2/28/2009

മയിരുവെട്ടികള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന മയിരു വെട്ടികളാണ് ഇവിടെ കാണുന്ന ചിത്രങ്ങള്‍. മയിരെന്നാല്‍ തലയിലോ മറ്റോ വളരുന്ന ഒരു രോമമെന്ന നിലയില്‍ തമിഴ്നാട്ടിലുള്ള് ഒരു ചൊല്ലാണ്, "മയിരു കെട്ടി മലയെ വലിത്താന്‍, പോനാ മയിര് കിട്ടിയാല്‍ മല." എന്നിരുന്നാലും അത്ര മോശപ്പെട്ട ഒരു വസ്തുവല്ല മയിരെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷുരകന്മാരും മയിരുവെട്ടികളും അഭിപ്രായപ്പെടുന്നത്. ചിത്രങ്ങളില്‍ കാണുന്നവയോരോന്നും ഉന്നത നിലവാരമുള്ള സ്റ്റീലിനാല്‍ നിര്‍മ്മിക്കപ്പെട്ടവയും വിലകൂടിയവയുമാണ്.
















ദേശ ഭാഷാ വ്യത്യാസമില്ലാതെ ലോകം ഒറ്റ ജനതയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു വരുന്നത്. ഈ സ്വാതന്ത്ര്യം ഒന്നുമാത്രമാണ് , മയിരെന്ന പദം ഇത്ര ലാഘവത്തോടെ ഉപയോഗിക്കാനനുവദിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ പോസ്റ്റിലൂടെ ഞാന്‍ വെളിവാക്കാനാഗ്രഹിക്കുന്നത്. “കോടീശ്വരനായ ചേരിപ്പട്ടി” എന്ന ആംഗലേയ സിനിമ നമുക്ക് സമ്മാനിച്ചതും അത്തരം ഒരു തിരിച്ചറിവാണ്. “എടാ പട്ടീ” എന്ന് സായിപ്പന്മാര്‍ പരസ്പരം സ്നേഹത്തോടെ വിളിക്കുന്ന പദത്തിനു സമാനമാണ് “സ്ലം ഡോഗ്ഗ്” എന്നതുകോണ്ട് ഉദ്ദേശിക്കുന്നുള്ളൂ എന്നാണ് നമ്മുടെ ഭാഷാ വിദഗ്ധര്‍ വിശദീകരിക്കുന്നത്. വിളിച്ചത് സായിപ്പായതിനാല്‍ അതിനെ എതിര്‍ക്കുന്നത് നമ്മുടെ അപകര്‍ഷതാ ബോധമായി വ്യാഖ്യാനിക്കപ്പെടുമെന്ന് മറ്റൊരു കൂട്ടര്‍. അതിലുമുപരി ഇന്ത്യാ മഹാരാജ്യം ചേരികളുടേയും ദാരിദ്ര്യ പരിഷകളുടേയും നാടുകൂടി ആണെന്ന് നമ്മൂടെ പല മഹാത്മാക്കളായ നിരൂപകരും അഭിമാനത്തോടെ പറയാനാരംഭിച്ചതും കോടീശ്വരനാകുന്ന ഈ പട്ടിയുടെ കഥക്കു ശേഷമാണ്. ഇന്ത്യ തിളങ്ങുന്നു എന്ന് പരസ്യം ചെയ്ത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടിക്ക് , ഇന്ത്യയുടെ കഥ തിളക്കമാര്‍ന്നതു മാത്രമല്ലെന്നു ബോദ്ധ്യപ്പെടാന്‍ ഒരു തിരഞ്ഞെടുപ്പ് പരാജയം വേണ്ടിവന്നു. ഇന്ത്യയുടെ ദേശീയ സമ്പത് വളര്‍ച്ച രണ്ടക്കത്തിലേക്കു കുതിക്കുന്നുവെന്നും, ഇന്ത്യ സാമ്പത്തിക വളര്‍ച്ചനേടുന്നു എന്നും ഘോഷിക്കുന്ന ഗാന്ധി ശിഷ്യര്‍ക്ക് ഈ തിരിച്ചറിവുണ്ടാക്കാന്‍ ഒരു സിനിമ മതിയാവില്ല എന്ന് കാലം തെളിയിക്കുമായിരിക്കും. കടലില്‍നിന്നും നല്ലൊരു ചെമ്മീന്‍ കിട്ടിയാല്‍ പോലും സായിപ്പിനായ് കൊണ്ടോടുന്ന നാട്ടില്‍ സിനിമകളും സമാന ചെരുവയില്‍ തന്നെ കയറ്റിയയക്കപ്പെടട്ടെ എന്ന് ആശംസിക്കാം.

ജീവിത പ്രതിസന്ധിയില്‍പ്പെട്ട് വ്യഭിചാര വഴിയില്‍ ചെന്നുചാടിയ സഹോദരിമാരോട് നമുക്ക് തോന്നുക ഒരു പക്ഷെ, സഹതാപമായിരിക്കാം. എന്നാല്‍ സ്വന്തം പെങ്ങളെ കൂട്ടിക്കൊടുക്കുന്ന പിമ്പായ സഹോദരനൊട് നമുക്കെന്ത് തോന്നും?

2/26/2009

അഡ്രസ്സ് ബാറില്‍ ലോഗൊ

ഞാന്‍ ഒരു ഐ.ടി. വിദഗ്ധനല്ല. താല്‍പ്പര്യം തോന്നുന്ന കാര്യങ്ങള്‍ ഗൂഗിളില്‍ നിന്നും പെറുക്കി എടുക്കുക എന്ന ശീലം കാരണം ചിലത് മൌസില്‍ ‍ തടയുന്നു, രസകരം എന്നു തോന്നുന്നത് ബൂലോകരുമായി പങ്കു വക്കുന്നു. അത്തരത്തില്‍ ഒന്നാണ് ബ്രൌസര്‍ അഡ്രസ്സ് ബാറില്‍ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ വരുത്തുക എന്നത്. ഗൂഗിള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്തിയ പരീക്ഷണ ഫലമാണ് മുകളില്‍ കാണുന്ന ചിത്രം. ജയില്‍ പുള്ളിയായ് നില്‍ക്കുന്ന എന്റെ പ്രൊഫൈല്‍ ഫോട്ടോ കാണാം.


ആദ്യമായി നമുക്ക് ആവശ്യമുള്ള ഫോട്ടൊയുടെ ഒരു ഐക്കണ്‍ രൂപം ഉണ്ടാക്കിയെടുക്കുക എന്നതാണ് ചെയ്യേണ്ടത്.പല ഫോട്ടോ എഡിറ്റിംഗ് ടൂളുകളും ഇത്തരത്തില്‍ ".ico" ഫയലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതാണ്. ഗൂഗിള്‍ സേര്‍ച്ചില്‍ ധാരാളം ഫ്രീ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്. എങ്കിലും ഈ ലിങ്കില്‍ പോവുക എന്നതാണ് ഏറ്റവും ലളിതം. ഫോട്ടോ അപ്ലോഡ് ചെയ്യുക , .ico ഫയല്‍ നിര്‍മ്മിക്കുക, ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക. സിപ് ഫയലായാണ്‍ ഇതു ലഭിക്കുന്നത്, അത് അണ്‍ സിപ്പ് ചെയ്യണം.

ഇത്തരത്തില്‍ ലഭിച്ച ഐകണ്‍ ഫയല്‍ നമ്മുടെ വെബ് പേജിന്റെ സ്പേസിലേക്ക് അപ് ലോഡ് ചെയ്യുക എന്നതാണ് അടുത്ത സ്റ്റെപ്. ഗൂഗിളില്‍ അതെപ്രകാരം ലഭ്യമാകുന്നു എന്ന് അറിയാഞ്ഞകാരണം ജിയോസിറ്റീസില്‍, എന്റെ സ്പേസിലാണ് ഞാന്‍ അപ് ലോഡ് ചെയ്തത്. ശേഷം ആ ഫയലിന്റെ പൂര്‍ണ്ണമായ വെബ് അഡ്രസ്സ് കോപ്പിചെയ്തു സൂക്ഷിക്കുക.

ലിങ്ക് നോക്കുക. ഇവിടെ സൈനപ്പ് ചെയ്യണം എന്ന നിബന്ധന ഉണ്ടെങ്കിലും, നിര്‍മ്മിക്കുന്ന ഐക്കണ്‍ അവര്‍ തന്നെ ഹോസ്റ്റ് ചെയ്യുകയും അതിന്റെ കോഡ് നമുക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

അടുത്തതായി നമ്മുടെ ബ്ലോഗ്ഗര്‍ ഡാഷ് ബോഡില്‍ നിന്നും ലേഔട്ട് ടാബ് ക്ലിക്ക് ചെയ്യുക. അതില്‍ എഡിറ്റ് HTML എന്ന ടാബ് കാണാവുന്നതാണ്. ചിത്രം ശ്രദ്ധിക്കുക.




എഡിറ്റ് HTML വിന്ഡോയാണ് ഈ ചിത്രത്തില്‍ കാണുന്നത്. അതില്‍ </head>എന്ന ടാഗ് കണ്ടെത്തുക. ചിത്രം നോക്കുക , അതില്‍ ഈ ടാഗ് മാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.
തുടര്‍ന്ന് താഴെ പറയുന്ന കോഡുകള്‍ ഈ ടാബിനു മുന്‍പായി എഴുതിച്ചേര്‍ക്കുക.
< link href='http://www.yourpage/icon.ico' rel='icon' type='image/x-icon'/ >

< link href='http://www.yourpage/icon.ico' rel='shortcut icon' type='image/x-icon'/>

ഇവിടെ "yourpage/icon.ico" എന്നത് നേരത്തെ സേവ് ചെയ്തു വച്ച ഐക്കണിന്റെ വെബ് അഡ്രസ്സാണ് എന്ന് ഓര്‍ക്കുമല്ലോ.

ടെമ്പ്ലേറ്റ് സേവ് ചെയ്യുക. നമ്മൂടെ പരീക്ഷണം വിജയിച്ചിരിക്കുന്നു. ഇനി മുതല്‍ ബൌസറില്‍ നമ്മുടെ ബ്ലൊഗ്ഗ് ലോഡാവുമ്പോള്‍ സ്വന്തം ഐക്കണ്‍ അഡ്രസ്സ് ബാറില്‍ തെളിയുന്നത് കാണാം.

ജാമ്യം:

ടെമ്പ്ലേറ്റ് കോഡ് വ്യത്യാസപ്പെടുത്തുന്നതിനു മുന്‍പായി അതിന്റെ ബാക്കപ്പ് എടുത്ത് സൂക്ഷിക്കുന്നതാണ് ഉത്തമം. അതു സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് അനില്‍@ബ്ലോഗ്ഗ് ഉത്തരവാദിയായിരിക്കുന്നതല്ല. ഈ വിഷയം മുന്‍പ് ആരെങ്കിലും മലയാളത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുമല്ലോ.

2/23/2009

നിക്ഷേപക, സംരഭക ശില്പശാല

മൃഗസംരക്ഷണ മേഖലയില്‍ മുതല്‍ മുടക്കാന്‍ താത്പര്യമുള്ള സംരഭകര്‍ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്വെസ്റ്റേഴ്സ് മീറ്റ് നടന്നുവരുന്നുണ്ട്. അത്തരത്തിലൊരെണ്ണം ഈ മാസം 28 ആം തിയ്യതി കോട്ടക്കലില്‍ വച്ചു നടക്കുന്നു.

ക്ഷണക്കത്തിന്റെ കോപ്പി ഇവിടെ പോസ്റ്റുന്നു.




























2/18/2009

പ്രവാസികള്‍ക്ക് സ്വാഗതം

കേരളീയ സമ്പത് വ്യവസ്ഥയില്‍ പ്രവാസി മലയാളികളുണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വിശകലങ്ങള്‍ നടന്ന വിഷയവുമാണിത്. എന്നിരുന്നാലും മുമ്പെങ്ങുമില്ലാത്തവണ്ണം ഇന്ത്യന്‍ സമ്പത് വ്യവസ്ഥയും പ്രവാസികളും തമ്മിലുള്ള ബന്ധം ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും അതേതുടര്‍ന്ന് തൊഴില്‍ ലഭ്യതയിലുണ്ടായ കുറവും വിദേശ മലയാളികളേയും തദ്വാരാ കേരളീയ സമൂഹത്തെയും ബാധിക്കാനാരംഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ വന്ന കേന്ദ്ര ഇടക്കാല ബഡ്ജറ്റിനെ നാം ആകാംഷാപൂര്‍വ്വം കാത്തിരുന്നെങ്കിലും ഫലം നിരാശയായിരുന്നു. ഇതിന്റെ ആദ്യ പ്രതികരമായി വന്നത് ശ്രീ അപ്പുവിന്റെ "പ്രവാസിക്കോരനു പിന്നെയും കുമ്പിളില്‍ കഞ്ഞി" എന്ന പോസ്റ്റാണ്.സ്വന്തം നിലയില്‍ പ്രവാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടുന്നതിന്റെ ആവശ്യകതയാണ് അദ്ദേഹമതില്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളില്‍ പ്രവാസിയെന്നാല്‍, പെട്ടി നിറയെ മൊബൈല്‍ ഫോണും സിഡി പ്ലേയറും വാരിക്കെട്ടി , ഉത്സവമാഘോഷിക്കാനെത്തുന്ന വിരുന്നുകാരനാണ്. ഒരു പരിധിവരെയെങ്കിലും ആ ചിത്രം അതേപടി നിലനിര്‍ത്താന്‍ ഈ വിരുന്നുകാരനും ശ്രദ്ധിക്കാറുണ്ട് എന്നതും കാണാതിരുന്നുകൂട. ഈ അവസ്ഥക്ക് മാറ്റം വരുത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇഷ്ടികപ്പണിയെടുക്കുന്ന ഒരു തൊഴിലാളി , കേരളീയ സമൂഹത്തില്‍ ജീവിക്കുന്നതിനേക്കാള്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ സാമൂഹികവും ഭൌതികവുമായ ചുറ്റുപാടിലാണ് ജീവിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്നതെന്ന് തുറന്നു സമ്മതിക്കാന്‍ അവരും, സത്യാവസ്ഥ എന്തെന്ന വസ്തുത അംഗീകരിക്കാന്‍ കേരള സമൂഹവും മാറേണ്ടതുണ്ട്. തന്റെ ജീവിതത്തിലനുഭവിക്കുന്ന നരകയാതനയുടെ കൂലിയാണ് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലുള്ള വ്യത്യാസമായി പ്രതിഫലിക്കുന്നതെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഇനിയും വൈകിക്കൂടാ.

ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ , വിവിധങ്ങളായ സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍ വാങ്ങേണ്ടുന്ന ഒരു ലോകക്രമമാണിന്ന് നിലനില്‍ക്കുന്നത്. പരിമിതമാ‍യ സമ്പത്തും ഉപാധികളും ഉപയോഗിച്ച് പദ്ധതികള്‍ തയ്യാറാക്കുന്ന സര്‍ക്കാരിനെ, ക്ഷേമ പദ്ധതികളിലേക്ക് കൂടുതല്‍ പ്രതീക്ഷിക്കുന്നത് അപ്രായോഗികമായിരിക്കും. ഭാരത സര്‍ക്കാര്‍ തന്നെ കോണ്ട്രിബ്യൂട്ടറി പെന്‍ഷന്‍ പോലെയുള്ള പദ്ധതികളിലേക്ക് ചുവടുമാറ്റം നടത്തിക്കൊണ്ടിരിക്കയാണെന്ന് നമുക്കറിയാ‍മല്ലോ. ഈ സാഹചര്യം മുന്നില്‍ കണ്ട് പ്രവാസികളുടേയും നാട്ടിലേക്കു മടങ്ങുന്ന സുഹൃത്തുക്കളുടേയും കൂട്ടായ്മ രൂപം കൊള്ളുക എന്നതാണ് രണ്ടാം ഘട്ടം. "പ്രൊഡക്ഷന്‍ ബൈ മാസ്സ്" എന്ന സങ്കല്‍പ്പത്തിലൂടെ "മാസ്സ് പ്രൊഡക്ഷന്‍ " സാദ്ധ്യമാക്കുന്ന ഒന്നാണ് കൂട്ടായ്മ എന്നത്. പ്രാദേശിക അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങളായ് പ്രവര്‍ത്തനമാരംഭിക്കുകയും , ഇപ്രകാരം മനുഷ്യാദ്ധ്വാനം, സമ്പത്ത് എന്നിവയടങ്ങുന്ന മൂലധനം സ്വരൂപിക്കാനുമാവും.

കേരളം എന്നത് രാഷ്ട്രീയമായി വളരെയധികം പ്രബുദ്ധരായ ഒരു ജനവിഭാഗമാണ്. രാഷ്ട്രീയം എന്നത് തങ്ങളുടെ നിത്യജീവിതവുമായി ഇഴപിരിക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിക്കുന്ന ഒന്നായതിനാല്‍ അതിനെ ഒരു യാഥാര്‍ത്ഥ്യമായിക്കണ്ട് അംഗീകരിക്കുവാന്‍ തയ്യാറാവുക. അഭിപ്രായങ്ങളില്‍ വിയോജിക്കേണ്ടിടത്ത് വിയോജിക്കുകയും അതേ സമയം തന്നെ ലക്ഷ്യത്തിലെ ഐക്യം എന്ന അടിസ്ഥാന ഘടകത്തില്‍ സംഘ ശക്തിയുടെ അടിത്തറ പണിയുകയും ചെയ്യുക.

ഇത്രയും ഒരു ആമുഖം എന്ന നിലയില്‍ കുറിച്ചു എന്നു മാത്രം. വിവിധ മേഖലകളിലെ വിദഗ്ധരായ ആളുകളുമായി ചര്‍ച്ച ചെയ്ത് കൃഷി, മൃഗസംരക്ഷണം , മത്സ്യ മേഖല എന്നീ ഉത്പാദന മേഖലകളില്‍ എന്തെല്ലാം സാദ്ധ്യതകള്‍ ഉപയോഗിക്കാനാവും എന്ന് രണ്ടോ മൂന്നോ പോസ്റ്റുകളിലായ് ചര്‍ച്ച ചെയ്യാമെന്ന് കരുതുന്നു.

2/11/2009

ചില റഷ്യന്‍ കലണ്ടര്‍ ചിത്രങ്ങള്‍

സോവിയറ്റ് റഷ്യ കത്തിനില്‍‍ക്കുന്ന കാലം, പ്രൈമറി സ്കൂള്‍ പ്രായം .
അടിക്കടിയുള്ള പറിച്ചു നടല്‍ മൂലം ബാല്യകാല സുഹൃത്തുക്കള്‍ കാര്യമായിട്ടില്ല. ഒഴിവു സമയം പ്രധാനമായും ചിലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പം. അവയില്‍ പ്രധാനമായവ റഷ്യന്‍ പുസ്തകങ്ങള്‍, ഏറെയും പ്രോഗ്രസ്സ് പബ്ലിക്കേഷന്‍സിന്റെ മലയാളം തര്‍ജ്ജമകള്‍. പിന്നെ റഷ്യക്കാര്‍ സ്നേഹപൂര്‍വ്വം അയച്ചു തരുന്ന സോവിയറ്റ് നാട്. കുഞ്ഞുമനസ്സിലിടം പിടിച്ച റഷ്യന്‍ ചിത്രങ്ങള്‍ ഒരു ഗൃഹാതുരത്വമായി ഇന്നും മനസ്സില്‍ നില്‍ക്കുന്നു. പലചിത്രങ്ങളും നോക്കി, അവയുടെ പശ്ചാത്തലം സങ്കല്‍പ്പിച്ച് , ദിവാസ്വപ്നങ്ങളില്‍ മുഴുകി ഒരുപാട് കാലം ചിലവഴിച്ചിരുന്നു. ഒരോ ചിത്രങ്ങളിലേയും വിശദാംശങ്ങള്‍ ചികഞ്ഞ് രചയിതാവിനെക്കുറിച്ച് അസൂയപ്പെട്ടു.ആസ്വാദനത്തിലുണ്ടായ താല്‍പ്പര്യം സൃഷ്ടിപരമാവഞ്ഞതിനാല്‍ ഒരു കുഞ്ഞു ചെമ്പരത്തിപ്പൂ പോലും സ്വയം വരക്കാനായില്ല. പക്ഷെ അത് ഒരു കുറവായി ഇപ്പോള്‍ തോന്നുന്നില്ല, പ്രത്യേകിച്ച് ബൂലോകത്തെത്തിയതിനു ശേഷം.
ഈ ചിത്രങ്ങള്‍ ഒരു ഫോട്ടോഗ്രാഫിന്റെ നിലവാരം മാത്രമേയുള്ളൂ എന്നും , പ്രകൃതിയെയോ മനുഷ്യനേയോ പകര്‍ത്തുന്നത് കലയല്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
“ഇസങ്ങള്‍”പഠിച്ചിട്ടില്ലാത്തതിനാല്‍ തര്‍ക്കത്തിനോ സംവാദത്തിനോ കഴിവുമില്ല.
ചില റഷ്യന്‍ രവിവര്‍മ്മമാരുടെ കലണ്ടര്‍ ചിത്രങ്ങള്‍ കോപ്പിയെടുത്ത് പോസ്റ്റുന്നു. ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ അവ ഒറിജിനല്‍ പേജുകളിലേക്കു നയിക്കുന്നതാണ്.



വാസ്നെറ്റ്സോവ് എന്ന വരക്കാരെന്റെ ഒരു ചിത്രം.



ഷെഡ്രിന്‍ -മൂണ്‍ ലൈറ്റ് ഇന്‍ നേപ്പിള്‍സ് എന്ന ചിത്രം.

എഫിമോവിച്ച് റെപ്പിന്റെ അവരവനെ പ്രതീക്ഷിച്ചിരുന്നില്ല എന്ന ചിത്രം.



ഷെഡ്രിന്‍ - ടച്ച്ക്കോവ് പാലത്തിന്റെ ഒരു ദൃശ്യം



സെറോവിന്റെ ചിത്രം “പീച്ചുകളുമായി ഒരു പെണ്‍കുട്ടി”.



റഷ്യയില്‍ കലണ്ടര്‍ ചിത്രങ്ങളായി ഇപ്പോഴും ഇവ ഉപയോഗിക്കുന്നുണ്ടോ ആവോ?

2/08/2009

നിര്‍മാല്യം (1973)

1973 ലാണ് നിര്‍മാല്യം പുറത്തിറങ്ങിയത്.
എം.ടിയുടെ തൂലികയില്‍ നിന്നുതിര്‍ന്ന മനോഹര ശില്പങ്ങളിലൊന്ന്.

1984 ലാണ് ഈ സിനിമ കാണാന്‍ എനിക്കു ഭാഗ്യം സിദ്ധിച്ചത്. നാശോന്മുഖമായ ഒരു ക്ഷേത്രവും അതിന്റെ തട്ടകവും കേന്ദ്രമാക്കി രചിക്കപ്പെട്ടിട്ടുള്ള ഈ കഥ, ഒരു കാലഘട്ടത്തില്‍ നമ്മുടെ ക്ഷേത്രങ്ങളും അമ്പലവാസികളും അനുഭവിച്ച ദുരിതത്തിന്റെ കഥകൂടി പറയുന്നു. ശ്രീ.പി.ജെ. ആന്റ്ണിയായിരുന്നു നിര്‍മാല്യത്തിലെ നാ‍യക കഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിച്ചത്. ദാരിദ്ര്യം മാത്രം കൈമുതലുള്ള വെളിച്ചപ്പാടിന്റെ കുടുംബാങ്ങള്‍ ഒരോരുത്തരും അവരവരാല്‍ സാദ്ധ്യമാകുന്ന ചിത്രങ്ങള്‍ വരച്ചു ചേര്‍ക്കുന്നുണ്ട് സിനിമയില്‍.

വെളിച്ചപ്പാടിനും കഴകക്കാരനായ വാര്യര്‍ക്കും മാത്രമേ ക്ഷേത്രകാര്യങ്ങളില്‍ താല്‍പ്പര്യം ഉള്ളൂ എന്നു തന്നെ പറയാം. ക്ഷേത്രത്തിനുള്ള ദാരിദ്ര്യം അതിന്റെ ആശ്രിതരിലും പ്രതിഫലിക്കുക സ്വാഭാവികം. പഴയ ശാന്തി, ആ പണി ഉപേക്ഷിച്ചു മറ്റു ജീവിതമാര്‍ഗ്ഗം തേടിപ്പോകുമ്പോള്‍ ചെറുപ്പക്കാര‍നായ പുതിയൊരാള്‍‍ ശാന്തിക്കെത്തുന്നു. വെളിച്ചപ്പാടിന്റെ മകളും യുവാവായ പുതിയ ശാന്തിക്കാരനും തമ്മില്‍ വളരുന്ന പ്രണയം, മകനായ സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രം, എന്നിവ മനസ്സില്‍ നിന്നും മായുന്നില്ല. വാളും ചിലമ്പും വില്‍ക്കാന്‍ ശ്രമിക്കുന്ന മകനിലൂടെ പുതു തലമുറയുടെ നിരാശയും അവിശ്വാസവും നമുക്കു കാണാനാകും "ശ്രീ മഹാദേവന്‍ തന്റെ " എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സമൃദ്ധിയുടെ ഗതകാലത്തിലേക്കൊരു എത്തിനോട്ടവും മറക്കാനാവില്ല.


ദാരിദ്ര്യവും, സഹചാരിയായ കടഭാരവും വെളിച്ചപ്പാടിനെ അലട്ടുന്നു.ഭിക്ഷക്കായ് വാളും ചിലമ്പുമായി തട്ടകത്തിലിറങ്ങുന്ന അയാളെ വ്യത്യസ്ഥരീതിയിലാണ് നാട്ടുകാര്‍ സ്വീകരിക്കുന്നത് . അവസാനം അതു സംഭവിക്കുന്നു, നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്ന വസൂരി ദൈവ കോപത്തിന്റെ ലക്ഷണമായിക്കണ്ട് ക്ഷേത്ര ഉത്സവവും ഗുരുതിയും ഗംഭീരമാക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുന്നിടത്ത് ശുഭ പ്രതീക്ഷ നമ്മുടെ മനസ്സിലും പടരുക തന്നെ ചെയ്യും. തിരക്കുകളില്‍ വീട്ടുകാര്യം പോലും ശ്രദ്ധിക്കാന്‍ വെളിച്ചപ്പാടിനു സമയം ലഭിക്കുന്നില്ല. ഉത്സവത്തലേന്ന് ക്ഷേത്രത്തിലേക്കു പുറപ്പാടിനൊരുങ്ങാന്‍ വീട്ടിലെത്തുന്ന അയാള്‍ കാണുന്നത്, തന്റെ ശരീരം ഉരിഞ്ഞു നല്‍കി കടക്കാരനെ യാത്രയാക്കുന്ന ഭാര്യയെയാണ്. മനസ്സു തകര്‍ന്ന് ഉടവാളും കയ്യിലേന്തി ഉറയവേ, വെട്ടിപ്പൊളിക്കുന്ന നെറ്റിയില്‍ നിന്നും ചിതറുന്ന രക്തം നമ്മുടെ മനസ്സിലാണ് തെറിച്ചു വീഴുക. അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ തന്റെ ഉള്ളിലെ സര്‍വ്വ വികാരങ്ങളും പുറന്തള്ളിക്കോണ്ട് ദേവീ വിഗ്രഹത്തിന്റെ മുഖത്തേക്കയാള്‍ കാര്‍ക്കിച്ചു തുപ്പുന്നു. നടുക്കം വിട്ടുമാറാത്ത പ്രേക്ഷകന്റെ മനസ്സില്‍ കനല്‍ കോരിയിട്ട് തന്റെ ഉടവാളാല്‍ നെറുക പിളര്‍ന്ന് വെളിച്ചപ്പാട് മരണത്തിലേക്കു യാത്രയാകുമ്പോള്‍ നിര്‍മ്മാല്യം അവസാനിക്കുന്നു.

എം.ടിയുടെ തിരക്കഥക്കും സംഭാഷണത്തിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചത് കെ.രാമചന്ദ്ര ബാബു. സംഗീതം .കെ.രാഘവന്‍ മാസ്റ്റര്‍.

അന്ന്:

1974 ഇല്‍ നടനുള്ള ദേശീയ പുരസ്കാരത്തിന് ശ്രീ.പി.ജെ . ആന്റണി അര്‍ഹനായി.

നല്ല സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ്.

നല്ല സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്.

ഇന്നാ‍യിരുന്നെങ്കില്‍:

ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയതിന്റെ പേരില്‍ കോടതിയില്‍ കേസ്.

കൃസ്ത്യാനിയായ ആന്റണി ദേവീ വിഗ്രഹത്തില്‍ തുപ്പിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍, തീയേറ്ററുകള്‍ തീയിടല്‍, ഹിന്ദു ക്രൈസ്തവ സംഘട്ടനം

പി.ജെ .ആന്റണിയെ വഴിയില്‍ തടയല്‍, വീടുകത്തിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍.

മേല്‍ കാരണങ്ങളാല്‍ സിനിമ പുറത്തിറങ്ങിയില്ലെന്നും വരാം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇന്ദുലേഖ.കോം.

2/06/2009

മമ്മൂട്ടിയും വെള്ളിയാഴ്ചയും

ഇന്നു വെള്ളിയാഴ്ച.

കൈരളി “വീ” ചാനലില്‍ സിനിമ “കണ്ടു കണ്ടറിഞ്ഞു”

വിഭാഗം - മമ്മൂട്ടി ഫ്രൈഡേ മൂവി ഫെസ്റ്റിവല്‍

മമ്മൂട്ടിയും വെള്ളിയാഴ്ചയും തമ്മിലെന്താ?

2/04/2009

മനുഷ്യനും പന്നിയും

മനുഷ്യനിലേക്കു പകരാവുന്ന ജന്തു ജന്യ രോഗങ്ങളില്‍ ഒരു ചെറു ശതമാനം സംഭാവന നല്‍കുന്ന ഒരു വളര്‍ത്തുമൃഗമാണ് പന്നി. മനുഷ്യനെ ബാധിക്കുന്ന പല രോഗങ്ങളും പന്നിയിലും, അഥവാ തിരിച്ചും, രോഗം സൃഷ്ടിക്കാന്‍ ശേഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യനും പന്നിയും തമ്മിലെന്ത് എന്നൊരു ചിന്ത.

പന്നിയിയും മനുഷ്യനും ചില പൊതു ജൈവ സ്വഭാവങ്ങള്‍ കാണാനാവുമെന്ന് ശാസ്ത്രം പറയുന്നു. പല പഠനങ്ങളും വീക്ഷിക്കാനാവുമെങ്കിലും പ്രധാനമായ രണ്ടു വസ്തുതകള്‍ സൂചിപ്പിക്കുന്നു.

ഈ രണ്ട് വിഭാഗത്തിന്റേയും ഇന്‍സുലിന്‍ ഘടനാപരമായ ചില വ്യത്യാസങ്ങള്‍ ഉണ്ട് എങ്കിലും പന്നി ഇന്‍സുലിന്‍ മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പന്നിയില്‍ നിന്നും എടുത്ത് മനുഷ്യനില്‍ സ്ഥാപിച്ച ഇന്‍സുലിന്‍ ഉത്പാദന കോശങ്ങള്‍ വിജയകരമായി ഇന്‍സുലിന്‍ ഉദ്പാദിപ്പിച്ചതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അവയവ മാറ്റ ശസ്ത്രകൃയയിലെ മുഖ്യ വെല്ലുവിളികളിലൊന്നാണ് കോശ/ അവയവ തിരസ്കരണം. എന്നാല്‍ പന്നിയില്‍ നിന്നും മനുഷ്യനിലേക്ക് മാറ്റി വച്ച ശരീരഭാ‍ഗങ്ങളെ വിജയകരമായി മനുഷ്യ ശരീരം സ്വീകരിക്കാറുണ്ട്. കരള്‍, ഹൃദയ വാല്വുകള്‍ തുടങ്ങിയവ ഇപ്രകാരം പരീഷിക്കപ്പെട്ട അവയവങ്ങളാണ്. ഇതു സൂചിപ്പിക്കുന്നത് ഇവയുടെ രണ്ടിന്റേയും ശരീരത്തിന്റെ ഇമ്മ്യൂണ്‍ പ്രതികരണങ്ങളുടെ സാമ്യതയാണ്.

ഇപ്രകാരം മനുഷ്യശരീരകോശങ്ങളുമായുള്ള സാമ്യതകള്‍ ചില രോഗങ്ങളുടെ കാര്യത്തിലെങ്കിലും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു എന്നു വിലയിരുത്തപ്പെടുന്നു. നാടവിരകളുടെ ലാര്‍വകളും മറ്റും പഴങ്കഥകളാണെങ്കില്‍ ഇബോള വൈറസ് രോഗം പന്നിയില്‍ നിന്നും മനുഷ്യനില്‍ പകര്‍ന്നതായി പുതിയ വാര്‍ത്തകള്‍ പറയുന്നു. ഈ വിഭാ‍ഗത്തില്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്ന മറ്റൊരു ഭീഷണിയാണ് മനുഷ്യനില്‍ പകരാവുന്ന പക്ഷിപ്പനി. മനുഷ്യനെ ബാധിക്കുന്ന ഇന്‍ഫ്ലുവെന്‍സ വൈറസ്, പക്ഷിപ്പനി വൈറസിനേപ്പോലെ പന്നിയില്‍ രോഗം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. ഒരേസമയം മനുഷ്യ ഇന്‍ഫ്ലുവെന്‍സയും പക്ഷി ഇന്‍ഫ്ലുവെന്‍സയും ഒന്നിച്ച് ഒരു പന്നിയുടെ ശരീരത്തില്‍ കടന്നു കൂടിയാല്‍, ഇവ യോജിച്ച് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാന്‍ കഴിവുള്ള പക്ഷിപ്പനി വൈറസ് ജന്മമെടുക്കാനുള്ള സാദ്ധ്യതയാണ്, മറ്റൊരു മഹാമരിയുടെ സൂചനയായി പക്ഷിപ്പനിയെ മാറ്റുന്നത്. ശ്വാസകോശവും അനുബന്ധ അവയവങ്ങളിലും മാത്രം നാശം വിതക്കാന്‍ കഴിവുള്ള മനുഷ്യ ഇന്‍ഫ്ലുവെന്‍സ എല്ലാ ശരീര കലകളെയും ബാധിക്കാന്‍ ശേഷിയുള്ള വൈറസാവാന്‍ പന്നി സഹായിച്ചേക്കാം. ഇത് രണ്ടു വൈറസുകളുടേയും ഒരു മിക്സിംഗ് പാത്രമായി പ്രവര്‍ത്തിക്കാം.

പന്നിയുടെ ശരീര കോശങ്ങളില്‍ കടന്നു പുറത്തു വരുന്ന ചില വൈറസുകളുടെ ശക്തി വര്‍ദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്. ഉദാഹരണമായി കന്നുകാലികളിലെ കുളമ്പുരോഗം. പന്നിയിലൂടെ കടന്നു പോകുന്ന കുളമ്പുരോഗ വൈറസ് പതിന്മടങ്ങ ശക്തിയാര്‍ജ്ജിക്കുന്നു. ഇവിടെ ഒരു ജൈവ ആമ്പ്ലിഫയറായി പന്നി പ്രവര്‍ത്തിക്കുന്നു.

പന്നിയെ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണം എന്നാണ് ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. "അപ്പിതിന്നുന്ന ജീവി" എന്ന നിലയിലാണെങ്കില്‍ പോലും നമ്മുടെ മുന്‍ഗാമികളില്‍ ചിലര്‍ പന്നിയെ അകറ്റി നിര്‍ത്താന്‍ പണ്ടേ ഉപദേശിച്ചിരുന്നു എന്നത് കാണാതിരുന്നുകൂട.