‍ കൊള്ളാം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു പോകുമ്പോള്‍.. കിട്ടിയാല്‍ ഒരെണ്ണത്തിനെ പിടിച്ചോണ്ട് പോരാം എന്നും കരുതി..
വീടിന്റെ മുന്നില്‍ ഒരു ‘കല്ലാന‘ നില്‍ക്കുന്ന്ത് ഒരു അന്തസല്ലേ? (ഹമ്മേ ഫോറസ്റ്റുകാരുവല്ലതും ഇത് വായിക്കുന്നുണ്ടോ?)
എന്തായാലും കുറെ ആനപ്പിണ്ടം അല്ലാതെ ഒന്നും കണ്ടില്ല!

പിന്നെ സാ‍ധാരണ ട്രെക്പാത്തില്‍ നിന്ന് അഞ്ചും പത്തും കിലോമീറ്റര്‍ ഉള്‍ക്കാട്ടിലൊക്കെയാണ് ഈ ആനയെ കണ്ടതായി പറയപ്പെടുന്നത്. കണ്ടിട്ടുള്ളവരാകട്ടെ, കൂടുതലും ആദിവാസികളും.. അതുകൊണ്ടായിരിക്കാം ഇപ്പോഴും വിശ്വസനീയമായ ഒരു വാര്‍ത്തയായി കരുതപ്പെടാത്തതും..

വര്‍ഷങ്ങളായി അഗസ്ത്യകൂടവും ആ ഭാഗത്തെ മറ്റ് മലകളും കയറിയിറങ്ങുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത്, “മനുഷ്യരിലെ ഉയരം കുറഞ്ഞ ആളുകളെപ്പോലെ ഒരു കുള്ളന്‍ ആന മാത്രമായിരിക്കാം ഇത്, അത്തരത്തിലുള്ള ഒരേഒരാനയെയാണ് എപ്പോഴും എല്ലാവരും കാണുന്നത്“ എന്നാണ്.. മല്ലന്‍ കാണി എന്നൊരു ആദിവാസിയാണ് എല്ലാ ഫോട്ടോഗ്രാഫര്‍മാരെയും വഴികാട്ടുന്നതും..
മാത്രമല്ല ഇത്തരത്തില്‍ ഒരു ആനക്കൂട്ടത്തെ(അല്ലെങ്കില്‍ ഒന്നിലധികം എണ്ണത്തെ) ഒരുമിച്ച് ആരും കണ്ടതായി പറയപ്പെടുന്നുമില്ല.

കല്ലാന ഉണ്ടോ ഇല്ലയോ എന്നറിയാഞ്ഞിട്ട് ഉറക്കം കിട്ടാതിരിക്കുകയൊന്നും അല്ലെങ്കിലും, ഇതിന് ഒരു വിശ്വസനീയമായ സ്ഥിരീകരണം കിട്ടിയാല്‍ കൊള്ളാമായിരുന്നു.. :-)

jayanEvoor said...

എനിക്കും ഇതൊന്നറിയാൻ താൽ‌പ്പര്യമുണ്ട്....
ട്രാക്കിംഗ്.

Kvartha Test said...

അതേ അനിലേ, എനിക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്‌. പല തവണ അഗസ്ത്യാര്‍കൂടം മല കയറിയിട്ടുണ്ട്, ചില ആനകളെ കണ്ടിട്ടുണ്ട്, ചൂട് ആനപ്പിണ്ടം കണ്ടിട്ടുണ്ട്, കുന്നിലൂടെ ആനകള്‍ നിരങ്ങിയിറങ്ങുന്ന വഴികള്‍ കണ്ടിട്ടുണ്ട്, ആനകള്‍ ഇണ ചേരാന്‍ ഉണ്ടാക്കിയിട്ടുള്ള സ്ഥലങ്ങള്‍ കണ്ടിട്ടുണ്ട്, പക്ഷെ അവയെല്ലാം സാധാരണ ആനകളുടെതെന്നു തോന്നിക്കുന്നവ ആയിരുന്നു. വനത്തില്‍ വസിക്കുന്ന മനുഷ്യരില്‍ ഞാന്‍ സംസാരിച്ചിട്ടുള്ളവരൊന്നും കല്ലാനയെ കണ്ടിട്ടില്ല, പക്ഷെ ഒരു മിത്തുപോലെ കല്ലാനയുണ്ട് എന്ന് അവര്‍ പറയുന്നു. മല്ലന്‍ കാണിയെ അറിയില്ല. ഈ ഭാഗങ്ങള്‍ തമിഴ്‌ നാട് അതിര്‍ത്തിയില്‍ ആണ്.

അഗസ്ത്യമുനിയെ കുറുമുനി എന്നും അറിയപ്പെടുന്നു, കാരണം പൊക്കം കുറവാണ്. അഗസ്ത്യാര്‍ കൂടത്തിലെ മരങ്ങള്‍ക്കും പൊക്കം കുറവാണ്. മലയ്ക്ക് പൊക്കം കൂടുമ്പോള്‍ നില നില്പ്പിനായി ചെടികള്‍ പൊക്കംകുറഞ്ഞവ ആയിരിക്കുമല്ലോ. ഇതേ പൊക്കക്കുറവ് ആനയിലും വരുമോ?

ആനകള്‍ സാധാരണയായി കൂട്ടംകൂടി സമൂഹമായി ജീവിക്കുന്നവരാണ്. എല്ലാ പ്രാവശ്യവും കല്ലാന എന്നു പറയുമ്പോള്‍ ഒരേയൊരു ആന മാത്രമേ പടത്തിലുള്ളൂ. ഒറ്റയാന്‍ കല്ലാന! ചിലപ്പോള്‍ ഈ ഒരേയൊരു ആന dwarfism ബാധിച്ച ആന ആയിരിക്കും, അതിനാല്‍ കൂട്ടത്തില്‍ കൂട്ടാത്തതിനാല്‍ ഒറ്റയാനായി നടക്കുന്നത് എന്നും ആവാം. എന്തായാലും സത്യം കണ്ടെത്തിയെങ്കില്‍... ഇനിയിപ്പോള്‍ കല്ലാന ഉണ്ടെങ്കിലോ? ഒരു പുതിയ Elephas maximus keralicus അല്ലെങ്കില്‍ Elephas maximus malabaricus ഉണ്ടായേനെ!!

അനില്‍@ബ്ലോഗ് // anil said...

മാണിക്യം,
ചേച്ചീ, അങ്ങിനെ ഒരു സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്.

ബാബുരാജ്,
പുതിയ ജനുസുകളെ കണ്ടെത്തുന്നതിന് ആരെങ്കിലും എതിരുണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷെ ഇത്ര സൂക്ഷ്മ ദര്‍ശിനി ഉപയോഗിച്ച് പൊത്തില്‍ തപ്പിനോക്കേണ്ട ഒന്നല്ലല്ലോ ഈ പറയുന്ന ആനവര്‍ഗ്ഗം. മനുഷ്യന്‍ ചെന്നുപറ്റാത്ത കാടുകള്‍ കേരളത്തിലുണ്ടോ എന്ന് സംശയമാണ്. അപ്പോള്‍ പിന്നെ ഒരു ചെറിയ കൂട്ടത്തെ (കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിട്ടൂണ്ട്, അഡള്‍ട്ട് സബ് അഡള്‍ട്ട് കുട്ടികള്‍ എന്നിവയുള്ള)കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ല. അതില്ലാതെ ഒരു ആനമാത്രമായി ഒരു പുതിയ ജീവി വര്‍ഗ്ഗം എന്ന് വിളിക്കാനാവില്ല. ഒരു ഫോട്ടോഗ്രാഫര്‍ അയാളുടെ സഹായിയായ ഒരാള്‍ ഇവര്‍ക്ക് മാത്രമേ ഈ ആന ദര്‍ശനം നല്‍കിയുള്ളൂ എന്ന കാര്യമാണ് സംശയാസ്പദം. ഞങ്ങള്‍ ഒരു ചെറിയ ട്രൂപ്പ് തയ്യാറെടുക്കുന്നു ഇതിനെ ട്രാക്ക് ചെയ്യാന്‍, പക്ഷെ ഈ മഴക്ക് മുന്നെ നടക്കുമോ എന്ന സംശയത്തിലാണിപ്പോള്‍.

പ്രയാണ്‍,
:)

ഓഎബി,
പ്രശസ്തിമാത്രമല്ല പണവും ആകാം. കല്ലാനയെ തേടിപ്പോകാന്‍ നല്ല ഫീസാണ് ഈടാക്കുന്നതെന്നാണ് അറിയാനാവുന്നത്.

ടോംസ് കോനുമഠം,
പ്രശസ്തിയും പണവും.
:)

ഹരീഷെ,
അതെ, ചുമ്മാ പശുവിനെ കൊണ്ടു നടക്കുന്നപോലെ കൊണ്ടുനടക്കാമായിരുന്നു.

മിനി,
അങ്ങിനെ പറയാന്‍ പറ്റില്ല, നമ്മുടെ ആള്‍ക്കാര്‍ അത്ര മോശക്കാരാണോ?

ധനേഷെ,
രസകരമായ കമന്റിനു നന്ദി.
കല്ലാന ഉണ്ടായാലുമില്ലെങ്കിലും ഒന്നും സഭവിക്കാന്‍ പോകുന്നില്ല, പക്ഷെ ആ പേര് മുതലെടുപ്പിന് ഉപയോഗിക്കുന്നോ എന്നാണ് എന്റെ സംശയം.

ജയന്‍ ഏവൂര്‍,
എന്തെങ്കിലും പുരോഗതി ഉണ്ടായാല്‍ അറിയിക്കാം.
:)

ശ്രീ (sreyas.in,
താങ്കള്‍ പറഞ്ഞ വസ്തുതകളാണ് എല്ലാരെയും ചിന്തിപ്പിക്കുന്നത്.ഏതായാലും വിശദമായ ഒരു ട്രാക്കിങ് പരിപാടിക്ക് പദ്ധതി ഇടുന്നുണ്ട്.

Typist | എഴുത്തുകാരി said...

എന്താ‍യാലും അങ്ങനെയൊന്നുണ്ടെങ്കില്‍ അതു് അവര്‍ക്കു മുന്‍പില്‍ മാത്രമായിട്ടു പ്രത്യക്ഷപ്പെടുമോ!

ബഷീർ said...

ഇല്ലെന്നും ഉണ്ടെന്നും തീരുമാനാവാത്ത സ്ഥിതിക്ക് ഒരു വിദഗ്ദ സമിതിയെ അന്വേഷണത്തിനായി ജപ്പാനിലേക്ക് അയക്കാൻ സാധ്യതയുണ്ട്. (എന്തായാലും വെള്ളനക്കൊപ്പം വരില്ല കല്ലാന :)

പാര്‍ത്ഥന്‍ said...

ഇത് ഗണപതിയുടെ അവതാരമല്ലെ. അനുഗ്രഹം കൊടുക്കാൻ മാത്രമെ വരുന്നുണ്ടാവുള്ളൂ. ആ ഫോട്ടോഗ്രാഫർക്ക് ‘ഗജമുത്ത്’ കിട്ടിയോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

വീകെ said...

ആ ഒറ്റ ഫോട്ടോഗ്രാഫറുടെ കൂടെ മാത്രമെ പോകാവൂ എന്നു പറയുമ്പോൾ തന്നെ സശയാസ്പദമല്ലെ കാര്യങ്ങൾ...
ഇതു വെറും കളിപ്പീരായിരിക്കും...

Manikandan said...

പുതിയ അറിവുകള്‍ പകരുന്ന ലേഖനം. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

ഈ ലേഖനം ഇപ്പോളേ കണ്ടുള്ളൂ.ശരിക്കും കല്ലാന എന്നൊന്ന് ഉണ്ടോ ? കൂടുതൽ വിവരങ്ങൾ അറിയാൻ ആകാംക്ഷ ഉണ്ട്

Binosh said...

കല്ലാന ഇല്ല എന്ന് സമർത്ഥിക്കുന്നതിനുമുൻപ് ചില കാര്യങ്ങൾ കൂടി അന്വേഷിക്കേണ്ടതുണ്ട്. ഡാർഫിസം എന്നത് സംഭവിക്കുന്നത് സാധാരണയായി ഒറ്റപ്പെട്ട ദ്വീപിലോ, തുരുത്തുകളൊലോ ലക്ഷക്കണക്കിന് വർഷം അകപ്പെട്ട് പോകുന്ന ജീവികൾക്കാണ് എന്ന് നമ്മുക്കറിയാം, എന്നാൽ അത് മാത്രമാണോ ഒറ്റപ്പെടലിനുള്ള സാധ്യത? തീർച്ചയായും മറ്റ് പോസിബിലിറ്റികൾ കൂടി അന്വേഷിക്കേണ്ടതല്ലേ? നാം ഇന്ന് കാണുന്ന പർവ്വതനിരകളും നീർച്ചോലകളും, തടാകങ്ങളും നദികളും മില്യൺ കണക്കിന് വർഷം മുൻപ് എങ്ങിനെയായിരുന്നു എന്ന് നമ്മുടെ കേരളത്തിൽ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. അവശ്യമായ ഫോസിലുകൾ ഒന്നു ലഭിക്കാത്തിടത്ത് പാലിയന്റോളജിസ്റ്റുകൾക്ക് താൽപ്പര്യം കുറയുന്നത് സ്വാഭാവീകം. കേരളത്തിലെ വനത്തിലെ ആനകൾ ഇവിടെ തന്നെ ഉത്ഭവിച്ചതാണ് എന്ന് വിശ്വസിക്കാം ( ആഫ്രിക്കൻ ആനകൾക്കും, ഏഷ്യൻ ആനകൾക്കും ഒരു പൊതു പൂർവ്വീകൻ ഉണ്ടായിരുന്നിരിക്കണം എന്നത് സ്പഷ്ടമാണ് , ആഫ്രിക്കയിൽ ആനകൾ ഉത്ഭവിച്ചു എങ്കിൽ അത് എങ്ങിനെ ഇന്ത്യയിൽ എത്തി എന്നത് ചിന്തനീയം ) അതവിടെ നിൽക്കട്ടെ. പിന്നെ ഉള്ള ഒരു സാധ്യത നമ്മുടെ അടുത്ത് കിടക്കുന്ന ശ്രീലങ്കയാണ്. ചരിത്രാതീതകാലത്ത് ശ്രീലങ്കയിൽ അകപ്പെട്ടു പോയ ആനയ്ക്ക് ആണോ ഡാർഫിസം ബാധിച്ചത്? അവസാനം ശ്രീലങ്ക ഇന്ത്യയുമായി കൂടിച്ചേർന്നപ്പോൾ കരമാർഗ്ഗം ഇന്ത്യയിലേയ്ക്ക് കടന്നതാണോ? അവിടെയും പല പാകപ്പിഴകളും ഉണ്ട്. ഒന്നാമതായി ശ്രീലങ്ക ഒരു ചെറിയ ദ്വീപ് അല്ല, ഡാർഫിസത്തിന് കാരണമാകാവുന്ന ഭക്ഷണ ദൗർലഭ്യം ഉണ്ടാകാനിടയില്ലാത്തവണ്ണം വിസ്തൃതമാണ്. പുരാതന കാലഘട്ടത്തിൽ ശ്രീലങ്ക മരുഭൂമി സമാനമോ, മറ്റ് എന്തെങ്കിലും കെടുതികൾ മൂല വ്യാസയോഗ്യം അല്ലാത്തതോ ആണെങ്കിൽ മാത്രമേ ഈ വാദഗതിക്ക് പിൻബലമുണ്ടാകൂ. രണ്ടാമതായി എന്തുകൊണ്ട് ശ്രീലങ്കയിൽ ഈ തരം ആനകളെ കാണുന്നില്ല എന്ന ചോദ്യവും വരും. ആയതിനാൽ ശ്രീലങ്ക തിയറി നമ്മുക്ക് മാറ്റി നിർത്താം.

പിന്നെയുള്ള ഒന്നുരണ്ട് പോസിബിലിറ്റികളിൽ ആദ്യത്തേത്. ഒരു താഴ്‌വരയിൽ അകപ്പെട്ടു പോകുക എന്നതാണ്. അതായത് പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയിൽ എത്തപ്പെട്ട ആനക്കൂട്ടം പർവ്വത ശിഖിരം ഇടിഞ്ഞി വീഴുകയോ, നദിയിലെ വെള്ളപ്പൊക്കം മൂലം ഭൂപ്രകൃതി തന്നെ മാറിപ്പോകുകയോ ചെയ്തതു മൂലം ഒറ്റപ്പെട്ട് പോവുകയും കാലന്തരത്തിൽ ഡാർഫിസം ബാധിക്കുകയും ചെയ്യുക.

അടുത്തതായി ഒരു നദിയിൽ രൂപ കൊണ്ട ദ്വീപിൽ കുടുങ്ങി പോയ ഒരു പറ്റം ആനകൾക്ക് സംഭവിക്കാനിടയുള്ള ഡാർഫിസമാണ്.

കോഗോ നദിയുടെ ഇരുകരകളിലുമായി എത്തിചേർന്ന ഓറാങ്ഊട്ടാനുകൾ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം രണ്ട് ജീവിവർഗ്ഗങ്ങളായി മാറിയത് ഉദാഹരണം.

ഒരു വശത്ത് പർവ്വതവും, മറുവശത്ത് കിഴുക്കാം തൂക്കായ നദിയും ഉള്ള ഒരു വനഭാഗത്ത് അകപ്പെട്ടാൽ ഇങ്ങിനെ സംഭവിക്കാം. ( ആന നല്ല നീന്തൽകാരനാണ് എന്നത് മറക്കുന്നില്ല, കോഗോ നദി പോലൊരു നദി നമ്മുക്കില്ലതാനും )

ഈ തരത്തിൽ നോക്കിയാൽ സംഭവിക്കാൻ തീരെ സാധ്യത ഇല്ലാത്ത കാര്യമാണെങ്കിലും, അസംഭവ്യമല്ല എന്ന് കാണാൻ കഴിയും.

അതിനാൽ തന്നെ കല്ലാന എന്നത് 100% തള്ളിക്കളയാവുന്ന ഒരു കാര്യമല്ല, 99% അത് ജനിതക തകരാറ് മൂലം ഒരു ആനയ്ക്ക് സംഭവിച്ച ഡാർഫിസം ആയിരിക്കാം. എന്നാൽ …